ഞാനീ ചാനൽ തുടങ്ങിയശേഷം കാട് വയ്ക്കാൻ താത്പര്യമുള്ളവരിൽ നിന്ന് എനിക്ക് ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കിട്ടുന്ന ചോദ്യം, കാട് വച്ചാൽ ഇഴജന്തുക്കൾ വരുമോ, പാമ്പ് വരുമോ എന്നതാണ്. ഇതിന് ഞാൻ ഒന്നു രണ്ടു തവണ ഉത്തരം പറഞ്ഞതാണ്, പക്ഷെ ആളുകൾ വീണ്ടും വീണ്ടും ചോദിക്കുന്നതു കൊണ്ട്, നമുക്ക് ആ കാര്യത്തിൽ ചെയ്യാവുന്ന ചില മുൻകരുതലുകളെക്കുറിച്ച് പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.

എനിക്ക് പാമ്പിനെ പേടിയില്ലാത്തതു കൊണ്ടല്ല ഇവിടെ വന്ന് താമസിക്കുന്നത്, നിങ്ങളെക്കാൾ പാമ്പിനെ പേടിയുള്ള ആളാണ് ഞാൻ. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോൾ, അന്ന് കുട്ടികൾക്ക് കൂടുതൽ കളിപ്പാട്ടം വീട്ടുകാർക്ക് മേടിച്ചു കൊടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല, ഉണ്ടെങ്കിൽ തന്നെ മേടിച്ചു കൊടുക്കുകയില്ല. അപ്പോ കൂടുതൽ അനുകരിക്കുകയാണ് ചെയ്യുന്നത്, ഒരു പാട്ട കിട്ടിക്കഴിഞ്ഞാൽ അത് കയർകെട്ടി തോളിൽ ചെണ്ടയായി തൂക്കിയിട്ട് നടക്കും. അമൂലിന്റെയോ ബിസ്ക്കറ്റ് വരുന്ന പാട്ടയൊ ഒക്കെ. അങ്ങനെ ഒരിക്കൽ പാട്ടയും തൂക്കിപോകുന്ന സമയത്ത് - ഞങ്ങൾ അമ്മയുടെ വീട്ടിലാണ് താമസം, അതിന്റെ സൈഡിലിരുന്ന ഒരു കോഴിക്കൂടിന്റെ പുറത്ത് രണ്ട് അടി വച്ചു കൊടുത്തു. അപ്പോ അതിന്റെ വൈബ്രേഷൻ ഷീറ്റിന്റെ കൊണ്ട് അതിനകത്ത് കോഴിക്കുഞ്ഞിനെ പിടിക്കാനിരുന്ന ചേര ഇറങ്ങി ഓടി, അതിനേക്കാൾ വേഗത്തിൽ ഞാനും ഓടി. രണ്ടുപേർക്കും പേടിയാണ്. ചേരയും പേടിച്ചു ഓടുകയാണ്, ഞാനും പേടിച്ചു ഓടുകയാണ്. വീടിനു ചുറ്റും ആണ് ഓടുന്നത്, പിന്നെ വീട്ടുകാർ ആരോ ഇറങ്ങിവന്നു ചേരയെ ഓടിച്ചുവിട്ടു എന്നെ എടുത്തുകൊണ്ട് പോയി.

അന്നു മൊബൈൽ ഒന്നും ഇല്ലാഞ്ഞത് നന്നായി, അല്ലെങ്കിൽ ലോകത്ത് വൈറൽ ആകുന്ന വീഡിയോകളിൽ ഒന്നായി അത് മാറിയേനെ. അന്ന് മുതൽ എനിക്ക് പാമ്പിനെ പേടിയായി, അന്ന് കഥകളും കുറെ കേട്ടു, ചേരയാണെങ്കിലും കടിക്കില്ല പക്ഷെ കാലിൽ ചുറ്റി കാതിൽ വാലിടും എന്നൊക്കെ. വാല് കാതിൽ ഇട്ട ആരെയും ആരും കണ്ടിട്ടില്ല, പക്ഷെ കഥയ്ക്ക് യാതൊരു ക്ഷാമവും ഇല്ല. പാമ്പിനെക്കുറിച്ച് കൂടുതൽ പറഞ്ഞ് പേടിപ്പിക്കുന്ന കഥകളാണ് ഉള്ളത്. ഇലക്ട്രിക്ക് ലൈറ്റ് വരുന്നതിന് മുമ്പ് പാമ്പിന്റെ ശല്യം ധാരാളമായി ഉണ്ടായിരുന്നു. ഇരുട്ടത്ത് ഇത് എവിടെയെങ്കിലും കിടക്കും ആളുകൾ അറിയാതെ ഇതിനെ ചവിട്ടുകയും ഇത് കടിക്കുകയും മരിക്കുകയും ചെയ്യും.

