അതിജീവനശേഷിയുളള സ്വാഭാവിക സസ്യങ്ങളെ തെരഞ്ഞെടുക്കുക

കുറഞ്ഞത്‌ മുപ്പതിനം തദ്ദേശീയ സസ്യങ്ങളുടെ തൈകള്‍ തെരെഞ്ഞെടുക്കുക. ഇതില്‍ വലിയ മരങ്ങളും ചെറുമരങ്ങളും കുറ്റിച്ചെടികളും ഉള്‍പ്പെടണം.
കാരണം: കാട്ടുമരങ്ങളുടെയും ഔഷധച്ചെടികളുടെയും പഴച്ചെടികളുടെയും പൂമരങ്ങളുടെയും മിശ്രണം ജൈവവൈവിധ്യം നിലനിര്‍ത്താന്‍ സഹായിക്കും

ജൈവമിശ്രിതം നിറച്ച ബാഗുകളില്‍ തൈകളെ പരിപാലിക്കുക

മണ്ണ്‌, ചകിരിച്ചോറ്‌, ഉണങ്ങിയ ചാണകമോ ആട്ടിന്‍കാഷ്‌ഠമോ, ഉമി എന്നിവ 1:1:1:1 എന്ന അനുപാതത്തില്‍ പോട്ടിങ്ങ്‌ മിശ്രിതം തയ്യാറാക്കുക. ഇവ ബാഗുകളില്‍ നിറച്ച്‌ തൈകള്‍ നട്ട്‌ മൂന്നു മാസത്തേക്ക്‌ പരിചരിക്കുക.
കാരണം: ഇത്‌ തൈകളുടെ വേര്‌ ബലത്തോടെ വളരാന്‍ സഹായിക്കും.

തൈകള്‍ നടാനുദ്ദേശിക്കുന്ന സ്ഥലത്ത്‌ ജൈവമിശ്രിതം നിറയ്‌ക്കണം.

തൈകള്‍ നടാനുദ്ദേശിക്കുന്ന സ്ഥലത്തെ മേല്‍മണ്ണ്‌ ഒരു മീറ്റര്‍ ആഴത്തില്‍ കിളയ്‌ക്കണം. ഇതില്‍നിന്ന്‌ അരമീറ്റര്‍ കനത്തില്‍ മണ്ണ്‌ നീക്കിയ ശേഷം ചകിരിച്ചോറ്‌, ഉമി, ഉണങ്ങിയ ചാണകം അല്ലെങ്കില്‍ ആട്ടിന്‍കാഷ്‌ഠം എന്നിവ ചേര്‍ത്ത്‌ നന്നായി ഇളക്കണം.
കാരണം: ജൈവമിശ്രിതം ചേര്‍ത്ത്‌ ഇളക്കിയ മണ്ണില്‍ തൈകള്‍ നന്നായി വേരുപിടിക്കും.

തൈകള്‍ അടുപ്പിച്ച്‌ - ഒരു ചതുരശ്ര മീറ്ററില്‍ മൂന്നോ നാലോ എന്ന കണക്കിനു നടണം

നടുന്ന സ്ഥലത്ത്‌ ഓരോ ചതുരശ്ര മീറ്റര്‍ കളങ്ങളായി അടയാളപ്പെടുത്തുക, ഓരോന്നിലും ഒരു വലിയ മരം, ഒരു ചെറുമരം, കുറ്റിച്ചെടി എന്നിങ്ങനെ നടണം.
കാരണം: സൂര്യപ്രകാശത്തിനു വേണ്ടിയുളള മത്സരം ഇവയെ കൂടുതല്‍ വേഗത്തില്‍ വളരാന്‍ സഹായിക്കും

നിലത്ത്‌ കനത്തിലും മൃദുവായും പുതയിടുക

തൈകള്‍ നട്ടശേഷം കരിയിലയോ മരപ്പൊടിയോ ഉമിയോ വൈക്കോലോ കൊണ്ട്‌ 15 സെന്റിമീറ്റര്‍ കനത്തില്‍ പുതയിടണം.
കാരണം: പുതയിടുന്നത്‌ കള വളരാതിരിക്കാന്‍ സഹായിക്കുകയും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും.

കൃത്യമായ ഇടവേളകളില്‍ നനയ്‌ക്കുകയും കൊമ്പ്‌ കോതുകയും ചെയ്യണം
നട്ട ശേഷം അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ തൈകള്‍ നനച്ചുകൊടുക്കണം. ആവശ്യത്തിനനുസരിച്ച്‌ കമ്പുകള്‍ കോതുകയും വേണം.
കാരണം: ഇവ രണ്ടും ചെടികളുടെ ആരോഗ്യത്തോടെയുളള വളര്‍ച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌.