സത്യത്തിൽ ഞാനിന്നു പറയാൻ ഉദ്ദേശിച്ചത് മിയാവാക്കി കാട്ടിൽ വച്ച ചെറിയ വീടിനെക്കുറിച്ചാണ്. ഒത്തിരിപ്പേർ അത് കാണണമെന്ന് പറഞ്ഞ് ചോദിച്ചിരുന്നു. ഞാൻ ചെയ്യാമെന്നും പറഞ്ഞിരുന്നു. പക്ഷെ അതിനിടയ്ക്ക് പുതിയ വിവാദം വന്ന് ചാടി. ഈ മിയാവാക്കി കാട് സർക്കാരിന്റെ പണം തട്ടാനുള്ള പരിപാടിയാണെന്ന് പറഞ്ഞ് ഒരു പ്രധാനപ്പെട്ട വാർത്താ ചാനൽ വാർത്ത കൊടുക്കുകയും, മറ്റു ചിലരത് തുടർന്ന് കൊടുക്കുകയും ചെയ്തു. അതിനൊരു വിശദീകരണം ആവശ്യമാണ്. പലരും എന്നോടുതന്നെ വിളിച്ചു ചോദിക്കുകയും നമ്മുടെ ഈ ചാനൽ കാണുന്ന ചിലർ ഇതിൽ തന്നെ എന്താണിതിന്റെ സത്യാവസ്ഥ എന്നു ചോദിച്ചു സന്ദേശം ഇടുകയും ചെയ്തിട്ടുണ്ട്. ഇത് വളരെ സുതാര്യമായി പോകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് അതേപ്പറ്റി മറുപടി പറയാനായി ഇന്നത്തെ ദിവസം മാറ്റിവയ്ക്കുകയാണ്.

ഞാനീ മിയാവാക്കി കാട് വച്ചുതുടങ്ങുന്നത് എന്റെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണ്. കേരളത്തിൽ ഇല്ലാതെയാകുന്ന മരങ്ങൾ വച്ചുപിടിപ്പിക്കുക എന്നത് എന്റെയൊരു സ്വന്തം പ്രോജക്ട് ആയിരുന്നു. അത് ചെയ്ത് വിജയകരമായി വനം വയ്ക്കാൻ മാർഗം തെളിയുന്നത് 12 വർഷം കൊണ്ടാണ്. 12 വർഷത്തിൽ അവസാനത്തെ മൂന്നു വർഷമാണ് ഈ മിയാവാക്കി മാതൃക പരീക്ഷിക്കുന്നത്. അങ്ങനെ 2018ൽ മിയാവാക്കി കേരളത്തിൽ നടപ്പിലാകുമെന്ന് എനിക്കൊരു ഏകദേശ ബോധ്യമായി. 2018 ആദ്യമാണ് ഞാൻ സ്വന്തമായി ഒരു മിയാവാക്കി കാടു വയ്ക്കുന്നത്. അതിന് മുൻപ് 2 -3 കൊല്ലം അതിനെക്കുറിച്ച് നന്നായി പഠിച്ചു.

ആ സമയത്താണ് പ്രളയം വരുന്നത്. പ്രളയം വന്നപ്പോൾ മനസ്സിലായ കാര്യം കേരളം വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേയ്ക്ക് പോകുകയാണ്. നമ്മൾ ഒരു ദിവസം രണ്ടു മീറ്റർ മഴയെന്നു പറയുന്നു. ജപ്പാനിൽ ഒരു ദിവസം രണ്ടു മീറ്റർ മഴയാണ് അതിന് അടുത്ത വർഷം 2019ൽ പെയ്തത്. അത്രയും മഴയത്ത് ഒരു സ്ഥലത്തിനും പിടിച്ചു നില്ക്കാൻ പറ്റില്ല. ഉത്തരാഖണ്ഡിലും ഇതുതന്നെയാണ് സംഭവിച്ചത്. ഈ വലിയ മഴ, അതിവൃഷ്ടി എന്നു നമ്മൾ പറയുന്നത് കേരളത്തിൽ സംഭവിക്കുകയും 12 ജില്ലകളും മുങ്ങിപ്പോകുന്ന അവസ്ഥയും വന്നു.

ഇങ്ങനെ മുങ്ങുന്ന സമയത്ത്, പാരിസ്ഥിതക ദുരന്തങ്ങളിൽ ചെറുതായിട്ട് ഒരു സംരക്ഷണം കൊടുക്കാൻ പറ്റുന്ന, അതായത് അപകടത്തെ താമസിപ്പിക്കാനെങ്കിലും പറ്റുന്ന സംഗതിയാണ് ഈ മിയാവാക്കി വനങ്ങൾ എന്നെനിക്ക് ബോധ്യമായത് കൊണ്ട് മിയാവാക്കി വനങ്ങൾ പ്രചരിപ്പിക്കാൻ ഞാൻ എന്റെ സ്ഥാപനത്തിന്റെ ഡറക്ടർമാരും മറ്റുള്ളവരുമായിട്ട് സംസാരിച്ച് അങ്ങനെയാണ് ഞങ്ങളിതിലേയ്ക്ക് വരുന്നത്.

ആദ്യം ചെയ്തത് ക്രൗഡ് ഫോറസ്റ്റിങ്ങ് എന്നൊരു വെബ്സൈറ്റ് തുടങ്ങുകയാണ്. ക്രൗഡ് ഫോറസ്റ്റിങ്ങ് എന്ന ഡൊമൈൻ പോലും രജിസ്റ്റർ ചെയ്യുന്നത് ഈ പ്രളയത്തിന് ശേഷമാണെന്നാണ് എന്റെ ഓർമ്മ. എന്തായാലും ചെയ്തു, ഞങ്ങളൊരു സൈറ്റ് ഉണ്ടാക്കി, സൈറ്റിലൂടെ ഇത് എങ്ങനെ ചെയ്യണം, എന്തൊക്കെയാണ് ഇതിന്റെ കാര്യങ്ങൾ എന്നുള്ളത് പ്രസിദ്ധീകരിക്കാം എന്നുള്ളതായിരുന്നു ഉദ്ദേശം. അത് ഞങ്ങൾ വളരെ സുതാര്യമായി ചെയ്തുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ഈ വിവാദം വന്നത്. വിവാദങ്ങൾ ഒഴിവാക്കാനായി ചെയ്യുന്ന എല്ലാ കാടുകളെയും ആദ്യം മുതൽ അവസാനം വരെ വീഡിയോയിൽ ഷൂട്ട് ചെയ്യുന്നുണ്ട്. എന്താണിതിന്റെ സത്യാവസ്ഥ എന്നു ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി. എന്താണിതിന്റെ ചെലവ് എന്നു മനസ്സിലാക്കാൻ വേണ്ടി. കാരണം ഇത് കേരളത്തിൽ നടപ്പിലാകണം എന്നത് ഞങ്ങളുടെ ആഗ്രഹമാണ്. ഞങ്ങളുടെ മാത്രമല്ല, ഒരുപാട് പേര് ആത്മാർത്ഥമായി ഇതിന് വേണ്ടി ശ്രമിക്കുന്നുണ്ട്. അവരുടെയെല്ലാം പ്രതീക്ഷയെ നമ്മൾ തകർക്കാൻ പാടില്ല. അതിന് വേണ്ടിയിട്ടാണ് ഇതിന്റെയെല്ലാം പ്രോസ്സസ്സ് ഞങ്ങൾ ഡോക്കുമെന്റ് ചെയ്ത് വയ്ക്കുന്നത്.