പിന്നെ അന്ന് വാഹനസൗകര്യം തീരെ ഇല്ലാതിരുന്ന കാലമാണ്. കടി കൊണ്ട ആളിനെ തന്നെ വൈദ്യന്റെ അടുത്ത് എത്തിക്കാനോ, വൈദ്യശുശ്രൂഷ കൊടുക്കാനോ പറ്റാത്ത അവസ്ഥ ആയിരുന്നു. അതുകൊണ്ട് തന്നെ ആളുകൾക്ക് പാമ്പിനെ വല്യ പേടിയായിരുന്നു. കേരള രാഷ്ട്രീയത്തിലെ തന്നെ അതിപ്രഗത്ഭനായ മനുഷ്യൻ പി. കൃഷ്ണപിള്ളയെ പോലുള്ള ആൾ പാമ്പ് കടിയേറ്റാണ് മരിച്ചത്. പാമ്പുകടിയും അതേറ്റ് മരിക്കുന്നവരും അതൊരു സാധാരണ വിഷയമായി നമ്മൾ എടുക്കാൻ തുടങ്ങി. പക്ഷെ ഒന്നാലോചിക്കണം കഴിഞ്ഞ 10-25 വർഷത്തിനിടയിൽ നിങ്ങൾക്ക് നേരിട്ട് പരിചയമുള്ള എത്ര പേർ പാമ്പുകടിയേറ്റ് മരിച്ചിട്ടുണ്ട്. അവരിൽ എത്രപേർ പാമ്പിനെ ചവിട്ടാതെ അത് കടിച്ചിട്ടുണ്ട്. ഇരുട്ടത്ത് അറിയാതെ ചവിട്ടുന്നതാണ് അധികം കേസുകളും, അല്ലെങ്കിൽ പാമ്പിനെകയറി പിടിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് അപകടം സംഭവിച്ച കേസുകളും ഉണ്ട്.

പട്ടിയെ പോലെയോ പൂച്ചയെ പോലെയൊ പാമ്പ് വന്ന് നമ്മളെ ആക്രമിക്കില്ല, അങ്ങനെ സംഭവിക്കില്ല. പിന്നെ ഇലക്ട്രിക്ക് ലൈറ്റ് വന്നതിനു ശേഷം കേരളത്തിൽ രണ്ട് സാധനങ്ങൾ അപ്രത്യക്ഷമായി ഒന്ന് പ്രേതമാണ്. പ്രേതം ഉണ്ടെന്ന് പറഞ്ഞാൽ ഇന്ന് ആളുകൾ ചിരിക്കും. പണ്ട് എന്തൊരു പേടിയായിരുന്നു. പത്മനാഭപുരം കൊട്ടാരം അടച്ചിട്ടിരുന്ന കാലത്ത് പ്രശസ്തനായ ചിത്രകാരനായ രാജാ രവിവർമ്മ ഓൾ ഇന്ത്യാ ടൂറിന്റെ ഭാഗമായി അതു വഴി പോയപ്പോൾ അദ്ദേഹം പറഞ്ഞത് സ്വന്തം നിഴൽ കണ്ടാലും പേടിക്കും എന്നാണ്. അടച്ചിട്ടിരിക്കുന്ന സ്ഥലമായതിനാൽ ഒരു വാഴയില അനങ്ങിയാലും പേടിക്കും. വവ്വാൽ പറന്നാൽ നമ്മൾ പേടിക്കുന്നൊരു കാലമുണ്ടായിരുന്നു. അതിൽ നിന്നും ഇപ്പോൾ നമ്മുടെ റോഡുകളും മറ്റും വൃത്തിയാക്കി, അതിൽ ലൈറ്റുകളൊക്കെ വന്നു കഴിഞ്ഞപ്പോൾ പിന്നെ പാമ്പ് വരും എന്ന പേടി നമ്മൾ വച്ചു കൊണ്ടിരിക്കേണ്ട കാര്യമില്ല.

