തിരുവനന്തപുരത്ത് പാലോട് എന്നൊരു സ്ഥലമുണ്ട്. ഇവിടന്ന് പത്ത് നാൽപത് കിലോമീറ്റർ കാണും. മലഞ്ചെരിവിലാണ്. പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗമാണ്. അവിടെയാണ് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്നത്. എനിക്ക് ചെടി വാങ്ങുന്നതിൽ താത്പര്യം തോന്നി ചെടി അന്വേഷിച്ചാണ് ആദ്യമായി അവിടെ പോകുന്നത്. അവിടെ ചെന്നു ചെടി വാങ്ങുന്ന രീതി എന്താണെന്നറിയാനായി പരിചയമുള്ള ആളുകളെ അന്വേഷിച്ചപ്പോൾ ഞങ്ങളുടെ ഒരു പൊതു സുഹൃത്തായ ഡോ. മാത്യു ഡാൻ എന്നയാൾ അവിടെയുണ്ട്. അദ്ദേഹത്തെ ചെന്നുകണ്ടു.

അവിടെ തൈകൾ വിൽപ്പനയ്ക്കുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം തിരുവനന്തപുരം നഗരത്തിൽ എവിടെ നോക്കിയാലും നഴ്സറികളും തോട്ടങ്ങളും വീട്ടിൽ ഉദ്യാനങ്ങളും അല്ലാതെ പറമ്പിൽ കൃഷി ചെയ്യുന്നവരും എല്ലാമുണ്ട്. TBGRIയിൽ തൈ വാങ്ങാൻ വരുന്നവർ കുറവാണ്. ഇത്രയുമധികം തൈകൾ ഉത്പാദിപ്പിച്ച് കൊടുക്കുന്ന സ്ഥാപനം വേറെയില്ല. പുറത്ത് കിട്ടാത്ത തൈകളാണ് അവിടെ കിട്ടുന്നത്. പക്ഷെ അത് വാങ്ങാൻ ആരും വരുന്നില്ല. എന്നു മാത്രമല്ല അവിടെ ഏകദേശം 5000 ഇനത്തിലധികം ചെടികളുണ്ട്. അത് കണ്ടുതീരുന്നതിന് തന്നെ രണ്ടു ദിവസം വേണം. ടിക്കറ്റ് വച്ച് കാണിക്കുകയാണെങ്കിൽ പോലും ലാഭമാണ്. കാരണം ഇത്രയും ചെടികൾ നമുക്ക് ഒരിടത്തും ചെന്ന് കാണാൻ കഴിയില്ല. തിരുവനന്തപുരം നഗരത്തിൽ ബീച്ചിലേക്ക് ആളുകൾ പോകുന്നുണ്ട്, മൃഗശാലയിലേക്കു പോകുന്നുണ്ട്. പക്ഷെ ബൊട്ടാണിക്കൽ ഗാർഡനിലേയ്ക്ക് ആളുകൾ പോകുന്നില്ല. അതൊരു ഗവേഷണകേന്ദ്രം എന്ന പേടി കൊണ്ട് മാറി നിൽക്കുന്നതാണോ അതോ ഇതേക്കുറിച്ച് അറിയാൻ വയ്യാത്തതു കൊണ്ടാണോ എന്നറിയില്ല.

എന്തായാലും ഞാനവിടെ പലതവണ പോകുകയും അവിടത്തെ പല ശാസ്ത്രജ്ഞൻമാരെയും പരിചയപ്പെടുകയും ചെയ്തു. അതിൽ എനിക്ക് എറ്റവും സഹായമായി മാറിയത്, ഏറ്റവും കൂടുതൽ ഒരുമിച്ച് പ്രവർത്തിച്ചത് ശ്രീ മാത്യു ഡാനുമായിട്ടാണ്. ഞങ്ങളവിടുന്ന് പല ചെടികളും വിലയ്ക്കു വാങ്ങി. അത് കൂടാതെ അവിടത്തെ പല ഡിവിഷനുകളും അദ്ദേഹം പരിചയപ്പെടുത്തി തന്നു. പല വിശേഷപ്പെട്ട മുളകളും ഉണ്ട്. എന്നു മാത്രമല്ല, ഞാനീ മിയാവാക്കി പദ്ധതിയിലേയ്ക്ക് ഇറങ്ങിയപ്പോ ഇതിന്റെ ഒരു സാധ്യത, നാട്ടിൽ നടപ്പിലില്ലാത്ത ഒരു കാര്യം ചെയ്യാൻ പോകുകയാണ് അത് എങ്ങനെ ചെയ്യണം എന്ന് ചോദിക്കുന്നത് ഇദ്ദേഹത്തോടാണ്. അതിന് മുമ്പുതന്നെ തന്നെ അദ്ദേഹം എന്റെ സ്ഥലം വന്നു കണ്ടിരുന്നു. അന്ന് തന്നെ ഇവിടെ പല സ്പീഷീസ് ഉണ്ട് അദ്ദേഹമാണ് പലതും എനിക്ക് കാണിച്ചു തന്നത്. അതുപോലെ തന്നെ ബാക്കി ചെടികളും എവിടെന്നെങ്കിലും വാങ്ങിച്ചു ശേഖരിച്ചു വയ്ക്കു, ഇങ്ങനെ ഒരു സ്ഥലത്ത് ഏറ്റവും കൂടുതൽ ചെടികൾ വയ്ക്കണം എന്ന് ഉപദേശം തന്നതും അദ്ദേഹമാണ്. പലയിടത്തുനിന്നും പല തിരിച്ചടികൾ വന്നപ്പോൾ സാരമില്ല ഇതൊക്കെ ഇതിന്റെ കൂട്ടത്തിൽ ഉള്ളതാണെന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തയാളാണ്. അദ്ദേഹത്തെ നിങ്ങൾക്കിന്ന് പരിചയപ്പെടുത്താൻ ആഗ്രഹിക്കുകയാണ്.

34 വർഷമായി സസ്യശാസ്ത്രരംഗത്ത് ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞനാണ്. നമ്മുടെ നാട്ടറിവുകളുടെ യാഥാർത്ഥ്യം തേടി കണ്ടുപിടിക്കുകയാണ് അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്ന ജോലി. ബാക്കി അദ്ദേഹം തന്നെ പറയും.

സാർ ചെയ്തു കൊണ്ടിരിക്കുന്ന ഗവേഷണ മേഖലയെക്കുറിച്ച് ഒന്ന് പറയാമോ.
ഞാൻ താങ്കൾ പറഞ്ഞപോലെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാനിക്കൽ ഗാർഡനിലെ ഉദ്യോഗസ്ഥനാണ്. അവിടെ ചെന്നു ചേർന്ന മുതൽ, 34 വർഷമായി, സസ്യ സംരക്ഷണമാണ് ബൊട്ടാണിക്കൽ ഗാർഡന്റെ പ്രധാന ലക്ഷ്യവും ഉദ്ദേശവും. അതിനുതകുന്ന രീതിയുള്ള പ്രവർത്തനങ്ങളാണ് അവിടെ ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. അതിൽ എനിക്ക് കൂടുതലായി ചെയ്യാൻ കഴിഞ്ഞിട്ടുള്ളത് ഔഷധ സുഗന്ധ സസ്യങ്ങളുടെ മേഖലയാണ്.
കേരളത്തിലും പശ്ചിമ ഘട്ടത്തിലും മറ്റു പല പ്രദേശങ്ങളിലും, ട്രോപ്പിക്കൽ റീജിയണിലും ഉള്ള ഔഷധ സസ്യങ്ങളുടെ പരമാവധി മികച്ച ഒരു ശേഖരം ബൊട്ടാനിക്കൽ ഗാർഡനിൽ ഉണ്ടാക്കിയെടുക്കുക. അവയെ സംരക്ഷിക്കുക. അവയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കുക. ക ൺ സർവേഷൻ, എഡ്യൂക്കേഷൻ ഇതുരണ്ടും കൂടി ലിങ്ക് ചെയ്തിട്ടുള്ള ഒരു പരിപാടിയാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഇത് സംബന്ധിച്ച വിവിധ തരം ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുക. ഈ കാര്യങ്ങളിലാണ് ഇപ്പോ പ്രവർത്തനം.

