ഇത് തിരുവല്ലയിൽ സർപ്പക്കാവിനടുത്ത് നമ്മൾ വച്ച ഒരു വനമാണ്. 2019 ജൂൺ മാസത്തിലാണ് ഇത് വയ്ക്കുന്നത്. രണ്ടു വർഷമായി. സാധാരണഗതിയിൽ ഉണ്ടാകുന്ന വളർച്ച ഇതിനുണ്ടായിട്ടില്ല. അതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായിട്ടുള്ളത്. ഒന്ന് സർപ്പക്കാവിലെ മരങ്ങൾ നന്നായി വളർന്നു നിൽക്കുന്നതാണ്. അവിടെ ശരിക്കും വെയില് കിട്ടുന്നില്ല. ഇതിന്റെ തെക്കുവശത്തു നിന്നും പടിഞ്ഞാറ് വശത്തുനിന്നും വെയിലു വരാൻ സാധ്യത കുറവാണ്. കിഴക്കുവശത്തും വടക്കുവശത്തും നിന്നും സാധ്യത കുറവാണ് കാരണം അവിടെ ഒരു ഭാഗത്തു വീടിന്റെ മറവുണ്ട്. പിന്നെ ഇവിടെ കുറെ മരങ്ങളും ഉണ്ട്. കുറെ മരങ്ങൾ വന്നു മൂടിക്കഴിഞ്ഞാൽ കാവിനെ ഇങ്ങോട്ട് എക്സ്റ്റന്റ് ചെയ്യാം എന്നാണിവിടെ ഉദ്ദേശിച്ചത്. ഏകദേശം 5 സെന്റായി ഈ കാവ് മാറുന്ന പദ്ധതി ആണ് ചെയ്തത്. ഇതിൽ കുറച്ച് മരങ്ങൾ മുള പോലുള്ളവ വളർന്നിട്ടുണ്ട്. പിന്നെ ഇവിടത്തെ മണ്ണിന്റെ പ്രത്യേകത - പത്തനംതിട്ട ആലപ്പുഴ ജില്ലയുടെ ബോർഡർ ആണിത്. ഇവിടെ പഞ്ചസാര മണലാണ്. പക്ഷെ ഈ മണലിൽ ആലപ്പുഴയിലൊക്കെ മരം വച്ചപ്പോൾ വളർന്നു. ഇവിടെയുള്ള അനുകൂലമല്ലാത്ത ഒരു ഘടകം വെയിലിന്റെ ഇഷ്യു തന്നെയാണ്. ഇവിടെ ആവശ്യത്തിന് വെയില് കിട്ടുന്നില്ല.

ഇത് പരിചയപ്പെടുത്താനുള്ള പ്രധാന കാരണം ഇവിടെ നമ്മൾ മരം വച്ച സമയത്ത് സാധാരണ ഒരു സ്ക്വയർ മീറ്ററിന് നാല് മരം വയ്ക്കുന്ന സ്ഥാനത്ത് ഒരു സ്ക്വയർ മീറ്ററിൽ രണ്ട് മരങ്ങൾ മാത്രമാണ്. കാരണം ഇത് കാവിനോട് ചേർന്ന സ്ഥലമായതു കൊണ്ടും വീടിനോട് ചേർന്ന സ്ഥലമായതു കൊണ്ടും മനുഷ്യനു പ്രയോജനം ഉള്ള കുറച്ച് പഴങ്ങൾ ഉണ്ടാകുന്ന മരങ്ങൾ വയ്ക്കാം എന്ന പ്രതീക്ഷയിൽ നമ്മൾ അളവ് കുറച്ച്, നാല് മരങ്ങൾ വയ്ക്കുന്ന സ്ഥാനത്ത് രണ്ട് മരങ്ങളാണ്, നാല് ചെടികൾക്കു പകരം രണ്ട് ചെടികളാണ് ഒരു സ്ക്വയർ മീറ്ററിൽ വച്ചത്. ഇപ്പോ സംഭവിച്ചത് ഒന്ന് വളർച്ച കുറവാണ്, രണ്ട് മുളപോലുള്ള അധിനിവേശ സസ്യങ്ങൾ, അഗ്രസീവായി വളരുന്ന ചില ചെടികൾ മാത്രം നന്നായി വളർന്നിട്ടുണ്ട്. ഒരു യൂണിഫോം വളർച്ച ഇതിന് കിട്ടിയിട്ടില്ല.

സാധാരണ നമ്മളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. മരം ഉള്ളിടത്ത് മിയാവാക്കി മരം വച്ചാൽ എങ്ങനെയിരിക്കും എന്ന്. മരങ്ങൾ ഉള്ള സ്ഥലത്ത് മരം വെട്ടിമാറ്റാതെ വച്ചാൽ ഇതാണ് സംഭവിക്കുക. വളരും, പക്ഷെ സാധാരണ നമ്മൾ തുറസായ സ്ഥലത്തു വയ്ക്കുന്ന മിയാവാക്കി വനത്തിന്റെ വളർച്ച ഇതിന് കിട്ടില്ല. ഇതിനകത്തേയ്ക്ക് പോയി നോക്കാം. ഒരു വനത്തിന്റെ ഫീൽ ഉണ്ടാക്കാനും ഇതിന് പറ്റുന്നുണ്ട്. ഭാവിയിൽ ഇതൊരു വനമായും മാറും. പക്ഷെ മറ്റ് സ്ഥലങ്ങളിൽ വയ്ക്കുന്ന വനത്തിന്റെ വളർച്ച കിട്ടുന്നില്ല.

