വീടിനു ചുറ്റും ജലപാർക്കെന്നൊരു വീഡിയോ നേരത്തേ നമ്മൾ ചെയ്തിരുന്നു. എങ്ങനെയൊരു അക്വേറിയം വീടിനു ചുറ്റുമായി സ്ഥാപിക്കാമെന്നുള്ളതായിരുന്നു വിഷയം. അഞ്ചോ - ആറോ മാസങ്ങൾക്കു മുമ്പായിരുന്നു അത് ഷൂട്ട് ചെയ്തത്. അന്നിട്ട തിലോപ്പിയ കുഞ്ഞുങ്ങളൊക്കെ വളർന്നു. ഇവിടെ നമുക്ക് വളർത്താവുന്നതിൽ കൂടുതൽ മീനുകളാവുന്ന അവസ്ഥയിലായി. കാരണം, ഭക്ഷണം വലിയൊരു ചിലവായി. മീൻ ഒരുപരിധി വരെ വളർന്നു കഴിഞ്ഞാൽ പിന്നെ കൊടുക്കുന്ന ഭക്ഷണം വേസ്റ്റാണ്. വ്യാവസായികാടിസ്ഥാനത്തിൽ ചെയ്യുന്നവർക്ക് ഇത് പ്രായോഗികമാകില്ല. ഞാൻ ചെയ്യുന്നത് വ്യാവസായികാടിസ്ഥാനത്തിൽ അല്ല. ഒരു പരീക്ഷണമായിട്ടാണ്. ഇതിന്റെ ഭക്ഷണത്തിന് ഒരുപാട് ചിലവാകുന്നൊരു അവസ്ഥ വന്നു. അങ്ങനെയെല്ലാ മീനുകളെയും പിടിച്ച് കുറച്ചു സുഹൃത്തുക്കൾക്ക് കൊടുത്തു. അങ്ങനെ അത് കാലിയായ ശേഷം കരിമീൻ കുഞ്ഞുങ്ങളെ ഇട്ടിരിക്കുകയാണ്. കരിമീൻ കുഞ്ഞുങ്ങളുടെ വളർച്ചയെങ്ങനെയുണ്ടെന്ന് നോക്കാം. ഇതിന്റെ കൂടെ വേറെ കുറച്ച് കാര്യങ്ങൾ കൂടി ചെയ്തു. അതെന്താണെന്ന് പറയാനാണ് ഈ വീഡിയോ ചെയ്തത്.

ഒന്നാമതായി, കണ്ടൽച്ചെടികൾ, സാധാരണ അത് കായലിന്റെ തീരത്തും കടൽത്തീരത്തുമൊക്കെയാണ് വളരുന്നത്, ആ കണ്ടൽചെടികൾ ശുദ്ധ ജലത്തിൽ വളരുമോ എന്നറിയാനായി ഇവിടെ കൊണ്ട് വച്ചിരുന്നു. അത് അത്യാവശ്യം നന്നായി വളർന്നു. വളർന്നു കഴിഞ്ഞപ്പോൾ അതിനു വേണ്ടി രണ്ടു മൂന്നു ട്രേ പ്രത്യേകമുണ്ടാക്കി. എന്നിട്ട് ആ ട്രേയിൽ കുറച്ചു ദ്വാരങ്ങളുണ്ടാക്കി കണ്ടൽചെടികൾ അതിൽ നട്ട് അത് ഇതിനുള്ളിലെടുത്തു വച്ചു. വച്ചിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. ഈ ചെടികൾ വളരുമെന്നാണ് ഞങ്ങളുടെയൊരു പ്രതീക്ഷ. കാരണം അല്ലാതെ വച്ച ചെടികൾ വളർന്നു. അങ്ങനെ വളർന്നു കഴിഞ്ഞ് ഈ ചെടികളുടെ ഇല ഈ വെള്ളത്തിലേക്ക് വീഴും. കണ്ടൽചെടികളുടെ ഇലയിൽ പ്രോട്ടീനിന്റെ അംശം വളരെ കൂടുതലാണ്. അത് മീനുകൾക്ക് പറ്റിയൊരു ഭക്ഷണമാണ്. അത് വെള്ളത്തിലേക്ക് ചേർന്നു കഴിയുമ്പോൾ സ്വാഭാവികമായിട്ടും മീനുകൾക്ക് നല്ലൊരു പോഷകാഹാരമാണ്. അത് കിട്ടുമെന്നുള്ളതാണ് ഒന്നാമത്തെ പ്രയോജനം.

