കഴിഞ്ഞ ഒന്നു രണ്ടു എപ്പിസോഡുകളിൽ ചിലർ എന്തിനാണ് ഈ മിയാവാക്കിയുടെ പുറകെ പോകുന്നത് നമുക്കിവിടെ സർപ്പക്കാവുകൾ ഇല്ലേ, സർപ്പക്കാവുകൾ സംരക്ഷിച്ചാൽ പോരേ എന്നൊക്കെ ചോദിക്കുന്നുണ്ട്. അത് ഒന്നുകിൽ എന്താണ് മിയാവാക്കി എന്നു മനസ്സിലാകാത്തതു കൊണ്ടാണ് അല്ലെങ്കിൽ കേരളത്തിലെ സർപ്പക്കാവുകളുടെ ചരിത്രം മനസ്സിലാകാത്തതു കൊണ്ടാണ്. അതുകൊണ്ട് അതൊന്ന് വിശദീകരിക്കുകയാണ്. അതിന് ഒരുപക്ഷേ അവർക്ക് വേറെന്തെങ്കിലും വാദം കാണും. അങ്ങനെയാണെങ്കിൽ അത് നമ്മൾ കേൾക്കാൻ തയ്യാറാണ്.

കേരളത്തിൽ മുഴുവൻ ഒരുകാലത്ത് സർപ്പക്കാവുകൾ ഉണ്ടായിരുന്നു. കാവുകളും, സർപ്പക്കാവുകളും. അതിൽ ചില കാവുകൾ ഇന്നും അവശേഷിക്കുന്നു. അതിന് ഉദാഹരണമാണ് എറണാകുളത്തെ ഇരിങ്ങോൾക്കാവ്, പെരുമ്പാവൂർ ഉള്ളത്. അമ്പത് ഏക്കർ ഉണ്ടത്. തിരുവനന്തപുരത്ത് തന്നെ കുന്നത്തുകാവ് ഉണ്ട്. കണ്ണൂരിൽ ആണ്ടല്ലൂർ കാവ്. അങ്ങനെ കേരളത്തിലുടനീളം ഒരുപാട് കാവുകൾ ഇപ്പോഴുമുണ്ട്. ഇതിന്റെ എത്രയോ മടങ്ങ് കാവുകൾ ഇവിടെ ഉണ്ടായിരുന്നു. നൂറുകണക്കിന് കാവുകൾ ഇവിടെ ഉണ്ടായിരുന്നു. ഈ കാവുകൾ മുഴുവൻ വെട്ടിത്തെളിക്കപ്പെട്ടു.

എന്റെ അമ്മയുടെ വീട്ടിൽ ഒരേക്കറോ മറ്റോ ഉണ്ടായിരുന്ന കാട് ഇപ്പോൾ മൂന്നു സെന്റാണ് ഉള്ളത്. കാവിനും പൂജയ്ക്കുമായി മൂന്ന് സെന്റ് മാറ്റിയിട്ടിരിക്കുന്നു. അതുകൊണ്ട് അതവിടെ നിൽക്കുന്നു. എന്റെ സഹോദരിയുടെ വീട്ടിൽ ഒന്നര സെന്റാണ് കാവ് അവശേഷിക്കുന്നത്. ബാക്കി കാവ് അപ്പോഴപ്പോഴായി തെളിച്ച് തെളിച്ച് മിനിമം കാവായി മാറിയിരിക്കുകയാണ്. ഇവരൊക്കെ വിശ്വാസികളോ അല്ലാത്തതു കൊണ്ടോ ഒന്നുമല്ല അത് തെളിച്ചത്.

രണ്ടു മൂന്നു കാരണങ്ങളാണ് കേരളത്തിൽ കാവുകൾ ഇല്ലാതായതിന്റെ പിന്നിലുള്ളത്. ഒന്ന്, ജനസംഖ്യ കൂടി, ആളുകൾക്ക് കൂടുതൽ സ്ഥലം വേണ്ടി വന്നു. അതോടൊപ്പം തന്നെ ഭൂമിയുടെ വില വളരെയധികം വർദ്ധിക്കുകയും ചെയ്തു. അങ്ങനെ ഭൂമിയുടെ വില വർദ്ധിക്കുകയും ആളുകളുടെ എണ്ണം കൂടുകയും ചെയ്തപ്പോൾ ഈ കാവുകൾ തെളിക്കുന്നത് വളരെ സ്വാഭാവികമായി. രണ്ടാമതായിട്ട് നല്ല വില കിട്ടുമ്പോൾ പൈസ ആവശ്യം വരുമ്പോഴും ഭൂമി മറ്റാവശ്യങ്ങൾക്കായി കൊടുക്കുമ്പോഴും ഈ കാവുകൾ ഇങ്ങനെ നിലനിർത്താൻ പറ്റിയെന്നു വരില്ല. അങ്ങനെയാണ് ഈ കാവുകൾ ഇല്ലാതായത്.

ഈ കാവുകളൊന്നും വച്ചു പിടിപ്പിച്ചതായിട്ട് എനിക്ക് തോന്നുന്നില്ല. പണ്ട് ഭൂമി മൊത്തം കാടായിരുന്നല്ലോ, കേരളത്തെ കുറിച്ചുതന്നെ ഏകദേശം ആയിരം വർഷം മുമ്പുള്ള യാത്രാവിവരണങ്ങളിൽ പറയുന്നത് പറയുന്നത് ചതുപ്പുപ്രദേശം, എപ്പോഴും മഴ പെയ്തുകൊണ്ടിരിക്കും എന്നൊക്കെയാണ്. അങ്ങനെ അന്ന് നിറയെ കാടും ജീവികളും ഉണ്ടായിരുന്ന സ്ഥലം നമ്മൾ താമസിക്കാനായി തെളിച്ച് തെളിച്ച് വന്നപ്പോൾ ബാക്കിവെച്ചതായിരിക്കണം.

എന്റെ അമ്മയുടെ അച്ഛൻ മരിക്കുന്നത് 1984ലാണ്. അന്നദ്ദേഹത്തിന് 84 വയസ്സ്. ഇന്ന് ഉണ്ടായിരുന്നെങ്കിൽ 120 വയസ്. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ കോട്ടയം ടൗൺ കഴിഞ്ഞാൽ മേലോട്ടു കാടാണ്. മൂന്നാറു വരെയുള്ള മുഴുവൻ ഭാഗവും കാടാണ്. അത് തെളിഞ്ഞ് തെളിഞ്ഞ് ഇപ്പോൾ കുമളി വരെയും ടൗൺഷിപ്പായി. അല്ലെങ്കിൽ മൂന്നാർ വരെയും ടൗണ്ഷിപ്പായി. ഇതും മനുഷ്യൻ പെരുകുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക സംഭവമാണ്. ഇതുപോലെ വനം തെളിക്കുന്ന സമയത്തു കുറച്ച് കാടുകൾ കാവുകളായിട്ടും ആരാധനാലയങ്ങളായിട്ടും നിർത്തിയിരുന്നു. ആ കാവുകളും കൂടുതൽ ആളുകൾ ഉണ്ടായപ്പോൾ തെളിച്ചു. ഇതാണ് സംഭവിച്ചത്.

ഇനിയൊരു കാര്യം പാമ്പുകളെക്കുറിച്ചുള്ള പേടിയാണ്. ഈ സർപ്പക്കാവുകളിലാണ് സർപ്പം ഇരിക്കുന്നതെന്ന് പറഞ്ഞ് ആരെയെങ്കിലും എവിടെയെങ്കിലും പാമ്പുകടിച്ചെന്നറിഞ്ഞാൽ ഉടൻ കാവു വെട്ടിത്തെളിക്കുക, അല്ലെങ്കിൽ വെട്ടിച്ചെറുതാക്കുക എന്നീ സംഗതികൾ കേരളം മുഴുവൻ നടക്കുന്നുണ്ട്. അത് വളരെ തെറ്റായ സംഗതിയാണ്. കാരണം കേരളത്തിൽ പാമ്പു കടിച്ചു മരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് സാധ്യതയാണ് പട്ടി കടിച്ചു മരിക്കാനായി ഉള്ളത്, പേപ്പട്ടി കടിച്ചു മരിക്കുന്നത്. ഇതിലും ഏറ്റവും കൂടുതൽ സാധ്യത കാറിടിച്ച് മരിക്കുന്നതിലാണ്. അല്ലെങ്കിൽ ഏതെങ്കിലും വണ്ടിയിടിച്ചു മരിക്കുന്നതിൽ. അങ്ങനെ കേരളത്തിൽ ദിവസവും മൂന്നോ നാലോ പേര് മരിക്കുന്നുണ്ട്. പാമ്പു കടിച്ച് അത്രയും പേര് മരിക്കുന്നില്ല. അതുകൊണ്ട് പാമ്പത്ര അപകടമല്ല.

