എന്നോട് കഴിഞ്ഞ കുറേ തവണയായി പലരും ചോദിക്കാറുണ്ട് - ഒരേക്കർ സ്ഥലത്ത് കാട് വെയ്ക്കാൻ എന്തു ചെയ്യണം – അല്ലെങ്കിൽ മൂന്ന് ഏക്കറിൽ, പത്തേക്കറിൽ. ഇതിനു മറുപടിയായി കാടു വെയ്ക്കാം എന്നല്ലാതെ കൃത്യമായ ഉത്തരം ഞാൻ പറയാറില്ല. ഈ ചോദ്യം കേൾക്കുമ്പോൾ ആദ്യം എനിക്കുണ്ടാകുന്ന വികാരം – ഇവർ ഇതിന്റെ ചിലവിനെ കുറിച്ച് കേട്ടിട്ടില്ലേ? കാരണം ഒരു സെന്റിൽ കാട് വയ്ക്കാനായി സർക്കാർ തലത്തിൽ ചെയ്യുമ്പോൾ പോലും ഒരു ലക്ഷത്തിയറുപതിനായിരം  രൂപയാണ് ഞങ്ങൾക്കു ചിലവാകുന്നത്. ഒരേക്കർ വരുമ്പോൾ ചിലവ് കുറയും. കാരണം അവിടെ വല പോലുള്ള സാധനം കുറയും, ഒരുമിച്ചു ചെയ്യുന്നതിന്റെ കുറച്ച് കുറവ് വരും, ഭൂമിയുടെ ഘടന അനുസരിച്ചും ചിലവിൽ കുറവ് വരും, സാധനങ്ങൾ കിട്ടാനുള്ള ലഭ്യത, അങ്ങനെ കുറെ കാര്യങ്ങളുണ്ട്. പിന്നെ കുന്നിൻപുറത്താണെങ്കിൽ ചിലവ് കൂടും. എത്ര കുറഞ്ഞാലും, നല്ല രീതിയിൽ വയ്ക്കണമെങ്കിൽ ഒരു ലക്ഷം രൂപ അടുപ്പിച്ച് ഇതിന് ചിലവ് വരും. അപ്പോൾ ഒരേക്കറിൽ കാട് വയ്ക്കാൻ ഒരു കോടി രൂപ ചിലവ് വരും - ഏറ്റവും കുറഞ്ഞ ചിലവ്. അതായത്, നമ്മൾ സ്വന്തമായിട്ട് സാധനങ്ങൾ സമാഹരിച്ച ശേഷം ഉള്ള ചിലവ്. അപ്പോൾ എങ്ങനെ ഒരേക്കറിൽ കാട് വയ്ക്കും. അതിനുള്ള മാർഗ്ഗത്തെക്കുറിച്ച് ഞാൻ ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു.

ഇത് പെട്ടെന്ന് പറയാനുള്ള കാരണം മിഥുൻ എന്നു പറയുന്ന വിദ്യാർത്ഥിയാണ്, നേരത്തെ അദ്ദേഹത്തെക്കുറിച്ച് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. ഓപ്റ്റോ ഇലക്ട്രോണിക്സിൽ എം ടെക് കാരനായ മിഥുൻ സ്വന്തമായി കംപോസ്റ്റ് ഉണ്ടാക്കി കാട് വെച്ചു. ചിലവ് കുറച്ച്, കാൽ സെന്റിന് 20000 രൂപ, അതായത് ഒരു സെന്റിന് 80000 രൂപയ്ക്ക് കാട് വെയ്ക്കാമെന്ന് സ്വന്തം വീട്ടിൽ ചെയ്തു കാണിച്ചു. മിഥുൻ ഇപ്പോൾ ഫോട്ടോണിക്സിൽ ജോലി കിട്ടി ഒരു മൾട്ടിനാഷണൽ കമ്പനിയിൽ പ്രവേശിച്ചു. പക്ഷെ ഇപ്പോൾ കോവിഡ് ആയതിനാൽ അദ്ദേഹം work from home ആണ്. അപ്പോൾ ഇടയ്ക്ക് പുറത്ത് ഇറങ്ങുമ്പോൾ അദ്ദേഹം ഈ കാട്ടിലുണ്ടാകുന്ന