കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളൊക്കെ വീട്ടിലിരിക്കുന്ന സമയമാണ്. കേരളം ഭക്ഷ്യ സ്വയംപര്യാപ്തത നേടണം എന്ന കാര്യത്തിൽ ഒരുപാട് ചർച്ച വരുന്നണ്ട്. അത് ആവശ്യവുമാണ്. ഇപ്പോൾ നമുക്ക് ചരക്ക് ലോറികളൊക്കെ കേരളത്തിന് പുറത്തു നിന്ന് വരുന്നുണ്ട്. നാളെ ഈ ചരക്ക് ലോറികൾ വരാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും? നമ്മൾ സ്വയം ഭക്ഷണം ഉണ്ടാക്കണം എന്നാണ് സമൂഹം മൊത്തത്തിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. അത് നല്ല കാര്യവുമാണ്.

പക്ഷെ അതിനപ്പുറം ഒരു കാര്യമുണ്ട്. ഈ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങളുടെ രുചി, ഒരു ഉദാഹരണം പറഞ്ഞാൽ ഇവിടെ പൈനാപ്പിൾ ഉണ്ടാകുന്നുണ്ട് - കൈതച്ചക്ക. ചില നാട്ടിലതിന് ശീമച്ചക്ക എന്നു പറയും. ഞങ്ങളുടെ നാട്ടിൽ ഇതിന് കൈതച്ചക്ക എന്നാണ് പറയുന്നത്. കൈതയിൽ ഉണ്ടാകുന്ന ചക്ക. മലയാളികൾക്ക് ഇപ്പോൾ പൈനാപ്പിൾ എന്നു പറയുന്നതാണ് മനസ്സിലാക്കാൻ എളുപ്പം എന്ന അവസ്ഥയാണ്. ഈ പൈനാപ്പിൾ ഉണ്ടായിക്കഴിയുമ്പോൾ ഇവിടെ മരപ്പട്ടി വരും, പെരുച്ചാഴി വരും, വേറെയും ഒരുപാട് ജീവികൾ വരും. അവന്റെ കൈയ്യിൽ നിന്ന് ഇത് കിട്ടാനായിട്ട് ഞങ്ങൾ ചെയ്യുന്നത് എന്താന്നു വച്ചാൽ കടകളിലൊക്കെ മുട്ടായി ഇട്ടു വയ്ക്കുന്ന പ്ലാസ്റ്റിക്ക് ഭരണി ഇതിന്റെ പുറത്ത് കമഴ്ത്തുകയാണെങ്കിൽ അവൻമാർ ഇത് കേറി കടിച്ചു മുറിക്കാതിരിക്കും. പൈനാപ്പിൾ അതിനകത്ത് വളർന്നു നിൽക്കും.

സാധാരണ ഗതിയിൽ വരുന്ന പൈനാപ്പിളിൽ വിഷം വളരെ കൂടുതലായിരിക്കും. ഫ്യൂറിഡാൻ പോലുള്ള സാധനം ഇതിന് കേടു വരാതിരിക്കാനായിട്ട് വലിയ തോതിൽ ഇവ കൃഷി ചെയ്യുന്ന സ്ഥലത്ത് വെക്കാറുണ്ട്. മൂവാറ്റുപുഴ പോലുള്ള സ്ഥലത്തൊക്കെ, ഇത് കൃഷി ചെയ്യുന്നിടത്ത് പറിക്കുന്നത് ആയിരക്കണക്കിന് ചക്കയാണ്. ഇത് പറിച്ച് അവിടെ കൂട്ടിയിട്ട്, രണ്ടു ദിവസം കഴിയുമ്പോൾ ഒരു മാർക്കററിലേക്ക് വരും. ആ മാർക്കറ്റിൽ നിന്ന് രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ നമ്മൾ വാങ്ങിക്കും, വീട്ടിൽ കൊണ്ടു വന്നാൽ അന്നു തന്നെ കഴിക്കില്ല, ചിലപ്പോൾ അന്നു കഴിക്കും, അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞായിരിക്കും. അപ്പോഴേക്കും സംഭവിക്കുന്നത് എന്താന്നു വെച്ചാൽ വിളഞ്ഞു മഞ്ഞനിറം ആയിത്തുടങ്ങുന്ന ചക്കയാണ് നമ്മൾ പറിക്കുന്നത്. പക്ഷെ പിന്നെ അത് ഉണങ്ങിയാണ് പഴുക്കുന്നത്. അതായത് ഈ പറിച്ച സാധനം കുറച്ച് ദിവസം ഇരുന്നു വാടിപ്പഴുക്കുകയാണ്. അതേ സമയം ഇത് ചെടിയിൽ നിൽക്കുമ്പോൾ തന്നെ പറിക്കുകയാണെങ്കിൽ ചിലപ്പോൾ പുറമെ പച്ച നിറം ആണെങ്കിൽ പോലും നല്ല വിളഞ്ഞ ചക്കയാണെങ്കിൽ നല്ല മധുരം ആയിരിക്കും. അകത്ത് നല്ല മഞ്ഞനിറമായിരിക്കും.

