എന്റെ അമ്മ പണ്ട് എന്നോട് പറയാറുളളത് നിന്റെ കൈയ്യിലുള്ളത് കാൽ വിദ്യയും മുക്കാൽ തട്ടിപ്പും ആണെന്നാണ്. എന്നുവച്ചാൽ ശകലം വിദ്യയുണ്ട് ബാക്കി മുക്കാൽഭാഗവും തട്ടിപ്പാണ് അതുകൊണ്ട് സർവൈവ് ചെയ്ത് പോകുന്നു എന്നാണ്. അമ്മ എന്റെ തന്നെ ടീച്ചർ ആയിരുന്നു, അതു കൊണ്ട് പരീക്ഷപ്പേപ്പർ നോക്കി കഴിയുമ്പോൾ പലപ്പോഴും കേൾക്കുന്ന കമന്റാണിത്. എന്തായാലും ഇതുതന്നെയാണ് ഞാനിപ്പോഴും തുടരുന്നത്.

എന്റെ പുറകിൽ ഇരിക്കുന്നത് വാഴക്കുലയാണ്. ഇത് ഇവിടെ തിരുവനന്തപുരത്ത് കപ്പവാഴ എന്നു പറയും. ഇതിനെ ഞങ്ങളുടെ നാട്ടിൽ രക്തകദളി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെ വന്നപ്പോൾ വെറും കപ്പവാഴയാക്കി കളഞ്ഞു. ഇതിന്റെ ഒരു പ്രത്യേകത 18 മാസം വേണം കായ്ക്കാനായിട്ട്. സാധാരണവാഴകൾക്ക് പത്തു മാസംകൊണ്ട് കുല വരുമെങ്കിൽ ഇതിന് 18 മാസം കഴിഞ്ഞാലേ കുല വരുകയുള്ളു. ഇവിടെ യഥാർത്ഥത്തിൽ 18 മാസം ആയപ്പോൾ ഈ പഴം വിളഞ്ഞുകഴിഞ്ഞു. 2019 മെയ്മാസത്തിൽ ഇവിടെ വീടിനോട് ചേർന്ന് ഒരു മിയാവാക്കി ഫോറസ്റ്റ് വച്ചിരുന്നു. അതിലുളളതാണിത്.

ഈ കുല ഇവിടെ പ്രദർശിപ്പിക്കാൻ കാരണം ഇത് ഇത്തിരി അസാധ്യ കുലയാണ്, ഇതിൽ ഏതാണ്ട് നൂറു കായ്ക്ക് അടുത്തുണ്ട്. എന്നുമാത്രമല്ല കായയുടെ വലുപ്പവും കൂടുതലാണ്. രാസവളമേ ഇടാതെ ഓർഗാനിക് ആയി ഉണ്ടായതാണ്. ഇത് മിയാവാക്കി കാട്ടിൽ ഉണ്ടായതാണ്. കാടുവച്ചുകഴിഞ്ഞാൽ അതിൽ മിയാവാക്കി പച്ചക്കറിത്തോട്ടം വച്ച് അതിൽ വെയിലില്ലാത്തതു കൊണ്ട് പച്ചക്കറി ഉണ്ടാകുമോ എന്ന് പലരും ചോദിക്കാറുണ്ട്.

ഇവിടെ വാഴ നേരെ റോക്കറ്റ് പോലെ മേലോട്ടു പോയി. അവിടെ ചെന്ന് കുലച്ചു. പതിനെട്ട് മാസം ആയപ്പോൾ കുല മൂത്തുകഴിഞ്ഞു. മൂന്നുമാസം സമയവും സത്യത്തിൽ ലാഭം കിട്ടി. ഇതുപോലെ മിയാവാക്കി തോട്ടത്തിൽ കുറെ അധികം വാഴകൾ കുലച്ചിരുന്നു. ഒന്നല്ല പലയിടത്തും ഇടയ്ക്കിടെ വാഴ കുലയ്ക്കുന്നുണ്ട്. ഇത്രേം വലിയ കുല ഉണ്ടാകുന്നത് ഇവിടെയാണ്. മറ്റേടത്തൊക്കെ സാമാന്യം മോശമല്ലാത്ത കുല. നമ്മുടെ ഒരു വീട്ടിൽ 500 കായ് കിട്ടിയിട്ട് ഒരു കാര്യവുമില്ല. ആവശ്യത്തിനുള്ള ചെറിയ ചെറിയ കുലകൾ അവിടവിടെ ഉണ്ടാകുന്നുണ്ട്.

