ഇതൊരു മിയാവാക്കി വനം അല്ല. പ്രൊഫസർ മിയാവാക്കി ആവിഷ്കരിച്ചിരിക്കുന്ന വന നിർമ്മാണ രീതികളിൽ ചിലത് ഉപയോഗിച്ചുണ്ടാക്കിയ ഒരു പച്ചക്കറിത്തോട്ടമാണ്. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. ഇതിനടുത്താണ് ആദ്യമായി ഞങ്ങൾ ഒരു അർബൻ മൈക്രോ ഫോറസ്റ്റ് സൃഷ്ടിച്ചിട്ടുളളത്. അതേക്കുറിച്ച് മലയാള മനോരമ പത്രത്തിൽ വിനീത ഗോപി എന്ന പത്രപ്രവർത്തക വളരെ വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് വായിച്ച തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ച്ചർ വിദ്യാര്ത്ഥികൾ രണ്ടു മൂന്നു പേർ ഇവിടെ വന്നു. അതിലൊരാൾ ചോദിച്ചത്, എന്നോട് അമ്മ ചോദിച്ചു ഈ ടെക്നിക്ക് ഉപയോഗിച്ച് ഒരു സെന്റ് സ്ഥലത്ത് ഒരു പച്ചക്കറിത്തോട്ടമുണ്ടാക്കാൻ പറ്റുമോ എന്ന്. അത് നടക്കുന്ന കാര്യമല്ല, അതല്ല പ്രൊഫസർ മിയാവാക്കി ഉദ്ദേശിച്ചിരിക്കുന്നത് എന്നു ഞാനവരോട് പറഞ്ഞു.

പിന്നീട് ആ രീതിയിൽ ചിന്തിക്കുന്നത് നല്ലതാണെന്നു തോന്നി. മിയാവാക്കി വനം കാണുമ്പോൾ പലരും നമ്മളോട് ചോദിക്കുന്നത് വനത്തിൽ നിന്ന് എന്തു കിട്ടും എന്നാണ്. എല്ലാവർക്കും വനം ഉണ്ടാക്കാൻ താത്പര്യം കാണില്ല. എല്ലായിടത്തും വനം ഉണ്ടാക്കാനും പറ്റില്ല. കഷ്ടിച്ച് നാലോ അഞ്ചോ സെന്റ് സ്ഥലം ഉള്ള ആളുകൾക്ക് മിയാവാക്കി മാതൃകയിൽ നിന്നും ചില രീതികൾ ഉപയോഗിച്ച് ഒരു പച്ചക്കറിത്തോട്ടം വളർത്തിയെടുക്കാൻ പറ്റുകയാണെങ്കിൽ ഒന്ന്, അത്രയും സ്ഥലത്തു ഗ്രീൻ കവർ, ചെടികളുടെ കൂടുതൽ നിര സൃഷ്ടിക്കുവാൻ സാധിക്കും. രണ്ട് മനുഷ്യർക്ക് ആവശ്യമുള്ള ഭക്ഷണം സ്വയം ഉണ്ടാക്കാനും സാധിക്കും. ഇതോടൊപ്പം ഒരു കാര്യം കൂടെ പറയേണ്ടത് മിയാവാക്കി മാതൃകയിൽ വനം സൃഷ്ടിക്കുമ്പോൾ അദ്ദേഹം പറയുന്നത് കാട്ടിൽ എല്ലാ ജീവികളും പ്രാണികളും പുഴുക്കളും എല്ലാമുണ്ട്. അതുകൊണ്ട് കാട് ഇല്ലാതാകുന്നില്ല. കാടിന്റെ ഒരു ഭാഗം ഒരു പ്രാണി തിന്നും. വേറൊരു ഭാഗം വേറൊരു പ്രാണി തിന്നും, പക്ഷെ മൊത്തത്തിൽ ഏതെങ്കിലും ജീവികൾ ഭക്ഷിച്ച് തീരുന്നതായി കാണുന്നില്ല. അതിനൊരു കാരണം, ഇരയും വേട്ടക്കാരനും തമ്മിലുള്ള റിലേഷൻ കാട്ടിൽ വളരെ സജീവമാണ്. ഏതെങ്കിലും ഒരു കീടം വന്നാൽ അതിനു പുറകേ ആ കീടത്തെ പിടിക്കുന്ന ജീവിയും അവിടെ വരും. ഇര പെരുകുമ്പോൾ വേട്ടക്കാരനും പെരുകും. ഇര കുറയുമ്പോൾ വേട്ടക്കാരനും കുറയും. ഇങ്ങനെ ഒരു സന്തുലിതാവസ്ഥ കാടിനുള്ളിൽ പ്രകൃതി തന്നെ സൃഷ്ടിക്കുന്നുണ്ട്. ആ ടെക്നിക്ക് ആണ് നമ്മളും ഇവിടെ പരീക്ഷിക്കുന്നത്.

