ഞാനിപ്പോള്‍ എറണാകുളം ജില്ലയിലെ വൈപ്പിനടുത്ത്‌ എടവനക്കാട്‌ എന്ന സ്ഥലത്താണ്‌. ശ്രീ മനോജ്‌ സുഹൃത്താണ്‌, നേരിട്ടു കാണുന്നത്‌ ഇപ്പോഴാണെങ്കിലും. കേരളത്തില്‍ വനവത്‌കരണത്തിനു വേണ്ടി ഏറ്റവും ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ഒരാളാണ്‌. മനോജിനെ പരിചയപ്പെടുത്തുന്നതിനു മുമ്പ്‌ ഒരു കാര്യം പറയാം.

1975ല്‍ കുറസോവ സംവിധാനം ചെയ്‌ത ഡെര്‍സു ഉസല (The Hunter) എന്നൊരു സിനിമ ഉണ്ട്‌. അത്‌ ഞാന്‍ കാണുന്നത്‌ 87ലോ മറ്റോ ആണ്‌. അതിനുശേഷം ഒന്നോ രണ്ടോ തവണ കണ്ടു. വളരെ മനോഹരമായൊരു സിനിമയാണ്‌. റഷ്യന്‍ ഗവണ്‍മെന്റാണത്‌ നിര്‍മ്മിച്ചത്‌. ഇദ്ദേഹം ജപ്പാനില്‍ നിന്നവിടെ പോയി ചെയ്‌തതാണ്‌. 1800കളുടെ അവസാനം എഴുതിയ നോവലാണ്‌ ചിത്രത്തിനാധാരം. ആ നോവല്‍ വായിക്കാനൊരു അവസരം കിട്ടി. പ്രകൃതിയെ ഗാഢമായി സ്‌നേഹിക്കുന്ന ഒരു മനുഷ്യനാണ്‌ അതിലെ നായകന്‍. ബിഭൂതിഭൂഷണ്‍ ബന്ധോപാദ്ധ്യായയുടെ ആരണ്യകത്തിലെ യുഗളപ്രസാദിനെ പോലെ. ഏതാണ്ട്‌ അതുപോലൊരു ജീവിതശൈലി സ്വീകരിച്ചയാളാണ്‌ മനോജ്‌.
അദ്ദേഹം അടിസ്ഥാനപരമായി ഇലക്ട്രോണിക്‌ എഞ്ചിനിയറാണ്‌. തൃശൂര്‍ എഞ്ചിനിയറിങ്ങ്‌ കോളേജില്‍ നിന്ന്‌ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ്‌ പാസായി. അതിനുശേഷം കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്‌തു. ഇപ്പോഴും ചെറുതായിട്ട്‌ ജോലി ചെയ്‌ത്‌, ചെറുതായി ഇടവേള എടുത്ത്‌ അതില്‍ നിന്ന്‌ പുറത്തുചാടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹം കമ്മ്യൂണിറ്റി ബില്‍ഡിങ്ങിലാണിപ്പോള്‍ ശ്രമിക്കുന്നത്‌. വരുന്ന തലമുറയ്‌ക്ക്‌ പരിസ്ഥിതി അവബോധമുണ്ടാക്കാനുളള ശ്രമങ്ങളാണ്‌ ചെയ്യുന്നത്‌. അതോടൊപ്പം അദ്ദേഹം ഇവിടെ ചെയ്‌തിരിക്കുന്ന ചില പരീക്ഷണങ്ങള്‍ നമ്മളെല്ലാവരും കാണേണ്ടതാണ്‌. തുടര്‍ച്ചയായി തീയിട്ടുകൊണ്ടിരുന്ന ഒരു പറമ്പിനെ എങ്ങനെ ഒരു പ്രകൃതിസൗഹൃദ അന്തരീക്ഷമാക്കി മാറ്റിയെടുക്കാമെന്നതിന്റെ തെളിവാണ്‌ ഇവിടെ കാണുന്നത്‌. ഇവിടെ തേങ്ങയടക്കമുളള സാധനങ്ങള്‍ വീണു കിളിര്‍ക്കുന്ന ഒരു കാഴ്‌ച്ചയാണ്‌ കാണുന്നത്‌. അദ്ദേഹത്തില്‍ നിന്നുതന്നെ വിശദാംശങ്ങള്‍ ചോദിച്ചു മനസിലാക്കാം.

ഹരി: മനോജേ നമസ്‌കാരം.
മനോജ്‌: നമസ്‌കാരം.

ഹരി: ഈ പറമ്പിന്റെ കഥയൊന്നു പറയാമോ ? 24 വര്‍ഷം മുമ്പ്‌ മനോജ്‌ ഈ പരിപാടി തുടങ്ങിയെന്നു പറഞ്ഞു. അന്നു തൊട്ടുളള വളര്‍ച്ചയാണോ നമ്മളീ കാണുന്നെ ?
മനോജ്‌: ചെറിയൊരു ബ്രേക്ക്‌ വന്നിട്ടുണ്ട്‌. ഒന്നര ഏക്കറാണീ സ്ഥലം. പത്തു സെന്റിലാണീ ആക്ടിവിറ്റി ചെയ്‌തു തുടങ്ങിയത്‌. മനസിലുണ്ടായിരുന്നത്‌ ഭക്ഷണം കിട്ടുന്ന ഒരിടമാക്കി മാറ്റുക എന്നുളളതായിരുന്നു.

ഹരി: എന്തായിരുന്നു ഇവിടെ നേരത്തേ കൃഷി ?
മനോജ്‌: പ്രധാനമായിട്ടും തെങ്ങായിരുന്നു. ഒന്നോ രണ്ടോ മാവും പ്ലാവുമെന്നല്ലാതെ വലിയ വൃക്ഷങ്ങള്‍ കുറവായിരുന്നു.

ഹരി: എന്നിട്ട്‌, പറമ്പ്‌ കിളച്ച്‌, തീയിട്ട്‌, പതിവുപോലെ അല്ലേ ?
മനോജ്‌: പറമ്പ്‌ വൃത്തിയായി കിടക്കണമെന്നതാണ്‌ നമ്മുടെ സങ്കല്‍പം.

ഹരി: വൃത്തിയായി കിടക്കുക എന്നുവെച്ചാല്‍ കരിയില പോലുളള സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നുളളതാണ്‌.
മനോജ്‌: അതെ. അതിനേറ്റവും എളുപ്പമുളള മാര്‍ഗം കത്തിക്കല്‌ തന്നെയാണല്ലോ. ജൂണ്‍ ജൂലൈ മാസത്തിലൊക്കെ പക്ഷികള്‍ കൊണ്ടിടുന്ന വിത്തുകളൊക്കെ മുളക്കും. പക്ഷെ നിരന്തരം തീയിടുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന തൈകളെല്ലാം കത്തിപ്പോവും. നമ്മളീ പുതിയ തൈകള്‍ നടുന്നതിനു പകരം ഉളളതു സംരക്ഷിച്ചാല്‍ തന്നെ ഇവിടെ നല്ലൊരവസ്ഥ വരും.

ഹരി: ഉവ്വ്‌. മനസിലായി. അതില്‍ കത്തിപ്പോവുന്നത്‌ കത്തിക്കരുതെന്നൊരു തോന്നല്‍ വന്നു, തീയിടുന്നത്‌ നിര്‍ത്തി, തിരിച്ചുകൊണ്ടുവരാനായി തുടങ്ങി, അല്ലേ ?
മനോജ്‌: അതെ. പ്രധാനമായിട്ടും പുതയിടുക എന്നുളളതായിരുന്നു. അതായത്‌ ഈ ഒന്നരയേക്കറില്‍ വീഴുന്ന കരിയില, ഉണങ്ങിയ മരക്കമ്പുകള്‍, തെങ്ങോല, കൊതുമ്പ്‌ ഇതെല്ലാം കൊണ്ടുവന്ന്‌ ഈ പത്തുസെന്റിലിടും. ഒറ്റയടിക്ക്‌ ഈ ഒന്നര ഏക്കറ്‌ മാറ്റാന്‍ കഴിയില്ല എന്നുളെളാരു ബോധ്യമുണ്ടായിരുന്നു. അപ്പോള്‍ ഒന്നര ഏക്കരില്‍ കത്തിച്ചിരുന്നത്‌ എല്ലാം കൊണ്ടുവന്നീ പത്തുസെന്റില്‍ ഇടും. അത്‌ നല്ലൊരു പുതയാവും. എന്നിട്ടീ പുതയില്‍ കിട്ടാവുന്നത്ര വിത്തുകള്‍ - ചക്കക്കുരു, മാങ്ങാണ്ടി, ആഞ്ഞിലിയുടെ വിത്തുകള്‍ ഒക്കെയിടും. അതുകൂടാതെ തണല്‍മരങ്ങള്‍, വനവൃക്ഷങ്ങള്‍ അങ്ങനെ കിട്ടാവുന്നത്ര വിത്തുകള്‍ ഈ പുതയിലിട്ടു. അടുത്ത ഒരു മഴ വരുമ്പോള്‍ ഇതെല്ലാം മുളക്കും. അതുമാത്രമല്ല, ഒരു മഴ പെയ്‌താല്‍ തന്നെ ഇതൊരു സ്‌പോഞ്ചുപോലെ വെളളം പിടിച്ചുനിര്‍ത്തും. അങ്ങനെ ഒന്നര വര്‍ഷം കൊണ്ട്‌ ആ ഒരിടം കുറച്ചുകൂടി ലൈവായി. നമ്മള്‌ നോണ്‍വയലന്റായിട്ടാണ്‌ എല്ലാം ചെയ്യുന്നത്‌. അപ്പോള്‍ തുമ്പികള്‍ വരും. എട്ടുകാലികള്‍, എല്ലാം ഉണ്ടാവും. കാരണം ഈ ഒന്നരയേക്കറില്‍ കത്തിക്കുകയാണല്ലോ. അപ്പോള്‍ ഇവര്‍ക്കൊരു സുരക്ഷിതമായ ഇടം ഈ പത്തു സെന്റായിരിക്കും. അങ്ങനെ മണ്ണിന്റെ ഫലഭൂയിഷ്ടത കുറച്ചുകൂടി നന്നായി.. പുതയിട്ടുകഴിഞ്ഞാല്‍ നല്ലൊരു മാറ്റം വരുന്നുണ്ടെന്ന്‌ കാണാന്‍ കഴിഞ്ഞു.
ഞാനുദ്ദേശിക്കുന്നത്‌ ഈ ഒന്നര ഏക്കറില്‍ എല്ലാം ഉള്‍ക്കൊളളണം എന്നാണ്‌. കള എന്നൊരു സങ്കല്‍പമില്ല, പാഴ്‌മരങ്ങള്‍, അങ്ങനെ ഒന്നിനെയും ഒഴിവാക്കുന്നില്ല. എന്നാല്‍ കൃഷിയിടം എന്നിതിനെ വിളിക്കാനും പറ്റില്ല. എല്ലാം സ്വാഭാവികമായി വളരുകയും എന്നാല്‍ ഭക്ഷണം കിട്ടുന്നതിന്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തൂന്ന്‌ മാത്രം. ഇപ്പോള്‍ കൂടുതല്‍ നട്ടിരിക്കുന്നത്‌ പ്ലാവാണ്‌ കാരണം അത്രയധികം അവഗണന പ്ലാവിന്‌ വരുന്നുണ്ട്‌. അതുകൊണ്ട്‌ കൂടുതല്‍ പ്ലാവ്‌ നട്ടു. എന്നാല്‍ ഒരിക്കലുമൊരു മോണോക്രോപ്പിലേക്കു പോകില്ല എന്നുറപ്പുണ്ടായിരുന്നു. കഴിയുന്നത്ര വൈവിധ്യം കൊണ്ടുവരണം. ഇക്കോസിസ്‌റ്റത്തിന്റെ ആരോഗ്യം എന്നുപറയുന്നത്‌ വൈവിധ്യമാണല്ലോ. ആ രീതിയിലാണ്‌ ചെയ്യാന്‍ ശ്രമിച്ചത്‌. ആദ്യഘട്ടത്തില്‍ ഫലവൃക്ഷങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തെങ്കിലും ഇപ്പോള്‍ പ്രത്യേകിച്ച്‌ അങ്ങനെയൊന്നുമില്ല. കാട്ടുമരങ്ങളാണിപ്പോള്‍ കൂടുതലുളളത്‌.

ഹരി: ജാതിയൊക്കെ തന്നത്താനേ കിളിര്‍ത്തു വരുന്നുണ്ട്‌.
മനോജ്‌: ഈ പറമ്പിലെ ഒരു ജാതി പോലും നമ്മള്‍ നട്ടതല്ല. അത്‌ അടുത്ത വീട്ടില്‍നിന്ന്‌ വിത്തുകള്‍ വീണ്‌ മുളച്ച്‌, പിന്നെ ഇവിടെയുളള ജാതി കായ്‌ക്കാന്‍ തുടങ്ങി. പിന്നെ അതിന്റെ വിത്തുകള്‍ വീണ്‌ മുളയ്‌ക്കാന്‍ തുടങ്ങി. ഇവിടെ മുളക്കുന്ന ഒരു തൈ പോലും നമ്മള്‍ കളയുന്നില്ല. പിന്നെ കളകളും കളയുന്നില്ല. കുറേയൊക്കെ അതിജീവിക്കും. ചിലതൊക്കെ ശക്തിയായ മഴ വരുമ്പോള്‍ പോകും.

ഹരി: പരിസ്ഥിതിയിലേക്ക്‌ താത്‌പര്യം തിരിഞ്ഞതിനു കാരണം പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍സി മാഷെ പരിചയപ്പെട്ടതാണല്ലേ ? അദ്ദേഹം ഇവിടെ താമസിക്കുന്നുണ്ടായിരുന്നു, അപ്പോള്‍ പോയി പരിചയപ്പെട്ടു. എന്നിട്ട്‌ ?
മനോജ്‌: മാഷിന്റെ അടുത്ത്‌ ഇടയ്‌ക്ക്‌ പോവും. മാഷ്‌ പ്രസാദം എന്നു പറഞ്ഞൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അതൊക്കെ വായിക്കും, അടിസ്ഥാനപരമായ കാര്യങ്ങള്‍. അപ്പോള്‍ നമുക്കൊന്നും അറിയില്ലാന്നുളള കാര്യം മനസിലായി. മാഷ്‌ അതില്‍ "ഒറ്റവൈക്കോല്‍ വിപ്ലവം" പോലുളള പുസ്‌തകങ്ങളൊക്കെ പരിചയപ്പെടുത്തും. അപ്പോള്‍ നമ്മള്‍ ഫുക്കുവോക്കയെ കുറിച്ചറിയും. ഇങ്ങനെയുളള പുസ്‌തകങ്ങള്‍ വായിക്കുമ്പോള്‍ വായന മാത്രം പോര, എന്തെങ്കിലുമൊക്കെ ചെയ്‌തുനോക്കണമെന്ന താത്‌പര്യം തോന്നി. അങ്ങനെയാണ്‌്‌ പ്രവര്‍ത്തനത്തിലേക്കു വന്നത്‌. അങ്ങനെ പത്തുസെന്റ്‌ എടുത്ത്‌ ചെയ്‌തുതുടങ്ങി.

