എന്റെ പുറകിൽ കാണുന്നത് ഒരു വൈക്കോൽ തുറുവാണ്. കച്ചിത്തുറു എന്ന് ഞങ്ങളുടെ നാട്ടിൽ പറയും. ഈ തലമുറയിലുള്ള എത്രപേർ ഈ സാധനം കണ്ടിട്ടുണ്ടെന്ന് അറിയില്ല. കാരണം ഇത് മ്യൂസിയത്തിൽ പോലും കാണാൻ കിട്ടാത്ത അപൂർവ്വ വസ്തുവാണ്. ഞാനിതിലേക്ക് വന്നത് വളരെ യാദൃശ്ചികമായിട്ടാണ്.

ഇവിടെ ഈ പറമ്പ് നിങ്ങൾക്ക് കാണാം, ഇവിടെ മുഴുവൻ പാറയാണ്. ഇതുപോലെ ഇതിന്റെ മുകളിലും പാറയാണ്. ഇതൊക്കെ പിന്നീട് വാങ്ങിച്ചതാണ്. ഇതാദ്യം വാങ്ങിയപ്പോൾ ഇതിന്റെ മുകളിൽ കുറച്ച് മരം വയ്ക്കാൻ എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് കുഴിയെടുത്ത് ചാണകം നിറച്ചിട്ട് മരം വച്ചാൽ ചിലപ്പോൾ മരങ്ങൾ വളരാൻ സാധ്യതയുണ്ടെന്ന് ഒരു തോന്നലുണ്ടായത്. അതിന് ചാണകം ഇറക്കി. ഈ കുന്ന് നേരെ കുത്തനെയുള്ള കുന്നാണ്. അന്ന് വണ്ടി പോലും കയറില്ല. ഇപ്പോഴും ഫോർവീൽ മാത്രമേ ഇവിടെ കയറി വരുകയുള്ളു. കുന്നിൻ മുകളിലേയ്ക്ക് 15000 രൂപയുടെ ചാണകം ചുമന്നപ്പോൾ ചുമട്ടു കൂലി 15000 രൂപയായി. അപ്പോൾ ചുമന്ന ആളുകൾ ചോദിച്ചു, ചേട്ടാ എന്തിനാ ഇങ്ങനെ വെറുതെ കഷ്ടപ്പെടുന്നത്. ഇതിലും എളുപ്പമല്ലേ ഒരു പശുവിനെ മേടിച്ച് മുകളിൽ കെട്ടിയാൽ. ഞങ്ങൾക്കും ഇതിൽ ലാഭമില്ല. ഈ ചുമട് ചുമന്നിട്ട് ചങ്ക് പറിയുകയാണ് എന്ന് പറഞ്ഞു.

അങ്ങനെ അന്നിവിടെ കെയർടേക്കറായിരുന്ന രഘു ചേട്ടനോട് പറഞ്ഞിട്ട് ഒരു ജേഴ്സി പശുവിനെ മേടിച്ച് ഇവിടെ കെട്ടി. അത് പ്രസവിച്ചു കഴിഞ്ഞപ്പോൾ അതിനെ മാനേജ് ചെയ്യാൻ പാടായി, പിടിച്ചാൽ നിൽക്കാത്ത ഒരു പശുവായിരുന്നു. പിന്നെ അതിനെ കൊടുത്തു. ഇനി പശു വേണ്ട എന്നുവച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ നമ്മുടെ ശോശാമ്മ ടീച്ചർ - വെച്ചൂർപശു ഫെയിം- ടീച്ചറിപ്പോ കാനഡയിലാണ്. എല്ലാ വർഷവും കേരളത്തിൽ വന്നു പോകും. ടീച്ചർ കേരളത്തിൽ ഉള്ള സമയത്ത് ടീച്ചറെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാനായി വിളിച്ചു. വെച്ചൂർ പശുവിനെക്കുറിച്ച് അറിയാനായും സംസാരിച്ചു. ടീച്ചർ ചോദിച്ചു എന്തുകൊണ്ട് നിങ്ങൾക്കവിടെ ഒരു പശുവിനെ വളർത്തിക്കൂടാ എന്ന്.
ആദ്യം ഞാനത് തമാശയായി എടുത്തു. പിന്നെ ഞാൻ പറഞ്ഞു ടീച്ചറെ വെച്ചൂർ പശുവിന് വലിയ വിലയാണ്, വെച്ചൂർ പശുവിന് ഏതാണ്ട് 90000 രൂപ മുതല് 1.50 ലക്ഷം രൂപ വരെ വിലയുള്ള സമയമാണ്, അതുകൊണ്ട് അത് നടക്കുകയില്ല എന്ന് പറഞ്ഞപ്പോഴാണ് ഭരണങ്ങാനത്ത്, ചെറുവള്ളിയിൽ ഇവർ ഒരു സെമിനാർ നടത്തി. ആ സെമിനാറിൽ ചെറുവള്ളി പശു എന്നൊരു പശുവിനെ ഇവർ ഐഡന്റിഫൈ ചെയ്തു. അതായത് ചെറുവള്ളി എസ്റ്റേറ്റിലാണ് ആ പശു കൂടുതലായിട്ട് ഉള്ളത്. ഒരു കാടൻപശു, ഈ പശുവിന്റെ കുട്ടിയെ രണ്ടെണ്ണത്തിനെ ഇവിടെ കൊണ്ടുവരാമെന്നു തീരുമാനിച്ചു കൊണ്ടുവന്നു. കൊണ്ടുവന്നപ്പോഴാണ് അതിന്റെ ഏറ്റവും വലിയ പ്രശ്നം ഇതിനെ ബ്രീഡ് ചെയ്യിക്കാനായിട്ട്, ഇതിന് കുട്ടികളുണ്ടാകാനായിട്ട്, ചെറുവള്ളി പശുവിന്റെ വംശം നിലനിർത്തണമെങ്കിൽ ചെറുവള്ളി കാള തന്നെ വേണം. ഈ ചെറുവള്ളി കാളയുടെ സെമന് എങ്ങും കിട്ടാനില്ല. അങ്ങനെ ഒരു ചെറുവള്ളി കാളയെക്കൂടി കൊണ്ടുവന്നു. അങ്ങനെ രണ്ടു പശുവും ഒരു കാളയുമായിട്ട് ഞങ്ങളിവിടെ വളർത്തി.

കൊണ്ടുവന്നപ്പോൾ ഈ രണ്ടു പശുക്കളും ഗർഭിണികൾ ആയിരുന്നു. അങ്ങനെ രണ്ടു പശുക്കളും ഒരു കാളയും ആയിട്ട് പശു വളർത്തൽ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഇതിന്റെയെല്ലാം എണ്ണം പെരുകിയിട്ട് ഇതിനെയെല്ലാം മൂന്നാറിലേക്ക് വിട്ടു. പിന്നെ ഒന്നുരണ്ടു വെച്ചൂർ പശുക്കളെ കൊണ്ടുവന്നു. എല്ലാം കൂടി ഇപ്പോൾ 10 -15 പശുക്കൾ ഉണ്ട്. എല്ലാംകൂടി ഇവിടെ നോക്കാൻ പറ്റില്ല. ഒരു മൂന്നെണ്ണം ഒഴിച്ചുള്ളതിനെ വേറൊരു സ്ഥലത്തേയ്ക്ക് ഉടനെതന്നെ മാറ്റാനുള്ള തയ്യാറെടുപ്പിൽ ഇരിക്കുകയാണ്.