ചെടികളും അതിന്റെ മാറ്റങ്ങളും ചില രസമുള്ള സംഗതികളും ശ്രദ്ധിക്കാറുണ്ട്. മാങ്കോസ്റ്റീൻ എന്നു പറയുന്ന ചെടിയിൽ സാധാരണ 6 മാസം കൂടുമ്പോഴാണ് പുതിയ ഇല വരുക. പക്ഷെ മിഥുന്റെ മിയാവാക്കി തോട്ടത്തിൽ അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ, അതിന് 3 മാസം കൂടുമ്പോൾ തളിര് വരും. 6 മാസത്തിനിടയ്ക്ക് 3 തവണ അതിന് തളിര് വന്നു എന്നദ്ദേഹം പറഞ്ഞു. അത്രയും സൂക്ഷ്മമായി ഞാൻ നിരീക്ഷിക്കാറില്ല. ഒരു പക്ഷെ മിഥുൻ ഒരു ശാസ്ത്രജ്ഞനാകാൻ പരിശീലിപ്പിക്കപ്പെട്ടതു കൊണ്ടാകും വളരെ കൃത്യമായി നോക്കുന്നുണ്ട്. അങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞു. അത് അദ്ദേഹത്തിന്റെ തോട്ടത്തിൽ തന്നെ പോയി റിക്കോഡ് ചെയ്യ്ത് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരാം. ഞങ്ങൾ പ്രധാനമായും സംസാരിച്ചതിന്റെ ചുരുക്കം ഇതാണ് - എങ്ങനെയാണ് നമുക്ക് ചിലവ് കുറച്ച് ഒരേക്കറിൽ കാട് ചെയ്യാൻ സാധിക്കുന്നത്?

ഇന്നലെ ഞായറാഴ്ച, ഞാൻ ഈ പറമ്പു വഴി നടന്നു, ഇവിടെയൊക്കെ കണ്ടു. അതിന്റെ ഒരു ചുരുക്കമായിട്ട്, കുറച്ചു കാര്യങ്ങൾ പറയാം. ഒരേക്കർ സ്ഥലത്ത് പൂർണ്ണമായിട്ട് കാട് വയ്ക്കുന്നത് പ്രായോഗികമല്ല. ഇത്രയും അധികം പൈസ മുടക്കി നമുക്ക് ഒരേക്കറിൽ കാട് വയ്ക്കാനൊക്കുകയില്ല. ചെയ്യാവുന്നത് ഒരേക്കറിന് ചുറ്റും അതിർത്തി പോലെ 2 മീറ്റർ വീതിയിൽ അല്ലെങ്കിൽ 4-3 മീറ്റർ വീതിയിൽ നമുക്ക് കാട് വയ്ക്കാം. 2 മീറ്റർ വീതിയിൽ കാട് വയ്ക്കുകയാണെങ്കിൽ 20 ശതമാനം സ്ഥലം കാടായി മാറ്റേണ്ടി വരും. ബാക്കി 80 ശതമാനം മറ്റു തരത്തിൽ ഉപയോഗിക്കാം. ഇതിനു ചുറ്റും നടക്കാം. ഇതിൽ പക്ഷികളും മറ്റും വരും, കായകളും ഫലങ്ങളും ഉണ്ടാകും. അങ്ങനെ പറമ്പിന് ചുറ്റും വേലി വരുമ്പോൾ നമ്മുടെ ചൂട് നന്നായി കുറയാനുള്ള സാധ്യത ഉണ്ട്. ഇങ്ങനെ 2 മീറ്ററിൽ നാം വയ്ക്കുന്ന ഹരിത വേലി വളർന്ന് 10 അടി മുകളിലെത്തുമ്പോൾ അതിൽ ധാരാളമായി പക്ഷികൾ വന്നു തുടങ്ങും. പ്രത്യേകിച്ച് കായകൾ ഉണ്ടാകുമ്പോൾ, ഈ പക്ഷികൾ വിത്ത് പലയിടത്തും കൊണ്ടു പോയി ഇടും.

ഇവിടെ ഈ ഭാഗത്തെങ്ങും ഇല്ലാത്ത ചെടി ആണ് കുളമാവ്, അത് മുകളിൽ കിളിർത്തു വരുന്നുണ്ട്. കുളമാവ് ആണെന്നാണ് എന്റെ വിശ്വാസം. ഇല മണത്തപ്പോൾ അങ്ങെനെ തോന്നുന്നു. എന്തായാലും അപൂർവ്വയിനം ചെടി ആണ്. ഇവിടെ വേറെയെങ്ങും അത് കണ്ടിട്ടില്ല. മിയാവാക്കി കാടിനടുത്തായി രണ്ട് ചെടികൾ കിളിർത്തു വരുന്നുണ്ട്. ഇത്തരത്തിൽ ചെടികൾ കിളിർക്കുന്നത് പക്ഷികൾ വിത്തു കൊണ്ടു വന്നിട്ടാണ്. ഇതിന് വേറെ ഒരു കാര്യം കൂടി ഉണ്ട്. ഇവിടെ പാഷൻ ഫ്രൂട്ടിന്റെ വള്ളി രണ്ടോ മൂന്നോ മരത്തിലായി പടർത്തി ഇട്ടിരുന്നു. സംഭവിച്ചത് എന്താണെന്ന് വച്ചാൽ ഒരുപാട് സ്ഥലത്ത് പാഷൻ ഫ്രൂട്ട് ചെടികൾ ഉണ്ടാകുകയും, മഴക്കാലത്ത് ആ ചെടികൾ ഇളക്കി മറ്റു പല മരത്തിനു ചുവട്ടിൽ വയ്ക്കുകയും ചെയ്തു. ഇതിൽ നിന്ന് കായ് കിട്ടുന്നോ എന്നു ചോദിച്ചാൽ, ഇത് തുടങ്ങുന്ന കാലത്ത് നമുക്ക് കിട്ടും. പക്ഷെ പതിയെ വവ്വാലും മറ്റു പക്ഷികളും കൊണ്ടു പോകാൻ തുടങ്ങും. അങ്ങനെ സീസൺ കഴിയുമ്പോൾ മുക്കാൽ ഭാഗവും വവ്വാൽ കൊണ്ടു പോകാനാണ് സാധ്യത. വവ്വാലിനെ ഓടിച്ച് ഇത് എടുക്കാം. അതു പോലെ മരപ്പട്ടി കാഷ്ടിച്ച പല സാധനങ്ങളും കാണാം. അത് ഈ പപ്പായ മുതൽ പലതും കഴിക്കും. വവ്വാലും മരപ്പട്ടിയും കഴിഞ്ഞാൽ പല പക്ഷികളും വരുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ ഇവിടെ ഒരു വിത്തു വിതരണം നടക്കുന്നുണ്ട് എന്നുള്ളതാണ്. പാഷൻ ഫ്രൂട്ട് കഴിക്കാൻ വരുന്ന വവ്വാൽ വെറും കയ്യോടെ വരില്ല. അത് പലതും ഇവിടെ കൊണ്ട് ഇട്ടിട്ടാണ് പോകുന്നത്. അതാണ് പല പാറയിടിക്കിലും മറ്റും മരങ്ങൾ കിളിർത്തു വരുന്നത്. നമ്മൾ വയ്ക്കാത്ത സ്ഥലങ്ങളിൽ മരങ്ങൾ കിളിർത്തു വരുന്നത് ഈ ജീവികൾ കൊണ്ടിടുന്ന വിത്തുകളാണ്. അത് ഏതാണെന്ന് പറയാൻ ഒക്കുകയില്ല. ആ പ്രദേശത്ത് ഏതാണോ ചെടി ഉള്ളത് അതിന്റെ വിത്തുകളായിരിക്കും കൊണ്ട് ഇടുന്നത്.

നമുക്ക് രണ്ട് തരത്തിൽ കാട് വെയ്ക്കാം. ഒന്ന്, ചെറിയ ചെറിയ മിയാവാക്കി ബെൽറ്റുകൾ വയ്ക്കാം. പറമ്പിനു ചുറ്റും ഒരു ഇരുപത് സെന്ററിൽ വെക്കുന്ന കാര്യം പറഞ്ഞു. അങ്ങനെ വെക്കുമ്പോൾ തന്നെ ഏകദേശം 25 ലക്ഷം വേണ്ടി വരും. ഒരേക്കറിന് ചുറ്റും ഇങ്ങനെ വയ്ക്കാം. പിന്നെ അതിൽ വേറെ മരങ്ങളൊക്ക ഇങ്ങനെ വളർന്നു വരും. ഇനി അതല്ല എങ്കിൽ നിങ്ങൾക്ക് 2 സെന്റോ 3 സെന്റോ 4 സെന്റോ ഉള്ള ചെറിയ ചെറിയ കാട് വെക്കാം. ഇവിടെ ഈ കാണുന്നത് ചെറിയ കാടാക്കാൻ പറ്റുന്ന സ്ഥലമാണ്. അല്ലെങ്കിൽ ഈ പാറക്കെട്ടിനിടയ്ക്ക് ഒരു  25 സ്ക്വയർഫീറ്റ് സ്ഥലത്ത് നമുക്ക് ചെറിയൊരു കാട് വെക്കാം. അങ്ങനെ വയ്ക്കുന്നതിൽ മരങ്ങൾ ഉണ്ടാകുകയും അതിൽ പക്ഷികളും മറ്റും വന്നിരിക്കുകയും അവ പുതിയ വിത്ത് കൊണ്ട് ഇടുകയും കാലക്രമേണ ബാക്കി സ്ഥലങ്ങൾ കൂടി മരങ്ങൾ നിറഞ്ഞ പ്രദേശമായി മാറുകയും ചെയ്യും.

ഒറ്റയടിക്ക് ഈ സ്ഥലങ്ങൾ തെളിക്കാതിരിക്കുക. റബ്ബറാണെങ്കിൽ കൂടി അത് ഒറ്റയടിക്ക് തെളിക്കാതിരിക്കുക. ഇവിടെ രണ്ടേക്കർ സ്ഥലത്ത് കാട് വച്ചു എന്ന് ഞാനും പറയുന്നുണ്ട് കാണുന്നവരും പറയുന്നുണ്ട്. യഥാർത്ഥത്തിൽ ഞാനിവിടെ 30 സെന്റിൽ കഷ്ടിച്ചാണ് വച്ചിരിക്കുന്നത്. 3 സെന്റും 2 സെന്റും ഉള്ള ചെറിയ തുണ്ടുകളാണ് വച്ചു പിടിപ്പിച്ചിരിക്കുന്നത്. ഇനി അത് വളർന്നു വരുമ്പോൾ പുതിയ മരങ്ങൾ തനിയെ ഉണ്ടായി വരുന്നതാണ്, പഴങ്ങൾ തിന്നാൻ വരുന്ന പക്ഷികളിലൂടെ. ഇവിടെ ഇല്ലാത്ത ഒരു സാധനമാണ് കുടപ്പന. ഇവിടെ പലയിടത്തായി ഇപ്പോൾ 10-20 തൈകൾ ഞങ്ങൾ വയ്ക്കുകയാണ്. പലതരം മരങ്ങൾ വരുമ്പോൾ പലതരം മരത്തിൽ കൂട് വയ്ക്കുന്ന പക്ഷികളും വരും. ഈയിടെ കുരങ്ങന്മാർ വന്നിരുന്നു. കുരങ്ങന്മാർ വന്നാൽ ശല്യമാണെന്നു പറയും. കാരണം അവർ എല്ലാം വലിച്ചു പറിക്കും. ശരിയാണ്. പക്ഷെ അതിന്റെ കൂട്ടത്തിൽ അവൻ എന്തെങ്കിലുമൊക്കെ വലിച്ചു താഴെ ഇടുകയും കൊണ്ടു വന്നു ഇടുകയും ചെയ്യും. അതു പോലെ പക്ഷി നിരീക്ഷണം സ്പെഷ്യലൈസ് ചെയ്യുന്ന ഒരു ദമ്പതി ഇവിടെ വന്നിരുന്നു. ഇവിടെ അന്ന് ഒരു അത്തി പൂത്ത് കിടപ്പുണ്ടായിരുന്നു. അപ്പോൾ അതിൽ കായ് ഉണ്ടായിരുന്നു. ഇസ്രായേൽ ഫിഗ് ആണെന്നാണ് എന്റെ അനുമാനം. അത് നേഴ്സറിയിൽ നിന്നു വാങ്ങിയ തൈ ആണ്. ആ കായ് കണ്ടപ്പോൾ അവർ ആദ്യം പറഞ്ഞത് ഈ പ്രദേശത്ത് കോഴി വേഴാമ്പൽ വരുന്നുണ്ടെങ്കിൽ അത് മിക്കവാറും ഈ അത്തിയുടെ കായ് തിന്നാനായിരിക്കുമെന്ന്. അവർ പറഞ്ഞത് പോലെ കോഴി വേഴാമ്പൽ വരുന്നുണ്ടായിരുന്നു. പക്ഷികൾ അവർക്ക് ആവശ്യമുള്ള ഭക്ഷണം തപ്പി ദൂരെ നിന്ന് വരും. അപ്പോൾ ഒരേക്കർ ഭൂമിയിൽ എങ്ങനെ കാട് വയ്ക്കും എന്നോർത്ത് ആകുലപ്പെടേണ്ട കാര്യം ഇല്ല. ഒരേക്കറിൽ 3 സെന്റെങ്കിൽ മൂന്ന് സെന്റ് അല്ലെങ്കിൽ 5 സെന്റോ, 10 സെന്റോ, 20 സെന്റോ അതിൽ കൂടതൽ വയ്ക്കേണ്ട കാര്യം ഇല്ല. ബാക്കി ആവശ്യമുള്ള മരങ്ങൾ പ്രകൃതി തനിയെ അവിടെ കിളിർപ്പിച്ചു കൊള്ളും.

ചെറിയ പച്ചത്തുരുത്തു പോലെ കാട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് - വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമുണ്ടെങ്കിൽ അതിനടുത്ത് കാട് വയ്ക്കുക. അപ്പോൾ അവിടെ കൂടുതലായുള്ള വെള്ളം ഈ ചെടികൾ വലിച്ചെടുക്കും - അല്ലെങ്കിൽ മണ്ണിനു ചരിവുള്ള ഏതെങ്കിലും സ്ഥലത്ത് വെള്ളം കുത്തിയൊലിച്ചു പോകുന്നുണ്ടെങ്കിൽ അത് തടഞ്ഞു നിർത്താനായിട്ട് അവിടെ ചെറിയ ഒരു സ്റ്റെപ്പ് വയ്ക്കുക. അങ്ങനെ 200 സ്ക്വയർ ഫീറ്റിന്റെയോ 300 സ്ക്വയർ ഫീറ്റിന്റെയോ കാട് പറമ്പിന്റെ പല ഭാഗത്തായി വച്ചുകഴിഞ്ഞാൽ അത് കാണാനും രസമായിരിക്കും. ഭാവിയിൽ പറമ്പിനെ മൊത്തം ഹരിതവത്ക്കരിക്കാൻ ഇത് സഹായകമാകും. അല്ലാതെ ഒരേക്കറിൽ ഒരു കോടിയോ ഒന്നര കോടിയോ മുടക്കി കാട് വയ്ക്കുന്നത് ഒരിക്കലും പ്രായോഗികമല്ല. 20-25 ലക്ഷം മുടക്കുക എന്നത് ന്യായമായ കാര്യമാണ്. ഇതിലൂടെ വസ്തുവിന്റെ മൂല്യവും വർദ്ധിക്കുന്നുണ്ട്. മൊട്ടക്കുന്നായ ഒരു സ്ഥലം വളരെ മനോഹരമായ സ്ഥലമായി മാറുകയാണ്. ഒരു പക്ഷേ നിങ്ങൾക്ക് അത് നാളെ റിസോർട്ടോ മറ്റോ ആയി മാറ്റാൻ പറ്റും. അതോടൊപ്പം തന്നെ ഇതിലുണ്ടാകുന്ന മരങ്ങൾക്ക് നാലിരട്ടി വളർച്ച വരുകയാണ്. 10-15 കൊല്ലം കഴിയുമ്പോൾ നിങ്ങളുടെ പറമ്പിൽ നല്ല വിലയുള്ള മരങ്ങൾ ഉണ്ടാവുകയാണ്. അപ്പോൾ ഇത് ഒരു ഇൻവെസ്റ്റ്മെന്റ് തന്നെയാണ്. പക്ഷെ അതിൽ അമിതമായി ഇൻവെസ്റ്റ് ചെയ്യേണ്ട കാര്യം ഇല്ല. ചെറിയ ചെറിയ തുരുത്തുകൾ ഉണ്ടാക്കി ആ തുരുത്ത് പ്രകൃതി സംയോജിപ്പിക്കട്ടെ എന്ന് വിചാരിക്കുക. അത് പ്രകൃതിയ്ക്ക് വിട്ടുകൊടുക്കുക. അങ്ങനെ നമുക്ക് വലിയ പ്രദേശങ്ങളെ കാടാക്കി മാറ്റാൻ പറ്റും. അപ്പോൾ ഒരു പ്രദേശം മൊത്തം കാടായി പോയി എന്ന പ്രശ്നം ഇല്ല. നമ്മുടെ ആവശ്യങ്ങളും നടക്കും അതോടൊപ്പം തന്നെ പ്രകൃതി തിരിച്ചു കൊണ്ടു വരാനുള്ള നമ്മുടെ ശ്രമങ്ങളും വിജയിക്കും.