എന്റെ ചെറുപ്പത്തിൽ കേരളത്തിൽ ഉത്സവത്തിന് ആനകളെ കൊണ്ടുനടക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഏതുവഴിയിൽ നോക്കിയാലും ആനയെ കൊണ്ടുപോകുന്നതു കാണാം. ഒരുപാട് നാട്ടാനകൾ ഉണ്ടായിരുന്നു അന്ന്. ഈ നാട്ടാനയ്ക്കു മദം പൊട്ടുന്നത് വളരെ അപൂർവ്വമായ സംഭവമാണ്. എന്റെ പത്ത് ഇരുപത് വയസ്സിനിടയ്ക്ക് ഉത്സവപ്പറമ്പിലൊക്കെ അലഞ്ഞുതിരിഞ്ഞ് നടന്നിട്ട് ആകെ ഒരിക്കലോ രണ്ടു തവണയോ മറ്റോ ആണ് ആന വിരണ്ട സംഭവം കണ്ടിട്ടുള്ളത്.

അതിനെക്കുറിച്ച് ഒരു വെറ്റിനറി ഡോക്ടറോട് ചോദിച്ചപ്പോൾ പറഞ്ഞത് അന്ന് കേരളത്തിൽ ചൂട് വളരെ കുറവായിരുന്നു എന്നാണ്. 30 ഡിഗ്രി ആണ് ആനയ്ക്ക് ഐഡിയൽ ആയിട്ടുള്ള ചൂട്. കാട്ടിൽ 30 ഡിഗ്രിസെന്റിഗ്രേഡിൽ ജീവിക്കേണ്ട ജിവിയാണ് ആന. അത് നാട്ടിൽ വരുകയും നാട്ടിലെ ചൂട് കൂടുകയും ചെയ്യുമ്പോൾ ആനയ്ക്ക് താങ്ങാനാവില്ല. ടാറിട്ട റോഡ് ചൂട് സമയത്ത് വളരെ ഭീകരമാണ്, അത് 55, 60 ഡിഗ്രി വരെ ചൂട് വരും. ഇതിലൂടെ നടക്കുമ്പോൾ സ്വാഭാവികമായിട്ട് ആനയ്ക്ക് അസ്വസ്ഥത വരും. അത് വിരണ്ടോടൽ ഒക്കെ ആയിമാറും എന്നാണ് പറഞ്ഞത്. ആഗോളതാപനമാണ് ഇതിന്റെയൊക്കെ ഒരു അടിസ്ഥാന കാരണം.

ആഗോളതാപനത്തെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് പത്തോ, പതിനാറോ വയസ്സുള്ളപ്പോഴാണ്. പുസ്തകത്തിൽ നിന്നോ ടെലിവിഷനിൽ നിന്നോ ഒന്നുമല്ല. അന്ന് ടെലിവിഷൻ ഇല്ല. എന്റെ നാട്ടിൽ ഗോപാലൻ മേസ്തിരി എന്നൊരാൾ ഉണ്ടായിരുന്നു, കുട്ടനാട്ടുകാരനാണ്. കുട്ടനാട്ടിൽ നിന്ന് കോട്ടയത്ത് വന്ന് ജോലി ചെയ്യുകയാണ്. അദ്ദേഹം എന്തോ പറഞ്ഞപ്പോ പറഞ്ഞു, പണ്ടത്തെ പോലെയല്ല, ഇപ്പോൾ ചൂട് വളരെ കൂടുതലാണ്. എന്താന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ ഒരുപറ നെല്ല് പുഴുങ്ങിയാൽ ഉണങ്ങാനായി ഒരാഴ്ച്ച സമയം വേണം. ഇപ്പോൾ അത് രണ്ട് ദിവസം കൊണ്ട് ഉണങ്ങും. 1980ലോ 81ലോ ആണ് അയാൾ ഇത് പറയുന്നത്. നമ്മളാരും അന്നത് ശ്രദ്ധിക്കുന്നില്ല, ഒരു തമാശയായിട്ട് എടുത്തു. പക്ഷെ ഇന്ന് ലോകം മുഴവൻ സംസാരിക്കുന്ന വിഷയം ഈ ചൂടുകൂടലാണ്.

