വീട്ടുവളപ്പിൽ എങ്ങനെ മിയാവാക്കി കാട് വയ്ക്കണം, അതുകൊണ്ട് എന്ത് പ്രയോജനമുണ്ടാകുമെന്ന് പലരും ചോദിക്കാറുണ്ട്. വീട്ടുവളപ്പിൽ നമുക്ക് വളരെ പ്രയോജനകരമായ രീതിയിൽ മിയാവാക്കി ചെയ്യുന്നതിന്റെ ഒരു വിജയകരമായ മാതൃകയാണിത്. ഈ ചെടികൾ വെച്ചത് ശ്രീ. ചെറിയാൻ മാത്യു ആണ്. 2019 ആഗസ്റ്റ് മാസത്തിലാണ് ഇത് നട്ടു പിടിപ്പിച്ചത്. 60 ഇനങ്ങളിൽപ്പെട്ട ഏകദേശം 88 ചെടികളും മരങ്ങളുമിവിടെയുണ്ട്. ഒരു സെന്റ് ഭൂമിയാണിവിടെ. കുറേക്കൂടി ചെടികളിവിടെ വയ്ക്കേണ്ടതാണ്. പക്ഷെ അദ്ദേഹം ഇവിടെ ഇടയ്ക്കുള്ള സ്ഥലങ്ങളിൽ പച്ചക്കറി നട്ടിരുന്നു. പലതും ഇപ്പോളും നിൽപ്പുണ്ട്. വഴുതന, ഉമ്മം, ചേന, കാന്താരി, ഇഞ്ചി എന്നിവ. ഇനിയും നടാനുള്ള സ്ഥലമുണ്ട്. നട്ട ചെടികൾ നന്നായി വളരുന്നുണ്ട്. ഇത് നമുക്ക് വിജയകരമായി പിന്തുടരാവുന്ന മാതൃകയാണ്. ഇവിടുത്തെ ഒരു പ്രത്യേകത ഇവിടെ നട്ട ചെടികളിൽ ഏറെയും ഈ രണ്ട് വർഷത്തിനുള്ളിൽ കായ്ച്ചും തുടങ്ങി. 10 ഇനങ്ങളിലെങ്കിലും കായ് വന്നു. ഇവിടെയുള്ള ചെടികൾ നമുക്ക് പരിചയപ്പെടാം.

ഈ ചേന വിളഞ്ഞിട്ടില്ല. പറിക്കുമ്പോൾ എന്തായാലും നാല് - അഞ്ച് കിലോയിൽ കൂടുതൽ വരും. തണ്ട് നല്ല ബലത്തിലാണ് നിൽക്കുന്നത്. ഒരു കഷണം ഇഞ്ചിയാണ് ഇവിടെ നട്ടത്. അതും നന്നായി വളർന്നു. നെല്ലിക്കാപുളിക്ക് പതിനഞ്ചടിയോളം പൊക്കമായി. കായ്ച്ചു കഴിഞ്ഞതാണ്. ഈ പേരയും കായ്ച്ചതാണ്. ഇപ്പോളും കായയുണ്ട്. ഈ സീതപ്പഴവും കായ്ച്ചതാണ്. കടകളിൽ നിന്നു കിട്ടുന്നതിനേക്കാൾ രുചിയുണ്ടായിരുന്നു. ഈ ചെടി ഉമ്മമാണ്. ഇതൊരു മരുന്നു ചെടിയാണ്. അവിടെ രണ്ട് ഈട്ടിയുണ്ട്. ഈട്ടി വണ്ണം വച്ചിട്ടില്ല. മെലിഞ്ഞ് മേലോട്ട് പോകുകയാണ്. ഇത് നീർമാതളമാണ്. ഇത് സ്റ്റാർ ഫ്രൂട്ടാണ്. കഴിഞ്ഞ കൊല്ലം കായ്ച്ചു. കായ്ക്കാൻ തുടങ്ങി ഒരു വർഷമായി. വീട്ടിൽ വയ്ക്കുന്ന മിയാവാക്കിയുടെ ഒരു മൂല്യം വർദ്ധിപ്പിക്കുന്ന സാധനങ്ങളാണ് കർപ്പൂരം, ചന്ദനം, രക്തചന്ദനം ഒക്കെ. നല്ല വിലയുള്ള മരങ്ങളാണ്. അപ്പോൾ എന്ത് കിട്ടും എന്നു ചോദിക്കുന്നവർക്ക് വേണ്ടി ഇത്രയും നല്ലതാണെന്ന് പറയുന്നു.

