ഞാനിപ്പോൾ ഇരിക്കുന്നത് പുളിയറക്കോണത്ത് പത്തുവർഷം മുമ്പ് വാങ്ങിച്ച പറമ്പിന്റെ ഒരു ഭാഗത്താണ്. വാങ്ങിക്കുന്ന സമയത്തിത് വെളളത്തിന്റെ അംശം പോലുമില്ലാത്ത വരണ്ട സ്ഥലമായിരുന്നു. നല്ല ഉണങ്ങിയ സ്ഥലം. ചരലു പോലത്തെ മണ്ണ്. മഴ പെയ്യുമ്പോൾ മാത്രമാണ് മണ്ണിനൊരു വ്യത്യാസം വരുന്നത്. ആറേഴു വർഷത്തോളം ഇവിടെ ഭൂമി കിളയ്ക്കാതെ ഇട്ടിരുന്നു. എന്നു മാത്രമല്ല, ഇവിടെ വെട്ടുന്ന മരങ്ങളുടെ കമ്പുകളും ചില്ലകളും ഇലകളുമൊക്കെ ചിതലു പിടിച്ചും മറ്റും മണ്ണിൽത്തന്നെ ചേരുകയാണ്. തടിയൊന്നും കൊണ്ടുപോകുന്നില്ല. അതുപോലെ നാടൻ പശുവിന്റെ ചാണകം കുറേത്തവണയായി ഇവിടെ ഇട്ടുകൊടുത്തു. ഇതെല്ലാം കഴിഞ്ഞപ്പോൾ സംഭവിച്ചത് ഒരു മൂന്നു വർഷം മുമ്പിവിടെ കൂണു മുളച്ചു.
 

കൂണു മുളയ്ക്കുന്നത് മൈക്രോബിയൽ പ്രവർത്തനം നടക്കുന്നതു മൂലമാണ്. ഒരുതരം ഫംഗസാണല്ലോ കൂണ്. ഇതു മുളക്കുമ്പോൾ അതിനർഥം മണ്ണിന്റെ ജൈവഗുണം മെച്ചപ്പെട്ടു എന്നുളളതാണ്. അടുത്ത വർഷം വീണ്ടും കൂണു മുളച്ചു. രണ്ടാമതും ഞാനതിന്റെയൊരു പടമെടുത്ത് ഫേസ്ബുക്കിലിടാൻ ശ്രമിച്ചപ്പോൾ കാണുന്നത് കഴിഞ്ഞ വർഷം ചെയ്ത കാര്യം ഫേസ്ബുക്ക് നമ്മളെ ഓർമ്മിപ്പിക്കുന്ന കൂട്ടത്തിൽ കഴിഞ്ഞ വർഷം ഇതേ ദിവസം കൂണിന്റെ പടം പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണിച്ചു. അപ്പോഴാണ് രണ്ടാം വർഷവും ഒരേ ദിവസം തന്നെയാണ് കൂണ് മുളച്ചിരിക്കുന്നതെന്ന കാര്യം മനസിലായത്. ഈ വർഷം അതുകൊണ്ട് ഞാനിവിടെ ഇല്ലെങ്കിൽ പോലും ഒക്ടോബർ 28ാം തിയതി കൂണു മുളയ്ക്കുമോന്ന് നോക്കണമെന്ന് പ്രത്യേകം പറഞ്ഞ് ഏർപ്പാടു ചെയ്തു.
 

