എല്ലാ ആഴ്‌ച്ചയും എനിക്ക്‌ മിയാവാക്കി രീതിയെ കുറിച്ചു കുറേ സംശയങ്ങള്‍ കിട്ടും. കുറേ ഇമെയിലില്‍ വരും. കുറച്ച്‌ വീഡിയോയുടെ ചുവട്ടില്‍ കമന്റായിട്ട്‌ വരും. കുറച്ച്‌ ഫോണിലും വരും. ഇതിലെല്ലാം വരുന്ന പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കൊടുക്കനാണ്‌ പലപ്പോഴും നമ്മള്‍ ശ്രമിക്കുന്നത്‌.

പലരും ചോദിക്കുന്ന ഒരു കാര്യം ടെറസിലൊരു മിയാവാക്കി കാട്‌ വെക്കാന്‍ പറ്റുമോ, അതിന്റെ വിശദാംശങ്ങള്‍ ഒന്നുകൂടി ഒന്നു വിശദീകരിക്കാമോ, നിങ്ങള്‍ വെച്ച മിയാവാക്കി കാടിന്റെ അവസ്ഥ എന്താണ്‌, എന്നൊക്കെയാണ്‌.

അത്തരം ചോദ്യം കുറേ ആവര്‍ത്തിച്ചതു കൊണ്ടും ഇവിടെ വെച്ച മിയാവാക്കി വനം ഒരു വര്‍ഷത്തില്‍ കൂടുതലായതുകൊണ്ടും അതേക്കുറിച്ച്‌ ഒന്നുകൂടി സംസാരിക്കുകയും കാണിക്കുകയും ചെയ്യാമെന്നു വിചാരിച്ചു. എനിക്കു മനസിലായ ചില കാര്യങ്ങളുണ്ട്‌, അത്‌ പറയുകയും ചെയ്യാം.

ഞാന്‍ ടെറസിലല്ല വെച്ചത്‌, ഒരു പാറപ്പുറത്താണ്‌. ടെറസിന്‌ സമാനമായ അന്തരീക്ഷമുളള ഒരു പാറപ്പുറമാണ്‌. ആകെയൊരു വ്യത്യാസമുളളത്‌ ടെറസിന്റെ അത്രയും ചൂട്‌ ഇവിടില്ല. കാരണം ഇത്‌ ഭൂമിയില്‍ നിന്നത്ര ഉയരത്തിലല്ല. പാറ ചൂടുപിടിക്കുമ്പോള്‍ കോണ്‍ക്രീറ്റിനു ചൂട്‌ പിടിക്കുന്നതുപോലെത്തന്നെയാണ്‌. എങ്കിലും ആകാശത്ത്‌ നടുക്കുനില്‍ക്കുന്നതിന്റെ അത്ര ചൂട്‌ ഇവിടെ വരുന്നില്ല.

നമ്മള്‍ ചെയ്‌ത രണ്ടു മോഡലാണ്‌ അന്നു പറഞ്ഞത്‌. ഒന്ന്‌, ചെറിയ വീപ്പകളില്‍ ചെടിവെച്ചിട്ട്‌ ആ വീപ്പകള്‍ അടുത്തുവെക്കുക. അപ്പോള്‍ മിയാവാക്കി പ്രതീതി ഉണ്ടാവും എന്നുളളതാണ്‌. രണ്ടാമത്‌ പറഞ്ഞു; അതിനുവേണ്ടി പ്രത്യേകം ടബ്ബുകള്‍ ഉണ്ടാക്കുക. ടബ്ബില്‍ ചെടി നടുക. ഏറെക്കുറേ മണ്ണില്‍ നടുന്നതുപോലെത്തന്നെ ഇതിന്റെ വേരുകള്‍ പരസ്‌പരം ഇടകലരാനും മണ്ണിലിതു ചേരാനും മൈക്രോബുകള്‍ വളരാനുമൊക്കെ വീപ്പയെ അപേക്ഷിച്ച്‌ കുറച്ചുകൂടി സാധ്യതയുണ്ട്‌.

എന്തായാലും മണ്ണില്‍ വെക്കുന്നത്ര വരില്ല. പക്ഷെ ടെറസുളളവര്‍ക്ക്‌ അതുമാത്രമേ മാര്‍ഗമുളളു. ഒരുപാടാളുകള്‍ വലിയ താത്‌പര്യത്തോടെ എങ്ങനെയിതു ടെറസില്‍ വെക്കാമെന്നു ചോദിക്കുന്നവരുണ്ട്‌. തീര്‍ച്ചയായിട്ടും അവരുടെയാ താത്‌പര്യം നമ്മള്‍ അംഗീകരിക്കണം. കാരണം ഭൂമിയില്‍ വെക്കാനുളള സ്ഥലം എല്ലാ വീടിനു ചുറ്റുമൊന്നും കിട്ടില്ല. വീടു വെക്കുന്ന സമയത്തു നമ്മളിങ്ങനെ ആലോചിച്ചെന്നു വരില്ല. ചിലപ്പോള്‍ അടുത്ത വീട്ടുകാര്‍ ഇല വീഴുന്നെന്നു പറഞ്ഞ്‌ ബഹളമുണ്ടാക്കും. അപ്പോള്‍ ടെറസ്‌ നല്ലൊരു മാര്‍ഗമാണ്‌.

