എന്റെ ചെറുപ്പകാലത്ത് കണ്ടിട്ടുളള പൊതുപ്രവർത്തകർ മിക്കവാറും എല്ലാവരും വെളള ഷർട്ട് ധരിക്കുന്നവരാണ്. പ്രധാന കാരണം ഇവർക്ക് ആകെ ഒരു വെളള ഷർട്ടേ ഉണ്ടായിരുന്നുളളൂ. ഇത് ഇടയ്ക്ക് നനച്ചിടും. ഉണങ്ങിക്കഴിയുമ്പോൾ വീണ്ടും ഇടും. അന്ന് പൊതുവേ ആളുകൾക്ക് ഷർട്ട് കുറവായിരുന്നു. പലരും ഷർട്ടിടാറില്ല. ഇടുന്നവർക്ക് പരമാവധി രണ്ടോ മൂന്നോ ഷർട്ടാണ് ഉളളത്. അന്ന് ഒരാൾക്ക് 15 രൂപയാണ് കൂലി എങ്കിൽ ഒരു ഷർട്ടിന് 60-70 രൂപയാവും. റെഡിമെയ്ഡ് ഷർട്ടാണെങ്കിൽ നൂറു രൂപ വിലയുണ്ട്. തയ്പ്പിക്കാനാണെങ്കിൽ 30 - 40 രൂപ വരും. അതുകൊണ്ട് ആളുകൾ അത്യാവശ്യത്തിന് മാത്രമേ ഷർട്ടുകൾ വാങ്ങിച്ചിരുന്നുളളു. ഇന്ന് രണ്ട് ഷർട്ടെടുത്താൽ ഒന്ന് ഫ്രീ, ആയിരം രൂപയ്ക്കു നാല് ഷർട്ട്, ഇങ്ങനെയൊക്കെയാണ് മാർക്കറ്റിങ്ങ്. മെഷീനിൽ ഉണ്ടാക്കുന്നതു കൊണ്ടൊക്കെയുളള വ്യത്യാസം കാരണമാണ് വിലക്കുറവ് സംഭവിച്ചത്.

ഇതുപറയാൻ കാരണം വിലക്കുറവ് സംഭവിക്കുമ്പോൾ നമ്മൾ ധാരാളം വസ്ത്രങ്ങൾ വാങ്ങിച്ചുകൂട്ടുന്നുണ്ട്. എന്നാൽ ഇതിൽ വിട്ടുപോകുന്നൊരു കാര്യമുണ്ട്. കൃഷിയുമായി ഇതിന് ചെറിയൊരു ബന്ധമുണ്ട്. നമ്മുടെ നാട്ടിൽ ഏറ്റവും ദൗർലഭ്യമുളള ഒരു സാധനം വെളളമാണ്. കേരളത്തിലല്ല, മൊത്തം ഇന്ത്യയിൽ എടുത്താൽ. ലോകം മൊത്തം എടുത്താലും വെളളം എപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിലും വെളളത്തിന്റെ അളവ് കുറയുക തന്നെയാണ്.

തുണി ഉണ്ടാക്കുന്ന പരുത്തി ഒരു കിലോ നിർമ്മിക്കാൻ ഇന്ത്യയിലെ സാഹചര്യത്തിൽ പതിനായിരം ലിറ്റർ വെളളം ആവശ്യമായി വരും എന്നാണ് പറയുന്നത്. വിദേശത്തൊക്കെ വാട്ടർ മാനേജ്മെന്റ് സിസ്റ്റം നന്നായി ഉപയോഗിക്കുന്നതുകൊണ്ട് അവർക്ക് അയ്യായിരം മുതൽ ഏഴായിരം ലിറ്റർ വരെ വെളളമാണ് ഒരു കിലോ പരുത്തി ഉണ്ടാക്കാൻ വേണ്ടി വരുന്നത്. ഈ ഷർട്ടും മറ്റു വസ്ത്രങ്ങളും കൂടുതലായി ഉപയോഗിക്കുമ്പോൾ നമ്മൾ കൂടുതലായി പരുത്തി ഉപയോഗിക്കുകയാണ്. പരുത്തിയുടെ വില നോക്കുമ്പോൾ വളരെ നിസാരമാണ്. പരുത്തിക്കു വേണ്ടി ചെലവാക്കുന്ന വെളളം നാട്ടുകാർക്ക് സൗജന്യമായി കിട്ടുന്നതാണ്. കൃഷിക്കാർക്ക് വെളളത്തിനു വില കൊടുക്കണ്ടാത്തതു കൊണ്ട് കിട്ടുന്ന വെളളം മുഴുവൻ ഉപയോഗിച്ചാണവർ കൃഷി ചെയ്യുന്നത്. കൃഷിക്കാരുടെ അദ്ധ്വാനത്തിനും അവർ ഉപയോഗിക്കുന്ന വിഭവങ്ങൾക്കും വിലയില്ല. അതുകൊണ്ടാണ് ഇത് ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. അപ്പോൾ ഈ പരുത്തി കൂടുതലായി ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത് നമുക്ക് വെളളമില്ലാതെ വരുന്നു. അല്പം ശ്രദ്ധിച്ചാൽ വെളളത്തിന്റെ ഉപഭോഗം കുറയ്ക്കാൻ കഴിയും.

ഇപ്പോൾ കൂടുതൽ പേരും തോർത്തിനു പകരം ബാത്ത് ടവ്വലാണ് ഉപയോഗിക്കുന്നത്. ഒരു ബാത്ത് ടവ്വലിന്റെ ഭാരം 600 ഗ്രാം ആണ്. ഒരു തോർത്തിന്റേത് 100 ഗ്രാമും. ഈ തോർത്തുണ്ടാക്കാന് വേണ്ടിവരുന്നത് 100 ഗ്രാം പഞ്ഞിയാണ്. അല്ലെങ്കിൽ ആയിരം ലിറ്റർ വെളളമാണ്. അതേ സമയം ബാത്ത് ടവ്വലുണ്ടാക്കാൻ ആറായിരം ലിറ്റർ വെളളം വേണ്ടിവരുന്നുണ്ട്. എന്നുമാത്രമല്ല, ഇത് വീണ്ടും നനയ്ക്കാനും കൂടുതൽ വെളളം ആവശ്യം വരും. ഒരു തോർത്ത് മുക്കിവെയ്ക്കാൻ വളരെ കുറച്ചു വെളളം മതി. ബാത്ത് ടവ്വൽ മുക്കി വെയ്ക്കാൻ കുറേയധികം വെളളം വേണം. അപ്പോൾ വെളളത്തിന്റെ ഉപയോഗം കുറയ്ക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ബാത്ത് ടവ്വലുകളെ മാറ്റി തോർത്തിലേക്ക് വരിക എന്നതാണ്.

തോർത്തിന് ഒരുപാട് സൗകര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനം നനച്ചിടാനുളള സൗകര്യമാണ്. കൊറോണ പോലുളള സാഹചര്യങ്ങളിൽ ശുചിത്വം പ്രധാനമാണല്ലോ. പലരും ബാത്ത് ടവ്വൽ നനയ്ക്കുന്നത് മൂന്നു ദിവസത്തിലൊരിക്കലും ആഴ്ച്ചയിൽ ഒരിക്കലുമൊക്കെയാണ്. അതനുസരിച്ച് ബാക്ടീരിയയുടെ എണ്ണവും കൂടുന്നുണ്ട്. അപ്പോൾ തോർത്തിലേക്ക് തിരിച്ചുപോക്ക് ആരോഗ്യകരമായ കാര്യം കൂടിയാണ്. നമ്മുടെ നാട്ടിലെ ഒരുപാട് പേർക്ക് ജോലി കിട്ടുകയും ചെയ്യും. ആയുർവേദ വൈദ്യന്മാർ പറയുന്നത് മുടിയ്ക്ക് ഏറ്റവും നല്ലത് തോർത്ത് ആണെന്നാണ്. അതിന്റെ സുഷിരങ്ങളും വെളളം വലിച്ചെടുക്കാനുളള കഴിവും ഭാരക്കുറവുമൊക്കെ കാരണം തോർത്ത് മനുഷ്യൻ വളരെ പ്രയോജനകരമായ ഒരു സാധനമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാനായി ഞങ്ങൾ ഒന്നുരണ്ടു ചലച്ചിത്രങ്ങള് നിർമ്മിച്ചിട്ടുണ്ട്. www.thorth.org എന്ന പേരിൽ ഒരു വെബ്സൈറ്റ് തന്നെ തുടങ്ങിയിട്ടുണ്ട്. നമ്മുടെ നെയ്ത്തുകാർക്ക് ഒരു ഉപജീവനമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുക എന്നതും, വെളളത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നുളളതുമാണ് ലക്ഷ്യം.

ഇപ്പോൾ നിങ്ങളിത് ചാടിക്കേറി ചെയ്യണമെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ആലോചിച്ചു നോക്കുക, അറിയാതെ നമ്മളെത്ര വെളളം പാഴാക്കിക്കളയുന്നു. ഏറ്റവും വിലപ്പെട്ട വിഭവമാണ് വെളളം. അതു വെറുതേ കിട്ടുന്നതു കൊണ്ട് നമ്മളറിയുന്നില്ല. കേരളത്തിൽ ആയിരം ചതുരശ്ര അടിയിൽ രണ്ടു മുതൽ മൂന്ന് ലക്ഷം ലിറ്റർ വരെ വെളളം ഒരു വർഷം വീഴുന്നുണ്ട് എന്നാണ് കണക്ക്. അത് മുഴുവൻ നമ്മൾ പാഴാക്കുകയാണ്. അതിനു പുറമേയാണ് ഇതുപോലുളള കാര്യങ്ങൾക്കും വെളളം പാഴാക്കുന്നത്. ഭാവിയിൽ മുപ്പതോ നാൽപതോ വർഷം കഴിയുമ്പോൾ ലോകത്ത് ഇല്ലാതെ വരുന്ന ഒരു വിഭവം വെളളമായിരിക്കും. ഇപ്പൊഴേ നമ്മളതിനെ കുറിച്ച് ആലോചിച്ച് തുടങ്ങണം. അതുകൊണ്ടു മാത്രമാണ് ഇങ്ങനൊരു വിഷയം പറഞ്ഞത്.

ഇതൊരു പരുത്തിച്ചെടിയാണ്. ഇതൊരു രസത്തിന് നിർത്തിയിരിക്കുകയാണ്. പരുത്തി വലിയൊരു മരുന്നുമാണ്. കേരളത്തിൽ സ്ത്രീകൾക്ക് പ്രസവം കഴിഞ്ഞ് എട്ടോ പത്തോ ഇലകൾ മൂന്നു ദിവസം കൂടുമ്പോൾ അരച്ച് ചോറിന്റെ കൂടെ ഉരുട്ടിക്കൊടുക്കുന്ന പരിപാടി ഉണ്ട്. വൈദ്യന്മാർക്കത് കൃത്യമായിട്ട് അറിയാം. അതിൽ ഒരില ഈ പരൂത്തിയാണ്.