കേരളം കണ്ടിട്ടുള്ള ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ശ്രീ. എം.വി. രാഘവൻ. അദ്ദേഹത്തിന്റെ പ്രത്യേകത, കാര്യങ്ങൾ നടപ്പിലാക്കാനുള്ള കഴിവുണ്ടായിരുന്നു എന്നതായിരുന്നു. അദ്ദേഹം രൂപീകരിച്ച പറശ്ശിനിക്കടവ് സ്നേക് പാർക്കിലാണ് ഞാൻ ഇപ്പോഴുള്ളത്. ഇത് പരിചയപ്പെടുത്താൻ കാരണം, പ്രകൃതിയോട് താത്പര്യമുള്ള ആളുകൾ ഒരുതവണ വന്ന് ഒന്ന് കാണാനുള്ള കാഴ്ച ഇവിടെയുണ്ട്. അദ്ദേഹം മിയാവാക്കി വനവത്കരണമൊന്നുമല്ല ഇവിടെ ചെയ്തിരിക്കുന്നത്. വളരെ സാധാരണഗതിയിലുള്ള വനവത്കരണമാണ് ഇവിടെ ചെയ്തിരിക്കുന്നത്.

വെട്ടുകല്ല് അഥവാ ലാറ്ററേറ്റ് ആണ് ഈ പ്രദേശം. അതിന്റെ പുറത്ത് നട്ടു പിടിപ്പിച്ച മരങ്ങളാണ് നമ്മളിവിടെ കാണുന്നത്. ഒരു ഇരുപതോ - മുപ്പതോ വർഷം മുമ്പ് അദ്ദേഹം നട്ട മരങ്ങൾ ഇപ്പോൾ ഇവിടെ മുഴുവൻ പടർന്ന് പന്തലിച്ചു നിൽക്കുകയാണ്. ഏതുതരം സ്ഥലവും കാടാക്കി മാറ്റാം എന്ന് ഞങ്ങൾ പലപ്പോഴും പറയാറുണ്ട്. നമ്മുടെ സ്ഥിരോത്സാഹവും അദ്ധ്വാനവുമുണ്ടെങ്കിൽ നമുക്ക് മാറ്റിയെടുക്കാനാവും.

ഇവിടെ പല വിശേഷപ്പെട്ട മരങ്ങളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇവിടെ ജീവികളെ വളർത്തുന്നത് എല്ലായിടത്തുമുള്ള പോലെ ഒരു കൃത്രിമ അന്തരീക്ഷത്തിൽ തന്നെയാണ്. ഒരു കൂടുണ്ടാക്കി കൂട്ടിലിട്ടാണ് വളർത്തുന്നത്. പക്ഷെ ആ കൂടിന് ചുറ്റുമുള്ള അന്തരീക്ഷം ജീവികൾക്ക് താപനില അധികം അനുഭവപ്പെടാത്ത തരത്തിലാണ് ക്രമീകരിച്ചിട്ടുളളത്. ഇതിനുള്ളിൽ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുകയാണ്. മരങ്ങൾ മാത്രമല്ല, ചില സ്ഥലങ്ങളിൽ വലിയ വള്ളികളുമുണ്ട്.

കുട്ടികളും കാണേണ്ട ഒരു സ്ഥലമാണിത്. ഈ ജീവികളിൽ പലതിനെയും അടുത്തു കാണാൻ കഴിയും. എങ്ങനെയാണ് ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോട് കാലാവസ്ഥയുടെ കാര്യത്തിലെങ്കിലും അടുത്തുനിൽക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് കണ്ടു മനസ്സിലാക്കേണ്ടതാണ്. അതുപോലെ ഇവിടെ പ്രശസ്തരായ ചില വ്യക്തികളുടെ സ്മരണയ്ക്കായി ചില പ്രതിമകൾ വച്ചിട്ടുണ്ട്. സാധാരണ പ്രതിമകൾ വയ്ക്കുമ്പോൾ അവിടെയെല്ലാം വെട്ടിത്തെളിച്ച് വേലി കെട്ടി ഒരു പ്രത്യേക രീതിയിലാണ് വയ്ക്കാറുള്ളത്. ഇവിടെ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ആളുകളുടെ പ്രതിമയാണ് വച്ചിരിക്കുന്നത്. പക്ഷെ ആ പ്രതിമയ്ക്കു ചുറ്റുമുള്ള സ്ഥലം പ്രകൃതി സൗഹൃദ അന്തരീക്ഷം ഈ പാർക്കിൽ മുഴുവൻ ചെയ്തെടുത്തിട്ടുണ്ട്.