സാറിന്റെ പിഎച്ച്ഡി ഗവേഷണം എന്തിലായിരുന്നു.
എന്റെ പിച്ച്ഡിയ്ക്കുള്ള ഗവേഷണം തെക്കേ ഇന്ത്യയിലുള്ള ഇഞ്ചി വർഗ്ഗ സസ്യങ്ങളെക്കുറിച്ചുള്ള പഠനം ആയിരുന്നു. എന്നു പറയുമ്പോ സിഞ്ചിബറേസി (Zingiberaceae) എന്നു പറയുന്ന കുടുംബം മുഴുവനായിട്ടാണ് ഉദ്ദേശിക്കുന്നത്. ആ കുടുംബത്തിൽ തന്നെയാണ് നമ്മുടെ പ്രശസ്തമായ സുഗന്ധ വ്യഞ്ജനങ്ങളായ ഇഞ്ചി, മഞ്ഞൾ, ഏലം എല്ലാം വരുന്നത്. ഏലം ഇഞ്ചി വർഗ്ഗത്തിലാണ് വരുന്നത്, കാഴ്ചയിലുള്ള സാമ്യം അങ്ങനെയല്ലെങ്കിൽ പോലും. പുതിയ കണക്കനുസരിച്ച് 65 ഓളം സസ്യങ്ങൾ ഈ കുടുംബത്തിൽ തെക്കേ ഇന്ത്യയിൽ തന്നെ ഉണ്ട്. അവയിൽ പലതും ആർക്കും നേരിട്ട് പരിചയമുള്ളതോ പഠനവിധേയമാക്കിയിട്ടുള്ളതോ അല്ല. അവയെ തേടിപ്പിടിച്ച് അവയിലടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ, പ്രത്യേകിച്ച് ബാഷ്പീകരിക്കുന്ന രാസപദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവ വച്ച് ഈ സസ്യങ്ങളെ തമ്മിലൊരു വർഗീകരണം സാധ്യമാകുമോ എന്നതായിരുന്നു എന്റെ ഗവേഷണ പ്രബന്ധം. അതായത് കീമോ ടാക്സോണമി ഓഫ് ഫാമിലി സിഞ്ചിബറീസ് (chemo-taxonomy of family Zingiberaceae) എന്നു പറയാം.

ഞാൻ പലരോടും പറയാറുണ്ട്, ഞാൻ ചെടികളുടെ ഔഷധഗുണം പ്രായോഗികമായി പഠിച്ചതാണ്. എന്നോട് പല വൈദ്യന്മാരും ഇന്നതിന് ഇത് ചെയ്തു നോക്കു എന്നു പറയുകയും ഞാനത് ചെയ്ത് നോക്കുകയും എനിക്കതിന് ഫലം കിട്ടുകയും അങ്ങനെയാണ് ഞാനീ ചെടികളുടെ ഔഷധഗുണം കുറെയൊക്ക മനസ്സിലാക്കുകയും ചെയ്തത്. സാർ ഇത്രയും കാലം ഇതിൽ ഗേവഷണം ചെയ്ത ഒരാളാണല്ലോ. ചെടികളെ സംബന്ധിച്ച നമ്മുടെ അറിവ്, നാട്ടറിവ് എന്തു മാത്രം ശാസ്ത്രീയമാണ്. പരമ്പരാഗതമായ അറിവ് ശാസ്ത്രീയമായ അറിവാണെന്നു പറയാൻ പറ്റുമോ.

ചെടികളെ സംബന്ധിച്ചു മാത്രമല്ല, പരമ്പരാഗതമായ അറിവിലൂടെയാണ് വാസ്തവത്തിൽ നമ്മൾ എത്തിയിരിക്കുന്ന എല്ലാ മേഖലകളിലെയും അറിവ്. ഇപ്പോൾ വസ്ത്ര നിർമ്മാണം, അല്ലെങ്കിൽ ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതും അവ സംബന്ധിച്ചതും. അതുപോലെ തന്നെയാണ് സസ്യങ്ങളെ സംബന്ധിച്ച ചികിത്സ, മറ്റുപയോഗങ്ങൾ എന്നതൊക്കെ. അതിലൊരു സംശയമുള്ളത് എന്താന്നു വച്ചാൽ ചെടികളിൽ നിന്നും മരുന്നെടുക്കുന്ന രീതി, നാടൻ രീതി, വളരെ ക്രൂഡ് ആയിട്ടും നമ്മുടെ ടാബ്ലറ്റ്, ഇൻജെക്ഷൻ ഇങ്ങനെയുള്ള സംഗതികളിലേയ്ക്ക് പോകുന്നത് സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള, വളരെയധികം യാന്ത്രികമായിട്ടുള്ള പ്രക്രിയ ആയതു കൊണ്ട് അത് സയന്റിഫിക് ആണ് ഇതങ്ങനെയല്ല എന്നുള്ള തോന്നൽ ആളുകളുടെ ഇടയിലുണ്ട്. എനിക്കുപോലും ഒരു പരിധിവരെ അതുണ്ട്.

ഇത് തമ്മിലുള്ള ബന്ധം സാറിനെങ്ങനെയാണ് തോന്നുന്നത്. അതായത് നമ്മുടെ ചെടികളുടെ നാട്ടറിവ് അതിൽ നിന്ന് വിജ്ഞാനത്തിലേയ്ക്ക് വരാനുള്ള വഴി. ഞാനൊരിക്കൽ അവിടെ വന്നപ്പോ സാറെനിക്ക് ഒരു ചെടി കാണിച്ചു തന്നു, താമ്രവള്ളി എന്നൊരു ചെടി ആദിവാസികൾ ട്യൂമറിന്, മുറിവ് ഇല്ലാത്ത കാൻസറിന്, ട്യൂമർ വറ്റാനായിട്ട് അതിന്റെ കിഴങ്ങ് ഉപയോഗിക്കുമെന്ന് അങ്ങനെയുള്ള ഇൻഫർമേഷന് മരുന്നിലേയ്ക്ക് പോകാറുണ്ടോ?

തീർച്ചയായും ഉണ്ട്. നമ്മുടെ വിൻക്രിസ്ററിൻ വിൻപ്ലാസ്റ്റിൻ, എന്ന ആൽക്കലോയിഡുകൾ വേർതിരിച്ചെടുക്കുന്നതാണ് നിത്യകല്യാണി എന്ന സസ്യം. അത് ശരിക്കും മഡഗാസ്കറിൽ ഉള്ളതാണ്. മഡഗാസ്കറിലുള്ള ആദിവാസികൾ ഉപയോഗിച്ചു കൊണ്ടിരുന്ന ഔഷധ സസ്യമാണത്. ശാസ്ത്രസംഘം അതിനെ നൂതന മാർഗ്ഗങ്ങളിലൂടെ കൂടുതൽ പഠനവിധേയമാക്കിയപ്പോഴാണ് അതിനകത്ത് ഇന്ന ഇന്ന ആൽക്കലോയിഡുകൾ ഉണ്ടെന്നും, അവയ്ക്ക് മനുഷ്യശരീരത്തിൽ പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നും അറിഞ്ഞത്. ഇപ്പോൾ ചൈൽഡ് ലുക്കീമിയയ്ക്കാണ് അത് കൂടുതൽ ഉപയോഗിക്കുന്നത്. ആ രീതിയിലുള്ള എല്ലാ ഗവേഷണത്തിന്റെയും അടിസ്ഥാനം ഈ നാട്ടറിവും പരമ്പരാഗത അറിവും തന്നെയാണ്. അതിന് ശാസ്ത്രീയ വിശകലനം ചെയ്യുന്നത് നല്ലതു തന്നെയാണ്.