ഏഷ്യന്‍ പെയിന്റ്‌സിന്റെ പാട്ട വാങ്ങിച്ച്‌ മുറിച്ച്‌ വെക്കാനാണ്‌ അന്നു ഞങ്ങള്‍ നിര്‍ദേശിച്ചത്‌. ഇത്‌ വെക്കുന്നത്‌ 2021 ജനുവരി മാസത്തിലാണ്‌. ഏകദേശം ഒന്നര വര്‍ഷമാകുന്നു. ചെടികളുടെ വളര്‍ച്ചയാണിവിടെ കാണിക്കുന്നത്‌. നാരങ്ങയൊക്കെ നന്നായി കായ്‌ച്ചു നില്‍ക്കുന്നു. അതുപോലെത്തന്നെ പേരയ്‌ക്ക ഉണ്ടായിരുന്നു. ആ പേരയുടെ തല വെട്ടിക്കളഞ്ഞിട്ട്‌ പകുതിയാണീ നില്‍ക്കുന്നത്‌. അത്‌ തളിര്‍ത്തുവരുന്നുണ്ട്‌. ബാക്കി ചെടികളൊക്കെ ചെമ്പരത്തി അതുപോലുളള ചെടികളായിരുന്നു. റമ്പുട്ടാന്‍. അടുത്തവര്‍ഷം അതു കായ്‌ക്കുമെന്ന്‌ കരുതുന്നു. അത്രയും വളര്‍ന്നിട്ടുണ്ട്‌. ആത്ത വളരുന്നുണ്ട്‌. ഇതെല്ലാം ഓരോ വീപ്പയ്‌ക്കകത്താണ്‌ നില്‍ക്കുന്നത്‌.

സാധാരണഗതിയില്‍ ഒരു ചെടിച്ചട്ടിയില്‍ വളരുന്നതിനേക്കാള്‍ വളര്‍ച്ച ഇത്‌ ചേര്‍ത്തുവെച്ചപ്പോള്‍ ഉണ്ടായിട്ടുണ്ട്‌. ഇതു നിങ്ങള്‍ക്ക്‌ പരീക്ഷിച്ചു നോക്കാവുന്നൊരു മാര്‍ഗമാണ്‌. വിജയകരമാണെന്നാണ്‌ ഞങ്ങളുടെ വിശ്വാസം. പ്രത്യേകിച്ച്‌ നിങ്ങളിതില്‍ നോക്കേണ്ട കാര്യം ഈ നാരങ്ങ ഇത്രയും ഉണ്ടായിക്കിടക്കുമ്പോഴും നാരകത്തിന്റെ ഇലകള്‍ നോക്കുക - ഒറ്റ ഇല പുഴു തിന്നാത്തതായി ഇല്ല. പക്ഷെ നാരങ്ങ ഉണ്ടാവുന്നതിന്‌ അതുകൊണ്ടൊരു തടസവും ഉണ്ടാവുന്നില്ല. നമ്മളീ ഒരു പുഴുവിനെ കാണുമ്പോഴേക്കും കീടനാശിനി അടിക്കുകയും കീടനാശിനി നമ്മുടെ ഉളളിലേക്കു പോവുകയുമാണ്‌ സംഭവിക്കുന്നത്‌. പുഴുവിന്റെ ശല്യം പഴം ഉണ്ടാവാന്‍ തടസമല്ല എന്നു പറയാന്‍ കാരണം ഇതില്‍ ചിത്രശലഭങ്ങള്‍ പലതും മുട്ടയിടുന്നുണ്ട്‌. അതല്ലാതെ ഇല ചുരുട്ടുന്നൊരു പുഴു ഉണ്ട്‌. ഇതൊക്കെ ഉണ്ടായിട്ടും കായ ഉണ്ടാവുന്നുണ്ട്‌. പുഴു വരും, പോവും. അതല്ലെങ്കില്‍ പുഴുവിനെ പിടിക്കുന്നവന്‍ വന്നതിനെ പിടിച്ചോണ്ടു പോവും എന്നു കാണിക്കാന്‍ കൂടിയാണ്‌ ഈ നാരകം കാണിച്ചത്‌.

