ഭൂമിയിലെ ആദ്യത്തെ കൃഷിക്കാർ ആരാണ്, നമുക്കെല്ലാം അറിയാവുന്ന ആളു തന്നെയാണ്, ചിതലാണ്. നിങ്ങൾക്ക് എത്രപേർക്ക് ഇതറിയാം എന്നറിയില്ല, എനിക്കിന്നു രാവിലെ വരെ അറിയില്ലായിരുന്നു. ഇന്നിതറിയാൻ ഒരു പ്രത്യേക കാരണം ഉണ്ട്. ഇവിടെ എന്റെ ഈ പറമ്പിന്റെ ഒരു ഭാഗത്ത് കഴിഞ്ഞ നാലു വർഷമായി ഒരേ ദിവസം കൂണു മുളയ്ക്കുന്ന ഒരു സംഗതി ഉണ്ടായിരുന്നു. ഇത് നാലാം വർഷമാണ്.

ഒക്ടോബർ 28 ാം തീയതി ആണ് നേരത്തെ കൂണു മുളച്ചു കൊണ്ടിരുന്നത്. 2017, 18, 19 ലും, അതേ ദിവസം തന്നെ കൂണു മുളയ്ക്കുകയും ആ ദിവസം തന്നെ ഞാനിത് ഫെയ്സ് ബുക്കിലിടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ഞാനിതേപ്പറ്റി ഒരു വീഡിയോ ചെയ്യുകയും ചെയ്തു. പറമ്പിൽ പ്രകൃതിയുടെ ഒരു ഘടികാരം ഇങ്ങനെയുണ്ട് എന്നു കാണിക്കാനായിട്ട്, പക്ഷെ ഇത്തവണ രണ്ട് ദിവസം താമസിച്ചാണ് വന്നത്. ഇന്നലെയാണ് ഇവിടെ മുളച്ചത്. ഇന്നു 30ാം തീയതി രാവിലെയാണ് ഞങ്ങളിത് റെക്കോർഡ് ചെയ്യുന്നത്. ഇന്നലെ വൈകുന്നേരമായപ്പോൾ എല്ലാം നിരന്നു. ഇന്ന് എല്ലാം പൂർണ്ണമായി വിരിഞ്ഞുനിൽക്കുകയാണ്.

ഈ വർഷം ലീപ്പ് ഇയർ ആയതിനാൽ 27 ാം തീയതി ഒരു ദിവസം മുമ്പേവരും എന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ രണ്ടു ദിവസം താമസിച്ചാണ് വന്നത്. എന്താണ് അതിന്റെ കാര്യം എന്നു അറിയില്ല. ഇത് കൃത്യമായിട്ട് ഇതേ ദിവസം വരും എന്നാണ് കഴിഞ്ഞ വർഷം വരെ ഞങ്ങൾ വിശ്വസിച്ചിരുന്നത്. ഇപ്പോൾ ഞങ്ങളുടെ വിശ്വാസത്തിലൊരു ചെറിയ മാറ്റം, അങ്ങോട്ടുമിങ്ങോട്ടും ഇത് മാറാം എന്നൊരു മട്ടിലായി.
ഇനി പ്രകൃതിയിലെ ആദ്യത്തെ കൃഷിക്കാരൻ ചിതലാണെന്നുള്ളത് പറയാം. യഥാര്ത്ഥത്തിൽ ഫംഗസാണ് കൂണുകൾ. ഈ ഫംഗികളെ, കൂണിന്റെ വിത്തുകളെ നമ്മുടെ ചിതല് കൊണ്ടുപോയി മണ്ണിന്റെ അടിയിൽ വയ്ക്കുകയാണ്. ചിതലിന്റെ കോളനി ഉണ്ട്, ചിതൽപ്പുറ്റ്. ഇത് മണ്ണിനടിയിലും ഉണ്ടാകാറുണ്ട്. അവിടെ ഇത് ചിലത് കൊണ്ട് പോയി വയ്ക്കും. ഹണികോമ്പ് പോലെ ഇതിന്റെ ഫംഗി കോമ്പ് ഉണ്ട്, അതായത് നമ്മുടെ തേനീച്ചക്കൂട്ടിനുള്ളിലെ അറകളിൽ തേനുണ്ടാക്കി വയ്ക്കുന്ന പോലെ മണ്ണിനടിയിലെ അറകളിൽ ചിതലു കൊണ്ടു പോയി ഫംഗസിന്റെ വിത്തുകൾ വയ്ക്കും. മണ്ണിൽ വീഴുന്ന തടികളും മറ്റും ചിതലുകഴിക്കുന്നത് - ചിതലിനത് കഴിക്കാൻ പറ്റാതെ വരുമ്പോൾ അതായത് ചില സാധനം ദഹിക്കില്ല, അങ്ങനെ വരുന്ന തടിക്കഷ്ണങ്ങളെ ചവച്ചിട്ട് ഈ ഫംഗസിന്റെ ഇടയ്ക്ക് കൊണ്ടുപോയി അവന് ഇട്ടു കൊടുക്കും. ഈ ഫംഗസ് ഇവനെ ഭക്ഷിക്കും. ഒന്നുകിൽ ഫംഗസ് ഭക്ഷിച്ചിട്ട് ഫംഗസു വളരും, അല്ലെങ്കിൽ ഫംഗസ് ഇവനെ വീണ്ടും ഭക്ഷ്യയോഗ്യമാക്കും. അതായത് അതിന്റെ കട്ടി വീണ്ടും കുറയ്ക്കും. രണ്ടായാലും ഈ സാധനമാണ് പിന്നെ ചിതല് കഴിക്കുന്നത്.