ഞാനിപ്പോൾ അതിനെക്കുറിച്ച് പറയാനല്ല വന്നത്, പശു വളർത്തൽ പ്രോത്സാഹിപ്പിക്കാൻ - കൃഷി ഉണ്ടെങ്കിൽ പശു വളർത്തൽ നല്ലതാണ്. നിങ്ങൾ വേറെ ജോലിയുള്ള ആളുകളാണെങ്കിൽ തന്നത്താനെ പശുവിനെ വളർത്താമെന്ന് വിചാരിക്കരുത്. ഞാനീ പശുവിനെ വളർത്തുന്നു എന്നു പറഞ്ഞാലും എനിക്കു വേണ്ടി വേറെയാളുകളാണ് ഇത് ചെയ്യുന്നത്. അവരത് ആത്മാർത്ഥമായിട്ട് നോക്കുന്നതു കൊണ്ടാണ്. ഇതിനെ കൃത്യസമയത്ത് കുളിപ്പിക്കുകയും ഇതിന്റെ കൂടു വൃത്തിയാക്കലും കറക്കലും അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്. അത് ചെയ്യാൻ ആളില്ലെങ്കിൽ ഒരിക്കലും തന്നത്താനെ ചെയ്യാമെന്ന് വിചാരിക്കരുത്. അല്ലെങ്കിൽ നിങ്ങൾ വളരെ ഫ്രീ ആയിരിക്കണം. നിങ്ങൾക്ക് അത് തന്നെത്താനെ ചെയ്യാനുള്ള സന്നദ്ധതയും സമയവും ഉണ്ടായിരിക്കണം.

പിന്നെ നാടൻ പശുവിന് രണ്ടു ഗുണങ്ങൾ ഉണ്ട്. ഒന്ന് എന്താന്നു വച്ചാൽ ഇതിന് അസുഖം വരാനുള്ള സാധ്യത വളരെ കുറവാണ്. ഇതുവരെ ഇവിടെ വന്ന പശുവിനൊന്നും കുളമ്പു രോഗമൊന്നും വന്നിട്ടില്ല. അതേസമയം ജേഴ്സി പശു വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ രോഗം വരുകയും ചികിത്സ നടത്തുകയും വേണ്ടിവന്നു. ഇതിനൊന്നും ഇതുവരെ ഒന്നും വന്നില്ല.

ഇതുകൂടാതെ ഞങ്ങൾ അട്ടപ്പാടി ആദിവാസികൾ വളർത്തുന്ന അട്ടപ്പാടി ബ്ലാക്ക് എന്ന ഒരിനം ആടിനെ രണ്ടു മൂന്നെണ്ണത്തിനെ കൊണ്ടുവന്നു. അതുപോലെ തലശ്ശേരി നാടൻ ആടിനെയും കൊണ്ടുവന്നു. അതെല്ലാം ഇവിടെ വളരുന്നുണ്ട്. പെറ്റു പെരുകുന്നുമുണ്ട്. ഇതിലൂടെ നമുക്കാവശ്യമായ വളം ഗുണനിലവാരം ഒട്ടും കുറയാതെ കിട്ടുന്നുണ്ട്.

ചാണകം ഒരുപാട് ഉണങ്ങിക്കഴിഞ്ഞാൽ അതിനകത്തെ മൈക്രോബ്സ് സൂക്ഷ്മജീവികൾ ഇല്ലാതാകും. എന്തുകൊണ്ട് നാടൻപശുവിന്റെ ചാണകം നല്ലതെന്നു പറയുന്നു എന്നു വച്ചാൽ ഒരോ തവണയും നാടൻ പശുവിന്റെ വയറ്റിൽ നിന്ന് ചാണകം വരുമ്പോൾ കോടിക്കണക്കിന് മൈക്രോബ്സ് പുറത്തു വരുന്നുണ്ട്. ഈ മൈക്രോബ്സൊന്നും ഓസ്ട്രേലിയൻ പശുക്കൾക്കോ, സ്വിസ് പശുക്കൾക്കോ വരുന്നില്ല. മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നത് ഈ മൈക്രോബ്സ് മണ്ണിൽ പ്രവര്ത്തിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ ചാണകം വളരെ കൂടുതൽ ഉണക്കരുത്. ചാണകം വളരെ ചെറിയ നനവോടു കൂടി തന്നെ ഉണക്കി ആ വെള്ളം പൂർണ്ണമായും വറ്റാതെ വേണം പറമ്പിലിടാനെന്നാണ് ജൈവ കർഷകരും ജൈവ വിദഗ്ധരുമൊക്കെ പറയുന്നത്.

അങ്ങനെ ചെയ്യണമെങ്കിൽ നിങ്ങൾക്ക് പശു ഉണ്ടായിരിക്കണം, ചാണകം ഉണ്ടായിരിക്കണം ഗോമൂത്രം ഉണ്ടായിരിക്കണം, ഇതോടൊപ്പം തന്നെ നമുക്ക് ഇവിടെ ഗോബർഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ പറ്റിയിട്ടുണ്ട്. അത്യാവശ്യം വെള്ളം തിളപ്പിക്കാനുള്ള ഗ്യാസ് അതിൽ നിന്നും കിട്ടും. ശരിക്കും ഈ പരിപാടിയിൽ ഞാൻ പറയാൻ പ്രധാനമായും ഉദ്ദേശിച്ചത് പശുവിന്റെ കൂടിന്റെ ഡിസൈൻ ആണ്. രണ്ടുകൊല്ലം മുൻപ് ഒരു ആർക്കിടെക്റ്റുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പശുക്കൂട് പണിത് കൊടുത്തിട്ട് പശുവിന് കാറ്റ് കിട്ടാനായി ഫാൻ വച്ചു കൊടുത്തുവെന്ന്. അതിപ്പോ ഒരുപാട് സ്ഥലത്ത് ചെയ്യുന്നുണ്ട്. വലിയ ഗോശാല ചെയ്തിട്ട് എയർകണ്ടീഷൻ ചെയ്യുന്നുണ്ട്. ഇത് ഓരോ സ്ഥലത്തേയും ശൈലിയാണ്.

ഇവിടെ എന്റെ സുഹൃത്ത് സുധീറാണ് ഡിസൈൻ ചെയ്തത്. ഇവിടെ ഒരു കാറ്റാടി കൊണ്ടുവന്ന് ഈ മാവിൽ കെട്ടി വച്ചു. കാറ്റാടി കറങ്ങുന്ന ദിശ നോക്കിയിട്ട് അദ്ദേഹം ഇവിടത്തെ കാറ്റിന്റെ പാത നിശ്ചയിച്ചു. എന്നിട്ട് മൂന്നു പശുക്കൂട് ഡിസൈൻ ചെയ്തു. മൂന്നു പശുക്കൂടിലും അരഭിത്തി മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം തുറന്ന് കിടക്കുകയാണ്. ഇവിടെ നിർബന്ധിതമായി വെട്ടേണ്ടതല്ലാത്ത ഒരു മരവും വെട്ടിയിട്ടില്ല. ബാക്കി മരങ്ങളൊക്കെ ഇവിടെത്തന്നെയുണ്ട്. അങ്ങനെ ഇതിന് ചുറ്റും സ്വാഭാവികമായി ഒരു തണൽ ഉണ്ടായി.

പാറയായിട്ട് കിടന്ന സൈഡിൽ വാഴ, ചേമ്പ് ഇതൊക്കെ വച്ചിട്ട് ആ സൈഡിലുള്ള ചൂടും കുറഞ്ഞിട്ടുണ്ട്. ഇനി വീണ്ടും മരങ്ങൾ ഇവിടെ വരുന്നുണ്ട്. ഒരു സ്വാഭാവികപരിസരം ഇവിടെയുണ്ട്. പശുക്കൾക്ക് വലിയ പ്രശ്നമില്ലാത്ത ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടുണ്ട്. ഈ ചൂടിന്റെ കാര്യത്തിൽ.

