സാധാരണ വീഡിയോ ഷെയർ ചെയ്യണമെന്നു പറയാറില്ല. കാരണം ഒരു വീഡിയോ കണ്ടിട്ട് ആളുകൾക്ക് അത് ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവർ കൂടി കേൾക്കേണ്ടതാണെന്ന് തോന്നിയാൽ അവർ അതു പങ്കു വയ്ക്കാറുണ്ട്. അല്ലാതെ പ്രത്യേകിച്ച് ഞങ്ങൾ പറയാറില്ല. പക്ഷേ ഇത്തവണത്തെ വീഡിയോ കഴിയുന്നത്ര ആളുകളിൽ എത്തിയ്ക്കണം എന്ന ഒരഭ്യർത്ഥനയുണ്ട്. കാരണം ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്ന് ഞങ്ങൾക്ക് തോന്നുന്നു. അതുകൊണ്ട് കൂടുതൽ ആളുകൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതാവശ്യമാണ്.

കാടുണ്ടാക്കുമ്പോൾ എന്ത് പ്രയോജനം എന്നു ചോദിക്കുന്ന ഉത്തരത്തിലേക്കാണ് ഈ വീഡിയോ പോകുന്നത്. അതിനു മുമ്പ് ചെറിയൊരു കഥ പറയാം. ഒരു 25 - 26 വർഷങ്ങൾക്കു മുമ്പ് എന്റെ ഓഫീസിൽ ഡോ. വിഷ്ണു എന്നൊരു സയന്റിസ്റ്റ് വന്നു. അദ്ദേഹത്തിന് 70 വയസ്സിൽ കൂടുതൽ പ്രായമുണ്ട്. എന്റെയൊരു കസിൻ സയന്റിസ്റ്റ് ബോണികുമാറാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നത്. ബോണികുമാർ അന്ന് വിദ്യാർത്ഥിയായിരുന്നു. അന്ന് തിരുവനന്തപുരത്ത് പല സ്ഥാപനങ്ങളിലും കമ്പ്യൂട്ടർ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ അന്ന് എന്തോ തകരാറിലായി. അതു സംബന്ധിച്ച് ചോദിക്കാനോ മറ്റോ ആണ് ഞങ്ങളെ കാണാൻ വന്നത്. ഞങ്ങൾ ആ മേഖലയിൽ ജോലി ചെയ്യുന്നവർ ആയതു കൊണ്ട് എന്തെങ്കിലും സഹായിക്കാൻ പറ്റുമോ എന്നറിയാൻ ആയിരുന്നു.

ചെടികളുടെ പ്രയോജനം രേഖപ്പെടുത്തി സർക്കാരിന് ഒരു ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്ന പ്രോജക്ടിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത് എന്നാണ് എന്റെ ഓർമ്മ. അതിലും ഒരു പശ്ചാത്തലമുണ്ട്, നമ്മുടെ ഇന്ത്യയുടെ സ്വന്തമായ മഞ്ഞൾ അമേരിക്കയിലോ മറ്റോ ആരോ പേറ്റന്റ് എടുത്തു. മഞ്ഞളിന് പേറ്റന്റ് എടുത്തു കഴിഞ്ഞപ്പോൾ മഞ്ഞൾ ചേർക്കുന്ന എല്ലാത്തിനും അവരുടെ അനുവാദം വേണമെന്ന അവസ്ഥ വന്നു. അതു വലിയ ബഹളമായി. അവസാനം അതു റദ്ദു ചെയ്തു. ഇത് ഭാരതത്തിൽ പണ്ടു തൊട്ടേ നിലനിന്നിരുന്ന അറിവാണ് അത് അങ്ങനെ പേറ്റന്റ് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞാണ് റദ്ദു