ഞാൻ നേരത്തെ ഒന്നു രണ്ടു പേരെ പരിചയപ്പെടുത്തിയിരുന്നു. ആ സീരിസ്സിൽ ഇപ്പോ പുതിയ ഒരു ആളെ പരിചയപ്പെടുത്തുകയാണ്, ചെടികളെക്കുറിച്ച് അറിയാവുന്ന ഒരാൾ. ശ്രീ ചെറിയാൻ മാത്യു. അദ്ദേഹം എന്റെ സുഹൃത്താണ്. ഞങ്ങൾ തമ്മിൽ ഏകദേശം ഏഴു വർഷത്തെ പരിചയമുണ്ട്. അദ്ദേഹം മുൻപ് പല കാര്യങ്ങളും ചെയ്തിരുന്നു, ഫാം ജേർണലിസ്റ്റ് ആയിരുന്നു. ഇപ്പോൾ കേരളത്തിൽ പോപ്പുലർ ആയ കരിങ്കോഴിയെ കേരളത്തിലേയ്ക്ക് കൊണ്ടുവന്ന ആദ്യകാല ആളുകളിൽ ഒരാളാണ് ചെറിയാൻ സാർ. അദ്ദേഹം കോഴി വളർത്തലിന് കേന്ദ്ര ഗവണ്മെന്റിന്റെ അവാർഡ് നേടിയിട്ടുണ്ട്. കരിങ്കോഴികളെക്കുറിച്ച് കൂടുതൽ അറിയാവുന്ന, കൂടുതൽ ആഴത്തിൽ പഠിക്കുന്ന ഒരാളാണ്. അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്.

ഇദ്ദേഹത്തിന് വനവത്കരണത്തിൽ താത്പര്യമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഒന്നിച്ചു. എനിക്കറിയാവുന്നതിന്റെ നാലിരട്ടി കാര്യങ്ങൾ അദ്ദേഹത്തിന് ചെടികളെപ്പറ്റി അറിയാം. അദ്ദേഹം രാവിലെയും വൈകിട്ടും ഏപ്പോഴും ഇതുതന്നെ ചെയ്തു കൊണ്ടിരിക്കുകയാണ്. പുസ്തകങ്ങൾ വാങ്ങിക്കുക, വായിക്കുക, ചെടി അറിയാവുന്ന ആളുകളെ കാണുക. അവരോട് വിവരം ശേഖരിക്കുക. ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുകയാണ്.

ഈ വനവല്ക്കരണത്തിലേയ്ക്ക് വരും മുൻപ് എന്റെ ചിന്ത ഭൂരിപക്ഷം ചെടികളും കായ് കുഴിച്ചിട്ടാൽ കിളിർക്കും, വേരിൽ നിന്ന് പൊട്ടി മുളയ്ക്കും നമ്മൾ എടുത്തു വച്ചാൽ മതി എന്നൊക്കെയായിരുന്നു. നാടൻ തൈകൾ, നഷ്ടപ്പെട്ട തൈകൾ ഇതൊക്കെ തിരിച്ചു കൊണ്ടുവരാൻ പോയപ്പോൾ മനസ്സിലായത് സാധാരണഗതിയിൽ ഈ തൈകൾ എളുപ്പത്തിൽ കിളർപ്പിച്ചെടുക്കാൻ പറ്റില്ല എന്നാണ്. ഇതിനൊക്കെ അതിന്റെതായ രീതി ഉണ്ട്. അതിനെക്കുറിച്ച് അറിയാവുന്ന ആളുകൾ അതിന്റെ വിത്ത് എവിടെക്കിട്ടും സീസൺ ഏതാണ് ഇങ്ങനെ അതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചെങ്കിൽ മാത്രമേ നടക്കുകയുള്ളു. തന്നെയുമല്ല വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഉത്പാദിപ്പിച്ചാൽ മാത്രമേ 300 രൂപയ്ക്കെങ്കിലും ആളുകൾക്ക് നൽകാനാവൂ.

ഇതിന്റെ പ്രോട്ടീൻ മിക്സച്ചറും നോട്ടവും അതിനെടുക്കുന്ന സമയവും ട്രാൻസ്പോർട്ടേഷനും എല്ലാം കൂടി വരുമ്പോൾ നല്ലൊരു ചിലവ് പുറമെ വരും. ന്യായമായ രീതിയിൽ ഉത്പാദിപ്പിച്ചാൽ മാത്രമേ 300 രൂപയ്ക്കെങ്കിലും ആളുകൾക്ക് നൽകാനാവൂ. നമ്മുടെ നാട്ടിൽ ആളുകളെ സംബന്ധിച്ച് ചെടികൾ വെറുതെ കിട്ടുന്നതാണ്, വഴിയിൽ നിൽക്കുന്നതാണ് എന്നൊക്കെ ചിന്തിച്ച് 300 രൂപ എന്നു പറയുമ്പോൾ തന്നെ പേടിച്ച് ഞെട്ടും.

75 രൂപയുടെ ചെടിയ്ക്കൊക്കെ ആളുകൾ കഠിനമായി വിലപേശുന്നത് കണ്ടിട്ടുണ്ട്, വഴിയിലൊക്കെ. അത് എത്ര ദിവസത്തെ അധ്വാനമാണെന്ന് അറിയാമോ? പത്ത് ചെടിവച്ചാൽ നാലെണ്ണമായിരുക്കും കിളിർക്കുക. ബാക്കി പോയിട്ടുണ്ടാവും. അപ്പോ ആ കോസ്റ്റ് കൂടി കൂട്ടി വേണം വിലയിടാൻ. അത് പോട്ടെ, അതല്ല ഇവിടെ വിഷയം.

ശ്രീ ചെറിയാൻ സാറിനെ ഞാൻ പരിചയപ്പെടുത്താം. അദ്ദേഹത്തിന്റെ ചെടികളെക്കുറിച്ചുള്ള അറിവ് നിങ്ങൾക്ക് ഭാവിയിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രചോദനമായേക്കാം. ചെറിയാൻ സാറിനെ പരിചയപ്പെടുത്തുമ്പോൾ പറയേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്, അദ്ദേഹം ഈ കോവിഡ് കാലത്തു പോലും തിരുവനന്തപുരം മുതൽ കാസർകോഡു വരെ കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് 30 പ്രാവശ്യം പോയിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള യാത്രകൾ എടുത്താൽ അത് എണ്ണാനാകുന്നതല്ല. ഇങ്ങനെ യാത്ര ചെയ്യുന്ന ഇദ്ദേഹത്തിന് 5 വർഷം മുൻപ് തൊണ്ടയിൽ തൈറോയിഡ് ഗ്രന്ഥിയിൽ കാൻസർ വന്നു. ശബ്ദത്തിന് പ്രശ്നം വന്നു. നമ്മുടെ റീജണൽ കാൻസർ സെന്ററിൽ ചികിത്സിച്ചു, സർജറി നടത്തി. അതിൽ നിന്ന് റിക്കവറി നേടി. എന്നിട്ട് അദ്ദേഹം അവിടന്ന് സാധാരണ ജീവതത്തിലേയ്ക്ക് തിരിച്ചുവന്ന ആളാണ്. അദ്ദേഹത്തിന്റെ മനോധൈര്യമാണ് അതിന് സഹായിച്ചത്. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ അത് കൂടി പറയണം. പലരും രോഗം വന്നാൽ ഇതോടെ ജീവിതം അവസാനിച്ചു എന്ന മട്ടിൽ പിൻവാങ്ങുന്നവരാണ്. അദ്ദേഹം വളരെ മനോധൈര്യത്തോടെ അതിനെ നേരിട്ട ആളാണ്.