പക്ഷെ പാമ്പ് അത്ര വലിയ അപകടമായാണ് നമ്മൾ കേട്ടിരിക്കുന്നത്. ഈ ഇലക്ട്രിക് ലൈറ്റ് ഉണ്ടാകുന്നതിന് മുൻപ്, അല്ലെങ്കിൽ പാമ്പുകടിയേറ്റ ആളിനെ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകാൻ സൗകര്യം ഇല്ലാതിരുന്ന കാലത്ത് - നാട്ടിൽ വിഷവൈദ്യർ ഉണ്ടായിരുന്നുവെങ്കിലും എടുത്ത് കൊണ്ടുപോകാൻ സമയമെടുക്കും - ആ സമയത്ത് പാമ്പുകടിച്ച് മരിക്കുന്നവരുടെ നിരക്ക് കൂടുതലായിരുന്നു. പിൽക്കാലത്ത് അതിന്റെ നിരക്ക് കുറഞ്ഞു കുറഞ്ഞ് വന്നു. ഇപ്പോൾ പാമ്പുകടിയിലൂടെ ഉള്ള മരണം വളരെ കുറവാണ്. അത് ഒഴിവാക്കാവുന്നതുമാണ്. നമ്മൾ കുറച്ചു ശ്രദ്ധിച്ചാൽ പാമ്പു കടിക്കുന്ന അവസ്ഥ ഒഴിവാക്കാം. പാമ്പു ആരെയും അങ്ങോട്ട് ഓടിച്ചിട്ടു കടിക്കില്ല. നമ്മളങ്ങോട്ട് ചെന്ന് ചവിട്ടുമ്പോഴാണ് അത് കടിക്കുന്നത്.

അതവിടെ നിൽക്കട്ടെ. ഇനി മിയാവാക്കിയും സർപ്പക്കാവും തമ്മിലുള്ള വ്യത്യാസം. ഒരു സ്വാഭാവിക വനത്തിനെ അവിടെ നിലനിർത്തുന്നതാണ് സർപ്പക്കാവ്. ആരും കാവ് വച്ചു പിടിപ്പിക്കുന്നതായി ഞാൻ കാണുന്നില്ല. വളരെ കുറച്ചു പേരെ അങ്ങനെ ചെയ്യുന്നതായി ഞാൻ കാണുന്നുള്ളൂ. പക്ഷെ മിയാവാക്കി എന്നു പറയുന്നത് കാടില്ലാത്ത ഒരു സ്ഥലത്ത് കുറഞ്ഞകാലം കൊണ്ട് കാടുണ്ടാക്കാനുളള ഒരു മാർഗ്ഗമാണ്. സർപ്പക്കാവ് അതിന് ബദലല്ല.