വീടു വയ്ക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം, പാമ്പ് ആക്രമിക്കില്ല, പാമ്പിനെ നമ്മൾ ഉപദ്രവിക്കുമ്പോൾ അല്ലെങ്കിൽ അറിയാതെ നമ്മൾ പാമ്പിന്റെ പുറത്ത് കാൽ വയ്ക്കുമ്പോഴാണ് അത് നമ്മെളെ കടിക്കുന്നത്. നമ്മുടെ ഓഫീസിലെ മെസ്സിലെ ഒരു പൂച്ച കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തിനിടയ്ക്ക് ആറേഴു പേരെ മാന്തി. അതിന് മീനിട്ട് കൊടുക്കാൻ താമസിക്കുമ്പോൾ മാന്തുന്നതാണ്. അതുപോലും പാമ്പ് ചെയ്യില്ല. പാമ്പ് ഒരിക്കലും എനിക്ക് എലിയെ കിട്ടിയില്ല എന്നു പറഞ്ഞ് ആരെയും വന്ന് ചൊറിഞ്ഞ് വിളിക്കാറില്ല. പൂച്ച ഒരു പക്ഷേ നമ്മളെ തോണ്ടി വിളിക്കുന്നതാകാം. പക്ഷെ സംഭവം ആ ആറേഴു പേർ വാക്സിൻ എടുക്കേണ്ടി വന്നു എന്നതാണ്.

അതുപോലെ വഴിയെ പോകുന്ന സമയത്ത് ബൈക്കിനു മുന്നിൽ പട്ടി കുറുകെ ചാടി ആക്സിഡന്റ് ഉണ്ടാകുന്നത്, തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ കവടിയാറിൽ ആണ് ഞങ്ങളുടെ ഓഫീസ്. ആ ഓഫീസിൽ നിന്ന് പോകുന്നവർ ഏഴെട്ടു പേർ പട്ടി കുറുകെ ചാടി, ആക്സിഡന്റ് കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് ഉണ്ടായിട്ടുണ്ട്. ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ഇത്രയും പോലും നമുക്ക് പാമ്പിനെ കൊണ്ട് ഉണ്ടാകുന്നില്ല.

പാമ്പിനെക്കുറിച്ചുള്ള പേടി മാറ്റിവയ്ക്കുക എന്നതാണ് ആദ്യം വേണ്ടത്. രണ്ടാമത് മുൻകരുതലുകൾ എടുക്കുക എന്നതാണ്. ആ മുൻകരുതലുകളിൽ ഏറ്റവും പ്രധാനം, നമ്മൾ വലിയതുക മുടക്കി വീടുകൾ വയ്ക്കാറുണ്ടെങ്കിലും വീടിലേയ്ക്ക് അകത്തേയ്ക്ക് പ്രവേശിക്കാനുള്ള ഈ വെന്റിലേറ്ററിലും ജനലുകളിലുമൊക്കെ ഒരു നെറ്റ് അടിക്കുക എന്ന കാര്യം ചെയ്യാറില്ല. വീടിന്റെ ബാഹ്യസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ ഇത്തരം സൗകര്യങ്ങളുടെ കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കുകയില്ല. കൊതുക് കയറാതിരിക്കാനും മറ്റു പ്രാണികൾ കയറാതിരിക്കാനും, മഴ വരുമ്പോൾ ഈയൽ പോലുള്ള പ്രാണികൾ കയറാതിരിക്കാനും എല്ലാം ഇത്തരം നെറ്റുകൾ നല്ലതാണ്. ഈ നെറ്റിന് അധികം ചെലവ് വരാറില്ല. പക്ഷെ നമ്മൾ ചെയ്യാറില്ല. അങ്ങനെ ഒരു നെറ്റ് ചെയ്താൽ തന്നെ വീട്ടിനുള്ളിലേയ്ക്കു ഇഴജന്തുക്കൾ കയറാനുള്ള സാധ്യത ഇല്ലാതാകും.