ഞാനിത് പറയാൻ കാരണം ഞങ്ങളിപ്പോൾ മിയാവാക്കി തോട്ടം പ്രൂൺ ചെയ്തുകൊണ്ടിരിക്കുകയാണ്. ആ തോട്ടത്തിൽ ആളുകൾ ചോദിക്കുന്നത് വെയിലില്ലാതെ എങ്ങനെ കായ് ഉണ്ടാകും എന്നാണ്. രണ്ടുത്തരമാണ് അതിനുള്ളത്. ഒന്നാമത്തെ എന്താന്നു വച്ചാൽ വെയിലു കിട്ടാനായി ഇടയ്ക്കിടെ ഇതിന്റെ ഇലയൊക്കെ വെട്ടിക്കൊടുക്കുക. നമ്മളീ വെട്ടുന്ന ഇലയൊക്കെ ആടിന് കൊടുക്കുകയാണ്. ഇവിടെ കുറച്ച് ആടുണ്ട്. അത് കഴിയുമ്പോൾ ഈ കമ്പുകളൊക്കെ തെളിഞ്ഞുനിൽക്കും. പിന്നെ വീണ്ടും പൊട്ടി കിളിർക്കും വീണ്ടും വലുതാകും. അങ്ങനെ വന്നുകൊണ്ടിരിക്കും. ആടിന് തീറ്റിയുമാകും. അതേസമയം വെട്ടുന്ന സമയത്ത് ഈ മരങ്ങൾക്കൊക്കെ വെയിലുകിട്ടും.

നമ്മളൊന്ന് നോക്കി വേണം. കണ്ണുമടച്ച് വെട്ടാതെ ഏത് മരമാണ് വെയിലില്ലാതെ വളരാതെ നിൽക്കുന്നതെന്നു നോക്കി നമ്മളവിടെ വെയിലു കൊടുത്താൽ വളരുമെന്നു തോന്നുണ്ടെങ്കിൽ അതിന് ചുറ്റുമുള്ളതിന്റെ ചില്ല കുറച്ച് വെട്ടുക. ഇതിനകത്ത് നമ്മൾ കുറച്ച് ഭാവന ഉപയോഗിക്കണം. പിന്നെ ഇത് കാൽ വിദ്യയും മുക്കാൽ തട്ടിപ്പും എന്നു പറയാൻ കാരണം, ഇതിൽ എന്റെ അധ്വാനമൊന്നുമില്ല. ഞാനിത് എടുത്ത് വച്ച് ഗംഭീരമായി വീഡിയോയിൽ സംസാരിക്കുന്നുവെങ്കിലും എന്റെ സഹപ്രവർത്തകൻ മധുവാണ് ഇതിന്റെ മുഴുവൻ കൃഷിയും മേൽനോട്ടവുമെല്ലാം ചെയ്തത്. ഈ വാഴയ്ക്ക് വേണ്ടി പ്രത്യേകിച്ചൊരു മെയിന്റനൻസും അദ്ദേഹവും ചെയ്തിട്ടില്ല. ഇത് കുഴിച്ചുവച്ചു, മറിഞ്ഞു പോകാതെ കമ്പു കെട്ടിക്കൊടുത്തു, കുല വെട്ടിയെടുത്തു, കൃത്യമായി പഴുപ്പിച്ചെടുത്തു. ഇത്രേം കാര്യങ്ങളേ ചെയ്തുള്ളു.

ഇത് ഒന്നര സെന്റ് മിയാവാക്കിയിൽ നിന്നുണ്ടായ ഒരു കുലയാണ്. ഇനി അതിനകത്ത് മൂന്നു വാഴയോ മറ്റോ നിൽപ്പുണ്ട്. ഒരു പപ്പായ നിറയെ കായ്ച്ചിട്ട് അത് ഒടിഞ്ഞു പോയി. കായയുടെ വലിപ്പം കാരണം. ഇതിൽ അന്നും ഇന്നും ഞങ്ങൾ പറയുന്നത്, എപ്പോഴും വെയിലു വേണ്ട ഫലമുണ്ടാകുന്ന സാധനങ്ങളെ നിങ്ങളുടെ മിയാവാക്കി കാടിന്റെ ചുറ്റും വയ്ക്കുക. പുറത്ത് നിന്ന് എപ്പോഴും വെയിലു വരാനുള്ള ചാൻസ് ഉണ്ട്. അപ്പോ സൈഡിൽ നിന്നുളള വെയിലതിന് കിട്ടും. പിന്നെ ഇടയ്ക്കിടെ അതിന്റെ ഇല അരിഞ്ഞു കൊടുക്കുക. ഇപ്പോൾ ഇല വെട്ടിക്കഴിഞ്ഞാൽ പിന്നെ ഇല കിളിർത്തു വരാൻ അഞ്ചാറുമാസം പിടിക്കും. അപ്പോൾ കുറച്ചുകാലത്തേയ്ക്ക് അതിന് വെയിലു കിട്ടും. ഇങ്ങനെയൊക്കെ മാനേജ് ചെയ്ത് നിങ്ങൾക്കൊരു പച്ചക്കറി തോട്ടം നടത്തിക്കൊണ്ടു പോകാൻ പറ്റും.

ഇത് ഞങ്ങളുടെ എക്സ്പീരിയൻസ് ആണ്. പലരും തിയറി വച്ചിട്ട് നടക്കില്ല എന്നുപറയുന്നതു കൊണ്ട് കാണിക്കുന്നതാണ്. എങ്ങനെയാണ് നടക്കുന്നതെന്ന് ചോദിച്ചാൽ ഇതിന്റെ തിയറി ഒന്നും എനിക്കറിയില്ല. ഇത് നടക്കുന്നുണ്ട് എന്നുമാത്രമേ എനിക്ക് പറയാൻ കഴിയുകയുളളു. അപ്പോൾ ദയവായി ചെയ്തു നോക്കുക.

ഇനി ഇത് കഴിയുമ്പോൾ പലരും ചോദിക്കും സാർ ഈ കുല എന്തുചെയ്തു, അതിനെത്ര രൂപ കിട്ടിയെന്ന്. ഞാനിത് വിൽക്കുന്നില്ല. സാധാരണ ചെയ്യുന്നത് എന്റെ വീട്ടിലേയ്ക്ക് ഒരു എട്ടുപത്തെണ്ണത്തിൽ കൂടുതൽ, എന്റെ ഭാര്യയും മകളും മകളുടെ ഭർത്താവും എല്ലാരുംകൂടി പത്തെണ്ണത്തിൽ കൂടുതൽ ആവശ്യം വരുകയില്ല. ബാക്കി ഇവിടെ ജോലിചെയ്യുന്ന നാലഞ്ച് പേരുണ്ട് അവർക്ക് കൊടുക്കണം. പിന്നെ ആദ്യം കാണുന്ന കുറച്ച് സുഹൃത്തുക്കൾക്കും മറ്റും കൊടുക്കുകയാണ് ചെയ്യുന്നത്, അതുകൊണ്ട് ഇതിന്റെ കൊമേഴ്സ്യൽ ആസ്പെക്ട് നോക്കാറില്ല.

