ഞാനടുത്തയിടയ്ക്ക് മൂന്നാർ വഴി പോയി. അവിടെയൊരു പുതിയ റോഡിന്റെ പണി നടക്കുകയായിരുന്നു. ഇപ്പോ ഏകദേശം തീർന്നു കാണും. നല്ല അന്താരാഷ്ട്ര നിലവാരമുള്ള റോഡാണ് വരുന്നത്. ഈ റോഡു വരുന്നത് മലയുടെ ഇടയ്ക്ക് കൂടെയാണ്. രണ്ടു സൈഡിലും മലയാണ്. വലിയ ബുൾഡോസർ ഉപയോഗിച്ച് മല ചെത്തി എടുക്കുകയാണ്. എല്ലായിടത്തും റോഡു പണിയുമ്പോൾ അങ്ങനെത്തന്നെയാണ് ചെയ്യുന്നത്. ബേക്കറിയിൽ അലുവ മുറിക്കുമ്പോലെ വലിയ പാറകളെ മുറിച്ചെടുത്തങ്ങ് മാറ്റുകയാണ്.

അവിടെ മാത്രമല്ല, പൊങ്ങിയ സ്ഥലത്ത് വീടു വയ്ക്കണമെങ്കിൽ ആദ്യം ചെയ്യുന്നത് പൊക്കം മാറ്റി നിരപ്പാക്കുകയാണ്. നിരപ്പാക്കി താഴെ കൊണ്ടുവന്ന് മൂന്നു വശവും ചെത്തി എടുത്തിട്ട് റോഡിന്റെ ഫ്രണ്ട് ഭാഗം വെറുതെ വിടും. വെള്ളം വീഴുമ്പോൾ അത് ഇടിഞ്ഞു താഴേക്കു വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോൾ അടുത്തപടിയായി ചെയ്യുന്നത് അവിടെ കോൺക്രീറ്റ് ഇടും. ചിലർ താഴെ മുതൽ മുകൾ വരെ കോൺക്രീറ്റ് ഇട്ട് വാർത്തൊരു മതിലുണ്ടാക്കി അവിടെ നിർത്തും, ഡാമൊക്കെ പണിയും പോലെ.

അത്രയും കോൺക്രീറ്റ് വേസ്റ്റാക്കണമോ എന്നതാണ്. 10 പേർക്ക് വീടു പണിയുവാനുള്ള കോൺക്രീറ്റ് ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. എങ്കിലും സോഷ്യൽ ക്യാപിറ്റൽ നോക്കുമ്പോൾ അത്രയധികം അതിനായിട്ട് ഉപയോഗിക്കുന്നത് ഇത്തിരി പ്രശ്നമാണ്. അതുപോലെ വലിയ കരിങ്കൽ മതിലൊക്ക കെട്ടി റീറ്റെയ്നിങ് വാളൊക്കെ കെട്ടിനിർത്തും. പക്ഷെ വെള്ളം പോകാനുള്ള സൗകര്യമില്ലെങ്കിൽ ഇതും ഇടിഞ്ഞ് താഴേക്കുപോരാനുള്ള സാധ്യത കൂടുതലാണ്.

ഞാനിതൊക്കെ പറഞ്ഞുവെങ്കിലും, ഇവിടെ താഴെയുള്ള ഒരു ഭാഗം വണ്ടിയിടാൻ പാകത്തിന് ഒന്നു തെളിച്ചിട്ടേക്കണേ എന്ന് പറഞ്ഞിട്ടുപോയി. രണ്ടു ദിവസം കഴിഞ്ഞു വന്നപ്പോൾ കാണുന്നത് എന്റെ പറമ്പിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി അലുവ പോലെ ആക്കി ചരിച്ചു നിർത്തിയേക്കുന്നതാണ്. ഈ അലുവയുടെ മുകളിൽ വലിയ മരവും നിൽപ്പുണ്ട്. ഇതെല്ലാം കൂടി ഇടിഞ്ഞ് താഴേക്കുവരുന്നത് എപ്പോഴാണ് എന്നപേടിയായി. പിന്നെ ഏകമാർഗ്ഗം താഴെ മരം വച്ചുപിടിപ്പിക്കുക എന്നുള്ളതാണ്. ജപ്പാനിൽ പ്രൊഫസർ മിയാവാക്കി തന്നെ വച്ചുപിടിപ്പിച്ച ചില മരങ്ങളും കാടുകളും - അതിന്റെ കുറെ വിഡിയോകൾ ഞാൻ കണ്ടായിരുന്നു. അവിടെ അദ്ദേഹം ചെയ്തിരിക്കുന്നത് ചരിഞ്ഞ സ്ഥലമാണെങ്കിൽ അവിടെ മുള ഉപയോഗിച്ച് പലതട്ടുകളായി തിരിക്കും. അതേ ടെക്നിക് ഇവിടെയുമൊന്ന് പ്രയോഗിച്ചു നോക്കാമെന്നു വച്ചു.

