നമ്മുടെ യൂട്യൂബ് വിഡീയോകൾക്ക് ഒരു പൊതു സ്വഭാവം ഉണ്ട്. അതിൽ വീഡിയോകൾ അവതരിപ്പിക്കുന്നതോടൊപ്പം തന്നെ വീഡിയോ മറ്റുള്ളവരൊടൊപ്പം പങ്കു വയ്ക്കാനും, അത് സബ്സ്ക്രൈബ് ചെയ്യാനും പൂർണ്ണമായും കാണാനും ആളുകളോട് അഭ്യർത്ഥിക്കുക കൂടി വേണം. എങ്കിൽ മാത്രമേ ആ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തുകയുളളൂ. നിർഭാഗ്യവശാൽ ഞാനത് ചെയ്യാറില്ല. സാമാന്യം വിവരം ഉള്ള ആളുകളാണ്, അവരെ ബോറടിപ്പിക്കണ്ട എന്ന് കരുതിയാണ് പങ്കുവയ്ക്കുന്ന കാര്യം എപ്പോഴും പറയാത്തത്. പക്ഷെ ചില പ്രധാനപ്പെട്ട വിഷയങ്ങൾ വരുമ്പോൾ അത് ദയനീയമായി പരാജയപ്പെട്ടു പോകുന്നു.

രണ്ടാഴ്ച മുൻപ് ഞാനൊരു വീഡിയോ ഇറക്കിയിരുന്നു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചാണ്. കേരളത്തിലെ മുഴുവൻ ആളുകളും അറിഞ്ഞിരിക്കേണ്ട വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. ലോകം മുഴുവൻ കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അത് ഇനിയും കൂടാൻ സാധ്യത ഉണ്ട്. അത് ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്ന ഒരു വിഭാഗം കേരളീയരാണ്. ഭൂപ്രകൃതിയും ഭൂമിയോടു ചെയ്യുന്ന നിയന്ത്രണങ്ങളില്ലാത്ത ആക്രമണവും എല്ലാം ചേർന്ന് കര ഇല്ലാതാക്കുന്ന അവസ്ഥയാണ്. അത് ശ്രദ്ധിച്ചില്ലെങ്കിൽ ഓരോ ദോഷങ്ങൾ വരാം. ഓരോരുത്തർക്കും അതിൽ ചെറിയ കാര്യങ്ങൾ ചെയ്യാനും കഴിയും. അതുകൊണ്ടാണ് അങ്ങനെ ഒരു വീഡിയോ ചെയ്തത്. പക്ഷെ ആ വിഡിയോ കഷ്ടിച്ച് 2000 പേരാണ് കണ്ടത്. അത് കാണാത്തവരുണ്ടെങ്കിൽ കാണാൻ ശ്രമിക്കണം. എന്നു മാത്രമല്ല, അത് കാണാൻ താത്പര്യമുള്ള അല്ലെങ്കിൽ കാണേണ്ട ആളുകളുണ്ട്, കൊച്ചു കുട്ടികൾ അതായത് വരുന്ന തലമുറ ആണത് കാണേണ്ടത്. കഴിയുമെങ്കിൽ അവരിലേക്ക് അത് പങ്കു വയ്ക്കണം എന്ന അഭ്യർത്ഥന കൂടി ഉണ്ട്.

ഇത്തവണ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് പുതയിടലിനെ കുറിച്ചാണ്.. പുത ഇടാനായിട്ട് ആവശ്യത്തിന് വസ്തുക്കൾ കിട്ടാറില്ല. പുത ഇടാനായിട്ട് കയർ ഉപയോഗിക്കാം. കരിയില ഉപയോഗിക്കാം, എന്തു വേണമെങ്കിലും ഉപയോഗിക്കാം. വാഴയൊക്കെ വെട്ടി കഷണങ്ങളാക്കി ഇടാം. ജൈവമായി മണ്ണിൽ ചേരുന്ന എന്തും മണ്ണിൽ പുത ഇടാനായി ഉപയോഗിക്കാം. അതിന്റെ ഒരു തത്വശാസ്ത്രം എന്താന്നു വച്ചാൽ നമ്മളിങ്ങനെ ഒരു കാര്യം ചെയ്യുമ്പോ ആ ജൈവവസ്തു മണ്ണിൽ ചേരാനൊരു സമയം എടുക്കും. ആ സമയം വരെ മണ്ണിന് ഒരു പുതപ്പായി അത് പ്രവർത്തിക്കും. അതിനിടയിൽ സൂക്ഷ്മജിവികൾക്കും  മറ്റും താമസിക്കാൻ പറ്റും. നമ്മൾ ഒഴിക്കുന്ന വെള്ളം ഇതിനടിയിലേക്ക് ചെല്ലുമ്പോൾ സൂര്യപ്രകാശം നേരിട്ട് അതിലേക്ക് പതിക്കുന്നില്ല. പുറത്തുളള പുതയിലാണ് വെയിൽ വീഴുന്നത്. വെള്ളം പിന്നെ വേഗം ആവിയായി പോകുന്നില്ല.