കൊമേഴ്സ്യൽ ആസ്പെക്ട് നിങ്ങളും അധികം നോക്കണ്ട എന്നാണ് ഞാൻ പറയുന്നത്. ഈ സാധനം നിങ്ങൾക്ക് ഒരിക്കലും വിലയ്ക്ക് കിട്ടില്ല. മുഴുവൻ ഓർഗാനിക് ആയി നിങ്ങളുടെതന്നെ പറമ്പിൽ ഉണ്ടായതാണ്. അതിൽ മാനസികമായ ഒരു സന്തോഷമുണ്ട്. രണ്ടാമത് ഈ മിയാവാക്കി ഫോറസ്റ്റിൽ നിന്ന് എന്തുകിട്ടും എന്നു ചോദിക്കുമ്പോൾ നമുക്ക് കിട്ടുന്ന കുറച്ച് കാര്യം, അത് വിലയില്ലാത്തതായിട്ട് കരുതുന്നുണ്ട്. നിങ്ങളുടെ വീടിനു ചുറ്റും കാട് വച്ചാൽ നിങ്ങൾക്ക് കിട്ടുന്ന ശുദ്ധവായു ഉണ്ട്. അതൊരിക്കലും വില കൊടുത്താൽ കിട്ടില്ല. നിങ്ങളുടെ വീടിനടുത്ത് വീഴുന്ന മഴവെള്ളം മുഴുവൻ മണ്ണിൽ താഴും കിണറ്റിൽ വെള്ളം ഉണ്ടാകുന്നു, അല്ലെങ്കിൽ പറമ്പിൽ വെള്ളം ഉണ്ടാകുന്നു. അത് നിങ്ങൾക്ക് പൈസ കൊടുത്താൽ കിട്ടുന്ന സാധനമല്ല. അതുപോലെ തന്നെ പുറത്തുനിന്ന് പൊടി വരുന്നതും ശബ്ദം വരുന്നതും ചുറ്റും ചെറിയൊരു കാടുണ്ടെങ്കിൽ കുറയും. പക്ഷികൾ ഇഷ്ടം പോലെ വന്നിരിക്കും, പൂമ്പാറ്റകളെ എണ്ണിയെണ്ണി മടുക്കും. ഞാൻ എഴുന്നേക്കുന്നതുതന്നെ ചെമ്പരത്തി പൂവ് വിരിഞ്ഞതു കണ്ടുകൊണ്ടാണ്, അഞ്ചു മണി ആകുമ്പോൾ ഈ ചെമ്പരത്തി പൂവ് വിരിഞ്ഞു തുടങ്ങും. അപ്പോൾ ഇതൊക്കെ കണ്ടുകൊണ്ടാണ് ഇരിക്കുന്നത്. ഇതൊന്നും നമുക്ക് പൈസ കൊടുത്താൽ കിട്ടുന്ന സന്തോഷങ്ങളല്ല.

അതുകൊണ്ട് മിയാവാക്കി കാടിന്റെ ലാഭത്തെക്കുറിച്ച് ആലോചിക്കുമ്പോൾ അല്ലെങ്കിൽ ചോദിക്കുമ്പോൾ ദയവായി ഓർക്കുക, പൈസ കൊടുത്താൽ കിട്ടാത്ത ഒരുപാട് അമൂല്യമായ സാധനം നിങ്ങൾക്കതിൽ നിന്ന് കിട്ടും. അതിനെക്കൂടിയാണ് നിങ്ങൾ കാണേണ്ടത്. ചിത്രശലഭം മുട്ടയിട്ട് പ്യൂപ്പയായി വിരിഞ്ഞ് വരുന്ന കാഴ്ച നിങ്ങൾക്ക് മൃഗശാലയിൽ പോയാൽ കാണാനാവില്ല. അത് നിങ്ങളുടെ മുറ്റത്തുതന്നെ കാണാവുന്ന കാഴ്ചയാണ്. അങ്ങനെയുള്ള കാഴ്ചകൾക്ക് നിങ്ങളൊരു വിലയിട്ടാൽ മിയാവാക്കിയ്ക്ക് വേണ്ടി മുടക്കുന്ന പൈസയായി.

