ഞാനിപ്പോൾ നിൽക്കുന്നത് ഒരു മിയാവാക്കി കാട്ടിലാണ്. ഈ കാടിന് ഒരു പ്രത്യേകതയുണ്ട്. ഇതു വെച്ചത് 2019 മെയ് 11 ാം തീയതി ആണ്. ഇന്നിപ്പോൾ 2020 മെയ്മാസം 3 ാം തീയതി ആണ്. ഒരാഴ്ച കൂടി കഴിഞ്ഞാൽ ഈ കാട് വെച്ചിട്ട് ഒരു വർഷം തികയുകയാണ്. കഷ്ടിച്ച് ഒന്നര സെന്റ് സ്ഥലത്താണ് ഈ കാട് വച്ചിരിക്കുന്നത്. ഒരു വീടിനോട് ചേർന്നാണ്. ചെറിയ വീടാണ്. അതിന് ചേർന്നുള്ള സ്ഥലത്താണ് നമ്മളിത് വച്ചിരിക്കുന്നത്. ഇതിനകത്ത് കൂടി നടന്നൊന്ന് കണ്ടു കഴിഞ്ഞാൽ എന്തൊക്കെ പച്ചക്കറി വെച്ചിട്ടുണ്ടെന്ന് അറിയാം. മിയാവാക്കിയുടെ സാധ്യത നിങ്ങൾക്കൊന്ന് ബോധ്യമാകാൻ വേണ്ടിയാണ്. മരങ്ങൾക്കൊപ്പം പച്ചക്കറികളും വെച്ച് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഉണ്ടാക്കാമെന്ന് ഞാൻ രണ്ടു മൂന്നു തവണ പറഞ്ഞിരുന്നു. അത് പ്രായോഗികമായി ചെയ്യുമ്പോൾ എങ്ങനെ ഇരിക്കുമെന്ന് കാണിക്കാനായിട്ടാണ്.

ഞാനിതിനകത്തെ ചില മരങ്ങൾ കാണിച്ചു തരാം. ഏതാണ്ട് 100 കൂടുതൽ ചെടികളുണ്ട്. അതുകൊണ്ട് പ്രധാനപ്പെട്ട കുറച്ചു സാധനങ്ങൾ കാണിച്ചു തരാം. ഇത് 11 മാസമായ പപ്പായ മരമാണ്. ഇതിലുണ്ടാകുന്ന പപ്പായകളുടെ വലിപ്പം നോക്കുക. അതിന്റെ മുകളിൽ ഒരു മാവ് നില്പ്പുണ്ട്, അതിന് വെളിച്ചം കിട്ടുന്നില്ല. ഇങ്ങേ വശത്തും മരങ്ങൾ നില്പ്പുണ്ട്. നല്ല ഒന്നാന്തരം മരം, പഴങ്ങൾ ഉണ്ടായി ഇതിൽ തന്നെ പഴുത്തു കിടക്കുകയാണ്. ഒന്ന് അതിന്റെ സമൃദ്ധി, രണ്ട് ഇതിൽ ധാരാളം ശിഖരം പൊട്ടുന്നുണ്ട്. പപ്പായ സാധാരണ ഒറ്റത്തടി മരമാണ്. ചിലതിൽ ശിഖരങ്ങൾ വരും. ഇതിപ്പോൾ ഇവിടെ വച്ചതു കൊണ്ടാണോ എന്നറിയില്ല ഇഷ്ടം പോലെ ശിഖരങ്ങൾ പൊട്ടുന്നുണ്ട്. ആ ശിഖരത്തിലൊക്കെ കായും ഉണ്ടാകുന്നുണ്ട്. അതിലേയ്ക്ക് നോക്കിയാൽ കാണാൻ പറ്റും. പൂ വിരിയുന്നുണ്ട്. കായ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