പലതിലും ഒളിഞ്ഞു കിടക്കുന്ന നന്മകളും മികച്ച നേട്ടങ്ങളും ഉണ്ട്. അതു പോലെ തിരിച്ചും വരാം. അറിയാതെ ഇരിക്കുന്ന പല അപകടങ്ങളും വിഷാംശങ്ങളും ചില സസ്യങ്ങളിൽ ഉണ്ടാകാം. അതീ നൂതന പഠനങ്ങളിലൂടെയേ അറിയാൻ കഴിയൂ. ഉദാഹരണം കാച്ചിൽ വർഗ്ഗങ്ങൾ. തെക്കേ ഇന്ത്യയിൽ 25 ലേറെ കാച്ചിലിന്റെ വിവിധ വർഗ്ഗങ്ങളുണ്ട്. അതിന്റെ കിഴങ്ങുകളാണ് മിക്ക ആദിവാസികളുടെയും മുഖ്യഭക്ഷണം. നമ്മുടെ വനത്തിലുള്ള കാച്ചിലുകൾ. പക്ഷെ കൂടുതൽ പഠനങ്ങൾ നടത്തി രാസ പരിശോധനകൾ നടത്തുമ്പോ, ചിലയിനം കാച്ചിലുകളിൽ പഠനം നടത്തിയപ്പോ അതിൽ ഡയോസ്ജെനിൻ (Diosgenin) എന്നു പറയുന്ന ഒരു കോമ്പൗണ്ടിന്റെ ആധിക്യം ഉണ്ട്. നമ്മൾ കഴിക്കുന്നത് ഡയസ്കോറിയ അലേറ്റ (Dioscorea alata) എന്നു പറയുന്ന ഇനമാണ്. അതിനകത്ത് അതിന്റെ അംശം തീരെ ഇല്ലെന്നു തന്നെ പറയാം. അതേ സമയം കാട്ടിലെ ചില വന്യ ഇനങ്ങളിൽ ഡയോസ്ജെനിന്റെ അളവ് വളരെ കൂടുതലാണ്. അതിന്റെ സൈഡ് ഇഫക്ട് എന്താന്നു വച്ചാൽ അത് മെയിൽ ഇംപൊട്ടൻസ് ഉണ്ടാക്കുന്നവയാണ്. സ്ഥിരമായി കഴിക്കുന്ന ആദിവാസികളിൽ ജനസംഖ്യാകുറവിന് ഇതും കാരണമാകുന്നുണ്ടാകും. പരമ്പരാഗത അറിവിൽ ശാസ്ത്രീയത കൂടി സമന്വയിപ്പിച്ചു പോകുകയാണെങ്കില് മനുഷ്യർക്ക് ഒരുപാട് പ്രയോജനമുള്ള കാര്യങ്ങളിലേയ്ക്ക് എത്താൻ കഴിയും.

നാട്ടുവൈദ്യം, ഇതുപോലുള്ള മരുന്നു ഉപയോഗിക്കുന്ന തൃശ്ശൂരുള്ള എന്റെ സുഹ്യത്ത് വൈദ്യനുണ്ട്. ഡോ. പ്രസാദ്, അദ്ദേഹം വളരെ പ്രശസ്തനായ ഒരു ആയുർവേദ ചികിത്സകനായ രാഘവൻ തിരുമുൽപ്പാടിന്റെ ശിഷ്യനാണ്. സുനേത്ര എന്നു പറഞ്ഞ് അവിടെ ഒരു ഹോസ്പിറ്റൽ നടത്തുന്നുണ്ട്. ഈയിടെ പ്രസാദ് ഡോക്ടറുമായി സംസാരിച്ചപ്പോ അദ്ദേഹം പറഞ്ഞത് , ഒറ്റമൂലികൾ പലതും ആളുകൾ അമിതമായി കഴിക്കും. അതായത് ഇപ്പോ കാന്താരിമുളക് എന്തിനെങ്കിലും നല്ലതാണെന്നു കേട്ടാൽ സ്ഥിരമായി കാന്താരി മുളക് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കഴിക്കും. അതിന് ഒരു സൈഡ് ഇഫക്ട് ഉണ്ടാകുന്ന അവസ്ഥയിലേക്ക് പോകുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഒറ്റമൂലിയ്ക്കൊരു അളവുണ്ട്. ഇത്രപ്രാവശ്യം ഇത്ര നേരം എന്നൊക്കെ, ആളുകൾ ഈ മരുന്നിൽ കൂടുതൽ വിശ്വാസം വരുകയും നാട്ടു മരുന്നിന് യാതൊരു സൈഡ് ഇഫക്ടും വരില്ല എന്നു വച്ച് കൂടുതൽ കഴിക്കുകയും ചെയ്യുന്ന അവസ്ഥ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സാർ പറഞ്ഞതും അതു പോലെ ഒരു കേസ് ആണ്. തീർച്ചയായിട്ടും ഫേസ്ബുക്കു പോലുള്ള പ്രചാരണ മാധ്യമങ്ങൾ വർദ്ധിച്ചപ്പോ ഇതു പോലുള്ള ചികിത്സാ സമ്പ്രദായങ്ങളും അൺഓതെന്റിക് ആയി ഒത്തിരി വരുന്നുണ്ട്. നെല്ലിക്ക ജ്യൂസ് സ്ഥിരമായി രാവിലെയും വൈകിട്ടും കഴിക്കൂ എന്നൊക്കെ പറയുമ്പോൾ നെല്ലിക്ക നല്ല സാധനമല്ലേ, വൈറ്റമിൻ സിയുടെ പ്രഭവകേന്ദ്രമല്ലേ എന്നൊക്കെ വിചാരിച്ചിട്ട് നമുക്ക് കഴിയ്ക്കാം. പക്ഷെ ഏതും അധികമായാൽ അമൃതും വിഷം എന്നു പറയും പോലെ ആ ഡോസേജിനെ പറ്റിയുള്ള കാര്യം ആരും പറയുന്നില്ല.

ഇപ്പോ കാന്താരി മുളക് സൂചിപ്പിച്ചു അതുപോലെ തന്നെയാണ് ഇലുമ്പിപ്പുളി. ഇലുമ്പിപുളി നമ്മുടെ ശരീരത്തിലെ കൊളൊസ്ട്രോൾ കുറയ്ക്കും, രക്ത ചംക്രമണം കൂടുതൽ ത്വരിതപ്പെടുത്തും. അങ്ങനെ ആരോഗ്യം കൂടുതൽ നന്നായി നിലനിർത്തും, അതൊക്കെ പഠനങ്ങൾ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നു പറഞ്ഞിട്ട് ഇലമ്പിപ്പുളി പരിധിവിട്ട് ജ്യൂസായി കുടിക്കുക എന്നു പറയുമ്പോ അതിനകത്ത് ഓക്സൈലൈറ്റ് ഇഷ്ടം പോലെ ഉള്ളതാണ്. കാൽസ്യം ഓക്സൈലൈറ്റ് ഫോം ചെയ്തിട്ട് കിഡ്നി സംബന്ധമായി രോഗങ്ങൾക്കും കൂടുതൽ മൂത്രാശയ കല്ലുകൾ അങ്ങനെയുള്ള പ്രശ്നങ്ങൾക്കൊക്കെ അത് വഴി തെളിയ്ക്കാം. അതെല്ലാം ആഹാരമായിട്ട് ഉപയോഗിക്കുന്ന പദാർത്ഥങ്ങളാണ്.