ഒരു ഉദാഹരണം കാണിക്കാം. ഇവിടുന്ന് ഒരു പൈനാപ്പിൾ ഒടിച്ച് ചെത്തി കാണിക്കുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും. ഇതിൽ നിന്ന് വെള്ളം ഡ്രിപ്പ് ചെയ്യുകയാണ്. ഈ ചെടി പഴത്തിനകത്ത് ശേഖരിച്ചിരിക്കുന്ന വെള്ളം ആണ് പുറത്തേയ്ക്ക് വരുന്നത്. എന്നാൽ ഇത് നാല് ദിവസം കഴിഞ്ഞ് പുറത്ത് മാർക്കറ്റിലേക്ക് വന്ന് അതുവഴി നമ്മുടെ വീട്ടിലേക്ക് എത്തുമ്പോഴേക്ക് ഈ വെള്ളം മുഴുവൻ പോയിക്കഴിഞ്ഞു. പിന്നെ ഇത് വാടിപ്പഴുക്കുമ്പോൾ മധുരം ഉണ്ടാകുന്നുണ്ടെങ്കിലും അത് അതിന്റെ യഥാർഥ മധുരം അല്ല.

ഒരു പൈനാപ്പിളിന്റെ യഥാർത്ഥ രുചി അറിയണമെങ്കിൽ അത് ചെടിയിൽ നിന്നു പറിച്ച് കഴിക്കണം, അങ്ങനെ കഴിക്കണമെങ്കിൽ അത് നിങ്ങളുടെ പറമ്പിൽ തന്നെ ഉണ്ടാകണം. അടുത്ത പറമ്പിൽ കയറി പറിക്കാൻ കഴിയില്ല. ഇത് വലിയൊരു കാര്യമൊന്നുമല്ല, നിങ്ങൾക്ക് ഒരു ടെറസ്സ് ഉണ്ടെങ്കിൽ ആ ടെറസ്സിൽ ബക്കറ്റിൽ മണ്ണ് നിറച്ചിട്ട് വെച്ചു കഴിഞ്ഞാൽ ഈ പൈനാപ്പിൾ ഉണ്ടാകും, അതിൽ കായ ഉണ്ടാകും, പക്ഷെ നമ്മളത് ചെയ്യാൻ ഒരിക്കലും മെനക്കെടാറില്ല, പൈനാപ്പിളിന്റെ ഒരു ഗുണം എന്താന്നു വച്ചാൽ ഒരിക്കൽ നട്ടാൽ അതിന്റെ ചുവട്ടിൽ നിന്ന് പുതിയ തൈ വന്നോളും. അതിൽ കായ് ഉണ്ടായിക്കോളും, എനിക്ക് നിങ്ങളോടുള്ള അഭ്യർത്ഥന നിങ്ങളിതൊന്ന് പരീക്ഷിച്ചു നോക്കണം എന്നുള്ളതാണ്.

ഇതിന് വലിയ പാടൊന്നുമില്ല. നിങ്ങളുടെ വീട്ടിൽ ചെടിച്ചട്ടി കാണും, ഒരു ചെടിച്ചട്ടിയിൽ നന്നായിട്ട് പ്രോട്ടീൻ മിക്സ്ച്ചർ നിറയ്ക്കുക. എന്നിട്ട് നിങ്ങൾ മാര്ക്കറ്റിൽ നിന്ന് വാങ്ങിക്കുന്ന പൈനാപ്പിളിന്റെ തല ഒടിച്ചെടുത്ത് ഈ ചട്ടിയിലൊന്നു നടുക, നട്ടു കഴിഞ്ഞാൽ അത് കിളിർക്കും, കിളിർത്തു കഴിഞ്ഞാൽ എട്ടോ ഒൻപതോ മാസം കഴിഞ്ഞാൽ അത് കായ്ക്കും. അത് മറ്റു ജീവികളൊന്നും കൊണ്ടു പോകാതെ നോക്കി പൊതിഞ്ഞു കെട്ടി സൂക്ഷിച്ച് വെച്ചിട്ട് പഴുത്തു തുടങ്ങുമ്പോൾ ഒടിച്ചു കഴിച്ചു നോക്കുക. ഇതിന്റെ ഒരു ടേസ്റ്റ് നിങ്ങൾക്ക് വേറെ ഒരിടത്തും കിട്ടില്ല. നിങ്ങൾ ഹോട്ടലിലോ വേറെ എവിടെയങ്കിലുമോ കഴിക്കുന്ന പൈനാപ്പിൾ അത് ഹോട്ടലിൽ കൃഷി ചെയ്യുന്നതല്ല. അത് വേറെ ഏതോ ദൂരെ സ്ഥലത്ത് നിന്ന് വരുന്നതാണ്. അഞ്ചോ ആറോ ദിവസം യാത്ര ചെയ്തു വരുന്ന അതിന്റെ ക്ഷീണം അതിന്റെ രുചിയെയും ബാധിക്കും. നിങ്ങളിത് പരീക്ഷിച്ചു നോക്കുക.