ഞാനിപ്പോൾ നിൽക്കുന്നത് വാമനപുരം നദിയുടെ തീരത്താണ്. ഇത് നേരത്തേ നദീതീരമായിരുന്നു. പിന്നീട് റബർത്തോട്ടമായി മാറി. ദേ ഈ നിൽക്കുന്നതൊരു റബർ ചെടിയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി റബർത്തോട്ടമായി മാറിയപ്പോൾ ഇവിടെ ഉണ്ടായിരുന്ന സ്വാഭാവികമായ മരങ്ങൾ മുഴുവൻ പോയി. അതാണിവിടെ കാണുന്നൊരു കാഴ്ച്ച.

ഇതു പറയാൻ കാര്യം കേരളത്തിൽ പലയിടത്തും നദീതട സംരക്ഷണ പരിപാടികൾ നടക്കുന്നുണ്ട്. അതിലെല്ലാം പ്രധാനമായി നട്ടുപിടിപ്പിക്കുന്നത് മുളയാണ്. ഇവിടെയും മുള നട്ടുപിടിപ്പിച്ചിരിക്കുന്നത് കാണാം, ഈ നദിയുടെ രണ്ട് കരയിലും ആരൊക്കെയോ മുള നട്ടിട്ടുണ്ട്. ഈ മുളയൊന്നും നദി സംരക്ഷിക്കാൻ പര്യാപ്തമല്ല എന്നുളളതാണ് ഓരോ വെളളപ്പൊക്കവും തെളിയിക്കുന്നത്. ഞാനീ നിൽക്കുന്ന സ്ഥലത്ത് മഴക്കാലത്ത് എന്റെ തലയ്ക്കു മുകളിൽ വെളളം വരുന്ന സ്ഥലമാണ്. ഇപ്പോൾ ഉണക്കാണെങ്കിലും ഒരു രണ്ട് മാസം മുമ്പ് ഇതെല്ലാം വെളളത്തിനടിയിലായിരുന്നു. ഈ നട്ടിരിക്കുന്ന മുളയെ ഇതുപോലെത്തന്നെ വെളളം എടുത്തോണ്ടുപോവും. അതിനൊപ്പംതന്നെ മുള നിക്കുന്ന ഭാഗത്തെ രണ്ടോ മൂന്നോ സെന്റ് സ്ഥലവും പോകും. ഇനി, മുള ഇങ്ങനെ നിൽക്കുന്ന സമയത്ത് വേറൊരു മരം ഒഴുകിവന്നിടിച്ചാലും മുളയും അതിനു ചുറ്റിലുമുളള മണ്ണും ഒഴുകിപ്പോവും.

പറയുന്നതിന്റെ ചുരുക്കം, ഈ നടീതട സംരക്ഷണത്തിന് ഒട്ടും പറ്റാത്തൊരു ചെടിയാണ് മുള എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഇതേക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുളള ശാസ്ത്രജ്ഞന്മാരുണ്ട്. ഡോ. പി. കെ. ഷാജി, അദ്ദേഹം എന്റെയൊരു സ്നേഹിതനാണ്. റൈപ്പേറിയൻ വെജിറ്റേഷനിൽ സ്പെഷ്യലൈസ് ചെയ്തിട്ടുളള ഒരാളാണ്. ഒരുതവണ അദ്ദേഹത്തെ പരിചയപ്പെടുത്തുകയും നദീതീരത്തുവെക്കേണ്ട മരങ്ങളെ കുറിച്ച് ശാസ്ത്രീയമായിത്തന്നെ പറയുകയും ചെയ്യുന്നതാണ്.

