ഞാനിപ്പോൾ നിൽക്കുന്നത് കനകക്കുന്നിലെ മിയാവാക്കി ഫോറസ്റ്റിനു നടുക്കാണ്. ഇതൊരു കാടായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നമ്മൾ ഈ ചെടികൾ നടുന്നത് 2019 ജനുവരി 2 ാം തീയതിയാണ്. ഇന്നിപ്പോൾ 2020 മേയ് 10 ാം തീയതി ആണ്. 14 മാസമാണ് കഴിഞ്ഞിരിക്കുന്നത്. ഈ 14 മാസത്തിനിടയിൽ ഇവിടെയുണ്ടായ മാറ്റങ്ങൾ നോക്കാം. ഇത് ഞങ്ങൾ അന്നു നട്ട പഞ്ഞിമരമാണ്. ഇതിന്റെ ചുവട് 151 സെ.മി ആണ്. ഉയരം ഏകദേശം 9 മീറ്ററിൽ കൂടുതലുണ്ട്, അഥവാ 31 അടിയോളം ഇതിന് ഉയരമുണ്ട്. ഒരു ഡ്രോൺ ഉപയോഗിച്ചാണ് ഇതിന്റെ പൊക്കം കൃത്യമായിട്ട് അളന്നത്.

അവിടെ നിൽക്കുന്ന മരം അതിന്റെ ചുവട് 53 സെ.മി ഉണ്ട്. അതായത് അര മീറ്ററിൽ അധികമാണ് അതിന്റെ ചുറ്റളവ്. അതിന്റെയും പൊക്കം 9 മീറ്ററിൽ കൂടുതലാണ്, 20 സെ. മി കൂടുതൽ വണ്ണമുളള ഒരുപാട് മരങ്ങൾ ഇവിടെ നിൽപ്പുണ്ട്. ഇവിടെ വന്ന മൂന്ന് പ്രധാന മാറ്റങ്ങൾ, ഒന്ന് ഈ മരങ്ങളുടെ വളർച്ച തന്നെയാണ്. രണ്ടാമത്തെ മാറ്റം ഇതിനകത്ത് വലിയ ഒരു തേനീച്ച കൂട് വന്നിരിക്കുന്നു. അതിന് വളരെ സൗകര്യമായിട്ട് ഇരിക്കാവുന്ന ഒരു സ്ഥലം എന്നുള്ള രീതിയിലാണ് തേനീച്ച കൂട് വെച്ചിരിക്കുന്നത്. വേറെ ഒരുപാട് ചെറിയ ചെറിയ പ്രാണികളും ചിത്രശലഭങ്ങളുമൊക്കെ ഇവിടെയുണ്ട്.

ഒരു മൂങ്ങ കുറച്ചു ദിവസമായിട്ട് ഇവിടെ ഇരിപ്പുണ്ട്. സാധാരണ മൂങ്ങ പൊക്കമുള്ള മരത്തിലിരിക്കുന്നതാണ് കണ്ടിട്ടുള്ളത്. ഇവിടെ പക്ഷെ ഒരു എട്ട്, ഒൻപതടി പൊക്കത്തിലാണ് ഇത് ഇരിക്കുന്നത്. ഒരുപക്ഷെ ബാഹ്യമായ ശല്യങ്ങളൊന്നും ഇല്ലാത്തതു കൊണ്ടായിരിക്കാം ഇവിടെ ഇരിക്കുന്നത്. അതും ഇവിടെ ഒരു കാടാകുന്നതിന്റെ ലക്ഷണമായിട്ട് കൂട്ടാം.

കൂടാതെ ഇവിടെ പല മരങ്ങളും കായ്ച്ചു കഴിഞ്ഞു. സാധാരണഗതിയിൽ 14 മാസത്തിൽ ഈ വലിയ മരങ്ങൾക്കൊന്നും കായ് വരില്ല. ഇവിടെ പക്ഷെ നേരത്തെ ഞങ്ങൾ കാണിച്ച പോലെ പൂവരശ്ശിനു കായ് വന്നു. പുളിയറക്കോണത്തെ ഫോറസ്റ്റിലാണെങ്കിൽ രണ്ടു വർഷം കൊണ്ട് അത്തിക്കു കായ് വന്നു. ഒരു നോനി. അങ്ങനെ ചെറിയ ചെറിയ കുറെ ചെടികൾ ഇവിടെ കായ്ച്ചു. ഈ വിത്തുകൾ കുറെയൊക്കെ പക്ഷികൾ തിന്നും. ബാക്കിയൊക്കെ ഇവിടെത്തന്നെ വീഴും. പുതിയ ചെടികൾ കിളിർക്കാൻ അത് കാരണമാകും. അങ്ങനെ ഫോറസ്റ്റിന്റെ സ്വാഭാവികമായ പ്രജനനം അല്ലെങ്കിൽ വർദ്ധനവ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

ഇവിടെ ചില മരങ്ങൾ മറിഞ്ഞു കിടപ്പുണ്ട്. ഈ മറിഞ്ഞു കിടക്കുന്ന മരങ്ങളിൽ നിന്ന് പുതിയ മുളകൾ നേരെ മുകളിലേക്ക് വരുന്നുണ്ട്. ഒരു മരം മറിയുമ്പോൾ അവിടെ ഒരു വിടവ് ഉണ്ടാകുമെങ്കിലും ആ വിടവ് കവർ ചെയ്യാനുള്ള ചെടികൾ ഇവിടെ തന്നെ വളർന്നു വരുന്നുണ്ട്. ആ മരത്തിൽ നിന്നു തന്നെ ശാഖകൾ വളർന്നു വരുന്നുണ്ട്. അതുപോലെ ഇവിടെ ചെടികൾ വെച്ചപ്പോൾ ചെയ്ത ഒരു മണ്ടത്തരമാണ് കല്ലുവാഴ (കാട്ടിൽ വളരുന്ന തരം വാഴ) വെച്ചത്. ഇവിടെ വലിയൊരു ഏരിയ ആ വാഴ കാരണം മറഞ്ഞിരിക്കുകയായിരുന്നു. അതിന്റെ ചുവട്ടിൽ നിന്ന ചെടികൾക്കു പലതിനും അത്ര വളർച്ച കിട്ടിയിട്ടില്ല. ഇപ്പോൾ വാഴ കുലച്ചു ഇനിയിപ്പോൾ വാഴ ഇവിടന്നു പോകും. വാഴ പോയിക്കഴിയുമ്പോൾ ഉള്ള വിടവിലേക്ക് മറ്റു മരങ്ങളിൽ നിന്ന് ചില്ലകൾ പൊട്ടി സ്വാഭാവികമായിട്ട് തന്നെ ഉണ്ടാകുന്നുണ്ട്. അടുത്ത ഒരു വർഷം കൊണ്ട് ഈ വിടവെല്ലാം അടഞ്ഞ് വീണ്ടും ഇത് കാടായിട്ട് മാറും. ഒരു സ്വാഭാവിക വനത്തിന്റെ വളർച്ചയുടെ രീതി ഇതാണ്.