അകത്ത് കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ച പോലത്ര മോശമല്ല. കാര, പാരിജാതം, ഇത് നമ്മുടെ നാഗലിംഗം ആണെന്നാണ് തോന്നുന്നത്. അതിന്റെ തൈ ആണ്. പ്ലാവ്, ആത്ത, ഞാവൽ, ആര്യവേപ്പ്, കടമ്പ് -അതിന്റെ ഇല തേക്കിന്റെ ഇല പോലെ ആയിട്ടുണ്ട്. അതിനകത്ത് നിൽക്കുന്ന ഇല കണ്ടോ. അവിടെ ഒരു ആഞ്ഞിലി വളരുന്നുണ്ട്, പ്ലാവ് ഉണ്ട്. ഇത് നെല്ലിയാണ്. ഇവിടെ വേണ്ടപോലെ മെയ്ന്റനൻസ് ചെയ്തിട്ടില്ല. അതിന്റൊരു പ്രശ്നമുണ്ട്. കമ്പൊക്കെ വച്ച് കെട്ടാത്തതു കൊണ്ട് ഉങ്ങൊക്കെ താന്നുപോയി. ഇത് കൊക്കൊയാണ്. ഇത് വഴനയാണ്. ഇത് പ്ലാശാണ്, അതിന് സാമാന്യം നല്ല വളർച്ചയുണ്ട്. കുറെ വ്യത്യസ്ത ഇനം ഇവിടെ വളരുന്നുണ്ട്. ഇതിനിടയ്ക്ക് പാവലൊക്കെ വന്നത് ചാണകപ്പെടി ഇടുമ്പോൾ അതിൽ നിന്നും വളരുന്നതായിരിക്കാം. ഇവിടെ ഇടയ്ക്കുള്ള ഒത്തിരി ചെടി നശിച്ചു പോയിട്ടുണ്ട്. മറ്റു ചെടികൾ വേണ്ട വളർച്ചയും കിട്ടിയിട്ടുമില്ല അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സപ്പോട്ടയൊക്കെ ഇവിടെ നിൽപ്പുണ്ട്.

അതു പോലെ ഒരു പ്രശ്നം ദാ ഈ വേങ്ങ അത് വളരെയധികം വളർന്നു. അമിതമായി വളരുന്നവയെ ഒന്നു കട്ട് ചെയ്തില്ലങ്കിൽ ഒരുപോലെ വളരാനുള്ള സാഹചര്യം ഇല്ലാത്തപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരും. നീല പേര, കറിവേപ്പ് ഇതൊക്കെ വളരുന്നുണ്ട്. ഇവിടെ കുറെയധികം ചെടികൾ നശിച്ചു പോയിട്ടുണ്ട്. അതിനു കാരണം വള്ളി കയറി ചുറ്റിയിട്ടാണെന്നു തോന്നുന്നു. ആ വശത്തേയ്ക്ക് നോക്കിയാൽ അവിടെയാണ് സർപ്പക്കാവ്. ഈ കാവ് ഇവിടെ ഉള്ളതുകൊണ്ട് അതിന്റെ തെക്കുവശമാണിത് അവിടന്നും വെളിച്ചം കിട്ടുന്നില്ല. പടിഞ്ഞാറു വശത്തുനിന്നും വെളിച്ചം കിട്ടുന്നില്ല. കിഴക്കുവശത്തും ഏകദേശം കാവുപോലെ മരങ്ങൾ നിൽക്കുകയാണ്. ഇവിടെ മരങ്ങൾ ധാരാളമായിട്ടുള്ള ഒരു പറമ്പാണിത്. അത് കൊണ്ട് മരങ്ങൾ വളരുന്നില്ല.