പണ്ട് കേരളം വളരെ തണുത്ത ഒരു പ്രദേശമായിരുന്നു. ജീവിക്കാൻ സുഖകരമായ സമശീതോഷ്ണ പ്രദേശമായിരുന്നു. ചൂടു കൂടിക്കൂടി വരികയാണ്. ഇതിനെതിരെ ഒരു മൂവ്മെന്റ് ആയിട്ടാണ് ലോക ഭൗമദിനം - എർത്ത് ഡേ ഏപ്രിൽ 22 ന് ആഘോഷിക്കുന്ന പരിപാടി എല്ലായിടത്തും വന്നത്. 1970ൽ അമേരിക്കയിലാണ് ഇത് ആരംഭിച്ചത്. 1990- 2000 ആയപ്പോഴേക്കും ഇത് വലിയൊരു മൂവ്മെന്റ് ആയി മാറി. 2016ലെ പാരിസ് ഉടമ്പടിയിൽ കാലാവസ്ഥ വ്യതിയാനത്തിൽ ഒരോ രാജ്യങ്ങളും അവരവർക്ക് കഴിയുന്ന പങ്ക് വഹിക്കണമെന്ന് 191 രാജ്യങ്ങൾ പങ്കെടുത്ത് ഒരു കരാർ ഒപ്പിട്ടു. ആ കരാർ ഒപ്പിടുന്നതിന് തെരഞ്ഞെടുത്ത ദിവസം ഈ ഏപ്രിൽ 22 ആയിരുന്നു. ഭൂമിയുടെ നിലനിൽപ്പിനെപ്പറ്റി എല്ലാ രാജ്യങ്ങൾക്കും അത്രയധികം ഉത്കണ്ഠയുള്ളതു കൊണ്ട് ആ ദിവസം അങ്ങനെ ആഘോഷിക്കാം എന്നവർ തീരുമാനിച്ചു. നിർഭാഗ്യവശാൽ ആ കരാറിൽ നിന്ന് ട്രംപ് പുറത്തു ചാടി. കഴിഞ്ഞയാഴ്ചയാണ് പുറത്തുചാടൽ പൂർത്തിയായത്. പക്ഷെ ഈ ആഴ്ച ട്രംപ് തന്നെ അമേരിക്കയിൽ നിന്നും പുറത്തുചാടിയിരിക്കുന്നു. അതു കൊണ്ട് ആ കരാർ വീണ്ടും നടപ്പിൽ വരുമെന്ന് ആശിക്കാം.

ഞാനിത് പറഞ്ഞു വരുന്നത് വേറൊരു കാര്യത്തിനാണ്. സാധാരണ ഞങ്ങൾ വീഡിയോ ഷെയർ ചെയ്യാൻ പറയാറില്ല. പക്ഷെ ഈ വീഡിയോ നിങ്ങൾ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം ഇതിലെങ്ങനെ ഒരു പഴത്തോട്ടം ഉണ്ടാക്കാം എന്ന് കാണിച്ചുതരുകയാണ്. വളരെ ചെറിയ സ്ഥലത്ത്. 300- 360 സ്ക്വയർഫീറ്റ് സ്ഥലത്ത് ഒരു പഴത്തോട്ടം ഉണ്ടാക്കി കാണിച്ചുതരുകയാണ്. എന്താണിതിന്റെ സാധ്യത എന്നുള്ളത്. നിങ്ങളുടെ വീട്ടിൽ സ്ഥലമില്ലെന്നു പറഞ്ഞാലും 100, 300 സ്ക്വയർഫീറ്റ് ഒക്കെ എടുക്കാൻ കാണും. 435 സ്ക്വയർഫീറ്റ് എന്നുപറഞ്ഞാൽ ഒരു സെന്റായി. 435 ചതുരശ്ര അടി, അല്ലെങ്കിൽ 40 സ്ക്വയർ മീറ്ററാണ് ഒരു സെന്റ്. ഈ ഒരു സെന്റ് സ്ഥലം മാറ്റി വയ്ക്കാൻ കഴിയുകയാണെങ്കിൽ കേരളത്തിൽ 10,000 പേര് ഞങ്ങളുടെ 1 സെന്റ് സ്ഥലം പച്ചക്കറി കൃഷി അല്ലെങ്കിൽ പഴത്തോട്ടം സ്വന്തം ചിലവിൽ മിയാവാക്കി മാതൃകയിൽ ചെയ്യും എന്നുപറഞ്ഞാൽ നമുക്ക് പതിനായിരം സെന്റ് സ്ഥലമായി. പതിനായിരം സെന്റ് സ്ഥലം എന്നു പറഞ്ഞാൽ 100 ഏക്കർ ആണ്, 100 ഏക്കർ കാടു വയ്ക്കാൻ ഇതിലൂടെ നിസ്സാരമായി സാധിക്കും.

