നേരത്തെ ഞാൻ കൈതച്ചക്ക നേരിട്ട് കൃഷി ചെയ്ത് പറിച്ചെടുക്കുമ്പോഴുള്ള സ്വാദിനെക്കുറിച്ച് പറഞ്ഞിരുന്നു. അതുപോലെ ഇത്തവണ പറയാനുള്ളത് മരച്ചീനിയെക്കുറിച്ചാണ്. നിങ്ങൾ വീണ്ടുമൊരു പരീക്ഷണം നടത്തേണ്ടത് മരച്ചീനി വെച്ചാണ്. മരച്ചീനി എപ്പോഴും കടയിൽ കിട്ടുന്ന ഒരു സാധനമാണ്. പണ്ട് വിശാഖം തിരുനാൾ മഹാരാജാവ് കേരളത്തിൽ പരമ ദാരിദ്ര്യമായിരുന്ന ഒരു സമയത്ത് ഈ ദാരിദ്ര്യത്തെ മാറ്റാനായിട്ട് ബ്രസീലിൽ നിന്നും മരച്ചീനി കൊണ്ടു വന്നു എന്നാണ് കഥ.

എന്തായാലും കേരളം മുഴുവൻ മരച്ചീനി വന്നു. ആർക്കും മരച്ചീനി വേണ്ടായിരുന്നു. മരച്ചീനി സാധാരണക്കാരന്റെ  ഭക്ഷണം, മോശപ്പെട്ട ഒരു സാധനം എന്നാണ് പണ്ടു തൊട്ടേ കണക്കാക്കിയിരുന്നത്. അത് വയർ നിറയ്ക്കും എന്നല്ലാതെ വേറെ ഒന്നും ഇല്ല. അരി കഴിക്കുന്നത് വലിയ കാര്യവും, മരച്ചീനി കഴിക്കുന്നത് മോശം കാര്യവുമായിട്ടാണ് എന്റെ ചെറുപ്പത്തിലൊക്കെ കരുതിയിരുന്നത്. അന്ന് മരച്ചീനിയ്ക്ക് ഒരു കിലോയ്ക്ക് 20 പൈസയാണ് വില. നമ്മൾ ഒരു കടയിൽ ചെന്ന് മരച്ചീനി വാങ്ങിയാൽ ഇത് ആരും പൊതിഞ്ഞ് തരില്ല. സഞ്ചി കൊണ്ടല്ല ചെല്ലുന്നതെങ്കിൽ ഒരു ചരട് കൊണ്ട് കെട്ടി കൊടുക്കും. കാരണം ഇത് ഒരു പേപ്പർ ഇട്ട് പൊതിഞ്ഞാൽ കടക്കാർക്ക് അത് മുതലാകില്ല. അന്ന് അരി 1 കിലോയ്ക്ക് ഏതാണ്ട് 2 രൂപയോ മൂന്നു രൂപയോ ആണ്. ഇന്ന് അരിയ്ക്ക് കിലോയ്ക്ക് മുപ്പത്തഞ്ചു രൂപയുണ്ടെങ്കിൽ മരച്ചീനിയ്ക്ക് മുപ്പതു രൂപയുണ്ട്. എനിക്കു തോന്നുന്നു കഴിഞ്ഞ അൻപതു വർഷത്തിനിടയ്ക്ക് കേരളത്തിൽ ഏറ്റവും വില കൂടിയ ഭക്ഷണ പദാർത്ഥം മരച്ചീനി തന്നെയാണ്. ഏകദേശം നൂറ് ഇരട്ടി അതിന്റെ വില കൂടി. അങ്ങനെ കൂടാനുള്ള കാരണം കേരളത്തിലെ എല്ലാ ഹോട്ടലുകളും ബാറുകളുമൊക്കെ മരച്ചീനി ഒരു പ്രധാന വിഭവമായിട്ട് വിളമ്പി തുടങ്ങിയതാണ്. അപ്പോൾ നിലവാരം മാറി. അതോടെ വിലയും കൂടി.

അപ്പോഴും മരച്ചീനിയുടെ യഥാർഥ രുചി നമുക്ക് കിട്ടുന്നില്ല. കാരണം ഈ ഹോട്ടലുകളൊന്നും മരച്ചീനി കൃഷി ചെയ്യുന്നില്ല. ഇതൊരു സ്ഥലത്ത് നിന്ന് പറിച്ച് അവിടെ കിടന്ന്, ലോറിയിൽ വന്ന്, ടൗണിലെത്തി, അവിടന്ന് നിങ്ങളുടെ അടുത്തെത്തുകയാണ്. അങ്ങനെ കിട്ടുമ്പോൾ അതിന്റെ രൂചിയ്ക്ക് ഒരുപാട് വ്യത്യാസം വരും. ഈ വ്യത്യാസം അറിയണമെങ്കിൽ നിങ്ങൾ സ്വന്തമായിട്ട് ഒന്നു മരച്ചീനി കൃഷി ചെയ്യുക. ബക്കറ്റിൽ, ടെറസ്സിൽ ഒക്കെ മരച്ചീനി കൃഷി ചെയ്യാവുന്നതാണ്.

