ക്രൗഡ് ഫോറസ്റ്റിങ്ങിൽ ഞാനിന്ന് പരിചയപ്പെടുത്തുന്നത് ഒരു പ്രത്യേക കാടാണ്. അപൂർവമായൊരു കാടാണ്. ഇത്രയും വലിയൊരു കാടും അതുണ്ടാക്കിയ ചരിത്രവും അറിയാൻ നമുക്ക് താത്പര്യം കാണും. അതിനേക്കാൾ പ്രധാനം അതുണ്ടാക്കിയ ആൾ വ്യത്യസ്തനായൊരു മനുഷ്യനാണ് - ശ്രീ ജോർജ് മാത്യു സാർ. കേരള യൂണിവേഴ്സിറ്റിയിലെ മനശാസ്ത്ര വിഭാഗം മേധാവിയായി 2002ൽ റിട്ടയർ ചെയ്തു. 1964 ലാണ് ഇവിടെ ജോയിൻ ചെയ്തത്. ഏകദേശം നാൽപതു വർഷത്തോളം അവിടെ ജോലി ചെയ്തിരുന്നു. കേരള യൂണിവേഴ്സിറ്റി ക്യാമ്പസിനടുത്ത് കാര്യവട്ടത്തു തന്നെയാണ് സാറിന്റെ ഈ കാട് വെച്ചു പിടിപ്പിച്ചിരിക്കുന്നത്.

എം. ആർ. ഹരി: സാർ ഓർക്കുന്നുണ്ടോ, ഞാൻ സാറിനെ പരിചയപ്പെടാൻ വരുന്നത് 87 ലാണ്. 35 വർഷം മുമ്പാ. ഞാനിവിടെ ജേണലിസം പഠിക്കാൻ വന്ന സമയത്താണ്. അന്ന് ശാസ്ത്രകേരളം മാസികയുടെ പത്രാധിപരായിരുന്ന ശിവദാസ് പറഞ്ഞിട്ടാണ്. ഇവിടെ ജോർജ് മാത്യു എന്നൊരാളുണ്ട്. അദ്ദേഹത്തെ പോയി ഇന്റർവ്യൂ ചെയ്യണം എന്നുപറഞ്ഞു വിട്ടു. കുട്ടികൾ എങ്ങനെ നന്നായിട്ടു പഠിക്കണം എന്നതിനെ കുറിച്ചൊരു ലേഖനം ഇന്റർവ്യൂ ചെയ്ത് എഴുതാന് പറഞ്ഞു. ഞാൻ വന്ന് സാറിനോടു ചോദിച്ചപ്പോൾ സാറന്ന് പറഞ്ഞൊരു പോയിന്റ് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആ ലേഖനത്തിന്റെ ഹൈലൈറ്റും അതായിരുന്നു. ഇപ്പോൾ കേൾക്കുന്നവരിൽ കുട്ടികൾ ഉളളവർക്കൊക്കെ അത് ചിലപ്പോൾ പ്രയോജനം ചെയ്യും.

സാറന്ന് പറഞ്ഞത് ഒരു കുട്ടി മണ്ടനാണെന്നു പറയുമ്പോൾ ആ കുട്ടിയെ വിളിച്ചിരുത്തി അവന് താത്പര്യമുളള ഒരു വിഷയം ചോദിക്കണം. എന്നിട്ട് അതിൽ അവന് അറിയാവുന്ന കാര്യങ്ങൾ മുഴുവനും ഒരു പേപ്പറിൽ എഴുതാൻ പറയണം. ക്രിക്കറ്റ് താത്പര്യമുളള ഒരു കുട്ടിയാണെങ്കിൽ അവൻ ക്രിക്കറ്റിനെ സംബന്ധിച്ച് സർവ കാര്യങ്ങളും അറിയാമായിരിക്കും. സിനിമ താത്പര്യമുളള ആളാണെങ്കിൽ സിനിമയെ കുറിച്ച് മുഴുവനും പറയും. അതുപോലെ കമ്പ്യൂട്ടർ, ഗെയിംസ് - ആ കുട്ടിക്കു താത്പര്യമുളള വിഷയങ്ങൾ അവൻ ഗംഭീരമായി അവതരിപ്പിക്കും.അതിനർത്ഥം കുട്ടിക്ക് ബുദ്ധിയില്ല എന്നുളളതല്ല, കുട്ടിക്ക് താത്പര്യമില്ല എന്നുളളതാണ്. നമ്മൾ പലപ്പോഴും എല്ലാ കുട്ടികളെയും അക്കാദമിക് ആക്കാൻ നോക്കാറുണ്ട്. അല്ലെങ്കിൽ അവർക്ക് താത്പര്യമില്ലാത്ത വിഷയം പഠിപ്പിക്കാറുണ്ട്. അവരെ എല്ലാം ഡോക്ടർ ആക്കാൻ നോക്കാറുണ്ട്. ഇതാണ് യഥാർത്ഥ വിഷയം എന്ന് പറഞ്ഞിരുന്നു. ഞാനന്ന് ആ വിഷയത്തിൽ ലേഖനം എഴുതിയിരുന്നു. സാറത് ഓർക്കാൻ വഴിയില്ല. നന്നായി സ്വീകരിക്കപ്പെട്ട ഒരു ലേഖനമായിരുന്നു. അന്നു തുടങ്ങിയ സൗഹൃദമാണെങ്കിലും സാറ് പക്ഷെ ഇങ്ങനൊരു മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല. കഷ്ടിച്ചൊരു രണ്ടു മാസമേ ആയുളളു അറിഞ്ഞിട്ട്. ഇതെന്റെ എല്ലാ പ്രതീക്ഷകളെയും മാറ്റി മറിക്കുന്ന ഒരു കാടായിപ്പോയി. ഞങ്ങളിതിന്റെ മൂന്നാമത്തെ നിലയിലാണ് ഇരിക്കുന്നത്. നിങ്ങൾക്കു കാണാവുന്നതുപോലെ ഇതിനു ചുറ്റോടു ചുറ്റും മൂന്നുനിലക്കു മുകളിലും മരങ്ങൾ വളർന്നു നിൽക്കുകയാണ്. ടെക്നോപാർക്ക് വന്നതോടു കൂടി ഒരു മെട്രോപോളിസ് ആയി ഈ ഭാഗം മാറിക്കഴിഞ്ഞു. ഞങ്ങൾ പഠിക്കുന്ന കാലത്തൊക്കെ ഇത് ഒഴിഞ്ഞു കിടന്നൊരു സ്ഥലമാണ്. ഇപ്പോൾ വലിയൊരു സ്ഥലമായി മാറി. എന്നിട്ടു പോലും സാറിന്റെ ഈ കാടിനുളളിൽ പുറത്തു നിന്നുളള ചെറിയ ശബ്ദങ്ങൾ വരുന്നതല്ലാതെ പുറംലോകവുമായിട്ടുളള ഒരു ബന്ധവും തോന്നില്ലാത്ത തരത്തിലാണ് ഉളളത്. ഈ കാട് വളർത്തിയെടുത്തതിനെ കുറിച്ച് ഇനി സാറ് പറയാനുളളത് പറയട്ടെ. സാറീ സ്ഥലം വാങ്ങിക്കുന്നത് എന്നായിരുന്നു ?