കൃത്രിമമായി നമ്മളൊരു പശുക്കൂട് തണുപ്പിക്കുന്നതിനേക്കാൾ നല്ലത് ആ പശുക്കൂട് തുറന്നിടുകയാണെങ്കിൽ -ഇവിടെ പശുക്കൂട് തുറന്നിട്ടിരിക്കുകയാണ്- കാറ്റും വെളിച്ചവുമൊക്കെ സ്വാഭാവികമായിട്ട് അതിലേക്ക് പോകുന്ന തരത്തിലുള്ള ഡിസൈനാണ് ഇത് ഫോളോ ചെയ്യുന്നത്. അതു കൊണ്ടാണ് ഇവിടെ വലിയ അസുഖങ്ങളൊന്നും ഇല്ലാതെയും വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെയും ഇവർ ജീവിക്കുന്നത് എന്നാണ് വിശ്വസിക്കുന്നത്.

ഇനി ഇതിന്റെ ഡിസൈനുകളെക്കുറിച്ചു പറയുമ്പോൾ പലരും ഇതിന്റെ ഡിസൈൻ അയച്ചുതരാമോ എന്നു ചോദിക്കും. അവരോട് പറയാനുള്ളത് ഞാനൊരു ഡിസൈനറല്ല, ഞാനൊരു ആർക്കിടെക്ടല്ല. എന്റെ വിഷയം ജേണലിസവും നിയമവുമാണ്. ഞാൻ സാധാരണ ചെയ്യുന്നത് അത് അറിയാവുന്നവരെ ഏൽപ്പിക്കുക എന്നുള്ളതാണ്. അതുകൊണ്ട് നിങ്ങളിതിൽ ചെയ്യേണ്ടത് ഒരു ആർക്കിടെക്ടിനെ തന്നെ കണ്ടുപിടിക്കണം. കാരണം ഒരു ആർക്കിടെക്ട് ആ മേഖലയിൽ രാവിലെ മുതൽ വൈകിട്ടുവരെ ജോലി ചെയ്യുന്ന ആളാണ്. അങ്ങനൊരാളെ കണ്ടുപിടിക്കുക, നിങ്ങളുടെ ആവശ്യം എന്താണെന്നു കൃത്യമായി പറഞ്ഞു മനസ്സിലാക്കണം. പറഞ്ഞു മനസ്സിലാക്കിയാൽ അത് ചെയ്യാൻ സ്ത്രീ ആയാലും പുരുഷനായാലും നിങ്ങൾക്ക് വേണ്ടത് ചെയ്ത് തരാൻ പറ്റും.

നിങ്ങളും ആർക്കിടെക്റ്റുമായുള്ള ആശയവിനിമയം എങ്ങനെ എന്നുള്ളതാണ്. ഞാനൊരു വീടു വയ്ക്കാൻ പോകുകയാണ്, നിങ്ങളെനിക്ക് അങ്ങനെ ചെയ്തു തരു, ഇങ്ങനെ ചെയ്തു തരൂ എന്നുപറഞ്ഞാൽ അവർക്കത് കൃത്യമായിട്ട് ചെയ്തുതരാൻ പറ്റിയെന്നു വരില്ല. വളരെ സൂക്ഷ്മമായിട്ട് നിങ്ങളുടെ ആവശ്യം അവരെ ധരിപ്പിക്കണം. നല്ലൊരു മേസ്തിരി ആണെങ്കിലും നല്ലൊരു ആർക്കിടെക്ട് ആണെങ്കിലും നന്നായി ചെയ്തുതരാൻ ആ ഒരു വിവരം ആവശ്യമാണ്. അതുകൊണ്ട് നമ്മൾ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് എന്താണ് നമ്മുടെ ഉദ്ദേശം, നമ്മുടെ ആവശ്യം എന്നു പറയുക, പിന്നെ നമ്മുടെ കൈയ്യിൽ ലഭ്യമായ സ്ഥലം കാണിച്ചുകൊടുക്കുക. ഇതിനെ മനോഹരമായി ചെയ്തുതരാൻ എന്താണ് വേണ്ടതെന്ന് അവരോട് ചോദിക്കുക. അവർക്കത് ചെയ്തുതരാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യിക്കുന്നതായിരിക്കും എപ്പോഴും പ്രായോഗികം.