കേരളത്തിലുള്ളവർ ഏറ്റവും കൂടുതൽ പൈസ മുടക്കുന്നത് വിദ്യാഭ്യാസം, വീട് എന്നിങ്ങനെ ഒന്ന് രണ്ട് കാര്യങ്ങൾക്കാണ്. വിദ്യാഭ്യാസം നമുക്ക് ഒരു ഇൻവസ്റ്റ്മെന്റാണ്. വീടുമൊരു ഇൻവസ്റ്റ്മെന്റായാണ് കാണുന്നത്. പക്ഷേ ഇപ്പോൾ വീടൊരു ഇൻവസ്റ്റ്മെന്റാണോ എന്ന് എനിക്കൊരു സംശയമുണ്ട്.

കഴിഞ്ഞ മുപ്പതു വർഷത്തിനിടയ്ക്ക് ആളുകൾ വീടിന്റെ മോഡൽ അഴിച്ചുപണിയുന്നുണ്ട്. അച്ഛൻ പണിത വീട് മക്കൾ പൊളിച്ചുപണിയുന്നുണ്ട്. അതുപോലെ നമ്മുടെ ആവശ്യങ്ങളും മാറുന്നുണ്ട്. 15 ഇഞ്ച് അല്ലെങ്കിൽ 25 ഇഞ്ച് ടിവി ഉപയോഗിച്ചു കൊണ്ടിരുന്ന ആളുകൾ ഇപ്പോൾ 75 ഇഞ്ചിന്റെ ടിവി ഉപയോഗിക്കുമ്പോൾ അതിനുപറ്റിയ ഭിത്തി വേണം മുറി വേണം. അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുന്നു. ഇന്റർനെറ്റ് മാറ്റം ഉണ്ടാക്കുന്നു. വീട്ടിൽ ലാൻഡ് ഫോൺ എന്നുള്ളത് മാറി മൊബൈൽ ഫോണുകൾ ആകുന്നു. അങ്ങനെ അങ്ങനെ ഒരാളുടെ ഭക്ഷണത്തിന്റെ ടേസ്റ്റ് മാറി ഒരു വീട്ടിൽ തന്നെ രണ്ടോമൂന്നോ അടുക്കള വേണ്ടിവരുന്ന അവസ്ഥ വരുന്നു.

ഇങ്ങനെയൊക്കെ വരുമ്പോൾ വീടിനുള്ള ഇൻവസ്റ്റ്മെന്റ് ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യാതെ വീട് ചെറിയൊരു ഇൻവസ്റ്റ്മെന്റ് ആയി ചെയ്ത് പ്രകൃതിയെ കൂടുതൽ സ്നേഹിക്കുന്ന ആളുകൾ പ്രകൃതിയിൽ കൂടുതൽ ഇൻവസ്റ്റ് ചെയ്യുന്ന ഒരു മാതൃക - അതാണ് ഞാനിവിടെ പരീക്ഷിച്ചു നോക്കിയത്. അതിൽ താത്പര്യമുള്ള ആളുകളുമായി ഇത് പങ്കുവയ്ക്കണം. ഇത്തരം വീട് നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശം കൂടി എനിക്കുണ്ട്. അതുകൊണ്ട് വേറെ ഒന്നുരണ്ടു മോഡൽ കൂടി പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് കഴിയുന്നതും ചെലവ് കുറച്ച് പ്രകൃതിയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് വീടു വയ്ക്കാൻ താത്പര്യമുള്ള സുഹൃത്തുക്കൾ നിങ്ങൾക്കുണ്ടങ്കിൽ അവർക്കു കൂടി ഈ വീഡിയോ ഒന്നു പങ്കുവച്ചാൽ നന്നായിരിക്കും.

നമുക്ക് ഈ വീട്ടിലേയ്ക്ക് കടക്കാം. കഴിഞ്ഞ കുറേ ദിവസമായി ആളുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ഈ വീടൊന്ന് കാണിക്കണം എന്നുള്ളത്. ഇതൊരു ചെറിയ വീടാണ്. ചെറിയ വീട് എങ്ങനെ വയ്ക്കാമെന്നുള്ളതാണ് നമുക്കറിയാത്തത്. വലിയ വീട് വയ്ക്കാൻ നമുക്കെല്ലാം അറിയാം. ഞാനും എന്റെ ഭാര്യയും കൂടിച്ചേർന്ന് വലിയൊരു വീട് ആദ്യം വച്ചിരുന്നു. അത് ഇത്തിരി വലുതായിപ്പോയി. അത് കഴിഞ്ഞ് അവിടെ അംഗങ്ങൾ കുറഞ്ഞപ്പോൾ ഇപ്പോൾ മകളുടെ വിവാഹം കഴിഞ്ഞപ്പോൾ വീട് കാലിയായി. ഏകദേശം 2500 സ്ക്വയർഫീറ്റുള്ള വീട് ആവശ്യമില്ലാത്ത ഒരു സംഗതിയായി തോന്നി. അതുപോലെ അതിനകത്തെ ലിവിംഗ് റൂമുകൾ ഏകദേശം 400 സ്ക്വയർഫീറ്റ് ഉള്ളതാണ്.