എങ്ങനെയാണ് കൂണുണ്ടാകുന്നത് എന്ന് ഞാൻ ഇന്നുരാവിലെയാണ് നോക്കിയത്. എനിക്കതിനെക്കുറിച്ച് അറിയാൻ വയ്യായിരുന്നു. നോക്കിയപ്പോൾ രണ്ടു ലേഖനങ്ങൾ കണ്ടു. ഇന്റർനെറ്റിലെ രണ്ടു ലേഖനങ്ങളും ഞാനിപ്പറയുന്നതിന്റെ അവസാനം ചിത്രങ്ങൾ സഹിതം ചേർക്കുന്നുണ്ട് കൂടുതൽ അറിയേണ്ടവർ അത് വായിച്ചു നോക്കിയാൽ മതി. അതിനോടൊപ്പം രസകരമായ ഒന്നുരണ്ടു ഇൻഫർമേഷൻ കണ്ടു. 25 മില്യൺ വർഷം മുമ്പ് അതായത് രണ്ടരകോടി വർഷം മുൻപാണ് ചിതലുകൾ ഫംഗസ്കൃഷി ആരംഭിച്ചത് എന്നു പറയുന്നു. നമുക്ക് കിട്ടിയിരിക്കുന്ന ഫോസിൽ ടാൻസാനിയയിലോ മറ്റോ ഭൂമിയിലെ ഒരുഭാഗത്ത് ഈ ചിതൽപ്പുറ്റ്, പഴയതിന്റെ ഫോസില് കിട്ടിയിരിക്കുന്നത് രണ്ടരകോടി വർഷം പഴക്കമുള്ളതാണ്. അന്നുമുതൽ ചിതല് കൃഷി ചെയ്യുന്നുണ്ടന്നർത്ഥം.

ഏറ്റവും കുറഞ്ഞത് അന്നു മുതൽ കൃഷി ചെയ്യുന്നുണ്ട്. അതിനുമുമ്പേ ഉണ്ടാകാം. അതിനി വേറെ ഫോസിൽ കിട്ടുമ്പോൾ അറിയാം. മനുഷ്യന് ഭൂമിയിൽ ഉണ്ടായിട്ട് രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ വർഷമേ ആയിട്ടുള്ളു, ഭൂമിയുടെ പ്രായം 450 കോടി വർഷമാണ്. അപ്പോ രണ്ടര കോടി വർഷം എന്നു പറഞ്ഞാൽ മനുഷ്യന് ഉണ്ടാകുന്നതിന്റെ നൂറിരട്ടി വർഷം പഴക്കമുണ്ട് ചിതലിന് എന്നാണ്. അന്നുമുതല് ചിതല് ഭൂമിയിലുണ്ട്.

ഇനി എന്തുകൊണ്ട് കൂൺ ഇവിടെ വളരുന്നു എന്നു ചോദിച്ചാൽ ലോജിക്കലി ഞങ്ങൾക്ക് പ്രത്യേകിച്ച് ഉത്തരമൊന്നും പറയാനില്ല. കൂണുവളരുന്ന ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ, ഞങ്ങളീ സ്ഥലം കിളയ്ക്കുന്നില്ല, ഇവിടെ വീഴുന്ന മരങ്ങളൊക്കെ ഇവിടെത്തന്നെ കിടന്ന് ചിതല് പിടിച്ച് മണ്ണിൽ ചേരുകയാണ്. ഇവിടെ സൂര്യപ്രകാശം നേരിട്ട് വീഴുന്നില്ല. ചുറ്റും നോക്കിക്കഴിഞ്ഞാൽ മരങ്ങളുടെ വലിയൊരു പച്ചിലക്കവർ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഇവിടത്തെ ചൂട് നല്ല പകൽ സമയത്തു പോലും 25 ഡിഗ്രിയേ കാണാൻ സാധ്യതയുള്ളൂ.

കാലവർഷവും കൂണുമുളയ്ക്കലുമായിട്ട് ബന്ധമുണ്ടെന്നു പറയുന്നുണ്ട്. മഴ പെയ്ത് മണ്ണൊന്നു തണുത്തു കഴിയുമ്പോഴാണ് കൂണ് വിരിയുന്നത്. ഡ്രൈ ലാന്റിൽ കൂണിന് പുറത്തേയ്ക്കുവരാൻ പറ്റില്ല. മഴയിലാണ് പുറത്തേയ്ക്ക് വരുന്നത് എന്നുപറയുന്നു. ഒരുപക്ഷേ അതുകൊണ്ടാകാം ഇത്തവണ രണ്ടുദിവസത്തെ വ്യത്യാസം വന്നതെന്നു തോന്നുന്നു. ഇത്തവണ തുലാവർഷം തിരുവനന്തപുരത്ത് പെയ്തത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ്. അതായത് 26 ാം തീയതി രാത്രി. മൂന്നു ദിവസം കഴിഞ്ഞ് 29 ാം തീയതി ആയപ്പോ കൂണ് പുറത്തുവന്നു തുടങ്ങി.

ഇതോടൊപ്പം രസമുള്ള വേറെ ചെറിയൊരു വിവരം കൂടി കിട്ടി, അതായത് നമ്മളീ പുറത്തുകാണുന്നത് അതിന്റെ പൂവാണ്, മണ്ണിനടിയിലിരിക്കുന്ന കൂണിന്റെ പൂവ് പുറത്തേയ്ക്ക് വരുന്നതാണ്. കൂണിന്റെ വിത്തുകളെ അന്തരീക്ഷത്തിലേയ്ക്ക് വിടാനാണ് പൂവ് പുറത്തേയ്ക്ക് വരുന്നത്. കൂണിന്റെ വിത്ത് നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്തത്ര സൂക്ഷ്മമാണ്. അത് ആയിരക്കണക്കിന് പുറത്ത് വരും എന്നാണ് പറയുന്നത്. ഇങ്ങനെ വരുന്ന വിത്ത് അന്തരീക്ഷത്തിൽ നിറഞ്ഞു നില്ക്കും.

