ഞാൻ ഇപ്പോൾ പുളിയറക്കോണത്തെ എന്റെ സ്ഥലത്താണുള്ളത്. ഈ സ്ഥലത്തിന്റെ പ്രത്യേകത നിങ്ങൾക്കറിയാമല്ലോ? മുകളിൽ നിന്ന് നേരെ കിഴുക്കാംതൂക്കായിട്ട് താഴേക്ക് പോകുന്ന സ്ഥലമാണ്. ഞാനിപ്പോൾ നിൽക്കുന്നത് ഏകദേശം മധ്യഭാഗത്താണ്. ഇനിയും താഴേക്കു ചെല്ലുകയാണെങ്കിൽ 100 അടി താഴെയായിരിക്കും ചെല്ലുന്നത്. മുകളിലോട്ടാണെങ്കിൽ ഏകദേശം 100 അടിയിൽ കൂടുതൽ മുകളിലോട്ട് പോകും. എന്റെ പുറകിൽ കാണുന്നത് ഞാനാദ്യം വച്ച മിയാവാക്കി വനമാണ്. അത് വച്ച് പിടിപ്പിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. അവിടെയുള്ള മരങ്ങൾ ഏകദേശം മുപ്പത് അടി വളർച്ചയെത്തി.

ഈ വശത്ത് ഏകദേശം രണ്ടു വർഷമായ മിയാവാക്കി വനമാണ്. ഇത് രണ്ട് അടുക്കായിട്ടാണ്. ആ ഭാഗത്ത് ഒരു വർഷം മുമ്പ് വച്ച കാടാണ്. അവിടെയൊരു പ്രത്യേകത അവിടെ കുറച്ച് പഴവർഗ്ഗങ്ങളും അതിന്റെ കൂടെ പച്ചക്കറികളും - വഴുതന, പപ്പായ പോലെയുള്ളവയാണ് നട്ടിരിക്കുന്നത്. അതുപോലെ പുറകിൽ പാറപ്പുറത്ത് വച്ചിരിക്കുന്ന കാടും കുറച്ച് അല്ലാത്ത മരങ്ങളുമാണ്. ഫലത്തിൽ നാലുവശത്തും കാടാണെന്ന് പറയാം.

ഇവിടെ നേരത്തേ ചൂട് കൊണ്ട് നിൽക്കാൻ പറ്റാത്ത സ്ഥലമായിരുന്നു. പാറയായിരുന്നു. അതിന്റെ ചുറ്റും കെട്ടിയിട്ട് പുറത്ത് ഒന്ന് - രണ്ടടി മണ്ണിട്ടിട്ടുണ്ട്. അതോടൊപ്പം ചാണകപ്പൊടിയും ചകിരിച്ചോറ് അതുപോലെയുള്ള സാധനങ്ങളും നിറച്ച മൂന്ന് സെന്റിനു പുറത്താണ് ഈ കാടുകളെല്ലാം നിൽക്കുന്നത്. നടുക്കുള്ള ഭാഗമാണ് ഈ ചെടി കാണുന്ന ഭാഗം. ഇങ്ങനെയൊരു സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്താൽ എന്താവുമെന്ന് പരീക്ഷിക്കാൻ വേണ്ടിയാണ് ഈയൊരു ഭാഗം ഒഴിച്ചിട്ടത്.

ഇവിടെ ഇപ്പോ ൾ പപ്പായ നട്ടിട്ടുണ്ട്. പപ്പായ നല്ല കായ്ഫലം തന്നു. പേരയുണ്ട്. അതുകൂടാതെ വീട്ടിലേക്കാവശ്യമായ കാന്താരി മുളക്, ഇഞ്ചി, മഞ്ഞൾ, പച്ചമുളക് എന്നിവ കൃഷി ചെയ്യുന്നുണ്ട്. ഇവിടെയൊരു മൂന്ന് ട്രേയിൽ മണ്ണ് നിറച്ചിട്ട് പല സാധനങ്ങളും നട്ടിരുന്നു. കാബേജ്, കോളിഫ്ലവർ, അവിടെയൊരു നീലയമരിയുമുണ്ട്. നിറയെ വിത്തുകളുണ്ട്. ഇതിന്റെ പുറകിൽ ഞങ്ങൾ ഒരു നാല് വാഴ വച്ചു. സാധാരണഗതിയിൽ വാഴ വയ്ക്കുമ്പോൾ അവിടെയെല്ലാം തളിച്ച് തടമെടുത്തല്ല വച്ചത്. വെറുതെ കുഴിച്ച് വയ്ക്കുകയാണ് ചെയ്തത്. പക്ഷെ വാഴയ്ക്ക് വളരെ നല്ല കായ്ഫലമാണ് കിട്ടിയത്.

അടുത്ത ഘട്ടത്തിൽ ഞങ്ങൾ ചെയ്യാൻ പോകുന്നത് വാഴയുടെ വിത്തൊന്നും തന്നെ പിഴുത് മാറ്റുന്നില്ല. ഇതവിടെ നിന്നിട്ട് ഉണ്ടാകുന്ന വാഴക്കുലകൾ ഉണ്ടായാൽ മതി. കാരണം ഈ വാഴവിത്തുകൾ എല്ലാംകൂടി ഒരുമിച്ച് നിൽക്കുമ്പോൾ സ്വാഭാവികമായിട്ടും അതിന്റെ വിളവ് മോശമായിരിക്കും. പക്ഷെ നാലോ - അഞ്ചോ കന്നുകൾ അവിടെ വളർന്ന് വരുമ്പോൾ ഒരു കുലയിൽ നിന്ന് കിട്ടുന്നത് എന്തായാലും ഈ നാല് കന്നുകളിൽ നിന്ന് കിട്ടാതിരിക്കുകയില്ല. പിന്നെ വാഴയെന്നു പറഞ്ഞാൽ വാഴക്കുല മാത്രമല്ല, അതിന്റെ പിണ്ടിയുണ്ട്, ഇലയുണ്ട്. ഒന്നുമില്ലെങ്കിലും ഈ വാഴ വെട്ടിയരിഞ്ഞ് പശുവിനെങ്കിലും കൊടുക്കാം. ഒരുപാട് പ്രയോജനമുള്ള ഒന്നാണ് വാഴ.

അതുപോലെ ആ രണ്ട് വഴുതനങ്ങയിൽ നിന്ന് ഏകദേശം ഇരുന്നൂറ് വഴുതനങ്ങയെങ്കിലും കിട്ടിയിട്ടുണ്ട്. ഇപ്പോഴും വഴുതനങ്ങയുണ്ടാകുന്നുമുണ്ട്. പേരയിൽ നന്നായി കാ പിടിക്കുന്നുണ്ട്. അതുപോലെ ചേന, മരവെണ്ട. പിന്നെ ഇതിന്റെ നടുക്ക് ഞങ്ങൾ ഒരു മീൻകുളമുണ്ടാക്കി. ഈ മീൻകുളം പ്രത്യേക രീതിയിൽ ആണ് പണിതത്. ഇതിന്റെ ഒരു വീഡിയോ നേരത്തേ കാണിച്ചിരുന്നു. അന്നത്തെ ഈ സ്ഥലത്തിന്റെ ഒരു ക്ലിപ്പ് കൂടെ കണ്ട് കഴിഞ്ഞാൽ ഇപ്പോഴുണ്ടായിരിക്കുന്ന വ്യത്യാസം നിങ്ങൾക്ക് കുറച്ചൊക്കെ മനസ്സിലാകും.