ആദ്യം നിങ്ങളോടൊരു അഭ്യർത്ഥനയാണുള്ളത്. ഈ വീഡിയോ പരമാവധി ഷെയർ ചെയ്യണം. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാൻ വേറെ മാർഗമൊന്നും ഞങ്ങൾക്കില്ല. എങ്ങനെയാണ് ഈ കാട് വയ്ക്കുന്നത്, എന്താണിതിന്റെ ചെലവ്, ഇതിനകത്ത് തട്ടിപ്പും വെട്ടിപ്പുമാണോ, ഈ പറഞ്ഞ വാർത്തയുടെ എത്ര ശതമാനം സത്യമാണ്. ഇതിന്റെയൊക്കെ സത്യം അറിയിക്കാൻ, ഇപ്പോൾ മിയാവാക്കി മാതൃകയെ കുറിച്ച് വിശദമാക്കാൻ ഈ ചാനൽ അല്ലാതെ ഞങ്ങൾക്ക് വേറെ സോഴ്സ് ഇല്ല. അതുകൊണ്ട് ഇത് കഴിയുന്നത്ര ആളുകളിലേക്ക് ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും അഭ്യർത്ഥിക്കുന്നു.

ഇതെനിക്കും നിങ്ങൾക്കും മാത്രമല്ല, കേരളത്തിൽ നാളെ മിയാവാക്കി പ്രസ്ഥാനം വലിയൊരു മൂവ്മെന്റ് ആയി വരാനിത് ആവശ്യമാണ്. അത് വരണോ വേണ്ടയോ എന്ന് നമ്മൾക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ എന്ത് ചെയ്യണം എന്നതിൽ ആശങ്കാകുലരായ ആളുകളാണ് ഇത് കാണുന്നത്. അതവിടെ നിൽക്കട്ടെ, ഞാൻ ശംഖുമുഖം ബീച്ചിൽ സർക്കാരിന് വേണ്ടി മിയാവാക്കി കാട് ചെയ്തിരിക്കുന്നത് നിങ്ങൾക്ക് കാണിച്ചു തരാം. അപ്പോൾ നിങ്ങൾക്കിതിന്റെ ചിലവിനെക്കുറിച്ച് ഒരു ധാരണ വരും അതിന് ശേഷം ഞാൻ മറ്റു കാര്യങ്ങളിലേയ്ക്ക് വരാം.

ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന പ്രോസ്സസ് കൂടികാണിക്കാം. ഞാനീ ഇരിക്കുന്ന കടൽത്തീരത്ത് ഒരുമാസം മുൻപ് വരെ ഒരു മാലിന്യക്കൂമ്പാരമാണ് ഉണ്ടായിരുന്നത്. ഇവിടെ നിന്നും 20 ലോഡ് മാലിന്യമാണ് ഞങ്ങൾ മാറ്റിയത്. അത് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. മൂന്ന് ജെസിബിയും, രണ്ട് ടിപ്പർ ലോറിയും ഉപയോഗിച്ച മൂന്നോ നാലോ ദിവസം തുടർച്ചയായി -നാല് ആയെന്നാണ് എന്റെ ഓർമ്മ- മാറ്റിയശേഷം ഇവിടെയുള്ള കല്ലും കട്ടയും - മാനുവൽ ലേബേഴ്സ് - കായികമായി ജോലിചെയ്യുന്ന ആളുകളെ വെച്ച് മുഴുവൻ പെറുക്കി മാറ്റി. ശേഷം ഈ മണ്ണിൽ നിറച്ചിരിക്കുന്നത് 15 ടൺ ആട്ടിൻകാട്ടമാണ്, തമിഴ്നാട്ടിൽ നിന്നാണത് കൊണ്ടുവന്നത്. പത്തരടൺ ചകിരിച്ചോര്, ആറ് ടൺ ഉമി, ഇത്രയും സാധനങ്ങളാണ് ഇവിടെ കൊണ്ടു വന്നത്, അതിവിടെ അടുക്കിവച്ചിരിക്കുന്ന ദൃശ്യങ്ങൾ ഞങ്ങൾ എടുത്തിരുന്നു, ആ ദൃശ്യങ്ങളാണ് നിങ്ങളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.

ഇത്രയും ചാക്ക് സാധനങ്ങൾ ഇവിടെ കൊണ്ടുവന്നിറക്കിയതിന് വലിയൊരു ഇറക്കുകൂലി വന്നു. ഇതിൽ വലിയൊരു തമാശ ഉമി ആണ്. ഉമിക്ക് നാലോ അഞ്ചോ രൂപയാണ് വില വരുന്നത്. പക്ഷെ ഉമി ലോറിയിൽ കയറ്റാൻ ഒരു വില വരും മൂന്നു ടൺ ഉമിയാണ് സാധാരണ ഒരു ലോറിയിൽ കയറുന്നത്. അങ്കമാലി, ആലപ്പുഴ അല്ലെങ്കിൽ എറണാകുളം ഭാഗത്തു നിന്നൊക്കെയാണ് ഈ ഉമി വരേണ്ടത്. അത് തിരുവനന്തപുരത്ത് എത്തുമ്പോൾ പതിനായിരം രൂപയിൽ കുറയാതെ ലോറിക്കൂലിയാകും. അപ്പോൾ ഒരു കിലോ ഉമിക്ക് 3 രൂപ ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് വരും, അതിന്റെ ഇറക്കുകൂലി ഒരു ചാക്കിന് 20 രൂപയാണ്. ഒരു ചാക്കിൽ പരമാവധി കൊള്ളുന്ന ഉമി 10 കിലോ ആണ്, പത്തു കിലോ പോലും പലപ്പോഴും കൊള്ളാറില്ല. ചാക്കിൽ വരുന്ന ഐറ്റം ആയതുകൊണ്ട് നമുക്ക് ഇറക്കാൻ പറ്റുന്ന സ്ഥലത്ത് നമ്മൾ തന്നെ ഇറക്കും, അല്ലാത്തിടത്ത് അവർ ഇറക്കും. കേരളത്തിൽ എല്ലായിടത്തും, തിരുവനന്തപുരത്തു മാത്രമല്ല, കാസർകോഡു വരെ ഇതേ റേറ്റിൽ നമ്മൾ ചെയ്യേണ്ടതാണ്.