ഹരി: നമ്മുടെ തന്നെ പത്തു സെന്റ്‌ ?
മനോജ്‌ : അതെ. അതില്‍ ചെറിയരീതിയില്‍ വൃക്ഷത്തെകള്‍ നട്ടു എന്നു പറയാന്‍ പറ്റില്ല. വിത്തുകള്‍ കൊണ്ടുവന്ന്‌ ഈ പുതയിലിടുക.

ഹരി: പുത അപ്പോള്‍ ഇവിടുന്നുതന്നെ വെട്ടിയിടുമോ ?
മനോജ്‌: ഇവിടെ എന്തൊക്കെ കത്തിക്കുമോ അതെല്ലാം കൊണ്ടുവന്നീ പത്തു സെന്റിലിടും.

ഹരി: പറമ്പില്‍ വെച്ചു കത്തിക്കുന്നത്‌ ഒഴിവാക്കി.
മനോജ്‌: പുതയിട്ടുകഴിയുമ്പോള്‍ മണ്ണിന്റെ സ്വഭാവത്തിന്‌ മാറ്റം വരും. നമ്മളിടുന്ന വിത്തുകളൊക്കെ മുളക്കും. ശലഭങ്ങളും മറ്റു ജീവജാലങ്ങളുമൊക്കെ വരും. നമുക്കാ മാറ്റം അറിയാന്‍ കഴിയും. മണ്ണിരകളും സൂക്ഷ്‌മജീവികളുമൊക്കെ വരും. മണ്ണിരകളെ നമുക്ക്‌ പ്രത്യക്ഷത്തില്‍ കാണാനാവും. പ്രവര്‍ത്തിക്കാതെ കുറേ പുസ്‌തകം വായിച്ചിട്ടു കാര്യമില്ല എന്നുളള ബോധ്യം വന്നു. അങ്ങനെയാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. പിന്നെ തൈകള്‍ നടാന്‍ തുടങ്ങി. ആദ്യം ഇവിടെ മാത്രമായിരുന്നു. പിന്നെ സുഹൃത്തുക്കളുടെ വീടുകളിലൊക്കെ പോയി ചെറിയരീതിയിലൊക്കെ ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ ചെയ്യുന്നുണ്ട്‌.

ഹരി: പ്രകൃതിസംരക്ഷണം എന്ന വാക്കു തന്നെ തെറ്റാണെന്ന്‌ നേരത്തേ പറഞ്ഞല്ലോ. അതൊന്നു വിശദീകരിക്കാമോ ?
മനോജ്‌: ജോണ്‍സി മാഷ്‌ പറയാറുളളത്‌, പ്രകൃതിയെക്കുറിച്ച്‌ നമുക്ക്‌ വളരെ കുറച്ച്‌ മാത്രമേ അറിയൂ. അങ്ങനെയുളള ഒരാള്‌ എങ്ങനെ പ്രകൃതിയെ സംരക്ഷിക്കും എന്നുളളതാണ്‌. നമുക്ക്‌ വേണ്ടത്‌ മാത്രമെടുക്കുക. എടുക്കുന്നത്‌ തിരിച്ചു കൊടുക്കുക. ഇതാണ്‌ നമുക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌.

ഹരി: നമ്മുടെ ഇടപെടല്‍ മിനിമം ആക്കുക.
മനോജ്‌: അതെ. നമ്മുടെ ഇടപെടല്‍ പരമാവധി കുറക്കുക. ഇവിടെ ഞാന്‍ ചെയ്യുന്നത്‌ അതാണ്‌. പുതയിടുക, വിത്തുകളിടുക. പിന്നെ ഇടപെടാതിരിക്കുക. അപ്പോള്‍ എല്ലാമൊന്നും മുളച്ചില്ലെങ്കിലും കുറേയൊക്കെ സ്വാഭാവികമായും മുളച്ചുവരും. പിന്നെ കഴിയുന്നത്ര നോണ്‍വയലന്റായാണ്‌ ചെയ്യാന്‍ ശ്രമിച്ചിട്ടുളളത്‌. ജൈവകീടനാശിനി പോലും ഇവിടെ ഉപയോഗിക്കാറില്ല. ഒന്നിനെയും തുരത്താന്‍ ശ്രമിക്കാറില്ല. അതിന്റേതായ കുഴപ്പങ്ങളും ഉണ്ട്‌.

ഹരി: ജൈവകീടനാശിനി എന്ന പ്രയോഗം പോലും തെറ്റാണ്‌. ഓര്‍ഗാനിക്‌ എന്നാണ്‌ ജീവനുളള ഒരു സാധനമെന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. കീടനാശിനി അതില്ലാതാക്കുന്നതും. കീടനാശിനി കീടനാശിനി തന്നെയാണല്ലോ. ഇപ്പോള്‍ ചെയ്യുന്നത്‌ സ്‌കൂളുകള്‍ തോറുംകുട്ടികളെ ഇടപെടാന്‍ സന്നദ്ധരാക്കുകയാണ്‌, അല്ലേ ?

മനോജ്‌: അതെ. ജൂണ്‍ അഞ്ചിനൊക്കെ വിളിക്കും, കുട്ടികള്‍ക്കൊരു സന്ദേശം കൊടുക്കാന്‍. അല്ലെങ്കില്‍ കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനാണ്‌ നമ്മളെ വിളിക്കുന്നത്‌. എനിക്ക്‌ മനസിലായിട്ടുളളത്‌ കുട്ടികള്‍ക്ക്‌ അവബോധമുണ്ട്‌. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചൊക്കെ അവര്‍ പഠിക്കുന്നുണ്ട്‌, കുറേ കാര്യങ്ങള്‍ അവര്‍ക്കറിയാം. പക്ഷെ ചില കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കാന്‍ പറ്റില്ല. അതിന്‌ കുറച്ച്‌ ഇടങ്ങള്‍ നമുക്ക്‌ വേണം. കാവുകളോ കടല്‍ത്തീരങ്ങളോ കാടോ, അങ്ങനെയുളള ഇടങ്ങളിലേക്ക്‌ കുട്ടികളെയും കൂട്ടിക്കൊണ്ട്‌ പോയിട്ട്‌ അവര്‍ക്ക്‌ അനുഭവവേദ്യമാകുന്ന തിരിച്ചറിയലിന്‌ അവസരമൊരുക്കുകയാണ്‌ നമ്മള്‍ സത്യത്തില്‍ ചെയ്യേണ്ടത്‌. അല്ലാതെ കാവുകള്‍ എന്താണെന്ന്‌ വെബിനാറിലൂടെ പറഞ്ഞുകൊടുക്കാന്‍ പറ്റില്ല. എനിക്ക്‌ തോന്നിയിട്ടുളളത്‌, ഈയൊരു കുട്ടിക്കൂട്ടത്തെ ഇങ്ങനെയുളള ഇടത്തേക്കു കൊണ്ടുവരിക. അവര്‌ ചില ചോദ്യങ്ങള്‍ ചോദിച്ചേക്കാം. മിക്കവാറും ഒരു കുട്ടിക്ക്‌ അവിടെ ഒരു അരമണിക്കൂര്‍ ചെലവഴിക്കുമ്പോള്‍ത്തന്നെ കാവെന്താണെന്ന സൂചന കിട്ടും. അതുകഴിഞ്ഞ്‌ അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ ഉത്തരം പറഞ്ഞാല്‍ മതി. പൊതുവേ നമ്മള്‍ ചെയ്യുന്നത്‌ ഒന്നും രണ്ടും മണിക്കൂര്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ച്‌ വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കും. അപ്പോള്‍ കുട്ടികള്‍ക്കതില്‍ മടുപ്പ്‌ വരും.