ഇവിടെ ആകെപ്പാടെ 3 സെന്റു സ്ഥലത്താണ് കൂണ് നില്ക്കുന്നത്. ആമസോൺ കാടുകളിലോ, മഴക്കാടുകളിലോ ഒക്കെ വലിയ തോതിൽ കൂണ് മുളച്ചുവരുമ്പോൾ അതിന്റെ വിത്ത് വൻതോതിൽ പുറത്തേയ്ക്കു വരും. അങ്ങനെ പുറത്തേയ്ക്ക് വരുന്ന വിത്തിന്റെ് തോതനുസരിച്ച് അന്തരീക്ഷത്തിൽ ബാഷ്പം നില്ക്കുന്നതിന്റെ അളവ് കൂടും. അങ്ങനെ കൂണുള്ള സ്ഥലങ്ങളിൽ മഴകൂടും എന്നുമൊരു പഠനം കൂടി കണ്ടു. അതും ഞാനിതിന്റെ ഒടുവിൽ വച്ചിട്ടുണ്ട്.

അതുരണ്ടും നിങ്ങൾ നോക്കുക. ഇനി ആർക്കെങ്കിലും പറമ്പിൽ കൂണുണ്ടാക്കണമെന്നുണ്ടെങ്കിൽ, എന്താചെയ്യേണ്ടത് എന്നുപറയാൻ സത്യംപറഞ്ഞാൽ എനിക്കറിയില്ല, ഞാൻ ചെയ്തത്, ഇതൊക്കെയാണ്. ഇതൊക്കെ ചെയ്തിട്ടും എനിക്കീ പാൽക്കൂണ്, മൊട്ടക്കൂണ് എന്നു പറയുന്ന വിരിഞ്ഞു നിൽക്കുന്ന വലിയ കൂണിവിടെ ഉണ്ടാകുന്നില്ല. ഇവിടെ ഈ അരിക്കൂണ് മാത്രമേ ഉണ്ടാകുന്നുള്ളൂ. അപ്പോൾ ഇത് നമ്മൾ ചെയ്യുന്നതല്ല, പ്രകൃതി ചെയ്യുന്നതാണ്. നമുക്ക് ചെയ്യാവുന്നത് എന്താന്നുവച്ചാൽ പറമ്പിന്റെ ഒരു ഭാഗം കിളയ്ക്കാതിരിക്കുക, അവിടെ അധികം ആളു കയറാതിരിക്കുക, അധികം വെയിൽ കൊള്ളാത്തവിധത്തിൽ മരങ്ങളുടെ ഒരു കവർ കൊടുക്കുക, ഉള്ള തടിക്കഷണങ്ങൾ മറ്റും അവിടെ ഇടുക.

ഇപ്പോൾ വായിച്ച ഒരു ലേഖനത്തിൽ കണ്ടത് ഈ ഓക്ക് എന്നു പറയുന്നതിന്റെ തടിയൊക്കെയാണെങ്കിൽ ചിതലിന് ദഹിക്കാൻ വല്യപാടാണ്. അതുകൊണ്ടാണ് ചിതല് ഇവനെ എടുത്ത് ഫംഗസിനെ കൊണ്ടു ദഹിപ്പിക്കാൻ നോക്കുന്നതെന്ന്. ഇവിടെ ഓക്കില്ല, പക്ഷെ മഞ്ഞണാത്തി ഇതുപോലെ കട്ടിയുള്ള മരമാണ് എന്നാണ് എനിക്കു തോന്നുന്നത്. ഇവിടെ നിൽക്കുന്നതെല്ലാം മഞ്ഞണാത്തി ആണ്. മഞ്ഞണാത്തിയുടെ കമ്പുവെട്ടി ഇവിടെത്തന്നെയാണ് ഇടുന്നത്. ഒരുപക്ഷേ മഞ്ഞണാത്തി ആയിരിക്കണം ഇവിടെ കൂണുണ്ടാക്കിയത്. എന്തായാലും എനിക്കിത് പുതിയ ഒരറിവായിരുന്നു. ചിലർക്കെങ്കിലും ഇത് ചിലപ്പോൾ പുതിയ അറിവായിരിക്കാം. കൂടുതൽ ഇതേക്കുറിച്ച് അറിയാവുന്നവർ ഉണ്ടെങ്കിൽ പറഞ്ഞുതരിക. അടുത്ത വർഷം കൂണ് മുളയ്ക്കാനായിട്ട് നമുക്ക് കാത്തിരിക്കാം.