അങ്ങനെ കൃഷി ചെയ്യുന്ന മരച്ചീനി പറിച്ചെടുത്തിട്ട് അപ്പോൾ തന്നെ നിങ്ങളൊന്ന് ചുട്ടു നോക്കുക. ചുടുന്ന രീതി ഞങ്ങളിവിടെ കാണിക്കുന്നുണ്ട്. ഭക്ഷണം ചുട്ടു തിന്നുന്ന രീതി പണ്ട് വളരെ വ്യാപകമായിരുന്നു. വിറകടുപ്പ് ഉണ്ടായിരുന്ന സമയത്ത് ഭക്ഷണ സാധനങ്ങൾ അടുപ്പിലിട്ട്, ഏത്തയ്ക്ക, ഏത്തപ്പഴം, ചേമ്പ്, മരച്ചീനി ഒക്കെ ചുട്ടെടുക്കുന്ന രീതിയുണ്ടായിരുന്നു. ഇത് ഇപ്പോഴും ചെയ്യാം. മുറ്റത്തൊന്നും ഒരു കേടും വരാതെ അടുപ്പു കൂട്ടാൻ പറ്റും. ഒരു തകിട് ഉണ്ടെങ്കിൽ അതു വെച്ചൊരു അടുപ്പ് കൂട്ടാം. അതിൽ ഇതൊക്കെ ചുട്ടെടുക്കാം.
അങ്ങനെ ചുട്ടെടുക്കുന്ന സമയത്ത് അതിന്റെ ചമ്മന്തിയ്ക്കായിട്ട് മുറ്റത്ത് ഒന്നോ രണ്ടോ കാന്താരി ഉണ്ടെങ്കിൽ ആ കാന്താരീന്ന് മുളക് പറിയ്ക്കാം. മരച്ചീനി പിഴുതെടുക്കുമ്പോഴുള്ള സ്വാദു വ്യത്യാസം കാന്താരി ചെടിയിൽ നിന്ന് പറിച്ചെടുത്ത് അപ്പോൾ തന്നെ ഉപയോഗിക്കുന്നതിലും ഉണ്ട്. അപ്പോൾ ഒരു ടെറസ്സ് ഗാർഡന് വേണമെന്നുള്ളത് സ്വയം പര്യാപ്തതയുടെ ഭാഗമായി മാത്രമല്ല, അത് നമുക്ക് യഥാർത്ഥ രുചിയും തരും. പ്രകൃതി നമുക്ക് തരുന്നത് എന്താണെന്ന് അറിയാനുള്ള ഒരു അവസരം കൂടിയാണത്. ഞാനിപ്പോൾ എന്റെ മകളോടൊക്കെ പറയും, പല ഹോട്ടലുകളും ഞണ്ടിനെയൊക്കെ പിടിച്ച് അങ്ങനെ കുത്തി ഇങ്ങനെ കുത്തി തേനൊഴിച്ച്, പാലൊഴിച്ച് എന്നൊക്കെ പറഞ്ഞ്, ഒരുപാട് വിഭവങ്ങൾ തരാറുണ്ട്, നെറ്റിൽ കാണാറുണ്ട്. അതു പോലെ തന്നെ പലരും പാചകക്കുറിപ്പുകൾ അയച്ചു തരാറുണ്ട്.

പക്ഷെ നമ്മുടെ ചുറ്റുമുള്ള സാധനങ്ങൾ പറിച്ചെടുത്ത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാദ്, അത് മനസ്സിന്റെ സംതൃപ്തി അല്ല, യഥാർത്ഥ രുചിയിൽ ഉണ്ടാകുന്ന വ്യത്യാസം തന്നെയാണ്. അത് ഫ്രഷ് ആയിട്ടുള്ള സാധനത്തിന്റെ ഒരു വ്യത്യാസം ആണ്. ഒരിക്കൽ നേരിട്ട് അനുഭവിച്ചാൽ മാത്രമേ നിങ്ങൾക്കത് ബോധ്യമാകുകയുള്ളൂ. ജൈവകൃഷി ചെയ്യുന്നവർക്കും മിയാവാക്കി വനങ്ങളൊക്കെ ചെയ്യുന്നവർക്കും അതിന്റെ പരിസരത്ത് ഇങ്ങനെയുളള സാധനങ്ങളൊക്കെ നട്ടു പിടിപ്പിക്കാവുന്നതാണ്.

ഒരുപക്ഷേ ഇത്തരം സാധനങ്ങൾ കൃഷി ചെയ്യുന്നതും ചുട്ടെടുക്കുന്നതും കഴിച്ചു നോക്കുന്നതുമൊക്കെ നിങ്ങളുടെ ജീവിതത്തിന്റെ മൊത്തത്തിലുള്ള കാഴ്ച്ചപ്പാടിനെ തന്നെ മാറ്റിയേക്കാം. സാധാരണ ഗതിയിൽ നമുക്ക് കിട്ടാത്ത ഒരു രുചി, അങ്ങനെ ഒരെണ്ണം ഭൂമിയിലുണ്ടെന്നും അത് കൊള്ളാമെന്നും തോന്നിക്കഴിഞ്ഞാൽ ഇത്രയധികം സമയം മറ്റ് കാര്യങ്ങൾക്ക് ഓടുമ്പോൾ, കുറച്ചു കാര്യങ്ങൾ ഇങ്ങനെ പ്രകൃതിയിൽ നിന്ന് ഭക്ഷണം ഉണ്ടാക്കാനും, സ്വയം ഉണ്ടാക്കി കഴിക്കാനൊക്കെ, മാനസിക സംതൃപ്തിയല്ല, അതിനപ്പുറം ഭക്ഷണപ്രിയന്മാർക്ക് ഒരു ഭക്ഷണ സംതൃപ്തി അതിൽ നിന്ന് കിട്ടും. അത് ബോധ്യപ്പെട്ടു കഴിഞ്ഞാൽ കുറച്ചു സമയം അതിനായിട്ടൊക്കെ മാറ്റി വയ്ക്കാൻ നിങ്ങൾ തീർച്ചയായും തയ്യാറായേക്കും എന്നാണ് എനിക്കു തോന്നുന്നത്.