ജോർജ് മാത്യു: 1970ൽ.
എം. ആർ. ഹരി: അപ്പോൾ അമ്പത് വർഷമാകുന്നു. മിയാവാക്കി കാട് വെച്ച വർഷം തന്നെയാണ് സാറും ഇത് വാങ്ങിക്കുന്നത്. 1970ലാണ് അദ്ദേഹം നിപ്പോണിൽ കാട് വെക്കുന്നത്. സാറ് പക്ഷെ സാറിന്റെ മാതൃകയിലാണ് വെച്ചത്. ഇതിൽ ആരെങ്കിലും സാറിനെ ഉപദേശിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ ?

ജോർജ് മാത്യു: ഇല്ല. ഞങ്ങൾ ജനിച്ചത് തിരുവനന്തപുരത്താണെങ്കിലും ആദ്യകാലങ്ങളിൽ അയ്മനത്ത് അമ്മേടെ വീട്ടിൽ പോകുമായിരുന്നു.

എം. ആർ. ഹരി: അയ്മനം. അരുന്ധതി റോയിയുടെ വീടിനടുത്താണെന്ന് സാറ് പറഞ്ഞത് ഓർമ്മയുണ്ട്.

ജോർജ് മാത്യു: അവിടെയാണ് അവധിദിവസങ്ങൾ ചെലവഴിച്ചിരുന്നത്. അതായത് ഓണം അവധി, ക്രിസ്മസ് അവധി, വലിയ അവധി. അമ്മേടെ വീട് മീനച്ചിലാറിന്റെ ഒരു കൈവഴിയുടെ അടുത്താണ്. കുട്ടിയായിരിക്കുമ്പോൾ ഏറ്റവും താത്പര്യം വീട്ടിനു മുമ്പിൽ ആറ്റിന്റെ തീരത്ത് പോയിരിക്കുക. വളളം പോകുന്നതുമൊക്കെ നോക്കി. അവിടെ ആറിന്റെ രണ്ടുഭാഗത്തും കാടാണ്. അവിടെ മരത്തിലൊക്കെ കയറി ഇരിക്കാം. മരത്തിൽ നിന്നു വെളളത്തിലേക്കു ചാടുക. അതുവളരെ സന്തോഷകരമായ അനുഭവമായിരുന്നു. അമ്മേടെ തറവാട്ടിൽ മൊത്തം അഞ്ചേക്കർ സ്ഥലമുണ്ട്. വീടിനോടു ചേർന്നുതന്നെ ഏതാണ്ട് മൂന്നേക്കറോളം സ്ഥലമുണ്ട്. അവിടെ ഇതുപോലൊരു കാടല്ലെങ്കിലും ധാരാളം മരങ്ങളും ചെടികളുമുണ്ടായിരുന്നു. അപ്പോൾ അതിനിടയിലൂടെ ഒക്കെ നടക്കുക, മരത്തിൽ കയറി ഇരിക്കുക ഇതൊക്കെ ഞങ്ങളുടെ വിനോദങ്ങളായിരുന്നു. അന്ന് സ്ഥലത്തിന് വളരെ വിലക്കുറവായിരുന്നു. അപ്പോൾ വാങ്ങിക്കാവുന്നതിന്റെ മാക്സിമം വാങ്ങിച്ചു. ചെടികളും മരങ്ങളും വെക്കാൻ തുടങ്ങി. അത് 50 വർഷം കൊണ്ടാണൊരു കാട് പോലെ ആയത്.

എം. ആർ. ഹരി: സാറ് മേടിക്കുമ്പോൾ ഇവിടത്തെ അവസ്ഥ എന്താണ് ? തെങ്ങ് മാത്രമേ ഉളേളാ ?

ജോർജ് മാത്യു: താഴെ കുറേ പറങ്കി മാവുണ്ടായിരുന്നു.
എം. ആർ. ഹരി: സാറ് മേടിക്കുന്നത് 70ൽ അല്ലേ. ഞാനിവിടെ പഠിക്കാൻ വരുന്നത് 87ലാണ്. 94 വരെയാണ് ഞാനീ കാമ്പസിൽ ഉണ്ടായിരുന്നത്. ആ സമയത്ത് ടെക്നോ പാർക്ക് തുടങ്ങിയിട്ടില്ല. തുടങ്ങുന്നതിനെ കുറിച്ചുളള ചർച്ചകൾ നടക്കുന്നു. 95ന് ശേഷമാണത് വരുന്നത്. അന്നിവിടെ കുറേ കാട് പിടിച്ച സ്ഥലം, ഹൈമവതിക്കുളം എന്നൊക്കെയല്ലാതെ ഒരിക്കലും ഇവിടിങ്ങനെ ഒരു ടൗൺഷിപ്പ് വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. അന്നുതന്നെ ആളില്ല. സാറ് വരുമ്പോൾ ഇത് വിജനമായൊരു സ്ഥലം ആയിരിക്കുമല്ലോ.

ജോർജ് മാത്യു: അതെയതെ. ഇഷ്ടം പോലെ സ്ഥലം ലഭ്യമായിരുന്നു.
എം. ആർ. ഹരി: അന്ന് ഭൂമിയ്ക്ക് വലിയ വിലയില്ല. ഇതിപ്പോൾ ഒന്നരയേക്കറോ ?
ജോർജ് മാത്യു: ഒന്നേകാൽ ഏക്കർ.
എം. ആർ. ഹരി: കാട് വെക്കുന്നതിൽ ആരുടെയെങ്കിലും സഹായം തേടിയോ ?
ജോർജ് മാത്യു: ആദ്യകാലത്തൊക്കെ ഒരുപാട് യാത്ര ഉണ്ടായിരുന്നു. അക്കാദമിക് ആവശ്യങ്ങൾക്കായി. കോൺഫറസിനു വേണ്ടിയും എക്സാമിനർ ആയിട്ടുമൊക്കെ.

എം. ആർ. ഹരി: ഞാനിപ്പോഴും ഓർക്കുന്നുണ്ട്. 87ൽ സാറ് ബീഹാർ യാത്രയൊക്കെ നടത്തിയാരുന്നല്ലോ.
ജോർജ് മാത്യു: ഞാൻ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്.

എം. ആർ. ഹരി: യുജിസിയിൽ യോഗികളുടെ സൂപ്പർ നാച്ചുറൽ പവറിനെ കുറിച്ചു പഠിക്കാനായിട്ട് സാറ് രണ്ടോ മൂന്നോ മാസത്തെ യാത്ര കഴിഞ്ഞു വരുമ്പോ..

ജോർജ് മാത്യു: അങ്ങനെ പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. എവിടെ പോയാലും അവിടത്തെ നഴ്സറികളിൽ പോയി മരങ്ങളുടെയും ചെടികളുടെയുമൊക്കെ തൈകൾ കൊണ്ടുവരും. അതെല്ലാം കൊണ്ടുവന്നു നടും. വെളളമടിക്കാനായിട്ട് ഒന്നേകാൽ ഏക്കർ മുഴുവനും വാട്ടർ കണക്ഷൻ നൽകി. ആദ്യകാലത്ത് വേനലിലൊക്കെ ഒരുപാട് വെളളമൊക്കെ അടിച്ച് ചെടികളെ വളർത്തിയെടുക്കണം. ഇപ്പോൾ വെളളമടിക്കേണ്ട ആവശ്യമില്ല. ഒരുപാട് മരങ്ങൾ വന്നതുകൊണ്ട് തണൽ ഉളളതുകൊണ്ട് ചെടികളൊക്കെ വെളളമടിക്കാതെ നിന്നോളും.

എം. ആർ. ഹരി: ഞാനിവിടെ കണ്ടൊരു പ്രത്യേകത ഈ വീടിരിക്കുന്നതും തൊട്ടടുത്ത സ്ഥലവുമായിട്ട് പത്ത് പതിനഞ്ചടി പൊക്കത്തിലാണ്. വേണമെങ്കിലൊരു കുന്നെന്നു പറയാം. വെളളം ഉണ്ടെങ്കിലും പതിനഞ്ചടി താഴോട്ടു പോകും. സാറിന്റെ പറമ്പിൽ വെളളം നിൽക്കാനൊരു സാദ്ധ്യതയില്ല. പക്ഷെ ഇവിടെ നല്ല ഈർപ്പം മണ്ണിൽ കാണുന്നുണ്ട്. കാടിന്റെ ഇലയുമൊക്കെ കൂടി വീണിട്ട് വെളളം കണ്ടമാനം താഴുന്നുണ്ട്. ഒന്നേകാൽ ഏക്കറായപ്പോൾ ഏതാണ്ട് അറുപതിനായിരം സ്ക്വയർ ഫീറ്റ് ആയി. 60 x3 - ഒരുകോടി എൺപതു ലക്ഷം ലിറ്റർ വെളളം സാറിന്റെ പറമ്പിൽ താഴുന്നുണ്ടായിരിക്കണം കേരളത്തിലെ കണക്ക് വെച്ച്. അതിന്റൊരു ഫലഭൂയിഷ്ടത ഇവിടെ വന്നിട്ടുണ്ട്. വളളികൾ ഒരുപാട് ഈ പറമ്പിലുണ്ട്. അതീ മരങ്ങളെ കേടാക്കില്ലേ ?

ജോർജ് മാത്യു: തീർച്ചായായിട്ടും. വളളികൾ ഒരുപരിധി കഴിഞ്ഞാൽ പ്രശ്നം തന്നെയാണ്. പല മരങ്ങളും പൂർണമായിട്ടും നശിച്ചു പോയിട്ടുണ്ട്. ഏറ്റവും പ്രധാനമായിട്ട് ഓൾസ്പൈസിന്റെ ഒരു മരമുണ്ടായിരുന്നു. ഇപ്പോൾ അതിന്റെ തായ്ത്തടി മാത്രമേ ഉളളൂ. ബാക്കിയെല്ലാം പോയി.

എം. ആർ. ഹരി: ഇവിടെ ഒരുപാട് പൂവുളള വളളികളുമുണ്ട്. മരങ്ങൾക്കു ദോഷമാണെങ്കിലും രസമുളള ഒരുപാട് പൂക്കൾ അവിടെയും ഇവിടെയും വീണുകിടക്കുന്നു. അതുപോലെ ഇവിടെ ഭക്ഷ്യയോഗ്യമായ ഒരുപാട് മരങ്ങളുമുണ്ട്. ഇതിനുനേരേ ഒരു ശീമപ്ലാവ് കാണാം. അവിടെ പ്ലാവ് കായ്ച്ചു നിൽക്കുന്നുണ്ട്. കുടംപുളി വീണു കിടക്കുന്നതു കണ്ടു. അപ്പോൾ ഇതൊക്കെ ഇതിനകത്ത് ഉണ്ടാകുന്നുണ്ട് അല്ലേ ?

ജോർജ് മാത്യു: തീർച്ചയായിട്ടും. ഫലവൃക്ഷങ്ങൾ ഏതാണ്ട് എല്ലാത്തരവുമുണ്ട്. ചിലതൊക്കെ ഇതുവരെ കായ്ച്ചിട്ടില്ല. ലിച്ചി പോലുളളവ. വളരെ വർഷങ്ങൾക്കു മുമ്പ് നട്ടതാണ്.

