മെയ് 22 ലോക ജൈവവൈവിധ്യ ദിനമാണ്. ജൈവ വൈവിധ്യത്തെ കുറിച്ച് മിയാവാക്കി മാതൃക വനവത്കരണം തുടങ്ങുന്നതിന് മുമ്പും അതിനു ശേഷവും എന്റെ സങ്കൽപത്തിൽ വലിയൊരു മാറ്റം വന്നിട്ടുണ്ട്. അത് നിങ്ങളുമായിട്ടൊന്ന് പങ്കു വെക്കാമെന്നാണ് വിചാരിക്കുന്നത്. പണ്ട് ജൈവവൈവിധ്യം എന്നു പറയുമ്പോൾ എന്റെ മനസിലേക്ക് ഓടിവരുന്നത് ആന, കണ്ടാമൃഗം, കാട്ടുപോത്ത്, അതുപോലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ജീവികൾ - കടുവ, ഇതൊക്കെയായിരുന്നു. അതിനു കാരണം ചെറിയ പ്രാണികളെ ഒന്നും നമ്മൾ ജീവികളായി കൂട്ടിയിരുന്നില്ല. പ്രാണി എന്നു കേൾക്കുമ്പോൾ പെട്ടെന്ന് മനസിലോട്ടു വന്നിരുന്നത് വിളക്കത്തു വീഴുന്ന പ്രാണികൾ, അല്ലെങ്കിൽ ലൈറ്റിടുമ്പോൾ അതിനു ചുറ്റും പറന്നു നടക്കുന്ന ഈയൽ, മഴക്കാലത്തൊക്കെ ചാടിനടക്കുന്ന വലിയ കൊമ്പൻ ചെല്ലി, വണ്ട് ഇങ്ങനെയൊക്കെ ഉളള കുറേ സാധനങ്ങളെ കാണുമെന്നല്ലാതെ വലിയൊരു പ്രാണിലോകം തന്നെ ഉണ്ടെന്നുളള കാര്യം അറിയില്ലായിരുന്നു.

ഞങ്ങളിവിടെ ആദ്യത്തെ മിയാവാക്കിവനം വെക്കുമ്പോൾ അതിൽ ഏകദേശം നാനൂറു മരങ്ങളുണ്ടായിരുന്നു. ഏതാണ്ട് നൂറ് ഇനങ്ങളിൽപ്പെട്ട നാനൂറ് ചെടികൾ. നൂറുചെറുമരങ്ങളും കുറ്റിച്ചെടികളും വൃക്ഷങ്ങളുമൊക്കെ ആയിട്ടാണ്. ഇതിന്റെ വളർച്ച അത്ഭുതകരമായിരുന്നതുകൊണ്ട് ഓരോ ചെടിയുടെയും അടുക്കൽ ചെന്ന് നമ്മൾ നോക്കുമായിരുന്നു. അങ്ങനെ നോക്കുമ്പോൾ അതിന്റെ ഇലകളിൽ കണ്ട പ്രാണികളും പുഴുക്കളുമൊക്കെ സാധാരണ കണ്ടിട്ടില്ലാത്ത ധാരാളം എണ്ണത്തിനെ അവിടെ കാണാൻ പറ്റി. ഇതിന്റെ വലിപ്പം, നിറം, ആകൃതി എല്ലാം വ്യത്യസ്തമായിരുന്നു. അപ്പോഴാണ് എനിക്കു മനസിലായത് ലോകത്ത് ഇത്രയും പ്രാണികളുണ്ടെന്ന്. കാരണം ഞാനീ വിഷയം പഠിച്ചിട്ടില്ല. എനിക്കിതൊരു വലിയ കൗതുകക്കാഴ്ച്ചയായിരുന്നു. ഞാൻ ഈ പ്രാണികളുടെ ചിത്രമെടുക്കുന്നത് കുറച്ചുകാലം നിരന്തരം ചെയ്തുകൊണ്ടിരുന്ന ജോലിയാണ്. ഈ പ്രാണികളെല്ലാം കൂടി ചേരുന്നതാണ് നമ്മുടെ ജൈവവൈവിധ്യം. അല്ലെങ്കിൽ നമ്മുടെ ജീവിലോകം. ഈ പ്രാണികൾ ഓരോന്നിനെയും കൊണ്ട് നമുക്ക് വ്യത്യസ്തമായ പ്രയോജനങ്ങളുണ്ട്. ഇതിന്റെയൊക്കെ ജീവിതരീതി, ആഹാരരീതി, വംശവർധനരീതി എല്ലാം വ്യത്യസ്തമായിരിക്കും.

