ഞാനിപ്പോൾ പുളിയറക്കോണത്തെ മിയാവാക്കി ഫോറസ്റ്റിന് താഴെ ഇരിക്കുകയാണ്. നമ്മൾ കുറെ തവണ പറഞ്ഞിട്ടും ആളുകൾക്ക് സംശയം തീരാത്ത കാര്യമാണ് മണ്ണ് എങ്ങനെ ഫില്ല് ചെയ്യണം, എന്തിനാണ് ഇത്ര മണ്ണ്, എന്താണ് ഇത്ര ചെലവ് എന്നുളളത്. അതൊന്ന് ബോധ്യപ്പെടുത്താനായിട്ട് ഞാനിവിടെ ഒരു കുഴി കുഴിച്ചിരിക്കുകയാണ്. ഞാനല്ല കുഴിച്ചത്. കുഴിച്ചു തരുകയാണ്. ഇത്തരം ഒരു കുഴി കുഴിയ്ക്കാനുള്ള ആരോഗ്യം എനിക്കില്ല.

ഇത് 1 മീറ്റർ നീളവും വീതിയും ആഴവുമുള്ള ഒരു കുഴിയാണ്. ഈ പ്രദേശത്തിന്റെ പ്രത്യേകത, മുഴുവൻ കല്ലാണ്. ഈ കല്ലു മുഴുവൻ ഇതിൽ നിന്നും പെറുക്കി ഇവിടെ ഇട്ടതാണ്. കല്ലുള്ളതു കൊണ്ടാണ് ഇത്രേം കുഴിക്കേണ്ടി വന്നത്. അല്ലെങ്കിൽ സാധാരണ മണ്ണ് ഇളക്കിയിട്ട് അതിലേക്ക് ചാണകവും മണ്ണുമൊക്കെ ചേർക്കുകയാണ് പതിവ്. പക്ഷെ ഇത്രേം കല്ലുള്ള പ്രദേശമാണെങ്കിൽ ഇത് നോക്കി ക്കൊള്ളണം. ഇത്രേം ഇട്ടു കഴിഞ്ഞാൽ പിന്നെ കല്ലിനിടയിൽ കൂടി വേര് പോകാനുള്ളൊരു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് നമ്മൾ ആ ഭാഗത്ത് ആ കല്ല് മാറ്റിയിട്ട് മണ്ണും, ചാണകവും, ചകിരിച്ചോറും കൂടെ മിക്സ് ചെയ്ത് നിറയ്ക്കുകയാണ്.

സാധാഗണ ഗതിയിൽ ഇതിന്റെ ഒരു അരഭാഗം ഇളകിയ മണ്ണു തന്നെ ഇടാം. ബാക്കിയുള്ള അരഭാഗത്താണ് ചാണകവും ചകിരിച്ചോറും എല്ലാം കൂടി മിക്സ് ചെയ്ത് ഇടുന്നത്. ഇത് കാണുമ്പോൾ അറിയാം ഏകദേശം മുപ്പതു നാൽപതു കുട്ടയെങ്കിലും ഇതിനകത്ത് കൊള്ളും. ഈ കുഴിയുടെ ലെവലിൽ മുകളിൽ നിൽക്കണം മണ്ണ്. അത്രയും മണ്ണ് നിറയ്ക്കണം. ഇവിടെ ചെയ്യുന്നത് ചാണകം, ചകിരിച്ചോറ്, ഉമി – ഉമി ഇല്ലാത്തിടത്താണെങ്കിൽ തടിയുടെ ചീൾ. ഇതു മൂന്നും തുല്യമായിട്ട് മിക്സ് ചെയ്യും. അതിനോടൊപ്പം മണ്ണും മിക്സ് ചെയ്യും. ഇവിടെ മണ്ണും മിക്സ് ചെയ്ത് ഇട്ടു കഴിഞ്ഞാലും ഇതിന്റെ പകുതിവരെ എത്തുകയുള്ളു. അത്രയും നിറയ്ക്കുക പ്രായോഗിക ബുദ്ധിമുട്ടാണ്. അപ്പോൾ ഇതിൽ നിന്നെടുത്ത നല്ല മണ്ണു തന്നെ അതിന്റെ പകുതി ഭാഗം നിറയ്ക്കുക. ബാക്കി പകുതി ഭാഗത്തേയ്ക്ക് ഈ ചാണകവും ചകിരിച്ചോറും എല്ലാം ഇടുക.