ഇതുകൂടാതെ ഇവിടെ ചാമ്പ വളര്‍ന്നു നില്‍പ്പുണ്ട്‌. സര്‍വസുഗന്ധി, മാവ്‌ ഒക്കെ ഇവിടെ വളര്‍ന്നു വരുന്നുണ്ട്‌. ഇത്‌ രണ്ട്‌ കാടുകളാണ്‌. മൂന്നു വീപ്പ വീതം ഏഴുനിര വെച്ചിരിക്കുകയാണ്‌. 21 വീപ്പയാണ്‌ ഇവിടുളളത്‌. ഇവിടെയും അതുപോലെ ആറുനിരയോ ഏഴുനിരയോ ഉണ്ട്‌. 21 വീപ്പ ഉണ്ടെങ്കില്‍ ഇത്രയും സ്ഥലവുമുണ്ടെങ്കില്‍ നമുക്ക്‌ കാടുണ്ടാക്കാം. ടെറസില്‍ ആളുകള്‍ക്ക്‌ നടക്കാനുളള സ്ഥലമൊക്കെ വേണം. തട്ടിമറിഞ്ഞു വീഴരുത്‌. ടെറസില്‍ ഇതുപോലെ ചെറിയ ചെറിയ തുരുത്തുകള്‍ ഒരു ചെറിയ മിയാവാക്കി മാതൃകയില്‍ ചെയ്യാം.

മിയാവാക്കി മാതൃക എന്നു പറഞ്ഞാല്‍ ചെടികള്‍ അടുത്തുനടുക എന്നുളളതാണ്‌. അപ്പോഴത്‌ സൂര്യപ്രകാശം കിട്ടാനായി മത്സരിച്ചു മേലോട്ടുവളരും എന്നുളളതും ചെടിയുടെ വേര്‌ പൂര്‍ണമായി വളര്‍ന്നിട്ടുവേണം എടുത്തുവെക്കാനെന്നുളളതും അതുകൂടാതെ ചുവട്ടില്‍ ധാരാളമായി ജൈവമിശ്രിതം കൊടുക്കണം എന്നുളളതും ഒരുതരത്തിലുളള കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കരുത്‌ എന്നുളളതുമാണ്‌ മിയാവാക്കി മാതൃകയുടെ അടിസ്ഥാനം. ഇതിനകത്തെ സൂക്ഷ്‌മജീവികളുടെ പ്രവര്‍ത്തനത്തില്‍ നിന്നാണ്‌ ചെടികള്‍ക്കു വളം കിട്ടുന്നത്‌. ആ മാതൃക ഇവിടെ വിജയകരമാണെന്നുളളത്‌ കാണാം. പറമ്പില്‍വെക്കുന്നത്ര വിജയകരമല്ലെങ്കില്‍ക്കൂടിയും നിങ്ങള്‍ക്കൊരു സന്തോഷം കിട്ടുന്ന തരത്തിലുളള വളര്‍ച്ച അതിനു തരാന്‍ പറ്റും. കായ്‌കളും കിട്ടും.

അതേസമയം ടബ്ബുകളില്‍ വെക്കുമ്പോള്‍ ഇതിന്റെ വളര്‍ച്ച കുറച്ചുകൂടി കൂടുതലാണ്‌. പക്ഷെ ടബ്ബുകളില്‍ വെക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇവിടെത്തന്നെ ഒരുദാഹരണം കാണാം. ചെമ്പകം വളര്‍ന്നു പടര്‍ന്നതുകൊണ്ട്‌ താഴെനില്‍ക്കുന്ന ഓറഞ്ചും മാവും പ്ലാവും കുടുങ്ങിനില്‍ക്കുകയാണ്‌. അത്‌ ഞാനും ശ്രദ്ധിച്ചില്ല. ഈ ചെമ്പകത്തിന്റെ ചില്ലകള്‍ കോതിക്കൊടുത്താല്‍ താഴെ നില്‍ക്കുന്ന ചെടികളെല്ലാം മേലോട്ടുപോവും.