വളരെ യാദൃശ്ചികമായിട്ടുള്ള ഒരു നിരീക്ഷണത്തിൽ കണ്ട കാര്യമാണ്, കരിയില കൂടിക്കിടക്കുന്നതിനെ കറുത്ത വലിയ അട്ട തിന്നു തീർക്കുന്നു എന്നുളളത്. അതുവരെ ഈ അട്ട കരിയില തിന്നുമെന്നു പറഞ്ഞാൽ ഞാൻ വിശ്വസിച്ചിരുന്നില്ല. ആരെങ്കിലും പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കില്ല. കാരണം അട്ട എന്താ തിന്നുന്നതെന്ന് ഞാൻ കണ്ടിട്ടില്ല. അപ്പോൾ നമ്മുടെ പറമ്പിൽ വീഴുന്ന കരിയിലയെ വളമാക്കി മാറ്റുന്നത് ഈ അട്ടകളാണെന്നത് തിരിച്ചറിവാണ്. അതുപോലെത്തന്നെ ഈ ചെറിയ പ്രാണികൾ - ഉപദ്രവകാരികളല്ലാത്ത ഒരുപാട് പ്രാണികൾ ചെടികളിലൊക്കെ ഇരിക്കുന്നുണ്ട്. അത് വീടുകളിലേക്കൊന്നും വരാറുപോലുമില്ല. അതതിന്റെ ഒരു ലോകത്ത് അവിടെ വിരിയുന്നു പോകുന്നു. ചിലപ്പോൾ ചെടിയുടെ ഇലയൊക്കെ തിന്നെന്നു വരും. ഈ പ്രാണികൾ ഇല്ലാതാവുമ്പോൾ മാത്രമാണ് നമുക്ക് എന്തു ദോഷം സംഭവിക്കുന്നു എന്നറിയുന്നത്.

ഉദാഹരണത്തിന് കോലരക്ക്. അതൊരു മരത്തിൽ നിന്നും കിട്ടുന്നതാണ്. പക്ഷെ കോലരക്ക് മരത്തിൽ നിന്നും കിട്ടണമെങ്കിൽ അവിടെയൊരു പ്രത്യേക പ്രാണിയുണ്ടാവണം. അതില്ലാതായി കഴിഞ്ഞാൽ കോലരക്ക് കിട്ടില്ല. അതുപോലെ വളരെ രസകരമായ കഥ പറയാം. പാമോയിൽ ഉണ്ടാവുന്ന പന ഉണ്ട്. എണ്ണപ്പന. മലേഷ്യയിൽ നിന്നാണതിന്റെ വിത്തുകൊണ്ടുവന്ന് കേരളത്തിൽ പുനലൂർ വലിയൊരു പനന്തോട്ടം ഉണ്ടാക്കി. പക്ഷെ അവിടെ എണ്ണക്കുരു ഉണ്ടാവുന്നില്ലായിരുന്നു. ഇതിന്റെ പരാഗണം നടക്കണമെങ്കിൽ ഒരു പ്രത്യേക വണ്ടുണ്ടാകണം. എങ്കിൽ മാത്രമേ പനയിൽ കായുണ്ടാവുകയുളളു. അതിനെ ഒട്ടു മലേഷ്യൻ സർക്കാർ പുറത്തേക്കു കൊടുക്കുകയുമില്ല. അന്നീ തോട്ടത്തിന്റെ എം. ഡി ആയിരുന്ന ഡോ. പി.എം. അബ്രഹാം എന്നയാൾ, അദ്ദേഹം മരിച്ചുപോയി - അദ്ദേഹം മലേഷ്യയിൽ എന്തോ ആവശ്യത്തിനായ പോവുകയും അവിടത്തെ ഒരു തോട്ടത്തിൽ നിന്ന് രണ്ടു വണ്ടിനെ ഒരു തീപ്പെട്ടിക്കകത്താക്കി കൊണ്ടുവരികയും പനന്തോട്ടത്തിൽ തുറന്നുവിടുകയും ചെയ്തു. അങ്ങനെ ഇവിടത്തെ പനയ്ക്ക് കായുണ്ടായി തുടങ്ങി. നമ്മൾ വിചാരിക്കുന്നത് ഈ ചിത്രശലഭങ്ങളും തേനീച്ചകളുമായിരിക്കും എല്ലാത്തിലും പരാഗണം സംഭവിപ്പിക്കുന്നത് എന്നാണ്. പക്ഷെ ഇതിനൊക്കെ പ്രത്യേകം പ്രത്യേകം ജീവികൾ ഉണ്ടായേക്കാം.

