വീട് വയ്ക്കുന്നതിന് പല മാതൃകകളും പലയിടത്തും ഉണ്ട്. ഞങ്ങൾ വീടു വയ്ക്കുന്നതിൽ വിദഗ്ധരല്ല. പക്ഷെ ചിലവ് കുറഞ്ഞ വീടുകൾ ഇടയ്ക്ക് വയ്ക്കാൻ ശ്രമിക്കാറുണ്ട്. ഇത് അങ്ങനെ വച്ച ഒരു വീടാണ്. വീടിന് ചിലവ് കുറയ്ക്കുമ്പോൾ അതിന് ഭംഗി കൂടി വരുമോ എന്നാണ് നോക്കുന്നത്. അങ്ങനെ സാധാരണ നമ്മൾ കാണാത്ത ആകൃതിയിൽ വീട് വയ്ക്കണം എന്ന് തോന്നി വെച്ച വീടാണ്.

ഇത് 250 സ്ക്വയർഫീറ്റോളം ഉണ്ട്. 250-270 നും ഇടയ്ക്ക് വരും. ഇതിനകത്ത് അടുക്കള ഇല്ല. അടുക്കള ചേർക്കണം എന്നു വിചാരിച്ചിരുന്നു. അവസാന നിമിഷം വേണ്ടാന്നു വച്ചു. പഴയ വീടുകൾക്ക് ചാവടി എന്നൊരു സങ്കൽപം ഉണ്ടായിരുന്നു. പ്രധാന വീടുകളോട് ചേർന്ന് അതിഥികൾക്ക് താമസിക്കാൻ ഒന്നോ രണ്ടോ ചെറിയ മുറികൾ അതിന് ചാവടി എന്നാണ് പറയുക. അവിടെ കിച്ചൺ ഉണ്ടാകില്ല. പണ്ട് വീടുകളിൽ ടോയ്ലറ്റ് ഉണ്ടാകാറില്ല. ഇവിടെ ടോയ്ലറ്റും ബാത്ത്റൂമും കൊടുത്തിട്ടുണ്ട്.

ഈ വീട് ഫെറോ സിമെന്റ് രീതിയിലാണ് ചെയ്തിരിക്കുന്നത്. വളരെ കുറച്ചു ഭാഗത്തേ ഇഷ്ടിക ഇട്ടിട്ടുള്ളു. ജനലിന്റെ താഴെ ഭാഗം. ബാക്കി കമ്പി വളച്ചു കൊടുത്തിരിക്കുകയാണ്. ഇതിന്റെ കോൺക്രീറ്റ് രണ്ടിഞ്ച് കനം കഷ്ടിച്ചേ വരുന്നുള്ളു. കനമുള്ള കോൺക്രീറ്റ് ഇതിനില്ല. സാധാരണ വാർക്കുന്ന പോലെ 4 ഇഞ്ച് ഇല്ല. ഇത് ഇടിഞ്ഞു വീഴില്ല എന്ന വിശ്വാസത്തിലാണ്. എന്തായാലും താമസിക്കുമ്പാൾ അറിയാം. ഇതിനകത്ത് അത്യാവശ്യം ഫർണിച്ചറൊക്കെ കയറ്റി. ഇനി മഴ കഴിയുമ്പോൾ അറിയാം ഇത് താഴെ പോകുമോ ഇല്ലയോ എന്ന്.

പ്രധാന വിഷയം ചിലവ് വളരെ കുറവ് ആണെന്നാണ്. വീട് ചെയ്യാനായി മൊത്തം 5,40,000 രൂപയായി. ഇതിൽ നാൽപതിനായിരം രൂപ കൊതുകു വലകൾക്കായി വന്നതാണ്. കൊതുകു വല കതകിനു ചുറ്റും അടിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയോളം ബാത്ത്റൂമിനായി വന്നതാണ്. പിന്നൊരു നാൽപതിനായിരം രൂപ ഫർണിച്ചറിനായി വന്നതാണ്. ബാത്ത്റൂം ഒഴിവാക്കാനാകില്ല, ബാക്കി ഒഴിവാക്കിയാൽ നാല് ലക്ഷം രൂപയ്ക്ക് ഇത്തരത്തിലുള്ള വീട് പണി തീർക്കാൻ പറ്റും.