ഹരി: എനിക്കിതില്‍ വേറൊരു കാര്യം തോന്നിയിട്ടുണ്ട്‌. അത്‌ ശരിയാണോ എന്നറിഞ്ഞുകൂട. മനോജിനേക്കാള്‍ ഒരു പത്തുവയസ്‌ കൂടുതലുണ്ടാവും എനിക്ക്‌. എന്റെയൊക്കെ കുട്ടിക്കാലത്ത്‌ കളിപ്പാട്ടങ്ങള്‍ കിട്ടാനുളള സാധ്യതകള്‍ വളരെ കുറവാണ്‌. ഒന്ന്‌, ആളുകളുടെ കൈയിലങ്ങനെ പൈസയില്ല. രണ്ട്‌, ഉണ്ടെങ്കില്‍ത്തന്നെ അങ്ങനെ വലിയ പൈസ മുടക്കി കളിപ്പാട്ടങ്ങളൊന്നും ആരും വാങ്ങിച്ചുകൊടുക്കുകയുമില്ല. പ്രത്യേകിച്ചും ഇടത്തരക്കാരോ അതിനു താഴോട്ടുളള ആളുകളോ അങ്ങനെ വാങ്ങിച്ചുകൊടുക്കില്ല. അപ്പോള്‍ കുട്ടികള്‍ കളിക്കുന്നത്‌ ചിരട്ടയെടുത്ത്‌ ത്രാസാക്കി, അല്ലെങ്കില്‍ പച്ചിലകള്‍ പറിച്ചും ഒക്കെയാണ്‌. നമ്മുടെ ഭാവനയിലാണീ കളി മുഴുവന്‍. പശുക്കൂട്ടില്‍ കയറിയിരുന്ന്‌ അത്‌ കടയാണെന്നു പറഞ്ഞു കളിക്കുക, അങ്ങനെ കിട്ടുന്ന സാധനങ്ങളൊക്കെ വെച്ച്‌ കളിച്ചാണ്‌ ഞങ്ങളൊക്കെ വളര്‍ന്നത്‌. അങ്ങനെ ഒരുപാട്‌ ചെടികള്‍ പച്ചിലകളൊക്കെ നമ്മുടെ കൈയ്യില്‍ക്കൂടി പോയിട്ടുണ്ട്‌. ഫലത്തില്‍ ഒരു ചെടിയില്‍ വെളളം വീഴുമ്പോള്‍ അതിന്റെ മണം വരുമ്പോള്‍ ഇന്ന പച്ചിലയായിരിക്കും എന്നു നമുക്കറിയാം. ഇന്നിപ്പോള്‍ പ്രധാനപ്പെട്ട പച്ചിലകളുടെ മണം പോലും കുട്ടികള്‍ക്ക്‌ തിരിച്ചറിയാന്‍ പറ്റുന്നില്ല. അതുപോലെത്തന്നെ ഈ പട്ടികളുടെ കാര്യം. എല്ലാ വീട്ടിലും ഇപ്പോള്‍ പട്ടിയുണ്ട്‌. 90 ശതമാനം പട്ടിയും ലാബ്രഡോറോ പോമറേനിയനോ അങ്ങനെ ഏതു വിദേശബ്രീഡ്‌ ചോദിച്ചാലും കേരളത്തിലുളളവര്‍ക്കറിയാം. കുട്ടികള്‍ക്കുമറിയാം. പക്ഷെ ഈ നാടന്‍പട്ടിയെ കുറിച്ച്‌ ആര്‍ക്കുമറിയില്ല. അതുപോലെ ഇപ്പോള്‍ നമ്മുടെ പൂന്തോട്ടങ്ങളിലും നാടന്‍ചെടികള്‍ ഏതാണ്ട്‌ പൂര്‍ണമായും ഒഴിവായിക്കൊണ്ടിരിക്കുകയാണ്‌. പ്രത്യേകിച്ച്‌ കെട്ടിടങ്ങളുടെ മുമ്പില്‍ പന വെക്കുന്ന രീതി ഒരിരുപത്‌ വര്‍ഷത്തിനിടയ്‌ക്ക്‌ വന്നതാണ്‌. ഇവിടെ ഇല്ലാത്തൊരു സാധനമാണാ പന. എന്നാല്‍ ഇവിടെയുളള വളരെ ഭംഗിയും പ്രയോജനവും ഔഷധഗുണവും ഉളള അല്ലെങ്കില്‍ പൂക്കളുണ്ടാവുന്ന ചെടികള്‍ ഇഷ്ടംപോലുണ്ട്‌. അതൊന്നുപോലും ഒരു കെട്ടിടത്തിന്റെയും മുറ്റത്ത്‌ ആരും വെക്കുന്നില്ല. ഈ പന ഇങ്ങനെ തൂണു നാട്ടിയതുപോലെ നില്‍ക്കുന്നതില്‍ എന്താണതിന്റെ ഭംഗി എന്നു മനസിലാവുന്നില്ല. അപ്പോള്‍, ഈ ഇടപെടലിലൂടെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുളള ശ്രമങ്ങള്‍ എന്നുളളതാണോ നിങ്ങളുദ്ദേശിക്കുന്നത്‌ ?

മനോജ്‌: പ്രധാനമായിട്ടും കുട്ടികളെ മണ്ണിലിറക്കുക എന്നുളളതാണ്‌ ഇതിന്റെയൊക്കെ ലക്ഷ്യം. ഒരു സ്‌കൂളിലേക്ക്‌ നമ്മളെ ക്ഷണിക്കണമെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തനം ഉണ്ടാവണമല്ലോ. ഒരു ക്ലാസ്‌ എന്നു പറയുമ്പോള്‍ കുട്ടികള്‍ മറ്റുളള വിഷയങ്ങള്‍ കേള്‍ക്കുന്നതുപോലെ കേള്‍ക്കും, പിന്നെ അതവര്‍ മറന്നുപോകും. ക്ലാസിനു പകരം ഒരു പ്രവര്‍ത്തനം. അപ്പോള്‍ കുട്ടികള്‍ നമ്മളോടൊപ്പം വരും. എല്ലാ കുട്ടികളും എങ്ങനെയെങ്കിലും ക്ലാസിനു പുറത്തു കടക്കാന്‍ ആഗ്രഹിക്കുന്നവരാണല്ലോ. അപ്പോള്‍ ഇവരെ എങ്ങനെയെങ്കിലും ക്ലാസിനു പുറത്തേക്കു കൊണ്ടുവരിക എന്നുളളതാണ്‌ നമ്മുടെ ലക്ഷ്യം. എന്നിട്ട്‌ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ കടന്നുപോകട്ടെ. അങ്ങനെയുളള ഇടങ്ങള്‍ സൃഷ്ടിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഓരോ സ്‌കൂളിലും ഒരു ചിത്രശലഭ പാര്‍ക്കെന്നു പറയുമ്പോള്‍ അതൊരുദിവസത്തെ പ്രവര്‍ത്തനമല്ലല്ലോ. ഈ പ്രവര്‍ത്തനത്തിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ ധാരാളം കാര്യങ്ങള്‍ പഠിക്കുന്നുണ്ട്‌. എന്താണ്‌ ഹോഴ്‌സ്‌പ്ലാന്റ്‌, എന്താണ്‌ നെക്ടര്‍ പ്ലാന്റ്‌..എത്ര നേര്‍ത്തതാണ്‌ ഈ പറയുന്ന കാര്യങ്ങളെന്നൊക്കെ അവര്‍ക്ക്‌ പിടികിട്ടും. ഇപ്പൊഴത്തെ ഒരു രീതിയില്‍ നമുക്ക്‌ പ്രവര്‍ത്തനങ്ങളൊന്നുമില്ല. കുട്ടികള്‍ക്ക്‌ അനുഭവവേദ്യമായ പഠനം സത്യത്തില്‍ നടക്കുന്നില്ല. വിഷയങ്ങള്‍ പഠിക്കുന്നു, പരീക്ഷയെഴുതുന്നു, സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നു എന്നല്ലാതെ കുട്ടികളില്‍ അതൊരു പരിവര്‍ത്തനം ഉണ്ടാക്കുന്നില്ല.