ഏപ്രിൽ 22 ന് മുന്പ് ഈ വീഡിയോ കഴിയുന്നത്ര ആളുകൾക്ക് അയച്ചുകൊടുക്കുക, വെറുതെ ആളുകൾക്ക് അയച്ചുകൊടുത്തിട്ട് കാര്യമില്ല. കൃഷിയിലോ പ്രകൃതി സംബന്ധമായ കാര്യങ്ങളിലോ താത്പര്യമുള്ള ആളുകൾക്ക് മാത്രം അയക്കുക. ആളുകളെ ബുദ്ധിമുട്ടിക്കണം എന്നു പറയുന്നില്ല. ഇതിൽ താത്പര്യമുള്ള ആളുകൾക്ക് മാത്രം അയച്ചു കൊടുക്കുക. അവരത് ചെയ്യട്ടെ. അങ്ങനെ ഏപ്രിൽ 22 ഒരു ഡെഡ്ലൈൻ ആയി വെച്ചിട്ട് ആ തിയതിയ്ക്കകം നമ്മുടെ പറമ്പിലൊരു കാട് വച്ചിരിക്കും.

നിങ്ങൾക്ക് 50 സ്വയർഫീറ്റ് ആണ് ഉള്ളതെങ്കിൽ അത്രയും. 2 സെന്റ് ഉണ്ടെങ്കിൽ 2 സെന്റ്. അവനവന് പറ്റുന്ന തരത്തിൽ ഒരു പഴത്തോട്ടം വയ്ക്കുക എന്നുള്ളതാണ്. ഇവിടെ ഈ കാണിക്കുന്നത് പേയാട് എന്ന സ്ഥലത്താണ്, ജയകുമാർ എന്ന ഒരു കെഎസ്ഇബി ഉദ്ദ്യോഗസഥന്റെയും അദ്ദേഹത്തിന്റെ ഭാര്യ അനിതയുടെയും തോട്ടമാണിത്. അനിത ഇൻവിസ് മൾട്ടിമീഡിയയിൽ എന്റെ സഹപ്രവർത്തകയാണ്. അവർ ആദ്യം സ്വന്തം ചെലവിൽ ചതുപ്പുനിലത്തിൽ ഒരു കാട് വച്ചിരുന്നു, രണ്ടു വർഷം മുൻപ്. ആ കാടാണ് ഇതിന്റെ പുറകിൽ കാണുന്നത്. അതിപ്പോൾ രണ്ടു വർഷം കൊണ്ട് ഇത്രയും വളർച്ച നേടി. അതിന്റെ മുന്നിലായി 360 സ്ക്വയർഫീറ്റ് സ്ഥലത്ത് ഒരു പഴത്തോട്ടം വയ്ക്കാനുള്ള തയ്യാറെടുപ്പാണ്.

ആദ്യം ചെയ്യേണ്ടത് ഒരു മീറ്റർ ആഴത്തിൽ മണ്ണ് നന്നായിട്ട് ഇളക്കണം. അതിനാദ്യം മുകളിലത്തെ അരമീറ്റർ മണ്ണ് മാറ്റണം. അപ്പോൾ അരമീറ്റർ ആഴമുള്ള ഒരു കുഴി കിട്ടും. എത്ര സ്ഥലത്ത് വയ്ക്കാൻ ഉദ്ദേശിക്കുന്നോ അത്രയും സ്ഥലത്തെയും അരമീറ്റർ മണ്ണ് മാറ്റുക. ബാക്കി അരമീറ്റർ അവിടെ കിടക്കും. ആ അരമീറ്ററിനെ നമ്മള് നന്നായിട്ട് ജെസിബിയോ, തൂമ്പയോ, ഉപയോഗിച്ച് ഇളക്കുക. അരമീറ്റർ മണ്ണ് നമ്മൾ മാറ്റിക്കഴിഞ്ഞു. എന്നിട്ട് അതില് ഇറങ്ങിനിന്ന് വീണ്ടും അരമീറ്റര് മണ്ണ് നമ്മൾ ഇളക്കുകയാണ്. അങ്ങനെ നന്നായിട്ട് ഇളക്കിയ ശേഷം ചകിരിച്ചോറ്, ചാണകം, ഉമി, അല്ലെങ്കിൽ കംപോസ്റ്റ്, കടച്ചിൽ ചീട്, ഉമിയില്ലെങ്കിൽ ഇതൊക്കെ അവിടെ ഇടുക. എന്നിട്ടിതെല്ലാം മണ്ണിൽ നന്നായി ഇളക്കിച്ചേർക്കുക.