സർപ്പക്കാവ് ഉണ്ടായിരിക്കണം, സംരക്ഷിക്കണം. പക്ഷെ കാടില്ലാത്ത സ്ഥലത്ത് കാടു വച്ചുപിടിപ്പിക്കാന് സർപ്പക്കാവ് കൊണ്ട് പറ്റില്ല. അത് വിദേശ ആശയം ആണെന്നു പറഞ്ഞാൽ, നമ്മൾ എന്തെല്ലാം കാര്യങ്ങളിൽ വിദേശ ആശയം സ്വീകരിക്കുന്നു. ആമസോണിൽ നിന്നോ ഫ്ലിപ്പ് കാർട്ടിൽ നിന്നോ ഒരു മാസം ഇറക്കുന്നതിൽ എത്രയെണ്ണം സ്വദേശിയാണ്? ഇന്ന് നിലവിലുള്ള നമ്മുടെ സയൻസ് ആന്റ് ടെക്നോളജിയുടെ ഭൂരിപക്ഷവും, ഈ കാറും വാഹനങ്ങളുമടക്കം ഇതെല്ലാം വിദേശത്തുനിന്നും വന്നതാണ്.

ഒരു ആശയം വിദേശിയാണോ സ്വദേശിയാണോ എന്നു നോക്കിയല്ല തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടത്. ആ ആശയം നാടിന് എങ്ങനെ പ്രയോജനപ്പെടുന്നു എന്നാണ് നോക്കേണ്ടത്. ആ രീതിയിൽ തമിഴ്നാട് ഗവൺമെന്റ് കുറച്ചുകൂടി നല്ല തീരുമാനം എടുത്തുവെന്നു പത്രത്തിൽ വായിച്ചു, മദ്രാസിലെ ചൂട് കുറയ്ക്കാനായിട്ട് അവർ ആയിരം മിയാവാക്കി വനങ്ങൾ വച്ചുപിടിപ്പിക്കുകയാണ്. നമ്മുടെ ഗ്രൗണ്ട് വാട്ടർ ലെവൽ വർദ്ധിപ്പിക്കാനായി വനങ്ങൾ വച്ചുപിടിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളിൽ നമുക്ക് സർപ്പക്കാവില്ലേ, എന്തിനാണ് വിദേശ ആശയം എന്നു ചോദിച്ചാൽ പറ്റില്ല.

പുതിയ കാട് പെട്ടെന്ന് വയ്ക്കാനായിട്ട് വേറെ മാർഗമില്ല. ഒന്ന്, സോഷ്യൽ ഫോറസ്റ്റ് ഈ പറയുന്ന തരത്തിൽ കാടായിട്ട് മാറിയിട്ടില്ല. അത് ഒരേ തരത്തിലുള്ള മരങ്ങളുടെ ഒരു കൂട്ടമാണ്. ഒരു പ്ലാന്റേഷനാണ് അതിൽ സംഭവിക്കുന്നത്. രണ്ടാമത്, മിയാവാക്കിയിലുള്ള ഒരു ഗുണം വളരെ കുറഞ്ഞ സ്ഥലത്ത് ഒരുപാട് മരം നടാൻ പറ്റും, വളരെ കൂടുതൽ ഇനങ്ങളും ചെയ്യാൻ പറ്റും. കേരളത്തിൽ എത്രയും സ്ഥലത്ത് എത്രയും കാട് വയ്ക്കാൻ പറ്റുമോ അതിന് ഏറ്റവും നല്ല മാതൃക മിയാവാക്കി തന്നെയാണ്. ആ മിയാവാക്കി മാതൃകയെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

അതോടൊപ്പംതന്നെ സർപ്പക്കാവുകളെക്കുറിച്ച് പറയുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ കഴിയുമെങ്കിൽ സർപ്പക്കാവിനു ചുറ്റും കൂറച്ചുകൂടി വനം മിയാവാക്കി മാതൃകയിൽ വച്ചു നോക്കുക. ഞാനൊന്നു വച്ചുനോക്കി. തിരുവല്ലയിൽ എന്റെ സഹോദരിയുടെ വീടിനടുത്ത് ഞാനിങ്ങനെ ചെയ്തു. അവിടെ മിയാവാക്കി മാതൃകയിൽ രണ്ട് സെന്റ് ഉണ്ടായിരുന്ന കാട് 4 സെന്റാക്കി മാറ്റാനായി ചെയ്തു. പക്ഷേ വേണ്ടത്ര വളർച്ചയുണ്ടായില്ല. രണ്ടുകാരണങ്ങൾ കൊണ്ടാണത്. ഒന്ന് ഒരു മീറ്ററിൽ ഒരു മരം വച്ചാണ് ചെയ്തത്. ഇത്രയും മരമുണ്ടല്ലോ ഇതു മതിയല്ലോ എന്നു വിചാരിച്ചിട്ട്. അതു കൊണ്ട് വളർച്ച കുറഞ്ഞിരിക്കാൻ സാധ്യത ഉണ്ട്. രണ്ടാമത്തെ കാര്യം ഇപ്പോഴത്തെ സർപ്പക്കാവിൽ നിന്നും നല്ല തണലാണ് ആ പ്രദേശത്ത് വരുന്നത്. മരങ്ങൾ വളരാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. എങ്കിലും ആ കാട് പിടിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാട് 5 വർഷം കൊണ്ട് നേടുന്ന വളർച്ച ആ കാട് 10 വർഷം കൊണ്ട് നേടിയെടുക്കും.