ഇന്നിപ്പോൾ ഒക്ടോബർ 29 ആണ്. ഇന്നലെ വൈകിട്ട് ഇവിടെ കൂണു മുളച്ചു. ഞാനത് ഇന്നലെത്തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്റെ സുഹൃത്തായ ഡാൻ മാത്യു എന്ന സസ്യ ശാസ്ത്രജ്ഞനോടു ചോദിച്ചു; അദ്ദേഹം പറയുന്നത് മണ്ണിന്റെ ജൈവസ്വഭാവം വളരെ കൃത്യമായി തിരിച്ചുവന്നതുകൊണ്ടാവാം ഒരേ ദിവസം തന്നെ കൂണ് മുളയ്ക്കുന്നതെന്നാണ്. പക്ഷേ അത് കൂടുതൽ പഠനങ്ങൾ വേണ്ട ഒരു കാര്യമാണ്. കൂണിങ്ങനെ ഒരേ ദിവസം തന്നെ എങ്ങും മുളയ്ക്കുന്നതായി റിപ്പോർട്ട് ചെയ്ത് വായിച്ചതായി ഓർക്കുന്നില്ല എന്നു പറഞ്ഞു.
 

അതുപോലെ തന്നെ എന്റെ മറ്റൊരു സുഹൃത്താണ് ചെറിയാൻ മാത്യു. അദ്ദേഹം കാർഷിക ജേണലിസ്റ്റും നാടൻ കൃഷിയറിവുകൾ ശേഖരിക്കുന്ന ആളുമാണ്. വളരെക്കാലമായി കൂണും കൂണുകൃഷിയുമൊക്കെ നാട്ടിൽ ചെയ്യുകയും ചെയ്യുന്ന ഒരാളാണ്. അദ്ദേഹവും പറയുന്നത് ഒരേദിവസം കൂണു മുളയ്ക്കുക എന്ന സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നുളളതാണ്. ഒരുപക്ഷേ ഇത് പലയിടത്തും നടക്കുന്നുണ്ടായിരിക്കാം. ഞാൻ തന്നെ ഇതറിയാൻ കാരണം ഫേസ്ബുക്ക് ഓർമ്മിപ്പിച്ചതു കൊണ്ടാണ്. ഇല്ലെങ്കിലീ തിയതി ശ്രദ്ധിക്കില്ല. പക്ഷെ മൂന്നു വർഷവും ഇവിടെത്തന്നെ കൂണു മുളച്ചിരിക്കുന്നു.
 

മണ്ണിനെ തിരിച്ച് ഓർഗാനിക് ആക്കുക എന്ന കാര്യം നടക്കും എന്നുളളതാണ് ഒരു സന്തോഷം. രണ്ടാമത്തെ കാര്യം, കലണ്ടറുകൾ എല്ലാം തെറ്റിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ എല്ലാ കലണ്ടറും - മഴ തെറ്റുന്നു, കൃഷി വിളവെടുക്കുന്ന സമയം തെറ്റുന്നു, വിതയ്ക്കുന്ന സമയം തെറ്റുന്നു, വെളളം പൊങ്ങുന്ന സമയം തെറ്റുന്നു - അങ്ങനെ എല്ലാം തെറ്റിക്കൊണ്ടിരിക്കുമ്പോൾ ഒരു കാര്യമെങ്കിലും കലണ്ടർ അനുസരിച്ച് തന്നെത്താനെ കൃത്യം അതേദിവസം തന്നെ ഉണ്ടാകുന്നു എന്നത് പ്രകൃതിയുടെ കലണ്ടർ നമുക്ക് തിരിച്ചുപിടിക്കാൻ പറ്റുമോ എന്നൊരു തോന്നലുണ്ടാക്കുന്ന കാര്യമാണ്. അതിൽ വളരെ സന്തോഷമുണ്ട്. ഈ ചുറ്റും കാണുന്ന കൂണ് മുഴുവൻ ഇന്നലെ വൈകുന്നേരം മുതൽ മുളച്ചു തുടങ്ങിയതാണ്. ഒരു ദിവസം കൂടി അതിവിടെ ഉണ്ടാവും. ഞങ്ങൾ സ്വാഭാവികമായും അടുത്ത വർഷം, 2020 ഒക്ടോബർ 28 നായി കാത്തിരിക്കാൻ തുടങ്ങുകയാണ്.