സാർ ഫാം ജേർണലിസ്റ്റ് ആയിരുന്നല്ലോ. ആ സമയത്ത് സാറിന് ചെടികളെയും മരങ്ങളേയും കുറിച്ച് താത്പര്യം ഉണ്ടായിരുന്നോ.

ഉണ്ടായിരുന്നു. മരങ്ങൾ മാത്രമല്ല, പക്ഷികൾ, മൃഗങ്ങൾ, എല്ലാം. ഫാം എന്നു പറയുമ്പോൾ മൃഗ സംരക്ഷണവും മീൻ വളർത്തൽ, കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും സഞ്ചരിച്ചിട്ടുണ്ട്.

ബേസിക് വിദ്യാഭ്യാസം കൊമേഴ്സ് അല്ലായിരുന്നോ, അപ്പോൾ ഫാം ജേർണലിസത്തിൽ വന്നിട്ട് അറിവ് കിട്ടാനായിട്ട് എന്താണ് ചെയ്തത്. കൃഷിയിൽ വിജയിച്ച കർഷകരെ, കൃഷിയിലാണെങ്കിൽ, പച്ചക്കറി കൃഷി, പൂകൃഷി, ഫലവർഗകൃഷി, മീൻകൃഷി, ആടുവളർത്തൽ അങ്ങനെ എല്ലാ കൃഷിയിലും വിജയിച്ചവരുടെ ആർട്ടിക്കിൾ എഴുതുന്നവരുടെ പരിപാടി ആയിരുന്നു. അങ്ങനെ കൃഷിക്കാരുമായിട്ട് നിരന്തരം സംസർഗ്ഗം വന്നു. അവർ എന്തുകൊണ്ട് പരാജയപ്പെട്ടു, എന്തു കൊണ്ട് വിജയിച്ചു, എന്തുകൊണ്ട് ഈ മേഖല കണ്ടെത്തി, അങ്ങനെ അവരുമായി എല്ലാ രീതിയിലും ഇടപഴകി അവരുടെ വീടുകളിൽ താമസിക്കാറുണ്ടായിരുന്നു, അങ്ങനെയാണ് ഇത് മനസ്സിലാക്കിയത്.

അങ്ങനെ മനസ്സിലാക്കിയപ്പോ സാർ മാസിക നിർത്തിയിട്ട് കൃഷിക്കാരനാകാൻ പോയി അല്ലേ, അതെ. കരിങ്കോഴിയെ തിരഞ്ഞെടുക്കാൻ എന്താണ് കാരണം?

അത് കൃഷിയുമായി ബന്ധപ്പെട്ട് അടൂർ പഴകുളം സൊസൈറ്റിയിൽ ചെന്നപ്പോൾ അവിടെ 60-65 വയസ്സുള്ള റിട്ടേർഡ് ആയ രാമപിള്ള സാറിനെ കണ്ടു. അദ്ദേഹം എന്റെ ക്യൂരിയോസിറ്റി മനസ്സിലാക്കിയിട്ട്, പറഞ്ഞു, ചെറിയാൻ ഒരു കാര്യം ചെയ്യു, എന്ന് പറഞ്ഞ് ജലന്തറിലെ അഡ്രസ്സും, കുറെ നോർത്ത് ഇന്ത്യയിലെ അഡ്രസ്സ് തന്നു, അവിടെത്തെ ഡയറക്ടറെ പരിചയപ്പെടുത്തി തന്നു. അങ്ങനെ ഹിന്ദി പോലും അറിയാതെ ഞാൻ പോയി. ജലന്തറിലേയ്ക്ക്.

ജലന്തറിൽ എന്തിനാ പോയത് ?
അവിടെ സെന്റട്രൽ പൗൾട്ടറി ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെ ഡയറക്ടറെ കാണാൻ പോയി. അദ്ദേഹവുമായി സംസാരിച്ചു കഴിഞ്ഞപ്പോ എന്റെ കൃഷിയിലെ താത്പര്യം കൊണ്ട് അദ്ദേഹം കോഴിക്കുഞ്ഞുങ്ങളെ വരുത്തി തന്നു. കരിങ്കോഴി കുഞ്ഞുങ്ങളെ.

കരിങ്കോഴിയെ തന്നെ തിരഞ്ഞെടുക്കാൻ എന്താ കാര്യം ?
കേരളത്തിലില്ലാത്ത ഒരു സംരംഭം പുതിയ സംരംഭം അത് വന്നു കഴിഞ്ഞാൽ അതിനാണല്ലോ സാധ്യത എന്ന ചിന്തയാണ് എന്റെ മനസ്സിലുണ്ടായിരുന്നത്.
പുതിയ സംരംഭം തുടങ്ങുന്നത് എപ്പോഴും നല്ലതാണ്. പക്ഷെ പുതിയ സംരംഭങ്ങൾക്ക് എപ്പോഴും ഒരു റിസ്ക് ഉണ്ട്. അതായത് ആരും പരീക്ഷിച്ച് വിജയിക്കാത്ത ഒരു സാധനം എടുക്കാൻ വളരെക്കുറച്ച് പേരെ ധൈര്യപ്പെടുകയുള്ളു. വളരെ പെട്ടെന്ന് ഇത് വിജയിക്കണമെന്നില്ല.

അതിനകത്ത് ഒരു സത്യാവസ്ഥ ഉണ്ട്. ഞാനിങ്ങനെ തപ്പി ചെന്നപ്പാ തേവലക്കര എന്ന സ്ഥലത്ത് 84 വയസ്സുള്ള ഒരു കണ്ണു വൈദ്യൻ, 25 വർഷം മുൻപ് പ്രകാശ് എന്നു പറയുന്ന ആൾ ഈ കരിങ്കോഴിയെ വളർത്തിയതിന് തെളിവുണ്ട്. കണ്ണു വൈദ്യന്റെ അടുത്തു വരുന്ന ആൾക്കാർക്ക് 25 വർഷം മുൻപ് കരിങ്കോഴിയുടെ എല്ലും മാംസവും ഒഴിച്ച് ബാക്കി കളഞ്ഞിട്ട് ആയുർവേദ മരുന്നുമായി ചേർത്ത് ഉണക്കിപ്പൊടിച്ച് മരുന്നുകണ്ടെത്തി്ട്ടുണ്ടായിരുന്നു. അന്നു മുതൽ ഈ കറുത്ത ഇറച്ചി ഉള്ള കോഴിക്ക് എന്തോ വ്യത്യാസം ഉണ്ടെന്ന്, മെലാനിൻ ഉണ്ടെന്നല്ലാതെ അത് മരുന്നായും, ലേഹ്യമായും, രസായനം ആയും വച്ച് അന്നേ കൊടുത്തിരുന്നു. പക്ഷെ ഇതിന്റെ കൂട്ട് ആരും, ആർക്കും പറഞ്ഞു കൊടുക്കത്തില്ലാരുന്നു. ഞാൻ ഒരുപാട് ശ്രമിച്ചു ഇതിന്റെ കൂട്ട് മനസ്സിലാക്കാൻ പക്ഷെ അവർ പറഞ്ഞു കൊടുക്കത്തില്ല.