പക്ഷെ ഇപ്പോൾ ഞങ്ങൾ പറയുന്നതിന്റെ ഒരുദ്ദേശം, ആരെങ്കിലും നദീതട സംരക്ഷണം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതീ സമയത്താണ് നടപ്പിലാക്കേണ്ടത് - ഡിസംബർ മുതൽ മെയ് വരെയാണ് നദീതീരത്ത് എന്തെങ്കിലും നട്ടുവെക്കാൻ പറ്റുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെ വെളളപ്പൊക്കമായിരിക്കും. അതുകഴിഞ്ഞ് നവംബർ കഴിഞ്ഞേ നമുക്കെന്തെങ്കിലും ചെയ്യാൻ പറ്റുകയുളളു. ഇത്തവണയാണെങ്കിൽ ഡിസംബർ വരെ വെളളം പൊങ്ങിനിൽക്കുകയും മഴ തുടർച്ചയായി ഉണ്ടാവുകയും ഒക്കെയായിരുന്നു. അപ്പോൾ അവിടെ മുള അല്ല വെക്കേണ്ടത്.

ഒന്ന്, ഇവിടെ സ്വാഭാവികമായിട്ടുണ്ടാവുന്ന ചെടികളുണ്ട്. അവയെ അങ്ങനെത്തന്നെ നിർത്തണം. ഇവിടെ സ്വാഭാവികമായി വളരുന്നൊരു ചെടിയാണ് ഊറാവ്. വേറൊരു ചെടിയാണ് തൊണ്ടി. കാവളം എന്നു പറയുന്ന ചെടി. അതിവിടെ വളർന്നു നിൽപ്പുണ്ട്. പിന്നെ ദേഹത്തു തേക്കുന്ന ഇഞ്ച. പിന്നെ പലതരം പന്നലുകൾ (ഫോണുകൾ) വളരുന്നുണ്ട്. അതുപോലെ നദീതട സംരക്ഷണത്തിന് ഏറ്റവും പറ്റിയ സാധനം ഒട്ടലാണ്. ആനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായ ഓടൽ എന്ന ചെടിയാണ്. ഏറ്റവും കട്ടികുറഞ്ഞ, ഒരു പപ്പായത്തണ്ടിന്റെ അത്ര വണ്ണമുളള, മുളയുടെ ഇനത്തിൽപ്പെട്ട ഒരു ചെടിയാണ്. പണ്ട് കുട്ട നെയ്യാനൊക്കെ ആളുകൾ ഇത് ഉപയോഗിക്കുമായിരുന്നു. ഇതിന്റെ ഇലയ്ക്കു നല്ല വീതിയാണ്. ആന ഏറ്റവും കൂടുതൽ കഴിക്കുന്നത് അതാണ്. അത് കിട്ടാത്തപ്പോൾ ഗതികേടു കൊണ്ടാണ് ആന ഒലട്ടിയും കല്ലൻമുളയുമൊക്കെ കഴിക്കുന്നത്.

മുള വെച്ചിട്ട് സംരക്ഷിക്കാൻ പറ്റാത്ത തീരം മുളയേക്കാൾ എത്രയോ ചെറിയ ഒട്ടൽ വെച്ചുകഴിഞ്ഞാൽ ആ മണ്ണിനെ അത് പിടിച്ചുനിർത്തും. കാരണം അതിന്റെ വേരുകളുടെ പ്രത്യേകതയാണ്. മുളയ്ക്ക് അങ്ങനെ ആഴത്തിൽ വേരുകളില്ല. മുള മേലോട്ട് വളരെയധികം പോവുന്നുണ്ടെങ്കിലും മണ്ണിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല.

അപ്പോൾ നദീതിര സംരക്ഷണ പരിപാടികൾക്ക് തയാറെടുക്കുന്നവർ ദയവായി അതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരോട് ചോദിക്കണം, എന്നിട്ട് ആ പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികൾ ഏതാണെന്ന് കണ്ടുപിടിക്കണം, ആ ചെടികളെ കഴിയുന്നത്ര വളരാൻ അനുവദിക്കണം.