പ്രധാന വിഷയം എന്താണെന്നുവെച്ചാൽ നാൽപതു ശതമാനത്തോളം പ്രാണികൾ ലോകത്തുനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇന്നുവരെ ഉണ്ടായിട്ടുളളതിൽ നാൽപതു ശതമാനത്തോളം പ്രാണികൾ ഇന്നില്ല. എന്നുമാത്രമല്ല മറ്റു പ്രാണികളുടെ വളർച്ചാനിരക്കിൽ ഒമ്പതു ശതമാനം കുറവു വരുന്നുണ്ടെന്നാണ് പറയുന്നത്. അടുത്ത കുറേ വർഷം കഴിയുമ്പോൾ കുറേ പ്രാണികൾ കൂടി തിരിച്ചുകിട്ടാൻ വയ്യാത്ത തരത്തിൽ അപ്രത്യക്ഷമാവും. അതുപോയിക്കഴിയുമ്പോൾ മാത്രമേ നമുക്ക് എന്തു ദോഷം അതുകൊണ്ടുണ്ടായി എന്നറിയാനാവു. പ്രാണികൾ എന്നാൽ നമ്മളെ ഉപദ്രവിക്കുന്ന ഒരുകൂട്ടം ജീവികളായിട്ടാണ് നമ്മളതിനെ കാണുന്നത്. പക്ഷെ ഈ പ്രാണികൾക്ക് നിയന്ത്രണം അവയ്ക്കിടയിൽ തന്നെയുണ്ട്. ഒരു തവള അതിന്റെ ശരീരഭാരത്തിന്റെ ഇരുപതിരട്ടി ഈ പ്രാണികളെ കഴിക്കുമെന്നാണ് പറയുന്നത്. അതോ നാൽപത് ഇരട്ടിയാണോ എന്നോർക്കുന്നില്ല. അങ്ങനെ എന്തോ ഒരുകണക്കാണ്. എന്തായാലും ഇരുപതിൽ കുറയില്ല. ഇത്രയധികം പ്രാണികളെ അത് പിടിച്ചുതിന്നും എന്നു പറയുമ്പോൾ, പ്രാണികളെ നിയന്ത്രിക്കാനുളള സംവിധാനം പ്രകൃതി തന്നെ തന്നിട്ടുണ്ട്.