ഇത് വെട്ടിയാണ്. ഇതും പഴമുണ്ടാവുന്ന ചെടിയാണ്. ഇത് ചെറിയാൻ സാർ ഒരു നൊസ്റ്റാൾജിയയുടെ ഭാഗമായി വച്ചതാണ്. പൂച്ചകുരു, പണ്ട് കുട്ടികൾ മാല കോർക്കാൻ ഉപയോഗിച്ചിരുന്നൊരു കുരുവാണ്. ഇതിന്റെ പ്രത്യേകത ഈ കായ വിളഞ്ഞ് കഴിഞ്ഞാൽ പല നിറത്തിലാകും. കിലുക്കി എന്ന ചെടിയാണിത്. ചിത്രശലഭങ്ങൾ ഏറ്റവും കൂടുതൽ വരുന്നത് ഈ ചെടിയിലാണ്. ഒരു പ്ലാവാണിത്. രണ്ടു വർഷം കൊണ്ട് അതിന് 15 അടി പൊക്കം വച്ചു. ഈ നാരകത്തിൽ പത്ത് - പതിനഞ്ച് കായയുണ്ടായതാണ്. ഇപ്പോളും കായ്ക്കുന്നു. ഇത് സർവ്വസുഗന്ധിയാണ്.

മിയാവാക്കി കാട് വയ്ക്കുമ്പോൾ വെറുതെ കിടക്കുന്ന സ്ഥലത്ത് നമുക്ക് നടാവുന്ന ഒന്നാണ് ഇഞ്ചി. ഒരു കഷണം മതി. കൂവളമാണിത്. കേരളത്തിൽ കൂവളം അങ്ങനെ ഉപയോഗിക്കാറില്ല. പക്ഷെ നോർത്ത് ഇന്ത്യയിൽ ഒരു പ്രധാന ഭക്ഷ്യവിഭവമാണിത്. സർബത്ത് ഉണ്ടാക്കാനായിട്ട് കൂവളത്തിന്റെ കായ ഉപയോഗിക്കാറുണ്ട്. തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഒരു കൂവളം നിൽപ്പുണ്ട്. വൈലോപ്പിള്ളി ഭവൻ കാണാൻ വരുന്ന നോർത്ത് ഇന്ത്യാക്കാർ ഇതിന്റെ കായ എടുത്ത് നിലത്ത് പൊട്ടിച്ച് കഴിക്കുന്നതു കണ്ടപ്പോളാണ് ഇത് കഴിക്കും എന്ന് മനസ്സിലായത്. അതിനു ശേഷം ഒരിക്കൽ ഡൽഹിയിൽ പോയപ്പോൾ വേനൽക്കാലത്ത് ഇതിന്റെ സർബത്ത് ഉണ്ടാക്കി വിൽക്കുന്നത് കണ്ടു.

കൂവളത്തിന്റെ കായ കേരളത്തിൽ ഉപയോഗിക്കുന്നില്ല. വൈദ്യന്മാർ ആരെങ്കിലും ഉപയോഗിക്കുന്നെങ്കിലേയുള്ളൂ. കൂവളം ഔഷധഗുണമുള്ള സസ്യമാണ്. ഇതിന്റെ സർബത്തുണ്ടാക്കാൻ പരമാവധി നമ്മളും ശ്രമിക്കേണ്ടതാണ്. എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് എനിക്കുമറിയില്ല. ഇത് കിളി ഞാവലാണ്. രണ്ട് വർഷത്തിനകം നല്ലോണം കായ്ച്ചു. ഇത് ആദ്യമായിട്ടാണ് കായ്ക്കുന്നത്. കിളി ഞാവലിന്റെയൊരു പ്രയോജനം പക്ഷികൾ ധാരാളമായി വരുന്നൊരു ചെടിയാണ്. ഇവിടെ കിളി ഞാവലിന്റെ നാലഞ്ച് ചെടികളുണ്ട്. ഇത് റംബൂട്ടാനാണ്. ഇതിന് എന്നെക്കാൾ പൊക്കമുണ്ട്. ഇതിനുള്ളിൽ നാലോ അഞ്ചോ റംബൂട്ടാൻ ചെടികളുണ്ട്. ആര്യവേപ്പുണ്ട്. ഇവിടെ ഏറ്റവും കൂടുതൽ വളർന്നത് നെല്ലിയാണ്. ഇരുപത് അടിയിലേറെ വളർച്ച വന്നിട്ടുണ്ട്.