അതുകൂടാതെ തീരപ്രദേശങ്ങളിൽ ഒട്ടൽ പോലുളള സാധനങ്ങളോ കൈതയോ - ഇപ്പോൾ ഞങ്ങളിവിടെ കുറേ സ്ഥലത്ത് കൈത വെച്ചിട്ടുണ്ട്. കൈത വെച്ചു കഴിഞ്ഞാൽ മുളളുണ്ടെന്നേ ഉളളൂ, പക്ഷെ നദീതീരം സംരക്ഷിക്കാൻ ഏറ്റവും പറ്റിയ സാധനങ്ങളിലൊന്നാണ് കൈത. ഇതുപോലെതന്നെ ആളുകൾ ചോദിക്കും കണ്ടൽ വെച്ചുകൂടേ എന്ന്. പക്ഷെ കണ്ടൽ വെളളത്തിനോട് ചേർന്നുളള ഭാഗത്തുവേണം വെക്കാൻ. മാത്രമല്ല, കണ്ടൽതൈകൾ വെക്കണമെങ്കിൽ കുറച്ച് തയാറെടുപ്പുകളൊക്കെ വേണം. കൈതയുടെ തൈകൾ നമുക്കത്രയും തയാറെടുപ്പുകൾ ഇല്ലാതെ തന്നെ വെച്ചുപിടിപ്പിച്ച് എടുക്കാൻ പറ്റുന്നതാണ്.

ഇതെല്ലാം ചെയ്ത് ഈ തീരങ്ങൾ സംരക്ഷിച്ചാൽ അടുത്ത വലിയ പ്രളവും മറ്റും വരുമ്പോൾ നമുക്കിതിവിടെ നിലനിർത്താൻ പറ്റും. കഴിഞ്ഞൊരു പത്തിരുപത് വർഷത്തിനിടയ്ക്ക് ഈ നദിയുടെ ഇരുവശവും എത്രമാത്രം ഇടിഞ്ഞുപോയിട്ടുണ്ട് എന്നറിയാൻ ഒന്നും ചെയ്യണ്ട, നമ്മളിതുവഴി നടന്നുപോയി നോക്കിയാൽ മതി. നമുക്കു കാണാവുന്ന കാഴ്ച്ചയാണ്. അതുമാറ്റി ഈ തരത്തിൽ വേണ്ട സാധനങ്ങൾ വെച്ചുപിടിപ്പിച്ച് നിങ്ങളുടെ തീരം സംരക്ഷിക്കാനൊരു ശ്രമം പഞ്ചായത്ത് തലത്തിലെല്ലാം ചെയ്താൽ നന്നായിരിക്കും.

അതോടൊപ്പം പറയാനുളള ഒരു കാര്യം, ഇത് മിയാവാക്കി മാതൃകയിൽ ചെയ്യാൻ ശ്രമിക്കണം എന്നുളളതാണ്. കാരണം, മിയാവാക്കി മാതൃകയിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾ 25 വർഷം കൊണ്ടു ചെയ്യുന്ന തീരസംരക്ഷണം ഒരഞ്ചു വർഷം കൊണ്ടു പൂർത്തിയാക്കാൻ കഴിയും. സമയം വലിയൊരു ഘടകമാണ്. എന്നു മാത്രമല്ല മിയാവാക്കിയിൽ നമ്മൾ ചെടികൾ അടുപ്പിച്ചാണ് വെക്കുന്നത്. അതുകൊണ്ട് കൂടുതൽ മണ്ണിനെ പിടിച്ചുനിർത്താനുളള സാധ്യത കൂടുതലാണ്, വളർച്ച വളരെ കൂടുതലാണ്.

ഇത് നിങ്ങൾക്ക് ആലോചിക്കാനൊരു വിഷയം എന്ന നിലയ്ക്കാണ് പറയുന്നത്. ഞാനിതിലൊരു വിദഗ്ദ്ധനല്ല. ഒരു വിദഗ്ദ്ധനെ തീർച്ചയായും ഉടൻതന്നെ പരിചയപ്പെടുത്തുന്നതായിരിക്കും. അതുവരെ ആലോചിക്കാൻ തലച്ചോറിന് ഭക്ഷണമായിട്ട് ഒരു വിഷയം പറയുന്നു. ഒന്നാലോചിച്ചു നോക്കുക. എന്തായാലും മുള വെക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക. മുളയ്ക്ക് തീരം സംരക്ഷിക്കാൻ കഴിയില്ല.