ചെയ്തത്. പക്ഷെ ഒരു കോടതിയിൽ ചെല്ലുമ്പോൾ അത് പണ്ടേ നിലനിന്നിരുന്ന അറിവാണ് എന്നു പറഞ്ഞാൽ പോരാ. അതിന് തെളിവ് വേണം. അതിന് തെളിവായി വന്നത് വടക്കേ ഇന്ത്യയിലെവിടെയോ ഉള്ള അപ്രശസ്തനായ ഒരു ഡോക്ടർ ഏതോ ഒരു സാധാരണ മാസികയിൽ എഴുതിയിരുന്നൊരു ലേഖനമാണ്. അതിൽ അദ്ദേഹം പറയുന്നു മഞ്ഞളിന് മുറിവുണക്കാൻ പറ്റുമെന്ന്. ആ ലേഖനം ഹാജരാക്കിയാണ് ആ കേസ് ഇന്ത്യ ജയിക്കുന്നത്. ആ പേറ്റന്റ് റദ്ദു ചെയ്തു. അതു കഴിഞ്ഞപ്പോൾ ആരോ ഒരാൾ ആര്യവേപ്പിന് പേറ്റന്റ് എടുക്കാൻ പോയി. ഇതൊഴിവാക്കാനായി, ഇനി മേലിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കരുത് എന്നുള്ള ഉദ്ദേശത്തിൽ ഭാരത സർക്കാർ എടുത്തൊരു തീരുമാനമാണ് ഈ ചെടികളുടെ മുഴുവൻ ഗുണങ്ങളും രേഖപ്പെടുത്തി ഇന്റർനെറ്റിലോ മറ്റെവിടെയെങ്കിലുമോ പ്രസിദ്ധീകരിക്കുക എന്നുള്ളത്. അത് കഴിഞ്ഞാൽ പിന്നെയാർക്കും പറയാൻ കഴിയില്ല, ഞങ്ങളിതു പുതിയതായി കണ്ടു പിടിച്ചതാണെന്ന്. അപ്പോൾ അങ്ങനെയൊരു പ്രോജക്ടിന് നേതൃത്വം കൊടുക്കുന്ന ആളായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ കാര്യങ്ങളൊക്കെ സംസാരിച്ചു കഴിഞ്ഞു പോകാൻ സമയത്ത് ഞാനും അദ്ദേഹത്തിന്റെ കൂടെ വഴിയിലേക്കിറങ്ങി. പോകുന്ന വഴിക്ക് രണ്ടു വശത്തും കറുക വളർന്നു നിൽക്കുകയാണ്. കറുക ചൂണ്ടി അദ്ദേഹം ചോദിച്ചു ഇതെന്താണെന്നറിയോ? ഞാൻ പറഞ്ഞു കറുകയാണെന്ന് അറിയാം. ഇതിന്റെ പ്രത്യേകതയറിയുമോ? ഇത് തലച്ചോർ വളരാനുള്ള ഏറ്റവും നല്ല മരുന്നാണ്. അന്ന് അതൊരു പുതിയ അറിവായി ശ്രദ്ധിച്ചു. കുറേക്കാലം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്, ഏതോ വൈദ്യരോട് സംസാരിച്ചപ്പോൾ, ഈ കുട്ടികൾക്ക് പാല് കൊടുക്കുമ്പോൾ കറുക തിന്നുവളരുന്ന പശുവിന്റെ പാല് പണ്ട് കൊടുക്കുമായിരുന്നു എന്ന്. തലച്ചോറിന്റെ പ്രശ്നങ്ങൾക്ക് വേണ്ടിയായിരുന്നു. കാരണം തലച്ചോറിന്റെ വളർച്ച ഏഴെട്ടു വയസ്സാവുമ്പോൾ തീരും. അപ്പോൾ കൊച്ചു കുട്ടിയായിരിക്കുന്ന സമയത്ത് കറുക തിന്നുന്ന പശുവിന്റെ പാല് കുടിച്ചാൽ സ്വാഭാവികമായും അത് തലച്ചോറിന്റെ വളർച്ചയ്ക്ക് സഹായകമാവുന്നതു കൊണ്ടാവണം ഇങ്ങനെ ചെയ്യുന്നത്.