എം. ആർ. ഹരി: ലിച്ചി ഞാനും നട്ടു, കോട്ടയത്തു മുതൽ ഞാൻ നട്ടുതുടങ്ങിയതാണ്. ഇന്നുവരെ എനിക്ക് ലിച്ചി കായ്ച്ചിട്ടില്ല. നമ്മുടെ കാലാവസ്ഥയുടേതായിരിക്കണം. പിന്നെ ആൺപെൺ വ്യത്യാസവുമുണ്ട് ചില മരങ്ങൾക്ക്. പൂക്കാത്ത മരങ്ങൾ ബഡ് ചെയ്തു തന്നാലും അങ്ങനെ സംഭവക്കും. എന്താ കാര്യമെന്ന് അറിയില്ല. പക്ഷെ ലിച്ചി എങ്ങും കായ്ച്ചതായി എനിക്കറിവില്ല.

ജോർജ് മാത്യു: അല്ല. ലിച്ചി കായ്ച്ചിട്ടുണ്ട്. അഗ്രികൾച്ചറൽ കോളേജിൽ കായ്ക്കുന്ന ഒരു ലിച്ചിമരമുണ്ടായിരുന്നു. അവർ പറഞ്ഞത് ഇത് കായ്ക്കാൻ സമയമെടുക്കും, വെട്ടിക്കളയരുത് എന്നായിരുന്നു. കുറേ പ്രായമായിട്ടേ കായ്ക്കുകയുളളു.

എം. ആർ. ഹരി: അങ്ങനെ സംഭവിക്കാം. എനിക്ക് കുന്നിൻമുകളിലൊരു ഓറഞ്ച് മരമുണ്ടായിരുന്നു. അത് പതിനാല് വർഷമെടുത്തു കായ്ക്കാൻ. അതുപോലെ ഇവിടെ കുറേ തെങ്ങുകൾ കണ്ടു. ഇതിൽ നിന്നൊക്കെ തേങ്ങ കിട്ടുന്നുണ്ടോ ?
ജോർജ് മാത്യു: തേങ്ങ കിട്ടുന്നുണ്ട്. പക്ഷെ കായ്ഫലം കുറവാണ്. ഇവിടെ വളരെ സീസണൽ വേരിയേഷനാണ്. ഏറ്റവും കൂടുതൽ 500 വരെ കിട്ടും. ഏറ്റവും കുറഞ്ഞത് 100 തേങ്ങ കിട്ടും.

എം. ആർ. ഹരി: ഇത്രയും മരങ്ങൾക്കിടയിൽ നിന്നിട്ടും തെങ്ങിൻമുകളിലൊക്കെ വളളി കേറിക്കിടക്കുകയാണ്. അതൊന്നും തെളിച്ചുകൊടുത്തിട്ടില്ല. എന്നിട്ടും അത്രയും കിട്ടുന്നുണ്ടല്ലോ. ഇത്രയും ചെടികൾ വീടിനു ചുറ്റും വെക്കുമ്പോൾ അതിന്റെ ഭംഗി അസാദ്ധ്യം. അതും സ്വാഭാവിക വളർച്ച. ഞാനൊക്കെ വെച്ചുപിടിപ്പിച്ചതിൽ കൃത്രിമമുണ്ട്. വളരെ പെട്ടെന്ന് വെച്ചുപിടിപ്പിച്ചതാണ്. സാറിന്റേത് വളരെ സ്വാഭാവികമായി വളർന്നതാണ്. ഇഷ്ടംപോലെ പക്ഷികളെയും മറ്റും കാണാനുണ്ട്. എങ്കിലും വീടിനു ചുറ്റും വെച്ചുപിടിപ്പിക്കുമ്പോൾ പാമ്പു പോലുളള സാധനങ്ങൾ വരില്ലേ എന്നാണ് ആളുകൾ എന്നോട് ചോദിക്കുന്നത്. സാറിന് അങ്ങനെയൊരു പ്രശ്നമുണ്ടായിട്ടുണ്ടോ ?

ജോർജ് മാത്യു: നേരേ തിരിച്ചാണ്. ഞാനീ സ്ഥലം വാങ്ങിച്ച ഇടക്ക് മൂർഖനെയും ശംഖുവരയനെയും ഒക്കെ കാണുമായിരുന്നു. അതുകഴിഞ്ഞിട്ട് ഇവിടെയൊരു വലിയ ചേര വന്നു. ചേര വന്നതിനു ശേഷം മറ്റു പാമ്പുകളെ ഒന്നും കാണാനില്ല. വലിയ ചേര ചത്തുപോയി. ഇപ്പോ ഒരു ചെറിയ ചേരയെ കാണുന്നുണ്ട്. പിന്നെ ഇവിടെ എലി, പാമ്പിൻകുഞ്ഞുങ്ങളെ ഒക്കെ തിന്നുന്ന കീരി പോലുളള ജീവികൾ വന്നു. അതുകൊണ്ടായിരിക്കും. പാമ്പുകളെ ഒന്നും കാണുന്നില്ല. പറമ്പ് വെട്ടുകയും കിളക്കുകയും ഒക്കെ ചെയ്യുമ്പോഴെങ്കിലും പാമ്പിൻ കുഞ്ഞുങ്ങളെ എങ്കിലും കാണേണ്ടതല്ലേ. അങ്ങനെ ഒന്നും കാണുന്നില്ല. ഞാനീ വീട് പണിത കാലത്ത് പലപ്രവാശ്യം ശംഖുവരയന്റെ കുഞ്ഞുങ്ങളെ ഒക്കെ കിട്ടിയിട്ടുണ്ട്. കാർ ഷെഡിന്റെ ഷട്ടർ പൊക്കുമ്പോ ഒക്കെ ശംഖുവരയന്റെ കുഞ്ഞു വീണ അനുഭവമുണ്ട്. അത് 1980 ലാണ്. 90നു ശേഷം ഒരു പാമ്പിന്റെ കുഞ്ഞിനെ പോലും കണ്ടിട്ടില്ല.

എം. ആർ. ഹരി: സാറിതു പറഞ്ഞപ്പോൾ രസമുളള ഒരു കഥ പറയാം. കവടിയാറിലെ ഞങ്ങളുടെ ഓഫീസു ഏഴെട്ടു വീടുകൾ വാടകയ്ക്ക് എടുത്താണ് നടത്തുന്നത്. അതിലൊന്ന് പഴയ വീടാണ്. അത് ഓഫീസിലെ മെസ്സ് ആയിരുന്നു. ആ കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ സീലിങ്ങ് കൃത്യമായിട്ട് അടിച്ചിട്ടില്ല. പഴയ ആസ്ബറ്റോസ് ഇളകിയൊക്കെ ഇരിക്കുകയായിരുന്നു. ഒരാൾ രാവിലെ പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ മടിയിലേക്ക് രണ്ട് അണലിയുടെ കുഞ്ഞുങ്ങൾ വീണു. സിറ്റിയുടെ നടുവാണ്. നാലുവശത്തും വീടുകളാണ്. അവിടെ ഈ അണലി കേറി മുട്ടയിട്ടു. അവിടെ നമുക്കിതിനെ പേടിയില്ല. ഇതുപോലുളള സ്ഥലങ്ങളിൽ ആളുകൾ ആദ്യം ചോദിക്കുന്നത് ഇവിടെ എത്ര പാമ്പു വരും എന്ന രീതിയിലാണ്. അതൊരു വിരോധാഭാസമായി എനിക്കു തോന്നുന്നു. ആളുകൾക്ക് പാമ്പിനെ കുറിച്ചൊരു ധാരണയില്ലാത്തതു കൊണ്ട് വരുന്നതായിരിക്കും. വേറൊരു കാര്യം ചോദിക്കാനുളളത്, സാറിന്റെ കാർ ഷെഡിനെ കുറിച്ചാണ്. ബോംബെയിലും ഡൽഹിയിലുമൊക്കെ ആളുകൾ പുറത്താണ് കാർ പാർക്ക് ചെയ്യുന്നത്. അത് മഞ്ഞും മഴയുമൊക്കെ കൊണ്ട് വഴിയിൽ കിടക്കും. സാറിവിടെ മരത്തിന് ചുവട്ടിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു.

ജോർജ് മാത്യു: അത് താത്ക്കാലികമാണ്. ഇവിടെ ശരിയായ കാർ ഷെഡ് ഉണ്ട്. ദൂരെ എവിടെയെങ്കിലും പോവുമ്പോൾ അതിനകത്ത് കയറ്റിയിട്ടിട്ടാണ് പോവുക.

എം. ആർ. ഹരി: കുറേ നാൾ കാറെടുക്കാതിരിക്കുമ്പോൾ. അല്ലാത്തപ്പോൾ ഈ മരത്തിന്റെ ചുവട്ടിലാണ് കാറിട്ടിരിക്കുന്നത്, അല്ലേ ?

ജോർജ് മാത്യു: അതെയതെ.

എം. ആർ. ഹരി: സാറിന്റെ പഴയൊരു അമ്പാസിഡർ കാറുണ്ടായിരുന്നല്ലോ. അതവിടെ കൊണ്ടുവന്ന് തെങ്ങിന്റെ ചുവട്ടിൽ പാർക്ക് ചെയ്യുന്നത് ഞാനോർക്കുന്നുണ്ട്. ഞാൻ ചോദിച്ചത്, നമ്മളൊരു അർബൻ വീട് വെക്കുമ്പോൾ ഗാരേജ് പ്രധാനമാണ്. കാർ പോകാനായിട്ടൊരു വഴി ഉണ്ടാക്കുക. സാർ ഇതൊന്നുമില്ലാതെ കാട്ടിനകത്ത് പാർക്ക് ചെയ്ത് വളരെ ഭംഗിയായി മാനേജ് ചെയ്യുന്നു. സാറിനത് സൗകര്യപ്രദമായിട്ടു തന്നെയാണ് തോന്നുന്നതല്ലേ ?

ജോർജ് മാത്യു: ഈ കാർ ഷെഡിൽ കാർ കയറ്റിയിടുന്നതൊരു ജോലിയാണ്. ഷട്ടർ പൊക്കണം, കാറ് കയറ്റിയിടണം, പിന്നെ ഷട്ടർ താഴ്ത്തണം. അത് മടിയായതു കൊണ്ടു ഞാൻ തത്കാലം മുറ്റത്തങ്ങ് ഇടും.

എം. ആർ. ഹരി: സാറിനിവിടെ ഇപ്പോൾ എത്രയിനം ചെടിയുണ്ടെന്ന് അറിയാമോ
ജോർജ് മാത്യു: ഇല്ല.

എം. ആർ. ഹരി: വെളള ചെത്തി എന്നു പറയുന്ന ചെടി കളയാണെന്ന് തോന്നിയിരുന്നില്ല. ഇവിടെ വന്നപ്പോൾ സർവ്വസ്ഥലത്തും വെളള ചെത്തിയുടെ തൈകൾ വളർന്നു നിൽക്കുന്നു.
ജോർജ് മാത്യു: ഞാൻ പണ്ടെവിടുന്നോ ഒരു വെളള ചെത്തിയുടെ തൈ കൊണ്ടുവന്നു നട്ടതാണ്. പിന്നെ ഞാനൊന്നും ചെയ്തിട്ടില്ല അത് തന്നെ പടർന്നതാണ്.

എം. ആർ. ഹരി: അതുപോലെ ചില വളളികൾ. ഒരിക്കൽ പോലുമിത് തെളിച്ചിട്ടില്ല, അല്ലേ ?
ജോർജ് മാത്യു: ഇല്ല. നടക്കാനൊരു വഴി ഇട്ടിട്ടുണ്ട്. അത് ഇടയ്ക്കിടക്ക് തെളിക്കും.

എം. ആർ. ഹരി: അതുപോലെ, അവിടെയുളള മുളങ്കാടും സാറ് വെച്ചുപിടിപ്പിച്ചതല്ലേ ?
ജോർജ് മാത്യു: ഞാനൊരു മുളയുടെ തൈ കൊണ്ട് വെച്ചതേയുളളു. അതിപ്പോൾ പലയിടത്ത് പല കൂട്ടങ്ങളായി മാറി.

എം. ആർ. ഹരി: ഇവിടെ പക്ഷി കൂടു വെക്കുന്നുണ്ടോ ?
ജോർജ് മാത്യു: തീർച്ചയായിട്ടും. പക്ഷികൾ ഒരുപാടിനം ഉണ്ട്. ദേശാടനപക്ഷികൾ സീസണാവുമ്പോൾ അതും വരുന്നുണ്ട്.

എം. ആർ. ഹരി: ഭക്ഷണത്തിനു വേണ്ട സാധനങ്ങൾ പ്രത്യേകമായിട്ട് വെക്കുന്നുണ്ടോ, ചേനയോ ചേമ്പോ വാഴയോ പോലുളളവ.
ജോർജ് മാത്യു: അതെല്ലാം പണ്ടുണ്ടായിരുന്നു. വാഴ ഒരുപാട് ഇനങ്ങളുണ്ടായിരുന്നു. പിന്നെ ചേന, മറ്റു പച്ചക്കറികളൊക്കെ ധാരാളം ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ നിർത്തിയിരിക്കുകയാണ്. പല കാരണങ്ങളുമുണ്ട്. ഒന്ന്, വാഴ കുലച്ചു കഴിഞ്ഞാൽ നമ്മളത് വിൽക്കാൻ കൊണ്ടുചെന്നാൽ വില കിട്ടില്ല. പിന്നെ അത് ആർക്കെങ്കിലുമൊക്കെ കൊടുക്കണം. അതൊരു ജോലിയായിട്ട് മാറും. പിന്നെ വാഴയിൽ മിക്കവാറുമുളള ഇനങ്ങൾക്കൊക്കെ രോഗം വന്നു. രോഗമില്ലാത്ത ഒന്നുരണ്ടിനങ്ങളേ ഉളളു. അതുകൊണ്ട് വാഴകൃഷി പൂർണമായിട്ടും നിര്ത്തി. പിന്നെ പച്ചക്കറി കൃഷി ഇപ്പോൾ പ്രയാസമാണ്. മരങ്ങളുടെ വേര് എല്ലായിടത്തുമായി. അതുകൊണ്ട് ചെറിയ കൃഷിയൊന്നും ഇപ്പോഴില്ല.

എം. ആർ. ഹരി: അതുപോലെ ഇവിടെ ചില ഓർക്കിഡുകൾ കണ്ടു. സാറ് പറഞ്ഞു അത് തന്നെ വന്നതാണെന്ന്. അങ്ങനെ തന്നെ വിത്തുകൾ വീണ് ധാരാളം ചെടികൾ ഉണ്ടല്ലേ
ജോർജ് മാത്യു: ഉണ്ട്.

എം. ആർ. ഹരി: അതുപോലെ ടെറസിൽ വെളളമിറങ്ങുമോ എന്നുളളതാണ് എല്ലാവരുടെയും ചോദ്യം. സാറിപ്പോൾ ഒരു ഓർക്കിഡ് വളർത്തുന്നു.
ജോർജ് മാത്യു: അത് പലരും താക്കീത് ചെയ്തു. പക്ഷെ അതുകൊണ്ട് താഴെ വെളളത്തിന്റെ ശല്യമൊന്നും ഉണ്ടായിട്ടില്ല,

എം. ആർ. ഹരി: ഇത് ഇതിൽക്കൂടുതൽ വളരാനും ഇല്ല അല്ലേ മാക്സിമം വളർന്ന് പൂവുമായിട്ടാണ് നിൽക്കുന്നത്.
ജോർജ് മാത്യു: അതെ.

എം. ആർ. ഹരി: എന്തായാലും ഇത്രയും കാലം അറിയാമായിരുന്നിട്ടും കാടിനെ കുറിച്ച് അറിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടവും സന്തോഷവുമുണ്ട്. സങ്കടമെന്താന്നു വെച്ചാൽ നേരത്തേ ഇതുവന്ന് കാണാൻ പറ്റിയില്ലല്ലോ എന്നുളളതാണ്. സന്തോഷം, ഒരുപക്ഷേ ഞാൻ മിയാവാക്കി മാതൃകയെ കുറിച്ച് കേൾക്കുന്നതിന് മുമ്പ് സാറിന്റെ ഈ മാതൃക കണ്ടിരുന്നെങ്കിൽ മിയാവാക്കി മാതൃകയിലോട്ട് പോകില്ലായിരുന്നു. മിയാവാക്കിക്ക് കുറച്ച് ഗുണങ്ങളുണ്ട്. സാറ് അമ്പത് വർഷം കൊണ്ട് ചെയ്തത് നമുക്ക് പത്തുവർഷം കൊണ്ടു ചെയ്യാം. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വേറെ കാടു വെച്ചവരെ സാറിനറിയാമോ ?
ജോർജ് മാത്യു: പലരും ഇതുപോലെ ചെയ്യുമെന്നൊക്കെ പറഞ്ഞുപോയിട്ടുണ്ട്. എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. കാരണം പലരും വളരെ ചെറിയ സ്ഥലത്താണ് കാട് വെക്കാൻ ശ്രമിക്കുന്നത്. അതിന് അതിന്റേതായിട്ടുളള പരിമിതികളുണ്ട്.

എം. ആർ. ഹരി: ഈ രീതിയിൽ വെക്കുമ്പോൾ കുറച്ചധികം സ്ഥലം വേണം. സാറിനെന്തെങ്കിലും പറയാനുണ്ടോ ഇങ്ങനൊരു കാട് വെക്കുന്നതിനെ കുറിച്ച് സാറിന്റെ നിരീക്ഷണങ്ങളോ മറ്റോ..
ജോർജ് മാത്യു: എനിക്കു പറയാനുളളത്, നമുക്കൊരു വീട് എന്ന തോന്നൽ കിട്ടണമെന്നുണ്ടെങ്കിൽ ചുറ്റും മരങ്ങളും ചെടികളുമൊക്കെ വരണം. നമ്മളൊരു കോൺക്രീറ്റ് വനത്തിനകത്ത് ഇരുന്നാൽ 'ഹോം ഫീലിങ്ങ്' കിട്ടില്ല. നമ്മൾ വേറെ എവിടെയോ വന്നുപെട്ടുപോയ ഒരു ഫീലിങ്ങ് ആണ്. വേറൊരു കാര്യം കൂടി എനിക്കു പറയാനുണ്ട്. എന്റെ പ്രൊഫഷൻ സൈക്കോളജി ആണ്. ഇവിടെ വരുന്ന പലരും മാനസിക സമ്മർദ്ദം പോലുളള പ്രശ്നങ്ങളുമായിട്ട് വരുമ്പോ അവരെ ഇതിനകത്തുകൂടി നടത്താറുണ്ട്. അതിന് 'holigrative walk' എന്നാണ് ഞാൻ പേരിട്ടിരിക്കുന്നത്. ഇതിനകത്തുകൂടി നടന്നു കഴിയുമ്പോൾ അവർക്ക് പെട്ടെന്നൊരു വ്യത്യാസം ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന് ഒരു സ്ത്രീ. ഒരു മോഷണശ്രമത്തിന്റെ ഭാഗമായി അവർ വളരെ സമ്മർദ്ദത്തിലായിരുന്നു. അവരെ ഇതിനകത്തുകൂടി ഒരു റൗണ്ട് നടത്തിക്കഴിഞ്ഞപ്പോൾ അവർ വളരെ റിലാക്സ്ഡ് ആയി. നമ്മൾ വേറെ എന്തു ചെയ്താലും ഇങ്ങനെ പെട്ടെന്നൊരു റിലാക്സേഷൻ കിട്ടില്ല. എന്റെ പ്രൊഫഷനുമായിട്ടും കൂടി ഇതിനു ബന്ധമുണ്ട്.

എം. ആർ. ഹരി: സാറ് ഫോറസ്റ്റ് ബാത്തിങ്ങ് എന്നു കേട്ടിട്ടുണ്ടോ
ജോർജ് മാത്യു: ഇല്ല

എം. ആർ. ഹരി: അത് ജപ്പാനിലുളള ഒരു രീതിയാണ്. 1982 ലോ മറ്റോ തുടങ്ങിയതാണ്. എന്റെ മകളാണ് എനിക്കത് അയച്ചുതന്നത്. കാട് വെച്ച് പിടിപ്പിച്ചിട്ട് അതിലൂടെ ആളുകൾ നടക്കുക. യഥാർത്ഥ കാട്ടിൽ കേറി നടന്നാൽ അവർ പിടിച്ചോണ്ടു പോവും, അല്ലങ്കിൽ അനുവാദ പ്രശ്നം വരും, ആ കാട്ടിൽ വന്യജീവികൾ കാണും. ഇങ്ങനെയുളള കൃത്രിമ കാടുകൾ നല്ലരീതിയിലുളള കാടുകളാണെങ്കിൽ അതിലൂടെയുളള നടത്തത്തിലൂടെ ആളുകളുടെ സ്ട്രെസ് കുറയുന്നുണ്ടെന്നാ പറയുന്നത്. കാട് വെട്ടിത്തെളിച്ച് അതിനകത്ത് റിസോർട്ട് വെക്കുന്നതിനു പകരം റിസോർട്ട് വെളിമ്പ്രദേശത്തു വെച്ചിട്ട് അതിനു ചുറ്റും കാട് വളർത്താം. അപ്പോൾ പ്രകൃതിക്കു ദോഷവും ആകുന്നില്ല, ആളുകൾക്ക് ഈ പറയുന്ന ഒരു റിലാക്സേഷനും കിട്ടുന്നുണ്ട്. സാറ് പറഞ്ഞത് വളരെ ശരിയാണ്. എനിക്കിപ്പോൾ പുളിയറക്കോണത്തെ കാട്ടിലിരിക്കുമ്പോൾ സമ്മർദ്ദം വളരെ കുറവാണ്. ഞാനൊരു ചെറുകിട വ്യവസായം നടത്തുകയാണ്. പത്ത് നൂറ് ജീവനക്കാരുണ്ട്, ഒരുപാട് പ്രശ്നങ്ങളുണ്ട്. ഞങ്ങൾ അഞ്ചാറ് പാർട്ണർമാരുണ്ട്. പക്ഷെ എല്ലാവർക്കും നല്ല സ്ട്രെസ്സുളള തരത്തിലുളള കാര്യങ്ങളാണ് സംഭവിക്കുന്നത്. കാരണം നമ്മുടെ അനിശ്ചിതത്വമുണ്ടല്ലോ. കോവിഡ് അടക്കമുളള ഒരുപാട് അനിശ്ചിതത്വങ്ങളിലൂടെ ആണല്ലോ വ്യവസായങ്ങൾ കടന്നുപോകുന്നത്. അപ്പോൾ അവിടെ ചെല്ലുമ്പോൾ ഇതിൽനിന്നൊക്കെയുളള മോചനം കുറേ കിട്ടുന്നുണ്ട്. ഒന്നിനേക്കുറിച്ചും വലുതായിട്ട് വിഷമിക്കാത്ത ഒരവസ്ഥയിലേക്ക് പോകുന്നുണ്ട്. ഈ ഫോറസ്റ്റ് ബാത്തിങ്ങ് സാറൊന്നു നോക്കണം. അതിനൊരു ജാപ്പനീസ് വാക്കുണ്ട്, ഞാൻ മറന്നുപോയി.

ജോർജ് മാത്യു: പിന്നെ ഈ വീടിന് വളരെ അടുത്താണ് ടെക്നോപാർക്ക്. എനിക്കവിടെ കുറേ സുഹൃത്തുക്കളുണ്ട്. ടെക്നോപാർക്കിലെ ഒരു കമ്പനിയുടെ CEO, മുമ്പ് ഇടക്കിടെ ഇവിടെ വരുമായിരുന്നു. പുളളിക്ക് സ്ട്രെസ് വളരെ കൂടുമ്പോൾ ഇവിടെ വന്നിതിനകത്തു കൂടി നടക്കുമ്പോൾ വളരെയധികം മാറ്റമുണ്ടാകുന്നു എന്നാണ് പുളളി പറയുന്നത്. പുളളി ഒറ്റയ്ക്കാണ് ഇതിനകത്തു കൂടി നടക്കുന്നത്. ഇരിക്കാനൊരു സ്ഥലമുണ്ട്. അവിടെപോയി കുറേസമയം ഇരിക്കും. ആ സമയത്ത് കമ്പനിയിലെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെ സംബന്ധിച്ച് പുതിയ ആശയങ്ങൾ കിട്ടും എന്നാണ് പുളളി പറയുന്നത്. അതുപോലെത്തന്നെ ഒരു സൈക്യാട്രിസ്റ്റ് പക്ഷിനിരീക്ഷണത്തിനായി ഇവിടെ വരുമായിരുന്നു. പുളളി വളരെ ഫോർമലായി ഇവിടെ വന്ന് വസ്ത്രമൊക്കെ മാറി പക്ഷിനിരീക്ഷണത്തിനുളള വസ്ത്രമൊക്കയിട്ട്, കാമറയുമായി ഇതിനകത്തു നടക്കുമായിരുന്നു രാവിലെ. പലയാളുകൾക്കും ഇങ്ങനെയുളള സ്ഥലത്ത് നടക്കുന്നതിലൂടെ മാനസികമായിട്ട് പ്രയോജനം കിട്ടുമെന്നാണ് പറയുന്നത്.

എം. ആർ. ഹരി: അത് വളരെ വലിയൊരു പോയിന്റാണ്. കാട് വെച്ചാൽ എന്തുകിട്ടുമെന്ന ചോദ്യത്തിന് നിങ്ങൾക്ക് മാനസിക സമ്മർദ്ദം കുറയുമെന്നത്. ആളുകൾക്കൊന്നു പരീക്ഷിച്ച് നോക്കാവുന്നതാണ്. നോക്കി ബോധ്യപ്പെട്ടിട്ട് കിട്ടുമെങ്കിൽ മാത്രം അവർ കാട് വെച്ചാമതി.
ജോർജ് മാത്യു: അതെയതെ.

എം. ആർ. ഹരി: പക്ഷെ അതൊരു വലിയ സംഗതിയാണ്. സാരിന്റെ കാട് അവിടെക്കാണുന്ന വലിയ ഫ്ലാറ്റിനെ ഏകദേശം ഇവിടെനിന്ന് മറയ്ക്കുന്നുണ്ട്. വലിയ ഫ്ലാറ്റുകൾ നിർമ്മിക്കുമ്പോൾ ചുറ്റും ഇതുപോലുളള കാട് വച്ചു പിടിപ്പിച്ചു കഴിഞ്ഞാൽ അവർക്ക് ചുരുങ്ങിയത് പുറത്തോട്ടു നോക്കുമ്പോഴെങ്കിലും ഒരു പച്ചപ്പ് കാണാൻ കഴിയും.

ഞാനിവിടെ വന്ന് സാറിന്റെ കാട് കണ്ടപ്പോൾ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു കാട് വെച്ചുപിടിപ്പിക്കലായി തോന്നി. അത് ആളുകളെ പരിചയപ്പെടുത്താനായിട്ടാണ് വന്നത്. പക്ഷെ സാറുമായി സംസാരിച്ചപ്പോൾ സാറ് അമ്പതു വർഷത്തിലധികമായി മനശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ്. സാറ് പറയുന്നത് നമ്മുടെ ഉത്കണ്ഠ, മാനസിക സമ്മർദ്ദം ഒക്കെ ഒരുപരിധിവരെ പരിഹരിക്കാൻ ഈ കാട് സഹായിക്കുന്നുണ്ട് എന്നാണ്. അത് വലിയൊരു കാര്യം തന്നെയാണ്. കാട് വെച്ച് പിടിപ്പിക്കുന്നു എന്നു പറയുമ്പോൾ ആളുകൾ ചോദിക്കുന്നത് അതിൽനിന്നെന്തു നേട്ടമുണ്ടാകുന്നു എന്നാണ്. ഇതാണ് ഏറ്റവും വലിയ നേട്ടം. ഈ നേട്ടത്തെ കുറിച്ച് ഇതുവരെയും ഞാൻ ബോധവാനായിരുന്നില്ല. അന്താരാഷ്ട്ര തലത്തിൽ തന്നെ അങ്ങനെയുളള മൂവ്മെന്റുകളൊക്കെ നടക്കുന്നുണ്ടെങ്കിലും, കാട് കൊണ്ട് ഇങ്ങനൊരു പ്രയോജനം നമുക്ക് പലപ്പോഴും തോന്നിയിട്ടില്ല. സാറ് പറഞ്ഞ പോയിന്റ് ഒന്നുകൂടി ഹൈലൈറ്റ് ചെയ്യുകയാണ്. കാട് വെച്ചു പിടിപ്പിക്കുന്നത് നിങ്ങളുടെ നിത്യജീവിതത്തിലെ സമ്മർദ്ദങ്ങളും പ്രയാസങ്ങളുമൊക്കെ ഒരുപരിധിവരെ ലഘൂകരിക്കാൻ സഹായിക്കും. ആർക്കെങ്കിലും താത്പര്യം ഉണ്ടെങ്കിൽ സാറിനെ വിളിച്ചശേഷം സാറിനെ വന്നു കാണാം. നെറ്റിൽ നമ്പറിടുകയോ സാറിന്റെ ഇമെയിൽ ഐഡി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് പ്രായോഗികമല്ല. അതുകൊണ്ട് താത്പര്യമുളള ആളുകൾ നിങ്ങളുടെ ഇമെയിൽ ഐഡി തന്നാൽ ഞങ്ങളതിലേക്ക് സാറിന്റെ മെയിൽ ഐഡി അയച്ചുതരാം. സാറിന്റെ അനുവാദം ചോദിച്ചശേഷം ഇവിടെ വന്ന് ഈ കാട്ടിലൂടെ ഒക്കെയൊന്ന് നടന്നുനോക്കുക. സാറ് നിങ്ങളെ സ്വീകരിക്കാൻ സന്നദ്ധനായിരിക്കും. പക്ഷേ സാറിന്റെ സമയംകൂടി നോക്കിവേണം നിങ്ങൾ വാരാൻ. താത്പര്യമുളളവർ നേരിട്ട് ബന്ധപ്പെടുക. ഏതെങ്കിലും ഒരു കാട്ടിൽപോയി നടന്നുനോക്കിയാലും മതി. നിങ്ങളുടെ സ്ട്രെസ്സും ടെൻഷനുമൊക്കെ കുറയും. ഇങ്ങനൊരു കാട് വെച്ചുപിടിപ്പിക്കാൻ പ്രചോദനം കിട്ടുന്ന കാര്യമാണ്. നമുക്ക് കൂടുതൽ കാട് വെച്ചുപിടിപ്പിക്കാൻ ശ്രമിക്കാം എന്നുളള ഒരുറപ്പോടെ ഇവിടെ അവസാനിപ്പിക്കാം.