ഈ വീടിന്റെ പ്ലാൻ ചോദിച്ച് പലരും മെസേജ് ചെയ്തിരുന്നു. ഇത് ഡിസൈൻ ചെയ്തത് സുധീർ ആണ്. സുധീർ ഒരു ചിത്രകാരനാണ്. കഴിഞ്ഞ 25 വർഷമായി ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്യുകയാണ്. ആർക്കിടെക്ചറിനെ കുറിച്ച് വളരെ ആധികാരികമായി സ്വന്തം നിലയിൽ പഠിച്ച് കെട്ടിടം വെയ്ക്കുകയും കുറെ കാര്യങ്ങളൊക്കെ ചെയ്യുകയും ചെയ്തിട്ടുളള ആളാണ് സുധീർ. അതുകൊണ്ടാണ് ഞാൻ സുധീറിന്റെ സേവനം തേടിയത്. വേറൊരാൾ കൂടി ഇതിലെന്നെ സഹായിച്ചു. അത് മറ്റൊരു സഹപ്രവർത്തകനായ മധുവാണ്. മധു കല്ലാശാരിപ്പണി ചെയ്തുകൊണ്ടിരുന്ന ആളാണ്. അദ്ദേഹം കോൺട്രാക്ടർ ആയിരിക്കെ സാമ്പത്തിക നഷ്ടം സംഭവിച്ചു. വീണ്ടും എന്തു ജോലി ചെയ്യും എന്നാലോചിച്ചപ്പോൾ എനിക്കിവിടെ കൃഷി നോക്കാൻ ആളെ വേണമായിരുന്നു. എനിക്കപ്പോൾ കൊടുക്കാൻ കഴിയുന്ന ജോലി അതായിരുന്നു.

അങ്ങനെ അദ്ദേഹം ഇവിടെ പല കൃഷിരീതികൾ പരീക്ഷിക്കുകയും കൂട്ടത്തിൽ ഭൂമിയുടെ കിടപ്പു സംബന്ധിച്ച് കുറേ കാര്യങ്ങൾ ചെയ്യുകയും ചെയ്തു. ഇവിടെ മിയാവാക്കി പദ്ധതികൾ ആരംഭിക്കുന്ന കാലം മുതൽ മധു എന്റെ കൂടെയുണ്ട്. മിയാവാക്കി വനത്തിന്റെ നടുക്കൊരു വീട് വെയ്ക്കുക എന്ന ആശയം എനിക്കു തന്നത് മധുവാണ്.

വീടിന്റെ ഡിസൈൻ തയാറാക്കാൻ സുധീർ ഇവിടെ വരുമ്പോൾ വീടിന്റെ സൗന്ദര്യത്തിലായിരുന്നു സുധീറിന്റെ താത്പര്യം. ഇതൊരു ചെരിഞ്ഞ സ്ഥലമാണ്. പലകോണുകളും പലതരത്തിൽ ചെരിഞ്ഞാണിരിക്കുന്നത്. ഞാനിരിക്കുന്നതിന്റെ അങ്ങേയറ്റം റോഡിലേക്ക് ഏകദേശം പന്ത്രണ്ടടി പൊക്കമുണ്ട്. അത്രയും പൊക്കത്തിൽ തുടങ്ങി താഴെ 20-25 അടി ചെന്നാണ് നിൽക്കുന്നത്. ഓരോ മൂലയും ഓരോ പൊക്കത്തിലാണ് നിൽക്കുന്നത്. തറ നിരപ്പാക്കാൻ വേണ്ടി കുന്നിന്റെ കുറച്ചുഭാഗം ഇടിച്ച് നിരപ്പാക്കേണ്ടിയിരുന്നു. അതേറ്റവും കുറച്ച് ചെയ്യാനായിരുന്നു സുധീറിന്റെ പ്ലാൻ. അതനുസരിച്ച് ഈ വീടിന്റെ മുന്നിൽ ചെടി വെയ്ക്കാനുളള സ്ഥലം നിരപ്പാക്കി. അതിനുശേഷം ഈ വീടിന്റെ പുറകുവശം വളരെ താഴ്ന്നാണിരിക്കുന്നത്. അതായത് ഫൗണ്ടേഷന്റെ ഒരറ്റം രണ്ടരയടി പൊക്കത്തിലും ഇങ്ങേയറ്റം എട്ടടിയുമാണ്. അപ്പോൾ ഈ താഴ്ന്ന വശം കെട്ടിയുയർത്തി ബാക്കിഭാഗം അങ്ങനെത്തന്നെ നിർത്തി ഭൂമിയ്ക്ക് പരമാവധി ഉപദ്രവം കുറച്ചാണിത് ചെയ്തിരിക്കുന്നത്.