പിന്നെ രണ്ടാമതായി നമ്മുടെ വീട്ടിനുള്ളിൽനിന്നും പുറത്തേയ്ക്കുള്ള ദ്വാരങ്ങൾ - എക്സ്ഹോസ്റ്റ് ഫാൻ വച്ചിട്ടുണ്ടെങ്കിൽ അതിന് ഒരു ദ്വാരമുണ്ട്. അതെല്ലാം അടയ്ക്കുക. അതെല്ലാം നെറ്റ് വച്ചുതന്നെ അടയ്ക്കാൻ പറ്റും. വലിയ ചിലവ് വരുന്ന കാര്യമല്ല. മൂന്നാമത് നമ്മുടെ ഓവുകൾ - അതിലൂടെ പാമ്പുകൾ വീടുകളിലേയ്ക്ക് കയറാനുളള സാധ്യതയുണ്ട്. എലി കയറും പോലെ പാമ്പു കയറാം. അവിടെ ഓവിൽ നിന്നും പുറത്തേയ്ക്ക് പോകുന്ന , നമ്മൾ ഓവിന്റെ മുകളിൽ കുളിമുറിയിലാണെങ്കിൽ ഓവിന്റെ മുകളിൽ ഒരു ഷീൽഡ് ഇട്ട് വെള്ളം അരിച്ചാണ് താഴേയ്ക്ക് പോകുന്നത്. ഓവ് വീടിന്റെ അറ്റത്ത് ഒരു തുണ്ടായി നിൽക്കാതെ കുറച്ച് ദൂരെ കുഴൽ വഴി കൊണ്ടുപോയി ഒഴുക്കുക. അത്രയും ദൂരെ പാമ്പ് കയറി വരുകയില്ല. വന്നാൽത്തന്നെ ഇങ്ങേയറ്റം നമ്മൾ അടച്ചു വച്ചിട്ടുണ്ട്. ഇത്രയും ചെയ്താൽ തന്നെ വീട്ടിൽ പാമ്പ് കയറുക എന്ന സാധ്യത നിങ്ങൾക്ക് ഒഴിവാക്കാം.

ഇത് ഓടിട്ട വീടാണ്. സാധാരണ ഓടിട്ട വീടിന്റെ ഉത്തരത്തോട് ചേർന്ന് ഒരു ഗ്യാപ്പ് കാണും അതും നെറ്റ് വച്ച് അടയ്ക്കുക. ഇവിടെ ഞങ്ങൾ അങ്ങനെ അടച്ചിരിക്കുകയാണ്. ഇങ്ങനെയൊക്കെ ചെയ്താൽ വീട്ടിലേയ്ക്ക് ഇത്തരം ജീവികൾ കടക്കുന്ന സാധ്യത ഒഴിവാക്കാൻ സാധിക്കും. പിന്നെ ചിന്തിക്കേണ്ടത് എപ്പോഴാണ് പാമ്പ് വരുന്നത് എന്നാണ്. ഇങ്ങനെ കാട് വച്ച് ജീവിക്കുന്നവരുടെ വീട്ടിലല്ല പാമ്പ് വരുന്നത്. എന്റെ അനുഭവത്തിൽ എന്റെ സിറ്റിയിലുള്ള വീട്ടിൽ മൂന്നാലു പ്രാവശ്യം പാമ്പ് വന്നിട്ടുണ്ട്. എന്റെ സുഹൃത്തുക്കളുടെ പലരുടെയും സിറ്റിയിലുള്ള വീട്ടിൽ പാമ്പ് വന്നിട്ടുണ്ട്. കാരണം വീടിന്റെ ചുറ്റുഭാഗവും ടൈലിട്ട് വൃത്തിയാക്കി വച്ചിട്ടുണ്ട്. പാമ്പിനിരിക്കാൻ സ്ഥലമില്ല. ഇവിടെ ഈ മതിൽ കെട്ടുന്ന സമയത്തും പിന്നെ ഈ വീടിന്റെ ഫൗണ്ടേഷനിൽ പോലും ഒരുഭാഗം മാത്രമേ തേച്ച് അടച്ചിട്ടുള്ളൂ. ബാക്കി സ്ഥലത്ത് ദ്വാരം കിടക്കുകയാണ്. അപ്പോ പാമ്പു വേണമെങ്കിൽ അതിന്റെ സ്ഥലത്ത് ഇരുന്നോളും ഭക്ഷണം കഴിക്കും പൊയ്ക്കോളും, അത്രേ ഉള്ളൂ.