ഇത് ചെറിയ വീടാണ്. പറമ്പിൽ തന്നെ വലിയ വീട് വേറെ ഉണ്ട്. അത്യാവശ്യത്തിന് ചെറിയ വീട് വേണമെങ്കിൽ ചെയ്യാവുന്ന മാതൃകയാണ്. ഏതെങ്കിലും ആർക്കിടെക്ടിനെ കൊണ്ട് തന്നെ ഡിസൈൻ ചെയ്യിക്കണം. ഇത് താഴെ പോകുമോ ഇല്ലയോ എന്ന് അവർ പറയണം. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കൃഷി നോക്കുന്ന മധു ഒന്നാന്തരം മേസ്തിരി ആണ്. അദ്ദേഹത്തിന് ഇതേക്കുറിച്ച് ധാരണ ഉണ്ട്. ആ ധാരണയിൽ ഒത്തുവച്ചാണ് നമ്മൾ ഇത് ചെയ്തിരിക്കുന്നത്.

രണ്ടാമത്തെ കാര്യം ഇങ്ങനെ ചെയ്യുമ്പോൾ ഇതിന്റെ കൂടെ രണ്ടുമുറി കൂടി വയ്ക്കുകയാണെങ്കിലും കോസ്റ്റ് 15 ലക്ഷം രൂപ ആകില്ല. ഇതിനിപ്പോൾ ബാത്ത്റൂം ഉള്ള സ്ഥിതിയ്ക്ക് വേറെ ബാത്ത്റൂം ആവശ്യമില്ല. രണ്ടു മുറികളും ചെറിയ അടുക്കളയും കൂട്ടിച്ചേർക്കുകയാണെങ്കിൽ ഒരു പത്തു ലക്ഷം രൂപയ്ക്ക് താഴെ സുഖമായി ഇത് തീർക്കാൻ പറ്റും. മൂന്ന് മുറികളുള്ള ചെറിയ വീട് എന്ന നിലയ്ക്ക്. വേറെ വലിയ വീട് നമുക്ക് ഉണ്ടെങ്കിൽ അത് പൊളിച്ചു പണിയാതെ സൈഡിൽ ഇങ്ങനെ ഒന്ന് തീർക്കാമെങ്കിൽ അതും ആലോചിക്കാം.

ഇത് ചെടികൊണ്ട് മൂടുക എന്ന ഉദ്ദേശത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ എല്ലാ വശത്തും ചെടികളാണ്. കാണാവുന്ന പോലെ മുള അടക്കമുള്ള പലതരം ചെടികൾ, ആലുകൾ, പേരാലാണ് ഈ പാറപ്പുറത്ത് വളർന്നു വരുന്നത്. ഇത്തി വളരുന്നുണ്ട്. ഇത് പാറയായിരുന്നു. പാറയുടെ പുറത്ത് ചെറിയ ദ്വാരമിട്ട് മരം വച്ചിരിക്കുകയാണ്. ഇതിന്റെ മറുവശത്ത്, ഒരാൾ പൊക്കത്തിൽ പേരാൽ വളർന്നു നിൽക്കുകയാണ്. രണ്ടു കൊല്ലമായി അതിനെ വെട്ടിനിർത്തുന്നത് കൊണ്ട് വേറെ കുഴപ്പമില്ല.