ഇവിടെ വന്നപ്പോൾ വീടിനെക്കുറിച്ചുള്ള സങ്കൽപമേ മാറി. മാറിയ സങ്കൽപ്പമനുസരിച്ച് ഒരു വീട് ഉണ്ടാക്കാം എന്നതിലാണ് ഈ വീട് ഉണ്ടാക്കിയത്. ഇവിടെ വന്നതുതന്നെ ശുദ്ധവായു, ശുദ്ധജലം എന്നുള്ള സങ്കൽപ്പത്തിലാണ്. ഇതെല്ലാം കിട്ടുന്നത് പുറത്താണ്. അപ്പോൾ എയർകണ്ടീഷൻ വേണ്ടാത്ത ഒരു വീട്. പിന്നെ വീടിന്റെ അകത്തുള്ളതിനേക്കാൾ സ്ഥലം പുറത്തുണ്ടായിരിക്കുക, ഇതൊക്കെയായിരുന്നു ആഗ്രഹം. ഇതനുസരിച്ചാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇത് ചെയ്തിരിക്കുന്നത് കുറെയാളുകളുണ്ട്. എന്റെ സുഹൃത്ത് സുധീർ, എന്റെ സഹപ്രവർത്തകനാണ്. അദ്ദേഹമാണ് ഇതിന്റെ മെയിൻ. കലാപരമായിട്ട് കാണുന്ന വസ്തുക്കളൊക്കെ അവർ ചെയ്തതാണ്. അതിനകത്ത് തിരിച്ച് കട്ട് ചെയ്ത് യൂട്ടിലിറ്റി മാത്രമായിട്ട് ചുരിക്കിയിരിക്കുന്നതൊക്കെ ഞാൻ ചെയ്തതാണ്. അതാണ് അതിന്റൊരു വ്യത്യാസം. വളരെ ഏസ്തെറ്റിക്ക് സെൻസ് ഉള്ളയാളാണ് സുധീർ. അതുപോലെ തന്നെ ജെറി എന്നു പേരുള്ള സുധീറിന്റെ സുഹൃത്ത് - ഒരു ആർട്ടിസ്റ്റ്, കുറേ സാധനങ്ങൾ അദ്ദേഹമിവിടെ ചെയ്തു. ഈ ഫർണ്ണിച്ചറൊക്കെ അദ്ദേഹത്തിന്റെ ഐഡിയകൾ ആണ്. അതു വളരെ യുണീക് ആയിട്ട് ചെയ്തു.

മൊത്തത്തിൽ പറയുകയാണെങ്കിൽ എന്റെ വേറൊരു സുഹൃത്താണ് എന്നെ ഈ വീട് എന്ന ആശയത്തിലേക്കു കൊണ്ടുവരുന്നത്. അദ്ദേഹം ഒരു പഴയ വീട് വിൽക്കാനുണ്ട് എന്നുപറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി കണ്ടു. പഴയ അറയും നിരയുമുള്ള വീട്. 75000 രൂപയ്ക്ക് അവർ അതിന്റെ തടിയെല്ലാം കൂടി കൊടുക്കുന്നു എന്നുപറഞ്ഞു. ഞങ്ങൾ മുഴുവൻ പൈസ കൊടുത്തെന്നു തോന്നുന്നു, എന്തായാലും കൊടുത്തിട്ട് ആ വീട് ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റിയില്ല കുറെ നാളത്തേയ്ക്ക്. എനിക്ക് വേറെ തിരക്കുകൾ വന്നുപെട്ടു. സമയം പ്രശ്നം വന്നു. അങ്ങനെ ഇത് പൊളിക്കാൻ ചെന്നപ്പോൾ അതിന്റെ നല്ലൊരുഭാഗം ചീത്തയായിക്കഴിഞ്ഞു. പിന്നെ കിട്ടിയ ഭാഗങ്ങളാണ് ഈ മേൽക്കട്ടി. അതിപ്പോൾ ചെയ്യാൻ കഴിയുന്നതല്ല. തടി കൊണ്ട് കയറു പോലെ ചെയ്തിരിക്കുകയാണ്. അത്രയും നല്ല കൊത്തുപണിയാണ്. അങ്ങനെത്തെ ഒരു സാധനം കിട്ടി.

ബാക്കി നമ്മുടെ ആവശ്യത്തിനു വന്നപ്പോൾ തടിയില്ലായിരുന്നു. മരം വെട്ടുന്നത് നമ്മളങ്ങനെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന കാര്യമല്ല. സീറോ കാർബൺ എന്ന കൺസപ്റ്റ് ആണ്. പക്ഷേ ഇവിടെ നിന്ന കുറെ അക്വേഷ്യ മരങ്ങൾ കാടു വയ്ക്കാനായി മാറ്റേണ്ടി വന്നു. ആ അക്വേഷ്യമരങ്ങളാണ് ഈ ഭിത്തിയ്ക്ക് തടിയായി ഉപയോഗിച്ചത്. അക്വേഷ്യ ഭിത്തിയ്ക്ക് തടിയായി ഉപയോഗിക്കാം എന്നുള്ളതാണ് ഇതിലൂടെ കാണുന്നത്. തേക്കോ ഈട്ടിയോ വേണമെന്നില്ല. അക്വേഷ്യ ധാരാളം മതി.

ഈ തൂണുകൾ സുധീർ എവിടെനിന്നോ വിലയ്ക്കു വാങ്ങിച്ച ഉപയോഗിച്ച തൂണുകളാണ്. രണ്ടായിരം രൂപയ്ക്കാണ് എന്നു തോന്നുന്നു. ആറോ എട്ടോ തൂണുകൾ ഉണ്ട്. 450 സ്ക്വയർ ഫീറ്റ് ആണ് റൂമുകളുടെ സ്പേയ്സ്. 550 സ്ക്വയർഫീറ്റ് വരാന്ത ഈ വീടിനുണ്ട്. സുഹൃത്തുക്കൾ വന്നാൽ അക്കോമഡേറ്റ് ചെയ്യാനാണെങ്കിൽ വരാന്തയിൽ ഇഷ്ടംപോലെ സ്പെയ്സ് ഉണ്ട്. കൂടാതെ പുറത്ത് ചെടി അതിനപ്പുറം കാടാണ്. കാടിന്റെ പുറത്ത് കെട്ടിയിരിക്കുന്ന മതിൽ പൂർണ്ണമായും സിമന്റിട്ട് ഇരിപ്പിടമാക്കുക എന്നതാണ് എന്റെ ഉദ്ദേശം. ഒരമ്പതു പേർക്കു ഈ മുറ്റത്തുതന്നെ ഇരിക്കാം രണ്ടു സൈഡിലായിട്ട്. വേറെ കൂടുതൽ ഇരിപ്പിടത്തിന്റെ ആവശ്യം വരുന്നില്ല.

ഈ വീട് വയ്ക്കുമ്പോൾ ആദ്യം ചെയ്തത് വീടിന്റെ സ്ഥലം മാർക്ക് ചെയ്ത ശേഷം ഇതിന്റെ മുന്നിലൊരു പൂന്തോട്ടം - പരമ്പരാഗതരീതിയിലുളള പൂന്തോട്ടമല്ല - മിയാവാക്കി മാതൃകയിൽ പൂക്കുന്ന മരങ്ങളെല്ലാം കൂടി ഒന്നേകാൽ സെന്റ് സ്ഥലം മറ്റോ വച്ചുപിടിപ്പച്ചു. അതെല്ലാം വളർന്നു. ഇതിന്റെ മുൻവശം ഒന്ന് മറഞ്ഞു. പൊടി വരാത്ത തരത്തിലായി. അതിനു ചുറ്റും വേലിയുണ്ട്. വീടിന്റെ പണിതീർന്ന സ്ഥിതിയ്ക്ക് വേലിയിലേക്ക് ചെടികൾ കയറ്റിവിടുന്നത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴത് നല്ല പൂക്കളുള്ള വേലിയായി മാറും.

ഇതിനിടയ്ക്ക് ഞാൻ പോണ്ടിച്ചേരിയിൽ പിച്ചാണ്ടിക്കുളം എന്ന സ്ഥലത്ത് പോയിരുന്നു. ഒരു സായിപ്പ് അവിടെ 50 കൊല്ലം കൊണ്ടൊരു ഫോറസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. വളരെ മനോഹരമായ കാടാണ്. അവിടെ അദ്ദേഹത്തിന്റെ വീടിനു ചുറ്റും ചെറിയ കുഴികൾ കണ്ടു. തടം ഒരു അടി നീളം ഒരു അടി പൊക്കത്തിൽ ചുറ്റും വെള്ളംനിറച്ച്. എന്താന്നു ചോദിച്ചപ്പോൾ ഉറുമ്പ് വീടിനകത്തേയക്ക് കയറാതിരിക്കാൻ ചെയ്തിരിക്കുകയാണ്. പിന്നെ പാമ്പുകളിൽ നല്ലൊരുവിഭാഗം വന്നാൽ വെള്ളം കുടിച്ചിട്ട് തിരിച്ചുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

ഞാനിവിടെ കുറച്ചു കൂടി കനത്തിലിരുന്നോട്ടെ എന്നുവച്ച് രണ്ടടി ആഴവും രണ്ടടി വീതിയുമായിട്ട് ഒരു ടാങ്ക് ചുറ്റും കെട്ടി. അതിനകത്താണ് വീടു നിൽക്കുന്നത്. വീട് വച്ചതിനുശേഷം ചുറ്റും കെട്ടിയതാണ്. ഇതിനകത്തേക്ക് മീനിനെ കയറ്റി വിടാം. ഇഷ്ടംപോലെ മീൻ ഇതിനകത്തുണ്ടാകും. ഇപ്പോൾ കുറച്ച് മീനുണ്ട്. അത് വളർന്നു കഴിയുമ്പോൾ ഇട്ടുകഴിഞ്ഞാൽ എപ്പോൾ നോക്കിയാലും ഇതിനകത്ത് മീനിനെ കാണാൻ പറ്റും. മീനിന് ഇതിനകത്ത് ചുറ്റോടുചുറ്റും ഓടിനടക്കാൻ പറ്റുന്നതു കൊണ്ട്, അത് വളരെ ഹാപ്പി ആയിട്ട് അതുവഴി പൊയ്ക്കോളും.

ഇവിടെ വെള്ളം നിർത്തുമ്പോൾ സ്വാഭാവികമായിട്ടുള്ള സംശയം വെള്ളം സിമന്റിന്റെ ഇടയിൽ കൂടി വീടിന്റെ തറയ്ക്കടിയിലേക്ക് ഇറങ്ങുകയില്ലേ എന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. നമ്മളിവിടെ ഒരു ഫൈബർ കോട്ടിംഗ് കൊടുത്തിട്ടുണ്ട്. അത് ഒരു സ്ക്വയർഫീറ്റിനകത്ത് ഏതാണ്ട് നൂറുരൂപയോ നൂപ്പിപ്പത്തു രൂപയിലോ ചെയ്യാൻ പറ്റും. സിമന്റ് കെട്ടിക്കഴിഞ്ഞാൽ അതിനു പുറത്തുകൂടി ഒരു സിമന്റ് കോട്ടിംഗ് കൂടി കൊടുത്തുകഴിഞ്ഞാൽ ഈ വെള്ളം വറ്റാതെ അതിവിടെ പിടിച്ചുനിർത്താൻ സാധിക്കും. അങ്ങനെ ഒരു സാധനം ചെയ്തു കഴിഞ്ഞാൽ സുരക്ഷിതമാണ്.

ഇനി കൂടുതൽ വേണ്ടവർക്ക് കൂടുതൽ കനത്തിലത് ചെയ്യാം. ചിലവ് കൂടുമെന്നേ ഉള്ളൂ. സാധാരണ ഗതിയിൽ മിനിമം ചെയ്യാൻ 100, 110 രൂപ സ്ക്വയർഫീറ്റിന് ചിലവ് വരും. കൊതുക് കയറാതിരിക്കാനുള്ള നെറ്റ് ഈ വീട്ടിൽ മൊത്തം അടിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥലത്ത് കൊതുക് വരുമ്പോൾ കൊതുക് വെള്ളത്തിൽ മുട്ടയിടുമ്പോൾ അത് മീൻ തിന്നും. പക്ഷേ അതുകഴിഞ്ഞാലും കൊതുക് വന്നുകൊണ്ടിരിക്കും. വീടിന്റെ മറുവശത്ത് മുഴുവൻ പച്ചക്കറി വച്ചു പിടിപ്പിച്ചിരിക്കുകയാണ്. പച്ചക്കറി ഇനത്തിൽപെട്ട മരങ്ങളും ചെടികളുമാണ് മൂന്നു വശത്തും.

മറ്റൊരു വശത്ത് വലിയൊരു മരം ഉണ്ടായിരുന്നു. അതേത് സമയത്തും വീടിന്റെ പുറത്തേയ്ക്ക് മറിഞ്ഞു വീഴാൻ പാകത്തിലാണ് നിന്നിരുന്നത്. മരുതാണ്. മരുതിനെ ഞങ്ങൾ മുറിച്ചു. അതു ഞാൻ നേരത്തെ കാണിച്ചിരുന്നു. നാൽപത്തഞ്ച് ഡിഗ്രി ചെരിച്ചാണ് മരങ്ങളെ മുറിക്കേണ്ടത് എന്നു പറഞ്ഞിട്ട്. ഇപ്പോ നിങ്ങളാ മരം ഒരു കണ്ടുനോക്കുക. അത് രണ്ടടി ഉള്ള കുറ്റി ആയിട്ട് നിറയെ ഇലയും പൂവുമായിട്ട് നിൽപ്പുണ്ട്. മറിഞ്ഞു വീണാലും നമുക്കൊന്നും പറ്റില്ല. വീടിനടുത്ത് മരം വയ്ക്കാമോ എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് അതാണ്. മരങ്ങൾ വീടിനടുത്ത് വയ്ക്കാം പക്ഷെ നമ്മളവനെ നിയന്ത്രിച്ചു നിർത്തണം.

ഇപ്പോൾ ആനയെ കൊണ്ടുവന്ന് വീടിനടുത്ത് കെട്ടാമോ എന്നു ചോദിച്ചാൽ കെട്ടാം. പക്ഷെ പ്രോപ്പർ ആയി ചങ്ങലയിട്ട് കെട്ടിയില്ല എങ്കിൽ അതിന് അറിയില്ല, അത് വീടിനകത്തേക്ക് ഇങ്ങ് കയറിയെന്നിരിക്കും. എന്നു പറഞ്ഞപോലെ ആണ് മരത്തിന്റെ അവസ്ഥ. മരം കാററടിച്ചാൽ മറിഞ്ഞു വീഴും അപ്പോൾ നമുക്ക് പരിക്കുണ്ടാകാത്ത തരത്തിൽ വച്ച് അതിന്റെ പൊക്കം അവസാനിപ്പിക്കുക എന്നതാണ്. അതല്ല മരത്തിന്റെ ഇലയോ ചില്ലയോ ഒന്നും ഞാൻ തൊടില്ല എന്ന തരത്തിലുള്ളവർ, അങ്ങനെയുള്ളവർ വീടിനടുത്ത് മരം വയ്ക്കാതിരിക്കുകയാണ് നല്ലത്.

രണ്ടുതരത്തിലുള്ള ആളുകൾ ഉണ്ട്. ചിലർ ഇതിനെ വളരെ ഇമോഷണലായി സ്നേഹിക്കും. മരം വീണ് വീട് പോകാനുള്ള സാധ്യതയുണ്ട്. ഞാൻ കുറച്ച് പ്രാക്ടിക്കൽ ആയ മരപ്രേമിയാണ്. മരമായാലും തലയ്ക്കു മുകളിൽ വന്നാൽ വെട്ടണം എന്ന അഭിപ്രായക്കാരനാണ്. അപ്പോ അതിനെ വെട്ടി നിർത്തണം എന്നതാണ്. എന്റെ സ്നേഹിതൻ അജിത്കുമാർ - അദ്ദേഹം ഐഎസ്ആർഒ യിലെ ഉദ്യോഗസ്ഥനാണ്. അദേഹം പറഞ്ഞ ഒരു ഐഡിയ ഞാനിവിടെ നടപ്പിലാക്കിയിട്ടുണ്ട്. നമ്മൾ സാധാരണ വീടിനകത്ത് ഫാൻ ഇട്ടിട്ട് ചൂട് പുറത്തേയ്ക്ക് കളയുകയാണ് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ രീതിയിൽ എക്സ്ഹോസ്റ്റ് ഫാനുകൾ വീട്ടിൽ തിരിച്ചു വയ്ക്കുക. എന്നിട്ട് പുറത്തുനിന്ന് തണുത്ത കാറ്റ് അകത്തേയ്ക്ക് കയറ്റുക.

അദ്ദേഹം പറയുന്നത് വൈകിട്ട് ആറുമണി ആകുമ്പോൾ തറയൊക്കെ നല്ല ചൂടായി നിൽക്കുകയാണ്. ഇവിടെ അമ്പതു ഡിഗ്രി കൂടുതലുണ്ടോ എന്ന് അറിയില്ല. എന്തായാലും 35 - 40 ഡിഗ്രിയിൽ കുറയില്ല. അവിടെയാക്കെ ചവിട്ടിയിട്ട് പൊള്ളുന്നുണ്ട്. അങ്ങനെ പുറം ചൂട് പിടിച്ച് നിൽക്കുന്ന സമയത്ത് അകത്ത് ചൂട് കുറേശ്ശേ കയറും. പക്ഷെ സന്ധ്യയാകുമ്പോൾ പുറത്തെ ചൂട് കുറയും. അകത്തെ ചുട് കുറയാൻ സമയമെടുക്കും. ആ സമയത്ത് അകത്തേയ്ക്ക് എക്സ്ഹോസ്റ്റ് ഫാന് വച്ച് കാറ്റടിച്ചു കഴിഞ്ഞാൽ അതിലൂടെ വരുന്ന കാറ്റ് അകം ഭാഗം പെട്ടെന്ന് തണുപ്പിക്കും. ഇവിടെ മൂന്ന് എക്സ്ഹോസ്റ്റ് ഫാൻ വച്ചിട്ടുണ്ട്. പുറത്ത് മരത്തിൽ നിന്നു തണുത്ത കാറ്റാണ് വരുന്നത് ഇത് അകത്തെ ചൂട് തണുപ്പിക്കും എന്നാണ്.

ഈ വീടിന്റ അകത്തെ കാര്യങ്ങൾ പറയുമ്പോൾ രണ്ടുകാര്യം പറയുന്നുണ്ട്. സ്റ്റോറേജ് സ്പെയ്സ് ആണ് വീടിനകത്ത് അത്യാവശ്യം വേണ്ടത്. ഭീത്തിയിലൊക്കെ തന്നെ പുസ്തകങ്ങളൊക്കെ വയ്ക്കാൻ സ്റ്റോറേജ് സ്പെയ്സ് പരമാവധി ഉണ്ടാക്കുകയാണെങ്കിൽ കുറെയധികം സ്ഥലം നമുക്ക് അങ്ങനെ ഉപയോഗിക്കാൻ കഴിയും. ഭിത്തികളെ ഷെൽഫ് ആക്കി മാറ്റുകയാണെങ്കിൽ - വീടിന് വളരെ വലുപ്പം ഉണ്ടെങ്കിൽ അത്തരം ഭിത്തികൾ വേണ്ട, പക്ഷെ ചെറിയ വീടാണെങ്കിൽ ഭിത്തിയിൽ തന്നെ ഈ സ്റ്റോറേജ് സംവിധാനം ചേർത്ത് പോകുന്നത് നന്നായിരിക്കും.

മറ്റൊരു കാര്യം അടുക്കളയാണ്. ഞാൻ കേരളത്തിന് പുറത്ത് ഡൽഹിയിൽ വീടിന്റെ അടുക്കള കാണുന്നത് 15-20 വർഷം മുൻപാണ്. ഫ്ലാറ്റുകളിലെ അടുക്കള കാണുമ്പോഴാണ് ഇത്രയും ചെറിയ സ്ഥലത്ത് അടുക്കളയുണ്ടാക്കാമെന്ന് മനസ്സിലാകുന്നത്. അപ്പോഴേക്കും നമ്മുടെ വീടിന്റെ ഡിസൈൻ പൂർത്തിയായി കഴിഞ്ഞിരുന്നു. ഇവിടെ ആ ചെറിയ അടുക്കള എന്ന മാതൃകയാണ് പരീക്ഷിക്കുന്നത്. അടുക്കളയിൽ നിൽക്കുന്ന ആളുകൾ വളരെ ദൂരം സഞ്ചരിക്കുന്നുണ്ട്. പക്ഷെ അതവർ അറിയുന്നില്ല. അത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ല. കൈ എത്തുന്ന ദൂരത്ത് എല്ലാം അടുക്കുകയാണെങ്കിൽ അതിനു പറ്റിയ ഒരു അടുക്കളയുടെ സ്ഥലമേ ആവശ്യമുള്ളൂ.

പണ്ടൊക്കെ നാലഞ്ച് പേർ അടുക്കളയിൽ ജോലി ചെയ്യും. ഇപ്പോൾ ഒരാൾതന്നെ കഷ്ടിച്ചാണ്. അര ആൾ ആണെന്നു വേണമെങ്കിൽ പറയാം. അങ്ങനെയാണെങ്കിൽ എന്തിനാണ് കൂടുതൽ സ്ഥലം അടുക്കളയ്ക്കായി ഒഴിച്ചിടുന്നത്. അതുമല്ല കൂടുതൽ കാര്യങ്ങളും യന്ത്രത്തിലാണ്. പണ്ടാണെങ്കിൽ വീട്ടിനകത്ത് നിന്നാണ് കിണറ്റിലെ വെള്ളം കോരുന്നത്. അരകല്ല് വീടിന്റെ ഒരു വശത്തായിരിക്കും. ആട്ടുകല്ല് വേറൊരു വശത്തുണ്ടായിരിക്കും. വിറകിടുന്ന അടുപ്പായിരിക്കും. അതിന് തന്നെ നല്ലൊരു ഏരിയ വേണം. ഇപ്പോഴതിന്റെയൊന്നും ആവശ്യമില്ല.

ഇപ്പോൾ വീടിന്റെ അടുക്കള പരമാവധി 50 സ്ക്വയർഫീറ്റ്.75,80 ഒക്കെ ഉണ്ടെങ്കിൽ നന്നായിട്ട് ഒരു അടുക്കള ഡിസൈൻ ചെയ്യാൻ പറ്റും. ഒരു സ്ക്വയർഫീറ്റിന് 3000 രൂപയാണ് ഇപ്പോൾ കൺസ്ട്രക്ഷൻ കോസ്റ്റ് വരുന്നത്. അപ്പോൾ നമ്മൾ 200 സ്ക്വയർഫീറ്റിൽ അടുക്കള ഉണ്ടാക്കുക എന്നു പറഞ്ഞാൽ അതിന്റെ ഇന്റീരിയർ ഡിസൈൻ കൂടിയാവുമ്പോൾ അതിനുമാത്രം പത്തുലക്ഷം രൂപ വരും. അത്രയും വിഭവങ്ങൾ വെറുതെയാക്കുക എന്നതും ശരിയായ ഒരുകാര്യമല്ല. അതുകൊണ്ട് ചെറിയൊരു അടുക്കളയായിരിക്കും ആ തരത്തിൽ ആലോചിക്കുന്ന ആളുകൾക്ക് അഭികാമ്യം. അതിന്റെ ഒരു മാതൃകയാണ് ഇവിടെ കാണിക്കുന്നത്.

ഇവിടെ നിന്നുള്ള വെള്ളം പുറത്ത് പോകാനായിട്ട് രണ്ട് തരത്തിലാണ് ചെയ്തിരിക്കുന്നത്. ടോയിലറ്റ് വാട്ടർ സെപ്റ്റിക് ടാങ്കിലേയ്ക്കാണ് പോകുന്നത്. അതല്ലാതെ അടുക്കളയിൽ നിന്നും പിന്നെ കുളിക്കുന്ന വെള്ളത്തിനും നമ്മൾ ഒരു ഫ്ലോട്ടിംഗ് ഐലന്റ് പോലെ ഉണ്ടാക്കിയിരിക്കുകയാണ്. ഫൈബർ ടാങ്കിലാണ് ഈ ഫോളോട്ടിംഗ് ഐലന്റ് നിൽക്കുന്നത്. ആ ചെടികളുടെയെല്ലാം വേര് വെള്ളത്തിനകത്താണ്. ഈ മലിനജലം അതിൽ ചെന്നാലുടൻ തന്നെ അതിലെ മാലിന്യം ആ ചെടികൾ വലിച്ചെടുക്കും. പ്രധാനമായിട്ടും കാനവാഴയൊക്കെ ആണ്. കാനവാഴ/ കാനലില്ലി എന്നു പറയുന്ന ചെടി സോപ്പ് വലിച്ചെടുക്കുന്ന ചെടിയാണ്. വെള്ളത്തിൽ സോപ്പിന്റെ അംശം ഉണ്ടെങ്കിൽ അത് വലിച്ചെടുക്കും. അതിനെ അവിടെ വച്ചിരിക്കുകയാണ്. അതങ്ങോട്ട് പോകും.

അതിന്റെ പുറകിൽ എന്റെ പശുക്കൂടാണ്. നാടൻ പശുക്കളെ കുറച്ചെണ്ണം ഞങ്ങളിവിടെ വളർത്തുണ്ട്. ചാണകത്തിനൊക്കെ ആയിട്ട്. അതിന്റെ തൊട്ടുപുറകിൽ ആടിൻകൂടാണ്. ആടു നിൽക്കുന്നു. ഇവിടെ സൈഡിൽ രണ്ടു രാജപാളയം പട്ടിക്കുഞ്ഞുങ്ങളെ അടുത്തയിടെ സംഘടിപ്പിച്ചു. അത് ഞാനിവിടെ വന്നശേഷം സംഘടിപ്പിച്ചതാണ്. രാത്രി ഇവിടെ നടക്കുമ്പോൾ പാമ്പുപോലുള്ള സാധനങ്ങൾ ഉള്ളതുകൊണ്ട് ഒരു മുൻകരുതൽ എന്ന നിലയ്ക്ക് വടി കുത്തി നടക്കുകയാണ് ചെയ്യുന്നത്.

ഇവിടെ ഇഷ്ടം പോലെ ദ്വാരങ്ങളുണ്ട് മതിലിന്. അതുകൊണ്ട് ഒരു പാമ്പും വെളിയിലേയ്ക്ക് വരാറില്ല. അത് ഭക്ഷണമൊക്കെ കഴിച്ച് അവിടെയിരിക്കും. ഞാനിന്നുവരെ ഈ അടുത്തയിടയ്ക്കൊന്നും ഇവിടെ പാമ്പിനെ കണ്ടിട്ടില്ല. എന്നാൽ സിറ്റിയിൽ ഒരു സുഹൃത്ത് ഈയിടെ വീടിനകത്ത് പാമ്പിനെ കണ്ടു എന്നുപറഞ്ഞു. ഇവിടെ വാഷിംഗ് മെഷീൻ പുറത്താണ് വെച്ചിരിക്കുന്നത്. ഈ കുന്നിന്റെ മുകളിൽ നിന്നൊരുത്തൻ വാഷിംഗ് മെഷീൻ ചുമന്ന് കൊണ്ട് പോകുകയാണെങ്കിൽ മെഷീന്റെ വില അവന്റെ ചുമട്ടു കൂലിയേ ആകുന്നുള്ളൂ. അത്രയും മിനക്കെട്ട് ആരെങ്കിലും കൊണ്ടു പോകുകയാണെങ്കിൽ കൊണ്ടുപോകട്ടെ എന്ന തരത്തിലാണ് പുറത്തു വച്ചിരിക്കുന്നത്. സിറ്റിയെ അപേക്ഷിച്ച് ഇവിടെ സർവെയ്ലൻസ് ക്യാമറ വയ്ക്കുകയാണെങ്കിൽ മരത്തിനിടയിൽ വയ്ക്കുകയാണെങ്കിൽ എവിടെയൊക്കെയാണ് ക്യാമറ എന്ന് കള്ളന് കണ്ടുപിടിക്കാൻ മൂന്നു ദിവസത്തെ ജോലി അതിന് വേണ്ടി വരും. അതോടൊപ്പം തന്നെ വീടുകളിൽനിന്ന് ഹാർഡ് ഡിസ്ക് ആളുകൾ അടിച്ചോണ്ട് പോകും. ചുറ്റും കാടു വയ്ക്കുകയാണെങ്കിൽ നിങ്ങളിത് നേരെ സെർവ്വറിലേയ്ക്ക് കൊടുത്താൽ മതി. ക്യാമറ ആരും കാണുകയുമില്ല, വിഷ്വലിലുള്ളത് അപ്പപ്പോൾ സെർവ്വറിലേയ്ക്ക് അപ്ലോഡ് ആകുകയും ചെയ്യും.

ഈ കാടിന്റെ നടുക്ക് താമസിക്കുകയാണ് കൂടതലും സുരക്ഷിതം. ഞാനത് പറയാൻ കാരണം പലരും എന്നോട് ചോദിച്ചത് കാടിന്റെ നടുക്ക് താമസിക്കുന്നത് റിസ്കല്ലെ എന്നാണ്. കാടിന്റെ നടുക്ക് താമസിക്കുന്നത് ഒട്ടും റിസ്കല്ല. ഓപ്പൺ എയറിൽ താമസിക്കുന്നതാണ് കൂടുതൽ റിസ്ക് എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ വെളിച്ചത്തിന് ഈ വീട് നമ്മൾ സോളാർ പാനൽ ആയിട്ട് കണക്ട് ചെയ്തിരിക്കുകയാണ്. സോളാർ പാനൽ ഇപ്പോ ഫംഗ്ഷൻ ആയില്ല, അയൽ വീടിനാവശ്യമായ കറന്റ് കൂടുതലും അതിൽനിന്ന് കിട്ടും.

മഴവെള്ളം സംഭരിക്കുന്നുണ്ട്. ഇത് 20 സെന്റ് സ്ഥലമുണ്ട്, 34 സെന്റാണ് ഈ വീടിരിക്കുന്ന ഭാഗം. 34 സെന്റ് എന്നു പറഞ്ഞാൽ ഏകദേശം 15000 സ്ക്വയർഫീറ്റിന് അടുത്ത് വരും. ആയിരം സ്ക്വയർഫീറ്റിൽ 3 ലക്ഷം ലിറ്റർ വെള്ളം വീഴുന്നുവെന്നാണ് കേരളത്തിന്റെ കണക്ക്. ഇത് പൊങ്ങിയിരിക്കുന്ന സ്ഥലമാണ്. കുറേ പുറത്തുപോകും. കഴിയുന്നതും വെള്ളം ഇതിനകത്തു നിന്ന് താഴാനുള്ള സംവിധാനം അവിടവിടായി ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് മണ്ണിലെ വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കും. മഴവെള്ളം ശേഖരിക്കുന്നുമുണ്ട്.

ഇവിടെ ഇരുന്നാലുള്ള പ്രയോജനം ചോദിച്ചാൽ കുറച്ചൊക്കെ നമ്മൾ ഫിലോസഫിക്കലായിപ്പോകും. സാധാരണ നമ്മൾ പ്രകൃതിയിൽ ശ്രദ്ധിക്കാത്ത പലതും ഇവിടെ വരാന്തയിലിരുന്ന് ശ്രദ്ധിക്കാൻ പറ്റും. പക്ഷികൾക്കും, അണ്ണാനും ഭക്ഷണം കൊടുക്കാനായി രണ്ട് സാധനങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. കാക്ക വന്ന് എടുത്തുകൊണ്ട് പോകും. അങ്ങനെ പോകാതിരിക്കാൻ ബാലൻ മാധവൻ എന്നൊരു ഫോട്ടോഗ്രാഫർ പറഞ്ഞു തന്നതാണ്. മുളന്തണ്ടിൽ ഇത് കെട്ടിതൂക്കിയിരിക്കുകയാണ്. അത് കണ്ടമാനം ആടുന്നതു കൊണ്ട് കാക്കയെപ്പോലെയുള്ള വലിയ പക്ഷികൾ ഇട്ടേച്ചു പോകും. അണ്ണാനും ഓലഞ്ഞാലിയ്ക്കുമെല്ലാം അതിൽ ബാലൻസ് ചെയ്തിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റും. അപ്പോൾ അവർ അവിടെ വന്നിരുന്ന് ഭക്ഷണം കഴിച്ചോളും. കാക്കയ്ക്ക് ഞാൻ അപ്പുറം വേറെ കൊടുക്കുന്നുണ്ട്.

ഇവിടെയിരുന്ന് പുറത്തേയ്ക്ക് നോക്കുമ്പോൾ ഉളള കാഴ്ചകൾ രസമാണ്. രാവിലെ 4-5 മണിക്കൊക്കെ എഴുന്നേറ്റ് ഇരിക്കുകയാണെങ്കിൽ ചെമ്പരത്തി പൂവ് വിരിഞ്ഞുവരുന്നത് കാണാം. മിനിഞ്ഞാന്ന് ഒരു കാഴ്ച ഒരു എട്ടുകാലി വന്നിട്ട് ലൈറ്റിന്റെ കീഴെ വല കെട്ടുകയാണ്. രണ്ടു മണിക്കൂർ എടുത്തു വല തീർക്കാൻ. വളരെ കലാപരമായി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാം കഴിഞ്ഞപ്പോൾ ഒരു മഴ വന്നു, ഇവന്റെ വല രണ്ടു മിനിട്ടു കൊണ്ട് ഇല്ലാതായി. ഇനിയവൻ ഭക്ഷണം വേണമെങ്കിൽ വീണ്ടും കെട്ടണം. അതൊക്കെ ഇവിടെ ഇരുന്ന് കാണാം.

പ്രകൃതിയെക്കുറിച്ച് സാധാരണ കാണാത്ത കാഴ്ചകൾ ഇവിടെ ഇരുന്നാൽ കാണാൻ പറ്റും. അതൊക്കെ കാണാൻ താത്പര്യം ഉണ്ടെങ്കിൽ വീടിന് അധികം പൈസ മുടക്കാതെ മരത്തിലും ചെടിയിലും പൈസ മുടക്കിയിട്ട് കുറച്ച് വിലകുറഞ്ഞ സ്ഥലം നോക്കി - വലിയ വിലയ്ക്ക് സ്ഥലം വാങ്ങാൻ എല്ലാർക്കും പറ്റില്ലല്ലോ - അങ്ങോട്ടൊക്കെ മാറി, കുന്നൊക്കെ കയറണം അത് ആരോഗ്യത്തിന് നല്ലതാണ് എന്നു വിചാരിക്കുക. എന്നിട്ട് ചെറിയ വീട് വച്ച്, കൂടുതൽ സ്ഥലം പുറത്ത്. ലിവിംഗ് റൂം തന്നെ വേണ്ടാന്നു വയ്ക്കുക. ലിവിംഗ് സ്പെയ്സ് ആക്കുക. അത് വീടിന് പുറത്താക്കുക. അങ്ങനെ ചെയ്താൽ കൊള്ളാം. അങ്ങനെ ചെയ്യാൻ താത്പര്യമുള്ളവർക്കാണ് ഈ മോഡൽ, എല്ലാവരും ചെയ്യണം എന്നല്ല. ഇത് താത്പര്യമുള്ളവർക്ക് ഈ മോഡൽ ചെയ്യാം.