ഭൂമിയെ പച്ചപ്പണിയിക്കുന്ന വെറുമൊരു രീതിയല്ല മിയാവാക്കി മാതൃക. ഭൂമിയിലെ മനുഷ്യര്‍ക്കൊപ്പം തന്നെ മറ്റ്‌ ജീവജാലങ്ങളുടെയും നിലനില്‍പിനെ കുറിച്ച്‌ ആഴത്തില്‍ ചിന്തിച്ചിട്ടുണ്ട്‌ അതിന്റെ ഉപജ്ഞാതാവ്‌.

ബുദ്ധിയും ജ്ഞാനവുമുളള ഹോമോ സാപ്പിയന്‍സ്‌ എന്ന നമ്മള്‍, ആധുനിക മനുഷ്യരാണ്‌ എല്ലാ സൃഷ്ടികളിലും വെച്ച്‌ ഉത്‌കൃഷ്ടരെന്ന അഹന്ത നമുക്ക്‌ വേണ്ടുവോളമുണ്ട്‌. ഇതൊരു സമൂഹ അഹംബോധം സൃഷ്ടിക്കുകയും നമുക്കു ചുറ്റുമുളളവയെ നിയന്ത്രിക്കാമെന്ന ഒരു വൃഥാവിശ്വാസം ഉണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്‌. "പ്രപഞ്ചം തങ്ങളുടെ സ്വന്തമാണെന്ന മട്ടിലാണ്‌ മനുഷ്യര്‍ ഇന്ന്‌ പെരുമാറുന്നത്‌" ഡോ. മിയാവാക്കി അഭിപ്രായപ്പെടുന്നു. ശാസ്‌ത്ര സാങ്കേതിക മേഖലകളില്‍ നാം നേടിയ വലിയ മുന്നേറ്റങ്ങള്‍ നമ്മുടെ മസ്‌തിഷ്‌ക്കത്തിന്റെ ശക്തിയെ കുറിക്കുന്നതാണ്‌. അതിന്റെ പേരില്‍ നാം നമ്മളെ തന്നെ പ്രശംസിക്കുന്നു. ഉപരിപ്ലവമായ ഈ സ്വയം വിലയിരുത്തലുകളില്‍ നമ്മള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്‌, ഒരു തരത്തിലും നമ്മള്‍ സൃഷ്ടാക്കളല്ല എന്നത്‌. "മരങ്ങള്‍ നടാനൊരു ആഹ്വാനം" എന്ന ലേഖനത്തില്‍ ഡോ. മിയാവാക്കി നമ്മെ വിസ്‌മയകരമായ ഒരു വസ്‌തുത ഓര്‍മ്മിപ്പിക്കുന്നു.

...നമ്മള്‍ നേടിയ ശാസ്‌ത്രീയവും സാങ്കേതികവുമായ നേട്ടങ്ങള്‍ക്കപ്പുറത്ത്‌ ഹരിതസസ്യങ്ങളെ ആശ്രയിക്കുന്ന പരാന്നഭോജികളായി മാത്രമെ നമുക്ക്‌ ജീവിതം നിലനിര്‍ത്താനാവൂ എന്ന കഠിനമായ യാഥാര്‍ത്ഥ്യത്തെ ജനങ്ങള്‍ അംഗീകരിച്ചെങ്കില്‍ എന്നാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. നിബിഢമായ സ്വാഭാവിക വനങ്ങളെ - തനതുസസ്യജാലങ്ങളുളള തദ്ദേശീയ വനങ്ങളെ - പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത്‌ അത്രയും പ്രാധാന്യമര്‍ഹിക്കുന്നു. അവരാണ്‌ നമ്മുടെ ആതിഥേയര്‍. കാട്‌ പുനരുജ്ജീവിപ്പിക്കുന്നത്‌ പക്ഷികള്‍ക്കോ മറ്റുളളവര്‍ക്കോ വേണ്ടിയല്ല, അതു നിങ്ങള്‍ക്കു വേണ്ടിത്തന്നെയാണ്‌. നിങ്ങളുടെ ആരോഗ്യകരമായ ഭാവിജീവിതത്തിനു വേണ്ടി. എല്ലാ ജീവജാലങ്ങളും സഹവര്‍ത്തിക്കുന്ന സമൃദ്ധമായ ജൈവവൈവിദ്ധ്യത്തിലാണ്‌ ഭൂമിയുടെ തന്നെ ഭാവി.

മറ്റൊരര്‍ത്ഥത്തില്‍, എന്തൊക്കെ നേടിയെന്ന്‌ അഹങ്കരിച്ചാലും ഇരന്നുണ്ണുന്നവരില്‍ നിന്നും ഒട്ടും മുകളിലല്ല നമ്മള്‍ മനുഷ്യരുടെ സ്ഥാനമെന്ന സത്യസന്ധമായ തിരിച്ചറിവില്‍ നിന്നാണ്‌ മിയാവാക്കി മാതൃകയുടെ പിറവി. പ്രകൃതിയോടുളള നമ്മുടെ സ്‌നേഹം പ്രകടമാക്കാനുളള മാര്‍ഗമായി വനവത്‌കരണ ശ്രമങ്ങളെ മാറ്റേണ്ടതുണ്ട്‌. ഉറുമ്പുകളുടെ കൂട്ടം മുഞ്ഞകളെ സൂക്ഷിക്കുന്നതുപോലെ നിസ്വാര്‍ത്ഥവും ധാര്‍മ്മികവുമാണത്‌.

എളിമയുടെ ഈ പാഠമാണ്‌ ഡോ. മിയാവാക്കി പറയാതെ പറയുന്നത്‌. പ്രകൃതിവിഭവങ്ങളുടെ മേല്‍ നമ്മള്‍ നടത്തിയ അന്യായമായ ചൂഷണം കൊണ്ട്‌ ഭൂമിയ്‌ക്കുണ്ടായ ക്ഷതങ്ങള്‍ മറികടക്കാനുളള ശ്രമങ്ങളില്‍ ഈ എളിമയാണ്‌ ഉണ്ടായിരിക്കേണ്ടത്‌. ഇത്‌ ചെയ്യുമ്പോഴും ഫലത്തില്‍, നമ്മള്‍ നമ്മുടെ തന്നെ ശാരീരികവും മാനസികവുമായ നിലനില്‍പ്പാണ്‌ ഉറപ്പാക്കുന്നത്‌. ഡോ. മിയാവാക്കി പറയുന്നതുപോലെ: "തദ്ദേശീയ വനാന്തരീക്ഷം സംരക്ഷിക്കുകയെന്നാല്‍ ജീവനെ, ജീനുകളെ, മനസിനെ തന്നെയാണ്‌ സംരക്ഷിക്കുന്നത്‌". കാരണം, "ജീവന്റെ ആധാരം കാടാണ്‌; നമ്മുടെ ജൈവികചോദനകളെ നവീകരിക്കുന്ന, ബുദ്ധിയെ അഗാധമാക്കുന്ന, മനുഷ്യനെന്ന നിലയില്‍ നമ്മുടെ സംവേദനക്ഷമതയെ വര്‍ദ്ധിപ്പിക്കുന്ന ഗര്‍ഭഗൃഹമാണ്‌ കാട്‌".

next