നമ്മുടെ മുന്‍തലമുറകള്‍ കണ്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്ത പലതുമാണ്‌ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്‌ നമ്മള്‍ ഇപ്പോള്‍ നേരിടുന്ന ദുരിതങ്ങള്‍. അതുതന്നെ പലതിന്റെയും തുടക്കം എന്നേ പറയാനാവുകയുളളു. കാരണം ഭൂമിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ശരിയായ ആഴവും ആഘാതവും നമ്മള്‍ തിരിച്ചറിഞ്ഞു വരുന്നതേയുളളു. കാടും സ്വാഭാവിക പ്രകൃതിയും വ്യവസായ മേഖലകളും ഫ്‌ളാറ്റ്‌ സമുച്ചയങ്ങളുമാക്കി മാറ്റിയതിന്റെ പ്രത്യാഘാതങ്ങള്‍ വിനാശകരമായ പ്രകൃതിക്ഷോഭങ്ങളുടെ രൂപത്തില്‍ കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും കണ്ടിട്ടില്ലാത്ത തരത്തില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പ്രകൃതിവിഭവങ്ങളുടെ മേല്‍ നാമിപ്പോള്‍ നടത്തിവരുന്ന ലക്കില്ലാത്ത ചൂഷണം സമീപഭാവിയില്‍ത്തന്നെ ഭൂമിയെ കൊണ്ടെത്തിക്കാവുന്ന പരിതാപകരമായ അവസ്ഥയെക്കുറിച്ച്‌ ആഗോള കോണ്‍ഫറന്‍സുകളും ഗവേഷണ വിശകലനങ്ങളും സ്ഥിരമായി മുന്നറിയിപ്പ്‌ തന്നുകൊണ്ടിരിക്കുകയാണ്‌. ചൂഷണഫലമായി സ്വാഭാവിക സസ്യജാലത്തിന്‌ സംഭവിച്ച നാശത്തില്‍ പലതും മാരകവും തിരിച്ചുകൊണ്ടുവരാന്‍ പറ്റാത്തതുമാണ്‌. ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ മുന്നറിയിപ്പുകളും താക്കീതുകളുമെല്ലാം സത്യമാവും വിധം സര്‍വ്വനാശത്തിലേക്കാണ്‌ നമ്മള്‍ നടന്നടുക്കുന്നതെന്ന്‌ പലരും ഭയപ്പെടുന്നുപോലുമുണ്ട്‌. സമയം നമുക്ക്‌ എതിരായി നില്‍ക്കെ, എന്താണ്‌ ചെയ്യാനാവുക ?

മാറ്റം സാദ്ധ്യമാവുമെന്ന്‌ ഉറച്ചുവിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ സദ്‌പ്രവൃത്തികള്‍ക്കും കഠിനാദ്ധ്വാനത്തിനും മാത്രമേ നമ്മുടെ ഭൂമിയെ രക്ഷിക്കാനാവുകയുളളൂ. അതിന്‌ തുടക്കം കുറിക്കേണ്ടത്‌ നമ്മളാദ്യം പ്രകൃതിയില്‍ നിന്നും കവര്‍ന്നെടുത്ത അമൂല്യസമ്പത്ത്‌ തിരികെ നല്‍കിക്കൊണ്ടാണ്‌ - കാടുകള്‍. പ്രതിരോധത്തിന്റെ ആദ്യത്തേതും അടിസ്ഥാനപരവുമായ പ്രവൃത്തി ആരംഭിക്കേണ്ടത്‌ ഭൂമിയ്‌ക്ക്‌ വനങ്ങളുടെ മേലാട തിരികെനല്‍കിക്കൊണ്ടാണ്‌. വനനശീകരണം കൊണ്ടുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ വനവത്‌കരണമല്ലാതെ മറ്റൊരു വഴിയില്ല. വനത്തിന്റെ സംരംക്ഷണകവചം ഇല്ലാതായതോടെ ചെടികളിലും മണ്ണിലും ശേഖരിക്കപ്പെട്ടിരുന്ന കാര്‍ബണ്‍ സ്വതന്ത്രമാവുകയും ഭൂമിയുടെ പ്രകൃതം മാറുകയും ചെയ്‌തു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ്‌ വനവത്‌കരണം. നഷ്ടപ്പെട്ട വനഭൂമി വീണ്ടെടുക്കലും കൂടിയാണത്‌. ഇതിലൂടെ ആരോഗ്യകരമായൊരു വന ആവാസവ്യവസ്ഥ സൃഷ്ടിക്കാനും ജലമലിനീകരണം കുറയ്‌ക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനത്തോത്‌ കുറയ്‌ക്കാനും അതുവഴി ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവം കുറയ്‌ക്കാനും കഴിയും. വനവത്‌കരണ മേഖലയില്‍ പലതരം മാതൃകകള്‍ ഇന്ന്‌ നിലവിലുണ്ട്‌. വ്യക്തിഗത തലത്തില്‍ നഗരങ്ങളിലെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റാനാവുന്ന വനവത്‌കരണ മാതൃകകള്‍ പോലും ഇന്നുണ്ട്‌. അത്‌ പ്രാവര്‍ത്തികമാക്കാന്‍ നമ്മുടെ ഓരോരുത്തരുടെയും ദൃഢനിശ്ചയം മാത്രമുണ്ടായാല്‍ മതി.

