മൂന്ന്‌ മാസമായ മിയാവാക്കി കാട്ടിലെ പൂക്കള്‍
നമ്മുടെ പരിസ്ഥിതിയിലെ ഏക ഉത്‌പാദകര്‍ ഹരിതസസ്യങ്ങളാണെന്ന്‌ ഡോ. മിയാവാക്കി എപ്പോഴും ഓര്‍മ്മിക്കാറുണ്ട്‌. ഉത്‌പാദകരെ അങ്ങേയറ്റം ആശ്രയിക്കുന്ന ഉപഭോക്താക്കളാണ്‌ നമ്മള്‍ മനുഷ്യര്‍. വൈവിദ്ധ്യമാര്‍ന്ന തദ്ദേശീയ വനങ്ങള്‍ നമ്മുടെ ജീവന്റെ ആധാരം മാത്രമല്ല, നമ്മുടെ സംസ്‌കാരങ്ങളുടെ മാതാവും കൂടിയാണ്‌. ജലസ്രോതസുകളുടെ സംരക്ഷണം, ജലശുദ്ധീകരണം, ദുരന്തങ്ങളെ തടയല്‍, തുടങ്ങി വിവിധതരം പരിസ്ഥിതി സംരംക്ഷണ പ്രവര്‍ത്തനങ്ങളാണ്‌ കാടുകള്‍ നിര്‍വഹിക്കുന്നത്‌. ഇവയ്‌ക്കെല്ലാമുപരി, ആഗോളതാപനത്തെ ചെറുക്കുന്നതിലും വലിയ പങ്കു വഹിക്കുന്നു. തദ്ദേശീയ സസ്യങ്ങളുടെ മിയാവാക്കി വനം ഒരുക്കുന്നതിലൂടെ ഇത്തരം പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്‌ക്കാണ്‌ നാം വേദിയൊരുക്കുന്നത്‌. ഒരു സ്വാഭാവിക വനം ഉണ്ടാക്കുന്ന ഹരിത പ്രതലം അത്രതന്നെയുളള ഒരു പുല്‍ത്തകിടിയുടെ മുപ്പതിരട്ടിയാണ്‌. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ നഗരവികസന പദ്ധതികളിലും മറ്റും 'തദ്ദേശീയ വനങ്ങള്‍ വെച്ചുപിടിപ്പക്കല്‍' നിര്‍ബന്ധ ഇനമായി ചേര്‍ക്കേണ്ടതാണ്‌.

കേരളത്തില്‍ ദിനംപ്രതിയെന്നോണം ജൈവവൈവിദ്ധ്യ സമൃദ്ധി കുറഞ്ഞുവരികയാണ്‌. ദ്രുതഗതിയിലുളള നഗരവത്‌കരണം, ഔഷധച്ചെടികളുടെ പരിധിയില്ലാത്ത ഉപയോഗം, പെട്ടെന്നുളള സാമ്പത്തികലാഭം ഉന്നമിട്ട്‌ നടത്തുന്ന ഏകവിള കൃഷി തുടങ്ങിയവയൊക്കെ ഇതിനു കാരണമാണ്‌. അതിവേഗത്തിലുളള നഗരവത്‌കരണം കേരളത്തിനു സമ്മാനിച്ച ദൂഷ്യവശങ്ങള്‍ വേറെയുമുണ്ട്‌ - ഇതുവരെ കേട്ടിട്ടില്ലാത്തതും ഗുരുതരവുമായ സാംക്രമിക രോഗങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന അനാരോഗ്യം, റോഡ്‌ അപകടങ്ങള്‍ പോലുളളവ. ഈ വിഷയങ്ങളെ നേരിടാന്‍ ത്വരിതവും വിവിധ തലങ്ങളിലുളളതുമായ ശാസ്‌ത്രീയ ഇടപെടലുകള്‍ വേണമെന്നിരിക്കെ വ്യക്തിഗത തലത്തില്‍ എളുപ്പം ചെയ്യാനാകുന്ന ഒരു പരിഹാരം ലഭ്യമായ സ്ഥലത്തൊക്കെ മിയാവാക്കി വനങ്ങള്‍ സൃഷ്ടിക്കുക എന്നുളളതാണ്‌. കൂടുതല്‍ ആളുകള്‍ മിയാവാക്കി മാതൃകയുടെ ഫലവും മൂല്യവും തിരിച്ചറിയുന്നതോടെ സംസ്ഥാനമൊട്ടാകെയുളള ജനങ്ങള്‍ ഇതുവരെ പിന്തുടര്‍ന്നു വന്ന അശാസ്‌ത്രീയ രീതികള്‍ ഉപേക്ഷിച്ച്‌ ഇതിലേക്ക്‌ തിരിയുമെന്നാണ്‌ പ്രതീക്ഷ.
ആറുമാസമായ മിയാവാക്കി കാട്ടിലെ പ്രാണികള്‍