പക്ഷെ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് നമ്മുടെ ആഹാരത്തിൽ, പ്രത്യേകിച്ച് നമ്മുടെ പരമ്പരാഗത ആഹാരത്തിൽ ഒരു സാധനവും അമിതമായി കഴിയ്ക്കാറില്ല. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫാറ്റ്, വൈറ്റമിൻസ് എല്ലാമടങ്ങുന്ന സമീകൃത ആഹാരമാണ് പരമ്പരാഗതമായി നമുക്കുള്ളത്. അങ്ങനെ പോയങ്കിലേ കാര്യമുള്ളൂ. ഏതെങ്കിലും ഒരു സാധനം നല്ലതാണ് എന്നു പറഞ്ഞ് അത് അമിതമായി കഴിച്ചാൽ നല്ലതല്ല. കാന്താരിമുളകും ഇലുമ്പിപുളിയുമൊക്കെ നമ്മൾ സാധാരണയായി ചമ്മന്തിയായിട്ടും അച്ചാറായിട്ടും എല്ലാമുപയോഗിക്കും. അവിടെ കോമ്പിനേഷൻ ആണ്. കൂടെ തേങ്ങാ ചേരും. അപ്പോ ന്യൂട്രെലൈസ് ചെയ്യപ്പെടും. ആഹാരമായിട്ട് ചെല്ലുമ്പോൾ അതിന്റെ അളവ് വളരെ കുറവായിരിക്കും. പക്ഷെ ഇതൊരു ഔഷധം പോലെ നിത്യേന സേവിച്ചാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യാം. ഇതെല്ലാം കൂടിച്ചേർന്ന ഡയറ്റാണ് ആവശ്യം. ബാലൻസ് ഫോമിലേ ആകാവൂ. ഏതെങ്കിലുമൊന്ന് നല്ലതാന്ന് പറഞ്ഞ് അമിതമായി എടുക്കാൻ പാടില്ല.

സാർ ഞാൻ TBGRI ആദ്യമായി കാണാൻ വരുന്നത് സാറിന്റെ കൂടെയാണ്. അന്ന് സാർ പറഞ്ഞത് 5000 അധികം സ്പീഷീസ് സംരക്ഷിക്കുന്നുണ്ടെന്നാണ്. അതെല്ലാം കേരളത്തിലെ തന്നെയാണോ?
അല്ല കേരളത്തിലെ മാത്രമല്ല. ഞാനാദ്യം സൂചിപ്പിച്ച പോലെ തന്നെ പശ്ചിമഘട്ടമാണ് മെയിനായി കോൺസൺട്രേറ്റ് ചെയ്തിരിക്കുന്ന ഏരിയ. പശ്ചിമ ഘട്ടത്തിലെ സസ്യങ്ങളുടെ സംരക്ഷണം. അങ്ങനെയൊരു സ്ഥാപനം വേറെയില്ല. ഇന്ത്യയിൽ വേറെ ഇല്ല.

പശ്ചിമഘട്ടത്തിലെയാണോ ഈ അയ്യായിരവും?
പ്രാധാന്യം അവയ്ക്കാണ്, പക്ഷെ ഒരു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എന്ന നിലയിൽ ലോകത്തിലെ പലഭാഗത്തുള്ള ട്രോപ്പിക്കൽ റീജിയനിൽ നിന്നുള്ള സസ്യങ്ങളുണ്ട്. എങ്കിലേ അതൊരു എഡ്യൂക്കേഷൻ പോയിന്റ് ഓഫ് വ്യൂവിൽ വരികയുള്ളൂ. ഉദാഹരണത്തിന് ചില ജീനസ് ഇവിടെ ഇല്ലാത്തതാണ്, അക്വേഷ്യയൊന്നും ഇന്ത്യയിലില്ല. യൂക്കാലിപ്റ്റസ് ഇല്ല. പക്ഷേ അതൊക്കെ വളരെ നാളുകൊണ്ട് മലയാളികളുടെ ഇടയിൽ സുപരിചിതമായ സാധനങ്ങളാണ്.

വളരെ നാളുകളായില്ല സാർ, യൂക്കാലിപ്റ്റസൊക്കെ ഞാനൊരു പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു 78ൽ ആണ് ഇങ്ങനെ വച്ചു വരുന്നത്. കാരണം യൂക്കാലിപ്സ് തൈലത്തിന്റെ ഒരു മണം കൊണ്ട് യൂക്കാലിപ്സ് ഒരു വലിയ സാധനം ആണെന്ന് പറഞ്ഞാണ് വയ്ക്കുന്നത്. 77ലോ 78ലോ ആണ് വച്ചു തുടങ്ങുന്നത്. 80 ആയപ്പോഴേക്കും ഇത് വെള്ളം വലിച്ചു കുടിക്കും ചതുപ്പ് വറ്റിക്കാനായിട്ട് ഉപയോഗിക്കുന്ന സാധനമാണെന്ന് തിരിച്ചുള്ള കാംപെയ്ൻ ആരംഭിച്ചു. പക്ഷേ അപ്പോഴേക്കും യൂക്കാലിപ്സ് എല്ലായിടത്തും വന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയും ഗ്വാളിയോർ റയോൺസ് പോലുള്ള ഫാക്ടറികളും ഇത് റോ മെറ്റീരിയലായി ഉപയോഗിച്ചു തുടങ്ങിയ കാലത്തായിരിക്കണം ഈ സാധനം കേരളത്തിലും
പോപ്പുലറായി കൃഷി തുടങ്ങിയത്.

ആറു വർഷം മുൻപോ മറ്റോ ഞാനാദ്യം സാറിനെ ഈ പറമ്പിൽ കൂട്ടിക്കൊണ്ടു വരുന്നത്. അന്ന് നമ്മൾ ഈ കാട് വച്ചിട്ടില്ല. മിയാവാക്കി കാട് വയ്ക്കുന്നതിന് മുൻപാണ് വരുന്നത്. അന്ന് മുകളിൽ നിന്ന് താഴേക്കു വരുന്ന സമയത്ത് പത്ത് നാൽപത് സ്പീഷീസ് കാണിച്ചു തന്നു എന്നിട്ട് നൂറിൽ കൂടുതൽ സ്പീഷിസ് കണ്ടു എന്നു പറഞ്ഞു. അതിന് ശേഷമാണ് ഞാനീ സ്പീഷിസ് കൂട്ടുക എന്നുള്ളത് ചെയ്തത്. ഇപ്പോൾ എനിക്കു തോന്നുന്നു, ഒരു 400-500 സ്പീഷിസിൽ കൂടുതൽ ഈ സ്ഥലത്തെല്ലാം കൂടിയുണ്ട്. അന്നുതന്നെ സാർ ഇവിടെ ഒന്നുരണ്ടു ചെടികൾ വംശനാശം വന്നുകൊണ്ടിരിക്കുന്നതോ കിട്ടാനില്ലാത്തതോ ആയ ഓർക്കിഡ് എല്ലാം കാണിച്ചു തന്നു.

അന്ന് അടപതിയൻ, സർപ്പഗന്ധിയൊക്കെ ഇവിടെ കണ്ടതായി ഓർക്കുന്നു.
പിന്നെ ഒരു ഓർക്കിഡ്,
യുലോഫിയ എന്നൊരു സ്പീഷീസ്.
അതു പോലെ ട്രൈബൽസ് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന അപ്പക്കുടുക്ക എന്നൊരു ചെടി അത് ഇവിടെ നാച്വറലായി വളർന്നു നിൽപ്പുണ്ടായിരുന്നു. അത് ഞാൻ ഇവിടെ കൊണ്ടു വയ്ക്കുകയും ചെയ്തു. ഇതിവിടെ പാറയ്ക്കിടയിൽ വളരുകയും ചെയ്യുന്നുണ്ടായിരുന്നു, വിത്തു വീണിട്ട്, എല്ലാ വർഷവും കിളിർക്കുന്നുണ്ട്.

ഇത്രയും വർഷം കൊണ്ട് മനസ്സിലാക്കിയ ഈ ചെടികളുടെ ഒരു അറിവുണ്ടല്ലോ ഇത് സാധാരണ ജനങ്ങളുടെ അടുക്കലേയ്ക്ക് ചെല്ലാനായിട്ട് എന്താണ് ഒരു മാർഗമായി സാറിന് തോന്നുന്നത്. തൈകളെ സംരക്ഷിക്കേണ്ടതാണെന്ന്, കൂറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ നമ്മൾ ഒരു വീടു വയ്ക്കുമ്പോ ആദ്യം ചെയ്യുന്നത് ആ പറമ്പ് ക്ലീനാക്കുക എന്നാണ്, ക്ലീനാക്കുമ്പോ ആ പറമ്പിലെ എല്ലാ ചെടികളും കളയുക എന്നതാണ്. ചെറിയ സിറ്റി ആണേൽ ടൈലിടും അല്ലെങ്കിൽ അതിരിട്ട് തിരച്ച് അതിരിനപ്പുറം വച്ച് കൃഷിയ്ക്കായി ബാക്കി വയ്ക്കും. അപ്പോ നമ്മൾ പാഴ്ചെടികൾ എന്നു പറഞ്ഞ് കളയുന്ന ഒരുപാട് ചെടികൾ ഔഷധ ചെടികളാണ്. പക്ഷെ അത് ആളുകൾക്ക് അറിയാൻ പറ്റുന്നില്ല. അതിന് നമുക്കെങ്ങനെ ഒരു അവബോധം കൊടുക്കാം.

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ആളുകൾ എപ്പോഴും ചിന്തിക്കുന്നത് ഇതിനകത്തുനിന്ന് എനിക്കെന്തു കിട്ടും. അത് ആഹാരത്തിന്റെ രൂപത്തിലായാലും ശരി, വരുമാനത്തിന്റെ രൂപത്തിലായാലും ശരി. ഏത് കാര്യത്തിലും, ചെടി നിർത്തുന്ന കാര്യത്തിലും ഇതുകൊണ്ട് എന്ത് പ്രയോജനം സാമ്പത്തികമായി എന്ന ചിന്തയാണ്.

പക്ഷെ അടുത്ത കാലത്തായി അതിന് മാറ്റം വരുന്നുണ്ട്. സാർ പറഞ്ഞ പോലെ പലരും മെയിൽ വഴി ഫോട്ടോ അയച്ചു തരും. ഇങ്ങനെ ഒരു മരം ഞങ്ങളുടെ അടുത്ത് നിൽപ്പുണ്ട്, വെട്ടിക്കളയണോ, നിർത്തണോ, ശല്യമുള്ളതാണോ എന്തെങ്കിലും പ്രയോജനം ഉള്ളതാണോ.. ഇങ്ങനെ ചിന്തിക്കാൻ ഒരു താത്പര്യം ആളുകൾക്ക് ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ചെമ്മരം. അത്ര സാധാരണമല്ലാത്ത ഒരു മരമാണ്. അതിപ്പോ അങ്ങനെ കാണാറില്ല. ഒരു വീട്ടുകാർ ചോദിച്ചു. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് നിൽപ്പുണ്ട് അത് നിർത്തണോ. നമ്മളവരോട് പറഞ്ഞു, ഇന്ന മരമാണ്, ഇന്ന ഇന്ന ഗുണങ്ങൾ ഉണ്ട്. നിങ്ങൾ കഴിയുന്നത്ര നിർത്താൻ ശ്രമിക്കുമെങ്കിൽ അത് തന്നെയാണ് നല്ലത്. അതേ സമയം തൈകൾ ഉണ്ടാക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ ഭാവിയിൽ മറ്റു പലയിടത്തും ഇത് വരുമല്ലോ എന്ന്.

ചെമ്മരത്തിന്റെ ഗുണമെന്താണ്.
പല നാട്ടുവൈദ്യങ്ങളിലും അതിന്റെ തൊലി ഉപയോഗിക്കുന്നുണ്ട്. അത് വച്ചിട്ടുള്ള മരുന്നുകൾ തയ്യാറാക്കുന്നുണ്ട്.
സ്കൂൾ വിദ്യാർത്ഥികളുടെ കാര്യത്തിലും നമ്മൾ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. സ്ഥാപനത്തിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പല പരിപാടികളും നടത്താറുണ്ട്. അത്ഭുതപ്പെടുത്തുന്നതും അതേസമയം വളരെ സന്തോഷമുള്ളതുമായ കാര്യം എന്താന്നു വച്ചാൽ മുതിർന്ന തലമുറയെക്കാൾ ഈ കാര്യത്തിൽ അറിവും താത്പര്യവും ഉള്ളവരാണ് സ്കൂൾ വിദ്യാർത്ഥികൾ. ഞങ്ങൾ അവർക്ക് ക്വിസ് അല്ലെങ്കിൽ ചോദ്യാവലിയായിട്ട് കൊടുക്കുമ്പോ ഇവയ്ക്കൊക്കെ ഇന്ന ഇന്ന പ്രാധാന്യമുണ്ടെന്നും സംരക്ഷിക്കേണ്ടതാണെന്നും ജൈവ വൈവിധ്യവും, പശ്ചിമഘട്ടവും എല്ലാം അവർക്ക് പ്രിയപ്പെട്ട വിഷയങ്ങളാണ്. വരുന്ന തലമുറ ഇതിൽ കുറച്ചു കൂടി ശുഷ്കാന്തി ഉള്ളവരായിരിക്കും എന്നാണ് ഇപ്പോ നമുക്ക് കിട്ടിയിരിക്കുന്ന ഫീഡ്ബാക്ക്.
പ്രസവ ശുശ്രൂഷയിൽ വേതുവെള്ളം തിളപ്പിക്കുക എന്നൊരു രീതിയുണ്ട്. അതില് കാപ്പി, പൂവരശ് ഈ രണ്ട് ഇല ഞാൻ ഓർമിക്കുന്നു. ഒരുപാട് ഇല, പ്ലാവില ഒക്കെ ഇട്ട് ചെയ്യുമായിരുന്നു.
അന്ന് നാട്ടിൽ ഉള്ള സാധനങ്ങൾ നോക്കി എടുക്കുന്നതാണ്. പക്ഷെ കരിഞ്ഞോട്ട പണ്ട് കാലത്തു ധാരാളമായി വേതിന് ഉപയോഗിച്ചിരുന്നു.