ഇത് പത്തു സെന്റാണ്, ഒരു സെന്റ് എന്നുപറയുന്നത് 40 സ്ക്വയർ മീറ്ററാണ്. 400 സ്ക്വയർ മീറ്ററിൽ നമ്മൾ 75 കിലോ ആട്ടിൻകാട്ടവും ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്ത് ഇട്ടുകഴിഞ്ഞു. ശരിക്കും ഞങ്ങളുടെ കോൺട്രാക്റ്റ് പ്രകാരം 60 കിലോ ഇട്ടാൽ മതി, പക്ഷെ ഇത് ബീച്ചായത് കൊണ്ട് പതിനഞ്ച് കിലോ കൂടെ ഇടുകയാണ്. അതുപോലെ നിങ്ങൾക്കു കാണാം ഇതിന് ചുറ്റും കല്ലുകെട്ടിയിരിക്കുകയാണ്. ഏതാണ്ട് നാല് സിമന്റ് ഇഷ്ടിക പൊക്കത്തിലാണ്, പലയിടത്തും മൂന്നെണ്ണം മണ്ണിന് മുകളിലും ഒന്ന് താഴെയും അങ്ങനെ നാലു സിമന്റ് ഇഷ്ടികയുടെ പൊക്കത്തിലാണ് ഇവിടെ കെട്ടിയിരിക്കുന്നത്. ഇത്രയും ഇത് ചുറ്റോടുചുറ്റും കെട്ടാൻ എത്ര ചെലവ് വരുമെന്ന് നിങ്ങൾ ആലോചിക്കുക. ഇതിനകത്ത് സ്റ്റീൽപൈപ്പുകളാണ് ചുറ്റും കൊടുത്തിരിക്കുന്നത്. ശേഷം ആ സ്റ്റീൽപൈപ്പിൽ ഫെൻസിങ്ങ് കൊടുത്തിരിക്കുകയാണ്. ഇതിന് നിങ്ങൾക്ക് കാണാമോ എന്ന് അറിയില്ല, കമ്പി വച്ച് കെട്ടി വച്ചിരിക്കുകയാണ്. അതായത് കുറുകെ കമ്പി കൊടുത്തിരിക്കുകയാണ്. ഇത് ചെടികൾ മുകളിലോട്ട് വളർന്നു വരുമ്പോ മറിഞ്ഞു വീഴാതെ കമ്പിക്കിടയിലൂടെ മൂകളിലോട്ടു പോകാനാണ്. അതിന്റെ മുകളിൽ ഒരു ഗ്രീൻ നെറ്റ് ഇട്ടിരിക്കുകയാണ്. ഹുമിഡിറ്റി ചേംബറിനു തുല്യമായി മാറ്റാനാണ് ഈ ഗ്രീൻ നെറ്റ് ഇട്ടിരിക്കുന്നത്. കാരണം കടൽപ്പുറത്തെ ചൂട്, ഇവിടെയെല്ലാം കോൺക്രീറ്റ് ഇട്ടു കൊണ്ടിരിക്കുകയാണ്, അത് കൂടാതെ ഇവിടെ മുഴവൻ മണലാണ്, ഈ മണലിൽ ചൂട് പിടിച്ചുകഴിഞ്ഞാൽ ഇത് വാടിപ്പോകും വളരില്ല. ചെടികൾ ശക്തിയായി വളരണമെങ്കിൽ വേരുപിടിച്ച് ശക്തിയായി സ്വന്തം കാലിൽ നിൽക്കാറാകുന്നതു വരെ വലിയ വേനൽക്കാലം കഴിയുന്നതുവരെ അതിന് സംരക്ഷണം കൊടുക്കണം. അതിന് ഈ 400 സ്ക്വയർ മീറ്ററിലും നമ്മൾ നെറ്റ് ഇട്ടിരിക്കുകയാണ്. ഏതാണ്ട 4 റോൾ നെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൂടാതെ ഇവിടൊരു മൈക്രോഡ്രിപ്പ് ഇറിഗേഷൻ കൊണ്ടുവന്നിട്ടുണ്ട്. അതിവിടെ ഉണ്ടായിരുന്ന കിണർ ഞങ്ങൾ ശുദ്ധീകരിച്ച് അതിൽ സ്വന്തമായി ഒരു പമ്പു വച്ച് , അവിടെ നിന്ന് മൈക്രോ ഡ്രിപ്പ് ഇറിഗേഷനുള്ള ട്യൂബുകളും കൊടുത്തിരിക്കുകയാണ്.

ഇതിലെ രസകരമായ ഭാഗം ഈ പറയുന്ന ഫെൻസിങ്ങോ നെറ്റോ, മൈക്രോഡ്രിപ്പ് ഇറിഗേഷനോ കല്ലുകെട്ടലോ ഒന്നും ടെൻഡർ വിളിച്ചസമയത്ത് സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങളല്ല, ഞങ്ങളത് സ്വമേധയാ കൂട്ടിച്ചേർത്തതാണ്. ഞങ്ങളത് എന്തുകൊണ്ട് കൂട്ടിച്ചേർത്തു എന്നുചോദിച്ചാൽ കൈയ്യിലധികം പൈസയുള്ളതു കൊണ്ടല്ല. ഇതുപോലുള്ള ഒരു പൊതുസ്ഥലത്ത് ഈ പദ്ധതി വിജയക്കണമെങ്കിൽ ഇത്രയും ചെയ്യേണ്ടതാവശ്യമാണ്. ടെൻഡറിന്റെ തുകയ്ക്കകത്തുനിന്ന് കൊണ്ടുതന്നെ ഇത് ചെയ്യാനായി ഞങ്ങൾ ചെയ്തത്, ഇൻവിസ് മൾട്ടീമീഡിയയുടെ ജീവനക്കാരെ തന്നെ വോളന്റിയർമാർ ആക്കിക്കൊണ്ടാണ്.

നിങ്ങൾക്കു കാണാം, ഏകദേശം നാൽപതോളം ആളുകൾ ജോലി ചെയ്യുന്ന ദൃശ്യമാണിത്. ഈ ആളുകൾ യഥാർത്ഥത്തിൽ കർഷകത്തൊഴിലാളികളോ ഇങ്ങനെത്തെ ജോലി ചെയ്യുന്നവരോ അല്ല, ഇൻവിസിന്റെ ജീവനക്കാരാണ്, ഇവർക്ക് ഇതിൽ പരിശീലനം കിട്ടിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരായിട്ട് അവർ പരിശീലനം നേടിയതാണ്. ഇതിൽ കലാകാരന്മാരുണ്ട്, ചിത്രകാരന്മാരുണ്ട്, എഴുത്തുകാരുണ്ട്, പാട്ടുകാരുണ്ട്, എംബിഎക്കാരുണ്ട്, പിഎച്ച്ഡിക്കാരുണ്ട്- വിവിധ മേഖലയിൽ നിന്നുള്ളവരാണ്. ഞങ്ങളുടെ പ്രൊഫഷണൽ മേഖലയിൽ നിന്നുള്ള സോഫ്റ്റ് വെയർ എൻജിനീയേഴ്സ്, വീഡിയോ എഡിറ്റർമാർ എല്ലാവരുമുണ്ട്. ഇവരെല്ലാം ചേർന്ന് ഇത് ചെയ്യുന്നത് ഒരു സേവനം എന്ന നിലയ്ക്കാണ്. അവരെല്ലാം ചേർന്നിത് ചെയ്യുമ്പോൾ മാൻപവറിൽ വലിയൊരു തുക ലാഭിക്കുകയാണ്. ഏകദേശം 40000 രൂപ 40 പേർ ജോലി ചെയ്യുമ്പോൾ കൊടുക്കേണ്ടി വരും. ആ തുക ലാഭിക്കുകയാണ്. ആ തുക ഉപയോഗിച്ചാണ് ഇവിടെ ഫെൻസിങ്ങും മറ്റും ചെയ്യുന്നത്.

