ഭൂമിക്കൊരു ഹരിതഗീതം പാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന തിരിച്ചറിവിലാണ്  Crowd Foresting #HealTheWorld ക്യാമ്പെയ്നിന് തുടക്കമിടുന്നത്. ലോക പ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ ക്യാമ്പെയ്നിൽ കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവർ പങ്കെടുത്തു. ഇതിലൂടെ പ്രതീക്ഷയുടെ പുതു നാമ്പ് വിരിയിക്കാൻ അണിനിരന്ന ഓരോരുത്തരോടും ഞങ്ങൾ നന്ദി പറയുന്നു.

കേരളം എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് പച്ചപ്പാണ്. എന്നാൽ വർദ്ധിച്ചു വരുന്ന ജനസാന്ദ്രതയും നഗരവത്കരണവുമെല്ലാം അത് നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ലോകമെങ്ങും കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുണ്ടായിത്തുടങ്ങിയ വൻ പ്രകൃതിദുരന്തങ്ങൾ കേരളത്തിലും എത്തിക്കഴിഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിയെ എങ്ങനെ തിരിച്ചു പിടിക്കാം എന്നാലോചിക്കേണ്ടത്. ഇന്ന് അതിനുള്ള ഏറ്റവും മികച്ചതും വേഗതയേറിയതുമായ മാർഗം മിയാവാക്കി മാതൃക വനവത്കരണം തന്നെയാണ്. ജാപ്പനീസ് ശാസ്ത്രജ്ഞനായ പ്രൊഫസർ അകിര  മിയാവാക്കി  കഴിഞ്ഞ അമ്പതു വർഷത്തിലധികമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിജയകരമായി കാണിച്ചു തന്ന ഈ മാതൃക കേരളത്തിലേക്ക് എത്തിയത് വളരെ വൈകിയാണ്.

രണ്ടു വർഷത്തെ പഠനപരിശീലനത്തിനു ശേഷം Crowd Foresting ആദ്യമായി കാട് വെയ്ക്കുന്നത് 2018ൽ തിരുവനന്തപുരത്തെ പുളിയറക്കോണത്താണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കേരളത്തിൽ ഏകദേശം നാല്പതോളം സ്ഥലങ്ങളിൽ ഞങ്ങൾ നേരിട്ട് മിയാവാക്കി മാതൃകാ വനങ്ങൾ വെച്ചു കഴിഞ്ഞു. ഇതിനോടകം ഏതാണ്ട് മുപ്പതിനായിരത്തിൽ അധികം ചെടികൾ ഞങ്ങൾ നട്ടു കഴിഞ്ഞു.

വെച്ച ചെടികൾ എല്ലാം തന്നെ വളരുന്നുമുണ്ട്. കേരളത്തിൽ സ്വാഭാവികമായി വളരുന്ന മുന്നൂറ്റിയൻപതിലധികം ഇനം ചെടികൾ നട്ടുവളർത്തുവാനും  ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. Crowd Forestingൽ നിന്നും മിയാവാക്കി വനവത്കരണ മാതൃക പഠിച്ചയാളുകൾ പലയിടത്തും സ്വന്തം നിലയ്ക്ക് വനങ്ങൾ വെച്ചുകൊണ്ടിരിക്കുകയാണ്. മിയാവാക്കി മാതൃക കൂടുതൽ ഇടങ്ങളിൽ പ്രചരിപ്പിക്കുവാനും ഇവിടുത്തെ സ്വാഭാവികസസ്യങ്ങൾ നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കുവാനും നമുക്ക് ഒരുമിച്ചു കൈകോർക്കാം.