കരിഞ്ഞോട്ട എന്ന മരത്തെക്കുറിച്ച് ഞാൻ കേൾക്കുന്നത് മൂന്നു വർഷം മുൻപ് ഏതൊ ഒരു ഫീച്ചർ ഈ കാടിനെക്കുറിച്ച് വന്നപ്പോ, വൈക്കത്തു നിന്ന് എന്റെ ഒരു സുഹൃത്തിന്റെ ജേഷ്ടൻ കുട്ടൻ ചേട്ടൻ അദ്ദേഹം വിളിച്ചിട്ട് പറഞ്ഞത് അവിടെ 150 വർഷം പഴക്കമുള്ള തടി കൊണ്ടുള്ള വീടു പൊളിച്ചപ്പോൾ അതിന്റെ ചുവട്ടിൽ നിറയെ കരിഞ്ഞോട്ടയുടെ ഇല അടുക്കി വച്ചിരിക്കുകയാണെന്ന്, ചിതലു പിടിക്കാതിരിക്കാൻ. അന്ന് സാറിനോട് ഞാൻ ചോദിച്ചിരുന്നു. ഈ മരത്തിന്റെ വിത്ത് അടൂര് പോയി കൊണ്ടുവന്നു. ഒന്നും കിളിർത്തില്ല. സാറിന്റെ ഓഫീസിൽ ഇതിന്റെ തൈ നിറയെ നിൽക്കുന്നത് കണ്ടിട്ടുണ്ട്. അവിടുന്നാണ് പിന്നെ ഒന്നോ രണ്ടോ തൈ വാങ്ങിയത്. ഇതെല്ലാം കഴിഞ്ഞ് എന്റെ ചേച്ചിയുടെ വീട്ടിൽ ചെന്നപ്പോ അവിടെ നാല് കരിഞ്ഞോട്ട നിൽപ്പുണ്ട്. ഞാനാ കരിഞ്ഞോട്ടയുടെ ചുവട്ടിലൂടെ 35-40 വർഷമായി നടന്നു കൊണ്ടിരിക്കുകയാണ്. കരിഞ്ഞോട്ടയുടെ പൂവും കായും കണ്ടാൽ ഒരിക്കലും മറക്കില്ല. കൊറോണ വൈറസ് പോലെ ഇരിക്കുന്നു.

ഞങ്ങൾ ചെയ്യുന്ന ഒരു പ്രധാന റോൾ അതാണ്. പരിചയമില്ലാത്ത ചെടികളെ ആളുകൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നത്. സാർ പറയും പോലെ ഇത് കരിഞ്ഞോട്ടയാണെന്ന് പരിചയപ്പെടുത്തി കൊടുക്കുമ്പോ പലരും അത്ഭുതത്തോടെ ഞങ്ങൾക്ക് അറിയില്ലായിരുന്നു എന്ന് പറയും. മരോട്ടി പോലും ഒത്തിരിപ്പേർക്ക് അറിയില്ല. അപ്പോ ജനങ്ങളെ ഇന്നത് ഇന്നതാണ് എന്ന് അറിയിക്കുക എന്നൊരു കർത്തവ്യം കൂടി ശാസ്ത്ര ലോകത്തിന് ഉണ്ട്. ജനങ്ങളെ മാത്രം ഇതിന് കുറ്റം പറയാൻ പറ്റില്ല, പലർക്കും ഇത് സാമ്പത്തികമായി നേട്ടം ഒന്നുമില്ലെങ്കിൽ പോലും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ബോധ്യം ഉണ്ട്. പക്ഷെ എന്താന്ന് അറിയാത്തതു കൊണ്ടാണ് പലരും പലതും വെട്ടിക്കളയുന്നത്.

ഒരു പറമ്പു വാങ്ങിച്ചാൽ വാഴ നടാൻ അല്ലെങ്കിൽ വീടു വയ്ക്കാൻ എന്തിനായാലും പറമ്പു നിരപ്പാക്കുക എന്നുള്ളത് പലർക്കുമുണ്ട്, ഇപ്പോൾ പലരും അരികെ പരിചയമില്ലാത്ത ഒരു മരം നിൽക്കുന്നെങ്കിൽ കൂടി അതവിടെ നിർത്തിക്കൊണ്ട് ബാക്കി കാര്യം ചെയ്യാനാകുമോ എന്ന് ചിന്തിക്കുന്നവരുമുണ്ട്.. അത് വളരെ ഒരു പോസിറ്റീവ് സൈൻ ആണ്.

എന്റെ ഒരു സഹപാഠിയുടെ മകൾ പ്രസവിച്ച സമയത്ത് എനിക്ക് ഒരു ലിസ്റ്റ് അയച്ചു തന്നു. പത്ത് ഇല വേണം എന്ന് പറഞ്ഞ്, അതിൽ ഒമ്പതില ഇവിടെ നിന്നുതന്നെ കിട്ടി. അപ്പോഴാണ് പറഞ്ഞത് ഇത് മൂന്നുദിവസം ചോറിനോട് ചേർത്തു കൊടുക്കാനായിട്ട് ഓരോ പിടി വീതം വേണമെന്ന്. അതിലൊന്ന് പരുത്തി ആയിരുന്നു. ഒന്ന് പൂവരശ്, ഒന്ന് യശങ്ക്. യശങ്ക് പക്ഷേ എന്റെ കൈയ്യിൽ ഇല്ലായിരുന്നു. ഞാൻ വേറെ ഒരിടത്തു പോയി യശങ്കിന്റെ തൈ വാങ്ങി ഇവിടെ കൊണ്ടുവച്ചു. പിന്നൊന്ന് കട്ടകാര മുള്ളായിരുന്നു. ഇവിടെ മൊത്തം നിൽപ്പുണ്ട്, അത് ഭയങ്കര മുള്ളാണെന്ന് പറഞ്ഞ് വെട്ടി ചെറുതാക്കി നിര്ത്തുന്ന സാധനമാണ്. ആ കട്ടകാരയുടെ ഇലയാണ് ഇങ്ങനെ കൊടുത്തതിൽ ഒരു സാധനം. പിന്നെ ബലിപൂവ്, തഴുതാമ അങ്ങനെ മൂന്ന് ഐറ്റം വീതം 30 ദിവസമോ 40 ദിവസമോ കൊടുക്കുന്ന പരിപാടി ആയിരുന്നു.
അതുപോലെ തന്നെ എന്റെ ഭാര്യയ്ക്ക് ഫാറ്റിലിവർ കംപ്ലെയ്ന്റിനെക്കുറിച്ച് ഒരാളോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് തഴുതാമ കഴിക്കാനാണ്.

പണ്ടു തഴുതാമ സ്ഥിരമായി തോരൻ വച്ചു കഴിച്ചു കൊണ്ടിരുന്ന സാധനമാണ്. ഇപ്പോൾ തഴുതാമ കഴിക്കുന്നില്ല, കിട്ടാനുമില്ല. റോഡ് സൈഡിലെ തഴുതാമ ആളുകൾ മൂത്രമൊഴിച്ച് വൃത്തികേടാകുന്നു, തഴുതാമ കിളിർക്കാൻ വളരെ എളുപ്പമാണ്. ഞാൻ ഒരു മൂട് കൊണ്ടു വന്ന് ടെറസ്സിൽ വച്ചിട്ട് ഇതിന്റെ വിത്ത് വീണ് അവിടെ സകല ചെടിച്ചട്ടിയിലും തഴുതാമ, കൈതോന്നി, നിത്യകല്യാണി ഇതെല്ലാം കള പോലെ വളരും. തുമ്പ ഇതൊക്കെ ഒരെണ്ണം ഉണ്ടായാൽ അവിടെ മുഴുവൻ ഉണ്ടാകുന്നുണ്ട്. ഒരെണ്ണം പോലുമില്ലാതെ പറിച്ചു കളഞ്ഞു ചിലതൊക്കെ, തിരുവനന്തപുരത്ത് തുമ്പ മരണാന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. കോട്ടയത്തൊന്നും തുമ്പ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഓണത്തിന് പൂവിടാൻ മാത്രമേ ഉള്ളൂ. ഇവിടെ ആളുകൾ തുമ്പ ഉണ്ടോ എന്നു ചോദിക്കുന്നത് മരണം കഴിയുമ്പോ മാത്രമാണ്. ചിലർക്കൊക്കെ ഞാൻ പറിച്ചു കൊടുക്കാറുണ്ട്. ഇവർ പിന്നെ തുമ്പെയെക്കുറിച്ച് അന്വേഷിക്കുന്നത് അടുത്തയാൾ മരിക്കുമ്പോഴാണ്. നമ്മുടെ പാട്ടിലും കവിതയിലും മറ്റും ഏറ്റവും കൂടുതല് വന്നിട്ടുള്ള ചെടിയാണ് തുമ്പ. പിള്ളേർക്ക് തുമ്പ ഒന്നു കാണണമെങ്കിൽ പോലും ഒരെണ്ണം കാണിച്ചു കൊടുക്കാനാകാത്ത അവസ്ഥയാണ്.