ഭൂമിയിന്നു നേരിടുന്ന വന്‍വിപത്തിനെ നേരിടാനുളള മികവുറ്റ പ്രതിരോധ മാര്‍ഗങ്ങളിലൊന്നിനെ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുക എന്നുളളതാണ്‌ ഞങ്ങളുടെ ലക്ഷ്യം. അതിനു മുമ്പായി കാടിന്റെ ഏതാനും അടിസ്ഥാന ധര്‍മ്മങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാം. ലോകമെങ്ങുമുളള ദശലക്ഷക്കണക്കിന്‌ മനുഷ്യര്‍ക്കുളള ഭക്ഷണത്തിന്റെ, മരുന്നിന്റെ, ഊര്‍ജ്ജത്തിന്റെ തന്നെ പ്രാഥമിക ഉറവിടങ്ങളാണീ കാടുകള്‍. വന്‍തോതിലുളള ജനിതക വൈവിധ്യത്തിന്റെ കലവറ കൂടിയാണവ.

നല്ലരീതിയില്‍ മഴകിട്ടുന്ന പ്രദേശങ്ങളിലാണ്‌ കാട്‌ നന്നായി വളരുക. 1990 നും 2015നും ഇടയിലായി ആഗോളതലത്തില്‍ വനഭൂമിയുടെ വിസ്‌തീര്‍ണം 31.6 ശതമാനത്തില്‍ നിന്ന്‌ 30.6 ശതമാനമായി കുറഞ്ഞു. വനഭൂമി കുറയുന്നതിന്റെ വേഗത ഇപ്പോള്‍ അല്‌പം കുറഞ്ഞെങ്കിലും ജനസംഖ്യയിലുളള വര്‍ദ്ധനവും ദ്രുതഗതിയിലുളള നഗരവത്‌കരണവും ഭാവിയില്‍ വനഭൂമിയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളാണ്‌. .

കാടുകളെ പ്രധാനമായും മൂന്നായി തരംതിരിക്കാം:

  1. ഉഷ്‌ണമേഖലാ മഴക്കാടുകള്‍
  2. നിത്യഹരിത വിശാലപത്ര വനങ്ങളും ഇലപൊഴിയും കാടുകളും
  3. വടക്കന്‍ സൂചികാഗ്ര വനങ്ങള്‍
ഭൂമധ്യരേഖയോടടുത്തുളള വിശാലമായ സ്ഥലത്താണ്‌ ഉഷ്‌ണമേഖലാ മഴക്കാടുകള്‍ സാധാരണയാണ്‌ കാണപ്പെടുന്നത്‌: അമേരിക്കയുടെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലും ഭൂമധ്യരേഖയോടടുത്തു കിടക്കുന്ന ആഫ്രിക്കയിലും വടക്കുകിഴക്കന്‍ ഏഷ്യയിലും. ഇവിടത്തെ ജീവി വര്‍ഗങ്ങളുടെ വൈവിധ്യത്തിലും നിറത്തിലുമുളള സവിശേഷതകള്‍ അമ്പരപ്പിക്കുന്നത്ര വിപുലമാണ്‌. ഇവിടെ ഒരു ചതുരശ്ര കിലോമീറ്ററിനുളളില്‍ നൂറിനം വൃക്ഷജാതികളെങ്കിലും കാണാമെന്ന്‌ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