ഒരു സ്ക്വയർ മീറ്ററിന് ഞങ്ങൾ സാധാരണ ചേർക്കുന്നത് 40 കിലോ വരെ ചാണകപ്പൊടിയാണ്, 40 കിലോ വരെ ചകിരിച്ചോറും അത്രയും തന്നെ ഉമിയും ചേർക്കും. ഉമി 40 കിലോ വേണ്ട, ഉമി കനം കൂറവായതുകൊണ്ട് അളവുകൂടുതൽ കാണും. ഒരു പത്ത് പതിനഞ്ച് കിലോ ഉമി മതി. ഉമി കിട്ടാനും വലിയ പാടാണ്. അതിനേക്കാൾ വലുതാണ് അതിന്റെ അട്ടിമറിക്കൂലി. 3 രൂപയ്ക്ക് നമ്മൾ കൊണ്ടു വരുന്ന ഉമിക്ക് 7 രൂപ അട്ടിമറിക്കൂലി കൊടുക്കേണ്ടി വരും. 20 രൂപയെന്തോ ചാക്കിന് കൊടുക്കേണ്ടി വരും. അപ്പോൾ കിലോയ്ക്ക് ഏതാണ്ട് 3 രൂപവച്ച് അട്ടിമറിക്കൂലി തന്നെ ആകും. വിലയും 3 രൂപ ആകുന്നുണ്ട്. അതാണ് അതിന്റെ ഒരു അവസ്ഥ.

അതൊന്നും ഒഴിവാക്കാനൊക്കുകയില്ല. ആളുകൾക്ക് ഇപ്പോൾ പണിയില്ല. അപ്പോഴവർ കുറച്ച് കൂടുതൽ കൂലി ചോദിച്ചെന്നിരിക്കും. ഇനി ചില സ്ഥലത്ത് ചകിരിച്ചോറ് കിട്ടുന്നില്ല എന്ന് പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ തേങ്ങയുടെ തൊണ്ട് ഇടരുത്. തേങ്ങയുടെ തൊണ്ടിന്റെ ഏതോ ഒരു പിഗ്മെന്റ് ചെടികൾക്ക് ദോഷമാണെന്നു പറയുന്നുണ്ട്. എനിക്കത് ഏതാണെന്ന് അറിയില്ല. കരിക്കിന്റെ തൊണ്ട് കിട്ടിക്കഴിഞ്ഞാൽ അത് കുറെ ചാണകവുമായിട്ട് കൂട്ടിയിട്ടാൽ കുറെ കഴിഞ്ഞ് അതങ്ങ് അവിയും. എന്നിട്ടിതൊരു പേസ്റ്റ് പോലെയാകും. മൂന്നാലുമാസം കൊണ്ട് ആ സാധനം വാരിനിരത്തുക. കംപോസ്റ്റ് കുഴിയിലെ കംപോസ്റ്റ് ഈ മണ്ണിൽ ചേർക്കാവുന്നതാണ്.

