സ്വാഭാവിക വനങ്ങളോടു സാദൃശ്യം പുലര്‍ത്തുന്ന വനങ്ങള്‍ സൃഷ്ടിക്കുവാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായി പ്രൊഫ. (ഡോ.) അകിരാ മിയാവാക്കിയുടെ വനവല്‍ക്കരണ മാതൃക തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ മാതൃക ഉപയോഗിച്ച് മൂന്നു മുതല്‍ അഞ്ചുവരെവര്ഷം കൊണ്ട്ഒരു വനം സൃഷ്ടിക്കാം.ഒരുവര്‍ഷം കൊണ്ട് ഒരു മരം ശരാശരി മൂന്നു മീറ്റര്‍ വളര്ച്ചനേടും.
മിയാവാക്കി മാതൃകാ വനവല്ക്കരണത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇവയൊക്കെയാണ്:
ഒരുസ്ഥലത്ത് പ്രധാനമായും കണ്ടു വരുന്ന സ്വാഭാവിക സസ്യങ്ങളാണ് ഈ വനവല്‍ക്കരണ മാതൃകയ്ക്കു പ്രജോയനപ്പെടുത്തേണ്ടത്.
കുഴിച്ചു വയ്ക്കാനുദ്ദേശിക്കുന്ന തൈകളുടെ പ്രധാന വേര് പൂര്‍ണ്ണമായും വികസിക്കുന്നതിനായി അവയെ ഒരു നഴ്സറിയില്‍ മൂന്നു മാസമെങ്കിലും വളര്‍ത്തുക.
ചാണകപ്പൊടി/ആട്ടിന്‍ കാഷ്ടം/ ജൈവവളം, ചകരിച്ചോറ്/ ജൈവകംപോസ്റ്റ്, ഉമി/ മരച്ചീള്, മണ്ണ്ഇവ 1 : 1 : 1 : 1 എന്ന അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്തു നടീല്‍ മിശ്രിതം തയ്യാറാക്കാം.
മരം, ചെറുമരം, കുറ്റിച്ചെടി ഇവയെല്ലാമായി ഒരു ചതുരശ്ര മീറ്റര്സ്ഥലത്തു നാലു തൈകള്‍ വീതം നടുക.
ചെടികള്‍ നട്ടശേഷം അരയടി കനത്തില്‍ പുതയിടുക.
നട്ടശേഷം മൂന്നുവര്‍ഷം വരെ വശങ്ങളിലേക്കുള്ള ശാഖകള്‍ മുറിച്ചു കളയുകയും, ആവശ്യമായ സംരക്ഷണങ്ങള്‍ നല്‍കുകയും വേണം.
വന വല്ക്കരണത്തിനു പുറമേ, ആര്‍ബൊറേറ്റം, ഔഷധ വനങ്ങള്‍, പുഷ്പ-ഫല വനങ്ങള്‍ ഇവയൊക്കെ വച്ചു പിടിപ്പിക്കാന്‍ മിയാവാക്കി മാതൃക ഉപയോഗിക്കാം. പച്ചക്കറികളും, പഴങ്ങളും, പൂക്കളും, മരുന്നുകളുമെല്ലാം വളരെ കുറഞ്ഞ സ്ഥലത്തു കൃഷി ചെയ്തുണ്ടാക്കാന്‍ കഴിയും.ചെടികള്‍ പെട്ടന്നു വളരുകയും കുറഞ്ഞ കാലയളവിനുള്ളില്‍ ഫലംതരികയും ചെയ്യും.