ഇത്രയും വിശദമായി പറഞ്ഞതെന്താന്നു വച്ചാൽ ഒരു പദ്ധതി നടപ്പിലാക്കാനായി നമ്മൾ ഒരു സന്നദ്ധ പ്രവർത്തനമായി ചെയ്യുമ്പോൾ അതിനെക്കുറിച്ച് മനസ്സിലാക്കാതെ വാർത്ത എഴുതുമ്പോൾ സംഭവിക്കുന്നത് ആളുകൾ ഇത് വേറൊരു തട്ടിപ്പ് എന്നുപറഞ്ഞ് ഉപേക്ഷിച്ച് പോകും. കേരളത്തെ സംബന്ധിച്ച് മിയാവാക്കി വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. നമ്മളത് ഉപേക്ഷിക്കാൻ പാടുള്ളതല്ല. ഒരു കാര്യം വിട്ടു പോയത് പറയാം. പലപ്പോഴും നമ്മുടെ പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ചെടികൾ നടുന്നതെന്ന്. മൂന്നു കൂട് ചെടികൾ കാണിക്കാം. 30 രൂപയ്ക്ക് തൈ തരുന്ന കൂടാണത്. അതിന്റെ ഇരട്ടിയ്ക്ക് 80 രൂപയ്ക്ക് , 65 രൂപയ്ക്ക് പല നഴ്സറികളിലും ചെടികള് കൊടുക്കുന്ന കൂടാണിത്. രണ്ടു കൂട്ടിലും കൂടി പരമാവധി 1 കിലോ പ്രോട്ടീൻ മിക്സ്ച്ചർ അഥവാ നടീൽ മിശ്രിതമാണത്. ഞങ്ങൾ പ്രത്യേകം തയ്യാറാക്കിയ കൂടാണിത്. ഒരടിയിലധികം പൊക്കമുള്ള കൂടാണിത്. അതിൽ 3 കിലോ പ്രോട്ടീൻ മിക്സ്ച്ചർ കൊള്ളും. 3 കിലോ പ്രോട്ടീൻ മിക്സച്ചർ നിറച്ച് അതിലാണ് ഈ ചെടികൾ വളർത്തുന്നത്.

മൂന്നു കിലോ പ്രോട്ടീൻ മിക്സ്ച്ചറിന് ചെലവ് ശരാശരി 20 രൂപ മുതൽ 25 രൂപ വരെയാണ്. ഈ കൂടിന് 10 രൂപ വിലയുണ്ട്. ഒരു കൂടിന് 60 രൂപ മുതൽ 80 രൂപ വരെയുള്ള ലേബർ ചാർജ് ഉൾപ്പെടെ, അത് നിറച്ച് അതിൽ 25 -30 രൂപയ്ക്ക് ഒരു തൈ കിട്ടി വച്ചാൽ ഏതാണ്ട് 130-140 രൂപ ഒരു തൈ ആ കൂട്ടിൽ വയ്ക്കുമ്പോൾ ചെലവായി കഴിയും. ഇതിന് ഇറക്കുകൂലിയും കയറ്റുകൂലിയും ഉണ്ട്. കേരളത്തിൽ നാലു നഴ്സറികൾ ഇങ്ങനെ നടത്തുന്നുണ്ട്. തിരുവനന്തപുരത്തുണ്ട്, ആലപ്പുഴ, അങ്കമാലി, കണ്ണൂരത്തേത് പൂട്ടിപ്പോയി. പിന്നെ മലപ്പുറം പൊന്നാനിയ്ക്കടുത്തും ഒരു നഴ്സറി ഉണ്ട്. ഈ സ്ഥലങ്ങളിൽ നിന്നുവേണം ഇത് മറ്റുസ്ഥലങ്ങളിലേക്കു പോകാൻ.

വേറൊരു കാര്യം നേരത്തെ ഞാൻ ഒരു കണക്കുപറഞ്ഞു 75 രൂപ ഇട്ടാണ് ഇവിടെ ഞങ്ങൾ മിശ്രിതം നിറച്ചതെന്ന്. ഓരോ ചെടിയുടെ ചുവട്ടിലും 3 കിലോ മിശ്രിതമാണ്. അതിൽ അരക്കിലോ ചെടി വലിച്ചെടുക്കുമെന്ന് വിചാരിക്കാം. ബാക്കി മണ്ണിൽതന്നെ ചേർക്കുകയാണ്. 1600 ചെടിയാണ് ഇവിടെ നട്ടിരിക്കുന്നത്. 1600 ചെടി നടുമ്പോൾ വീണ്ടും 3000-3500 കിലോ, മൂന്ന് മൂന്നര ടൺ നടീൽ മിശ്രിതം ഈ മണ്ണിൽ ചേർക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങൾ നടുന്ന മിയാവാക്കി വനങ്ങൾ 6 മാസം കൊണ്ട് അഞ്ചോ ആറോ അടി പൊങ്ങുന്നതും ഒരു വർഷം കൊണ്ട് 9 അടിയോ മൂന്നു മീറ്ററിനോ മുകളിലേക്കു പോകുന്നതും.

സാധാരണ പൊതു സ്ഥലങ്ങളിൽ ചെടി വയ്ക്കുമ്പോൾ എന്താ ചെയ്യുന്നത്? ഒരു കുഴിയെടുത്ത് അവിടെ കുറെ വളമിട്ട് ചെടി നട്ട് കഴിഞ്ഞാൽ അടുത്ത വർഷം പരിസ്ഥിതി ദിനം വരെ നമ്മളങ്ങോട്ടു തിരിഞ്ഞു നോക്കാറുകൂടിയില്ല. ഇതു ഞങ്ങളെല്ലാ ദിവസവും വെള്ളം ഒഴിച്ച്, പരിപാലിച്ച് വളർത്തി ഇതിനെ കമ്പു നാട്ടി വളർത്തി കെട്ടി മുകളിലേയ്ക്കു കൊണ്ടു വരുന്നതു കൊണ്ടാണ് ഈ ചെടി നിൽക്കുന്നത്. ഇതിന്റെ ചെലവ് എന്താണെന്നുള്ളത് നിങ്ങൾക്കിപ്പോൾ ബോധ്യമായിക്കാണും.

ഇനി അടുത്ത വിഷയത്തിലേയ്ക്ക് വരാം. ഈ പദ്ധതി വിജയിപ്പിച്ചത് സത്യത്തിൽ കേരളത്തിലെ മാധ്യമങ്ങൾ തന്നെയാണ്. ഇതിനെക്കുറിച്ച് ആദ്യം എഴുതുന്നത് മനോരമയിലെ വിനീത ഗോപി എന്ന ലേഖികയാണ്. അവർ യാദൃശിചകമായിട്ട് ഇതിന്റെ വാട്ട്സാപ്പ് ചിത്രം കണ്ടിട്ട് എനിക്കിതിനെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കാനാകുമോ എന്നു ചോദിച്ച് ഒരു സന്ദേശം അയച്ചു. ഞാൻ പറഞ്ഞു തീർച്ചയായും മാഡം പക്ഷെ നിങ്ങൾക്ക് കുന്നിന്റെ മുകളിൽ കയറാൻ പാടായിരിക്കും, ഇത് പുളിയറക്കോണത്ത് കുന്നിന്റെ മുകളിലാണ് ഉയർന്ന സ്ഥലത്താണ് കാട് വച്ചിരിക്കുന്നത്. അതൊന്നും സാരമില്ല, ഞാൻ വന്നോളാം എന്നുപറഞ്ഞ് അവർ വന്നു മനോരമയുടെ സൺഡേ സപ്ലിമെന്റിൽ തന്നെ ഒരു ലേഖനമെഴുതി.