ഞാന്‍ കുറേ വര്‍ഷമായിട്ട്‌ വിത്തുകള്‍ ശേഖരിക്കുന്നു, തൈകളുണ്ടാക്കുന്നു, തുടര്‍ച്ചയായി ഇതിങ്ങനെ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. അതിലൂടെ നമുക്ക്‌ കിട്ടുന്ന ഒരറിവുണ്ടല്ലോ, പിന്നെ നമുക്ക്‌ സ്വാഭാവികമായും പല കാര്യങ്ങളും ചെയ്യാന്‍ പറ്റും. കുട്ടികളുടെ ഒരവസ്ഥ, അവര്‍ക്ക്‌ കാര്യങ്ങളറിയാം. പക്ഷെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോകാത്തതുകൊണ്ട്‌ അധ്യാപകര്‍ക്കായാലും കുട്ടികള്‍ക്കായാലും അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യാനറിയില്ല. അവര്‍ കഴിക്കുന്ന മാമ്പഴത്തിന്റെ മാങ്ങാണ്ടി ഉണ്ടെങ്കില്‍ ഒരു മാവിന്‍തൈ ആയി. പക്ഷെ ജൂണ്‍ അഞ്ചിന്‌ സോഷ്യല്‍ ഫോറസ്‌ട്രിയില്‍ നിന്നു കിട്ടുന്ന തൈകള്‍ക്കുവേണ്ടി നമ്മള്‍ കാത്തിരിക്കുകയാണ്‌. മുതിര്‍ന്ന ഒരധ്യാപകനോ മാതാപിതാക്കളോ ഒരു തൈ കൊടുത്താലേ കുട്ടി ഇന്ന്‌ തൈ നടുകയുളളൂ. അല്ലെങ്കില്‍ അവര്‍ നടില്ല.

ഹരി: അതുപോലെതന്നെ പക്ഷികളെ നമ്മള്‍ ശത്രുക്കളായാണ്‌ കാണുന്നത്‌. ഏതു സാധനത്തിന്റെ ദോഷം നോക്കിയിട്ട്‌. പണ്ട്‌ കറിവേപ്പും കാന്താരിയുമൊക്കെ മുളച്ചിരുന്നത്‌ പക്ഷികള്‍ കാഷ്‌ഠിച്ചായിരുന്നു. ഇപ്പോള്‍ അങ്ങനൊരു സാധ്യതയേ നമ്മള്‍ ആലോചിക്കുന്നില്ല. തൈ വാങ്ങിച്ച്‌ നടുക, വിത്ത്‌ ഉണക്കി നടുക, അങ്ങനെയുളള കാര്യങ്ങളാണ്‌ ചെയ്യുന്നത്‌. വിത്തു വീണു മുളക്കുന്ന ആ പ്രക്രിയ ഒന്നും കുട്ടികള്‍ക്ക്‌ അറിയാന്‍ പറ്റുന്നില്ല.
ഇതിനോടൊപ്പം തന്നെ കണ്ടലു വെക്കുന്നതിനൊരു വലിയ ശ്രമം നടത്തുന്നില്ലേ ?

മനോജ്‌: ഞാന്‍ പ്രധാനമായും ഫലവൃക്ഷത്തെകളാണ്‌ നട്ടുകൊണ്ടിരുന്നത്‌. ഇവിടെ മത്സ്യഫെഡിന്റെ ഒരു ഫാമുണ്ട്‌. അവിടുത്തെ ഫാം മാനേജര്‍ പറഞ്ഞു, മനോജേ നമുക്ക്‌ കുറച്ച്‌ കണ്ടല്‍ നടാം. അത്‌ ടൂറിസ്‌റ്റുകള്‍ വരുന്നൊരു സ്ഥലമാണ്‌. അപ്പോള്‍ കണ്ടലുകള്‍ നട്ടാല്‍ കുറച്ചുകൂടി ഭംഗിയുണ്ടാവും. അങ്ങനെ പുതുവൈപ്പിലൊരു കണ്ടല്‍ ഗവേഷണ കേന്ദ്രമുണ്ട്‌. ഞാനവിടെ പോയി രഘുരാജ്‌ സാറിനെ കണ്ടു. എനിക്കാ രംഗത്ത്‌ അറിവില്ല. അങ്ങനെ അതിന്റെ അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കി. അതിനുശേഷം കുട്ടികള്‍ക്കായുളള പഠനയാത്രകള്‍ സംഘടിപ്പിച്ചു. എറണാകുളത്തെ പല സ്‌കൂളുകളില്‍ നിന്നുമുളള കുട്ടികള്‍ വരും. ഈ കണ്ടല്‍ ഗവേഷണകേന്ദ്രം 65 ഏക്കറാണ്‌. കുഫോസിനു കീഴിലാണത്‌. ഈ കുട്ടികളോടൊപ്പം ഇരുന്ന്‌ നമ്മളിതെല്ലാം കാണും. രഘുരാജ്‌ സാര്‍ നടത്തുന്ന പ്രസന്റേഷനുണ്ട്‌. കണ്ടലിന്റെ പാരിസ്ഥിതിക പ്രാധാന്യം, മത്സ്യസമ്പത്തിനെ അവയെങ്ങനെ സഹായിക്കുന്നു, തീരസംരക്ഷണം നടത്തുന്ന കണ്ടല്‍ക്കാടുകള്‍ അങ്ങനെയുളള കാര്യങ്ങള്‍. കണ്ടലുകള്‍ തന്നെയൊരു ഇക്കോസിസ്‌റ്റമാണ്‌. ശരിക്കും കണ്ടലുകള്‍ എടുക്കുകയാണെങ്കില്‍ 16 ഇനങ്ങളുണ്ട്‌. പിന്നെ കണ്ടല്‍ക്കാടുകളില്‍ വളരുന്ന മറ്റു സസ്യങ്ങളുണ്ട്‌. അവ അമ്പതോളം ഇനങ്ങളുണ്ട്‌. കണ്ടലുകള്‍ക്ക്‌ മഴക്കാടുകളേക്കാള്‍ അഞ്ചു മുതല്‍ പത്തിരട്ടി വരെ കാര്‍ബണ്‍ സംഭരിക്കാനുളള ശേഷി ഉണ്ട്‌.

ഹരി: ഓ..അങ്ങനെയുണ്ടോ ? അതെനിക്കറിയില്ലായിരുന്നു. അതുമാത്രമല്ല, എത്രയോ ജീവജാലങ്ങള്‍ക്കു ഭക്ഷണവും വാസസ്ഥലവും ഒരുക്കുന്നു. ഇതിന്റെ ഇലകളില്‍ പ്രോട്ടീനിന്റെ അളവ്‌ കൂടുതലാണ്‌.
മനോജ്‌: അതെ. അതുപോലെ തീരദേശത്ത്‌, ഇപ്പോള്‍ വൈപ്പിന്‍ എന്നുപറയുന്ന ഞങ്ങളുടെയീ സ്ഥലം, ഇവിടെ ഉളളത്‌ പൊക്കാളി നെല്ലും പിന്നെയീ മീനുമാണ്‌. അപ്പോള്‍ കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉണ്ടെങ്കില്‍ അതിനനുസരിച്ച്‌ മത്സ്യസമ്പത്തും കൂടും. മീനുകളുടെ കിന്റര്‍ഗാര്‍ഡന്‍ എന്നും ഇവയെ വിളിക്കാം.

ഹരി: ഞാന്‍ പണ്ട്‌ കണ്ടലുകളുടെ പഠനത്തിനായി പോയി, അന്ന്‌ ഫിഷറീസുമായി ബന്ധപ്പെട്ടൊരു കേന്ദ്രം കുമരകത്തുണ്ട്‌. അവര്‍ പറഞ്ഞത്‌ കേരളത്തിന്റെ തീരം മുഴുവനീ കണ്ടലായിരുന്നു. കരഭൂമിയ്‌ക്കായിട്ട്‌ ഇതു മുഴുവന്‍ വെട്ടി നശിപ്പിച്ചതാണ്‌ എന്നാണ്‌ പറഞ്ഞത്‌.
മനോജ്‌: ഇപ്പഴുമത്‌ നടക്കുന്നുണ്ട്‌. പലകാരണങ്ങള്‍ കൊണ്ട്‌ കണ്ടലുകള്‍ വെട്ടി നശിപ്പിക്കുന്നുണ്ട്‌. നമുക്കിതിന്റെ പ്രാധാന്യം ഇപ്പോഴും മനസിലായിട്ടില്ല. വൈപ്പിനില്‍ ഉളളവര്‍ക്കും പോലും മനസിലായിട്ടില്ല. അതിന്റെ ഭാഗമായിട്ടാണ്‌ ഗ്രാസ്‌റൂട്ട്‌ എന്നൊരു കൂട്ടായ്‌മ തുടങ്ങി, കഴിഞ്ഞ ഒരു വര്‍ഷമായിട്ട്‌ ചെറിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഒരു ചെറിയ കണ്ടല്‍ നഴ്‌സറി തുടങ്ങി പ്രാന്തന്‍ കണ്ടലിന്റെയും പേനകണ്ടലിന്റെയും വിത്തുകള്‍ ശേഖരിച്ച്‌ ആയിരത്തഞ്ഞൂറോളം തൈകളുണ്ടാക്കി. പൊക്കാളി പാടത്തോടൊക്കെ ചേര്‍ന്ന്‌ മൂന്നിടത്ത്‌ നട്ടുപിടിപ്പിച്ചു. ധാരാളം കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്‌. ഇതൊരു വ്യക്തിക്ക്‌ തന്നെ ചെയ്യാനാവുന്നൊരു കാര്യമല്ല. പൊക്കുടന്‍ ചേട്ടനൊക്കെ ഒറ്റയ്‌ക്ക്‌ ചെയ്‌തു. പക്ഷെ ഇനി സമൂഹം ഇത്‌ ഏറ്റെടുക്കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ ധാരാളം സംഘടനകളും മറ്റും നമുക്കുണ്ട്‌. പക്ഷെ കാണുന്ന ഒരു പ്രധാന കാര്യം, കണ്ടല്‍ നഴ്‌സറികളുടെ എണ്ണം കുറവാണ്‌. കണ്ടലുകളുടെ തൈകള്‍ ഉണ്ടാക്കുക അത്ര എളുപ്പമല്ല. വേണമെങ്കില്‍ വിത്തു ശേഖരിച്ച്‌ ഞാറു നടുന്നതുപോലെ നട്ട്‌ കണ്ടല്‍കാടുകളുണ്ടാക്കാം. പക്ഷെ കരയില്‍ വൃക്ഷത്തൈകള്‍ നടുക എളുപ്പമാണ്‌. ഇത്‌ ചേറില്‍ ഇറങ്ങി നടുക അത്ര എളുപ്പമല്ല.

ഹരി: ചെളിയില്‍ ഇറങ്ങാനുളള ഒരു മാനസികാവസ്ഥ കൂടി വേണം.
മനോജ്‌: അതെ. കുറച്ച്‌ റിസ്‌കുണ്ടതില്‍. ഞങ്ങളിവിടെ കായലോരത്ത്‌, പൊക്കാളി പാടങ്ങളിലൊക്കെ ഇറങ്ങി ചെയ്യുമ്പോള്‍ റിസ്‌കുളള കാര്യമാണ്‌. ചെറിയ കുട്ടികളെ ഒന്നും ഇതില്‍ ഇറക്കാന്‍ കഴിയില്ല. കുറച്ച്‌ ശാരീരികക്ഷമതയുളള ആളുകളായിരിക്കണം. അതുപോലെ നമുക്കൊരു വഞ്ചി വേണം.

ഹരി: 2050 ഓടെ കൊച്ചി നഗരം വെളളത്തിനടിയിലാവുമെന്നാണല്ലോ കാലാവസ്ഥാ വിദഗ്‌ധര്‍ പറയുന്നത്‌. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഒരു മീറ്റര്‍ വെളളം പൊങ്ങിക്കഴിഞ്ഞാല്‍ കൊച്ചി അടക്കമുളള ഭാഗങ്ങള്‍ വെളളത്തിനടിയിലാവും. അങ്ങനെ മുങ്ങാന്‍ സാധ്യതയുളള ലോകത്ത്‌ 50 നഗരങ്ങളില്‍ ഒന്നാണ്‌ കൊച്ചി എന്നു പറയുന്നു. അതിനു മുമ്പ്‌ ഇവിടെ തീരത്ത്‌ കണ്ടലുകള്‍ വെച്ച്‌ എന്തെങ്കിലും മാറ്റമുണ്ടാക്കാനാവും എന്ന പ്രതീക്ഷയെങ്കിലുമുണ്ടോ ?

മനോജ്‌: വൈപ്പിന്റെ കാര്യത്തില്‍, ആദ്യം മുങ്ങിപ്പോകുന്നത്‌ നമ്മളായിരിക്കും. 25 കിലോമീറ്ററാണ്‌ വൈപ്പിന്റെ നീളം. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ നിന്നു മനസിലായത്‌ ചെല്ലാനത്തുളള അത്രയും കടലാക്രമണം നായരമ്പലത്തുമൊക്കെയുണ്ട്‌. പലയിടത്തും കടല്‍ഭിത്തി പൊളിഞ്ഞു കിടക്കുകയാണ്‌. നമ്മള്‍ വിചാരിക്കുന്നത്‌ കടല്‍ഭിത്തി, പുലിമുട്ട്‌, ടെട്രാപോഡുകള്‍, ജിയോബാഗ്‌ ഇതൊക്കെയാണ്‌ നമ്മളെ സംരക്ഷിക്കുക എന്നാണ്‌. കഴിഞ്ഞ 60 വര്‍ഷമായി കടല്‍ഭിത്തി കെട്ടിക്കൊണ്ടിരിക്കുകയാണ്‌. ഈ കല്ലെല്ലാം അറബിക്കടലില്‍ താഴ്‌ന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. വെറുതേ കടപ്പുറത്തു പോയിക്കഴിഞ്ഞാല്‍ നമുക്കത്‌ മനസിലാവും. നമ്മുടെ ഒരു ചിന്ത ഒരു ജൈവമതില്‍ സൃഷ്ടിക്കാന്‍ പറ്റുമോ എന്നുളളതാണ്‌. അതില്‍ കണ്ടല്‍ മാത്രമല്ല. കടപ്പുറത്തെ പഞ്ചാരമണലില്‍ കണ്ടല്‌ നടാന്‍ പറ്റില്ല. അപ്പോള്‍ അവിടെയുളള തദ്ദേശീയ സസ്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ തിരിച്ചറിയണം.. പൂപ്പരുത്തി, താളിപ്പരുത്തി, തല്ലിതേങ്ങ, പുന്ന, പിന്നെ സോഷ്യല്‍ ഫോറസ്‌ട്രി നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങളും. അത്‌ തദ്ദേശീയ സസ്യമാണോ എന്നു ചോദിച്ചാല്‍, അല്ല.