രണ്ടാമത്, ഈ കണ്ടൽചെടികൾ ചേറ് നിറച്ച് അതിലാണ് നട്ടിരിക്കുന്നത്. കരിമീൻ പോലുള്ള മീനുകൾക്ക് മുട്ടയിടാൻ ചേറ് ആവശ്യമാണ്. ചേറിൽ കൂടു വയ്ക്കുന്നൊരു സ്വാഭാവം കരിമീനിനുണ്ട്. അതു കൂടാതെ ഇവിടെ കുറച്ച് താമര കൊണ്ടു വന്നു വച്ചു. ആ താമര നന്നായി വളരുന്നുണ്ട്. മീനുകൾക്ക് ഒളിച്ചിരിക്കാൻ വേണ്ടിയാണ് ഈ ചെടികളെല്ലാം വച്ചത്. ഇതിനോടൊപ്പം വച്ചൊരു ചെടി അതൊരു തരം വാഴയാണ്. വെള്ളത്തിൽ വളരുന്ന പ്രത്യേകതരം പൂവുള്ളൊരു ചെടിയാണ്. അതിവിടെ വൻതോതിൽ വളരുന്നുണ്ട്. ചെടി വലുതാകുന്നതനുസരിച്ച് അതിന്റെ ഇലയും നന്നായി വലുതാകുന്നുണ്ട്. ഇതിന്റെ അഞ്ചെട്ടു ചെടികൾ ഇവിടെ നട്ടിട്ടുണ്ട്. അതിന്റെ വളർച്ച കണ്ട് ചെയ്തതാണ്. പിന്നെയൊരു കാര്യമുള്ളത് മീനുകൾക്ക് ഒളിച്ചിരിക്കാനുള്ള സ്ഥലമാണ്. പ്രത്യേകിച്ച് കുഞ്ഞു മീനുകൾക്ക്.

ഇതിനുള്ളിൽ മീനിന്റെ ബ്രീഡിങ് നന്നായി നടക്കുന്നുണ്ട്. ധാരാളം കുഞ്ഞുങ്ങളുണ്ടാകുന്നുണ്ട്. കുഞ്ഞു മത്സ്യങ്ങൾ അതിന്റെ അമ്മ മത്സ്യത്തിന്റെ സംരക്ഷണത്തിൽ നിൽക്കുന്നത് കാണാൻ നല്ല രസമാണ്. അങ്ങനെയാണെങ്കിലും ചിലപ്പോൾ മറ്റിനത്തിൽപ്പെട്ട മീനുകൾ ഈ കുഞ്ഞു മത്സ്യങ്ങളെ പിടിച്ചു തിന്നാൻ സാധ്യതയുണ്ട്. അതൊഴിവാക്കാനായി മുളങ്കുറ്റികൾ, ആനമുള എന്നു പറയുന്ന മുള കൊണ്ടുവന്ന് മുറിച്ച് അതിൽ ചെറിയ ദ്വാരങ്ങളിട്ടു. അതിനുശേഷം അത് വെള്ളത്തിൽ കമഴ്ത്തി വച്ചു. കുഞ്ഞുമീനുകളെ വലിയ മീനുകൾ ഓടിക്കുമ്പോൾ അവർക്ക് ഓടി വന്ന് ഇതിൽ കയറി രക്ഷപ്പെടാം. അതാണ് ഇപ്പോൾ ചെയ്തിരിക്കുന്ന ഒന്നാമത്തെ കാര്യം.

രണ്ടാമത്തെ കാര്യം, ഈ മുളങ്കുറ്റി തന്നെ ഉപയോഗിച്ച്, അതായത് പച്ചമുളയെ തീയിൽ വച്ച് ഒന്നു ചൂടാക്കി കരിച്ച് അതിലെ ജലാംശം വറ്റിച്ച ശേഷം ഉണക്കമുളയാക്കി മാറ്റി അതാണ് വെള്ളത്തിൽ വയ്ക്കുന്നത്. അതിൽ ചേറ് നിറച്ച ശേഷം അതിൽ കണ്ടൽചെടികൾ നട്ട് സ്വാഭാവിക മട്ട് വരുന്നുണ്ട്. കാണാന് കുറച്ചു കൂടി രസമുണ്ട്. ഇതൊക്കെ നിങ്ങൾക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിൽ ഏറ്റവും പ്രധാനമായ ഭാഗം മീൻ വിളവെടുപ്പാണ്. ഒരു നാലുമാസം കൊണ്ട് ഇരുന്നൂറ് മീനെങ്കിലും കിട്ടും. ശരിക്കും മീൻ കഴിക്കുന്നവരാണേൽ ദിവസവും മൂന്നോ നാലോ വച്ച് പിടിച്ചാലും ഒരാണ്ടിലേക്കുള്ള മീനിനെ, ഒരാളുടെ വീട്ടിലേക്കാവശ്യമായ മീനിനെ ഇതിൽ നിന്നു തന്നെ ഉൽപാദിപ്പിക്കാൻ കഴിയും. ഈയൊരു മാതൃക എല്ലാവരും പരീക്ഷിച്ച് നോക്കണം.