സാധാരണ ഗതിയിൽ, വെണ്ട നടുകയാണെങ്കിൽ, വെണ്ട മാത്രം നടുകയും ഭൂമിയെ വെണ്ടകൃഷിയ്ക്ക് അനുയോജ്യമാക്കാൻ ശ്രമിക്കുകയും അതിനു വേണ്ട തലത്തിൽ വെള്ളം കൊടുക്കുകയും വെയിലു കൊടുക്കുകയും അതിൽ വരുന്ന കീടങ്ങളെ തുരത്താനായി വിഷം അടിക്കുകയുമൊക്കെ ചെയ്യും. പക്ഷെ ഈ ചെടിയിൽ വരുന്ന കീടമായിരിക്കും, അല്ലെങ്കിൽ ബട്ടർഫ്ലൈയോ മറ്റോ ആയിരിക്കും വേറൊരു ചെടിയിൽ പരാഗണം നടത്തുന്നത്. അപ്പോൾ ഈ ജീവികളെ പൂർണ്ണമായിട്ട് ഓടിച്ചു വിടാൻ പറ്റില്ല. പ്രഫസർ മിയാവാക്കി പറഞ്ഞിട്ടുളളത് വനം സൃഷ്ടിക്കുമ്പോൾ പലയിനത്തിൽപ്പെട്ട മരങ്ങൾ ഒരുമിച്ച് വളർത്താനാണ്. ഇവിടെ നമ്മൾ പല ഇനത്തിൽപ്പെട്ട പച്ചക്കറി പഴവർഗത്തിൽപ്പെട്ട ചെടികൾ ഒരുമിച്ച് വളർത്തിയിരിക്കുകയാണ്. ഇതിലെല്ലാം പുഴു വരുന്നുണ്ട്. ഞങ്ങൾ ഇതിലൊന്നും തന്നെ മരുന്നു തളിക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ ചെടികൾ വളരുമ്പോൾ ഇവ പരസ്പരം ബാലൻസ് ചെയ്ത് പോകുമോ എന്ന പരീക്ഷണമാണ് ഇവിടെ നടത്തുന്നത്.

ഇതിപ്പോൾ നട്ടിട്ട് കഷ്ടിച്ച് രണ്ട് മാസം ആയതേയുള്ളൂ. ആറോ ഏഴോ മാസം കഴിയുമ്പോൾ ഇതിന്റെ ഫലം കുറെയൊക്കെ പറയാൻ കഴിയും. ഇവിടെ വരുത്തിയിട്ടുള്ള വ്യത്യാസങ്ങൾ ഇതൊക്കെയാണ്. പ്രഫസർ മിയാവാക്കി സാധാരണയായി ഒരു സ്ക്വയർ മീറ്ററിൽ 4 മരങ്ങളും നാലു ചെടികളുമൊക്കെയാണ് വനം സൃഷ്ടിക്കാനായി വെയ്ക്കുന്നത്. ഇവിടെ നമ്മൾ ഒരു മീറ്ററിലധികം സ്ഥലം ഒരു ചെടിയ്ക്ക് കൊടുത്തിട്ടുണ്ട്. ഏതാണ്ട് 2 സ്ക്വയർ മീറ്ററിൽ 1 ചെടിയാണ് ഇവിടെ വച്ചിട്ടുള്ളത്. അത് കൂടാതെ ഈ സ്ഥലം മുഴുവൻ വനം നിർമ്മിക്കാൻ ഉപയോഗിക്കുന്ന രീതിയിൽ ഉമിയും ചകിരിച്ചോറും ഇട്ട് നിറച്ചിരിക്കുകയാണ്. ഈ ചെടികൾ ഏകദേശം ഒരാൾപ്പൊക്കം ആയ ശേഷം ഇതിനിടയ്ക്കുള്ള സ്ഥലത്ത് പച്ചക്കറിയിനങ്ങൾ നടാമെന്ന് വിചാരിക്കുന്നു. മരിച്ചീനി, വാഴ, ചേന, ചേമ്പ്, കാച്ചില് ഇതൊക്ക നടാം. ഇതിനു ചുറ്റും ഒരു വേലിയുണ്ടാക്കിയിട്ട് അതിൽ പടരുന്ന വള്ളികളായുള്ള ചെടികളും നടാമെന്ന് വിചാരിക്കുന്നു. അങ്ങനെയാണെങ്കിൽ ഇതിപ്പോൾ 800 സ്ക്വയർ ഫീറ്റാണുള്ളത്, ഈ സ്ഥലത്തെ കൃഷി കൊണ്ട് ഒരു കുടുംബത്തിനാവശ്യമായ മുഴുവൻ ഭക്ഷണ സാധനങ്ങളും അരിയൊന്നും കിട്ടില്ല. പക്ഷെ പച്ചക്കറികളും, പഴങ്ങളും ആവശ്യമുള്ളത് ഈ സ്ഥലത്തുനിന്ന് കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതിനുള്ള ഒരു പരീക്ഷണമാണ്. നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം.