നാലുവർഷമായി ഞാൻ മിയാവാക്കി മാതൃകയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. പ്രൊഫസർ അകിര മിയാവാക്കി തയ്യാറാക്കിയ ഈ മാതൃക ഇവിടെ പഠിക്കാൻ കൃത്യമായി ഒരു സിലബസോ പാഠപുസ്തകമോ ഒന്നും ഇല്ല. അദ്ദേഹത്തിന്റെ തന്നെ ചില പുസ്തകങ്ങൾ വായിച്ചു നോക്കിയും മറ്റുള്ള ആളുകൾ ചെയ്ത കാര്യങ്ങൾ നെറ്റിൽ കണ്ടുമൊക്കെയാണ് ഞങ്ങൾ ഈ പരീക്ഷണങ്ങൾ നടത്തിയത്. അതിൽ നിന്നും വളരെ അനുകൂലമായ റിസൽട്ട് ഉണ്ടായപ്പോൾ ഞങ്ങളത് തുടരുകയായിരുന്നു. പക്ഷെ എന്താണ് യഥാർത്ഥത്തിൽ ജപ്പാനിൽ ചെയ്തിരിക്കുന്നത് എന്നത് ഒന്നു കണ്ടു മനസ്സിലാക്കണമെന്ന് തോന്നി. അങ്ങനെ ഞങ്ങളൊരു ജപ്പാൻ യാത്ര പ്ലാൻ ചെയ്തു.

ജപ്പാനിൽ ചെല്ലുന്നതുവരെ എനിക്ക് അദ്ദേഹവുമായി ഒരു കോണ്ടാക്റ്റ് കിട്ടിയിരുന്നില്ല. എന്റെ ചില സഹപ്രവർത്തകർ ജപ്പാനിലെ അവരുടെ ചില സുഹൃത്തുക്കൾ വഴി അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചു. അവിടെ ചെന്നപ്പോൾ കിട്ടിയ വിവരം അദ്ദേഹം ഇപ്പോൾ വിശ്രമത്തിലാണ്. അദ്ദേഹത്തിനിപ്പോൾ 92 വയസ്സായി ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് ഒരു നഴ്സിംഗ് ഹോമിൽ വിശ്രമിക്കുകയാണ്. 30 മിനുട്ട് സന്ദർശനത്തിന് അനുവദിക്കാം എന്നെനിക്ക് അറിയിപ്പു കിട്ടി. അങ്ങനെ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. എനിക്ക് ഏറ്റവും കൂടുതൽ കാണണം എന്ന് ആഗ്രഹം ഉള്ള ആളാണ്. ജീവിതകാലം കൊണ്ട് ഒരു മനുഷ്യൻ 4000 വനങ്ങൾ ഉണ്ടാക്കാനും, 4 കോടി മരങ്ങൾ നടാനും കഴിഞ്ഞുവെങ്കിൽ അത് അപൂർവ്വമായിട്ട് മാത്രം സംഭവിക്കുന്ന കാര്യമാണ്. അവിടെ ചെന്നു, നഴ്സിംഗ് ഹോമിൽ ചെന്നപ്പോൾ കൈ കഴുകി വൃത്തിയാക്കിയ ശേഷം വേണം അകത്തേയ്ക്ക് കയറാൻ, അവിടുത്തെ ചെരുപ്പുമൊക്കെ ധരിച്ച്. അങ്ങനെ ഞാൻ കൈ കഴുകി കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് പുറകിൽ നിന്ന് ഹരി സാൻ, മിയാവാക്കി എന്നൊരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കി, നോക്കിയപ്പോൾ അദ്ദേഹത്തെ ഒരു വീൽചെയറിൽ കൊണ്ടുവരികയാണ്.

വളരെ സന്തോഷമായിട്ട് 92 വയസ്സുള്ള, ആരോഗ്യ പ്രശ്നങ്ങളൊന്നും വകവയ്ക്കാതെ ഒരാൾ. അദ്ദേഹം കൈ നീട്ടി. കൈയിൽ വെള്ളമായതു കൊണ്ട് ഞാൻ ഹസ്തദാനത്തിന് ലേശമൊന്നു മടിച്ചു. അതു സാരമാക്കാതെ അദ്ദേഹം കൈ കവർന്നു പിടിച്ചു. തുടർന്ന് ഞങ്ങൾ മൂന്നു മണിക്കൂറോളം വിവിധകാര്യങ്ങൾ സംസാരിച്ചു. അദ്ദേഹത്തിന്റെ ടീമുമായിട്ട് ഇടപഴകാൻ പറ്റി. ഞാൻ അദ്ദേഹത്തോടു ചോദിച്ചു, ലോകത്തോട് എന്തേലും സന്ദേശമുണ്ടോ, ഇത്രയും ചെയ്തതിൽ. പുള്ളി പറഞ്ഞു ഇല്ല, ഞാൻ 4000 വനങ്ങൾ വെച്ചു കഴിഞ്ഞു. നിങ്ങൾ കൂടുതൽ വെക്കുക. എത്ര കൂടുതൽ വെക്കാൻ പറ്റുമോ അത്രയും വെക്കുക. അതല്ലാതെ പ്രത്യേകിച്ചു ഒന്നും പറയാനില്ല എന്നദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേകത 92 ാം വയസ്സിൽ അദ്ദേഹം വീൽചെയറിലിരുന്നു കൊണ്ട് ഏതാണ്ട് 400 ഓളം ആളുകൾ പങ്കെടുത്ത ഒരു വനവത്കരണ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. അവിടെ മരം നടുന്ന ഒരു മഹോത്സവം ഉണ്ട്. അതിന്റെ ഭാഗമായി അദ്ദേഹം അതിലും പങ്കെടുത്തു. വളരെ സജീവമായി തന്നെ അദ്ദേഹം ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതാണ്. അദ്ദേഹത്തിന്റെ വർക്കിംഗ് ടേബിളിൽ നമ്മുടെയൊക്കെ മേശപ്പുറത്തു ഉള്ളതിനേക്കാൾ കൂടുതൽ കടലാസുകളുണ്ട്. ഒരു പ്രോഗ്രാം ഷെഡ്യൂളിൽ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി എഴുതി വെക്കുകയും രേഖപ്പെടുത്തുകയും ഒക്കെ ചെയ്യുന്നതു കണ്ടു. ഇത്രയും സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ പോലെ ഒരു ആൾ ഇപ്പോഴും ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുന്നത് നമുക്കൊരു വലിയ പ്രചോദനമാണ്. നമ്മൾ മരം വയ്ക്കുന്നത് വലിയൊരു കഷ്ടപ്പാടായിട്ട് കാണുമ്പോൾ അദ്ദേഹം വളരെ ആവേശത്തോടെ, സന്തോഷത്തോടെ ആ കാര്യം ചെയ്യുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ടീമംഗങ്ങളുമായും പരിചയപ്പെടാനും എന്താണീ മിയാവാക്കി മെത്തേഡ്, അതിന്റെപ്രത്യേകതകൾ എന്താണ് എന്നുള്ള കാര്യത്തിൽ എനിക്കുണ്ടായിരുന്ന ചില സംശയങ്ങൾ മാറ്റിയെടുക്കാനും കഴിഞ്ഞു. മറക്കാനാവാത്ത അനുഭവമാണ് ആ യാത്ര സമ്മാനിച്ചത്.