ഇനി ഇതുപോലെ കല്ലില്ലെങ്കിൽ പ്രയാസപ്പെടണ്ട. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ജെസിബി ഉപയോഗിച്ച് ഇതിന്റെ മുകളില് 1 മീറ്റർ ആഴത്തിൽ നന്നായി ഇളക്കുക. ശേഷം അരമീറ്റർ സ്ഥലത്തെ മണ്ണുമാറ്റുക. ബാക്കി അരമീറ്ററിലേക്ക് ചകിരിച്ചോറും ചാണകവുമൊക്കെ ഇട്ടിട്ട് മിക്സ് ചെയ്ത് ആ ജെസിബി കൊണ്ടുതന്നെ നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക. 1 സ്ക്വയർ മീറ്റർ എന്നു പറയുമ്പോൾ 10 സ്ക്വയർ ഫീറ്റാണ്. നമ്മൾ 1 സ്ക്വയർ മീറ്ററിൽ ചെടി വെക്കാൻ കൊമേഴ്ഷ്യലായി ചെയ്യുമ്പോൾ വരുന്ന ചിലവ് 395 രൂപയാണ്. കേരളത്തിലെ ലേബർ ചാർജ്ജുമൊക്കെ വച്ചാണ് ആ ചിലവ് വരുന്നത്. കേരളത്തിനുപുറത്ത് ബാംഗ്ലൂരിലൊക്കെ അവർ 450 രൂപയൊ അതിലധികമൊ ഒക്കെയാണ് ചാർജ്ജ് ചെയ്യുന്നത്. ഇതിനകത്ത് ചകിരിച്ചോറ്, ചാണകം, ഉമി ഇതെല്ലാം കൃത്യമായി ചേർക്കുകയാണെങ്കിൽ ഇത്രയും ചെലവ് വരും.
ഇത് നിറയ്ക്കാൻ മാത്രമല്ല ചെലവ്. നേരത്തെ നമ്മൾ പറഞ്ഞ പോലെ ഗ്രോ ബാഗിൽ ഒരു ചെടി വളർത്താൻ ചെലവുണ്ട്. ഒരു ഗ്രോ ബാഗിൽ 3 കിലോ ഇതുപോലെ ചാണകവും, ചകിരിച്ചോറും ഉമി, മണ്ണ് ഇതെല്ലാം ചേർന്ന മിശ്രിതം കൊള്ളും. 3 കിലോ മിശ്രിതത്തിന് ഇപ്പോഴത്തെ മാർക്കറ്റ് പ്രൈസ് ഏറ്റവും കുറഞ്ഞത് ഒരു 65 രൂപയാകും. അതിന്റെ കൂടെ ഒരു ഗ്രോബാഗിന് ഒരു 15 രൂപയെങ്കിലും ആകും. ബൾക്കായിട്ട് വാങ്ങുമ്പോൾ 15 രൂപയ്ക്ക് കിട്ടും. ആ 65 ഉം 15 ഉം ചേർത്ത് 80 രൂപയാകും ആ ബാഗിന് തന്നെ. അതിൽ ഒരു തൈ - 30 രൂപ മുതൽ 70 രൂപ വരെയാണ് വലിപ്പം

അനുസരിച്ച് തൈകളുടെ വില. ഈ തൈകൾ 3 മാസം മുതൽ 4 മാസം വരെ, ഏറ്റവും കുറഞ്ഞത് രണ്ടര മാസം വരെയെങ്കിലും ആ ബാഗിൽ വളര്ത്തണം. അത്തരത്തിലുള്ള 4 ചെടികളാണ് 1 സ്ക്വയർ മീറ്ററിൽ വെക്കുന്നത്. നിറയ്ക്കലും ചെടി വെക്കലും ഈ കാര്യങ്ങളെല്ലാം കൂട്ടി വരുമ്പോൾ ഇതിന് വരുന്ന ചെലവ് കൊമേഴ്ഷ്യലി ഏകദേശം 395 രൂപയാണ്. അതിൽ നമ്മുടെ ലേബർ വലിയ ഒരു ഘടകമാണ്. കാരണം ഈ ചാണകവും ചകിരിച്ചോറുമെല്ലാം പലഭാഗത്തു നിന്നും കൊണ്ടു വരണം. ഇതൊക്കെ നിങ്ങൾക്ക് സ്വന്തമായിട്ട് ഉണ്ടെങ്കിൽ ചെലവ് കുറെ കൂടെ കുറഞ്ഞിരിക്കും. ഇതാണ് കുഴി നിറയ്ക്കുന്നതിന്റെ രീതിയും ചെലവും.