എന്റെ വീട് കോട്ടയം ടൗണിലായിരുന്നു. അതിന്റെ അടുത്ത് കൊടൂർ എന്നൊരു ആറുണ്ട്. എന്റെ വീട്ടിൽ നിന്ന് കഷ്ടിച്ച് 200 അടി ദൂരമേയൂണ്ടാകൂ. ആറ്റിൻതീരത്തായിരുന്നു ഞങ്ങൾ കളിക്കാറുണ്ടായിരുന്നത്. മീൻ പിടിക്കുക, ചെറിയ മീനുകളെ തോർത്ത് വച്ച് പിടിച്ച്, ചേമ്പിലയിൽ ഇട്ട് വീട്ടിൽ കൊണ്ടു വന്ന് കുപ്പിയിലാക്കും. അടുത്തു ദിവസം ആ മീൻ ചത്തു പോകുമ്പോ ൾ അതിനെ എടുത്തു കളയും. കുറച്ചു കൂടി വലുതായപ്പോൾ ചൂണ്ടയിട്ടു മീൻ പിടിക്കാൻ തുടങ്ങി. അങ്ങനെ കുഞ്ഞായിരുന്നപ്പോൾ മീനും വെള്ളവുമായിട്ടു ചുറ്റിപ്പിണഞ്ഞൊരു ജീവിതശൈലിയായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ഓർമ്മയ്ക്കായിട്ട് തിരുവനന്തപുരത്ത് ഒരു സ്ഥലം വാങ്ങി അവിടെ തോടു കോരി അതിൽ വെള്ളം നിറച്ച് മീൻ വളർത്തി നോക്കി. ഒരു കുളമുണ്ടാക്കി മീൻ വളർത്തുക എന്നുള്ളത് എന്റെ വലിയൊരു ആവേശമായിരുന്നു. അത് പലതരത്തിൽ ചെയ്തു നോക്കിയിട്ടും നല്ല വിജയമുണ്ടായില്ലെന്നു മാത്രമല്ല, അതിന് നല്ല ചിലവും വരുന്നുണ്ടായിരുന്നു. അതിനൊരു പരിഹാരമായി ഇപ്പോൾ പുതിയൊരു മാർഗ്ഗം നോക്കി. ഒരുപാട് പേർക്ക് നല്ലരീതിയിൽ മീൻ വളർത്തി ഭക്ഷിക്കാൻ ആഗ്രഹമുണ്ട്. അവർക്ക് അതു സംബന്ധിച്ച് ഒരു ആശയം കൊടുക്കുവാനായിട്ട് ഈ വീഡിയോ പങ്കുവയ്ക്കണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്.

കുമരകം ആർ.എ.ആർ.സി. (റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സെന്റർ) - ൽ സയന്റിസ്റ്റായിരുന്ന ഡോ. പത്മകുമാർ കരിമീനിനെക്കുറിച്ച് ഏറ്റവും കൂടുതൽ പഠനം നടത്തിയിട്ടുള്ള ഒരു അന്താരാഷ്ട്ര വിദഗ്ധനാണ്. ഈ കുളം അദ്ദേഹം രൂപകൽപന ചെയ്തതാണ്. ഇതിന്റെ ഒരു പ്രത്യേകത ഇതിന്റെ പൊക്കം ഏകദേശം നാലടിയോളമുണ്ട്. അതിൽ രണ്ടര അടിയോളമാണ് കുളത്തിന്റെ പൊക്കം. ബാക്കി താഴെ അതിന്റെ ഒരു ഫൗണ്ടേഷനാണ്. ഇതിന്റെ അടിവശത്തിന് ഒരു ഫണലിന്റെ ആകൃതിയാണ്. മീൻകുളത്തിൽ മീനിന്റെ വിസർജ്യം ധാരാളം വീണുകൊണ്ടിരിക്കും. വെള്ളം ചീത്തയാകുന്നത് മീനിന്റെ വിസർജ്യം വീണാണ്. മീനിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് വെള്ളം ചീത്തയാകുന്നതിന്റെ സാധ്യതയും കൂടും. ഫണൽ ആകൃതിയുള്ളതു കൊണ്ട് വിസർജ്യം മുഴുവൻ കുളത്തിന്റെ നടുവിലേക്ക് വരും. അവിടുന്ന് ഒരു കുഴൽ വഴി പുറത്തേയ്ക്ക് കൊണ്ടുവന്നു ഒഴുക്കി വിടുകയാണ്. ചെടിയുടെ ചുവട്ടിലേക്ക് ഒഴുക്കി വിട്ടാൽ അതു നല്ലൊരു വളമാണ്. ഇങ്ങനെ ചെയ്താൽ സാധാരണ ഈ വലിപ്പമുള്ള ഒരു കുളത്തിൽ 150 മുതൽ 200 മീൻ വരെ വളർത്താൻ കഴിയും. തിലോപ്പിയ പോലുള്ള മീനുകളെ വളരെ എളുപ്പത്തിൽ വളർത്താൻ കഴിയും. വലിയ സംരക്ഷണമൊന്നും വേണ്ട. ഇടയ്ക്ക് വെള്ളം മാറ്റി കൊടുത്താൽ മതി. ഇനി അതല്ല ഒരു പമ്പുപയോഗിച്ച് വെള്ളം ശുദ്ധീകരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ഇതിൽ 400 മുതൽ 600 മീനുകളെ വരെ വളർത്താൻ കഴിയുന്നതാണ്. ഒരുമിച്ച് 400 മീനുകളെന്നു പറയുമ്പോൾ ആറു മാസം കൊണ്ട് വളരുന്ന മീനാണെങ്കിൽ ഒരു വർഷത്തിൽ 800 മുതൽ 1000 മീനുകളെ വരെ വളർത്താൻ ഈ കുളം മതി. ഈ കുളത്തിന്റെ ചിലവ് 20,000 രൂപയാണ്.

എന്റെ സുഹൃത്തായ ശ്രീ. ചെറിയാൻ മാത്യുവാണ് ഇതു ചെയ്യുന്ന ആളുകളെയും കൊണ്ട് ശ്രീ. പത്മകുമാറിനെ ചെന്നു കണ്ട് അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തേടി ഇത് പണിതത്. ഇപ്പോൾ നമ്മൾ ഇതിൽ മീനിട്ടിട്ടുണ്ട്. വളർത്തി തുടങ്ങുന്നതേയുള്ളൂ. ഇതിന്റെയൊരു ഗുണം, ഇതിന്റെ ചിലവ് ഇരുപതിനായിരം എന്നു മാത്രമല്ല, ഇതിന്റെ വ്യാസം പത്തടി മാത്രമാണ്. ഇതിന് വേണ്ടി വരുന്നത് ആകെ ഒരു 75 - 100 സ്ക്വെയർ ഫീറ്റാണ്. ഒരു മുറിയുടെ സ്ഥലം നിങ്ങൾക്ക് ഒരു മീൻ കുളത്തിനായി മാറ്റി വയ്ക്കാൻ പറ്റിയെങ്കിൽ നിങ്ങൾക്ക് മീൻ വളർത്താം. അൽപം ശ്രദ്ധിച്ചാൽ ഒരു വർഷത്തിനാവശ്യമായ മീൻ പകുതിയും വളർത്തിയെടുക്കാൻ കഴിയും.

ഇതു സംബന്ധിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹമുള്ളവർ ചോദിച്ചാൽ ഇതു ചെയ്യുന്ന ആളുകളുടെ നമ്പർ അയച്ചു തരാം. ഫെറോസ്മെന്റ് വച്ചാണ് ഇത് ചെയ്യുന്നത്. നെറ്റുണ്ടാക്കി അതിനു മുകളിൽ സിമന്റ് തേച്ച് പിടിപ്പിച്ച് ഒരു പ്രത്യേക രീതിയിൽ ആക്കിയെടുക്കുന്നത്. അവർ നന്നായി അത് ചെയ്യുന്നുമുണ്ട്. അവരുടെ കൂലി ഇരുപതിനായിരം രൂപയും, അവരുടെ താമസച്ചെലവും, ഭക്ഷണച്ചെലവും ഇതാണ് വരുന്നത്. ഒരു 25,000 രൂപയുണ്ടെങ്കിൽ ഇതിന്റെ പണി കഴിയും. മീനിനെയിടാം. പിന്നെ എയറേറ്റർ വയ്ക്കണമെങ്കിൽ അഡീഷണലായി കുറച്ച് പൈസ കൂടി വരും. അങ്ങനെയാണെങ്കില് കൂടുതൽ മീനിനെ വളർത്താൻ കഴിയും. ഇതു ഒന്നു പരീക്ഷിച്ചു നോക്കണമെന്ന് മീൻ കഴിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ നാട്ടിൽ മത്സ്യസമ്പത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എന്റെ ചെറുപ്പക്കാലത്ത് തോട്ടിൽ തന്നെ ചില്ലാൻ, പരൽ, കുറുവ, കോല, മുരശ്, ആരകൻ, കാരി, കല്ലടമുട്ടി, വരാൽ ഇങ്ങനെ കുറെ മീനുകളുണ്ടായിരുന്നു. കരിമീൻപള്ളത്തിയുണ്ടായിരുന്നു. ഇതൊന്നും ഇപ്പോൾ കാണുന്നില്ല. കുറേ മീനുകളെ ഇങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ ഇപ്പോൾ ഈ ചെടികളെ സംരക്ഷിക്കുന്നതു പോലെ സംരക്ഷിക്കേണ്ട ഒന്നാണ് മീനും. അതേക്കുറിച്ച് താൽപ്പര്യമുള്ള ആളുകൾ അതിന് വേണ്ടി കുറച്ച് സമയവും, പണവും ചിലവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താത്പര്യമുള്ള ആളുകൾക്ക് ഈ വീഡിയോ പങ്കു വയ്ക്കുന്നത് നല്ലതാണ്. കാരണം, കൂടുതല് ആളുകള് ഇതു കാണുകയും പരീക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ മത്സ്യസമ്പത്തിനെ നിലനിർത്താൻ കഴിയും, പ്രത്യേകിച്ച്, ഉൾനാടൻ ജലാശയങ്ങളിലുള്ള മത്സ്യങ്ങളെ.