മനോരമയുടെ സൺഡേ സപ്ലിമെന്റിൽ വരുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. അവരെന്തോ ചെറിയ വാർത്തയായി കൊടുക്കുമെന്നാണ് വിചാരിച്ചത്, സൺഡേ സപ്ലിമെന്റിൽ വന്നതോടെ മിയാവാക്കി എന്ന വാക്കും എന്താണ് മിയാവാക്കി എന്നതും ജനങ്ങളിലേയ്ക്ക് എത്തി. പിന്നെ തുടരെത്തുടരെ ഒരുപാട് മാധ്യമങ്ങളെഴുതി. മനോരമയിലെ തന്നെ സജികുമാർ കനകക്കുന്നിലെ പ്രേസ്സസ് മൊത്തം കണ്ട് ബോധ്യപ്പെട്ട് എഴുതി. എല്ലാദിവസവും അദ്ദേഹം അത് കാണുന്നുണ്ടായിരുന്നു. രാജേഷ് എന്നയാൾ ഒരു വർഷം കഴിഞ്ഞിട്ടുള്ള ഇതിന്റെ വളർച്ചയെക്കുറിച്ച് എഴുതി. ദേശാഭിമാനിയിലെ ഗിരീഷ് എന്ന ലേഖകൻ ഇവിടെ വന്നുകണ്ടിട്ട് എഴുതി. മാതൃഭൂമിയിലെ പല സ്ഥലത്തുള്ള ലേഖകൻമാർ ഇതിനെക്കുറിച്ച് എഴുതി. മാധ്യമം, ജന്മഭൂമി, ഇന്ത്യൻ എക്സപ്രസ്സ് ഇവരൊക്കെ എഴുതി. ഇന്ത്യൻ എക്സ്പ്രസ്സിലെ രണ്ടു ലേഖികമാർ ലേഖനം എഴുതാൻ വന്നിട്ട് പിന്നീട് ചെടി കുഴിച്ചു വയ്ക്കുന്നതിൽ പങ്കുചേർന്നു. ഹിന്ദു എഴുതി. ഹിന്ദുവിന്റെ ബിസിനിസ്സ് കറസ്പോൺണ്ടന്റ് വിൻസന്റ് കുര്യൻ, ഹിന്ദുവിൽ മാത്രമല്ല, ബിസിനെസ്സ് ലൈനിലും സ്റ്റോറി വന്നു. അദ്ദേഹം പുളിയറക്കോണം മുഴുവൻ നടന്നു കണ്ടു. അദ്ദേഹമൊരു പരിസ്ഥിതിവാദി കൂടി ആണ്. ചാനലുകളിൽ മീഡിയവൺ, 24 അവേഴ്സ് ന്യൂസ് ചാനൽ അങ്ങനെ ഒരുപാട് ചാനലുകൾ - ബെറ്റർ ഇന്ത്യ, ന്യൂസ് മിനിട്ട്, ചാനലുകളുടെ പേരൊക്കെ ഞാൻ മറന്നു പോയി. ഇവരൊക്കെ വന്നിട്ട്, അവിടെ കുന്നുകയറി. അവർക്കതിന്റെ ബുദ്ധിമുട്ടും മനസ്സിലായി.

ഈ പരിപാടി കാണുന്ന പലരും ചോദിച്ചിട്ടുണ്ട്. ചോദിച്ച എല്ലാരോടും വരാൻ ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പലരും വന്നു കണ്ടിട്ടുണ്ട്. അത്രയും പ്രയാസപ്പെട്ട് ഈ പത്രലേഖകർ വന്ന് കണ്ടിട്ട് എഴുതിയ സ്റ്റോറി, ആ സ്റ്റോറിയുടെ ബലത്തിലാണ് കേരളത്തിൽ മിയാവാക്കിക്ക് ഇത്ര ബലം കിട്ടിയത്. നിർഭാഗ്യവശാൽ ഇതിനെതിരെ ലേഖനം എഴുതിയ ആൾ സ്ഥലത്ത് വന്നിട്ടില്ല. അവരുടെ ഓഫീസിൽ നിന്നും 2 കിലോമീറ്ററേ ഉള്ളൂ ഈ സ്ഥലത്തേയ്ക്ക്. എനിക്കവരെക്കുറിച്ച് പരാതിയില്ല, ചിലർ കാര്യങ്ങൾ കണ്ട് മനസ്സിലാക്കാൻ ശ്രമിക്കും. വനിത മാസികയുടെ കറസ്പോൺഡന്റ് ടെന്സി എന്നോ മറ്റോ ആണ് അവരുടെ പേര്. അവർ കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് വന്ന്, ഒരു ദിവസം മുഴുവൻ കണ്ടിട്ടാണ് ഇതേക്കുറിച്ച് എഴുതിയത്.

ഇതിനെക്കാണാതെ ഇതൊരു തട്ടിപ്പാണെന്ന് വളരെ ഗംഭീരമായി വലിയൊരു വാർത്ത കൊടുക്കാനായതിന്റെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല. ഇതെക്കുറിച്ച് കാണാതെയും മനസ്സിലാക്കാതെയും എന്താണെന്ന് പഠിക്കാതെയും എങ്ങനെ ഒരാൾക്കത് ചെയ്യാൻ പറ്റുന്നു എന്നെനിക്ക് മനസ്സിലാകുന്നില്ല. ഈ വാർത്തയിൽ വന്ന രണ്ടുമൂന്ന് ആരോപണങ്ങൾക്ക് കൂടി മറുപടി നൽകിക്കൊണ്ട് ഞാനിത് അവസാനിപ്പിക്കാം, വീണ്ടും നിങ്ങളോട് പറയുകയാണ്, ഇത് ഷെയർ ചെയ്യാൻ മറക്കരുത്, ഇത് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ഞങ്ങൾക്കിതേ ഉള്ളൂ മാർഗം.

പിന്നെ ഇതിൽപ്പറഞ്ഞ ഒരു കാര്യം ഒരു സെന്റിന് മൂന്നു ലക്ഷം രൂപ ഞങ്ങൾ വാങ്ങുന്നു എന്നാണ്. നിങ്ങളീ കാണുന്നത് ഇതിന്റെ കരാറാണ്. ഇവർ പറഞ്ഞതിൽ ഒരു പ്രധാനപ്പെട്ട ആരോപണം ഞങ്ങൾ മിയാവാക്കി വനം വയ്ക്കാൻ 1 സെന്റിന് 3 ലക്ഷം രൂപ വാങ്ങിയ്ക്കുന്നുവെന്നാണ്. നിങ്ങൾക്ക് കാണാവുന്ന തരത്തിൽ ഇത് സ്ക്രീനിൽ കാണിക്കാം. യഥാർത്ഥത്തിൽ ഇവിടെ പറഞ്ഞിരിക്കുന്ന റേറ്റ് 1000 സ്ക്വയർ ഫീറ്റിന് മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ്. 1000 സ്ക്വയർഫീറ്റ് എന്നു പറഞ്ഞാൽ ഏകദേശം രണ്ടിനും രണ്ടേകാൽ സെന്റിനും ഇടയിൽ വരും. 435 സ്ക്വയർഫീറ്റാണ് ഒരു സെന്റ് അപ്പോൾ നേരെ പകുതിയാണ് ഈ പറഞ്ഞിരിക്കുന്നത്. അതായത് 390000 രൂപ എന്നു പറയുന്നത് രണ്ടേകാൽ സെന്റിന് മുകളിലാണ് വരുന്നത്. അപ്പോ ഒരു സെന്റിന് ഏകദേശം 160000 രൂപയാണ് കഷ്ടിച്ചു വരുന്നത്.

