ഞാൻ ആദ്യമായിട്ട് കാട് കാണുന്നത് എനിക്ക് ഒരു പത്ത് - പതിനാല് വയസ്സുള്ള സമയത്താണ്. അന്ന് കുടുംബം, എന്റെ കൊച്ചച്ഛനും കുഞ്ഞമ്മയും കുട്ടികളുമൊക്കെ തേക്കടിയിൽ പോയപ്പോൾ കൂടെ ഞാനും എന്റെ ചേച്ചിയും പോയി. തേക്കടി കാടു കണ്ടു, ആനയെ കണ്ടു, ബോട്ടിൽ കയറി, ഇങ്ങനെ കുറച്ചു കാര്യങ്ങളൊക്കെ ചെയ്തുവെങ്കിലും കാട് വലിയ ഒരു വികാരമായിട്ടൊന്നും വന്നില്ല. ഞാനൊരു ഭക്ഷണ പ്രിയനാണ്. തേക്കടിയിലേക്ക് പോയ വഴിക്ക് പ്രത്യേക സ്വാദുള്ള മുട്ടക്കറി, റോഡിന്റെ അരികത്തുളള വളരെ ചെറിയ ഒരു കടയിൽ വില്ക്കാൻ വച്ചിരുന്നത് - ഞങ്ങൾ വാങ്ങിക്കഴിച്ചു. അതിന്റെ രുചിയും, പിന്നെ പോകുന്ന വഴിയിൽ ഇതേ ചായക്കടയിൽ തന്നെ വെള്ളം കൊണ്ടു വരാനായിട്ട് മുള വെട്ടി ചെറിയ പാത്തിയായി കുന്നിന്റെ മുകളിലെവിടെയോ വച്ചിട്ട് വെള്ളം താഴേക്ക് ഒഴുക്കി കൊണ്ടു വരുന്നുണ്ടായിരുന്നു, ഈ മുളപ്പാത്തിയിലൂടെ വരുന്ന വെള്ളത്തിന് നല്ല തണുപ്പായിരുന്നു. അതങ്ങനെ പാത്തിയിലൂടെ പൊയ്ക്കൊണ്ടിരുന്നു. ആളുകൾ വരുന്നു വണ്ടി നിർത്തുന്നു, വെള്ളം എടുത്ത് മുഖം കഴുകുന്നു, കുടിക്കുന്നു. ചിലർ ആ വെള്ളമെടുത്ത് റേഡിയേറ്ററിൽ നിറയ്ക്കുന്നുമുണ്ട്. അപ്പോൾ ആ വെള്ളത്തിന്റെ ശുദ്ധിയെപ്പറ്റി യാതൊരു സംശയവും ഇല്ല. നല്ല വെള്ളം. ഈ രണ്ടു കാര്യങ്ങളാണ് തേക്കടിയിൽ ആകെ ഓർമ്മയിൽ തങ്ങി നിൽക്കുന്നത്.

പിന്നീട് എനിക്ക് കാടുമായി അടുത്ത ബന്ധമുണ്ടാകുന്നത് ഞാൻ ലോ കോളേജിൽ പഠിക്കുന്ന കാലത്താണ്. മൈസൂരിലെ ലോ കോളേജിലാണ് പഠിച്ചിരുന്നത്. ഇവിടുന്ന് പോകുന്നത് ബസിലാണ്. ചിലപ്പോൾ ഗൂഡല്ലൂർ വഴി പോകും. അല്ലെങ്കിൽ മുത്തങ്ങ വഴി പോകും. അവിടെ ത്രിവേണി സംഗമം പോലെയാണ് ഈ മൂന്നു കാടുകൾ. കർണാടകത്തിന്റെയും കേരളത്തിന്റെയും തമിഴ് നാടിന്റെയും അതിർത്തിയിലെ കാടുകൾ. ഗൂഡല്ലൂർ വഴി പോയി മുതുമല വനത്തിലൂടെ വന്ന് ബന്ദിപൂർ വഴി പോകാം. അല്ലെങ്കിൽ കേരളത്തിലെ മുത്തങ്ങ വഴി ബന്ദിപൂർ കേറി പോകാം. ഈ ബന്ദിപൂർ കാടിന്റെ പലയിടത്തും അന്ന് കാട്ടുനെല്ലി പൂത്ത് നിൽപ്പുണ്ട്. ബസിൽ പോകുമ്പോ കാട്ടുനെല്ലി കായ്ച്ചു കിടക്കുന്നതു കാണാം. കെ.എസ്.ആർ.ടി.സി ബസിലാണ് പോകുന്നത്. അല്ലെങ്കിൽ കർണാടക ട്രാൻസ്പോർട്ടിന്റെ ബസിൽ. അവർ ബസ് സൈഡിൽ കൊണ്ട് നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും അടക്കം എല്ലാവരും ബസിന്റെ പുറത്തു കയറി ബാസ്ക്കറ്റ് നിറയെയും, ചാക്ക് നിറയെയും ഞങ്ങൾ കടലാസിലും ഒക്കെ ആയിട്ട് കിട്ടുന്ന നെല്ലിക്ക പറിച്ച് കൂട്ടും. ഈ കാട്ടു നെല്ലിക്കയ്ക്ക് നല്ല കയ്പാണ്. വലിയ രുചി ഇല്ല. വളരെ ചെറുതുമാണ്. പക്ഷെ കാട്ടിലൂടെ വരുമ്പോൾ നെല്ലിക്ക പറിച്ചു എന്നു പറയാനുള്ള സന്തോഷത്തിനാണ് ബസിന്റെ മുകളിലൊക്കെ കയറി നെല്ലിക്ക പറിക്കുന്നത്. അതു പോലെ വേറൊരു കാഴ്ച വിഷു സമയത്ത് വരുമ്പോൾ കാടിന്റെ രണ്ടു വശത്തും കണിക്കൊന്ന പൂത്തു കിടക്കും. അന്ന് സാമൂഹ്യ വനവത്കരണത്തിൻറെ ഭാഗമായിട്ടോ മറ്റോ കാട്ടിൽ കണിക്കൊന്ന വച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു. ഏതാണ്ട് മൂന്നു മൂന്നര കിലോമീറ്റർ നീളത്തിൽ കണിക്കൊന്ന രണ്ടു സൈഡിലും ഉണ്ട്. ഭാഗ്യമുണ്ടെങ്കിൽ മാനിനെ കാണാം. ചിലപ്പോൾ ആന വഴിയുടെ നടുക്ക് നിൽക്കും. നമ്മൾ കുറെ നേരം വണ്ടി അവിടെ അനക്കാതെ നിർത്തും. ഇങ്ങനെയൊക്കെ ആയിരുന്നു ആ യാത്ര. പക്ഷെ അന്ന് വലിയൊരു ത്രിൽ ഒന്നും എനിക്ക് തോന്നിയിട്ടില്ല.

ഞാനാദ്യമായിട്ട് ഒരു ട്രക്കിംഗ് നടത്തുന്നത് പത്ത് മുപ്പത് വയസ്സുള്ളപ്പോഴാണ്. മൂകാംബികയിൽ. കൊല്ലൂർ മൂകാംബികയിൽ ചെന്ന ശേഷം ഒരു വിവരം അന്വേഷിക്കാൻ വേണ്ടി കുടജാദ്രിയിലേക്ക് പോകേണ്ടി വന്നു. കുടജാദ്രിയിലേക്കുളള വഴി കൃത്യമായി അറിയില്ല. കൂടെ എന്റെ  ഒരു കസിനും ഉണ്ട്, രാജേഷ്. അവനു കുറച്ച് ട്രക്കിംഗ് പരിചയമുണ്ട്. ശബരിമലയിലൊക്കെ നടന്നു പോകുന്ന കക്ഷിയാണ്. ട്രക്കിംഗ് ആണ് കുടജാദ്രിയിലെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഞങ്ങൾ തലേ ദിവസം വൈകുന്നേരം കൊല്ലൂരു ചെന്ന് അവിടുന്ന് പിറ്റെ ദിവസം രാവിലെ കുടജാദ്രിക്ക് പോകാമെന്ന് പറഞ്ഞ് പോയി. ഒരു ബസ് കുടജാദ്രിക്കാണെന്നു പറഞ്ഞു, കയറി, അവർ ഒരു വഴിയുടെ പകുതിക്കെത്തിയപ്പോൾ ഇവിടെ ഇറങ്ങി നേരെ അങ്ങോട്ടു നടന്നോളൂ, കൂടജാദ്രിയാണെന്ന് പറഞ്ഞു. ഇറങ്ങിയിടത്ത് ഒരു ബോർഡ് വച്ചിട്ടുണ്ട്, വടിയെടുത്ത് കുത്തി നടക്കുക എന്ന്. ഞങ്ങൾ വിചാരിച്ചു വടിയോ, ചെറുപ്പക്കാരായ നമ്മെളെന്തിനാണ് വടിയൊക്കെ കുത്തി നടക്കുന്നത്. ആദ്യത്തെ കുന്ന് കയറിക്കഴിഞ്ഞപ്പോഴേക്ക് ഏതാണ്ട് ശ്വാസം നിൽക്കുന്നതു പോലെയും ഹൃദയം പൊട്ടിത്തെറിക്കുന്നതു പോലെയും ഒക്കെ തോന്നി. അവിടുന്നു നോക്കിയപ്പോൾ കാണുന്നത് ഒരു അംബാസിഡർ കാർ ആക്സിൽ ഒടിഞ്ഞ് കിടക്കുന്നതാണ്. ഫോർ വീൽ ഡ്രൈവ് ജീപ്പ് ഒഴികെ ഒരു സാധനവും അതു വഴി പോവുകേല, പോയാൽ ഇതു പോലെ ആക്സിൽ ഒടിയും. അപ്പോൾ എനിക്കും ഒരു സംശയം നമ്മുടെയും ആക്സിൽ ഒടിയുമോ എന്ന്. എനിക്കീ കാട്ടിൽ കയറി അത്ര പരിചയം ഒന്നുമില്ല, ട്രക്കിംഗിന് പറ്റിയ വേഷവിധാനവും ഇല്ല. അന്ന് ഞാൻ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന സമയമാണ്. അതിന് ഉപയോഗിച്ചിരുന്ന ഒരു ബ്രീഫ്കെയ്സ് ഉണ്ട്. കേസുകെട്ട് കൊണ്ടു പോകാനായിട്ടൊക്കെയുള്ളത്. ഈ ബ്രീഫ്കെയ്സിൽ തന്നെയാണ് വസ്ത്രങ്ങളൊക്കെ എടുത്ത് കാട്ടിലേക്ക് പോയത്. ഇത് കാടാണെന്നോ ഞാൻ ചെയ്യാൻ പേകുന്നത് ട്രക്കിംഗ് ആണെന്നോ എനിക്ക് അറിയില്ല, രണ്ടു കൈകൊണ്ടും ബ്രീഫ്കെയ്സ് തലയിൽ വച്ച് കാടു വഴി നേരെ നടന്നു കയറുകയാണ്. കുന്നു കയറി അതിന്റെ മുകളിൽ ചെല്ലാറായപ്പോൾ, അവിടെ മുഴുവൻ പുൽമേടുകൾ, ആ പുല്ലിലൊക്കെ പിടിച്ചു തൂങ്ങി കയറി. സാധാരണ അവിടെയുള്ള ആളുകൾ ഒരു മണിക്കൂർ കൊണ്ട് കയറുന്നതു ഞാനൊരു രണ്ടര മണിക്കൂർ കൊണ്ടാണ് കയറിയത്.

കൈയിൽ വെള്ളം ഇല്ല. ഇങ്ങനെയുള്ള സ്ഥലത്ത് പോകുമ്പോൾ വെള്ളം കരുതണം. അതൊന്നും അറിയില്ല. അങ്ങനെ മുകളിൽ ചെന്നപ്പോ അവിടെ രണ്ടു വീടുകളാണ് ഉള്ളത്. അതില് ആദ്യത്തെ വീട്ടിലേക്ക് കയറി. വരാന്തയിൽ ഇരുന്ന വീടിന്റെ ഉടമസ്ഥൻ - അദ്ദേഹത്തിന്റെ പേര് ഞാൻ മറന്നു പോയി, കാലഭൈരവന്റെ അമ്പലമൊക്കെ നടത്തിക്കൊണ്ടിരുന്ന ആളാണ്. അദ്ദേഹം ആകെപ്പാടെ ഒന്നു നോക്കിയ ശേഷം നേരെ അകത്തു പോയി ഒരു സ്റ്റീൽ ചരുവം നിറയെ തണുത്ത വെള്ളം കൊണ്ടുവന്നു തന്നു - പണ്ടു തേക്കടിയിലെ പുഴയിൽ നിന്നും കുടിച്ച പോലെ- ഇത് സൗപർണികയിൽ നിന്നും ഒഴുകി വരുന്ന വെള്ളമാണ്. ഇവർ ആ വെള്ളമാണ് കുടിക്കുന്നത്. സൗപർണികയുടെ തുടക്കമാണിവിടം. ആ വെള്ളം മുഴുവൻ ഞാൻ ഒരു വലിക്ക് കുടിച്ചു. എന്റെ ജീവതത്തിൽ അത്രേം വെള്ളം ഒരുമിച്ച് കുടിക്കുന്നത് ആദ്യമായിട്ടാണ്, അതിനു മുൻപും ശേഷവും കുടിച്ചിട്ടില്ല. വെള്ളമൊക്കെ കുടിച്ചു കഴിഞ്ഞപ്പോൾ അവിടത്തെ കാഴ്ചകളൊക്ക കാണാമെന്ന അവസ്ഥയായി. അവിടെ ഒന്ന് രണ്ട് ദിവസം താമസിച്ചു. അതാണെന്റെ ആദ്യത്തെ ട്രക്കിംഗ്. ഇത് ട്രക്കിംഗ് ആണെന്ന് തന്നെ മനസ്സിലായത് മുകളിൽ ചെന്ന് വെള്ളമൊക്കെ കുടിച്ചു കഴിഞ്ഞാണ്. അതു കൊണ്ട് ട്രക്കിംഗ് എനിക്കത്രയ്ക്ക് ആസ്വദിക്കാൻ പറ്റിയില്ല. അടുത്ത ട്രക്കിംഗ്, അത് വലിയൊരു കഥയാണ്. അത് ഞാൻ വേറൊരു എപ്പിസോഡിൽ പറയാം.