വളമെല്ലാം ചേർത്ത ശേഷമാണ് നമ്മളീ പഴച്ചെടികൾ വയ്ക്കേണ്ടത്. നമ്മൾ നേരത്തെ പറഞ്ഞപോലെ ഇത് 360 സ്ക്വയർഫീറ്റ് സ്ഥലമാണ്. ഒരു സെന്റ് ഇല്ല, മുക്കാൽ സെന്റിൽ ശകലം കൂടുതലുണ്ട്. ഇവിടെ വച്ചിരിക്കുന്ന ചെടികളുടെ എണ്ണമെടുത്തു കഴിഞ്ഞാൽ ഇത്രയും കുറഞ്ഞ സ്ഥലത്ത് എത്ര ചെടിവയ്ക്കാം എന്ന് കാണിക്കാനാണ് ഇങ്ങനെ ഒരു വീഡിയോ എടുക്കുന്നത്. ഇവിടെ കറിവേപ്പ്, പ്ലാവ്, നാരകം, ഗ്രാമ്പു, ചാമ്പ, പേര, ആത്ത, ഞാവൽ, മൾബറി, സ്റ്റാർഫ്രൂട്ട്, പൊൻകുറിഞ്ഞി, ചെറുപേര, റംബൂട്ടാൻ, മാതളം, മുള്ളാത്ത, കശുമാവ്, കാപ്പി, കറിവേപ്പ്, കുടംപുളി, ചെറി, സ്റ്റാർ ആപ്പിൾ, മുള്ളുള്ള പഴം ഉണ്ടാകുന്ന ചെടി, മൂട്ടിപ്പഴം, നാരകം, കാട്ടുചാമ്പ, മൾബറി, സപ്പോട്ട, നെല്ലി, നീലപ്പേര, പ്ലാവ്, ആത്തയുടെ വേറെ ഒരു വെറൈറ്റി, മാവുണ്ട്. ഗ്രാമ്പു വീണ്ടുമുണ്ട്, ജാതി ഉണ്ട്, മുസംബി ഉണ്ട്. ഞാനിപ്പോൾ ഇനമാണ് പറഞ്ഞത്. ഇതിന്റെയൊക്കെ ഒന്നിൽകൂടുതൽ എണ്ണം നിൽപ്പുണ്ട്.

മൊത്തത്തിൽ ഒരു മുക്കാൽ സെന്റ് സ്ഥലം നിങ്ങൾക്ക് നീക്കിവയ്ക്കാനുണ്ടെങ്കിൽ 100-160 ചെടി അത്രയും കുറഞ്ഞ സ്ഥലത്ത് വച്ചുപിടിപ്പിക്കാൻ പറ്റും. വീട്ടിൽ ചെടിവയ്ക്കാൻ സ്ഥലമില്ല എന്നുപറഞ്ഞിട്ട് കാര്യമില്ല. ഈ ചെടികളെല്ലാം വളർന്ന് പഴമായി കഴിയുമ്പോൾ ഒരു വീടിനു വേണ്ട പഴമെല്ലാം ഈ ചെടികളിൽ നിന്നും കിട്ടും. പിന്നെ ഇതിനിടയ്ക്ക് തക്കാളി പോലുള്ള പച്ചക്കറികൾ വേണമെങ്കിൽ നട്ടു പിടിപ്പിക്കാം. ഈ ചെടികൾ വളർന്ന് ഇവിടെ ഒന്നു മൂടുന്നതിനിടയ്ക്ക്. മൂന്നോ നാലോ മാസം അങ്ങനെയുള്ള ചെടികളും ഇതിനിടയ്ക്ക് വയ്ക്കാൻ പറ്റും.

കേരളത്തിൽ വളരുന്ന ഒരുപാട് പഴച്ചെടികൾ ഉണ്ട്. വലിയൊരു ഗ്രോബാഗ് വാങ്ങി അതിൽ മണ്ണും ചാണകവും ചകിരിച്ചോറും എല്ലാം ഇട്ട് നടീൽ മിശ്രിതം ഉണ്ടാക്കി നിറച്ച് അതിൽ വേണം ഈ ചെടി വയ്ക്കാൻ. ഇങ്ങനെ വേണം ചെടി വയ്ക്കാൻ എന്നു ഞാനെപ്പോഴും പറയുന്നുണ്ട്. കാരണം, പലരും ഈ ആഴ്ചയിലും ചോദിച്ചു, ഞങ്ങൾ മിയാവാക്കി വച്ചിട്ട് മൂന്നടിയേ വളർന്നുള്ളൂ എന്ന്.