നമ്മുടെ സർപ്പക്കാവുകൾക്ക് വലിയൊരു പ്രാധാന്യം കേരളത്തിലുണ്ട്. കേരളത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നുണ്ട്. കാരണം നമ്മുടെ അവശേഷിക്കുന്ന സ്വാഭാവിക മരങ്ങൾ കുറച്ചെങ്കിലും ബാക്കിയുളളത് ഈ സർപ്പക്കാവിലാണ്. നാട്ടിൽ പണ്ടുണ്ടായിരുന്ന മരങ്ങൾ. പുറത്ത് പണ്ടുണ്ടായിരുന്നതെല്ലാം തീർന്നു. ചാര് എന്ന മരം - തൊട്ടാൽ പൊള്ളുന്ന മരം, ചില സ്ഥലത്ത് ചേര് എന്നും പറയുന്നു. എന്തായാലും ഇതിൽ തൊട്ടാൽ ചിലർക്കു പൊള്ളും. ആ മരങ്ങളൊക്കെ വംശനാശത്തിലാണ്. തിരുവനന്തപുരം നഗരത്തിലൊന്നും ഇങ്ങനെത്തെ മരങ്ങളൊന്നും ഇപ്പോൾ കാണാനില്ല. പ്രാന്ത പ്രദേശങ്ങളിൽ കുറച്ചുണ്ടെങ്കിലേ ഉള്ളൂ. ഇതുതന്നെയാണ് എല്ലാ നഗരങ്ങളിലെയും സ്ഥിതി.

ഈ മരങ്ങളൊക്കെ ഇപ്പോൾ അവശേഷിക്കുന്നത് ഈ സർപ്പക്കാവിലാണ്. അവിടെയത് സംരക്ഷിക്കുകയും അതിന്റെ തൈകൾ അവിടുന്ന് എടുത്ത് മിയാവാക്കി മാതൃകയിൽ അത് പ്രചരിപ്പിക്കുകയും ചെയ്യാനാണ് നോക്കേണ്ടത്. ഈ തൈകൾ ഭൂമിയിൽ നിന്നു നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെയിത് തിരിച്ചു കൊണ്ടുവരാൻ സാധിക്കില്ല. നമ്മുടെ നാട്ടിലുള്ള, നാടിനു ചേർന്ന, ഇപ്പോൾ സർപ്പക്കാവിലുള്ളതിന്റെ തൈ എടുത്ത് അതിനെ തിരിച്ചറിഞ്ഞ് തൈകൾ ഉണ്ടാക്കിയെടുത്ത് നട്ടു പിടിപ്പിക്കാനുള്ള ഒരു ശ്രമം തുടങ്ങേണ്ടത് വളരെ ആവശ്യമാണ്. ഇത് നിങ്ങൾക്കും ചെയ്യാവുന്നതാണ്.

