ഇത് ക്രൗഡ് ഫോറസ്റ്റിങ്ങ് വീഡിയോയുടെ നൂറാമത്തെ എപ്പിസോഡാണ്. ഇത് നൂറ് എപ്പിസോഡ് വരെയൊന്നും പോവുമെന്ന് വിചാരിച്ചല്ല തുടങ്ങിയത്. ഇതുകൊണ്ട് കുറേയധികം ഗുണം എനിക്കുണ്ടായി, കാരണം ഞാൻ ചെയ്യുന്ന പല കാര്യങ്ങളെക്കുറിച്ചും പറയുമ്പോൾ ആളുകൾ അവർ ചെയ്ത് പരീക്ഷിച്ചപ്പോൾ അവർക്കുണ്ടായ ഫലവും അവരുടെ അനുഭവങ്ങളും മെസേജിലൂടെ അറിയിക്കുന്നുണ്ട്.

അടുത്തയിടക്ക് ജിഗർ ചൗധരി എന്നൊരാൾ, അദ്ദേഹം നമ്മുടെ വീഡിയോ കാണുന്നൊരാളാണ്, കുടുതൽ അറിയില്ല. യൂട്യൂബിൽ കമന്റായിട്ടാണ് ആ പേര് വന്നത്. അദ്ദേഹം പറഞ്ഞൊരു കാര്യം എന്തുകൊണ്ടൊരു ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിക്കൂടാ, വാട്സാപ്പ് ആവുമ്പോൾ 250 പേരേ പറ്റുകയുളളു. ടെലഗ്രാം ആവുമ്പോൾ അതിന് പരിധിയില്ല. അപ്പോൾ ക്രൗഡ് ഫോറസ്റ്റിങ്ങിനൊരു ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയാൽ ലോകത്തിന്റെ പല ഭാഗത്തുളള കാടുവെക്കണമെന്ന് താത്പര്യമുളള ആളുകൾക്ക് അവരുടെ പുതിയ ആശയങ്ങൾ പരസ്പരം പങ്കുവെക്കാൻ പറ്റുമല്ലോ എന്നദ്ദേഹം പറഞ്ഞു.

എനിക്കതൊരു നല്ല ആശയമായി തോന്നി. രണ്ടു കാരണങ്ങളാണ്. ഒന്ന്, മൂന്നാല് വർഷം മുമ്പ് എന്റെ പറമ്പിൽ ശക്തിയായി വളർന്നു നിന്നിരുന്ന ഒരു മഞ്ചാടിമരം വെട്ടി. ചുറ്റും വേറൊരു മരത്തിനും വളരാൻ വയ്യാത്ത വിധത്തിൽ അതിങ്ങനെ വളരുകയാണ്. വെട്ടിക്കളഞ്ഞപ്പോൾ വേനൽക്കാലമായിട്ടും അതിന്റെ ചുവട്ടിൽനിന്ന് നന്നായിട്ട് മുളവന്നു. ചില്ലകളൊക്കെ ഭംഗിയായി മേലോട്ടുവന്നു നിക്കാൻ തുടങ്ങി. ഈ പറമ്പിൽ കുറേക്കാലമായി ചെയ്യുന്ന ജലസംരക്ഷണത്തിന്റെ ഗുണമായിട്ടാണ് ഇതിങ്ങനെ വന്നതെന്ന് ഞാനോർത്തു. അതുപോലെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇതിന്റെ ചിത്രത്തോടു കൂടി ഇട്ടു. ദാ ഞങ്ങളുടെ പറമ്പിൽ വെട്ടിയ മരം കിളിർക്കുന്നു, അത് മണ്ണിൽ വെളളത്തിന്റെ അളവിൽ വന്ന വർദ്ധനവ് കൊണ്ടാണെന്ന് എഴുതിയിരുന്നു. ഇതുകണ്ട ഒരാൾ, അദ്ദേഹത്തിന്റെ പേര് മറന്നുപോയി, കൃത്യമായി മറുപടി എഴുതി: നിങ്ങൾ പറയുന്നത് തെറ്റാണ്. വേനൽക്കാലത്ത് എവിടെ, ഏതുമരം വെട്ടിയാലും സാധരണഗതിയിൽ അതിന് വളരെപ്പെട്ടെന്ന് മുള വരും. കാരണം അത് ചെടിയുടെ അതിജീവനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം തിരുത്തി.

