ഞാനിപ്പോൾ പുളിയറക്കോണത്തെ മിയാവാക്കി കാടിന്റെ തെക്കുവശത്താണ് നിൽക്കുന്നത്. ഈ വശത്തുനിന്ന് ഇതുവരെ വീഡിയോ എടുത്തിട്ടില്ല. ഇപ്പോൾ എടുക്കാൻ കാരണം ഇന്നലെ ഇവിടെ വലിയ കാറ്റും മഴയുമുണ്ടായി. ആ കാറ്റിൽ ഒടിഞ്ഞു വീണ പ്ലാവാണ് ഈ കാണുന്നത്. ഈ വശത്തുളള മരത്തിന് ഒരു കേടുണ്ടായിരുന്നു. ആ കേടുളള ഭാഗത്തു വെച്ചാണ് ഒടിഞ്ഞുവീണത്. ബാക്കി ഈ മിയാവാക്കി കാട്ടിലുളള മരങ്ങൾക്ക് വലിയ കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. ഒരു ആവണക്ക് മാത്രം കുറച്ച് താഴ്ന്നു. ആവണക്ക് ബലമില്ലാത്തൊരു മരമാണ്. മിയാവാക്കി വനത്തിൽ കാറ്റടിച്ചാൽ എന്തു സംഭവിക്കുമെന്ന ചോദ്യത്തിനുളള ഉത്തരമാണിത്.

വലിയ കാറ്റാണിവിടെ വീശിയത്. ഈ പ്രദേശത്ത് വീണു കിടക്കുന്ന കരിയില കണ്ടാലറിയാം. മുമ്പ് അക്കേഷ്യ മരങ്ങൾ മാത്രമുണ്ടായിരുന്ന പ്രദേശമാണിത്. ഇപ്പോഴും ഇതിന്റെ പുറകിൽ അക്കേഷ്യ ആണ് - എന്റെ അതിരിനു പുറത്ത്. ഇവിടെയും അക്കേഷ്യ ആയിരുന്നു. അതൊക്കെ മാന്തിക്കളഞ്ഞിട്ട് ഞങ്ങള് വെച്ച ചെടികളാണിതൊക്കെ. ഇതെല്ലാം രണ്ടര വർഷത്തിൽ കൂടുതൽ പ്രായമുളള ചെടികളാണ്. ഇത്രയും വളർച്ചയുണ്ടെന്നേ ഉളളൂ. രണ്ടര വർഷം പ്രായമുളള ചെടികൾക്ക് കാറ്റടിച്ചാൽ ഒന്നും സംഭവിക്കില്ല.

മിയാവാക്കി വനം വീടിനു ചുറ്റും വെച്ചാൽ ഒന്നും സംഭവിക്കില്ല എന്നു കാണിക്കാനാണ് ഈ വീഡിയോ എടുത്തത്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിന് എനിക്ക് കൃത്യമായി ഉത്തരമില്ല. ഇത്രയും ചെടികൾ ഒരുമിച്ചു നിൽക്കുന്നതു കൊണ്ടായിരിക്കാം. എത്രവലിയ കാറ്റു വന്നാലും ചെടികൾ ആടി അങ്ങോട്ടുമിങ്ങോട്ടും തട്ടി നിൽക്കുന്നതു കൊണ്ടായിരിക്കാം വലിയ കേടു വരാത്തത്.

സാധാരണ ലാത്തിച്ചാർജ്ജൊക്കെ ഉണ്ടാകുമ്പോൾ ആളുകൾ കൈകോർത്തു പിടിക്കാൻ പറയും. അതുപോലെ തീ പിടിത്തമോ, എന്തെങ്കിലും കൂട്ട ബഹളമോ ഉണ്ടാവുമ്പോൾ ആളുകൾ ഓടി, മറിഞ്ഞു വീണ്, വീണവരുടെ ദേഹത്ത് മറ്റുളളവർ ചവിട്ടിയൊക്കെയാണ് കൂടുതൽ അപകടം ഉണ്ടാവുക. കൈ കോർത്തു പിടിച്ചാൽ ഓടിവരുന്ന ആളുകൾ അവിടെത്തി അങ്ങ് നിൽക്കും. അതുപോലെ ചെടികളിവിടെ നിരന്നു നിൽക്കുകയാണ്. എന്തായാലും മിയാവാക്കി വനത്തിലെ ചെറിയ മരങ്ങൾ പെട്ടെന്ന് വലുതാകുമ്പോഴും പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നുണ്ട് എന്നു കാണിക്കാൻ വേണ്ടിയാണ് ഇന്നിവിടെ വെച്ച് ഷൂട്ട് ചെയ്തത്.