ഹരി: കാറ്റാടി പോവുമെന്നും പറയുന്നുണ്ട്‌. സുനാമി വന്നപ്പോള്‍ ആദ്യം പോയത്‌ കാറ്റാടി ആയിരുന്നു എന്നും പറയുന്നു.
മനോജ്‌: ഇവിടെ കുഴുപ്പളളി ബീച്ചിലൊക്കെ ശക്തമായ കടലാക്രമണം വരുമ്പോള്‍ ഇത്‌ കടപുഴകി വീഴും. പക്ഷെ പഞ്ചാരമണലില്‍ വേറെ നട്ടുപിടിപ്പിക്കാന്‍ പറ്റാത്തതുകൊണ്ട്‌ അതിങ്ങനെ നട്ടു എ്‌ന്നു മാത്രമേയുളളു. പുന്ന കുറച്ചൂടിയൊക്കെ കാറ്റിനെ പ്രതിരോധിക്കും.

ഹരി: പുന്ന, പൂവരശ്‌ ഒക്കെ നല്ലതാണ്‌.
മനോജ്‌: അതെ. അപ്പോള്‍ കഴിയുന്നത്ര സ്വാഭാവികമായ സസ്യങ്ങള്‍ നടുന്നു. അതിനു തൊട്ടുകിഴക്കുവശത്തായി ബീച്ച്‌ റോഡുണ്ട്‌. അതിനോടു ചേര്‍ന്ന്‌ ഇതുപോലുളള വൃക്ഷങ്ങല്‍ നടാം. വേണമെങ്കില്‍ മഞ്ഞമുള നടാം.

ഹരി: പക്ഷെ മഞ്ഞമുള വട്ടത്തോടെ ഒഴുകിപ്പോകുമെന്നാണ്‌ ഞങ്ങളുടെ അനുഭവം. ഓടല്‌ നില്‍ക്കുന്നുണ്ട്‌. വെഞ്ഞാറമൂട്‌ വാമനപുരം നദിയുടെ തീരത്ത്‌ നോക്കിക്കഴിഞ്ഞാല്‍ കൂട്ടമായി മഞ്ഞമുള ഒഴുകിപ്പോയത്‌ കാണാം. ഒരു മുള വന്നു തട്ടിക്കഴിഞ്ഞാല്‍ രണ്ടു സെന്റ്‌ സ്ഥലവും കൂടിക്കൊണ്ടാണിതു പോകുന്നത്‌. അത്തരമൊരു അനുഭവമാണ്‌ അവിടെ കാണുന്നത്‌. മഞ്ഞമുള ഒരിക്കലും പറ്റുമെന്നു തോന്നുന്നില്ല.

മനോജ്‌: ഇവിടെ കെഎഫ്‌ആര്‍ഐ മുനയ്‌ക്കല്‍ ബീച്ചിലൊരു പ്രോജക്ട്‌ പോലെ ചെയ്‌തിട്ടുണ്ട്‌. അവിടെ പല ഇനങ്ങളും നട്ടുനോക്കിയതില്‍ അതിജീവിച്ചത്‌ ഈ മഞ്ഞമുള മാത്രമാണ്‌.

ഹരി: അതുശരി. വേറൊരു കാര്യമുണ്ട്‌. മുനയ്‌ക്കല്‍ ബീച്ചില്‍ തന്നെ 20 സെന്റ്‌ സ്ഥലത്ത്‌ ഞങ്ങള്‍ മിയാവാക്കി മാതൃകയില്‍ 3200 ചെടി നട്ടിട്ടുണ്ട്‌. അതു കണ്ടിട്ടുണ്ടോ ?
മനോജ്‌: ഇല്ല. ഞാനതിന്റെ വീഡിയോ കണ്ടിട്ടുണ്ട്‌.

ഹരി: അവിടെ 3200 ചെടിയുണ്ട്‌. അവിടെ 15 വര്‍ഷം കൂടീട്ട്‌ കടലാക്രമണം ഉണ്ടായത്‌ ഞങ്ങളിത്‌ നട്ട്‌ ഒരു വര്‍ഷം കഴിഞ്ഞാണ്‌. അതില്‍ അമ്പത്‌ ചെടിയാണ്‌ ആകെ പോയത്‌. പെട്ടെന്ന്‌ നശിച്ചത്‌ കടമ്പായിരുന്നു. കടമ്പാണ്‌ ഏറ്റവും നന്നായി വളര്‍ന്നുനിന്നിരുന്നതും. അത്‌ ഒറ്റദിവസം കൊണ്ടു വാടി. അതില്‍ത്തന്നെ കുറേ പൊട്ടിക്കിളിര്‍ത്തു. മൊത്തം ഞങ്ങളൊരു സര്‍വേ നടത്തിയതില്‍ 3100 മരങ്ങളായിരുന്നു ആദ്യം നട്ടത്‌. അതില്‍ 56 മരങ്ങള്‍ ആകെ പോയിട്ടുണ്ട്‌. ബാക്കിയുളളവ ഇപ്പോഴും അവിടെ നിപ്പുണ്ട്‌. നന്നായി വളരുന്നുമുണ്ട്‌. എല്ലാംകൂടി ഒരുമിച്ചു വളരുമ്പോള്‍ പിടിക്കുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഞങ്ങളതിനൊരു സ്‌കീം ഉണ്ടാക്കി. പക്ഷെ പിന്നീട്‌ നടപ്പിലാക്കാന്‍ കിട്ടിയില്ല. ഞങ്ങളുടെ ഒരു ടീമുണ്ടായിരുന്നു. ശാസ്‌ത്രജ്ഞരായ ഡോ. ഷാജി, ഡോ. ഡാന്‍ മാത്യു തുടങ്ങിയവരൊക്കെ ഉളെളാരു ടീം. ഇവരുടെയൊക്കെ അഭിപ്രായമെടുത്തിട്ട്‌ ഏറ്റവും താഴെത്തട്ടില്‍ ഉപ്പിനെ പ്രതിരോധിക്കുന്ന ഇനങ്ങള്‍ - കണ്ടലു തൊട്ട്‌ രാമച്ചം, പുഴമുല്ല, അങ്ങനെയുളള കുറേ സാധനങ്ങള്‍ വെക്കുക. അതുകഴിഞ്ഞ്‌ ആറ്റുതീരത്ത്‌ വളരുന്ന ചെടികളായ പുന്ന, പൂവരശ്‌ പോലുളളവ വെക്കുക. അതുകഴിഞ്ഞ്‌ സാധാരണ മരങ്ങള്‍ വെക്കുക. അങ്ങനെ ചെയ്‌താലവ നില്‍ക്കും. അതിനകത്ത്‌ വലിയൊരു ഘടകമായി നമ്മള്‍ പറഞ്ഞിരുന്നതാണ്‌ കൈത വെക്കാം എന്നുളളത്‌. പക്ഷെ അത്‌ വെക്കാനുളള ഒരവസരം കിട്ടിയില്ല. ഇപ്പോഴും അത്‌ വേണോ വേണ്ടയോ എന്നുളള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്‌. കല്ലിടുന്ന കാര്യത്തില്‍ എല്ലാവര്‍ക്കുമൊരു യോജിപ്പുണ്ട്‌. ഇതില്‍ ചര്‍ച്ച നടക്കുന്നേ ഉളളൂ.