അങ്ങനൊരു തിരുത്തൽ വന്നപ്പോഴാണ് ഞാനീ ചെയ്യുന്ന കാര്യങ്ങൾ യൂട്യൂബിലോ ഏതെങ്കിലും മാധ്യമത്തിലൂടെ അറിയിച്ചുകൊണ്ടിരുന്നാൽ ആളുകളിൽ പലരും അവർക്കറിയാവുന്ന കാര്യങ്ങൾ ഇങ്ങോട്ടും പറഞ്ഞുതരുമെന്ന് വിചാരിച്ചിട്ടാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഈ കമന്റുകളെല്ലാം ഞാൻ വായിക്കാറുണ്ട്. അതിനു മറുപടി എഴുതുന്നത് പലപ്പോഴും താമസിച്ചാണെങ്കിലും എല്ലാ കമന്റുകളും കാണാറുണ്ട്. മിക്കവാറും എല്ലാത്തിനുമൊക്കെ പ്രതികരിക്കാറുമുണ്ട്. അതിനിടയ്ക്കാണ് ഇങ്ങനൊരു നിർദേശം വന്നത്.

വേറൊന്ന്, സനൽ എന്നൊരാൾ, അദ്ദേഹം യു.എസ്സിൽ നിന്ന് ഈയൊരു പരിപാടി കാണുന്ന ആളാണ്. അവിടെ കാടുവളർത്തലിന്റെ ടെക്നിക്കുകളും പരീക്ഷിക്കുന്ന ഒരാളാണ്. അങ്ങനെ കുറച്ചുപേരുണ്ട്, വിദേശത്ത് ഇത് പരീക്ഷിക്കുകയും അതിന്റെ വീഡിയോകൾ അയക്കുകയുമൊക്കെ ചെയ്യുന്നവർ. സനൽ ചെയ്യുന്ന കുറേ കാര്യങ്ങളും കണ്ട കാര്യങ്ങളുമൊക്കെ നമ്മുടെ അറിവിൽപ്പെടുത്താൻ വീഡിയോകൾ അയച്ചുതരാറുണ്ട്. ആ വീഡിയോകൾ കൂടി കിട്ടിയപ്പോഴാണ് ഇവിടെയുളള ആളുകൾക്കും ഈ വീഡിയോ എത്തിച്ചുകൊടുക്കാൻ ഒരു മാർഗം കൂടിയാവും. അദ്ദേഹത്തെപോലെ ഇത്തരം വീഡിയോകൾ അയക്കാനും അവർക്ക് കിട്ടുന്ന വിവരങ്ങൾ മറ്റുളളവരുമായി പങ്കുവെക്കാനും സന്നദ്ധതയുളള ഒരുപാടുപേര് കാണും. നമ്മളെ സംബന്ധിച്ചിടത്തോളം ഒരുപാട് പുതിയ അറിവുകൾ കിട്ടും. അത് ആളുകളുമായി പങ്കുവെക്കുന്നതിലുളള താമസം ഒഴിവാക്കാം. അതുകൊണ്ടൊരു ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കാമെന്നുളള ഒരു തീരുമാനത്തിലെത്തി. ഇപ്പോള് നമ്മള് ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കുകയാണ്. ഉണ്ടാക്കി സത്യത്തിൽ. 6282903190 ഇതാണ് ആ ടെലഗ്രാം ഗ്രൂപ്പിന്റെ നമ്പർ. ഇതിലേക്ക് മെസേജ് അയച്ചാൽ അതിന്റെ അഡ്മിൻ ആയിരിക്കുന്ന ആൾ തീർച്ചയായും അതിൽ ചേർക്കും. നിങ്ങളുടെ സന്ദേശങ്ങൾ അയക്കാൻ പറ്റും. പുതിയ കാര്യങ്ങൾ അറിയിക്കാൻ പറ്റും. എനിക്കു കിട്ടുന്ന കാര്യങ്ങൾ ഞാനും അങ്ങോട്ടിടാം. അപ്പോൾ നമുക്ക് വളരെ പെട്ടന്ന് കാര്യങ്ങൾ ചെയ്യാൻ പറ്റും.

ഇതിനൊരു പ്രചോദനമായത് കഴിഞ്ഞ വീഡിയോക്കു കിട്ടിയ പ്രതികരണമാണ്. കഴിഞ്ഞ ആഴ്ച്ചയിലെ വീഡിയോ നമ്മൾ പക്ഷികൾക്ക് ഭക്ഷണമായി ബ്രഡും മറ്റും കൊടുക്കുന്നതിനെ കുറിച്ചായിരുന്നു. അതിന് പല ആളുകളും പറഞ്ഞു, നമ്മൾ ബേക്കറിപലഹാരം കൊടുത്തു കുട്ടികളെ ഒരു വഴിക്കാക്കി. ഇനി പക്ഷികളെ കൂടി ഒരു പരുവമാക്കണോ എന്ന്. സത്യമാണാ ചോദ്യം. നമ്മുടെ ഇവിടെ പക്ഷികൾക്ക് കഴിക്കാനുളള ധാരാളം പഴങ്ങൾ - പപ്പായ , ഇലഞ്ഞി, കിളിഞാവൽ ഇങ്ങനെ കായുണ്ടാകുന്ന ഒരുപാട് മരങ്ങളിവിടെ ഉണ്ട്. എങ്കിലും ഈ പക്ഷികളൊക്കെ പട്ടിണിയാണ്. രാവിലെ 6 മണി ആകുമ്പോൾ അണ്ണാനൊക്കെ ഓടിവന്നു ബഹളം തുടങ്ങും. പ്രധാനമായും അണ്ണാനും ഓലേഞ്ഞാലിയുമാണ് ഇവിടെ വരുന്നത്. മറ്റുപക്ഷികളൊക്കെ മരത്തിനു മുകളിൽനിന്നുതന്നെ കഴിച്ചിട്ടു പോകും. അപ്പോൾ പക്ഷികൾക്കുളള പ്രശ്നം ഇവർക്ക് ഭക്ഷണം കിട്ടുന്നില്ല എന്നുളളതായിരിക്കണം. അല്ലെങ്കിൽ ഇവിടെ വന്നു കഴിക്കേണ്ട കാര്യമില്ലല്ലോ.

അഞ്ചാറു വർഷം മുമ്പ് മൂന്നാറിൽ നിന്നെടുത്ത ഒരു പടമുണ്ടായിരുന്നു ആന ചായക്കടയിൽ വന്ന് വട മോഷ്ടിക്കുന്നതായി. ഇന്നലെ വനം വകുപ്പിലെ ഒരുദ്യോഗസ്ഥനമുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു പലയിടത്തും ആനയും മറ്റും നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കാൻ കാരണം നീർച്ചാലുകൾ വറ്റുന്നതാണ്. കാട്ടിൽത്തന്നെ പലയിടത്തും മരങ്ങൾ വെട്ടിമാറ്റുകയും കാട്ടുതീ വരികയും പലസ്ഥലത്തും അധിനിവേശ സസ്യങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യുമ്പോൾ അവിടെ സ്വാഭാവികമായി ഉണ്ടായിരുന്ന നീർച്ചാലുകൾ അടയുകയാണ്. വെളളം കിട്ടാതെ വരുമ്പോൾ ഇതിനറിയില്ല എങ്ങോട്ടാണ് പോകേണ്ടതെന്ന്. സ്വാഭാവികമായും അതിനടുത്ത സ്ഥലത്തേക്കുവരും. അല്ലാതെ കൃഷി നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ അല്ല വരുന്നത്. പക്ഷെ ഫലത്തിൽ സംഭവിക്കുന്നത് കൃഷിക്കും മനുഷ്യജീവനും ഭീഷണിയാവുകയാണ്. പക്ഷികൾക്കും മൃഗങ്ങൾക്കും പ്രകൃതിയിൽതന്നെ ഭക്ഷണം കണ്ടെത്താനുളള മാർഗം നമ്മൾകൂടി എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കുക എന്നുളളതാണ്.

ഒരു കഥകൂടി പറഞ്ഞുനിർത്താം. കുറച്ചുനാൾ മുമ്പ് ഞാൻ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ ഒരു മിയാവാക്കിവനം വെക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ പോയി. അപ്പോൾ അവിടത്തെ പ്രധാനപ്പെട്ട ആളുപറഞ്ഞ ഒരു കഥ, അതിന്റെ സ്ഥാപകൻ വേളിമല എന്ന സ്ഥലത്ത് 300 ഏക്കർ സ്ഥലം വാങ്ങിച്ചൊരു കാമ്പസ് തുടങ്ങി. അത് തുടങ്ങാൻ ചെന്നപ്പോൾ അവിടെ മുഴുവൻ കുരങ്ങന്മാരുടെ ശല്യമാണ്. അവടെ ഉളള ആളുകൾ പറഞ്ഞു നാടൻ തോക്കുകളും എയർ ഗണ്ണുകളും വേണം, അതുകൊണ്ട് വെടിവെച്ചാൽ അതിനു വലിയ പരിക്കൊന്നും പറ്റില്ല, പക്ഷേ അതുപിന്നെ വരില്ല എന്നു പറഞ്ഞു. അദ്ദേഹം ഒരു ദിവസം കാത്തിരിക്കാൻ പറഞ്ഞു. പിറ്റേദിവസം അദ്ദേഹം ഇവരെ വിളിച്ചുപറഞ്ഞു. വെടിവെക്കണ്ട, സ്ഥലത്തിന്റെ പല ഭാഗത്തായിട്ട് ശർക്കരയും ചോറുംകൂടി വേവിച്ചത് വെച്ചുകൊടുക്കാൻ പറഞ്ഞു. അങ്ങനെ വെച്ചുകൊടുക്കാൻ തുടങ്ങി. ഇപ്പോൾ കുട്ടികളേക്കാൾ കൂടുതൽ കുരങ്ങന്മാർ ആ ക്യാമ്പസിലുണ്ട്. പക്ഷെ ഭക്ഷണം കിട്ടുന്നതുകൊണ്ട് മറ്റു നാശമൊന്നും ചെയ്യുന്നില്ല എന്നാണ് പറയുന്നത്. ശരിയായിരിക്കാം. അങ്ങനെ ഒരു ബദൽ സംവിധാനം കൂടി നമ്മൾ ആലോചിക്കണം എന്നൊരഭിപ്രായമുണ്ട്. അതിനോട് വിയോജിക്കുന്നവരും യോജിക്കുന്നവരുമുണ്ടാകാം. എന്തായാലും ഒരു ചർച്ചക്കായി ഇത് പരിഗണിക്കാവുന്ന മാതൃക ആണെന്നു പറയുന്നു.

അപ്പോൾ എല്ലാവരും എത്രയും പെട്ടെന്ന് ടെലഗ്രാം ഗ്രൂപ്പിൽ ചേരാൻ നോക്കണം. കഴിയുന്നത്ര ആളുകളോട് ടെലഗ്രാം നമ്പർ പങ്കുവെക്കുകയും വേണം.