2018ലും 2019ലും ഉണ്ടായ പ്രളയത്തെ ധീരമായാണ്‌ കേരളം അതിജീവിച്ചത്‌. ലോകമെമ്പാടും നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിനെതിരായുളള പരിശ്രമങ്ങളില്‍ ഭാഗമാകുന്നതിനോടൊപ്പം പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ സന്നദ്ധമായ 'പുതിയൊരു കേരള' ത്തെ സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണ്‌ നാം. ഈ ലക്ഷ്യം കൈവരിക്കാന്‍ നവീനവും അമിത ചെലവില്ലാത്തതുമായ മാര്‍ഗമാണ്‌ മിയാവാക്കി മാതൃക വനവത്‌കരണം. ചുരുങ്ങിയ സമയം കൊണ്ട്‌ സ്വാഭാവിക വനം വളര്‍ത്തിയെടുക്കുക എന്നതാണ്‌ ഈ മാതൃകയുടെ അടിസ്ഥാന ലക്ഷ്യം. ഇത്തരം വനങ്ങള്‍ വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ വൃക്ഷങ്ങളെ സംരക്ഷിക്കുക മാത്രമല്ല കിളികളും ശലഭങ്ങളും അടങ്ങുന്ന ജീവജാലങ്ങള്‍ക്ക്‌ ആവാസസ്ഥലമൊരുക്കി പരിരക്ഷിക്കുകയും ചെയ്യും.

ഞങ്ങളുടെ യാത്ര...
വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ഒടുവിലാണ്‌ ഞങ്ങള്‍ മിയാവാക്കി മാതൃക വനവത്‌കരണത്തിന്റെ മൂല്യവും ഔന്നത്യവും മനസിലാക്കിയത്‌. കുറഞ്ഞ സ്ഥലത്ത്‌ കുറഞ്ഞ സമയം കൊണ്ട്‌ കാട്‌ വളര്‍ത്താന്‍ ഏറ്റവും യോജിച്ച രീതി മിയാവാക്കി മാതൃകയാണെന്ന വിശ്വാസത്തിന്‌ വര്‍ഷങ്ങള്‍ കഴിയുന്തോറും ബലം കൂടിവരികയാണ്‌. ഞങ്ങളുടെ ആദ്യ മിയാവാക്കി വനം 2017 ലാണ്‌ ഒരുങ്ങിയത്‌. ഇന്‍വിസ്‌ മള്‍ട്ടിമീഡിയ സി.ഇ.ഓ ആയ എം.ആര്‍. ഹരിയുടെ പുളിയറക്കോണത്തുളള പാറനിറഞ്ഞ കുന്നിന്‍ ചെരുവിലെ 3 സെന്റ്‌ സ്ഥലത്തായിരുന്നു അത്‌..

തഴച്ചുവളര്‍ന്ന ഈ മൂന്നുസെന്റ്‌ കാട്‌ അദ്ദേഹത്തെ കൂടുതല്‍ മിയാവാക്കി തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലേക്ക്‌ നയിച്ചു. അങ്ങനെ കേരളത്തിലെ കാലാവസ്ഥയ്‌ക്കും മണ്ണിനും ഇണങ്ങുന്ന തൈകള്‍ തെരഞ്ഞെടുത്ത്‌ പുഷ്‌പ, ഫല, ഔഷധത്തോട്ടങ്ങള്‍ ഒരുക്കി. ഇതിനൊപ്പം നാടന്‍ കന്നുകാലി വളര്‍ത്തല്‍, മത്സ്യകൃഷി, ചെലവുകുറഞ്ഞ വീട്‌ എന്നിങ്ങനെ മിയാവാക്കിയുടെ തത്വങ്ങള്‍ക്കു അനുസൃതമായ പരീക്ഷണങ്ങള്‍ വേറെയും നടത്തി.