വടക്കേ അമേരിക്ക, വടക്കുകിഴക്കനേഷ്യ, യൂറോപ്പിന്റെ മധ്യത്തിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും എന്നിവിടങ്ങളിലുമാണ്‌ വിശാലപത്ര വനങ്ങള്‍ കാണപ്പെടുന്നത്‌. ഇവയില്‍ നിത്യഹരിതവും ഇലപൊഴിയും കാടുകളുമുണ്ട്‌. മഞ്ഞുകാലത്ത്‌ ഇല പൊഴിക്കാത്തവയാണ്‌ നിത്യഹരിത വനങ്ങളെങ്കില്‍ ഇലപൊഴിയും കാടുകള്‍ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ശിശിരത്തില്‍ ഇല പൊഴിക്കുന്നവയാണ്‌. ഓക്ക്‌, മേപ്പിള്‍, എല്‍മ്‌, വില്ലോ എന്നിവയാണ്‌ ഈ മേഖലയില്‍ വളരുന്ന പ്രധാന മരങ്ങള്‍.

ചെറിയ ഇലകളും നേര്‍വര പോലുളള രൂപവും കൊണ്ട്‌ പ്രശസ്‌തമാണ്‌ കോണിഫറുകള്‍. ഇവയുടെ ഇലകള്‍ക്ക്‌ മെഴുകു പോലുളള ക്യൂട്ടിക്കിളിന്റെ സംരക്ഷണകവചവും ഉണ്ടായിരിക്കും. ഇവയില്‍ മിക്കവയും നിത്യഹരിതങ്ങളാണ്‌. ഉദാഹരണത്തിന്‌ ഫിര്‍, പൈന്‍ മരങ്ങള്‍. നിവര്‍ന്നതും മൃദുവായതുമായ ഈ മരങ്ങള്‍ തടിയ്‌ക്കും വിറകിനും ഉപയോഗിക്കുന്നു. അതുപോലെ അലങ്കാര വൃക്ഷങ്ങളായും.

നൂറ്റാണ്ടുകളായി കാര്‍ബണ്‍ ബഹിര്‍ഗമനത്തെ നിയന്ത്രിച്ചിരുന്നത്‌ കാടുകളുടെ ശുദ്ധീകരണശേഷിയായിരുന്നു. ആയിരത്തോളം വര്‍ഷങ്ങളായി കാടുകളില്‍ ശേഖരിക്കപ്പെടുന്ന കാര്‍ബണ്‍ ഭൂമിയ്‌ക്കുളളില്‍ കല്‍ക്കരിയും എണ്ണയും പ്രകൃതിവാതകവുമൊക്കെയായി, ഊര്‍ജസ്രോതസുകളായി സംഭരിക്കപ്പെടുന്നു. (വന്‍തോതിലുളള ചൂഷണത്തിന്റെ ഭാഗമായി ഇവയൊക്കെയും അവസാനിച്ചു തുടങ്ങിയിരിക്കുന്നു). കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി തുടരുന്ന വനനശീകരണത്തിന്റെയും ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപഭോഗത്തിന്റെയും നേരിട്ടുളള പ്രതിഫലനമാണ്‌ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവിലുണ്ടായ വര്‍ദ്ധനവും അതുണ്ടാക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും. അതുകൊണ്ടുതന്നെ പ്രകൃതിയുടെ സന്തുലനാവസ്ഥ തിരികെ കൊണ്ടുവരാനുളള ആദ്യപടി കാടുകള്‍ പുനസൃഷ്ടിക്കുകയാണ്‌. കാര്‍ബണ്‍ ബഹിര്‍ഗമനത്തെ നിയന്ത്രിക്കാനുളള വഴി കണ്ടെത്തുന്നതിനോടൊപ്പം തന്നെ നമുക്ക്‌ ഭൂമിയുടെ സ്വാഭാവിക വായുശുദ്ധീകരണ മാര്‍ഗമായിരുന്ന വനങ്ങളെ തിരികെക്കൊണ്ടുവരാനും പരിശ്രമിക്കാം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളുടെ വ്യാപ്‌തി കുറയ്‌ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണത്‌.