അങ്ങനെ സാർ കരിങ്കോഴിയെ കേരളത്തിലേയ്ക്ക് കൊണ്ടു വരുന്നു, അതിനെ വിതരണം ചെയ്യാൻ ശ്രമിക്കുന്നു. ആ സമയത്താണ് നമ്മൾ പരിചയപ്പെടുന്നത്. ഞാന് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലോ പത്രത്തിലോ സാറിനെക്കുറിച്ച് ഒരു ലേഖനം കണ്ടിട്ടാണ് വിളിക്കുന്നത്. പിന്നെ അസുഖം വരുന്നു, അതു കഴിഞ്ഞിട്ടാണ് പിന്നെ മിയാവാക്കി മാതൃകയിലേക്ക്, തുടക്കം മുതൽ തന്നെ നമ്മൾ ഒരുമിച്ചാണ് മിയാവാക്കി ചെയ്യുന്നത്. അന്നു മാത്യു ഡാൻ സാറിനെ പരിചയപ്പെടുന്നു. അന്ന് സാറിന് ചെടികളെക്കുറിച്ച് കാര്യമായിട്ടുള്ള വിവരം ഒന്നും ഇല്ലായിരുന്നു. അന്നുകൂടുതൽ എനിക്ക് അറിയാമാരുന്നു എന്നു തോന്നുന്നു.
വനവത്കരണം ചെയ്യുന്നുണ്ടെന്നും കരിം സാറിനെ കണ്ടു, അങ്ങനെ വനം വച്ച രണ്ടോ മൂന്നോ ആൾക്കാരെ പരിചയം ഉണ്ടെന്നല്ലാതെ മരങ്ങളെക്കുറിച്ചുള്ള അറിവ് വളരെ കുറവ് ആയിരുന്നു.
പിന്നെ ആ അറിവ് ശേഖരിക്കണം എന്ന് തോന്നിയത് എപ്പോഴാണ്.
ഹരി സാറുമായി കൂടിയപ്പോ.
എന്റെ കൂടെ കൂടി രണ്ടു കൊല്ലം കഴിഞ്ഞല്ലേ സാർ ഇതിലേയ്ക്ക് വരുന്നത്.
ഒരു കാര്യം തുടങ്ങുമ്പോ ഏറ്റവും താഴത്തെ തട്ടിൽ നിന്നേ ഞാൻ തുടങ്ങാറുളളൂ. പിന്നെ മുകളിലുള്ളവരെ കാണും. എല്ലാ തരത്തിലുള്ള ആൾക്കാരെയും കാണാറുണ്ട്.
ഒരു സിനിമയിൽ നെടുമുടി വേണു വിയ്യൂർ, കണ്ണൂർ, സെന്ട്രൽ ജയിലുകളാണ് തറവാട് ആണ് എന്നു പറഞ്ഞു നടക്കുംപോലെ സാർ പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, മണ്ണുത്തി അഗ്രിക്കൾച്ചറൽ കോളേജ് ഇതെല്ലാം തറവാട് പോലെ എല്ലായിടവും കയറി ഇറങ്ങുന്നുണ്ട്. ഇങ്ങനെ കയറി ഇറങ്ങുമ്പോ സയന്റിസ്റ്റുകൾക്ക് വളരെ നല്ലൊരു പ്രതികരണവുമാണ് സാറിനോട്.

എന്റെ താത്പര്യം കണ്ടിട്ട് കയ്യിലെ പൈസ ചിലവാക്കി എന്നെ സഹായിച്ച സയന്റിസ്റ്റുകൾ ഉണ്ട്. അവർ കർണ്ണാടകയിൽ പല തൈകൾ ശേഖരിക്കാൻ എന്നെ വിട്ടു. അവരുടെ വിലയേറിയ സഹായം നമ്മൾ ഒരിക്കലും വിസ്മരിക്കാൻ പാടില്ല. അവരാണ് എന്നെ ഈ നിലയിൽ എത്തിച്ചതിലെ പ്രധാന ഘടകം.

പൊതുവെ നമ്മുടെ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന റിസർച്ച് പുറത്ത് വരാറില്ല. ഞാൻ ഏഴു വർഷം യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് ലെവലിൽ ഇവിടെ നിന്നതാണ്. അന്നവിടെ ഒരാൾ 100 ചെമ്പരത്തികൾ വികസിപ്പിച്ചെടുത്തായിരുന്നു. പേര് പുഷ്പരാജ് എന്നോ മറ്റോ ആയിരുന്നു. ഞാനതിന്റെ കമ്പ് ചോദിച്ചു. ഞാൻ അവിടെ ജേർണലിസത്തിന് പഠിക്കുകയായിരുന്നു. അതിനടുത്ത് ആയിരുന്നു ബോട്ടണി ഡിപ്പാർട്ട്മെന്റ്. പുഷ്പരാജിന്റെ പിഎച്ച്ഡി കഴിയാതെ കൊടുക്കാനൊക്കില്ല എന്നു പറഞ്ഞു. പുഷ്പരാജിന്റെ പിഎച്ച്ഡി റിസൾട്ട് വന്ന് ഞങ്ങൾ ചെല്ലുമ്പോൾ ഈ ചെടി മുഴുവൻ ഉണങ്ങിപ്പോയി. പുഷ്പരാജ് പിഎച്ച്ഡി സബ്മിറ്റ് ചെയ്തശേഷം ഉപജീവനാർത്ഥം വേറെ ജോലി തേടി പോയിക്കാണും, വെള്ളം കിട്ടാതെ ഈ 101 ചെമ്പരത്തികളിൽ ഒരെണ്ണം പോലും അവിടെ ഇല്ലാരുന്നു. നൂറാണോ 51 ആണോ എന്ന് ഓർമ്മയില്ല, 35 വർഷം മുൻപ് ഉള്ള കാര്യമാണ്. ഞാൻ കണ്ടിരിക്കുന്നത് അതു പോലയുള്ള കാര്യങ്ങളാണ്. പക്ഷെ ഇവിടെ സാറിന്റെ കാര്യത്തിൽ ശാസ്ത്രജ്ഞർ മാത്രമല്ല ചെടി നോക്കുന്ന ആളു തൊട്ട് വലിയ ആളുകൾ വരെ ഈ വിജ്ഞാനം പുറത്തേയ്ക്ക് കൊടുക്കാൻ വലിയ താത്പര്യം കാണിക്കുന്നുണ്ട്.