വീടിനടുത്ത് ഇത് വച്ചാൽ ഫൗണ്ടേഷൻ പോകില്ലേ എന്നു ചോദിക്കുന്നവർക്കു വേണ്ടിയാണ്. വീടിന് ഒരു 50 വർഷത്തിൽ കൂടുതൽ ആയുസ്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ടെക്നോളജി മാറും നാട്ടുകാരുടെ ആവശ്യം മാറും അപ്പോ വീടും മാറും. എനിക്ക് തന്നെ 60 വയസ്സായി. ഇനി ഒരു 25-30 വർഷത്തെ കാര്യം എന്ന നിലയിലാണ് ഞാൻ ഇങ്ങനെ ഒരു വീട് വച്ചത്. നിങ്ങളും ഇത് ആലോചിക്കുക. പുതിയ ആശയം ആലോചിക്കാനായി ഇത് കാട്ടിത്തരുന്നു എന്നു മാത്രം. തീരുമാനങ്ങൾ നിങ്ങൾ എടുക്കുക. സാങ്കേതിക വിദഗ്ധരുമായി ആലോചിച്ച് തന്നെ. ആർക്കിടെക്റ്റ് പോലുള്ളവരുമായി ആലോചിച്ച് തന്നെ ചെയ്യുക. കാരണം ഇതിൽ നമ്മുക്ക് അറിയാൻ പറ്റാത്ത പല കാര്യങ്ങളും അവർക്ക് പറഞ്ഞു തരാൻ പറ്റും. അതു കൊണ്ട് ആർക്കിടെക്റ്റിനെ ഒഴിവാക്കി ഇതു കണ്ടിട്ട് ഇതുപോലെ ഒരെണ്ണം ചെയ്യാമെന്ന് വിചാരിക്കരുത്. അതിന്റെ ബലം, ഈട് അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതു കൂടി മനസ്സിലാക്കുക.

പ്രകൃതിയുമായി വളരെ സൗഹൃദപരമായി നിലനിൽക്കുന്ന ഒന്നായിട്ടാണ് ഇതിനെ നമ്മൾ പ്ലാൻ ചെയ്തിരിക്കുന്ന്ത്. അതു കൊണ്ട് തന്നെ ധാരാളം പക്ഷികളും ചിത്രശലഭങ്ങളും ഇതുവഴി വരുന്നുണ്ട്. തവള പോലുള്ള ഒത്തിരി സാധനങ്ങൾ വരുന്നുണ്ട്. അപ്പോൾ തവളയുടെ പുറകെ പാമ്പ് വരില്ലേ എന്നു ചോദിക്കും, പാമ്പും വരാം. ഇവിടെയൊക്കെ അത്യാവശ്യം മാളം ഉണ്ട്. അതൊക്കെ തുറന്ന് കിടക്കുകയാണ്. അവിടെ കയറി ഇരുന്നു കൊള്ളും. നമുക്ക് ഉപദ്രവം ഇല്ലാതിരിക്കാനായിട്ട്, ചുറ്റും നെറ്റ് അടിച്ചിട്ടുണ്ട്. കൂടാതെ വീടിനു പുറത്തിറങ്ങുന്നിടത്ത് ശക്തിയായ വെളിച്ചം കൊടുത്തിട്ടുണ്ട്. അത്രയും മുൻകരുതലേ അതിൽ എടുക്കാനൊക്കുള്ളു.

പിന്നെ ഈ വീടിന് ചിലവിന് വന്ന ഘടകം ഇതിന് ഫൈബർ കോട്ടിംഗ് നടത്തി എന്നുള്ളതാണ്. അതായത് ഇതിന്റെ മേൽക്കൂരയ്ക്ക് മുകളിലൂടെ താഴെ ഈ കാണുന്നത് ചെറിയ തോതിലുള്ള ഫൈബർ കോട്ടിംഗ് ആണ്. പക്ഷെ ഈ ഒരു ലെവൽ വരെ നല്ല രീതിയിൽ ഫൈബർ കോട്ടിംഗ് നടത്തിയിരിക്കുകയാണ്. ഫൈബർ കോട്ടിംഗ് ഉളളതുകൊണ്ട് പുറത്ത് വെളളം വീഴുകയില്ല, പുറത്ത് വീഴുന്ന വെള്ളം ഒഴുകി പോകും. അകത്തു ചോർച്ച ഉണ്ടാകുകയില്ല. അതുപോലെ ഒരിക്കൽ കിളിമാനൂർ അജിത്ത് സാറിന്റെ വീഡിയോ ഒരിക്കൽ ഇട്ടിരുന്നു. അദ്ദേഹം ചെയ്തിരിക്കുന്നത് ഒരു സോളാർ ലൈറ്റ് ഇതിൽ പിടിപ്പിച്ചിട്ടുണ്ട്. പകൽ സമയത്ത് ഇതിനകത്തു ബൾബിന്റെ ആവശ്യമില്ല. നല്ല വെളിച്ചം അകത്ത് കിട്ടും. ചൂട് കാറ്റ് മേലോട്ട് പോയ്ക്കൊണ്ടിരിക്കാനായിട്ട് ഒരു ടർബൈനും പിടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കോസ്റ്റ് 5 ലക്ഷത്തിലെത്തിച്ചത് ഇങ്ങനെയുള്ള ഘടകങ്ങളെല്ലാം കൂടി ആണ്.

ചരിഞ്ഞ രീതിയിലാണ് വയ്ക്കുന്നതെങ്കിൽ മേസ്തിരിമാർ തന്നെ ഇതിൽ നല്ല രീതിയിൽ കോൺക്രീറ്റ് ഇട്ടു തരും. വെള്ളം അകത്തേയ്ക്ക് പോകാതിരിക്കാനായിട്ട്. നിങ്ങൾക്ക് അത് പോരാ എന്നു തോന്നുന്നെങ്കിൽ ഇവിടെ ഞങ്ങൾ തേപ്പിന് അധികം എഫർട്ട് എടുത്തിട്ടില്ല. ചെറിയ വീടിന്റെ മുകളിലിരുന്ന് ചെയ്യാൻ ബുദ്ധിമുട്ട് ആയതിനാൽ, ഒരു ഫൈബർ കോട്ടിംഗ് നല്ല രീതിയിൽ അടിച്ചു വിടുകയാണെങ്കിൽ അതുമതിയാകും. ഫൈബർ കോട്ടിംഗിന് ഏകദേശം 100- 110 രൂപ വച്ച് ഒരു സ്ക്വയർഫീറ്റിന് ആകുന്നുണ്ട്. അത്രയും ചിലവ് അതിന് വരും. പുരപ്പുറത്തെ ചോർച്ച നിർത്താൻ ഉപയോഗിക്കുന്ന അതേ ടെക്നോളജി ആണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

പിന്നെ ഇതിന് ഉപയോഗിച്ചിരിക്കുന്നത് ഒരു മരവും പുതിയതല്ല. വീടുകളിൽ നിന്നും പൊളിച്ച മരത്തടികളാണ് ഉപയോഗിച്ചിരിക്കുന്നത്. കട്ടിളയെല്ലാം കോൺക്രീറ്റ് ആണ്. ബാത്ത്റൂം വാതിൽ ഫൈബർ ആണ്. ആ തരത്തിൽ നമ്മൾ തടി പുനരുപയോഗം ചെയ്യുകയും അതുപോലെ തടിയ്ക്ക് പകരം ഉള്ള സാധനങ്ങൾ ഉപയോഗിക്കുകയും ചെയ്താണ് നിർമ്മാണ ചിലവിൽ കുറവ് വരുത്തിയത്.

എന്റെ പഴയ ഒരു വിനോദം മഴക്കാലത്ത് മഴയിലൂടെ സ്കൂട്ടർ ഓടിക്കുക എന്നതായിരുന്നു. എന്റെ മകളായിരുന്നു അതിലെ കൂട്ടു പ്രതി. ഞങ്ങൾ പാട്ടൊക്കെ പാടി, ഞങ്ങൾക്ക് രണ്ട് പേർക്കും പാടാനറിയില്ല. മഴയത്താകുമ്പോൾ ആർക്കും കേൾക്കാൻ പറ്റില്ല. അപ്പോ വഴിയേ പാട്ടു പാടി മഴ നനഞ്ഞ് സ്കൂട്ടർ ഓടിച്ച് പോകുമായിരുന്നു. ഇടയ്ക്ക് എനിക്കൊരു ആക്സിഡന്റ് പറ്റി. അത് സ്കൂട്ടറിൽ നിന്ന് വീണല്ല. അല്ലാതെ വീണ് നടുവിന് ചെറിയ ഒരു പരിക്ക് പറ്റി. അതിനു ശേഷം ഞാനങ്ങനെ സ്കൂട്ടർ ഓടിക്കാറില്ല. അതോടെ ഈ മഴയത്തെ സഞ്ചാരവും നിന്നു. അതിനൊരു പരിഹാരമായി ഇത് ഒരു ഓപ്പൺ ബാത്ത്റൂം പോലെ ചെയ്തിരിക്കുകയാണ്. ഇതിനു ചുറ്റും ഒട്ടൽ` എന്ന ചെടി വച്ചു പിടിപ്പിക്കുകയാണ്. ഒരു ആറ് മാസം കൊണ്ട് ഈ മൂന്നു വശവും മറയും. മഴ പെയ്യുമ്പോൾ നനയണം എന്നുണ്ടെങ്കിൽ അതിലേയ്ക്ക് ഇറങ്ങി നിന്നാൽ മതി. ഇഷ്ടംപോലെ നനയാം.

പിന്നെ ആളുകൾക്ക് ഉള്ള സംശയം ഇതിനെ എന്തിനാണ് ഇങ്ങനെ പുതപ്പിച്ച് നിർത്തിയിരിക്കുന്നത് എന്നാണ്. ആനപ്പുറത്ത് കമ്പളം വിരിച്ചിരിക്കുന്നതു പോലെ ഇങ്ങനെ ഒന്ന് വിരിച്ചു വച്ചിരിക്കുകയാണ്. അത് കയർ ഭൂവസ്ത്രം ആണ്. മേടിച്ചതിൽ കുറച്ച് ഇവിടെ കിടന്നത് എടുത്ത് ഇതിന്റെ മുകളിലിട്ടതാണ്. ഫൈബറിൽ വള്ളികൾക്ക് വേര് പിടിക്കാൻ ഇത്തിരി പ്രയാസമാണ്. വള്ളികൾ കയറ്റി വിടുമ്പോൾ അത് പിടിച്ചു നിൽക്കാതെ താഴോട്ടു തന്നെ പോരും. ഇതാകുമ്പോൾ ഈ കയറിൽ വേര് ഉറപ്പിക്കാനാവും. അടുത്ത ഒരു വർഷം ആകുമ്പോഴേക്കും ഈ വള്ളികൾ എല്ലാം കയറി ഇതിനെ ഒരു പച്ചക്കാടാക്കി മാറ്റും എന്നാണ് നമ്മുടെ ഒരു പ്രതീക്ഷ. ആകുകയാണെങ്കിൽ അന്നേരം ഒരു വീഡിയോ കാണിക്കാം. എന്തായാലും മരത്തിൽ കയർ ഭൂവസ്ത്രം ചുറ്റിയിട്ട് അതിൽ വള്ളി കയറ്റുമ്പോൾ നന്നായി കയറി പോകുന്നുണ്ട്. അതുപോലെ തന്നെ ഇവിടെയും ഫലം ഉണ്ടാകുമെന്നാണ് വിചാരിക്കുന്നത്.