വീട്ടിൽ മൂന്ന് എയർക്കണ്ടീഷണറും ഇൻവെർട്ടറും എല്ലാത്തിനും കൂടി നിങ്ങൾ മുടക്കുന്ന പൈസ ഉണ്ടല്ലോ ആ പൈസയേ ആകുന്നുള്ളൂ ഒരു സെന്റിൽ മിയാവാക്കി ചെയ്യാൻ. അത് രണ്ട് സെന്റിലേയ്ക്ക് കൂടിചെയ്താൽ നിങ്ങളുടെ വീടിനു ചുറ്റും തണുത്ത അന്തരീക്ഷമായി. അതിന്റെ വില അത് സ്ഥിരമാണ്. നിങ്ങൾക്കതിന് പിന്നെ കറന്റ് ഒന്നുംവേണ്ട. ചെടി അവിടെനിന്ന് നിങ്ങളെ സംരക്ഷിച്ചു കൊള്ളും. അതിന്റെ വില നമുക്ക് വിലയിരുത്താൻ പറ്റാത്ത സാധനമാണ്. ആ വില എപ്പോഴും മിയാവാക്കിക്ക് കണക്കിലാക്കണം.

ഇനി അതുകൊണ്ട് തൃപ്തിപ്പെടാത്ത ആൾക്കാർക്കായി ഒരു സാമ്പിൾ കുല കാണിച്ചു തരുകയാണ്, ഇതും കിട്ടാം. ഇങ്ങനെ ഒരു കുല ഉണ്ടായി. എങ്ങനെ ഉണ്ടായി എന്നു ചോദിച്ചാൽ അതിന്റെ സയൻസ് ഒന്നും എനിക്കറിയില്ല. എന്തുകൊണ്ട് ഇത്രയും വലിയ ഒരു കുല ഉണ്ടായി, അതിനിയും ഉണ്ടാകുമോ എന്നൊക്കെ സസ്യശാസ്ത്രജ്ഞൻമാരോട് ചോദിക്കണം. ഒരു കാര്യം പറയാം പണ്ട് നമ്മുടെ നാട്ടിൻപുറത്തെ വീട്ടിലൊക്കെ, എന്റെ വീട്ടിലൊക്കെ 10-11 സെന്റ് സ്ഥലമൊക്കെ ഉണ്ടായിരുന്ന സമയത്ത് വാഴക്കുല വച്ചു കുല വന്നുകഴിഞ്ഞാൽ പിന്നെ അത് പിരിച്ചു വയ്ക്കാറൊന്നും ഇല്ല. മിനക്കെടാറില്ല. ആ വാഴ വെട്ടിക്കളയും. ബാക്കി അതിന്റെ വിത്തവിടെ നിന്നിട്ട് അവിടെതന്നെ കൂട്ടമായിട്ട് നിന്നിട്ട് അതിലും കുല ഉണ്ടാകും. ആ കുലയൊക്കെ വലിയ കുഴപ്പം ഇല്ലാത്ത കുലയാണ്. അതുപോലെ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കാനായിട്ട് ഉന്നംപിടിച്ച് വളർത്താനുള്ള കുലയൊന്നുമല്ല. സാമാന്യം നല്ല കുല കിട്ടും.

അതൊക്കെത്തന്നെയാണ് മിയാവാക്കി. ഇതെല്ലാംകൂടി ഒരുമിച്ച് നിന്ന് വളരുന്നത്. അതിന് അദ്ദേഹം ശാസ്ത്രീയമായൊരു രീതി കൊടുത്തു എന്നുള്ളതാണ്. അപ്പോൾ ഇതിന്റെയൊക്കെ സൈദ്ധാന്തിക വശങ്ങൾ ഇനി ഇത് ഉണ്ടാകുമോ നട്ടാൽ ശരിയാകുമോ ഇതൊക്കെ നിങ്ങൾ വേറെ ആരോടെങ്കിലും ചോദിക്കുക. എനിക്ക് എങ്ങനെയോ ഇതിൽനിന്ന് ഇങ്ങനൊരു കുല ഉണ്ടായികിട്ടി. അപ്പോ ശ്രമിക്കുക, ശ്രമിച്ചുനോക്കുക. കിട്ടിയേക്കാം.