ഞാനീ താമസിക്കുന്ന വീടിനു ചുറ്റും ഏകദേശം ഒരു അഞ്ഞൂറ് ചെടികളുണ്ട്. അതുകൂടാതെ ഇതിന് പുറത്തുളള സ്ഥലങ്ങളിൽ എല്ലാംകൂടി ഒരു മൂവായിരത്തോളം മരങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇത്രേം ചെടികൾ ഉണ്ടായിട്ടും പ്രാണിയുടെ ശല്യം കൊണ്ട് എനിക്കു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. കൊതുകു കയറാതിരിക്കാൻ ഇവിടെ നെറ്റ് ഇട്ടിട്ടുണ്ടെന്നത് ഒഴിച്ചാൽ. പ്രാണികൾ നമ്മെ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്നതരം ജീവികളല്ല. ഈയലൊക്കെ ചിലപ്പോൾ പൊങ്ങാറുണ്ട്. അതുകുറച്ചു കഴിയുമ്പോൾ തീരും. വെളളത്തിൽ വീണാൽ മീനുകൾ അതിനെ പിടിച്ചുതിന്നും. തവള കുറേ തിന്നും. അങ്ങനെ ഇതൊക്കെയങ്ങ് തീർന്നു പോവുകയാണ് ചെയ്യുന്നത്.
എന്നു മാത്രമല്ല, പ്രാണികളെ കുറിച്ച് ഒരുപാട് മനസിലാക്കാനും പറ്റുന്നുണ്ട്. ഈയിടെ ഒരു ചിത്രശലഭത്തിനെ ഒരു പച്ചക്കുതിര പിടിച്ചു വെച്ചോണ്ടിരിക്കുന്നതു കണ്ടു. പച്ചക്കുതിരയെ ഞാനൊരു സസ്യഭോജി ആയിട്ടാണ് കണ്ടിരുന്നത്. പക്ഷെ ചിത്രശലഭത്തെ ഇവന് പിടിച്ചതെന്താണെന്ന് ഇന്റർനെറ്റിൽ നോക്കിയപ്പോളാണ് പച്ചക്കുതിരകളിൽ സസ്യഭോജികളും മാംസഭോജികളും ഉണ്ടെന്നുളള കാര്യം കാണുന്നത്. അത്തരത്തിൽ കുട്ടികൾക്കൊക്കെ ഇതേപറ്റി പഠിക്കാൻ താത്പര്യമുളള കാര്യങ്ങൾ നമുക്കിവയെ നിരീക്ഷിക്കുമ്പോൾ കിട്ടും.

പ്രാണികൾ ഇല്ലാതായിക്കഴിഞ്ഞാൽ നാളെ മനുഷ്യനെ അതെങ്ങനെ ബാധിക്കുമെന്നത് അറിയില്ല. ഇതേപോലെ തന്നെയാണ് ചെടികളുടെയും അവസ്ഥ. ഒരുപാട് വളളിച്ചെടികളെയും. ഇപ്പോ നമ്മുടെ ഇവിടെയൊക്കെ കള തെളിക്കാറുണ്ട്. എന്തുകൊണ്ട് കള ഉണ്ടാകുന്നു എന്നു ചോദിച്ചാൽ, കള ഉണ്ടാകുന്നതിനു മുമ്പ് അവിടെ കുറേ ചെടികള് ഉണ്ടായിരുന്നു. തഴുതാമ നാട്ടിലെല്ലാം പടർന്നു കിടക്കുന്നതാണ്. തഴുതാമ ഉളള സ്ഥലത്ത് വേറെ ഒന്നും കിളിർക്കാറില്ല. അതാ പ്രദേശം മുഴുവൻ മൂടിക്കിടക്കുകയാണ്. ഇപ്പോൾ തഴുതാമ എങ്ങും കാണാറില്ല. നമ്മൾ കിളക്കുന്ന സമയത്ത് ഈ തഴുതാമയെ മുഴുവനായും അങ്ങ് മാറ്റും. കിളക്കുക എന്നു പറഞ്ഞാൽ പറമ്പ് വൃത്തിയാക്കലാണ്. വൃത്തിയാക്കലെന്നു പറഞ്ഞാൽ ഒരില പോലും ഇല്ലാതെ ആ സ്ഥലത്തെ മാറ്റുക എന്നുളളതാണ്. പിന്നെ സംഭവിക്കുന്നത് പെട്ടെന്ന് മുളക്കുന്ന കളകൾ, അത് അധിനിവേശ സസ്യങ്ങൾ പലയിടത്തുനിന്നും വന്നതിന്റെ വിത്തുകളും മറ്റും അവിടെ വീഴുകയും ഈ തഴുതാമ വളരെ കാര്യമായി സംരക്ഷിച്ചുകൊണ്ടിരുന്ന സ്ഥലത്ത് അധിനിവേശ സസ്യങ്ങളുടെ ഒരു കാട് ഉണ്ടാവുകയും ചെയ്യുകയാണ്.