വേറൊന്ന് ഇതിൽനിന്നും മരുന്ന് വേർതിരിച്ച് എടുക്കുന്ന പ്രക്രിയയാണ്. ശരിക്കും ഇതിനൊരു മാർക്കററ് ഇല്ലേ? കേരളത്തിൽ ഇപ്പോഴും ധാരാളമാളുകൾ ആയുർവേദ മരുന്നുകൾ കഴിയ്ക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ആളുകൾക്ക് ഇവ വളർത്താനാവില്ലേ ? ചെടി വയ്ക്കാൻ പറയുമ്പോൾ ഞങ്ങൾക്കിത് കൊണ്ട് എന്തുകിട്ടും എന്നാണ് ചോദിക്കുന്നത്. അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കുപയോഗിക്കുന്നത് അല്ലാതെ ഈ ആയുർവേദ വൈദ്യശാലകൾക്കും മറ്റും കൊടുത്താൽ അതിന് പൈസ കിട്ടാനുള്ള സാധ്യത എന്തുമാത്രമാണ് ഉള്ളത്.

അതൊരു പ്രധാന ചോദ്യമാണ്. ഔഷധ സസ്യ കൃഷിയിലേയ്ക്ക് ഇറങ്ങുമ്പോൾ തീർച്ചയായും അതിന്റെ വിപണന സാധ്യത കൂടി നോക്കേണ്ടതാണ്. ഇല്ലെങ്കിൽ സാമ്പത്തിക നഷ്ടം വരും. അതിന് ഏറ്റവും ഉചിതമായ മാർഗ്ഗം എന്നു പറയുന്നത് കൃഷി തുടങ്ങുന്നതിന് മുൻപ് തന്നെ അത് വാങ്ങാൻ തയ്യാറായ ആളെ കണ്ടുപിടിച്ച് ഒരു ധാരണയിലെത്തിയിട്ടു വേണം ചെയ്യാൻ. ഇപ്പോൾ കേശാരോഗ്യത്തിനുള്ള എണ്ണ കാച്ചുന്ന ഒരാൾ ആണെങ്കിൽ അയാൾക്ക് വേണ്ടത് കയ്യോന്നിയും ബ്രഹ്മിയും നീലഅമരിയും പോലുള്ള സാധനങ്ങൾ ആയിരിക്കും. ആ സാധനങ്ങൾ ഞാൻ പറമ്പിൽ ഉണ്ടാക്കുന്നുണ്ട് അത് താങ്കൾക്ക് തരാം എന്നുള്ള ധാരണ വേണം. അയാൾക്ക് ചുവന്ന കൊടുവേലി കൊണ്ടു കൊടുത്തിട്ട് കാര്യമില്ല. വാങ്ങിക്കില്ല. എപ്പോഴും വാങ്ങുന്ന ആളും നടുന്ന ആളും തമ്മിൽ ഒരു ധാരണയിൽ പോയില്ലെങ്കിൽ നഷ്ടം വരും. റെഗുലർ മാർക്ക് കിട്ടാൻ പ്രയാസമാണ്. പക്ഷേ ഔഷധസസ്യ ബോർഡ് ഈ കാര്യത്തിൽ മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്. മാർക്കറ്റിംഗിന് കൂടുതൽ പ്രാധാന്യം കൊടുക്കാൻ വേണ്ടി. നമ്മുടെ ഔഷധി - സംസ്ഥാന സർക്കാരിന്റെ തന്നെ മരുന്നുനിർമ്മാണ കേന്ദ്രമാണ്. അവിടെ അവരിങ്ങനെ ഫാർമേഴ്സിനെ കൊണ്ടു ചെയ്യിച്ചിട്ട് അവർ തന്നെ അവർക്ക് ആവശ്യമുളളത് വാങ്ങുന്നു.

ഞാനും കേട്ടു, തൃശ്ശൂർ ഒരു കോപ്പറേറ്റീവ് സൊസൈറ്റി. അവർ മരുന്ന് ഔഷധിയ്ക്ക് മരുന്നു സപ്ലൈ ചെയ്യുകയാണ്. ഏതാണ്ട് 400 ഏക്കറിലോ മറ്റോ കൃഷി ചെയ്തിട്ട് ഔഷധിയ്ക്ക് സപ്ലെ ചെയ്യുകയാണ് നല്ല വിലയും കിട്ടുന്നുണ്ട്. ഒരു സംശയം ഉള്ളത് ഔഷധസസ്യ കൃഷിയ്ക്ക് വലിയ വിഷപ്രയോഗങ്ങളൊന്നും വേണ്ടല്ലോ, കുറന്തോട്ടിയൊക്കെ സാധാരണ വളരുന്ന ചെടികളല്ലേ, നാട്ടിൽ നോർമലായി വളരുന്ന ചെടികൾ. അവയ്ക്ക് വലിയ ഒരു സംരക്ഷണമോ പരിരക്ഷണമോ ആവശ്യമുണ്ടോ.

കൊമേഴ്സ്യലായി പോകുമ്പോൾ യീൽഡ് നോക്കുന്നുണ്ട്. നമുക്ക് ഇത്ര കിലോ വേണമെങ്കിൽ എന്തെങ്കിലും വള പ്രയോഗം നടത്തിയാലേ കിട്ടുകയുള്ളൂ.
കുറുന്തോട്ടി വയ്ക്കുന്നവർ കുറുന്തോട്ടി മാത്രം വയ്ക്കും, അപ്പോ കുറുന്തോട്ടിയെ പിടിക്കുന്നവർ എല്ലാം അങ്ങോട്ടു വരും, അങ്ങനെ സംഭവിക്കുന്നുണ്ട്.
ഇപ്പോ സംഭവിക്കുന്നത് പലയിടത്തു നിന്നും ഫ്രീയായിട്ട് കുറുന്തോട്ടി പറിച്ചു കൊണ്ടു കൊടുക്കുകയാണ്. കുറുന്തോട്ടിയുടെ വില ശരിക്കും ആ മെറ്റീരിയലിന്റെ വിലയേക്കാൾ കൂടുതൽ ആ തൊഴിലെടുക്കുന്ന ആളിന്റെ കൂലിയും അതിനുള്ള ചിലവും എല്ലാകൂടി ചേർത്തിട്ടാണ് ഒരു കിലോ കുറുന്തോട്ടി വേരിന്റെ വില തീരുമാനിക്കാൻ. കുറുന്താട്ടി പലരും നേരിട്ട് പ്രകൃതിയിൽ നിന്ന്, വന്യാവസ്ഥയിൽ നിന്ന് എടുക്കുന്നതാണ്. അപ്പോ അതിന്റെ അല്ല വില. നമ്മൾ നട്ടുണ്ടാക്കിക്കഴിയുമ്പോൾ ആ റേറ്റിന് വ്യത്യാസം ഉണ്ട്.