ഇതു പറയാൻ കാരണം നമ്മുടെ ഈ മരുന്നുകൾ ഒട്ടുമുക്കാലും ഇതുപോലെ ചെടികളിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ്. പ്രത്യേകിച്ച്, ആയൂർവേദയിലെയും, സിദ്ധയിലേയും മിക്കവാറും മരുന്നുകൾ. പക്ഷെ അത് അശാസ്ത്രീയമാണ് എന്ന ധാരണ നമുക്കെല്ലാവർക്കുമുണ്ട്. ഇതു തന്നെയാണ് ഇംഗ്ലീഷ് മരുന്നുകളും ചെയ്യുന്നത്. അവർ രസതന്ത്രപരമായി വേർതിരിച്ചെടുക്കുന്നു. കുറേക്കൂടി കൃത്യമായി അത് നമ്മുടെ ധമനിയിലേക്കെത്തിക്കുന്നു. മറ്റു പലതും ഭക്ഷണത്തിലൂടെത്തിക്കുന്നു. എനിക്ക് തോന്നുന്നത് ഇതാണ് പ്രധാന വ്യത്യാസമെന്നാണ്. ഒരുദാഹരണം പറഞ്ഞാൽ, നമ്മുടെ ഈ ചുറ്റിലും കാണുന്ന മരങ്ങളിൽ പലതും എല്ലാ വൈദ്യ മേഖലകളിലും ഉപയോഗിക്കുന്നതാണ്. കാഞ്ഞിരം - അത് ഇംഗ്ലീഷ് മെഡിനിസിലുപയോഗിക്കുന്നുണ്ട്. ആയുർവേദത്തിലുമുണ്ട്. സിദ്ധയിലുണ്ട്. ഹോമിയോപ്പതിയിലുമുണ്ട്. അതുപോലെ അലോവേര എന്നു പറയുന്ന കറ്റാർവാഴ. ഈ നാലു ശാസ്ത്ര ശാഖകളിലും ഇതിൽ നിന്നുള്ള മരുന്നുകളുണ്ടാക്കുന്നുണ്ട്. റോൾഫിയ സർപ്പെന്റീന - സർപ്പഗന്ധി എന്ന ചെടി. ക്യാൻസറിനുള്ള മരുന്നു വേർതിരിച്ചെടുക്കുന്നത് ഇതിൽ നിന്നാണ്. നമ്മുടെ ബ്ലഡ് പ്രഷറിനു ഹോമിയോയിലുള്ള മരുന്ന് സർപ്പഗന്ധിയിൽ നിന്നാണ്. ഇതുതന്നെയാണ് ആയുർവേദയിലും ഉപയോഗിക്കുന്നത്. സിദ്ധയിലും ഉപയോഗിക്കുന്നുണ്ട്. അതുപോലെ മഞ്ഞൾ, മുറിവുണക്കൽ, അണുബാധ ഒഴിവാക്കാനൊക്കെ ധാരാളമായി ഇതുപയോഗിക്കുന്നു. ചെടികളിൽ നിന്നും മരുന്നുണ്ടാക്കാൻ കഴിയുമെന്നത് എല്ലാ വൈദ്യ മേഖലകളിലും അംഗീകരിക്കുന്നൊരു കാര്യമാണ്. ഇത് എടുക്കുന്ന രീതി - ഞങ്ങളുടേത് ശരിയാണ്. അവരുടേത് ശരിയല്ല എന്നൊരു തർക്കമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ മറ്റു വൈദ്യശാസ്ത്രരീതികൾ അശാസ്ത്രീയമാണെന്ന് പറയുന്ന ഒരുരീതിയുമുണ്ട്.

എന്റെ അമ്മ നാട്ടുമ്പുറത്ത് വളർന്നയാളാണ്. 82-ാമത്തെ വയസ്സിൽ ഒരു അപകടം പറ്റി 40 ദിവസം ഐ.സി.യു.വിൽ കിടന്നു പുറത്തു വന്നപ്പോൾ ഇനിയമ്മയ്ക്ക് വായ കൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റില്ല എന്നു പറഞ്ഞു. കാരണം, അന്നനാളം തകർന്നു പോയി, അണുബാധ കൊണ്ട്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായി. കഴുത്തിലൊരു ദ്വാരമിടാൻ പറഞ്ഞു. പത്തു ദിവസത്തിൽ കൂടുതൽ അമ്മ ജീവിച്ചിരിക്കില്ല എന്നു പറയുകയും, വീട്ടിൽ കിടന്നു മരിക്കണമെന്നു അമ്മ നിർബന്ധിക്കുകയും വന്നു. അമ്മയുടെ സംസാരശേഷിയും നഷ്ടമായിരുന്നു. ഓപ്പറേഷനെ തുടർന്നുണ്ടായ തകരാർ കാരണം വോക്കൽ കോഡിനു തകരാർ സംഭവിച്ചു. അനസ്തേഷ്യ കൊടുത്ത സമയത്ത് എന്തോ പ്രശ്നം പറ്റി ശ്വാസകോശത്തിൽ വെള്ളം കയറി. മുട്ടിലായിരുന്നു ഓപ്പറേഷൻ. പക്ഷെ ശസ്ത്രക്രിയ കഴിഞ്ഞു വന്നപ്പോൾ ശ്വാസം കിട്ടുന്നില്ല. ന്യുമോണിയ വന്നു. ഭക്ഷണം കഴിക്കാൻ വയ്യ. ശബ്ദവും ഇല്ല. ഇതേ അവസ്ഥയിൽ തന്നെ ഐ.സി.യു.വിൽ 40 ദിവസത്തെ ചികിത്സ, ഏകദേശം 18 ലക്ഷം രൂപ. അന്നെനിക്ക് ചിലവാക്കാവുന്ന മുഴുവൻ തുകയും ചിലവാക്കി കഴിഞ്ഞാണ് വീട്ടിലേക്ക് കൊണ്ടു വരുന്നത്.

അന്ന് എന്റെ ഒരു സുഹൃത്ത്, ആയൂർവേദ വൈദ്യനായ ഡോ. പ്രസാദ് പറഞ്ഞുതന്നതനുസരിച്ചുള്ള ചില കഷായങ്ങളും മരുന്നുകളും കൊടുത്തു. ഒന്ന്, ദുഷ്സ്പർശവാസാദി, ദുഷ്സ്പർശമെന്നാൽ കൊടിത്തൂവയോ മറ്റോ ആണ്. തൊട്ടാൽ ചൊറിയുന്ന സസ്യം. അതുകഴിഞ്ഞ് കഫം കുറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, മുടി വളരാനായി എണ്ണയുണ്ടാക്കാനുപയോഗിക്കുന്ന കൈതോന്നി എടുത്ത് ചതച്ച് അതിന്റെ നീരെടുത്ത് അത് തിപ്പലിയുമായി ചേർത്തരച്ച് അതൊരു ഇരുമ്പുചട്ടിയിൽ പുരട്ടി വച്ച് പിറ്റേ ദിവസം അതെടുത്ത് തിളപ്പിച്ച ആട്ടിൻ പാലിൽ പനംകൽക്കണ്ടം കൂടി ചേർത്ത് കൊടുക്കാൻ പറഞ്ഞു. അങ്ങനെ കൊടുത്ത് കൊടുത്ത് ഒരു ആറുമാസം കൊണ്ട് ഭക്ഷണം വായിലൂടെ കഴിക്കാൻ പറ്റുന്ന തരത്തിൽ കാര്യങ്ങൾ ശരിയായി. പിന്നെ, ശബ്ദമുണ്ടാവാനായി വെറ്റിലനീരും തേനും കൂടെ അരച്ച് ഓരോ തുള്ളി വീതം ഓരോ മണിക്കൂർ ഇടവിട്ട് നാക്കിൽ പുരട്ടാൻ പറഞ്ഞു. ഒരു മാസം കൊണ്ട് ശബ്ദം തിരിച്ചു കിട്ടി. ഞാൻ തന്നെയാണ് ഈ അരച്ചതും ഉണ്ടാക്കിയതുമൊക്കെ. ഈ മരുന്ന് ഇങ്ങനെ ഉണ്ടാക്കിയെടുക്കാൻ കഴിയും, ഇതിനു ഫലമുണ്ടാകുമെന്നുള്ളത് എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്.

ഞാൻ പറയാൻ വന്നൊരു കാര്യം, ഇനി വിഷയത്തിലേക്കു വരാം, ഈ കാടു വയ്ക്കുമ്പോൾ എന്തു പ്രയോജനം ഞങ്ങൾക്ക് കിട്ടുന്നു എന്നു ചോദിക്കുന്ന ആളുകള് ഒരു കാര്യം വിട്ടു പോകുന്നു. ഞാൻ പറയുന്നു നമുക്ക് ഇതിൽ ഒരു പതിനഞ്ച് തരം പഴങ്ങൾ വളർത്താം. കൊള്ളാം നമുക്ക് ചെയ്യാമെന്നു പറയും. പക്ഷെ നമ്മൾ ഭക്ഷണം കഴിക്കുന്നത് രണ്ടു, മൂന്ന് അല്ലെങ്കിൽ നാല് നേരം മാത്രമാണ്. ഒരു നേരം കഴിക്കുന്നവരുമുണ്ട്. കഴിക്കാതിരിക്കുന്നവരുമുണ്ട്. ഭക്ഷണത്തെക്കുറിച്ചു മാത്രമേ നമ്മൾ ചിന്തിക്കുന്നുള്ളൂ. ഭക്ഷണം പോലെ തന്നെ 24 മണിക്കൂറും നമ്മൾ വായു ശ്വസിക്കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുന്നുണ്ട്. നമ്മൾ ഈ ഓർഗാനിക് ഭക്ഷണം തിരഞ്ഞെടുത്തു കഴിക്കുമ്പോൾ, അല്ലെങ്കിൽ ഇതു കഴിക്കില്ല. ഇതേ കഴിക്കൂ എന്നൊക്കെ പറയുമ്പോൾ, നമ്മൾ ഓർക്കേണ്ടൊരു കാര്യം നമ്മൾ ശ്വസിക്കുന്ന വായുവിന്റെ കാര്യത്തിൽ എന്തു സുരക്ഷയാണുള്ളത്. നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ എന്തു സുരക്ഷയാണുള്ളത്. ഇവിടെയാണ് ഈ പറയുന്ന ചെടികളുടെയും മരത്തിന്റെയും പ്രസക്തി. ആയുർവേദം പറയുന്നത് "ജഗത്യേവം അനൗഷധം" എന്നാണ്. അതുപോലെ "നാസ്തിമൂലം അനൗഷധം" എന്നും പറയുന്നുണ്ട്. ഒരു ചെടിയും ഔഷധമല്ലാത്തതില്ല. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നറിയാൻ വയ്യ എന്നേയുള്ളൂ. ഇപ്പോൾ സഹസ്രയോഗത്തിലൊക്കെ ആയിരം മരുന്നുകളോ മറ്റോ പറയുന്നുണ്ട്. ആ മരുന്നുകൾ ഇതുപോലെ നിരവധി മരുന്നുകൾ കൂട്ടിച്ചേർത്തുണ്ടാക്കുന്നതാണ്. ഇത് എങ്ങനെയാണ് അങ്ങനെയാകുന്നത് എന്ന് പറയുന്നില്ലാത്തതു കൊണ്ടാണ് അത് അശാസ്ത്രീയമെന്നു പലരും പറയുന്നത്. പക്ഷെ ഈ മരുന്നുകൾക്ക് പലതിനും ഫലമുണ്ടെന്നുള്ളത് ഉപയോഗിക്കുന്നവർക്ക് അറിയാം. കാരണം, വർഷങ്ങളായിട്ടു അതുപയോഗിക്കുന്നുണ്ട്. വേറെ പാർശ്വഫലങ്ങളൊ മറ്റ് പ്രശ്നങ്ങളോ ഒന്നുമില്ല.

ഈ ചെടികൾ സ്വാഭാവികമായും നമ്മുടെ അന്തരീക്ഷത്തിൽ നിൽക്കുകയാണ്. അതിൽ തട്ടി വരുന്ന കാറ്റിനും, അതിന്റെ വേരിൽ കൂടി കടന്നു വരുന്ന വെള്ളത്തിനും, അല്ലെങ്കിൽ അതിന്റെ ഇല വീണ് ചീഞ്ഞ മണ്ണിൽ വരുന്ന വെള്ളത്തിനും അല്ലെങ്കിൽ അതിന്റെ ഇല കഴിക്കുന്ന ജീവി. തൊട്ടാവാടി - എനിക്ക് ചെറുപ്പത്തിൽ ആസ്തമ പ്രശ്നമുണ്ടായിരുന്നു. അതിന് തൊട്ടാവാടി ചേർത്ത മരുന്നു കൊണ്ടാണ് മാറിയത്. അപ്പോൾ ശരിക്കും തൊട്ടാവാടി തിന്നുന്ന ആടിന്റെ പാല് കുടിക്കുന്ന കുട്ടിക്ക് ചിലപ്പോൾ ആസ്തമയിൽ നിന്നും പ്രതിരോധം കിട്ടുന്നുണ്ടാവും. നമുക്ക് അറിയില്ല. ഇതിനെക്കുറിച്ചൊന്നും കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല.

ഒരു കാര്യം ഉറപ്പാണ്. നമ്മൾ ഇപ്പോൾ ഒരു വീട് വയ്ക്കുകയാണെങ്കിൽ നമ്മുടെ വീടിന് ചുറ്റുമുള്ള എല്ലാ ചെടികളെയും മാറ്റി വീട് വയ്ക്കുന്നു. മണ്ണിന്റെ തരി പുറത്തു കാണാതെ, അതിന്റെ മുകളിൽ കരിയില വീഴാതിരിക്കാൻ മരം വയ്ക്കാതിരിക്കുകയും, ഇതെല്ലാം കഴിഞ്ഞ് പുറത്തു നിന്നും വരുന്ന വിദേശ സസ്യങ്ങൾ കൊണ്ട് വന്ന് നമ്മൾ വളരെ ഭംഗിയായി അലങ്കരിക്കുകയും ചെയ്യുന്നു. മൊത്തത്തിൽ പറഞ്ഞാൽ നമ്മൾ തന്നെ ഒരു അക്വേറിയമുണ്ടാക്കി അതിനുള്ളിൽ ജീവിക്കുകയാണ്. പ്രകൃതിയിലുളള പക്ഷികളും മറ്റും അടുത്ത മരത്തിലൊക്കെ വന്നിരുന്ന് അക്വേറിയത്തിലിരിക്കുന്ന നമ്മളെ കണ്ടിട്ടു പോകുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. നമ്മൾ അലങ്കാര മത്സ്യത്തെ കണ്ടു സംസാരിക്കുന്നതുപോലെ ആയിരിക്കും ഈ പക്ഷികൾ നമ്മളെ കണ്ടിട്ട് പറയുന്നത്.

എന്തായാലും ആ ഒരവസ്ഥയിലാണ് നമ്മൾ ഇപ്പോൾ കഴിഞ്ഞു പോകുന്നത്. അടുത്തൊരു ഘട്ടം എന്താണെന്നു വച്ചാൽ, ഇപ്പോൾ വിദേശ രാജ്യങ്ങളിൽ പലയിടത്തുമുള്ള പ്രശ്നം കുട്ടികളിലെ നേരത്തേയുള്ള ഋതുവാകൽ, ഹോർമോൺ തകരാറുകൾ, ഇതുവരെ മനുഷ്യർ കേട്ടിട്ടില്ലാത്ത ഒരുപാട് അസുഖങ്ങൾ, വളർച്ചയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഇതെല്ലാം ഭക്ഷണത്തിൽ നിന്നു വരുന്നതാണ് എന്നു പറഞ്ഞ് ഭക്ഷണം ഓർഗാനിക് ആക്കാൻ നെട്ടോട്ടമോടുകയാണ് പുറമേയുളളവർ. നേരത്തേതന്നെ കോഴിയുടെ തുട അവർ കഴിക്കില്ല. അത് നമുക്കയച്ച് തന്നിട്ട് ബ്രസ്റ്റാണ് അവർ കഴിക്കുന്നത്. അങ്ങനെയുളള രീതിയാണ് എല്ലാ വികസിത രാജ്യങ്ങളിലും - അവർക്ക് വേണ്ട സാധനങ്ങൾ എടുത്തിട്ട് വേണ്ടാത്തത് ഒന്നുകിൽ ദാനം കൊടുക്കും, അല്ലെങ്കിൽ നമ്മളെ പ്രോത്സാഹിപ്പിച്ച് കഴിപ്പിക്കും. നമുക്ക് നമ്മുടേതായ ഒരു ഭക്ഷണക്രമവും കാര്യങ്ങളും ഉളളപ്പോൾ - അതിലേക്ക് പോകാനൊക്കെ പാടായിരിക്കും അതൊന്നും വേണമെന്നു ഞാൻ പറയുന്നില്ല. പക്ഷെ ഇതുവരെ വീടുവെച്ചവരുടെ കാര്യം പോട്ടെ.

കുറഞ്ഞപക്ഷം ഇനി വീടു വെക്കാനിരിക്കുന്ന ആളുകളെങ്കിലും ഒന്നാലോചിക്കണം. നിങ്ങളുടെ അഞ്ചു സെന്റിനു ചുറ്റും നിങ്ങൾക്ക് ഒരു നൂറ് മരം വയ്ക്കാൻ പറ്റിയാൽ അത് നിങ്ങൾ പ്രകൃതിയോട് ചെയ്യുന്ന വലിയൊരു കാര്യമാണെന്നതു മാത്രമല്ല, നിങ്ങള്ക്ക് സ്വയം അത് വലിയൊരു പ്രയോജനമായി മാറും. നിങ്ങളിപ്പോv വീടിനു അധികം ചിലവാക്കുന്നതിനു പകരം കുറച്ചു കൂടി സ്ഥലം വാങ്ങി സ്വന്തമായി ഒരു കിണറുണ്ടെങ്കിൽ ആ കിണറിനു ചുറ്റും കുറെ മരുന്നു ചെടികളും ഉണ്ടെങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം തീർച്ചയായും കൂടും. പത്തോ - ഇരുപതോ സെന്റ് സ്ഥലമുള്ള ഒരാളുടെ പറമ്പിലെ കിണറ്റിൽ വെള്ളമില്ലാതെ വരുന്ന പ്രശ്നമേയില്ല. അവിടെ വീഴുന്ന മുഴുവൻ വെള്ളവും പുറത്തു പോകാതെ നോക്കിയാൽ മതി. കാരണം, കേരളത്തിലെ ഇപ്പോഴത്തെ മഴയുടെ അവസ്ഥ അറിയാമല്ലോ? എന്തായാലും നമുക്ക് കിട്ടുന്നതു മൂന്ന് ലക്ഷം ലിറ്റർ വെളളമാണ്, ആയിരം ചതുരശ്ര അടിയിൽ. അപ്പോൾ 20 സെന്റുകാരൻ കിട്ടുന്ന വെളളമെന്നു പറഞ്ഞാൽ വലിയൊരു അളവാണ്. ആ വെള്ളത്തിനെ അവിടെ മണ്ണിൽ താഴാൻ അനുവദിച്ചാൽ, ഇതുപോലെ ചെടികളും വളർത്തിയൊരു അന്തരീക്ഷമുണ്ടാക്കിയാൽ നമുക്ക് എല്ലാം പ്രയോജനമുള്ളതാണ്.

എനിക്ക് പ്രയോജനമുള്ളൊരു കാട് വയ്ക്കണം, അല്ലെങ്കിൽ ഈ കാട് വച്ചാൽ എന്തു കിട്ടുമെന്നു ചോദിച്ചാൽ നിങ്ങൾ വായുവിനെയും വെള്ളത്തെയും പ്രയോജനമായി കാണണം. അതാണ് ഏറ്റവും വലിയ പ്രയോജനം, ഭക്ഷണത്തെക്കാൾ. ഭക്ഷണം വില കൊടുത്ത് വാങ്ങാം. വായു വില കൊടുത്ത് വാങ്ങാൻ കിട്ടില്ല. ഓക്സിജൻ സിലിണ്ടറുമായി നടക്കാൻ കഴിയില്ല. കുടിവെള്ളം, കുപ്പിയിൽ കിട്ടുന്ന വെള്ളത്തിനൊരു പ്ലാസ്റ്റിക് അടപ്പുള്ളതു കൊണ്ട് അതിനുള്ളിലെ വെള്ളം ശുദ്ധമാണെന്നോ ഓര്ഗാനിക് ആണെന്നോ ആരോഗ്യദായകമാണെന്നോ ഒന്നും അർത്ഥമില്ല. പിന്നെ ഈ ചെടികളിൽ നിന്നെടുക്കുന്ന മരുന്നുകളൊക്കെ മുഴുവനും അബദ്ധമാണെന്നു പറയുന്നതിൽ അർത്ഥമില്ല. കാരണം, ആയുർവേദത്തിൽ മരുന്നെടുക്കുന്ന രീതികളിൽ നിങ്ങൾ യോജിക്കുന്നുണ്ടാവില്ല പക്ഷെ ഇതേ ചെടികളിൽ നിന്നുള്ള മരുന്നാണ് അലോപ്പതിയുമെടുക്കുന്നത്. വേറെ പല വൈദ്യശാസ്ത്ര ശാഖകളും അതിൽ നിന്നാണ് എടുക്കുന്നത്. ഈ ചെടികളും, ഈ മരങ്ങളും, ഈ പൂക്കളും, പുഴുക്കളും എല്ലാം നമ്മുടെ ചുറ്റോട് ചുറ്റുമുള്ള അന്തരീക്ഷത്തിൽ വേണ്ടതാണ്. അതിന് നമ്മൾ വില കൊടുക്കണം. അല്ലാതെ എന്തു കിട്ടും ഇതിൽ നിന്നും എന്നു പറഞ്ഞ് ഭക്ഷണ സാധനങ്ങൾക്ക് മാത്രം വിലയിടുന്ന രീതി നമ്മൾ ഒഴിവാക്കണം. ഇതുവരെ ചെയ്ത വീടുകളിൽ ഒന്നു ചെയ്യാനില്ല. ഇനി വീട് വയ്ക്കാൻ പോകുന്നവരും, സ്ഥലം വാങ്ങാൻ പോകുന്നവരും ദയവായി ഇതേക്കുറിച്ച് ഒന്നാലോചിക്കണം. ഇതൊരു അഭ്യർത്ഥനയാണ്.