ഈ പറയുന്ന സാധനങ്ങൾക്കെല്ലാംകൂടി, ഇരുമ്പും സിമന്റും പൈപ്പും കല്ലും എല്ലാം ഒഴിവാക്കി ബാക്കി കാര്യങ്ങൾക്കു മാത്രം ഇത്രയും പറഞ്ഞതിൽ കണക്കുകൂട്ടി നോക്കുക, അല്ലെങ്കിൽ നിങ്ങൾ സ്വയം ചെയ്ത് നോക്കുക. ലേബർ ചാർജ്ജ് അടക്കം നിങ്ങൾക്ക് അത്രയും ചാർജ്ജ് ആകും. വീണ്ടും 1000 സ്ക്വയർഫീറ്റ് മെയിന്റയിൻ ചെയ്യുന്നതിന് ഒരു റേറ്റുണ്ട്. അത് 120 രൂപയാണ് 1 സ്വയർഫീറ്റിന്. ഒരു വർഷം ഇത് നോക്കി നടത്തുന്നതിന് ഇതിന് വെള്ളം ഒഴിക്കുന്നതിന് വെട്ടുന്നതിനും നിലനിർത്തുന്നതിനും മൾച്ചിംഗിന് ഒക്കെയായി. ഇനി ഇതിന്റെ ചുവട്ടിൽ ഒരു പ്രോസ്സസിംഗ് കൂടി നടത്തിയാലേ പറ്റൂ. ഇതിന്റെ ചുവട്ടിൽ മുഴുവൻ ഇലകളിട്ടു മൂടണം. കരിയിലയും ഉമിയും ചകിരിച്ചോറും ഇട്ടാണ് മൂടിയിരിക്കുന്നത്. ഇതിന്റെ മുകളിൽ ഇനി വൈക്കോലോ കരിയിലയോ ഇട്ട് മൂടണം. അത് ഞങ്ങള് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്രയും ചെയ്തിട്ട് ഇത് ഇടയ്ക്കിടെ ചെയ്യേണ്ടി വരും. ഇതിന് നമുക്ക് ഒരു വർഷത്തേയ്ക്ക് കിട്ടുന്നത് ഒരു സെന്റിന് 60000 രൂപയാണ്. ഒരു മാസം അയ്യായിരം രൂപ ഒരു സ്ഥലത്തിന്.

രണ്ടാമത് രണ്ടു വർഷത്തേയ്ക്കാണ് മെയിന്റനൻസ്. മൊത്തത്തിൽ ഈ മൂന്നു ലക്ഷം രൂപ എന്നു പറയുന്നത് ഒരു വർഷം ഈ ചെടികൾ നട്ടുവളർത്തുന്നതിനും നോക്കി വളർത്തുന്നതിനും അടുത്ത രണ്ടു വർഷം അത് മെയിന്റനൻസ് നടത്തുന്നതിനും കൂടിയാണ്. ഒരു വർഷത്തേയ്ക്ക് മൂന്ന് ലക്ഷം രൂപ എന്നു പറയുമ്പോൾ എല്ലാ പ്രോഗ്രാമിലും പറഞ്ഞിട്ടുണ്ട്. ഒരു സ്ക്വയർഫീറ്റിന് 370 രൂപ മുതൽ 390 രൂപ വരെയാണെന്ന്. അപ്പോൾ അതിന്റെ ഇരട്ടിയുള്ള തുക കേൾക്കുമ്പോ നിങ്ങൾക്ക് സംശയം ഉണ്ടാകുന്നത് അത്ഭുതമുള്ള കാര്യമല്ല. അതുകൊണ്ടാണ് ഞാനീ വിശദീകരണത്തിനു വന്നത്. മെയിന്റനൻസ് എന്നു പറഞ്ഞാൽ ചെടിക്ക് വെള്ളം ഒഴിക്കലും ചെടിയെ നിലനിർത്തലുമെല്ലാം വലിയ ഒരു പ്രോസ്സസ്സാണ്. അത് പൂർണ്ണമായും ഒരു വർഷം ചെയ്തുകൊണ്ടിരിക്കണം. ഇതിനിടയ്ക്ക് ഈ ചെടികൾ ഉണങ്ങിപ്പോകും. ഇതിൽ ഒരു 10 ശതമാനം വരെ ഉണങ്ങിപ്പോകാൻ ചാൻസ് ഉണ്ട്. ആ ചെടികളെ നമ്മൾ റീപ്ലേസ് ചെയ്യണം അദ്യത്തെ ആറു മാസത്തിൽ. അതിന് ശേഷം പോകുന്ന ചെടികളെ റീപ്ലേസ് ചെയ്യാറില്ല, അത് സ്വാഭാവികമായിട്ട് സംഭവിക്കുന്നതാണ്. പക്ഷെ ആദ്യത്തെ ആറുമാസത്തിനുളളിൽ ഉണങ്ങിപ്പോകുന്നതിനെ നമ്മൾ തിരിച്ചുവയ്ക്കേണ്ടി വരും.

രണ്ടാമത്തെ കാര്യം ഇത് ഈ പ്രോഗ്രാമിൽ കാണിച്ച ഒരു എഗ്രിമെന്റാണ്. ആ എഗ്രിമെന്റിൽ ഇൻവിസ് മൾട്ടീമിഡിയ എന്ന കമ്പനി ഒരു മൾട്ടിമീഡിയ കമ്പനി ആണ്. മൾട്ടിമീഡിയ കമ്പനി എന്തിനാണ് മിയാവാക്കിയിലേയ്ക്ക് വരുന്നത് എന്നുളളതാണ്. അത് മൾട്ടിമീഡിയ കമ്പനി ആണെന്ന് സ്ഥാപിക്കാൻ അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്, മന്ത്രിയുടെ ഫേസ്ബുക്കിലൊക്കെ പോയി. ഇൻവിസ് മൾട്ടിമീഡിയ ഒരു മൾട്ടീമീഡിയ കമ്പനിയാണെന്ന് ഞാനിതിൽ പലതവണ പറയാറുണ്ട്. ഞാൻ പറയുന്ന് കേൾക്കുന്നില്ലെങ്കിൽ വേണ്ട മൾട്ടിമീഡിയ എന്നുപറയുമ്പോൾതന്നെ അതൊരു മൾട്ടീമീഡിയ കമ്പനി ആണെന്ന് അറിയരുതോ. ഈ എഗ്രിമെന്റ് ഇവരൊന്നു തുറന്നുനോക്കിയിരുന്നെങ്കിൽ. മനപ്പൂർവ്വം കണ്ടിട്ട് കാണാത്ത പോലെ എന്നു ഞാൻ വിചാരിക്കുന്നില്ല. അവർ തുറന്ന് നോക്കിയില്ല. അതുകൊണ്ട് പറ്റിയതാണെന്നാണ് എന്റെ വിശ്വാസം.