ചന്ദ്രമുഖി രുദ്രാക്ഷമാണിത്. ഇത് അടിമാലിയിൽ നിന്നു കിട്ടിയതാണ്. അപൂർവ്വ ഇനമാണ്. അംഗോലമാണിത്. ആയുർവേദത്തിൽ പേപ്പടി വിഷ ചികിത്സയ്ക്കുള്ള ഏക മരുന്നാണ് ഇത്. കാപ്പി നല്ല വളർച്ചയുണ്ടായി. വെട്ടിക്കളഞ്ഞു. നീലയമരി, നീലഭൃംഗാദി, മുടിയുടെ വളർച്ചയ്ക്ക് തലയിൽ തേയ്ക്കാനുള്ള എണ്ണയുണ്ടാക്കാനായിട്ട് ഉപയോഗിക്കാറുണ്ട്. നീലയമരിയുടെയും, തുമ്പയുടെയും ഇലയൊരുമിച്ച് ചവച്ചാൽ പാമ്പ് കടിച്ച വിഷത്തിന് ഫലപ്രദമാണെന്ന് പറയുന്നു. ഇത് സോമരായം എന്നൊരു ഔഷധ സസ്യമാണ്. ഇതിന്റെ ഉപയോഗം എന്താണെന്ന് അറിയില്ല. ഇവിടെയൊരു വെള്ളനൊച്ചിയുണ്ട്. അവിടെയൊരു ചന്ദനമുണ്ട്. സാധാരണ ചന്ദനത്തിൽ നിന്ന് കുറച്ച് വ്യത്യസ്തമാണത്. ചന്ദനത്തിൽ പലതരമുണ്ട്. ഇവിടെ നമ്മളിപ്പോൾ ഒരു ചിത്രശലഭത്തിനെ കണ്ടു. നമ്മുടെ സഹപ്രവർത്തകയായ ഭദ്ര അതിനെ വിക്കിപീഡിയയിൽ എടുത്തുനോക്കി ചോക്ലേറ്റ് ആൽബട്രോസ് എന്ന ഇനത്തിലെയാണെന്ന് - ഇത് കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നതാണ് എന്ന് കണ്ടെത്തി. അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയേണ്ടത് ചിത്രശലഭത്തിന്റെ ഗവേഷകരാണ്. വേറെയും ചില ചിത്രശലഭങ്ങളെയിവിടെ കണ്ടു.

കാര പൊതുവേ പതുക്കെ വളരുന്നൊരു ചെടിയാണ്. അതും ഇവിടെ ഏഴടി എട്ടടി വളർച്ചയായിട്ടുണ്ട്. മെയിൻ റോഡിൽ നിന്ന് കഷ്ടിച്ച് ഒരു നൂറ് മീറ്റർ അകത്തോട്ടാണീ വീട്. ഇവിടെ ഇത്രയും മരങ്ങളുണ്ടായി വേറൊരു അന്തരീക്ഷം ഉണ്ടായിത്തീർന്നു. അതുണ്ടാക്കിയെടുത്തതിൽ ചെറിയാൻ സാറിനെ നമുക്ക് അഭിനന്ദിക്കണം. അതോടൊപ്പം തന്നെ ഇത് എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ്. ഒരു സെന്റാണ് സാർ ഇതിനു വേണ്ടി മാറ്റി വച്ചത്. ഇവിടെ 20 - 25 ഫലവൃക്ഷങ്ങൾ നമുക്ക് ഉപയോഗ യോഗ്യമായവയാണ്. അതല്ലാതെ പക്ഷികൾക്കും മരുന്നിനുമായ വേറെയും ചെടികളുണ്ട്. നാലഞ്ചു വർഷം കഴിഞ്ഞു വരുമ്പോൾ ഇവിടെ തികച്ചും വ്യത്യസ്തമായിരിക്കും. വീടിന്റെ മുൻവശത്ത് ചൂട് ഒട്ടുമുണ്ടാകില്ല. ഒരു പോർച്ചിനുള്ള സ്ഥലമാണ് സാർ ഇതിനു വേണ്ടി മാറ്റി വച്ചത്. ഇവിടെ ഇങ്ങനെയൊരു വനം വച്ചു പിടിപ്പിച്ചതിലുള്ള സന്തോഷം നമുക്ക് സാറിനോട് രേഖപ്പെടുത്താതിരിക്കാൻ കഴിയില്ല. കൂടുതൽ പേർ ഇതുപോലെ ചെയ്യാൻ സാറിന്റെ ഈ പ്രവൃത്തി പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.