ഈ കുളമുണ്ടാക്കിയിട്ട് ഒരു വർഷത്തിൽ താഴെയേയായിട്ടുള്ളൂ. ഇതിൽ ആസാം വാളയും തിലാപ്പിയയും ധാരാളമായിട്ടുണ്ടായി. ഇപ്പോൾ അതിൽ കരിമീനിനെയും കൊണ്ടിട്ടിട്ടുണ്ട്. ധാരാളം മീനുകളുണ്ട്. അതുകൂടാതെ മരവെണ്ട പോലെയുള്ള ദീർഘകാലം വിളവ് തരുന്ന സാധനങ്ങളും ഇതിനിടയ്ക്ക് നിൽപ്പുണ്ട്. അങ്ങേ വശത്ത് മന്ദാരം അടക്കം കുറെ ചെടികളും കുറെ മരുന്ന് ചെടികളും എല്ലാമുണ്ട്. ഇതിൽ നിന്ന് ഞാൻ പറയാനുദ്ദേശിക്കുന്ന കാര്യം നിങ്ങൾ വളരെ കുറച്ച് സ്ഥലമേയുള്ളൂ എന്ന് ആരും വിഷമിക്കേണ്ട കാര്യമില്ല.

ഇപ്പോൾ ഒരു അഞ്ച് സെന്റ് സ്ഥലം മേടിക്കുന്ന ആളും പറ്റുമെങ്കിൽ അതിന്റെ നാല് വശത്തും ചെറിയ തോതിൽ ഒരു മീറ്റർ വീതിയിലെങ്കിലും ഒരു മിയാവാക്കി വനം വച്ചു പിടിപ്പിക്കുകയാണെങ്കിൽ അവിടുത്തെ കാലാവസ്ഥയിൽ കുറെയധികം വ്യത്യാസമുണ്ടാകും. ചൂട് കുറയും. പെയ്യുന്ന വെള്ളം അവിടെ മണ്ണിലേക്ക് താഴും, പരാഗണത്തിനുള്ള പ്രാണികൾ ധാരാളം വരും. അതിന്റെ നടുക്ക് ഒരു വീട് വച്ച് കഴിഞ്ഞാൽ വീടിന്റെ ചൂട് കുറയുകയും ചെയ്യും, അതുപോലെ നിങ്ങളുടെ വീടിനാവശ്യമായ ഭക്ഷണ സാധനങ്ങൾ കിട്ടുകയും ചെയ്യും. കാട് ഒരു മീറ്റർ വച്ച് കഴിഞ്ഞാൽ അതിന്റെ തൊട്ട് പുറത്ത് പപ്പായയോ, വഴുതനയോ, പേരയോ അതിന്റെ പുറത്ത് ഒരു അടുക്കായി വച്ചു പിടിപ്പിക്കാം. വാഴ വെക്കാം.

അപ്പോൾ ഈയൊരു മാതൃക പരീക്ഷിച്ച് നോക്കണം. അതൊന്നു പരീക്ഷിച്ചു നോക്കാനായി ഞങ്ങൾ ഇവിടെയുള്ള വാഴക്കുലകളുടെയും, പച്ചക്കറികളുടെയും ചിത്രങ്ങൾ കാണിക്കുവാണ്. ഇത് കണ്ട് നിങ്ങൾക്കൊരു ആവേശം ഉണ്ടായി പരീക്ഷിക്കാൻ വേണ്ടിയിട്ടാണ്. തീർച്ചയായും പരീക്ഷിച്ച് നോക്കണം. ഈ കുന്നിൻപുറത്ത് ഇത്രയും സാധിക്കുമെങ്കിൽ നല്ല മണ്ണും വളക്കൂറുമുള്ള സ്ഥലങ്ങളിലും സാധിക്കും. ഏത് സ്ഥലത്തെയും നമുക്ക് വളക്കൂറുള്ളതാക്കി മാറ്റാൻ കഴിയും എന്നുള്ളതിന്റെ ഒരു തെളിവ് കൂടിയാണിത്. ഇവിടെ നിൽക്കുന്ന ഈ മരങ്ങളിൽ നിന്നു വീഴുന്ന ഇലയാണ് ഇപ്പോഴത്തെ ഇവിടുത്തെ പ്രധാന വളം. ഈ മണ്ണിന്റെ സ്വഭാവം മാറ്റിയതിൽ ആ ഇലകൾക്കും, മണ്ണിരയ്ക്കും, മറ്റ് സൂക്ഷ്മ ജീവികൾക്കുമെല്ലാം വലിയൊരു പങ്കുണ്ട്. ദയവായി ഇത് എല്ലാവരും പരീക്ഷിച്ച് നോക്കണം.