ടബ്ബിന്റെ ഒരു പ്രശ്‌നം ഇത്തരത്തിലൊന്ന്‌ ഉണ്ടാക്കി എടുക്കണമെങ്കില്‍ അല്‍പം പണച്ചെലവുണ്ട്‌. ഏതെങ്കിലും കടയിലോ മറ്റോ ചെറിയ പൊട്ടലുളള വാട്ടര്‍ ടാങ്കൊക്കെ സെക്കന്റ്‌ഹാന്‍ഡ്‌ വിലയ്‌ക്കു കിട്ടിയാല്‍ മേടിക്കുക. അത്‌ വട്ടത്തിലായിരിക്കുമെന്നേ ഉളളൂ, അതിലൊക്കെ ഇത്‌ പരീക്ഷിച്ചു നോക്കാവുന്നതാണ്‌. ഇവിടെ ഇതിനുവേണ്ടി ഉണ്ടാക്കിയ ടബ്ബാണ്‌. ഫൈബര്‍ ചെയ്യുന്ന ആളുകള്‍ ഇതുണ്ടാക്കി തരും. ഇതിനന്ന്‌ ഏഴായിരം രൂപയോളമായി. പക്ഷെ ഏഴായിരം രൂപ മുടക്കുന്നതില്‍ എന്റെ കണക്കുകൂട്ടലിലതു നഷ്ടമല്ല. ടെറസില്‍ പത്തുചെടിയോളം അതില്‍ വെക്കാനും പറ്റുന്നുണ്ട്‌. അപ്പോള്‍ കുറച്ചൂടി നല്ലൊരു അന്തരീക്ഷവും കിട്ടുന്നുണ്ട്‌. അതുകൊണ്ട്‌ ഈ രണ്ടു മാര്‍ഗങ്ങളും പരീക്ഷിച്ചു നോക്കാവുന്നതാണ്‌. വിജയകരമാണെന്നു നിങ്ങളെ കാണിക്കാനാണ്‌ ഇതിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നത്‌.

ഒരു കാര്യം കൂടി ഇതിന്റെ കൂട്ടത്തില്‍ കാണിക്കാം. ഞാനിരിക്കുന്നതിന്റെ തൊട്ടുമുമ്പില്‍ കാണാം പാറപ്പുറത്ത്‌ മിയാവാക്കി വെച്ചതിന്റെ വ്യത്യാസം. ഇതും 2021 ജനുവരിയില്‍ വെച്ചതാണ്‌. ഒന്നരവര്‍ഷം കൊണ്ട്‌ ഈ വീപ്പയില്‍ ഉളളതിനെ അപേക്ഷിച്ച്‌ വളരെക്കൂടുതല്‍ അവ വളര്‍ന്നിട്ടുണ്ട്‌. ചില ചെടികള്‍ വെട്ടിക്കളയുകയൊക്കെ ചെയ്‌തു. പേരാലും അരയാലും അത്തിയും ഇത്തിയും ഒക്കെയാണതില്‍ വെച്ചിരിക്കുന്നത്‌. അത്തരം മരങ്ങളെപ്പോലും പാറപ്പുറത്ത്‌ വളര്‍ത്താന്‍ പറ്റി എന്നുളളതാണ്‌.

അതു ഞാന്‍ വീണ്ടും പറയുന്നു ഒഴിഞ്ഞ ക്വാറിയോ പാറക്കെട്ടുളള സ്ഥലമൊക്കെ കിട്ടുകയാണെങ്കില്‍ പ്രകൃതിയില്‍ താതപര്യമുളള ആളുകളാണെങ്കില്‍ അതും കുറഞ്ഞവിലയ്‌ക്ക്‌ കിട്ടുകയാണെങ്കില്‍ അതിനെയൊരു കാടാക്കി എടുക്കാനും അതിനു നടുക്ക്‌ മനോഹരമായൊരു വീടൊക്കെ വെച്ച്‌ താമസിക്കാനും പറ്റും. തുടക്കത്തിലെ ഇന്‍വെസ്റ്റ്‌മെന്റ്‌ കുറച്ച്‌ കൂടുതലായിരിക്കും എങ്കിലും അത്‌ സാധ്യമാണ്‌. അവിടുന്നുതന്നെ കുറച്ച്‌ കല്ലൊക്കെ പൊട്ടിച്ച്‌ ബാക്കി കുറച്ചു സാധനങ്ങളും ഉപയോഗിച്ച്‌ വലിയ വലുപ്പമില്ലാത്തൊരു വീട്‌ ഈ പാറക്കെട്ടുകള്‍ക്കിടയില്‍ വെച്ച്‌ കഴിയാന്‍ പറ്റും.

അതിനൊരു ഉദാഹരണമായിട്ട്‌ ഞങ്ങളിത്‌ കാണിക്കുകയാണ്‌. താത്‌പര്യമുളളവര്‍ക്ക്‌ ഈ മാതൃക സ്വീകരിക്കാവുന്നതാണ്‌. ആ പാറയുടെ പുറത്തൊരു മുരിങ്ങ വളര്‍ന്നുനില്‍ക്കുന്നതിന്റെ ദൃശ്യം കാണിക്കാം. സാധാരണ ഒരു പറമ്പില്‍ മുരിങ്ങ വെച്ചാല്‍ ഇത്രയും പെട്ടന്നിത്രയും വളരുമെന്നു തോന്നുന്നില്ല. അതുകൊണ്ട്‌ ഈ മാതൃക താത്‌പര്യമുളളവര്‍, മറ്റു മാതൃകയ്‌ക്കു സൗകര്യങ്ങളില്ലാത്തവര്‍ എല്ലാവരുമൊന്നു പരീക്ഷിച്ചു നോക്കുക.