പ്രകൃതിദത്തമായി ഉണ്ടാവുന്ന ചെടികളെ മുഴുവൻ അവിടന്നു മാറ്റിക്കഴിയുമ്പോൾ അവിടേക്ക് വേറൊരുഭാഗം ചെടികൾ വന്നു കയറുന്നുണ്ട്. ഇതൊക്കെ നമ്മൾ മനസിലാക്കുകയും പഠിക്കുകയും ചെയ്യണമെങ്കിൽ പ്രകൃതിയെ കാണുക മാത്രം മതി. വേറൊരു വലിയ വിജ്ഞാനത്തിന്റെ ആവശ്യമില്ല. സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് കാണാൻ കഴിയാവുന്ന കാര്യങ്ങളാണ്. പക്ഷേ എന്തുകൊണ്ടോ ചെടികളും പ്രാണികളും എല്ലാം നമ്മുടെ ശത്രുക്കളാണെന്നു നമ്മൾ കാണുന്നു. കാടുവെക്കുന്ന സംശയങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ ഒരാളെന്നോടു ചോദിച്ചു, എനിക്ക് ഒരു കാട് വെക്കണം, പക്ഷേ എന്റെ വീട്ടിലേക്ക് ഒരു ജീവിയും വരാൻ പാടില്ല, ചെടികളുടെ ഇലയൊന്നും മുറ്റത്തേക്ക് വീഴാൻ പാടില്ല, അങ്ങനെ ഒരുപാട് വ്യവസ്ഥകൾ അദ്ദേഹം വെച്ചു കാട് വെക്കുന്നതിന്. ഞാനദ്ദേഹത്തോടു പറഞ്ഞതെന്താന്നു വെച്ചാൽ ഇതൊക്കെ കൂടിയതാണ് കാട്. അതല്ലാതെ ഒരു കാട് വേണമെങ്കിൽ ഏകമാർഗം ഭിത്തിയിൽ ഒരു 72 ഇഞ്ചിന്റെ ടിവി വെച്ചിട്ട് നാഷണൽ ജ്യോഗ്രഫിക്കിന്റെ വീഡിയോകൾ കാണുക എന്നുളളത് മാത്രമാണ്. അദ്ദേഹം പറയുന്നത് പ്രാണികൾ ഇതിൽ നിന്നും പുറത്തേക്ക് വന്ന് നമ്മളുമായി ഇടപഴകുന്ന തരത്തിലൊരു സംഗതി ഉണ്ടാവരുത്. പ്രാണികളാവുമ്പോൾ പറന്നു നടക്കും, മിന്നാമിനുങ്ങ് നമ്മുടെ തിണ്ണയിൽ വന്നിരിക്കുന്നതിന് പരാതി പറയാനാവുമോ? അതൊക്കെ ഇതിന്റെ കൂട്ടത്തിലുളളതാണ്. ഇവയെ സംരക്ഷിച്ചില്ലെങ്കിൽ നാളെ മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്. ഇപ്പോൾത്തന്നെ നമ്മൾ വളരെ താമസിച്ചുപോയി. അതുകൊണ്ട് നമുക്ക് ചെയ്യാവുന്ന കാര്യം നമ്മുടെ സ്വദേശസസ്യങ്ങൾ മിനിമം പത്തു ചെടികളെങ്കിലും വെച്ചുകഴിഞ്ഞാൽ ഒരുപക്ഷെ നമ്മൾ ഏതെങ്കിലുമൊക്കെ പ്രാണികളെ സംരക്ഷിക്കുകയോ അവക്ക് അഭയം കൊടുക്കുകയോ ഒക്കെ ആയിരിക്കാം. ഇത് കഴിയുന്നത്ര ആളുകൾ ചെയ്യാൻ ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു.