ഒരു ചെടിയെ പരിചയപ്പെടുത്താനായിട്ടാണ്. ഇത് നമ്മുടെ നാട്ടിലൊക്കെ പണ്ട് ധാരാളമായി ഉണ്ടായിരുന്ന ചെടിയാണ്. ഇപ്പോൾ ഇതിവിടില്ല. ഇതിന്റെ പ്രത്യേകത എന്താന്നു വെച്ചാൽ, നമ്മളീ പൂവുണ്ടാകുന്ന വളളിച്ചെടികൾ വലിയ വില കൊടുത്ത് നഴ്സറികളിൽ നിന്നൊക്കെ, അതായത് മഞ്ഞ നിറമുളള ഒരു വളളിക്ക് ചുവന്ന നിറമുളള പൂവ് വരുമ്പോഴേക്ക് അതിന് 850 രൂപ, 900 രൂപയൊക്കെ വിലയിട്ട് നഴ്സറികളിൽ വിൽക്കാറുണ്ട്. നമ്മളെല്ലാം അത് വാങ്ങിച്ച് നട്ടുപിടിപ്പിക്കാറുമുണ്ട്. ചില വളളികൾ കുറച്ച് കഴിയുമ്പോൾ ശല്യമായി മാറാറുണ്ട്. നമ്മളത് വെട്ടിക്കളയാറുമുണ്ട്.

പക്ഷെ അതല്ലാത്ത ചില നാടൻ വളളികളുണ്ട്. അതിൽപ്പെട്ടതാണ് കാട്ടുപിച്ചി. അസാധ്യമായ മണമാണ് അതിന്. രൂക്ഷമായ, എന്നാൽ നല്ല മണമാണ്. മരുന്നായി ഉപയോഗിക്കുന്ന ചെടിയാണ്. ഇവിടെ ഇപ്പോൾ പരിചയപ്പെടുത്തുന്നത് പുല്ലാഞ്ഞിയാണ്. പുല്ലാനി എന്നും പറയും. ഇതൊരു വളളിച്ചെടിയാണ്. ചില മരുന്നുകളിലൊക്കെ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്നതായി അറിയാം. ഇതിന്റെ പ്രത്യേകത, ഇത് വെളളം ശേഖരിച്ചുവെക്കുന്ന ചെടിയാണ്. കാട്ടിലൂടെ നടന്നുവരുമ്പോൾ ഇതിന്റെ തണ്ട് മുറിച്ചുവെച്ചാൽ ധാരാളമായിട്ട് വെളളം കിട്ടും. 3 ഗ്ലാസ് വരെ ഒരു സമയത്ത് വെളളം കിട്ടുമെന്ന് ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു. ആ ചെടിയാണിവിടെ പൂത്തുകിടക്കുന്നത്. നേരത്തേ ഒരിക്കലിത് പൂത്തുകിടക്കുന്നതിന്റെ വിഷ്വൽ എവിടെയോ കാണിച്ചിരുന്നു.

ഇപ്പോഴിത് കാണിക്കാൻ കാരണം കഴിഞ്ഞ നാലഞ്ച് ദിവസമായിട്ട് നേരം വെളുത്ത് നല്ല വെയിലായി ചിത്രശലഭങ്ങളൊക്കെ ഇറങ്ങിക്കഴിയുമ്പോൾ ഈ വളളിയിൽ നിറയെ ചിത്രശലഭങ്ങളാണ്, വണ്ടുകളും. ഇത്രയധികം ശലഭങ്ങളും വണ്ടുകളും വരുന്ന ചെടി ഞാനിതുവരെ കണ്ടിട്ടില്ല. എനിക്കു തോന്നുന്നത് ഇത്രയധികം പൂക്കളുളളത് കൊണ്ടായിരിക്കാം. ഒരു മുല്ലയിലോ പിച്ചിയിലോ ഒന്നും ഇതുപോലെ കുലകുലയായിട്ട് പൂ ഉണ്ടാവില്ല. ഇത് വെളളപ്പൂവാണെന്നേ ഉളളൂ. വെളളയല്ല പച്ചകലർന്ന നിറമുളള പൂവാണ്.

നിങ്ങൾക്കിത് കാർ ഷെഡിന്റെ മുകളിലോ വീടിന്റെ സൈഡിലോ ഒക്കെ വളർത്താവുന്ന ഒരു ചെടിയാണ്. ഈ ചെടിയുടെ വളളിയുടെ പ്രത്യേകത എത്ര വേണമെങ്കിലും വണ്ണം വെച്ച് മേലോട്ട് പോകും. അപ്പോ അതുരുണ്ട് രണ്ടാം നിലയിലോ മൂന്നാം നിലയിലോ കൊണ്ടുപോകാം. താഴെ ഒരു ചുവട് നട്ടിട്ട് ഒരു മേൽക്കൂര ഉണ്ടാക്കിയിട്ട് പടർത്തി കൊടുത്താൽ മതി. കാർ ഷെഡിനൊക്കെ ഇത് നന്നായിട്ട് പടർന്നുകഴിഞ്ഞാൽ വേറെ ഷെഡ് വേണമെന്നില്ല. ചെറിയ സപ്പോർട്ട് കൊടുത്തിട്ട് ഈ ചെടി പടർത്തിക്കഴിഞ്ഞാൽ ചൂടടിക്കാതെ ഇരിക്കും. ടെറസിലും ഇത് വളരെ ഭംഗിയുളള ഒരു സംഗതിയാണ്.

അതിനേക്കാൾ പ്രധാനം ഇത് പൂക്കുന്ന സമയത്ത് ഇഷ്ടംപോലെ ചിത്രശലഭങ്ങൾ വരുന്നൊരു വളളിയാണ്. ഇതിപ്പോൾ ഒരു വളളിയെ പരിചയപ്പെടുത്തിയെന്നേ ഉളളൂ. ഇതുപോലെ ഒരുപാട് വളളികളുണ്ട്. എപ്പോഴും ആലോചിക്കേണ്ട ഒരുകാര്യം മതിലുകൾ വെച്ചുപോയവർ, അയൽവാസികൾക്കൊന്നും വലിയ വിരോധമില്ലെങ്കിൽ അല്ലെങ്കിൽ പൊതുനിരത്തിലേക്കാണ് മതിലെങ്കിൽ ദയവായി അതിൽ വളളി പടർത്തി വിടുന്ന കാര്യം ആലോചിക്കണം.

വളളികളിൽ ഉണ്ടാകുന്ന പൂക്കളുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ശലഭങ്ങൾക്കൊക്കെ നല്ലൊരു ആവാസസ്ഥലമായിട്ടത് മാറും. എന്നുമാത്രമല്ല ശലഭങ്ങൾക്കും മറ്റും ഇതിന്റെ ഇലകളിൽ മുട്ടയിടാനൊക്കെ പറ്റുമായിരിക്കും. പലതരം പ്രാണികളുണ്ടല്ലോ. ഏതെങ്കിലുമൊക്കെ ഷഡ്പദങ്ങൾ ഇതിൽ ജീവിക്കുന്നുണ്ടായിരിക്കും. അതുകൊണ്ട് വളളികളെ കഴിയുന്നത്ര തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം. വളളികളെ നമ്മളൊരു ശല്യമായിട്ട് കണ്ട് വെട്ടിമാറ്റുന്നതാണ്. അങ്ങനെയല്ല, വളളിക്ക് വലിയൊരു ഭംഗിയുണ്ട് അവയെ നമ്മൾ തിരിച്ചുകൊണ്ടുവരാൻ നോക്കണം. അത് കാണിക്കാൻ വേണ്ടിയാണ് ഈ പുല്ലാനിയുടെ ഒരു വീഡിയോ കാണിക്കുന്നത്.