മനോജ്‌: ഒരു സെക്കന്റ്‌ പോലും കളയാതെ ഇതില്‍ കമ്മ്യൂണിറ്റി പാര്‍ട്ടിസിപ്പേഷന്‍ കൊണ്ടുവരികയാണെങ്കില്‍ ഒരുപക്ഷെ- വൈപ്പിന്‍ മുങ്ങിപ്പോകില്ല എന്നു പറയാന്‍ പറ്റില്ല - എങ്കിലും അത്‌ നീട്ടാന്‍ പറ്റും. സ്വന്തം സ്ഥലം ഉപേക്ഷിച്ചു പോവാന്‍ നമുക്കാര്‍ക്കും താത്‌പര്യമില്ല. ഇവിടെ ജീവിക്കാന്‍ പറ്റുന്നൊരു സാഹചര്യം ഉണ്ടാക്കാന്‍ പറ്റുകയാണെങ്കില്‍ ഇവിടത്തെ സാധാരണക്കാര്‍ക്ക്‌ ഇവിടെത്തെന്നെ കഴിയാന്‍ പറ്റും. ഏറ്റവും ജലസാന്ദ്രത ഉളെളാരു ദ്വീപാണിത്‌. ആകെ നമുക്ക്‌ അഞ്ചു സെന്റ്‌, പത്തു സെന്റൊക്കെയേ ഉണ്ടാവുകയുളളു. അതുപേക്ഷിച്ച്‌ നമ്മള്‍ എവിടെ പോവാനാണ്‌ ? പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപ കൊടുക്കും. അതുപയോഗിച്ച്‌ നിങ്ങളിവിടുന്ന്‌ പൊയ്‌ക്കോളാനാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. പക്ഷെ നമ്മുടെ സ്വന്തം സ്ഥലം വിട്ടുപോകാനാര്‍ക്കും താത്‌പര്യമുണ്ടാവില്ല. ഒരുഘട്ടം കഴിയുമ്പോള്‍ അതിജീവിക്കാന്‍ പറ്റാത്തൊരു സ്ഥിതി വരും. അതുവരെ നമ്മള്‍ പിടിച്ചുനില്‍ക്കുക എന്നുളളതാണ്‌.

ഹരി: അപ്പോള്‍ താങ്കളുടെ പ്രവര്‍ത്തനത്തിന്റെ മൊത്തത്തിലുളള സ്വഭാവം കാടു വെക്കുന്നു എന്നു മാത്രമല്ല, കാടുവെക്കലിന്റെ ഒരാവശ്യം സമൂഹത്തെ, പ്രത്യേകിച്ച്‌ പുതിയ തലമുറയെ ബോധ്യപ്പെടുത്താനായിട്ട്‌ ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണ്‌ എന്നു പറയാമല്ലേ ? എഞ്ചിനിയറിങ്ങ്‌ ഒക്കെ വിട്ടല്ലോ ?

മനോജ്‌ : അതെ. പലരും വിളിക്കുന്നുണ്ട്‌. നമ്മളും ഓരോ ദിവസം പഠിച്ചുകൊണ്ടിരിക്കുകയാണ്‌. എന്റെ മനസിലുളളത്‌ ഏതു ഭൂപ്രകൃതിയിലും ഇത്‌ ചെയ്യാന്‍ കഴിയണം. ഫലഭൂയിഷ്ടമായൊരു നിലത്ത്‌ കാടുണ്ടാക്കുക അത്ര വെല്ലുവിളിയല്ല. ഞാന്‍ തിരുവണ്ണാമല പോയിരുന്നു. അവിടെ "ദ ഫോറസ്‌റ്റ്‌ വേ" എന്നൊരു സംഘമുണ്ട്‌. അരുണാചലം കുന്നുകള്‍ ഇക്കോ റെസ്‌റ്റോറേഷന്‍ ചെയ്യുന്നത്‌ അവരാണ്‌. അരുണാചലത്തില്‍ ഒരു ചെടി പോലും ഉണ്ടായിരുന്നില്ല. ഇന്നവിടെ ഒരരുവിയുണ്ട്‌. അവര്‍ അത്രയും ആത്മാര്‍പണത്തോടെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്‌. അവിടെ മഴയില്ല, കാട്ടുതീ ഉണ്ട്‌. ഇവിടെ മൂന്നൂറ്‌ സെന്റിമീറ്റര്‍ മഴ കിട്ടുന്ന നമ്മള്‍ എന്തുചെയ്യുന്നു എന്നാണ്‌ ചോദ്യം. അത്രയും കഠിനാദ്ധ്വാനം ചെയ്‌ത്‌ ആളുകള്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമുക്കിവിടെ തൈ നട്ടാല്‍ മതി. അല്ലെങ്കില്‍ സ്വാഭാവികമായി മുളച്ചുവരുന്നവയെ സംരക്ഷിച്ചാല്‍ മതി.

ഹരി: പലപ്പോഴും നമ്മള്‍ വിഷയങ്ങളെ സൈദ്ധാന്തികമായി സമീപിക്കും. ചിലര്‍ പ്രായോഗികമായും സമീപിക്കും. പ്രായോഗികതലവും സൈദ്ധാന്തികതലവും കൂട്ടിച്ചേര്‍ത്ത്‌ ഒരുവശത്തിത്‌ നട്ടുപിടിപ്പിക്കുകയും മറുവശത്തിത്‌ വരുന്ന തലമുറയെ പഠിപ്പിച്ചെടുക്കുകയും അതിനായി ജീവിതം മാറ്റിവെക്കുകയും ചെയ്യുന്ന ആളുകള്‍ വളരെ കുറവാണ്‌. അത്തരത്തിലുളള ഒരാളാണ്‌ മനോജ്‌. നിങ്ങള്‍ക്ക്‌ എറണാകുളം ജില്ലയിലോ എവിടെയെങ്കിലും അദ്ദേഹത്തിന്റെ സഹായം ആവശ്യമുണ്ടെങ്കില്‍, കാടുവെച്ചുപിടിപ്പിക്കാനോ കാടിനെ കുറിച്ച്‌ പഠിപ്പിക്കാനോ, കമ്മ്യൂണിറ്റി പാര്‍ട്ടിസിപ്പേഷനോടെ ഇതു ചെയ്യാനോ ഒക്കെ താത്‌പര്യമുണ്ടെങ്കില്‍ മനോജുമായി ബന്ധപ്പെടണം. അദ്ദേഹത്തിന്റെ ഫോണ്‍നമ്പര്‍ കൂടി കൊടുക്കുന്നുണ്ട്‌. നിങ്ങള്‍ നേരിട്ട്‌ അദ്ദേഹത്തെ വിളിക്കുക.