പിന്നത്തെ ചോദ്യം, ഇത് വീട്ടിനടിയിൽ വെള്ളം ഇറങ്ങില്ലേ? അടിത്തറ തകരില്ലേ? വെള്ളം നിൽക്കുമോ? എന്നൊക്കെയാണ്. അതിന് ചെയ്യേണ്ട കാര്യങ്ങൾ, ഒന്ന് നന്നായി സിമന്റ് ചെയ്യുക എന്നതാണ്. രണ്ട്, ആ സിമന്റിന് പുറമേ ഫൈബർ കോട്ടിംഗ്. ഇതിൽ ഇപ്പോൾ ഒരു ഫൈബർ കോട്ട് ചെയ്തിട്ടുണ്ട്. നേരത്തെ ഒരു വീഡിയോയിൽ അത് കാണിച്ചിട്ടുള്ളതാണ്. ഒരു സ്ക്വയർ ഫീറ്റിന് 90 രൂപ ചിലവിൽ ചെയ്യാൻ കഴിയും. ചിലയിടത്ത് അത് 120 രൂപ വരെയാകുന്നുണ്ട്. അത് ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞും ഇതുവരെ വെള്ളം ഇറങ്ങിയിട്ടില്ല. പിന്നെ വീട്ടിനുള്ളിലേക്ക് വെള്ളം ഇറങ്ങുമോ എന്ന് ചോദിച്ചാൽ, എല്ലാ ടാങ്കിനും, വാട്ടർ ടാങ്കിനും ഒക്കെ ചോർച്ചയുണ്ടാകാനുള്ള സാധ്യതയില്ലേ. അതൊക്കെ അതിന്റെ കൂട്ടത്തിലുള്ളതാണ്. ആകപ്പാടെ നമ്മൾ ഇതിൽ ഒഴിക്കുന്ന വെള്ളമല്ലേ ഒലിച്ചിറങ്ങുകയുള്ളൂ. അപ്പോൾ വലിയ അപകടമൊന്നും ഉണ്ടാവും എന്ന് വിചാരിക്കാൻ കഴിയില്ല. താമര പോലുള്ളവ ഇതിൽ നന്നായി വളർത്താൻ കഴിയും. ജലസസ്യങ്ങളെ വളർത്താൻ ഇതിൽ കഴിയും. അത്തരം ചെടികളെ വളർത്തുന്നതും കാണുന്നതും വളരെ സന്തോഷമുള്ള കാര്യമാണ്.

പിന്നെ വരുന്നൊരു ചോദ്യം, വെള്ളം ശുദ്ധീകരിക്കുന്നതെങ്ങനെയാണെന്നാണ്? കഴിഞ്ഞ ആറു മാസമായി ഇത് ശുദ്ധീകരിച്ചിട്ടില്ല. കാരണം മഴവെളളം ഇതിലേക്ക് വീഴാനും ഇതിൽ വെള്ളം നിറയുമ്പോൾ കവിഞ്ഞൊഴുകാനുമുള്ളൊരു സംവിധാനം ഇവിടെ ചെയ്തിട്ടുണ്ട്. കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു മഴ നിന്നിട്ട്. ഓണത്തിനു മുന്നേ മഴ തുടങ്ങിയതാണ്. അന്നു മുതൽ ഇങ്ങനെ മഴ വെള്ളം വീഴുകയും ഇവിടെ നിറഞ്ഞു കഴിയുമ്പോൾ കൂടുതലുള്ള വെള്ളം പോകുകയും ചെയ്യുന്നതു കൊണ്ട് വെള്ളം വളരെ ശുദ്ധമായി കിടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി വെള്ളത്തിന് കലങ്ങലുണ്ട്. മഴ നിന്നു കഴിഞ്ഞപ്പോൾ. എന്തായാലും ഒരു ഫിൽറ്റർ പിടിപ്പിക്കാനുദ്ദേശിക്കുന്നുണ്ട്. ഫിൽറ്റർ പിടിപ്പിക്കുമ്പോൾ അതെങ്ങനെയാണെന്ന് പ്രത്യേകം കാണിച്ചു കൊണ്ട് വേറൊരു വീഡിയോ ചെയ്യാം.

മത്സ്യ കൃഷിയിൽ താൽപര്യമുള്ള എല്ലാവരും മടിച്ചു നിൽക്കേണ്ട കാര്യമില്ല. വീടിനോടു ചേർന്ന് ഇങ്ങനെ വട്ടത്തിൽ ചെയ്യണമെന്നില്ല. വീടിനു മുമ്പിലോ എവിടെയെങ്കിലും ഒരു കുളം വച്ച് ഇത് ചെയ്യാവുന്നതേയുള്ളൂ. പറയുന്നതു പോലെയുള്ള പരിപാലന പ്രശ്നങ്ങളില്ല. പിന്നെ ഇപ്പോൾ കൊറോണ ഒക്കെയാണ്. വീടിനു പുറത്ത് മനുഷ്യർക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് പലയിടത്തും. അതിനി എത്ര കാലം ഇങ്ങനെയായിരിക്കും എന്നു പറയാൻ കഴിയില്ല. അപ്പോൾ സ്വന്തം പറമ്പിൽ ഒരു മീൻകുളമുണ്ടെങ്കിൽ ഇടയ്ക്ക് അവിടെ പോയി മീനിനെ കണ്ട് ഇരുന്നാൽ നമുക്ക് കുറച്ചു വിഷാദം കുറയും. പുറത്ത് പോകാൻ കഴിയാത്തതിന്റെ സങ്കടം മാറാൻ ഇതു മതി. പരീക്ഷിച്ചു നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു.