സ്ഥലം
പുളിയറക്കോണം

വിസ്‌തീര്‍ണം
76 (ച. മീറ്റര്‍)

തൈകളുടെ എണ്ണം
141

നട്ട തിയതി
12-05-2019

സ്ഥലത്തിന്റെ സ്വഭാവം
കുന്നിന്‍ പ്രദേശം

വിവിധതരം കാടുകള്‍
പൂവനങ്ങള്‍


വിശാലമായ പുരയിടങ്ങളിലോ ഹില്‍ സ്റ്റേഷനുകളിലോ അവധിക്കാല വസതികളിലോ ഒക്കെയാണ്‌ മനോഹരമായ പൂന്തോട്ടത്തിന്‌ നമ്മള്‍ സ്ഥലം മാറ്റിവെയ്‌ക്കുക. അതല്ലാതെ നമ്മുടെ വീട്ടുമുറ്റങ്ങളിലും പൂച്ചെടികളുടെ മനോഹരമായ സങ്കലനം ഭംഗി നിറയ്‌ക്കുമെന്ന്‌ ചിന്തിക്കാറേ ഇല്ല. എന്നാല്‍ ഈ ചിന്താഗതി തിരുത്തുകയാണ്‌ മുറ്റത്തെ ഇത്തിരിയിടങ്ങളിലും പൂച്ചെടികള്‍ നിറയ്‌ക്കുന്ന മിയാവാക്കി മാതൃക.

തിരുവനന്തപുരത്തെ പുളിയറക്കോണത്ത്‌ 2019 മെയ്‌ മാസത്തില്‍ എം.ആര്‍. ഹരി നട്ടുപിടിപ്പിച്ച മിയാവാക്കി മാതൃകയിലുളള പൂമരങ്ങളുടെയും ചെടികളുടെയും കാടാണിത്‌. പ്രഫ. മിയാവാക്കിയുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന്‌ നടീല്‍ മിശ്രിതം നിറച്ച്‌ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത്‌ പലതരം ചെടികളുടെ തൈകള്‍ ഇടകലര്‍ത്തി അടുപ്പിച്ച്‌ നട്ട്‌ പുതയിട്ടു.

600 ചതുരശ്ര അടിയിലാണ്‌ ഈ പൂവനം ഒരുക്കിയിട്ടുളളത്‌. ഓരോ ഒരു ച. മീറ്റര്‍ കളത്തിലും നാല്‌ വീതം തൈകള്‍ നട്ടു. ഇത്തരത്തില്‍ 62 ഇനത്തില്‍ പെട്ട 141 തൈകളാണ്‌ നട്ടത്‌. ഇതില്‍ മരങ്ങളും കുറ്റിച്ചെടികളും വളളികളുമെല്ലാം ഉണ്ട്‌. എല്ലാം നാടന്‍ ഇനങ്ങളാണ്‌. രാജമല്ലി, മന്ദാരം, ഗന്ധരാജന്‍, പവിഴമല്ലി, അരളി, ചെമ്പകം, നീര്‍മാതളം, കൊങ്ങിണി, പാരിജാതം, ചെത്തി തുടങ്ങിയ എന്നിവ അവയില്‍ ചിലതാണ്‌.

ഇത്തരം കാടുകളില്‍ സാധാരണയേക്കാള്‍ മുപ്പതിരട്ടിയാണ്‌ പച്ചപ്പ്‌. മിയാവാക്കി പുഷ്‌പവനത്തില്‍ ഇരുപതോ മുപ്പതോ ചെടികളിലായി വര്‍ഷം മുഴുവനും പൂക്കള്‍ ഉണ്ടായിരിക്കും എന്നതാണ്‌ മറ്റൊരു പ്രത്യേകത.

മറ്റേതു മിയാവാക്കി കാടുകളിലേതു പോലെ തുടക്കത്തില്‍ ഇതിനും കൃത്യമായി ജലസേചനവും കൊമ്പുകോതലും നടത്തി. പിന്നീട്‌ അതിന്റെ സ്വാഭാവിക വളര്‍ച്ചയ്‌ക്ക്‌ വിട്ടുകൊടുത്തു. ഒരു വര്‍ഷം കൊണ്ടുതന്നെ ഈ പൂവനം വിവിധയിനം പൂമ്പാറ്റകള്‍ക്കും കിളികള്‍ക്കും വീടായി മാറി. ചില പക്ഷികള്‍ ഇതിനകത്തു കൂടു വെയ്‌ക്കുകയും മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്‌തു. വളരെ കുറഞ്ഞ സമയം കൊണ്ടൊരു സ്വാഭാവിക ആവാസവ്യവസ്ഥയായി വികസിച്ച ഈ കാട്‌ എത്രത്തോളം ജൈവികമാണെന്ന്‌ തെളിയിക്കുന്നതാണ്‌.