ഞങ്ങൾ വയ്ക്കുന്ന എല്ലാ സ്ഥലത്തും ആറേഴു മാസം കൊണ്ടതിന് പത്തടിയിൽ കൂടുതൽ വളർച്ച വരുന്നുണ്ട്. അതിനൊരു പ്രധാനകാരണം വലിയ ഗ്രോബാഗിലോ ചട്ടിയിലോ ആണതിന്റെ ചുവട് വയ്ക്കുന്നത്. അപ്പോൾ വേരിന് പൂർണ്ണമായും വികസിക്കാനായി സൗകര്യം കിട്ടുന്നുണ്ട്. അങ്ങനെ വികസിച്ച വേര് മണ്ണിൽ വയ്ക്കുമ്പോൾ അത് വളരെ പെട്ടെന്ന് വളർന്ന് വലുതാകും. ചിലർ ചെയ്യുന്നതെന്താന്നു വച്ചാൽ കുഴിമാത്രം എടുത്തിട്ട് അതിൽ മണ്ണും ചാണകവും നിറച്ചിട്ട് ചെടിവയ്ക്കും. പ്രശ്നം എന്താന്നു വച്ചാൽ അപ്പുറത്തെ മണ്ണ് ഇതിനേക്കാൾ കട്ടിയുള്ളതായിരിക്കും, വേര് അങ്ങോട്ട് പോകുകയില്ല. അതുകൊണ്ടാ പ്ലോട്ട് മുഴുവൻ ഇളക്കണം.

ആ പ്ലോട്ട് മുഴുവനായിട്ട് ഇളക്കി, അതിൽ നന്നായിട്ട് നടീൽ മിശ്രിതം ചേർത്ത്, അതിനകത്ത് ഈർക്കിൽ കൊണ്ട് കുത്തിയാൽ പോലും താഴുന്ന തരത്തിലാണ് കിടക്കുന്നത്. ചാണകം ധാരളമായുള്ള സ്ഥലങ്ങളിൽ മണ്ണിര ധാരാളം വരും, മണ്ണിര തുളച്ച് മണ്ണിനടിയിലേക്ക് പോകുകയും വരുകയുമൊക്ക് ചെയ്യുന്നതു കൊണ്ട് മണ്ണിനടിയിലെ വായു പ്രവാഹം ഭംഗിയായി നടക്കും. ഇങ്ങനെയുളള സ്ഥലത്ത് ഗ്രോബാഗിൽ 3 മാസം വളർത്തിയെടുത്ത ചെടികൾ നല്ലപോലെ വളർന്നുവരും. സാധാരണ ഗതിയിൽ ഒരു ചെടി 3 മാസം വളർത്തികൊണ്ടുവരുമ്പോൾ അതിന് രണ്ടര മൂന്നടി പൊക്കം വരും. ആ ചെടികളാണ് നമ്മളിവിടെ വയ്ക്കേണ്ടത്. വേരിന് കോട്ടം വരാത്തരീതിയിൽ വയ്ക്കുക. ഒരു കോളം വരച്ചിട്ട് ആ കോളത്തിൽ നാലു ചെടികളാണ് വയ്ക്കുന്നത്.

ഇവിടെ നമ്മൾ മൂന്നു ചെടികൾ വച്ചാണ് വച്ചിരിക്കുന്നത്. അതിന്റെ ഉദ്ദേശം നേരെ മുകളിലേക്കു വളരുന്ന പച്ചക്കറികൾ, അതായത്, വെണ്ട, വഴുതന, കത്തിരി, തക്കാളി, ചീനിയമര ഇങ്ങനെയുള്ള സാധനങ്ങൾ ഇതിനിടയ്ക്ക് നടാമെന്ന് വിചാരിക്കുന്നു. ചീര, ഇതൊക്കെ ഇതിനിടയ്ക്ക് തിങ്ങിനിൽക്കുകയും ചെയ്യും, ഉപയോഗത്തിന് എടുക്കുകയും ചെയ്യാം. ഒരു ചെടി പൊങ്ങി പത്തടി ഉയരത്തിലാകുന്നവരെ സാധനങ്ങൾ പറിച്ചെടുക്കാം, കാന്താരി, ഉണ്ടമുളക്, പച്ചമുളക് ഇവയൊക്കെ ഇതിനിടയ്ക്ക് നടാവുന്നതാണ്. അത് നടുന്നുണ്ട്. നട്ടുകഴിഞ്ഞിട്ട് അതിന്റെ ഒരു ചിത്രവും വീണ്ടും എടുത്തിടാം.