അവർ പറയുന്നത് ആരും ഞങ്ങളോട് ഇത് ആവശ്യപ്പെടുന്നില്ല എന്നതാണ്. ഇത് എവിടെ കിട്ടും, എങ്ങനെ കിളിർപ്പിക്കും, എന്നൊന്നും അവരോട് ആരും ചോദിക്കുന്നില്ല.
സാധാരണ നമ്മൾ ഈ കാണുന്ന ചെടികളൊന്നും നമുക്ക് കിളിർപ്പിക്കാൻ പറ്റുന്നില്ലായിരുന്നു. ഇപ്പോ നമ്മൾ കുറെ ചെടികൾ കിളിർപ്പിക്കാനുള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കിയിട്ടുണ്ട്. കിളിർപ്പിക്കുന്നതിലെ വ്യത്യാസം, അത് ഒന്നുപറഞ്ഞു കൊടുക്കാമോ.

ഉദാഹരണത്തിന് ഏഴിലം പാല. നമ്മുടെ കൈ എത്തും ദൂരത്ത് അതിന്റെ വിത്തില്ല. ഒരു വിത്തിനകത്ത് അനേകം ഉണ്ട് അത് പറിക്കാൻ പ്രയാസമാണ്. നൂലു പോലെ തൂങ്ങിക്കിടക്കും. അത് പൊട്ടിച്ചാൽ കടുകിനോളമേ ഉള്ളു. അത് വിത്ത് ശേഖരിക്കാൻ പറ്റില്ല.
അത് എങ്ങനെയാണ് കിളിർക്കുന്നത്.
അത് താഴെ വീണ് മഴ കൊണ്ട് കിളിർക്കുന്നതുണ്ട്. റോഡ് സൈഡിലുള്ളത് കിളിർക്കാൻ സാധ്യത ഇല്ല. പിന്നെ കമ്പു വെട്ടി വച്ചു കിളിർപ്പിക്കാം.
വെറുതെ കിളിർപ്പിക്കാൻ പറ്റുമോ
വെട്ടി നട്ടാൽ ഇല്ല, മിസ്റ്റ് ചേമ്പർ വേണം, അല്ലെങ്കിൽ പോളിഹൗസ് വേണം.
മിസ്റ്റ് ചേമ്പർ എന്നു പറഞ്ഞാൽ ?
ഇരുമ്പു അടിച്ചിട്ട് ഗ്രീൻ നെറ്റിടുന്നത് യുബി ഷീറ്റ് ഇടുന്നത്. അതിനകത്ത് ഇത് വച്ചാൽ കിളിർക്കും. റൂട്ടെക്സ് വയ്ക്കുന്നത് ഒരു കൂടി കിളിർക്കാനുള്ള വേഗത കൂട്ടും. അത് വയ്ക്കാതെയും 60 % കിളിർക്കും.
അതുകൂടാതെ വേറെ ഏതെങ്കിലും വിശേഷപ്പെട്ട ചെടികളുണ്ടോ?

കോട്ടയം സൈഡിൽ കൂനംപാല എന്നു പറയുന്നത് അത് സാധാരണഗതിയിൽ കുഴിച്ചിട്ടാല് 3 മാസം എടുക്കും കിളിർക്കാൻ. അത് പക്ഷികളുടെ പരാഗണത്തിലാണ് ഉണ്ടാകുന്നത്. സാധാരണ പറമ്പിലൊക്കെ ഉണ്ടാകാറുണ്ട്. സാധാരണ ഒരു നേഴ്സറിയിലും അതിന്റെ തൈകള് 50 എണ്ണം എടുക്കാനില്ല.
കൂനം പാലയുടെ 50 തൈ സാറല്ലാതെ വേറെ ആരും ചോദിക്കില്ല. ആളുകൾ ചോദിക്കുകയാണെങ്കിൽ അവർ ചെയ്യും.
ഏഴിലം പാല ശ്രമിച്ചിട്ടും കിട്ടുന്നില്ല. ഡൽഹിയിൽ റോഡ് സൈഡിലെല്ലാം ഏഴിലം പാല വച്ചു പിടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഏഴിലം പാല ഇല്ല. നവംബർ മാസം ഇത് പൂക്കുന്ന സമയം നല്ല മണമാണ്. ഇവിടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഒരെണ്ണം ഉണ്ടായിരുന്നു. ഇപ്പോ ഉണ്ടോ എന്ന് അറിയില്ല. രാജ്ഭവനിൽ ഒരെണ്ണം ഉണ്ടായിരുന്നു. ഡൽഹിയിൽ ചെന്നാൽ മിക്കവാറും വഴികളിൽ ഏഴിലം പാല ഉണ്ട്. നമ്മൾ ഇറങ്ങി നടക്കുമ്പോ തന്നെ മണം കിട്ടുന്ന അവസ്ഥയാണ്. കറിവേപ്പ് അത് കുഴിച്ചിട്ടാൽ വളരാറില്ല, പക്ഷെ കാക്ക കാഷ്ഠിച്ചിട്ട് ഏത് പാറപ്പുറത്തും അത് ശക്തിയായി വളരാറുണ്ട്.
കാന്താരി അതു പോലെ ആണ്. പറമ്പിൽ കാക്ക കാഷ്ഠിക്കുന്നതിലും പശു കാഷ്ഠിക്കുന്നതിലും നിന്നും തൈകൾ ഉണ്ടാകാറുണ്ട്. അതിന് ഒരു വളവും ചെയ്യണ്ട നന്നായി വളരും നമ്മൾ വളമിട്ട് വളർത്തിയാൽ ചിലപ്പോൾ മുരടിച്ചു പോകും. പ്രകൃതിയിൽ തന്നെ ഇതിനൊക്കെ സ്രോതസ്സ് ഉണ്ട്.

സാറിന്റെ ഒരു പ്രത്യേകത സാർ കേരളത്തിൽ നഷ്ടപ്പെടു പോയ പല ചെടികളും തപ്പിയെടുത്തു കൊണ്ടു വന്നു.
പ്രത്യേകിച്ച് പറയേണ്ടത് പൂച്ചപ്പഴം. ഞാൻ സ്കൂളിൽ പഠിക്കുമ്പോ മാല കോർത്ത് കളിക്കുന്നത്, പൂച്ചിക്ക എന്ന് പറയും, തിരുവനന്തപുരത്ത് അതിന് പാപനാശി എന്നോ മറ്റോ വ്യത്യസ്തമായ ഒരു പേര് ആണ് പറയുന്നത്. അതിന്ന് ഇല്ല. ചോളം പോലെ ഇരിക്കും ഒരു കുലയിൽ ഒരുപാട് കായ് ഉണ്ടാകും. നല്ല രസമാണ്. മാല കോർത്ത് കുറെ നാൾ കിടക്കും.
ഞാനിത് പറയാൻ കാരണം പലരും എനിക്ക് മെസ്സേജ് അയക്കാറുണ്ട്. പൂച്ചപ്പഴം സാർ കൊണ്ടു വന്നപ്പോഴാണ് ഞാനത് കാണുന്നത്. പൂച്ചപ്പഴത്തെക്കുറിച്ച് ഒരാളുടെ പേരന്റസ് വളരെ നൊസ്റ്റാൾജിക് ആയി പ്രതികരിച്ചു. പൂച്ചപ്പഴം കാണാൻ കിട്ടുമോ, തൈ കിട്ടുമോ എന്നൊക്കെ ചോദിച്ച് പലരും മെസ്സേജ് അയക്കാറുണ്ട്.