റോഡു സൈഡിൽ ഇത് ചെയ്യുമ്പോൾ സംഭവിക്കാവുന്നത് എന്താന്നു വച്ചാൽ റോഡിന് 30 അല്ലെങ്കിൽ 45 മീറ്റർ ആണ് വീതി എടുക്കുന്നതെന്ന് കരുതുക. രണ്ടു സൈഡിലും മൂന്നു മീറ്ററിൽ പാറ മുറിച്ചു നിർത്തിയിരിക്കുന്ന സ്ഥലത്ത് കാട് ചരിച്ചു വയ്ക്കണമെങ്കിൽ 3 മുതൽ 5 മീറ്റർ വരെ സ്ഥലം വേണ്ടി വരും. കാട് ഭംഗിയായി ചരിച്ച് വയ്ക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 3 മീറ്ററെങ്കിലും വേണം.

എനിക്കിവിടെ പൊക്കം ഇത്രയും ആയതുകൊണ്ട് മൂന്ന് മീറ്റർ വേണ്ടിവന്നു. ഇതിലും കൂടൂതൽ പൊക്കം ഉണ്ടെങ്കിൽ ഇതിലും കൂടുതൽ സ്ഥലം ഉണ്ടെങ്കിലേ ഇത് താഴേക്ക് വരാതെ ഇരിക്കുകയുള്ളു. ആദ്യം ചെയ്യുന്നത് എന്താന്നു വച്ചാൽ ഒരു മീറ്റർ ഇടവിട്ട് വേലികൾ കെട്ടുക. വേലിതന്നെ പല പൊക്കത്തിലാണ് കെട്ടേണ്ടത്. എന്റെ ചെറുപ്പത്തിൽ ഈ ഗ്യാലറികളൊന്നും ഇല്ലായിരുന്നു, നാട്ടിന്പുറത്തെ ചെറിയ സ്കൂളുകളിലൊന്നും ഗ്യാലറിയില്ല. സ്പോർട്സും മത്സരങ്ങളും ഒക്കെവരുന്ന സമയത്ത് മുളകൊണ്ടുവന്ന് ഗ്യാലറി കെട്ടും. നട കെട്ടുന്നതു പോലെയാണ് കെട്ടുന്നത്. കലാകാരന്മാരാണ് അത് കെട്ടുന്നത്. വളരെ പെട്ടെന്ന് അവരത് കെട്ടിതീർക്കും. അതിൽ വലിയ വൈദഗ്ധ്യമുള്ള ആളുകളാണ്.

അതേരീതിയിലാണ് ഇവിടെ കെട്ടുന്നത്. ഈ മതിലിൽ നിന്ന് ഒരു മീറ്റർ അകലത്തിലൊരു വേലി. ആ വേലി മതിലിനേക്കാൽ ഒരു മീറ്റർ അല്ലെങ്കിൽ അര മീറ്റർ താഴെയായിട്ടാണ് നിൽക്കുന്നത്. അതിന്റെയടുത്ത വേലി ഇതിലും അര മീറ്റർ താഴ്ന്ന്. അങ്ങനെ മൂന്നു വേലി കഴിഞ്ഞപ്പോൾ താഴെയെത്തി. ഒത്തിരി പൊക്കമുള്ള സ്ഥലമാണെങ്കിൽ 5 വേലി കെട്ടേണ്ടി വരും. വേലിയ്ക്ക് ക്രമാനുഗതമായി പൊക്കം കുറച്ചു കൊണ്ടു വരിക. അതാണ് നമ്മൾ ഇവിടെ ചെയ്തു കൊണ്ടു വന്നത്. ഇത് കാണുമ്പോ നിങ്ങൾക്ക് മനസ്സിലാകും. ഇതിനിടയക്ക് നമ്മൾ മിയാവാക്കി മാതൃകയിൽ മണ്ണും മറ്റു സാധനങ്ങളും ഇട്ട് ഫില്ല് ചെയ്യുകയാണ്.

ഇങ്ങനെ ഫില്ല് ചെയ്തതിൽ, ഒരു സ്ക്വയർമീറ്ററിൽ നാലു ചെടി എന്ന അനുപാതത്തിൽ വച്ചിരിക്കുകയാണ്. നിങ്ങൾ ഇപ്പോൾ കാണുന്ന മരങ്ങളെല്ലാം വച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. നടുന്ന കാഴ്ചയാണ് ആദ്യം കാണിച്ചുതന്നത്, അതുകഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞുള്ള കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇവിടെ ഒരു ഗുണം എന്താന്നു വച്ചാൽ, നിങ്ങൾക്ക് നേരെ മുകളിലേക്ക് നോക്കിക്കഴിഞ്ഞാൽ കാണാം മുകളിൽ മുഴുവൻ മരങ്ങളുടെ തണൽ ആണ്. നേരെ മുകളിൽ നിന്നുള്ള സൂര്യപ്രകാശം കുറച്ചേ വീഴുന്നുള്ളു. പടിഞ്ഞാറേ വശത്തുനിന്നുള്ള സൂര്യപ്രകാശമാണ് ഇതിന് കിട്ടുന്നത്. ഇവിടെ തട്ടുകളിൽ പല പൊക്കത്തിൽ നിൽക്കുന്നത് കൊണ്ട് എല്ലാ ചെടികൾക്കും വെയില് കിട്ടുന്നുണ്ട്. നിരപ്പിൽ വച്ചിരുന്നുവെങ്കിൽ സൈഡിൽ വച്ചിരിക്കുന്നതിന് കൂടുതലും നടുക്കു ഉള്ളതിന് കുറവും ആയേനെ. എല്ലാ ചെടികൾക്കും മുള വന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞകാലം കൊണ്ടാണ് ഇത്രയും നന്നായി മുള വരുന്നത്. ഈ ഉദ്ദേശിക്കുന്ന രീതിയിൽ പോകുകയാണെങ്കിൽ ഒരാറുമാസം കൊണ്ട് മതിലിന്റെ പൊക്കത്തിൽ ഏറ്റവും താഴെ നിൽക്കുന്ന ചെടി കയറിവരും. അതിനനുസരിച്ച് അതിന്റെ വേരും കീഴോട്ട് പോകും. അപ്പോൾ അടുത്ത ഒരു വർഷം കഴിഞ്ഞാൽ ഈ കുന്ന് ഇടിഞ്ഞു താഴേക്കു വരില്ലെന്നു എനിക്കുറപ്പിക്കാൻ പറ്റും, കാരണം ഇത്രയും മരങ്ങൾ അവിടെ സപ്പോർട്ട് ചെയ്ത് നില്ക്കുകയാണ്. അത് ഒന്ന് നിങ്ങളെ കാണിക്കാനായിട്ടാണ് ഈ വീഡിയോ ചെയ്തത്.

ചരിഞ്ഞ സ്ഥലങ്ങൾ വാങ്ങി വീടുവയ്ക്കുന്നവരാണെങ്കിൽ കറക്ടായി വീടിനു വേണ്ട സ്ഥലം മാത്രം മുറിച്ചുമാറ്റാതെ അതിന്റെ കുറച്ച് പുറകിലോട്ട് കൂടി ചെരിച്ച് മുറിച്ച് മാറ്റി, അതിനെ ഒന്ന് ലെവലാക്കി തട്ടുകളാക്കിയാൽ വളരെ മനോഹരമായ ഒരു കുഞ്ഞുകാട് നിങ്ങൾക്ക് വീടിന്റെ പുറകിൽ വളർത്താൻ പറ്റും. അത് ചെയ്യാൻ കഴിയുന്നവരെല്ലാം അങ്ങനെത്തന്നെ ചെയ്യണം. ഒന്ന് നിങ്ങളുടെ വീട് കോട്ടയ്ക്ക് അകത്ത് ഇരിക്കുന്ന പോലുള്ള ആ ലുക്ക് മാറിക്കിട്ടും. ഒരു വെട്ടുകല്ല് കുഴിക്കകത്ത് വീടു വച്ചതു പോലെ തോന്നും മൂന്നു വശവും ഇങ്ങനെ വരുമ്പോൾ. അതിനുപകരം നിങ്ങളൊരു പച്ചമരക്കോട്ടയ്ക്കകത്ത് വീടു വച്ചതുപോലെ ഒരു ഫീൽ ഉണ്ടാകും. അത് ഇഷ്ടമുള്ളവരെല്ലാം ഇങ്ങനെ ചെയ്യുക. ഇതിൽ എന്തെങ്കിലും കൂടുതൽ സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ പറഞ്ഞുതരാം.