ഇന്നുവരെ പാമ്പ് ആരെയെങ്കിലും അവിടെ നിൽക്കെടാ എന്നു പറഞ്ഞ് അങ്ങോട്ട് ചെന്ന് കടിച്ചത് നിങ്ങൾ കേട്ടിട്ടുണ്ടോ. നമ്മുടെ ലോജിക് വച്ച് ചിന്തിക്കുക. മൂർഖനും രാജവെമ്പാലയും, അവയ്ക്കാണ് പത്തി ഉള്ളത്. മനുഷ്യനു മുഖാമുഖം നിൽക്കുന്നത് അവയാണ്. ബാക്കിയുള്ളവ ഒരു അനക്കം കേൾക്കുമ്പോൾ ഓടിപ്പോകുകയാണ് ചെയ്യുക. നിൽക്കുന്ന പാമ്പ് ചീറ്റുകയാണ് ചെയ്യുന്നത്, ചീറ്റുന്നതിന് അർത്ഥം നീ എന്റെ പരിധിയിൽ കടന്നിരിക്കുന്നു പുറത്ത് പോകണം എന്നാണ്. അല്ലാതെ പാമ്പ് അപ്പോഴും നിങ്ങളെ കടിക്കുന്നില്ല. അതിന് കടിക്കാവുന്ന അകലത്തിൽ, തല നീട്ടിയിരിക്കുന്നിടത്ത് നമ്മളെത്തുമ്പോഴാണ് കടിക്കുന്നത്. അബദ്ധത്തിൽ പോലും ആ പരിധിയിൽ പാമ്പിനടുക്കൽ ചെല്ലാതിരിക്കുക. നിലത്തു നിന്നുള്ള വൈബ്രേഷൻ കിട്ടിയാൽ ഒരുമാതിരിപ്പെട്ട എല്ലാ പാമ്പും ഓടിപ്പോകും. അണലി ഇത്തിരി മടിയനായതിനാൽ അവിടെ കിടക്കും. നമ്മൾ ടോർച്ചും മറ്റു ലൈറ്റുകളും ഉപയോഗിക്കുക. അല്ലാതെ ഇതിനെ പേടിക്കേണ്ട കാര്യമില്ല.