ഇപ്പോഴുള്ള സർപ്പക്കാവിന് ചുറ്റും പുതിയ കാട് വയ്ക്കാൻ മിയാവാക്കി മാതൃക അനുകരിക്കാവുന്നതാണ്. എന്തായാലും സർപ്പക്കാവിന്റെ വലിപ്പം കൂട്ടാൻ ഫലപ്രദമായ മാതൃകയൊന്നും നമ്മുടെ കൈയ്യിൽ ഇല്ല. അപ്പോൾ സർപ്പക്കാവുകളുടെ വലിപ്പം കൂട്ടാനും സംരക്ഷിക്കാനുമായിട്ട് ഏറ്റവും നല്ല മാതൃക അതിനു ചുറ്റും മിയാവാക്കി വനങ്ങൾ വച്ചുപിടിപ്പിക്കുക എന്നതാണ്. ഇതു രണ്ടും പരസ്പരവിരുദ്ധമായ രണ്ടാശയങ്ങളല്ല. വിദേശത്തുളള ഒരു സയന്റിസ്റ്റ് ചെയ്തു എന്നു പറഞ്ഞ് ഇന്ത്യയിൽ അത് പ്രയോഗത്തിൽ വരാതിരിരിക്കില്ലല്ലോ. ഇപ്പോൾ ഭൂഗുരുത്വാകർഷണം ഐസക്ക് ന്യൂട്ടൻ ചെയ്തതു കൊണ്ട് അത് ഇന്ത്യയിൽ ഫലപ്രദമാകാതിരിക്കില്ല എന്നുപറയുന്നതുപോലെയാണ്. ഭൂഗുരുത്വാകർഷണം ഇന്ത്യയ്ക്ക് പുറത്ത് മാത്രമേ ഉള്ളൂ, അത് വിദേശ ശാസ്ത്രജ്ഞൻ കണ്ടു പിടിച്ചതാണ് എന്നു നമുക്ക് പറയാൻ പറ്റില്ലല്ലോ. അതു പോലെ തന്നെയാണ് മിയാവാക്കി വനത്തിന്റെയും കാര്യം. മിയാവാക്കി വനം വിദേശത്ത് ഉണ്ടായതാണ്. ഒരു ജപ്പാൻ ശാസ്ത്രജ്ഞൻ ചെയ്തതാണ്. എന്നു പറഞ്ഞ് അത് ഇവിടെ ഉണ്ടാകാതിരിക്കില്ലല്ലോ.

പിന്നെ നമ്മുടെ സംസ്കാരത്തിലെന്ന പോലെ തന്നെ ജാപ്പനീസ് കൾച്ചറിലും കാവുകൾ ഉണ്ട്. ചിഞ്ചു നോ മോറി (Chinju no Mori) എന്ന കാവുകൾ, പരേതാത്മാവുകളെ അവർ ഇരുത്തുന്നത് ഈ ചിഞ്ചു നോ മോറിയിലാണ്. ടോക്കിയോയിൽ തന്നെ നൂറ്റിനാൽപതോ ഇരുന്നുറോ ഏക്കർ ഉള്ള മെയ്ജി ജിംഗ് (Meiji-jingu) എന്നു പറയുന്ന വലിയൊരു കാടുണ്ട്. ഞാനവിടെ പോയതാണ്. 120 വർഷം മുൻപ് മെയ്ജി ചക്രവർത്തിയുടെ സ്മരണയ്ക്കായിട്ട് വച്ചു പിടിപ്പിച്ച വലിയൊരു കാടാണിത്. നൂറു വർഷം കൊണ്ട് വലിയൊരു കാടായിട്ട് നിൽക്കുകയാണ്. കേരളത്തിൽ ആരുടെയെങ്കിലും ഓർമ്മയ്ക്കായിട്ട് നമ്മൾ സ്മൃതിവനങ്ങൾ വയ്ക്കുന്നു എന്നു പറയുന്നതല്ലാതെ വലിയ വനങ്ങളൊന്നും എങ്ങും വച്ചതായിട്ട് കാണുന്നില്ല. തീർച്ചയായിട്ടും നമ്മൾ സർപ്പക്കാവുകളെ സംരക്ഷിക്കണം അതോടൊപ്പം തന്നെ അതിന്റെ വലിപ്പം കൂട്ടാനും സംരക്ഷിക്കാനും മിയാവാക്കി മാതൃക പ്രയോജനപ്പെടുത്താമോ എന്നും നോക്കണം.