ഇവിടെ കോളം വരച്ചിരിക്കുന്നിടത്ത് മൂന്നു മരങ്ങൾ വച്ചു നടാൻ പോകുകയാണ്. ആ നടീൽ പ്രക്രിയ ആണീ നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം നട്ടുപൂർത്തിയാക്കി കഴിയുമ്പോൾ ഒരു കോളത്തിൽ മൂന്നുമരം വരും അത് അടുത്തടുത്ത് വരാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പ്ലാവു പോലെ നമ്മൾ കേറിപ്പറിക്കേണ്ട മരങ്ങളൊക്കെ പുറത്തു വയ്ക്കുക. അധികം അടുത്തേയ്ക്ക് ചെല്ലണ്ടാത്ത മുള്ളുള്ള മരങ്ങളൊക്കെ അകത്തേയ്ക്ക് വയ്ക്കുക. ഇങ്ങനെയൊക്കെയാണ് ഇത് പ്ലാൻ ചെയ്യുന്നത്.

നട്ടു കഴിഞ്ഞാലിതിന്റെ ചുവട്ടിൽ മൾച്ചിംഗ് നടത്തണം. വൻതോതിൽ കരിയില, വയ്ക്കോൽ, പച്ചിലയോ എന്തെങ്കിലും ഇട്ട് മൂടണം, ഇവിടെ ഈർപ്പം നില്ക്കണം. കള വരാതിരിക്കാനും ഇത് നല്ലതാണ്. ഇത്രയും നിങ്ങളുടെ വീട്ടിലും ചെയ്യാവുന്നതേയുള്ളൂ. സമയമുണ്ട്. ഇന്നിപ്പോൾ നവംബർ 8 ാം തീയതിയാണ്. ഇന്ന് നമ്മൾ തുടങ്ങിക്കഴിഞ്ഞാൽ ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ചിലെങ്കിലും നാലു മാസം ആയിക്കോട്ടെ, ഒരു സമയം എടുത്തോട്ടെ.

ആദ്യം ചെയ്യേണ്ടത് തൈകൾ കൂട്ടിലാക്കുക എന്നതാണ്. തൈകൾ വളര്ന്നു വരാൻ സമയം എടുക്കും. അടുത്തുള്ള നഴ്സറിയിൽ പോയി തൈകൾ വാങ്ങിക്കുക. ആ തൈകൾ എല്ലാം കൂട്ടിലാക്കുക. വളർത്താൻ വയ്ക്കുക. അതിനു മുൻപ് എത്ര സ്ഥലം നിങ്ങൾക്കുണ്ടെന്ന് അളക്കണം. എന്നിട്ട് ഒരു ചതുരശ്ര മീറ്ററിന് മൂന്നുമരം വച്ച് എത്രമരം വേണമെന്ന് കണക്കാക്കുക. എന്നിട്ട് തൈകൾ വാങ്ങിക്കുക, നിങ്ങൾക്ക് ഇഷ്ടമുള്ള തൈകളൊക്കെ വാങ്ങിക്കുക. അതെല്ലാം വളർത്താൻ വയ്ക്കുക. മാർച്ച് 22 മുൻപ് ഈ തൈകളെല്ലാം വളർന്നു കഴിഞ്ഞാൽ ഇതെല്ലാം തയ്യാറാക്കി ഏപ്രിൽ 22 ന് ലോക ഭൗമദിനത്തിന് ഒരു കാട് നിങ്ങളുടെ വീടിന്റെ മുറ്റത്ത് വയ്ക്കാം. അത് പഴങ്ങൾ ധാരാളമുള്ള ഒരു കാടായിരിക്കും. നിങ്ങൾക്ക് വേണ്ട പഴങ്ങൾ അതിൽ നിന്നു കിട്ടും. പക്ഷികൾ ധാരാളം വരും. അണ്ണാൻ പോലുള്ള ജീവികൾ വരും.

ഈ സൈഡിൽ കേൾക്കുന്ന ശബ്ദം അണ്ണാന്റെയാണ്. ഇവിടെ അഞ്ചോ ആറോ മിയാവാക്കി കാടുകളായി. അത്യാവശ്യം തീറ്റയൊക്കെ കിട്ടും. അവൻമാർ ഇവിടെയാക്കെ ഓടിനടന്ന് ബഹളം വച്ചുകൊണ്ടിരിക്കുകയാണ്. ഇതുപോലെ രാവിലെ വീട്ടിലിരുന്ന് പക്ഷികളെയും മറ്റും കാണാൻ താത്പര്യമുള്ളവർക്ക് ഇതൊരു സൗകര്യമാണ്. അതിന് ഏക്കർകണക്കിന് സ്ഥലമൊന്നും വേണ്ട. പത്തോ നൂറോ സ്ക്വയർഫീറ്റ് മതി. ഒരു മുറിക്കു വേണ്ടി ചെലവാക്കുന്ന സ്ഥലം.