ഇതിന്റെ അഞ്ചാമത്തെ പേജിൽ എട്ടാമത്തെ പാരഗ്രാഫിൽ “The third partner will excute the digtial documentation of this project with various digital tools of documentation like video, 360 degree video, still photography etc.” എന്നു കാണാം. ഇതാണ് ഇൻവിസ് മൾട്ടീമീഡിയ 25 കൊല്ലമായിട്ട് ചെയ്യുന്നത്. ആ ചെയ്യുന്ന ജോലി തന്നെയാണ് ഈ കൺസോർഷ്യത്തിലും ഇൻവിസ്മൾട്ടീമീഡിയയ്ക്ക് ചെയ്യാനുള്ളത്. രണ്ടാമത് മിയാവാക്കി പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾക്കുള്ള പരിചയം എന്താണ് എന്നുള്ളതാണ്. ഞാൻ ചെയ്ത 40 കാടിന്റെ വീഡിയോകൾ ഇതിൽ കിടപ്പുണ്ട്. അതിനുപരിയായിട്ട് ഇത് ചെയ്യാനുള്ള യോഗ്യത വേണമെന്ന് എനിക്കുതന്നെ ബോധ്യപ്പെടാനായിട്ട് ഞാൻ തന്നെ ജപ്പാനിൽ പോയി അവിടെ നട്ട നിരവധി മിയാവാക്കി കാടുകൾ - അമ്പതു വർഷമായത്, നാല്പതു വർഷമായത് 25 വർഷമായത് അങ്ങനെ ഓരോ കാടും ഞാൻ നടന്നുകണ്ടു. ഏഴു ദിവസമായി ഏഴു പ്രദേശത്ത് പോയി കണ്ടു. പ്രൊഫസർ മിയാവാക്കിയുമായി ഒരു ദിവസം ചെലവഴിച്ചു. അദ്ദേഹത്തിൽ നിന്ന് കുറെ ഇൻപുട്ട് എടുത്തു. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ 76 വയസ്സുള്ള രണ്ടു എമിറേറ്റ്സ് പ്രൊഫസർമാർ അദ്ദേഹത്തോടൊപ്പം പുസ്തകം എഴുതിയ എൽജീൻ ബോക്സും ഫുജിവാര കസ്യുവും ഞങ്ങൾ ചെയ്ത വർക്ക് കാണാൻ വേണ്ടി അവർ തിരിച്ചു കേരളത്തിൽ വന്നു. പ്രെഫസർ മിയാവാക്കി ഞങ്ങളുടെ വർക്കിന്റെ വീഡിയോ കണ്ടു. ഈ ചെയ്ത ഓരോ കാടും കണ്ടിട്ട് അഭിപ്രായം പറഞ്ഞു. ഇത്രയും കാര്യങ്ങൾ ചെയ്തിട്ടാണ് ഞങ്ങളിത് മുന്നോട്ട് കൊണ്ടുപോകുന്നത്. അല്ലാതെ ഇതൊരു തട്ടിക്കൂട്ടൽ പ്രസ്ഥാനമല്ല.

മിയാവാക്കി മാതൃകയിൽ കാടു വയ്ക്കുമ്പോൾ ഇതു പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യമാണ്. അല്ലാതെ വെറുതെ ചെയ്യാൻ ഒക്കുകയില്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ചെയ്തിട്ട് എന്തു സംഭവിച്ചു എന്ന് നോക്കി മനസ്സിലാക്കാനായിട്ടാണ് ഇവിടെയല്ലാം പോയിരിക്കുന്നത്. അങ്ങനെ പോയി വന്നാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. നിർഭാഗ്യവശാൽ കേരളത്തിൽ സ്വകാര്യ സ്ഥാപനം എന്നാൽ വലിയൊരു അപകടം എന്നാണ് നമ്മുടെ ആളുകൾ അതിനെ ധരിച്ചിരിക്കുന്നത്. സത്യത്തിൽ സർക്കാർ പോലും സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ കൊടുക്കണമെന്ന് പറയുന്നുണ്ട്. ഇതിൽ കേരള സ്റേറാർ പർച്ചേഴ്സ് മാന്വൽ എന്നൊരു ബുക്കുണ്ട്. ഇതിൽ പ്രത്യേകം പറയുന്നുണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കു കേരളത്തിൽ ബിസിനിസ്സ് ചെയ്യാൻ മുൻഗണന കൊടുക്കണമെന്ന്. ഇതൊന്നും ഫലത്തിൽ സംഭവിക്കാറില്ല എന്നു മാത്രമല്ല, സ്വകാര്യമേഖല തട്ടിപ്പു നടത്തുന്നു എന്ന രീതിയിലാണ് പലപ്പോഴും വാർത്ത വരുന്നത്.

ഇനി ഒരു കാര്യം കൂടി ഇൻവിസ് മൾട്ടിമീഡിയ എന്റെ സ്വന്തം കമ്പനിയല്ല. ഞാനതിന്റെ ഒരു ഓഹരി ഉടമയും മാനേജിംഗ് ഡറക്ടറുമാണ്. ഇതു പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്ന ശ്രീ. എൻ.ആർ.എസ് ബാബു, അദ്ദേഹത്തിന്റെ സുഹൃത്തായ എൻ.എസ് ലാൽ, അദ്ദേഹം ഒരു അഭിഭാഷകനാണ്. പിന്നെ എന്റെ സഹപാഠിയും ജേർണലിസം വിദ്യാർത്ഥിയുമായിരുന്ന ശ്രീ അജിത്ത് ഇങ്ങനെ പലരും കൂടിച്ചേർന്ന് തുടങ്ങിയ സ്ഥാപനമാണ്. കഴിഞ്ഞ 25 വർഷമായി ഞങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോഴും ഞങ്ങൾ കേരളത്തിൽ വളരെ ന്യായമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നു എന്നതാണ് ഞങ്ങളുടെ വിശ്വാസം. ഐടി മേഖലയിൽ ആളുകൾ വേഗം പിരിഞ്ഞു പോകും. ഞങ്ങളുടെ കൂടെ 25 വർഷമായി ജോലി ചെയ്യുന്നവരുണ്ട്. അവരൊന്നും പിരിഞ്ഞു പോയിട്ടില്ല. അതിൽ പത്തുവർഷത്തിൽ കൂടതലായി ഇൻവിസിൽ ജോലി ചെയ്തവരെല്ലാം ഇൻവിസിന്റെ ഷെയർ ഹോൾഡേഴ്സ് ആണ്. എന്നുവച്ചാൽൽ ഇൻവിസിന്റെ 45 ശതമാനം ഷെയറും ഇൻവിസിന്റെ ജീവനക്കാരുടെ കൈയ്യിലാണ്. ഇൻവിസ് ഒരു കുത്തക മുതലാളി കമ്പനിയല്ല. എനിക്കുള്ളത് പത്തോ പന്ത്രണ്ടോ ശതമാനം ഷെയർ ആണ്. അടുത്തമാസം ശമ്പളം കിട്ടിയില്ലെങ്കിൽ എന്റെ കാര്യവും അവതാളത്തിലാണ്. അങ്ങനെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അങ്ങനെ തട്ടിപ്പു നടത്താനായിട്ടാണെങ്കിൽ ഞങ്ങൾക്ക് വേറെ പല ബിസിനിസ്സിലേയ്ക്കും പോകാമായിരുന്നു. ഈ ചെയ്യുന്ന ജോലി നൂറു ശതമാനം ആത്മാർത്ഥമായി ചെയ്യുക എന്നതാണ് നമ്മുടെ നിലപാട്. അതു തന്നെയാണ് ചെയ്യുന്നത്. നൂറോളം കുടുംബങ്ങൾ പ്രത്യക്ഷമായിട്ടും, ഇരുന്നൂറിലധികം പേർക്ക് പരോക്ഷമായിട്ടും ഇതുകൊണ്ട് തൊഴിൽ കിട്ടുന്നുണ്ട്. ഇതെല്ലാം കേരളത്തിലാണ് കിട്ടുന്നത്. കൂടെ സർക്കാരിന്റെ ടാക്സ് ബെനിഫിറ്റുകളും എല്ലാം.