ഞാൻ ഇതു പറഞ്ഞുവെങ്കിലും നിങ്ങൾ ഇവിടെ വന്നു കാണാതെ ഇതിന്റെ വ്യത്യാസം മനസ്സിലാകില്ല. കാരണം ഇവിടെ മൊത്തം പാറയാണ്. ഈ ചെങ്കൽ പാറയിലാണ് ഇങ്ങനെയൊരു പാർക്ക് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ശരിക്കും അസൂയാവഹമായ ഒരു കാഴ്ചയാണ്. ഏതു സ്ഥലത്തും കാട് വയ്ക്കാം എന്നതാണ് ഞാൻ എപ്പോഴും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സ്ഥലം. കഴിയുമെങ്കിൽ ഇതുവഴി പോകുമ്പോൾ ഒരുതവണ ഇവിടെ വന്ന് ഇത് കാണണം.

ഞാൻ കണ്ണൂർ ജില്ലയിലും കാസർഗോഡ് ജില്ലയിലും പലതവണ വന്നിട്ടുണ്ട്. പത്ത് - നാൽപത് വർഷമായി ഇതുവഴി യാത്ര ചെയ്തിട്ടുള്ളതാണ്. പക്ഷെ ഇതുവരെ ഇവിടെ വന്നു കണ്ടിട്ടില്ല. കാരണം ഇതൊരു സ്നേക് പാർക്കല്ലേ ഇവിടെന്ത് കാണാൻ എന്നുള്ളൊരു മനോഭാവമായിരുന്നു. അതുമാത്രമല്ല മൈസൂർ സൂ പോലെ വളരെ സ്വാഭാവികമായി ജീവികളെ വളർത്തുന്ന സ്ഥലങ്ങൾ ആണെന്ന് കരുതി.

1984-ൽ ഞാനവിടെ പഠിക്കുന്ന സമയത്ത് മൈസൂർ സൂ ഒട്ടും പ്രകൃതി സൗഹൃദമല്ലായിരുന്നു. അന്ന് സാലി വാക്കർ എന്ന ഒരു അമേരിക്കൻ വനിത അവിടെ വന്ന് അവിടുള്ളവരെ ബോധവത്കരിക്കുകയും ഈ പാർക്കിനെ പ്രകൃതിസൗഹൃദമാക്കി മാറ്റുകയും ചെയ്തു. കൂടുകൾക്കുള്ളിൽ തന്നെ മരങ്ങൾ നട്ടു പിടിപ്പിക്കുക, അല്ലെങ്കിൽ കൂടുകൾ മരങ്ങൾക്കു ചുറ്റുമാക്കുക, പിന്നെ ചില പ്രദേശങ്ങളിൽ കാടുണ്ടാക്കി ആ കാടിനുള്ളിൽ ജീവികളെ വിടുക അങ്ങനെയൊരുപാട് കാര്യങ്ങൾ പ്രാദേശിക സ്പോൺസർഷിപ്പോടു കൂടി ചെയ്തിരുന്നു. അങ്ങനെ പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഒരു മൃഗശാലയായി അതു മാറി. അതുപോലെ ഒരു സംഗതി കണ്ട സ്ഥിതിക്ക് ഇവിടെ എന്തു കാണാൻ എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്.

അങ്ങനെ ഇവിടെ വരാതിരുന്നത് വലിയൊരു തെറ്റായിപ്പോയി എന്നിപ്പോൾ തോന്നുന്നു. ചെങ്കൽപ്പാറയ്ക്കു മുകളിൽ ഇത്രയും മരങ്ങൾ വയ്ച്ചു പിടിപ്പിച്ച് ഒരു പ്രദേശത്തെ കാലാവസ്ഥയെ തന്നെ മാറ്റുന്ന തരത്തിൽ വളർത്തിയെടുക്കുക എന്നത് വളരെ വലിയൊരു അദ്ധ്വാനമാണ്. ഇത് കണ്ടു പഠിക്കേണ്ട ഒരു മാതൃകയാണ്. ഏത് കുന്നിന്റെ മുകളിൽ വീട് വയ്ക്കുന്നവർക്കും അവിടെ മരങ്ങൾ നട്ടു പിടിപ്പിച്ച് അവിടുത്തെ അന്തരീക്ഷം കുറേക്കൂടി സൗഹൃദപരമാക്കി മാറ്റാൻ പറ്റും എന്നുള്ളതാണ് ഇതിൽ നിന്നുള്ളൊരു ഗുണപാഠം. ഇത് കണ്ട് മനസ്സിലാക്കാൻ തന്നെ ശ്രമിക്കണമെന്നൊരു അഭ്യർത്ഥനയുണ്ട്.