ഇതിനകത്ത് നോക്കിയാൽ മറ്റുള്ളവയെ അപേക്ഷിച്ച് അധികം സാന്ദ്രതയില്ല, ഇവിടെ വളരെ കുറച്ച് ചെടികളാണ് വച്ചത്. കുറച്ച് ചെടികൾ വച്ചാൽ എന്തു സംഭവിക്കും എന്നുള്ളതിന്റെ ഒരു ഉദാഹരണമാണിത്. ഇതിൽ രണ്ടു മൂന്നുകാര്യങ്ങളാണ് ഉള്ളത്, ഒന്ന് വെയില് കിട്ടാത്തിടത്തു വച്ചാൽ ഉള്ള വളർച്ച പ്രശ്നം, രണ്ട് അധികം ചെടികൾ തിങ്ങി വയ്ക്കാത്തു കൊണ്ട് വളർച്ച മറ്റുള്ള സ്ഥലങ്ങളിലെ പോലെ കിട്ടുകയില്ല. എന്നാലും ഇടയ്ക്കും മുറയ്ക്കും നിൽക്കുന്ന ചിലവ നന്നായി വളർന്നിട്ടുമുണ്ട്. ഇത് ദന്തപാല. കാവിൽ ഒരു വിശേഷ മരം നിൽപ്പുണ്ടായിരുന്നു, അത് വെട്ടിക്കളഞ്ഞിട്ട് അതിന്റെ കുറ്റിയിൽ നിന്ന് വീണ്ടും കിളിർത്തു എന്നാണ് തോന്നുന്നത്. ഇത് കടമരം എന്നാണ് പറയുന്നത്. ഇത് വളരെ കട്ടിയുള്ള ഒരു മരമാണ്. അത് വെട്ടിയിട്ടും അതിന്റെ തണ്ടിൽ നിന്നും വീണ്ടും കിളിർത്തു വരുകയാണ്. കുറച്ചു കഴിയുമ്പോ അത് വലിയ മരമായി മാറിക്കോളും. ഈ കവുങ്ങൊക്കെ ഇവിടെ ആരും വച്ചതായിരിക്കില്ല, വവ്വാലൊക്കെ അകത്ത് കൊണ്ട് വന്ന് അടയ്ക്ക ഇട്ടിട്ട് കിളിർക്കുന്നതായിരിക്കും. അങ്ങനെയുള്ള സാധനങ്ങളും ഇവിടെ വരും. കേരളത്തിലെ വനങ്ങളുടെ ഒരു പ്രത്യേകത ആണിത്.

നമ്മൾ യൂറോപ്പിലൊ ജപ്പാനിലോ മറ്റോ പോയാൽ അവിടെ റബ്ബർത്തോട്ടങ്ങൾ പോലെയാണ് വനങ്ങൾ നിൽക്കുക. വള്ളിച്ചെടി പോലുള്ളവ അധികം കാണാറില്ല. ചുവട്ടിലുള്ള ലെയർ കാണാറില്ല. ഇവിടെ പക്ഷെ ചെടികളോളം തന്നെ വള്ളിച്ചെടികളും ചെറുകായ്കൾ ഉണ്ടാകുന്ന സാധനങ്ങളും എല്ലാം വളർന്ന് ഇവിടെ മൂടി കാടും പടർപ്പുമായി മാറും, നമുക്ക് അതിനിടയ്ക്ക് നടക്കാനൊന്നും പറ്റില്ല. മറ്റേത് അങ്ങനെ അല്ല, വനം കാണാൻ നല്ല ഭംഗിയാണ്. വനം ഒരു തോട്ടം പോലെയാണ് നമുക്ക് അതിനിടയിൽ കൂടി നടക്കാൻ പറ്റും. ഞാൻ കണ്ടിട്ടുള്ളവയൊക്ക അങ്ങനെയായിരുന്നു. മരങ്ങളെല്ലാം ഉണ്ട് പക്ഷെ അവ കാര്യമായി വളരുന്നില്ല എന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്. പക്ഷെ ഈ സർപ്പക്കാവിന്റെ പരിസരത്ത് ഇതേ പറ്റുകയുള്ളു. ഇനി സംഭവിക്കാൻ പോകുന്നത് ഇതിന്റെ സാന്ദ്രത കുറവായതിനാൽ ഇത് വളരും. പക്ഷെ മറ്റു സ്ഥലങ്ങളിലെ പോലെ ഇടതൂർന്ന ഒരു മിയാവാക്കി വനമായിരിക്കില്ല. പക്ഷേ ഒന്നോ രണ്ടോ വർഷം കഴിയുമ്പോ ഈ മരങ്ങളെല്ലാം മുകളിലേയ്ക്ക് കയറിയിട്ട് ഇവിടെ വള്ളികളൊക്കെ കൊണ്ട് മൂടും, പക്ഷികളൊക്കെ കായ് ഇട്ട്, വിത്ത് ഇട്ട് ഇതിൽ പുതിയ ചെടികളൊക്കെ കിളിര്ക്കും. അങ്ങനെ ഇത് സര്പ്പക്കാവിന്റെ എക് സ്റ്റൻഷനായി മാറും. ഈ കാവിൽ നിൽക്കുന്ന മരങ്ങളുടെ വിത്തുകളൊക്കെ ഇവിടെ വീണ് കിളിർത്ത് നമ്മൾ കൊണ്ട് വച്ച സസ്യങ്ങളല്ലാതെ മറ്റ് സ്വാഭാവിക സസ്യങ്ങളും വള്ളിയുമൊക്കായിട്ട് ഇത് കാടായിമാറും. സാധ്യമാണ്, പക്ഷെ വളർച്ചാ നിരക്ക് താരതമ്യേന കുറവായിരിക്കും. ഇപ്പോഴാണ് ഇങ്ങനെയൊരു എക്സ്പീരിയൻസ് ഉണ്ടാകുന്നത്, അതുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം ഇപ്പോൾ മനസ്സിലാകുന്നതും.