ഞാനിത് പറയാൻ കാരണം മാധ്യമപ്രവർത്തനത്തിൽ ഏർപ്പെടുന്ന ആളുകൾ ദയവായി - ഞാൻ ആരെയും ഉപദേശിക്കാനാളല്ല, അവരെഴുതാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട ആളോട് അന്വേഷിക്കണം. ഇപ്പോഴെന്താ ചെയ്യുന്നത് എന്നുവച്ചാൽ ഒരു വാർത്ത എഴുതാൻ തീരുമാനിക്കുന്നു. ഒരുത്തനെ അഴിമതിക്കാരനാക്കാൻ തീരുമാനിക്കുന്നു. പിന്നെ അയാളെ വിളിച്ചിട്ട് ഉത്തരം വേണ്ടാത്ത കുറെ കാര്യങ്ങൾ ചോദിക്കുന്നു. എന്തുകൊണ്ട് ഇതിന് 1 സെന്റിന് 3 ലക്ഷം രൂപ എന്നു ചോദിക്കണം. അത് ചോദിക്കില്ല. അത് ചോദിക്കുകയാണെങ്കിൽ നമുക്കത് വിശദീകരിച്ചു കൊടുക്കാൻ പറ്റും. അങ്ങനെ ചെയ്യാതെ ഒരു വാർത്ത എഴുതിയുണ്ടാക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ഒരുപാട് പേർക്ക് അതുകൊണ്ട് ഡാമേജ് ഉണ്ടാകും. ഇങ്ങനെ ഒരു ചാനൽ ഉള്ളതു കൊണ്ട് നമുക്കൊരു ഉത്തരം പറയാൻ പറ്റുന്നുണ്ട്. ഇത്രയും പത്രങ്ങൾ ഇതെക്കുറിച്ച് നേരത്തെ എഴുതിയിരുന്നതു കൊണ്ട് ഇത് കള്ളത്തരമാണെന്ന് കുറെപ്പെരെങ്കിലും വിശ്വസിക്കും. അല്ലെങ്കിൽ വന്ന് കണ്ട് ബോധ്യപ്പെടും. മറ്റു മാധ്യമങ്ങളൊക്കെ ഇത് എഴുതുന്നതിന് മുൻപ് ഇങ്ങനെ ഒരു വാർത്ത എഴുതിയിരുന്നുവെങ്കിൽ എന്ത് അപകടമാണ് ഉണ്ടാകുക.

എന്നെ സംബന്ധിച്ചിടത്തോളം ഞാനിത് പറയാൻ കാരണം എനിക്ക് പത്ര പ്രവർത്തനത്തിൽ ഫോർമലായി പരിശീലനം കിട്ടിയ ആളാണ്. ഒരു മാസ്റ്റർ ബിരുദം എടുത്തിട്ടുണ്ട്. അതിനുശേഷം യുജിസിയുടെ ജെ.ആർ.എഫ് മാസ് കമ്മ്യൂണിക്കേഷനിലും ജേർണലിസത്തിലും പാസായതാണ് 1991ൽ. അതിനുശേഷം ഹൈക്കോടതിയിൽ രണ്ടു വർഷം ജോലി ചെയ്തതാണ്. അതൊക്കെ കളഞ്ഞിട്ട് ചെറുകിട വ്യവസായത്തിലേയ്ക്ക് വന്നത് കേരളത്തിൽ ചെറുകിട വ്യവസായം നടക്കുകില്ല എന്നതിനൊരു വെല്ലുവിളിയായിട്ട് അത് പൊളിക്കാനായിട്ടും കേരളത്തിൽ വ്യവസായം നടക്കുമെന്നും ഒരു മാതൃക കാണിക്കാൻ വേണ്ടിയാണ് വന്നത്.

ഞാൻ സ്വന്തം ക്യാപ്പിറ്റൽ ഇല്ലാത്തയാളാണ്. പലരോടും കടം മേടിച്ചും, ആളുകളെ കൂട്ടിച്ചേർത്ത് കൊണ്ടുവരാനുള്ള കാരണവും ഇതാണ്. ഇതെക്കുറിച്ച് കൂടുതൽ പറയാൻ ഞാനില്ല. ചെടികളെക്കുറിച്ച് പറയാൻ റെഡിയാണ്. ചെടികളെ വിൽക്കുന്നതോ അതിന്റെ ചെലവോ അതിനെ സംബന്ധിച്ച കൂടുതൽ കാര്യങ്ങളോ അങ്ങനെത്തെ കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ നിങ്ങൾ ചോദിക്കുക. ഞങ്ങൾ പറയാൻ റെഡിയാണ്. ആകെ നിങ്ങളോട് പറയാൻ ഉള്ളത് കഴിയുന്നത്ര ആളുകളുമായി ഈ ചാനൽ ഷെയർ ചെയ്യുക. ഈ ചാനൽ വിജയിക്കേണ്ടത് ഈ പദ്ധതിയുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഈ പദ്ധതിയെ സംബന്ധിച്ച കാര്യങ്ങൾ സുതാര്യമായി സൂക്ഷിക്കാൻ ഞങ്ങൾ ചെയ്തിട്ടുള്ള എല്ലാ കാടുകളുടെയും വീഡിയോ അതിൽ ഇടുന്നുണ്ട്. ഞങ്ങളുടെ സ്വന്തം ചെലവിലാണ് ആ വീഡിയോ ഷൂട്ട് ചെയ്യുന്നതു ഇടുന്നതും. അങ്ങനെ ഇടുന്നത് ഇത് നാട്ടുകാരുടെ കാശാണ്, അത് നാട്ടുകാർക്ക് ബോധ്യമാകാൻ വേണ്ടിയാണ്. ദയവായി ഇത് കാണുക, പരമാവധി ആളുകളിലേയ്ക്കു എത്തിക്കാൻ നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.