സാർ, പണ്ട് നമ്മൾക്ക് പണ്ട് തൊട്ടേ അറിയാവുന്ന ചെടികളാണ് കുറന്തോട്ടിയും തൊട്ടാവാടിയുമൊക്കെ. കുറുന്തോട്ടി ഇപ്പോൾ എവിടെയങ്കിലും ഉണ്ടോ ഞാനിപ്പാൾ ഇവിടെ കുറച്ചേ കാണുന്നുള്ളൂ. മറ്റത് നമ്മൾ നടക്കുന്ന വഴിയിലൊക്കെ കാണാമായിരുന്നു.

ഇപ്പോൾ വളരെ കുറഞ്ഞു. ഒരുപാട് കുറഞ്ഞു. വൻഡിമാന്റ് ഉള്ള ഒരു സാധനമാണ്. വിവിധ ആയുർവേദ നിർമ്മാണത്തിന് ആവശ്യമുള്ള സാധനമാണ്. ടൺ കണക്കിന് സാധനം ശേഖരിക്കപ്പെടുന്നുണ്ട്. ആരും പകരം നടാത്തതാണ് അതിന്റെ അളവ് കുറയ്ക്കുന്നത്.

ഞാനൊരിക്കൽ തൊടുപുഴ ധന്വന്തരി വൈദ്യശാലയിൽ പോയപ്പോൾ അവർ മരുന്നു ഉണ്ടാക്കുന്നത് കണ്ടു. ക്ഷീരബല 101 ആവർത്തിച്ചത്.
കുറുന്തോട്ടിയുടെ സംസ്കൃത പദം ബലയാണ്.

1 കിലോ എണ്ണയിൽ 1 കിലോ കുറുന്തോട്ടി അരച്ചതും പാലും കൂടി ഇട്ടിട്ട് അത് വറ്റിച്ച് ഒരു കിലോ ആക്കി നിർത്തുകയാണ്. എന്നിട്ട് 1 എന്ന് ബോർഡ് വയ്ക്കും. ഇങ്ങനെ 101 ദിവസം ചെയ്യും. 101 ാം ദിവസം ഒരു കിലോ എണ്ണ മാത്രമേ കാണുകയുള്ളു. സത്ത് മുഴുവൻ ഇറങ്ങിയിട്ടുണ്ടാകും. ചേർത്ത് കൊണ്ടിരിക്കുന്നത് 100 കിലോ കുറുന്തോട്ടിയും 100 കിലോ പാലും ആണ്. പക്ഷെ അവസാനം എടുക്കുമ്പോൾ എണ്ണ മാത്രമേ കാണുകയുള്ളു. അങ്ങനെ വറ്റിച്ച് എടുക്കുന്ന മരുന്നാണ്. അതിന് ഭയങ്കര വിലയാണ്. ഞങ്ങൾ ഞങ്ങളുടെ രോഗികളെ ചികിത്സിക്കാൻ മാത്രമേ ഉപയോഗിക്കൂ. വിൽപനയ്ക്ക് ഇല്ല എന്നുപറഞ്ഞു. വാതത്തിന് നല്ല മരുന്നാണ്. ഇപ്പോൾ അത്തരം മരുന്നുകൾ ഉണ്ടാക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്.
കിട്ടത്തില്ല, യഥാർത്ഥമായി സാധനം കിട്ടാത്തതു കൊണ്ട്. അത് ആയുർവേദ മേഖല നേരിടുന്ന പ്രതിസന്ധി തന്നെയാണ്.
പിന്നെ ഈ ചെടികളുടെ വളർച്ച, സ്ഥലം മാറുന്നതിന് അനുസരിച്ച് വളർച്ചയ്ക്ക് വ്യത്യാസം വരുമോ. ഞാൻ കുറുന്തോട്ടി കണ്ടിട്ടുള്ളത് നിലംപറ്റെ കിടക്കുന്നതാണ്. കിടങ്ങൂർ അമ്പലത്തിൽ ഒരു തൂണുണ്ട്. അത് കുറന്തോട്ടി കൊണ്ട് തീർത്തതാണ് എന്നാണ് പറയുന്നത്. ഒരൊറ്റത്തൂണ്. കാട്ടിൽ വളരുമ്പോൾ ഇത് വളരെ വലുതാകുമോ ?

ഇല്ല വളരില്ല. കുറുന്തോട്ടി എന്തായാലും തടിയാകില്ല. അതൊരു വുഡ് പ്ലാന്റ് ആയി ഒരിക്കലും വരില്ല. ഈയിടെ കണ്ണൂര് പോയപ്പോൾ ഇലന്തപ്പഴം വലിയ മരമായി നിൽക്കുന്നത് കണ്ടു. വളരെ വലിയ മരമായി തേക്ക് നിൽക്കുന്നതു പോലെ ഒരു ഹോട്ടലിന്റെ മുന്നിൽ നിൽക്കുന്നതു കണ്ടു. പക്ഷെ ഇവിടെയൊക്കെ ഇലന്ത ചെറുതാണ്. മുള്ളുള്ളതു കൊണ്ട് വെട്ടിക്കളയുന്നത് കൊണ്ടാണോ.

രണ്ട് ഇലന്തയാണ് ഉള്ളത് കാട്ട് ഇലന്തയാണ് ഈ മുള്ളുള്ള ക്ലൈമ്പിങ്ങ് സാധാനം. ഇലന്തപ്പഴം എന്നു പറഞ്ഞ് വളർത്തുന്ന ഒരു ട്രീ തന്നെയുണ്ട്. ഇലന്തപ്പഴത്തിന് ട്രീ ഫോം ഉണ്ട്. അതിന്റെയാണ് വുഡ് കണ്ടത്. നമ്മുടെ നാട്ടിലുള്ളത് സിസഫസ് ഈനോപ്ലിയ (Ziziphus oenoplia) എന്നു പറയുന്ന മുള്ളുള്ള ഇഞ്ച പോലെ പടർന്നു കയറുന്ന സാധനമാണ്. സിസഫസ് ജുജുബയാണ് (Ziziphus jujuba) ഇലന്തമരം ആയി വളരുന്നത്. അതൊരു മരമാണ്. കുറുന്തോട്ടിയെ സംബന്ധിച്ച് ഇങ്ങനെയൊരു മരത്തിനെ പൊലെ ഒരു സാധനം ഉള്ളതായി അറിവില്ല.

അവിടെ അങ്ങനൊരു സാധനമുണ്ട്. സാർ എപ്പോഴെങ്കിലും അതു വഴി പോകുമ്പോൾ കയറി നോക്കുക. അത് അവിടത്തെ കൂത്തമ്പലം ആണ്. അവിടത്തെ കൂത്തമ്പലത്തിന്റെ പ്രത്യേകത അതിൽ കുറെ കൊത്തുപണി ഉണ്ട്. രാമായണം മുഴുവൻ ചുറ്റോടുചുറ്റും കൊത്തിവച്ചിട്ടുണ്ട്, വളരെ നേരത്തെ പണിത സാധനമാണ്. അതിൽ ഒരു തൂണ് കുറുന്തോട്ടിയിൽ തീർത്ത ഒറ്റത്തൂൺ എന്നാണ് അതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.

സാർ മിയാവാക്കി നമ്മൾ വയ്ക്കുന്നുണ്ടല്ലോ. അതിന്റെ വളർച്ച ഒരോ മൂന്നു മാസം കാണുമ്പോഴും സാർ കണ്ടു കൊണ്ടിരിക്കുകയാണല്ലോ, ഇതിന് വളരെ വലിയ ഒരു വളർച്ച കിട്ടുന്നുണ്ട്. ഇതേ കാലം കൊണ്ട് മറ്റ് സാധാരണ രീതിതിയിൽ വളരുന്ന മരത്തിന് ഉണ്ടാകുന്ന ഗുണങ്ങളൊക്കെ ഇതിന