എല്ലാദിവസവും വെള്ളം ഒഴിക്കുന്നിടത്ത് പുത ഇട്ടു കഴിഞ്ഞാൽ ആഴ്ചയിലൊരിക്കൽ വെള്ളം ഒഴിച്ചാലും ചെടി നിൽക്കും. ജോലി തന്നെ കുറയുകയാണ്. പക്ഷെ നമ്മളത് ചെയ്യുന്നില്ല. രണ്ടു മൂന്നു കാരണങ്ങളാണ്. പുത ഇടാനായിട്ട് സാധനങ്ങൾക്ക് കാശ് ചിലവാകും എന്ന പേടിയുണ്ട്.  പത്രക്കടലാസു പോലു പുതയിടാനായി പറ്റും എന്നുള്ളതാണ് എന്റെ അനുഭവം. അത് മുറിക്കാൻ കുറച്ച് പ്രയാസമുണ്ട്. മുറിച്ച് തുണ്ടുകളാക്കി ഇടാം. തുണി തുണ്ടുകളും അതുപോലെ ചെയ്യാം. മണ്ണിൽ ചേരാനായി സമയം എടുക്കും. മറ്റേത് പോലെ ചേരില്ല എങ്കിലും ഇതൊക്കെ പുത ആയി ഉപയോഗിക്കാം. ചണച്ചാക്ക്  കഷണങ്ങളാക്കിയത്. അതൊക്കെ ജോലി കൂടുതാലാണ്.

ഞങ്ങൾ അടുത്തിടെ കണ്ടു പിടിച്ച മാർഗം വഴിയരികിൽ കരിക്ക് കുടിച്ചിട്ട് ആളുകൾ വലിച്ചെറിയുന്ന തൊണ്ട്, അതുകൊണ്ട് പുതയിടുക. അതുകൊണ്ട് പുതയിടുമ്പോ രണ്ട് പ്രശ്നങ്ങളുണ്ടായി. കരിക്ക് കുടം പോലെ ആണ് ഇരിക്കുന്നത് അത് പലപ്പോഴും മണ്ണിൽ ചേരില്ല. ആളുകൾ കരിക്ക് കുടിച്ചിട്ട് അതിന്റെ ഉള്ളിലെ സാധനം കഴിക്കാതെ കുടം പോലെ ഇത് വലിച്ചെറിയും. അത് മണ്ണിൽ കൊണ്ടിട്ടാൽ മണ്ണിൽ ചേരാനായി സമയം എടുക്കും. രണ്ടാമത്തെ കാര്യം അതിന്റെ കാമ്പ് എടുക്കാനായി രണ്ടായി മുറിച്ചാലിത് രണ്ട് ചട്ടി പോലെ ആകും. ഈ രണ്ട് ചട്ടിയിലും വെള്ളം നിൽക്കുകയാണ്. അതിൽ കൊതുക് മുട്ടയിടുകയും പെരുകുകയും ചെയ്യുന്ന അവസ്ഥ ഉണ്ട്. അതിന് പരിഹാരമായി ഞാൻ കരിക്ക് വെട്ടുന്ന യന്ത്രം വാങ്ങി നോക്കി. അത് വച്ച് കരിക്കിനെ നാല് കഷണമാക്കുമ്പോൾ വെള്ളം നിൽക്കാനുള്ള സാധ്യത കുറവാണ്. കുറച്ചുകൂടി ചെറിയ കഷണങ്ങളാക്കുമ്പോൾ അധ്വാനം കൂടുതലാണ്. യന്ത്രം ഉണ്ടെന്നു പറഞ്ഞാലും ഒരു ലോഡ് കരിക്കിനെ തുണ്ടാക്കാനായിട്ട് ഒരാഴ്ചയെങ്കിലും ജോലി ചെയ്യേണ്ട അവസ്ഥ ഉണ്ട്.

ഇവിടെത്തെ തന്നെ ജീവനക്കാരൻ റസൽ അദ്ദേഹം ഒരു മാർഗം കണ്ടു പിടിച്ചു, അദ്ദേഹം തൊണ്ടുകൾ കഴിവതും കമഴ്ത്തി തന്നെ ചെടികളുടെ ഇടയിൽ വച്ചു. കരിക്കിന്റെ പ്രധാന പ്രശ്നം അതിലെ സ്ട്രോ ആണ്. സ്ട്രോ മുഴുവൻ പെറുക്കി മാറ്റുകയും തിരിച്ച് കോർപ്പറേഷനെയോ മുനിസിപ്പാലിറ്റിയോ ഏൽപ്പിക്കുകയും വേണം. അല്ലെങ്കിൽ പറമ്പു മുഴുവൻ കുറച്ചു കഴിയുമ്പോൾ പ്ലാസ്റ്റിക് ആയിരിക്കും. എന്നിട്ട് തൊണ്ടു കമഴ്ത്തി വയ്ക്കുക. കുടം പോലെ ഇരിക്കുന്നതാണെങ്കിൽ അതിനെ പറ്റുമെങ്കിൽ ഒന്നു മുറിച്ചിട്ടു വെക്കുക അല്ലെങ്കിൽ കമഴ്ത്തി വയ്ക്കുക. അതിനു ശേഷം കരിക്കിന്റെ തൊണ്ടുകൾ അവർ ചെത്തി കൂർപ്പിക്കുമ്പോൾ താഴെ പോകുന്ന ചെറിയ തൊണ്ടുകൾ എടുത്ത് ഇതിനിടയിൽ നിറയ്ക്കുക. നിറച്ചാൽ വെള്ളം കെട്ടി നിൽക്കാതിരിക്കും. മുകളിൽ ലെവലായി നിൽക്കും കൊതുക് അതിനടിയിൽ കയറി മുട്ടിയിടാതിരിക്കും. കൊതുക് ദ്വാരത്തിൽ കയറി മുട്ടയിടില്ല. തുറന്ന് കിടന്നാൽ ആ വെള്ളത്തിലേ മുട്ടയിടുകയുള്ളു.

കരിക്കിന്റെ തൊണ്ടു കൊണ്ട് പുതയിടൽ നമ്മൾ പ്രയോഗിച്ചു. നമ്മുടെ പറമ്പിന്റെ സ്വഭാവം തന്നെ മാറി മറിക്കാൻ ഇതിനു പറ്റും. ചകിരി വച്ച് ചെയ്യാനാകുമോ എന്നു  ചോദിച്ചാൽ അറിയില്ല. പറ്റില്ല എന്നാണ് എന്റെ അറിവ്. ശരിയാണോ എന്ന് അറിയില്ല. നാളികേരത്തിന്റെ തൊണ്ടിലുളള പിഗ്മെന്റുകൾ മണ്ണിന് അത്ര നല്ലതല്ല. ചെടിക്കും അത്ര നല്ലതല്ല എന്നാണ് കേട്ടിരിക്കുന്നത്. കരിക്കിന് ആ പ്രശ്നം ഇല്ല. അത് മണ്ണിൽ ചേർന്ന് പൊയ്ക്കോളും. പക്ഷെ മറ്റേതാണെങ്കിൽ ചില പ്രോസസുകൾ നടത്തിയ ശേഷമാണ് ചകിരി പലപ്പോഴും വില്പ്പനയ്ക്ക് കിട്ടുന്നത്. അതിനെ വെള്ളത്തിലിടുമ്പോഴോ മറ്റോ ആണ് അത് ചകിരിച്ചോറായി വരുന്നത്. അത് പ്രായോഗികമായി ചെയ്യാൻ അത്ര എളുപ്പമല്ല.

ഈ സംഗതി വളരെ പെട്ടെന്ന് ചെയ്യാൻ പറ്റും. ഇത് ചെയ്തു നോക്കുക. നിങ്ങളുടെ പറമ്പിന് അത്ഭുതകരമായ മാറ്റങ്ങൾ, മണ്ണിന് ജൈവ അന്തരീക്ഷം ഉണ്ടാക്കാൻ കരിക്കിൻ തൊണ്ടിന് പറ്റും. വഴിയരികിലെ കരിക്കിൻതൊണ്ടു ഒഴിവായി കിട്ടും. അത് എടുത്തു ചെയ്യുക എന്നത് നല്ലൊരു ആശയമാണ്. കഴിയുന്നത്ര ആളുകൾ ചെയ്യുക.