പലരും ചോദിക്കുന്ന ചോദ്യം 300 രൂപയൊക്കെ സ്ക്വയർഫീറ്റിന് വച്ച് നമ്മളീ ചെടിയ്ക്കായി ചെലവാക്കണോ എന്നതാണ്. ടൈലിടാൻ അതിനേക്കാൾ കൂടുതൽ ചിലവാക്കുന്നുണ്ട്. 150 രൂപയുടെ ടൈൽ പാകിവരുമ്പോൾ ചിലപ്പോൾ 200, 300 രൂപയാകും. അതിന്റെ ചുമട്ടുകൂലിയും മറ്റുമൊക്കെ കൂട്ടിവരുമ്പോൾ 300 രൂപയാകും. നിങ്ങളുടെ പറമ്പിൽ വീഴുന്ന മുഴുവൻ വെള്ളവും മണ്ണിൽതന്നെ താഴാനും, ജലദൗർലഭ്യം ഒഴിവാക്കാനും ഇതു സഹായകമാവും. നിങ്ങളീ വഴിയിൽ ഓടയിലേയ്ക്ക് ഒഴുക്കിവിടുന്ന വെള്ളത്തെ ഈ മിയാവാക്കി കാട്ടിലേയ്ക്ക് തിരിച്ചുവിട്ടാൽ മതി. കാട് അതു മുഴുവൻ അബ്സോർബ് ചെയ്തോളും. ഈ ഒരു സ്ക്വയർഫീറ്റ് നടീൽ മിശ്രിതമൊക്കെ ഇട്ട് നിറച്ചു കഴിഞ്ഞ് പച്ചിലയുമിട്ട് മൂടിക്കഴിഞ്ഞാൽ അല്ലെങ്കിൽ ഉണങ്ങിയ ഇല വിരിച്ചു കഴിഞ്ഞാൽ, സ്പോഞ്ച് പോലെ ഇത് വെള്ളം പിടിക്കും.

പഴവും പക്ഷിയുമെല്ലാം പോട്ടെ, നമ്മള് താമസിക്കുന്ന അന്തരീക്ഷത്തിനെ വളരെ മെച്ചപ്പെടുത്താനും ഓക്സിജന് അളവു കൂട്ടാനും അതുപോലെ ചൂട് കുറയ്ക്കാനുമൊക്കെ വീടിന്റെ സൈഡിൽ ഒരു സെന്റ് കാട് വച്ചുകഴിഞ്ഞാൽ നിങ്ങളുടെ ആ പ്രദേശത്തെ ചൂടു തന്നെ കുറയും, നിങ്ങളുടെ ആ അഞ്ചു സെന്റിലെ ചൂട് നന്നായി കുറയും, അല്ലെങ്കിൽ നിങ്ങvക്കിതിന്റെ അടുത്ത് പോയെങ്കിലും ഇരിക്കാം. അപ്പോ അതു കൊണ്ട്, പറ്റുമെങ്കിൽ 1 സെന്റ്, അല്ലെങ്കിൽ 50 സക്വയർഫീറ്റോ, 100 സ്ക്വയർഫീറ്റോ, 200 സ്ക്വയർഫീറ്റോ നിങ്ങൾക്ക് ആകുന്നത് എത്രയാണോ അത്രയും സ്ഥലം ഇതിനായി മാറ്റി വയ്ക്കണം. ഈ ഭൗമദിനത്തിൽ ഏപ്രിൽ 22 ന് നമുക്കത് ചെയ്യാൻ പറ്റണം. കേരളം മുഴുവൻ ചെയ്യാൻ പറ്റിയാൽ അത് വലിയൊരു മൂവ്മെന്റ് ആകും. അത് കൊണ്ട് ഈ വീഡിയോ ഇങ്ങനെ ചെയ്യാൻ താത്പര്യമുള്ള ആളുകൾക്കൊക്കെ അയച്ചു കൊടുക്കുക. ഇത് സംബന്ധിച്ച എന്തു സംശയം ഉണ്ടെങ്കിലും ഞങ്ങളോട് ചോദിക്കുക. പറഞ്ഞു തരാൻ തയ്യാറാണ്.