പ്രൊഫ. ഡോ. അകിര മിയാവാക്കി

പ്രൊഫ. (ഡോ.) അകിരാ മിയാവാക്കി ജപ്പാനിലെ ഓകയാമ പ്രദേശത്ത് 1928 ജനുവരി 29 നാണ് ജനിച്ചത്. അച്ഛന്‍ വാക്കിച്ചി മിയാവാക്കി, അമ്മ ത്‌സുനേ മിയാവാക്കി. അച്ഛനും അമ്മയും കൃഷിക്കാരായിരുന്നതിനാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ടു തുടങ്ങി. ചെടികള്‍ക്കിടയിലെ കളകള്‍ നീക്കം ചെയ്യുന്ന ജോലി അദ്ദേഹത്തിനു തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അവ എങ്ങിനെ ഒഴിവാക്കാം എന്നു പഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇത് ഒടുവില്‍ കളകള്‍ വളരാത്ത സ്വാഭാവിക വനങ്ങളിലേക്കു തിരിഞ്ഞു. സര്‍വ്വകലാശാലയില്‍ അദ്ദേഹം തെരഞ്ഞെടുത്ത വിഷയം 'വീഡ്ഇക്കോളജി' ആയിരുന്നു. ഉപരിപഠനത്തിനു ജര്‍മ്മനിയിലേക്കു പോയി. 'ഒരു പ്രദേശത്തെ സ്വാഭാവിക ചെടികള്‍' എന്ന ആശയം ഉരുത്തിരിഞ്ഞതവിടെയാണ്. പില്ക്കാലത്ത് അദ്ദേഹം യോക്കോഹാമാ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി. 1970 ല്‍ സ്വാഭാവിക വനമാതൃക സൃഷ്ടിക്കുക എന്ന ആശയം അദ്ദേഹം ആദ്യമായി നടപ്പിലാക്കി. നിപ്പോള്‍സ്റ്റീല്‍ കോര്‍പ്പറേഷനിലായിരുന്നു അത്. ജപ്പാന്‍, മലേഷ്യ, തായ്‌ലാണ്ട്, ചൈന, ഇന്ത്യ, ഇന്‍ഡോനേഷ്യ, ചിലി, ബ്രസീല്‍, വിയറ്റ്‌നാം, ടര്‍ക്കി, കെനിയ, നേപ്പാള്‍ തുടങ്ങി വിവിധ രാജ്യങ്ങളിലായി നാലായിരത്തോളം മിയാവാക്കി മാതൃകാ വനങ്ങള്‍ ഇന്നുണ്ട്. പ്രൊഫ. മിയാവാക്കിയ്ക്കു തൊണ്ണൂറ്റിരണ്ടു വയസ്സു പ്രായമായി. ഇപ്പോഴും വളരെ സജീവമായി വനവല്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.