Aആദ്യത്തെ മിയാവാക്കി മാതൃകയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തി പുതിയൊരു മാതൃക ആവിഷ്‌ക്കരിച്ചു. മാറ്റങ്ങള്‍ ഇതാണ്‌: (i)ഒരു ചതുരശ്ര മീറ്ററില്‍ മൂന്ന്‌ തൈകള്‍ എന്നത്‌ നാലാക്കി (ഡോ. മിയാവാക്കിയുടെ നിര്‍ദേശപ്രകാരം) (ii) മിയാവാക്കിയുടെ മൗണ്ട്‌ പാറ്റേണിനു പകരം ബൗള്‍ സ്‌ട്രക്‌ചര്‍ തെരഞ്ഞെടുത്തു. (iii) മരങ്ങള്‍ക്കു താങ്ങായി രണ്ടുമീറ്റര്‍ ഉയരത്തില്‍ കണ്ണി അകലമുളള വയര്‍ നെറ്റ്‌ സ്ഥാപിക്കുക (iv) സൂര്യപ്രകാശം ശക്തിയായി പതിക്കുന്ന സ്ഥലങ്ങളില്‍ തൈകള്‍ നട്ട്‌ ആദ്യത്തെ മാസങ്ങളില്‍ ഒരു പച്ചത്തണല്‍ നല്‍കുക (v) തുളളി നന സ്ഥാപിക്കുക, ഇങ്ങനെ ചിലത്‌.

ഈ മാതൃക വിജയിച്ചതോടെ നമ്മുടെ ലക്ഷ്യമായ ഒരു മില്യണ്‍ മരങ്ങള്‍ നടുകയെന്ന ദൗത്യത്തിലേക്ക്‌ കടന്നു. ഇതിനോടകം കേരളത്തില്‍ പലയിടത്തായി ധാരാളം മിയാവാക്കി വനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ആളുകളുടെ ആവശ്യപ്രകാരം അതില്‍ പുഷ്‌പവനങ്ങളും ഔഷധവനങ്ങളും സുഗന്ധ വ്യഞ്‌ജനങ്ങളുടെയും ഫലങ്ങളുടെയും കാടുകളുണ്ട്‌. പ്രത്യേക തീം അനുസരിച്ച്‌ തയ്യാറാക്കിയ ഗീതാഗോവിന്ദം തോട്ടവുമുണ്ട്‌. ഇതിലൊക്കെ പരമാവധി തദ്ദേശീയ ഇനങ്ങളില്‍ പെട്ട ചെടികള്‍ തന്നെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്‌.

കാലാവസ്ഥാ വ്യതിയാനത്തെയും ജലദൗര്‍ലഭ്യത്തെയും ചെറുക്കാനും നമുക്ക്‌ നഷ്ടമായിക്കൊണ്ടിരിക്കുന്ന നിര്‍മ്മലമായ പ്രകൃതിയെ മടക്കിക്കൊണ്ടുവരാനും സഹായിക്കുന്ന മിയാവാക്കി വനങ്ങള്‍ കൂടുതല്‍ കൂടുതല്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്‌. സിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വനം വകുപ്പും ടൂറിസം വകുപ്പുമായി ചേര്‍ന്ന്‌ മിയാവാക്കി വനങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച്‌ സര്‍ക്കാറിലും പൊതുജനങ്ങള്‍ക്കിടയിലും അവബോധം സൃഷ്ടിക്കാനുളള ശ്രമങ്ങളില്‍ ഞങ്ങള്‍ക്ക്‌ അഭിമാനമുണ്ട്‌. ഈ പ്രവര്‍ത്തനങ്ങളുടെ പ്രതികരണമായി, ധാരാളം വ്യക്തികളും സ്വകാര്യ, പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വനവത്‌കരണത്തില്‍ തങ്ങളുടേതായ പങ്ക്‌ നിര്‍വഹിക്കുന്നതിനായി മുന്നോട്ടു വന്നു.

ഞങ്ങളുടെ ഹരിത പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ പദ്ധതികള്‍‌ വിഭാഗം സന്ദര്‍ശിക്കാം.