ഇതിനേക്കാൾ നമ്മൾ പേടിക്കേണ്ടത് തെരുവ് പട്ടികളെയും പൂച്ചയെയും, കുരങ്ങനെയും ഒക്കെയാണ്, അവ ഇതിനേക്കാൾ അപകടകാരികളാണ്. പാമ്പിനെക്കുറിച്ച് തലമുറകളായി ഉള്ള സങ്കൽപമാണ്. നമ്മളെ പറഞ്ഞ് പേടിപ്പിച്ച് വച്ചിരിക്കുകയാണ്. ഇവിടെ ഒരു സംവിധാനം കൂടിയുണ്ട്. ഈ വീടിനു ചുറ്റും വെള്ളം നിർത്തിയിട്ടുണ്ട്. വെള്ളം നിർത്തിയത് ഞാൻ പോണ്ടിച്ചേരിയിൽ നിന്നും കണ്ടുപിടിച്ച ഒരു മോഡലാണ്. അവിടത്തെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ വെള്ളം നിർത്തിക്കഴിഞ്ഞാൽ പാമ്പ് അതിലൂടെ വരികയില്ല എന്നാണ്. പക്ഷെ പാമ്പ് വെള്ളത്തിൽ കൂടി നീന്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും ഉറുമ്പ് കയറുകയില്ല, ചെറിയ ജീവികളൊന്നും കയറില്ല എന്നു പറഞ്ഞതുകൊണ്ട് വീടിനു ചുറ്റും വെള്ളം നിർത്തിയിരിക്കുകയാണ്. നിങ്ങൾക്കിത് പരീക്ഷിക്കാം.

ചേരയാണ് സാധാരണ വെള്ളത്തിൽ കൂടി നീന്തുന്നത്. മറ്റു പാമ്പുകളൊന്നും തന്നെ വെള്ളം കടന്ന് വീട്ടിൽ കയറാം എന്നൊന്നും വിചാരിക്കുകയില്ല. ഇനി വരാനാണെങ്കിലും അവിടെ നെറ്റ് ഉണ്ട്. നമ്മൾ ആലോചിക്കേണ്ടത് ലോജിക്കലി എത്രയാളുകളെ പാമ്പ് ആക്രമിച്ച് കടിച്ചിട്ടുണ്ട് എന്നാണ്. ഒന്നു കണക്കെടുത്താൽ നമുക്ക് മനസ്സിലാകും ഇതത്ര അപകടമുള്ള സംഗതിയല്ല എന്ന്. ഈ ലോജിക് ഞാൻ ഒരിക്കൽ ഭാര്യയോട് പറഞ്ഞപ്പോ ഭാര്യ പറഞ്ഞത് നിങ്ങളുടെ ലോജിക് പെർഫെക്ട് ആണ്, പക്ഷെ പാമ്പിന് ഇത്ര ലോജിക് ഉണ്ടോ എന്നറിയില്ല എന്നാണ്. നിങ്ങളും ചിലപ്പോ അതാകും പറയാൻ പോകുന്നത്.

എങ്കിലും ഓർമ്മിക്കുക നമ്മളൊരു വീടു വയ്ക്കുമ്പോൾ മിനിമം ചില കാര്യങ്ങൾ - ഈ നെറ്റടിക്കുക പോലുള്ള കാര്യങ്ങൾ ചെയ്താൽ ധൈര്യമായി വീടിനു ചുറ്റും കാട് വച്ചു പിടിപ്പിക്കാം. തീരെ കൊച്ചുകുട്ടികൾ ഉള്ള സ്ഥലമാണെങ്കിൽ അവർ ഈ കാട്ടിൽ കയറും എന്നൊക്കെ ആണെങ്കിൽ കാടിനു ചുറ്റും നെറ്റ് കൊണ്ടു വേലി കെട്ടുക, അതിനുശേഷം കിണറിനു ഉപയോഗിക്കുന്ന വലകൊണ്ട് വേലിയ്ക്കു ചുറ്റും വല കെട്ടുക. വലയ്ക്കുള്ളിലുടെ പാമ്പിനെ അപ്പുറത്തേയ്ക്കോ ഇപ്പുറത്തേയ്ക്കോ കടക്കാൻ പ്രയാസമായിരിക്കും. കടക്കാൻ ശ്രമിച്ചാൽ അതിൽ കുടുങ്ങും. വീടിനുമുന്നിൽ കാട് വയ്ക്കുമ്പോൾ മനസമാധാനത്തിനു വേണ്ടി ഇങ്ങനെ ഒരു വല കെട്ടാവുന്നതാണ്. കിണറിനു ചുറ്റും ഇടുന്ന വല വാങ്ങി അതിനു ചുറ്റും കെട്ടിയാൽ മതി. അങ്ങനെ ഈ പ്രശ്നം പരിഹരിക്കാൻ പറ്റും.