ചെയ്തുതീർന്നപ്പോൾ ഇദ്ദേഹത്തിനൊരു വലിയ വിഷമം ഉണ്ടായത്, ഇത്രയും പൊക്കം തറനിരപ്പിൽ നിന്നും വന്ന സ്ഥിതിയ്ക്ക് നമുക്കിതിനൊരു നിലവറ പണിയാമായിരുന്നു എന്നുളളതായിരുന്നു. പഴയ വീടുകൾക്കൊക്കെ നിലവറയുണ്ട്. അതിനകത്ത് നമ്മൾ താഴോട്ടിറങ്ങുകയാണ്. ഇത് പുറത്തുനിന്ന് വാതിൽ വെയ്ക്കാമായിരുന്നു. അത്രയും ഉപയോഗിക്കാവുന്ന ഒരു സ്പേസ് നമുക്ക് നഷ്ടമായി.

പ്ലാനിൽ ഈ വീടിന്റെ മൊത്തത്തിലുളള വലിപ്പം 450 സ്ക്വയർഫീറ്റാണ് റൂമുകളുടെ വലിപ്പം. വരാന്തയുടേത് 550 സ്ക്വയർഫീറ്റാണ്. രണ്ടുകൂടി ചേർന്നാണ് 1000 സ്ക്വയർഫീറ്റ് കൊടുത്തിരിക്കുന്നത്. ഈ ആയിരം സ്ക്വയർഫീറ്റിനകത്ത് രണ്ടുമുറികളേ ഉളളൂ. പിന്നെ അടുക്കള, ഭക്ഷണം കഴിക്കാനുളള ഇടം, ഒരു കുളിമുറിയും ടോയ്ലറ്റും. ഇത് വെവ്വേറെ കൊടുത്തതാണ്. അറ്റാച്ഡ് അല്ല. ഒരാൾ കുളിമുറി ഉപയോഗിക്കുമ്പോൾ വേറൊരാൾക്ക് ടോയ്ലറ്റ് ഉപയോഗിക്കാം.

ഡൈനിങ് സ്പേസ് നമ്മളാദ്യം ഉദ്ദേശിച്ചിരുന്നില്ല. പിന്നെ അതിനായി പുറത്തേക്കൊരു പ്രൊജക്ഷൻ വേണ്ടിവന്നു. വീടിന്റെ നിരപ്പിൽ നിന്ന് കുറച്ച് പുറത്തേക്ക് തളളി ഒരു ബേ വിൻഡോ പോലെയാണ് ഡൈനിങ്ങ് സ്പേസിന്റെ ഒരുഭാഗം നിൽക്കുന്നത്. അവിടെ ഒരു ബെഞ്ച് കൊടുത്തിരിക്കുകയാണ്. അതിനു മുകൾവശം നെറ്റ് കൊടുത്ത് അഴികളും കൊടുത്തിരിക്കുകയാണ്.

പിന്നെ വീടിന്റെ പൊക്കം. പഴയ വീടിന് പൊക്കം കുറവായിരുന്നു. പഴയൊരു വീടിന്റെ ഭാഗങ്ങൾ - പലകകൾ വാങ്ങിച്ച് ഉപയോഗിച്ചു. അതിനു പൊക്കം കുറവായിരുന്നു. ഏതാണ്ട് എട്ടടിയോളമേ വരൂ. അതിനു നമ്മൾ താഴെ മൂന്നടി പൊക്കത്തിൽ ചുറ്റോടുചുറ്റും അരഭിത്തി കെട്ടി. അതിനു മുകളിലാണ് തടിയെടുത്തു വെച്ചിരിക്കുന്നത്. അങ്ങനെ പതിനൊന്നടിയായി വീടിന്റെ പൊക്കം ശരിയായിക്കിട്ടി. ജനലുകൾ പഴയതുതന്നെയാണ് ഉപയോഗിച്ചിട്ടുളളത്. പഴയ കതക് തീരെ ചെറുതായിരുന്നു. അതുകൊണ്ട് പൊക്കമുളള വാതിലുകൾ ഘടിപ്പിച്ചു.
ബെഡ്റൂമിന്റെ സൈസ് 16 x 13 അടിയാണ്. ലിവിങ് റൂമിന്റേത് 12.8 x 8.4 അടിയും. അടുക്കള ഒമ്പതര അടിയും അഞ്ചടിയും. വളരെ ഒതുക്കി സൗകര്യത്തിലാണത് ഡിസൈൻ ചെയ്തിരിക്കുന്നത്. നിന്നുതന്നെ എല്ലാം ചെയ്യാം. പക്ഷെ പ്രായോഗികമായി ഉപയോഗിച്ചു നോക്കിയപ്പോൾ ഒരു ഏഴടിയെങ്കിലും വീതി വേണമായിരുന്നു എന്നാണ് കാണുന്നത്. അപ്പോൾ പിന്നിലുമൊരു ഷെൽഫ് കൊടുക്കാൻ പറ്റും. കുറെയധികം സാധനങ്ങൾ ആ ഷെൽഫിൽ വെക്കാനും പറ്റും. ഇതാണീ വീടിന്റെ പൊതുവായിട്ടുളള സംഗതികൾ.