ഒരു ചെറിയ ട്രേയിലിരിക്കുന്ന കായ്ഫലമുളള പൂച്ചപ്പഴത്തിന് 2500 രൂപ വരെ വില വന്നിട്ടുണ്ട്. അത്രയ്ക്കും ആൾക്കാർ തയ്യാറാണ്.

അങ്ങനെത്തെ ചെടികൾ ഏതൊക്കെയാണ്, പക്ഷികൾക്കും മനുഷ്യർക്കും തിന്നാൻ പറ്റുന്ന 10 ചെടികളുടെ പേര് പറയാമോ.
പൂച്ചപ്പഴം. കൊറണ്ടി, ഞാവൽ, ഞാറ,
കിളിഞാവൽ ആണോ ?
അതെ ചെറിയ പഴം, അത് മുറ്റത്ത് വയ്ക്കാം.
പിന്നെ മൂട്ടിപ്പഴം ഉണ്ട്.
മൂട്ടിപ്പഴം, ഞാറ, ഞാവൽ ഇതൊക്കെ വലിയ മരങ്ങളാണ്. മറ്റേത് നമുക്ക് മുറ്റത്ത് വയ്ക്കാം. തിരുവനന്തപുരത്ത് ഒരു 5 സെന്റ് സ്ഥലത്ത് വയ്ക്കാവുന്ന ചെടികളാണ് ഇതെല്ലാം. കദളി നല്ല പഴമാണ്.
പാണൽ എന്നൊരു പഴമില്ലേ ?
പാണലിന് ടേസ്ററ് കുറവാണ്. മുട്ടായി ഇല്ലാതിരുന്ന സമയത്ത് കുട്ടികൾ വായിലിട്ട് ചവച്ചിരുന്ന സാധനങ്ങളാണിതൊക്കെ. തിരുവനന്തപുരത്ത് പാണലിന് പാഞ്ചിപ്പഴം എന്നാണ് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പാണൽ അങ്ങനെ കണ്ടിട്ടില്ല. ഇപ്പോൾ വെഞ്ഞാറുംമൂട്ടിൽ ആറ്റിന്റെ തീരത്ത് കുറെ കണ്ടു. അല്ലാതെ കണ്ടിട്ടില്ല.
പാണൽ തന്നെ ആറോ ഏഴോ വെറൈറ്റി ഉണ്ട് ആറടി പൊക്കമുള്ള പാണലുണ്ട്. നമ്മൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്ന പലതും ഇന്ന് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി.
ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി എന്നു പറഞ്ഞാൽ, ഞാനും സാറും കൂടി സംഘടിപ്പിച്ച ഒന്നാണ് വളര് എന്നു പറയുന്ന വടി. വളര് ആനയെ അടിക്കാൻ ഉപയോഗിക്കുന്ന വടി ആണ്. ഓരോ ജില്ലയിലും ഓരോ കമ്പാണ് ഉപയോഗിക്കുന്നതെന്നു തോന്നുന്നു. കുറ്റിക്കാര എന്നതാണ് തൃശ്ശൂർ ഉപയോഗിക്കുന്നത്. അത് വേറെയല്ലേ ? വളര് കോട്ടയം അങ്കമാലി സൈഡിൽ ഉപയോഗിക്കുന്നതാണ്.

അതുതന്നെ ആദ്യം മലയാറ്റൂർ നിന്നാണ് കൊണ്ടുവന്നത്. പിന്നെ നോക്കിയപ്പോൾ ചിങ്ങവനത്തിലുള്ള ഒരാളുടെ വീട്ടിൽ ഇത് പൂത്ത് നിൽക്കുന്നു.

എരുമേലിയിൽ ഒരു ആനക്കാരൻ ഇത് എടുത്തുതരാമെന്നു പറഞ്ഞു. പക്ഷെ ആന അയാളെ ഓലമടലു കൊണ്ടടിച്ചു അയാൾ താഴെ വീണു, പിന്നെ അങ്ങനെ അത് എനിക്ക് കിട്ടിയില്ല. ഞാനന്ന് ചോദിക്കുമ്പോൾ അമ്മ ഈ ചെടിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അമ്മയ്ക്ക് അന്ന് 88 വയസ്സ് കാണും. അത് കാപ്പിയുടെ ഇല പോലെ ഇരിക്കും. ചെറിയ ഇലയാണ്. നീണ്ടിരിക്കും എന്നൊക്കെ പറഞ്ഞുതന്നു. ഞാനിത് പറയാൻ കാരണം കാരൂരിന്റെ കഥയിൽ ഒരു അധ്യാപകൻ കുട്ടികളെ ഇത് വച്ച് അടിക്കുന്നത് പറയുന്നുണ്ട്. അതുകൊണ്ടാണ് അങ്ങനൊരു ചെടിയുണ്ട് എന്നുറപ്പായത്. ശാസ്ത്രജഞന്മാരോട് പലരോടും ചോദിച്ചിട്ടും അവരാരും ഈ വളര് കേട്ടിട്ടില്ല. എന്തായാലും ഇപ്പോഴതിന്റെ തൈ കിട്ടി. പിന്നെ മൂട്ടിപ്പഴവും ഇതിലേയ്ക്ക് വന്ന ശേഷമാണ് കണ്ടിട്ടുള്ളത് അതിന് മുൻപ് കണ്ടിട്ടില്ല.
ഊരാവും കുളമാവും, ശരിക്കും ജപ്പാൻകാർ ഇവിടെ വന്നപ്പോ പ്രൊഫസർ മിയാവാക്കിയുടെ രണ്ടു ശിഷ്യന്മാർ 75 വയസ്സും 76വയസ്സും ഉള്ള അമേരിക്കകാരനായ പ്രഫസർ ബോക്സും, ജപ്പാൻകാരിയായ പ്രഫസർ ഫ്യൂജിവാരയും, അവർ വന്നിട്ടാണ് ഊരാവും കുളമാവും കാണിച്ചു തന്നത്.

കുളമാവ് ഉണ്ടായിരുന്നു, ഊരാവ് വയ്ക്കുന്നില്ലായിരുന്നു.
ഉണ്ടായിരുന്നു പക്ഷെ നമ്മൾ വയ്ക്കുന്നില്ലായിരുന്നു, അവർ പറഞ്ഞ ശേഷമാണ് നമ്മൾ വയ്ക്കുന്നത്. അവർ നിത്യഹരിത വനത്തിൽ അത്യാവശ്യമായി വയ്ക്കേണ്ടതാണ് ഊരാവ്, കാഞ്ഞിരം, കുളമാവ്, കാട്ടുജാതി, കരിഞ്ഞോട്ട, കാര, താന്നി അങ്ങനെ കുറെ മരങ്ങൾ അവർ പറഞ്ഞു. സാർ ഇങ്ങനെ നടന്നു കണ്ടുപിടിച്ച ചെടികളിൽ പ്രത്യേകമായി പറയാവുന്ന ഒന്നോ രണ്ടോ ചെടികൾ പറയാമോ.

എനിക്കാ പൂച്ചപ്പഴം ഭയങ്കരമായി ഇഷ്ടപ്പെട്ടു. നല്ല രുചിയാണ്. അതു പോലെ കിളിഞാവലിൽ ഒരുപാട് പ്രോട്ടീൻ കണ്ടന്റ് ഉണ്ട്,
ഒത്തിരി മരുന്നിന് ഉപയോഗിക്കുന്നതല്ലേ.
കിളിഞാവൽ ആണ്ടിൽ മൂന്ന് പ്രാവശ്യം വരെ കായ്ക്കുന്നുണ്ട്. പിന്നെ അന്യം നിന്നുപോകാന് സാധ്യതയുള്ള മരമാണ് കാശാവ്. അഥവാ കായാമ്പൂ. അതിന്റെ പൂവ് നല്ല രസമാണ് കാണാൻ.
മലയാളത്തിലെ പല സിനിമാപാട്ടുകളിലും ഉണ്ട്. പക്ഷെ ചെടി ഇല്ല.
കായാമ്പൂവിന്റെ പ്രത്യേകത ഈ വർഷം പൂക്കുന്ന കായാമ്പൂ അടുത്തവർഷം പൂക്കണമെന്നില്ല. അതിന്റെ ശാസ്ത്രീയമായ അടിത്തറ മനസിലായിട്ടില്ല. പലതും അങ്ങനെയാണ്.
മാവുകളിലും ചിലപ്പോ അങ്ങനെ കാണാറുണ്ടല്ലോ.
ഒരുപാട് ആയുർവേദ മരുന്നുകൾ നമുക്ക് നഷ്ടപ്പെട്ടു പോകുന്നത് തിരിച്ചു കൊണ്ടുവരാനുള്ള ഒരു ശ്രമം ഉണ്ട്.
രണ്ടു മൂന്ന് ഉദാഹരണം പറയാമോ.
അങ്കോലം, അത് അധികം ഇല്ലാത്തതാണ്, അത് ഇപ്പോ മിയാവാക്കിയിൽ വയ്ക്കുന്നുണ്ട്. അങ്കോലം പേപ്പട്ടി വിഷത്തിനുപയോഗിച്ചു കൊണ്ടിരുന്ന ഒന്നാണ്. ഇവിടെ താഴെ ഒരു മരം ഉണ്ട്. അത് ഇത്തിരി വലുതാണ്.
പിന്നെ ചമത. അതും അധികം ഇല്ലാത്ത സാധനമാണ്.
പ്ലാശ് അല്ലേ? വന്നി ചമത എന്നൊരെണ്ണമുണ്ട്. വന്നിയും വന്നിചമതയും ഒന്നാണോ എന്ന് അറിയില്ല. പിന്നെ ഈ ഫല വൃക്ഷങ്ങളുടെ - പ്ലാവിന്റെയും മാവിന്റെയും എല്ലാം നാടൻ ഇനങ്ങളുണ്ടല്ലോ
ഒരുപാട് വൈറൈറ്റികൾ ശേഖരിക്കാൻ പറ്റിയിട്ടുണ്ട്.
പലതും അന്യം നിന്നു പൊയ്ക്കോണ്ടിരിക്കുന്നു.
തൃശ്ശൂർ ഒരു ഗ്രൂപ്പ് ഉണ്ട്, അവർ വളരെയധികം പ്രശംസ അർഹിക്കുന്നവരാണ്. പത്തു പതിനായിരം പേർ ഉള്ള ഗ്രൂപ്പാണ്. അവർ എവിടെ നാടൻ മാവ് ഉണ്ടേലും ശേഖരിച്ച് ആൾക്കാർക്ക് വെറുതെ കൊടുക്കുകയാണ്.
അതുപോലെ അണലിവേഗം പോലുള്ള ചെടികൾ.
അണലിവേഗം ഒന്നും നേഴ്സറികളിലിലില്ല. തീപ്പാലയും അങ്ങനെ തന്നെ. ചിലയിടത്ത് തീപ്പാല മാത്രം കണ്ടിട്ടുണ്ട്.
കിട്ടാനില്ലാത്ത സാധനമായതിനാൽ അതിന് വിലയും കൂടുതലാണ്.
സാർ നമ്മളിപ്പോ ഒരിടത്ത് ചെടി ഉണ്ടെങ്കിൽ തന്നെ അവിടെ പോയി ഒരാൾ പിഴുതെടുക്കണം. അതിന് ഒരു ലേബർ ഉണ്ട്. പണ്ടെത്തെ പോലെയല്ല. ഒരു പണിക്കാരന് 800 രൂപ കിട്ടാതെ ജീവിക്കാൻ ഒക്കുകയില്ല. അതിൽ തന്നെ അയാൾക്ക് ഒരു 10 തൈ ആണ് കിട്ടുന്നതെങ്കിൽ അതിന്റെ ബാക്കി കാര്യങ്ങൾക്ക് തന്നെ 80 രൂപയായി. അപ്പോ വില കൂടി എന്നു പറഞ്ഞിട്ട് കാര്യമില്ല.

വില കൂടുന്നതിന്റെ ഒരു കുഴപ്പം വില കൂടുമ്പോൾ അമ്പതു ശതമാനം ആളുകളും വാങ്ങില്ല.

വില കൂടിയത് കൊണ്ട് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതൊരു മനോഭാവമാണ്. ട്രാവൻകൂർ മാളിൽ 250 രൂപ ടിക്കറ്റ് എടുത്ത് ആളുകൾ സിനിമ കാണുന്നു. ആ ടിക്കറ്റ് എടുക്കുന്ന ആൾ ചെടിയുടെ വില 250 ആണെന്ന് പറഞ്ഞാൽ അത്രയും വേണോ എന്നു ചോദിക്കും. മിയാവാക്കി പ്രോജക്ടിനെക്കുറിച്ച് പറയുമ്പോ പലരും പറയും 1.50 ലക്ഷം രൂപ ഒന്നര സെന്റിന് വളരെ കൂടുതലാണ് എന്ന്. ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. അവർ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് ഒരു കാട് വേണമെങ്കിൽ അത്രയും കാശ് ചിലവാക്കിയാൽ മാത്രമേ അത് ഉണ്ടാകുകയുള്ളു. അതേസമയം ഒരു സ്ക്വയർ മീറ്ററിന് 1000 രൂപ വിലയുള്ള ടൈലിടുന്നവർ ഉണ്ട്. അപ്പോ എത്ര ലക്ഷം രൂപ ആയി. അതുകൊണ്ട് വില കൂടിയത് കൊണ്ട് എന്നുപറയാൻ പറ്റില്ല. ഓരോരുത്തരുടേയും കാഴ്ചപ്പാട് പോലെ ഇരിക്കും. ഇതൊക്കെ കുറെ ഇല്ലാതായി. ഇതേ സാധനങ്ങൾ ഒരു ആയുർവേദ ചികിത്സയ്ക്കാണെങ്കിൽ നമ്മൾ എന്തു വില കൊടുത്തും മേടിക്കില്ലേ ?

വാങ്ങും. ജീവിക്കാനുളള തത്രപ്പാടിൽ പണമൊന്നും നോക്കില്ല.
അതുതന്നെയാണ്. 750 രൂപയ്ക്കും 1000 രൂപയ്ക്കും റോസ് വാങ്ങുന്നവർ ഇല്ലേ. അപ്പോൾ അണലിവേഗത്തിന് 40 രൂപ വാങ്ങിച്ചാൽ അത് കൂടുതലായിപ്പോയി എന്നു പറയുന്നതിൽ അർത്ഥമില്ല. അവർ കൊണ്ടുവന്ന് വച്ചയുടനെ സാർ മേടിക്കില്ലല്ലോ, ആറ് മാസത്തിലൊരിക്കലാകും പോകുക. അയാൾ പത്ത് ചെടി കൊണ്ടു വന്നതിൽ 5 എണ്ണം ഉണങ്ങി പോയിക്കാണും. പിന്നെ മഴക്കാലം ആകാം. അതൊക്കെ നമ്മൾ കണക്കിലെടുക്കണ്ടേ. അതൊക്കെയാണ് ഇത് നിന്നുപോകുന്നത്. ഇവയ്ക്ക് ആവശ്യക്കാരില്ല. കുറെ ആളുകൾ ഇതിനെക്കുറിച്ച് മനസ്സിലാക്കി മുന്നോട്ട് വരേണ്ടതാണ്. സാർ കാട്ടിൽ പോയി കുറെ ചെടികൾ പറിച്ചില്ലേ ?
ഉണ്ട്.
അതിന്റെ വിത്തുകളും മറ്റും വനവത്ക്കരണത്തിനായി ശേഖരിച്ചില്ലേ,
ശേഖരിച്ചു, ഇപ്രാവശ്യം കാട്ടുഞാറ, കാട്ടുഞാവൽ ഇതുപോലുള്ള കുറച്ച് റെയർ ആയത് കിട്ടിയിട്ടുണ്ട്. കാട്ടിൽ നിന്നാണ് ഇതൊക്കെ കിട്ടുന്നത്. ബൾക്കായിട്ട് കിട്ടാനുളള സാദ്ധ്യത വളരെ കുറവാ. നാങ്ക് അങ്ങനെയുള്ളതാണ്.

ഇവയൊക്കെ കാട്ടിൽനിന്ന് കൊണ്ടുവന്ന് വച്ചുപിടിപ്പിക്കാൻ സാധിച്ചാൽ ഒരു 300 ഐറ്റം എങ്കിലും തിരിച്ചു കൊണ്ടു വരാനാകില്ലേ?
നമ്മൾ തുടങ്ങിയത് വച്ചുനോക്കുമ്പോൾ 150 ഐറ്റം നമ്മുടെ കൈയ്യിലുണ്ട്.

അത് വിതരണത്തിനുളളതല്ലേ. ഇവിടെത്തന്നെ 300 സ്പീഷിസിൽ കൂടുതലുണ്ട്. നമ്മൾ വച്ചുപിടിപ്പിച്ചത് ഇരുന്നൂറിൽ പരം ഇനങ്ങളുണ്ട്. നമ്മളത് കൃത്യമായി ടാഗ് ചെയ്തിട്ടില്ല. കിട്ടുന്ന ചെടികൾ വളർത്തിയെടുക്കുക എന്നുള്ള ഒരുദ്ദേശ്യമാണ്.
എങ്കിലും നമ്മുടെ കൈയ്യിലുള്ള സ്റ്റോക്ക് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
അതു നല്ലതാണ്. ചെടികളെക്കുറിച്ച് പഠിക്കാനുള്ളവർക്ക് സാറിന് എന്തെങ്കിലും ബുക്ക് സജസ്റ്റ് ചെയ്യാനുണ്ടോ.

കേരളത്തിലെ വനസസ്യങ്ങളാണ് ഏറ്റവും നല്ല പുസ്തകം.

നേശമണി എഴുതിയതോ ?
അല്ല എസ്. നായർ എഴുതിയത്. 1985ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണത് പബ്ളിഷ് ചെയ്തത്. നേശമണിയുടേത് കേരളത്തിലെ ഔഷധസസ്യങ്ങൾ.

കേരളത്തിലെ വനസസ്യങ്ങള് ആധികാരികമായ പുസ്തകമാണ്.

ഇപ്പോഴത് കിട്ടാനുണ്ടോ ?
കിട്ടാനില്ല. ഞാനത് ഫോട്ടോസ്റ്റാറ്റ് എടുക്കുകയാണ് ചെയ്തത്. അതിനെ വെല്ലുന്നൊരു പുസ്തകമില്ല. എല്ലാ മരത്തിന്റെയും പേര് അതിനകത്തുണ്ട്.

അതിലെത്ര മരങ്ങളെ കുറിച്ച് പറയുന്നുണ്ട് ?
ഏതാണ്ട് അഞ്ഞൂറിൽ കൂടുതൽ മരങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പിന്നെ നേശമണിയുടെ കേരളത്തിലെ ഔഷധസസ്യങ്ങളെന്ന പുസ്തകം. പിന്നെ ഡോക്ടർ നിബി കുര്യാക്കോസിന്റെ, കേരളത്തിൽ അന്യം നിന്നു പോകുന്ന മരങ്ങൾ എന്ന പുസ്തകം. അതൊരു വിലപ്പെട്ട പുസ്തകമാണ്. ഇതിൽ പ്രധാനമായും ഇല്ലാതായിക്കൊണ്ടിരി്ക്കുന്ന മരങ്ങളെ കുറിച്ചാണ് പറയുന്നത്.

അതിലെത്ര മരങ്ങളെ കുറിച്ച് പറയുന്നുണ്ട് ?

അതിനകത്ത് ഒരു 100 മരങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

അത് നൂറും സാറ് സംഘടിപ്പിച്ചോ ?

ഇല്ല 20 എണ്ണം വരെ.

അത്രയേ സാധിച്ചുള്ളു അല്ലേ. ബാക്കി കിട്ടുമോ ?

കിട്ടാനുണ്ട്. വയനാടുകൂടെ ഒന്നു പോയിക്കഴിയുമ്പോൾ ചിലപ്പോൾ കിട്ടാനുള്ള സാധ്യത ഉണ്ട്.

ഇത് എത്രകാലം തുടരാനാണ് സാറിന്റെ ഉദ്ദേശം. സാർ സാധാരണ മൂന്നു വർഷം കഴിയുമ്പോൾ അടുത്തതിലേയ്ക്ക് ചാടും. ഇത് ഏകദേശം ഏഴു വര്ഷമായി ഇതിൽത്തന്നെ നിൽക്കുകയാണ്.
ഇത് എവിടെവരെ ആകുമെന്നറിയണം എന്നുണ്ടായിരുന്നു, പക്ഷെ നമ്മുടെ ആയുസ്സു മുഴുവൻ പഠിച്ചാലും തീരില്ല, പിന്നെയും കിടക്കുകയാണ്. നമ്മൾ തോൽക്കുകയേ ഉള്ളു, ജയിക്കില്ല.

തോറ്റു എന്നു പറയാൻ പറ്റില്ല. പക്ഷെ 100 മാർക്ക് കിട്ടില്ല. എങ്കിലും 70 മാർക്ക് കിട്ടി. പിന്നെ നമ്മുടെ ആത്മാർത്ഥത കൂടി കൂട്ടി 80 മാർക്ക് ആക്കാം. ഇത് കേൾക്കുന്നവർക്ക് ഒരു പ്രയോജനത്തിനായി, കേരളത്തിൽ ചെടികൾ കിട്ടുന്ന സർക്കാർ സ്ഥാപനങ്ങളുടെ പേര് ഒന്ന് പറയാമോ?

ഏറ്റവും കൂടുതൽ ചെടികൾ കിട്ടാൻ ചാൻസ് ഉള്ളത് കേരള ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി, ടിബിജിആർഐ പാലോട്, തിരുവനന്തപുരം, കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, വയനാട് എംഎസ് രാമനാഥൻ ഫൗണ്ടേഷൻ, ഗുരുകുല എന്ന് പറയും, വേറെ ഒരു സ്ഥാപനം കൂടി വയനാട് ഉണ്ട്, എനിക്ക് അഡ്രസ്സ് കിട്ടിയിട്ടില്ല.

മണ്ണുത്തി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ കുറെ ചെടികൾ ഇല്ലേ ?
അത് കൃഷിയുമായി ബന്ധപ്പെട്ടതാണ് ഫലവൃക്ഷങ്ങളാണ്, വനത്തിലെ മരങ്ങളില്ല.

തിരുവനന്തപുരം കുഴിപ്പളളം ബൊട്ടാണിക്കൽ ഗാർഡനിൽ കുറെ സാധനങ്ങളുണ്ട്. നല്ല വിലക്കുറവും ഉണ്ട്. കുഴിപ്പളത്ത് രണ്ട് നേഴ്സറി ഉണ്ട്. ഒന്ന് ചെടികൾക്ക് ഫോക്കസ് ഉള്ള ഒരു നേഴ്സറി ഉണ്ട്, മരങ്ങളുടെത് കിട്ടുന്ന വേറെ ഒരു നേഴ്സറി ഉണ്ട്. അത് മുലയന്താന്നി ഭഗവതി ക്ഷേത്രത്തിനടുത്താണ്. ഈ മുലയന്താന്നി ക്ഷേത്രം നിങ്ങൾക്ക് മാപ്പിൽ നോക്കി തപ്പിപിടിക്കാം, ഇവിടെ നിങ്ങൾക്ക് കുറെ ചെടികൾ കിട്ടാൻ സാധ്യത ഉണ്ട്

പിന്നെ മണ്ണുത്തിയിൽ, മാടയ്ക്കത്തറ ഇലക്ട്രിസിറ്റി ബോർഡിന്റെ സബ്സ്റ്റേഷൻ ഉണ്ട്. ആ പ്രദേശത്ത് ധാരാളം നേഴ്സറികളുണ്ട്. അവിടെ ഹോൾസെയിലായി ചെടികൾ വിൽക്കുന്ന ഒരുപാട് നേഴ്സറികളുണ്ട്. ഒരാൾ ഈനാശു ചേട്ടനാണ്. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് ഞങ്ങൾ കുറെ ചെടികൾ വാങ്ങിയിട്ടുണ്ട്. പിന്നെ കാഞ്ഞിരപ്പള്ളിയിലെ നേഴ്സറി ഹോം ഗ്രോണ്. ഒരിക്കൽ ഞങ്ങൾ കാണിക്കാം, അവിടെ വില കൂടുതലാണ്. വില കൂടാൻ കാരണം അവിടെ നല്ല തൈകളാണ് തരുന്നത്, അതിനെ വളർത്തി, പത്തു ലിറ്റർ വരെ കൊള്ളുന്ന കൂടുകളിലാക്കിയാണ് തരുന്നത്. അവിടെ നിന്ന് തരുന്ന ചെടികൾ കായ്ക്കും എന്ന് ഉറപ്പാണ്. ഫലവൃക്ഷങ്ങൾ വാങ്ങിക്കുന്നവർ, അവിടെനിന്ന് വാങ്ങുക.

ഒരു ചെടിയ്ക്ക് 350 രൂപ മുതൽ വിലയുണ്ട്. ചിലർ ആലോചിക്കും 350 രൂപ കൊടുത്ത് അല്ലെങ്കിൽ 1000 രൂപ കൊടുത്ത് ഞങ്ങളെന്തിനാണ് ആ തൈ വാങ്ങുന്നത് എന്ന്. അവരുടെ 1000 രൂപയുടെ തൈ വാങ്ങുമ്പോൾ അത് ഒന്നര വർഷം വളർന്നു കഴിഞ്ഞു. ബാക്കി നിങ്ങൾ വളർത്തിയാൽ മതി. അത് ഒന്ന് കാണാനായിട്ട് പോണം. വീടിനടുത്ത് ചെടി വയ്ക്കുന്നവരുടെ എല്ലാം ചോദ്യമാണ് ഈ ചെടി മറിഞ്ഞു പുരപ്പുറത്ത് വീണാൽ എന്ത് ചെയ്യും എന്ന്. അതവർ ഭംഗിയായി വെട്ടിനിർത്തിയിരിക്കുന്നത് കാണാം. നല്ല രീതിയിലാണ് അവർ അത് ചെയ്തിരിക്കുന്നത്. ചെടികളോട് സ്നേഹമുള്ളവർ തീർച്ചയായും അവിടെ പോയി അത് കാണണം.

സാർ നമുക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ.
നമ്മുടെ ചെറുപ്രായത്തിൽ അവനവൻ കണ്ട ചെടികൾ ഉള്ള സ്ഥലത്തിൽ വച്ച് പിടിപ്പിക്കാന് ശ്രമിക്കേണ്ടതാണ്.

സ്ഥലം ഇല്ലാന്നു പറയുന്നവർ, 5 സെന്റ് മാത്രം ഉള്ളവർ എന്തു ചെയ്യാൻ പറ്റും ?

രണ്ട് പൂച്ചപ്പഴവും രണ്ട് കിളിഞാവലും വയ്ക്കുക, ചെറിയ ചട്ടിയിൽ നിർത്താവുന്നതേയുളളു. കിളിഞാവൽ ആണ്ടിൽ മൂന്നു പ്രാവശ്യം കായ്ക്കും. സ്ഥലം അധികം വേണ്ടാത്ത ചെടികൾ ഉണ്ട്. അപ്പോ ഇത്രയും വിവരങ്ങൾ തന്നതിൽ സന്തോഷം, സാർ ശേഖരിക്കുന്ന വിവരങ്ങൾ വീണ്ടും ഒരിക്കൽ കൂടി പങ്കു വയ്ക്കാം. വളരെ നന്ദി.