ഈ വേലിയിൽ കോവലും പയറും പടർത്തിയിരിക്കുകയാണ്. കോവൽ കായ്ക്കാറായില്ല. കോവൽ അടുത്ത ഇടയ്ക്കാണ് പടർത്തിയത്. പയർ ഏതാണ്ട് കായ്ക്കുന്നുണ്ട്. ഇത് ഒരു മുളകാണ്. ഉണ്ട മുളകാണ് കായ്ച്ചു തുടങ്ങിയേ ഉള്ളൂ. ചെടിയ്ക്ക് ചെറിയ ഒരു മുരടിപ്പുണ്ട്. പ്രത്യേകിച്ച് നമ്മളൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കാട്ടിൽ വളരുന്ന ചെടിയാണ്. സ്വാഭാവികമായിട്ട് തന്നെ ഇത് വളരട്ടെ. ഇത് ഒരു പുളിമരമാണ്, ഇതൊരു റോബസ്റ്റോ വാഴയാണ്. അത് ഒരു ചേനയാണ്. ചേന പലയിടത്തും നട്ടിട്ടുണ്ട്. അത് കസ്തൂരി വെണ്ട എന്ന ചെടിയാണ്. ആ തെങ്ങിനപ്പുറം രണ്ടു തെങ്ങുണ്ട്, ആ തെങ്ങിനപ്പുറം അങ്ങേ മൂലയ്ക്ക് കാപ്പിയാണ് നിൽക്കുന്നത്. ഇത് ഒരു കിളി ഞാവലാണ്. ഇലയ്ക്ക് ചുവപ്പു നിറം വരുന്ന ഒരു മലേഷ്യൻ ചെടിയാണിത്. പേര് ഞാൻ മറന്നു പോയി. ഇത് നമ്മുടെ സ്റ്റാർ ഫ്രൂട്ട് ആണ്. ഇത് മൂട്ടിൽപഴം ആണ്. മാവ് നിൽപ്പുണ്ട്. ഇങ്ങോട്ടു വന്നു കഴിഞ്ഞാൽ ഇത് ലോലോലിക്ക ആണ്. ഇത് നാരകമാണ്. ലോലോലിക്കയുടെ ചെടിയാണ് വളർന്നു വരുന്നത്. ഇത് നാരകമാണ്. നാരകം വളർന്നു കൊണ്ടിരിക്കുകയാണ്. പലതരം നാരകം ഇവിടെ വെച്ചിട്ടുണ്ട്. അവിടെ ചേമ്പാണ്. ചേമ്പ് വളരുന്നത് കാണാം. ഇത് നെല്ലിക്കാപുളിയാണ്. അരിനെല്ലി എന്നു പറയുന്ന സാധനം. അവിടെ ഒന്നാന്തരം കറിവേപ്പ് വളർന്നു വരുന്നുണ്ട്. ശീമപ്ലാവാണ് ഇത്. ഇത് കപ്പ വാഴയാണ്. കപ്പ വാഴ സാധാരണ 18 മാസമെടുക്കും കായ്ക്കാൻ. പക്ഷെ 8 മാസമായപ്പോൾ വിത്തു പൊട്ടി. ആ സ്ഥിതിയ്ക്ക് എനിക്കു തോന്നുന്നു ഒരു 12, 13 മാസം കൊണ്ട് ഇതിന്റെ കുല റെഡിയായി കിട്ടും. 18 മാസം വേണ്ടി വരില്ല എന്നു തോന്നുന്നു. നമുക്കു നോക്കാം.

പിന്നെ ഈ കാട്ടിൽ നമ്മൾ നടത്തിയൊരു പരീക്ഷണമാണ്, കാബേജ് നട്ടു നോക്കിയത്. കാബേജിന് കായ് വന്നു തുടങ്ങി. തണുപ്പു കാലമല്ല, വേനൽക്കാലമാണ്, മെയ്മാസത്തിലാണ് ഇപ്പോ കാബേജിന് കായ് വരുന്നത്, കാരണം ഇത് നട്ടതു തന്നെ വളരെ താമസിച്ച് ഫെബ്രുവരിയിലോ മറ്റോ ആണ്. പക്ഷെ ഈ കാട്ടിന്റെ ഒരു അന്തരീക്ഷത്തിൽ കാബേജും ഉണ്ടാകുന്നുണ്ട്. ഇവിടെയും കുറെ അധികം മരങ്ങളുണ്ട്. ഇത് ഇസ്രേയലി അത്തിയാണ്. ഇത് പനിനീര് ചാമ്പയാണ്. അവിടെ വീണ്ടും ഒരു പനിനീര് ചാമ്പയുണ്ട്. അത് സ്റ്റാർ ഫ്രൂട്ടാണ്. ഇത് നീല പേരയാണ്. വീണ്ടും ഒരു നാരകമാണിത്. ഇത് വേറെ ഒരുതരം പേരയാണ്. കസ്തൂരിമഞ്ഞളാണിത്. ഇഞ്ചി നട്ടിട്ടുണ്ട്. ഇത് ചാമ്പയാണ്. ഇത് പനികൂർക്കയാണ്. ഈ പനികൂർക്ക കർണ്ണാടകത്തിലൊക്കെ ഒരു വിഭവമായി ഉപയോഗിക്കാറുണ്ട്. ഈ നവര റൈസ്, പനികൂർക്ക കൂട്ടിയിട്ടുള്ള ഒരു തരം ചോറ് - ചോറിനകത്ത് പനികൂർക്കയിട്ട് വളരെ രുചികരമായ ഒരു വിഭവം ഉണ്ടാക്കും. അത് മാത്രവുമല്ല അത് മരുന്നുമാണ്. നമ്മുക്ക് പനിയൊക്കെ വരുമ്പോൾ ഇത് കൊണ്ട് ഒരു ചെറിയ പ്രയോഗമുണ്ട്. മൾബറിയാണ്, ഇവിടെ മാതളനാരകമാണ്, ഇത് പുളിയാണ് വീണ്ടും. ഇതും മാതളനാരകമാണ്. ഇത് സപ്പോട്ടയാണ്. ഇതിനിടയിൽ നെല്ലി നിൽപ്പുണ്ടായിരുന്നു. ഇതൊക്കെ ഏതാണ്ട് 11 അടി 12 അടി വളർന്നു കഴിഞ്ഞു 1 വർഷം കൊണ്ട്. ഇത് അഗത്തി ചീരയാണ്. ഇത് നെല്ലിയാണ്.

ഇപ്പോ നമ്മൾ ഇവിടെയുള്ള ഏകദേശം ഒരു മിക്കവാറും ഐറ്റങ്ങൾ കവർ ചെയ്തു. എന്നാലും ഇവിടെ ഒരുപാട് ചെടികളുണ്ട്. ഇതിനെ ഒന്നുകൂടി പ്രൂൺ ചെയ്താൽ കുറച്ചു കൂടി വെയിൽ കിട്ടിയാൽ ഇതിനിടയ്ക്ക് നില്ക്കുന്ന ചില ചെടികൾ കൂടി മുകളിലേയ്ക്ക് വരും. ഇത്രയും ചെറിയ സ്ഥലം കൊണ്ട് ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ പറ്റും. ഇതിന്റെ ഒരു ഓവറോൾ ചിത്രം ഇപ്പോൾ നിങ്ങൾക്കു കിട്ടി. ഒന്നര സെന്റിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്രയധികം കാര്യങ്ങളുണ്ട്. അപ്പോൾ 5 സെന്റിൽ വീടു വയ്ക്കുന്ന ഒരാൾക്ക് ഒരു മിയാവാക്കി ഫോറസ്റ്റ് ഉണ്ടാക്കിയാൽ അവർക്ക് വീട്ടിലേയ്ക്ക് ആവശ്യമുള്ള പച്ചക്കറി അതിൽ നിന്നും ഉണ്ടാക്കാൻ പറ്റും.