പിന്നെ വീടിനു ചുറ്റുമൊരു കുളം പണിതു. രണ്ടടി, രണ്ടടിയുളള ഒരു കുളമാണ് ചുറ്റും ചെയ്തിരിക്കുന്നത്. 350 സ്ക്വയർഫീറ്റുണ്ടത്. വീട്ടിലേക്കുളള നടക്കല്ല് വീടുമായി മുട്ടാത്ത തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രാണികളൊന്നും അകത്തേക്ക് കയറാതിരിക്കാനാണിത്.

കുളത്തിലെ വെളളത്തിന് ഓവർഫ്ലോ സംവിധാനമുണ്ട്. കൂടുതൽ വെളളം വന്നാൽ പുറത്തേക്കു പോകും. പിന്നെ പാത്തിയുടെ കാര്യത്തിലാണ് ഞാനും സുധീറും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായത്. മഴ വന്നപ്പോൾ പെട്ടെന്നുതന്നെ പാത്തി വെയ്ക്കണമായിരുന്നു. സുധീറില്ലാത്ത സമയത്ത് പെട്ടെന്ന് ചെയ്തതാണിത്. പഴയവീടുകളുടെ രീതിയിൽ അർദ്ധവൃത്താകൃതിയിലുളള പാത്തി തന്നെ വെയ്ക്കണം എന്നായിരുന്നു സുധീറിന്.

നിർമ്മാണത്തിൽ നേരിടേണ്ടിവന്ന വെല്ലുവിളി ഈ തൂണുകളാണ്. ഞങ്ങൾക്കിത് വളരെ കുറഞ്ഞവിലയ്ക്ക് കിട്ടി. ഒരു തൂണിന് 2500 രൂപയ്ക്ക് പലയിടത്തുനിന്നായി ശേഖരിച്ചതാണിവ. അതുവളരെ ലാഭമായിരുന്നു. അതും കരിങ്കല്ല്, മേൽക്കട്ടി എല്ലാംകൂടിയാണ് ആ വിലയ്ക്ക് കിട്ടിയത്. എപ്പോഴും അങ്ങനെ കിട്ടണമെന്നില്ല. വീടുപണിയുന്നവർ അങ്ങനെ തപ്പിനടന്നാൽ ചിലപ്പോൾ കിട്ടും. ഇവിടെ പൊക്കത്തിന്റെ പ്രശ്നമുണ്ടായിരുന്നു. തൂണിന് ഏഴടി പൊക്കമേ ഉണ്ടായിരുന്നുളളു. താഴെ മൂന്നടിയുടെ ബേസ് ഇഷ്ടിക കൊണ്ട് കെട്ടിയുണ്ടാക്കിയിട്ട് അതിനു മുകളിലാണ് തൂണ് ഉറപ്പിച്ചിരിക്കുന്നത്.

ആദ്യം വെച്ച വീട്ടിൽ കോൺക്രീറ്റുകൊണ്ടു തൂണ് വാർത്തു. എന്നിട്ടതിൽ തടിയുടെ നിറം കൊടുക്കുകയാണ് ചെയ്തത്. ഇപ്പോള് പ്രീകാസ്റ്റ് തൂണുകൾ ഇറങ്ങുന്നുണ്ട്. റെഡിമെയ്ഡായി തൂണും കിട്ടും. തടിത്തൂൺ കിട്ടുന്നില്ലെങ്കിൽ അങ്ങനെയും ആലോചിക്കാം.

ഈ വീട് ഒരു ബെഡ്റൂമായി ഡിസൈൻ ചെയ്തത് എന്റെ ആവശ്യപ്രകാരമായിരുന്നു. സുധീർ പറയുന്നത് ഈ പ്ലാനിൽത്തന്നെ രണ്ടു ബെഡ്റൂമായി ഡിസൈൻ ചെയ്യാം എന്നാണ്, വലിപ്പം കൂട്ടാതെ, 450 സ്ക്വയർഫീറ്റിൽത്തന്നെ. അങ്ങനെ ചെയ്തൊരു ഡിസൈൻകൂടി ഇതിന്റെ കൂടെയുണ്ട്. ആ ഡിസൈൻ ഒടുവിൽ കാണിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ ആ ഡിസൈനും സ്വീകരിക്കാം. പക്ഷെ പറയാനുളളത് നിങ്ങൾ വീടുവെയ്ക്കുമ്പോൾ വീടുപണിയെക്കുറിച്ചും ഡിസൈനിങ്ങിനെ കുറിച്ചും വ്യക്തമായ ധാരണയുളള ഒരു ആർക്കിടെക്ടിനെക്കൂടി കൂടെക്കൂട്ടണം. അങ്ങനെ ചെയ്താൽ സാമ്പത്തിക ലാഭവുമുണ്ടാക്കാം, വീടിന്റെ അപ്പിയറൻസ് മെച്ചപ്പെടുത്തുന്നതിൽ അവരുടെ മാർഗനിർദേശങ്ങൾ സഹായകമാവും.