ഇത് കേരളത്തിലെ ആദ്യത്തെ അർബൻ മൈക്രോ ഫോറസ്റ്റ് ആണ്. പുളിയറക്കോണത്താണ് ഇത് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇത് വളരെ ഉണങ്ങിയ ഒരു പ്രദേശമാണ്. ഇവിടെ വെള്ളത്തിന് വളരെയധികം ക്ഷാമം ഉണ്ടായിരുന്നു. ഞങ്ങൾ ഈ കാട് വച്ചിരിക്കുന്ന സ്ഥലം നല്ല ചെരിവുള്ള സ്ഥലമാണ്. ഇവിടെ പാറയായിരുന്നു. പാറയും കല്ലുകളും കുറെ നീക്കി ചകിരിച്ചോറ്, ചാണകപ്പൊടി, നെല്ലിന്റെ ഉമി, മണ്ണ് ഇത്രയും ഒരേ അനുപാതത്തിലെടുത്ത് ഒരു മിശ്രിതം ഉണ്ടാക്കി ഇവിടെ നിരത്തി. ഒരു മീറ്റർ ആഴത്തിലാണ് മിശ്രിതം ഇട്ടത്. അതിനു മുകളിലാണ് ഈ ചെടികൾ വെച്ചത്. ഈ ചെടികളെല്ലാം തന്നെ ചട്ടിയിൽ വളർത്തിയ ശേഷമാണ് മണ്ണിലേക്ക് വെച്ചത്.

നാലു സെന്ററിൽ വെച്ചിരിക്കുന്നത് നാനൂറോളം ചെടികളാണ്. ചെടികളെല്ലാം തന്നെ രണ്ടരമാസത്തെ വളർച്ചയ്ക്കു ശേഷമാണ് എടുത്തു നടുന്നത്. അവയുടെ വേര് ഏകദേശം വികസിച്ചു കഴിഞ്ഞാണ് നടുന്നത്. അത്ഭുതകരമായ വളർച്ചയാണ് ഇവിടെ കിട്ടിയത്. ചെരിഞ്ഞ, വെള്ളമില്ലാത്ത പ്രദേശത്ത് ഇത്രയും വേഗം മരങ്ങൾ വളരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്നു മാത്രമല്ല, രണ്ടോ മൂന്നോ തവണ കാലാവസ്ഥ വളരെ മോശമാകുകയും ചെയ്തിരുന്നു.

ഇത് നടുന്നത് 2018 ജനുവരി 31 നാണ്. അതിനു ശേഷം വലിയ രണ്ടു മഴക്കാലം കടന്നു പോയി. കാറ്റും ഉണ്ടായിരുന്നു. പക്ഷെ മരങ്ങളൊന്നും തന്നെ മറിഞ്ഞു വീണില്ല. കൃത്യമായിട്ട് ഞങ്ങളിതിന്റെ ചില്ലകളും മറ്റും വെട്ടിനിർത്തുകയാണ്. വളരെ താഴെയുള്ള ചെടികൾക്ക് വെയിലു കിട്ടാനായിട്ട് കുറച്ച് പ്രൂണിങ്ങും കള പറിക്കലുമൊക്കെ ചെയ്യുന്നുണ്ട്. രണ്ടു വർഷം തികഞ്ഞു കഴിഞ്ഞാൽ പിന്നെ ഇതിന് വേറെ മെയ്ന്റനൻസ് ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. വളവും പിന്നീട് ചേർക്കുന്നില്ല. സ്വാഭാവികമായിട്ട് മണ്ണിലെ വളമെടുത്ത് ഇപ്പോൾ അത് വളരുകയാണ്. പതിനെട്ടടി വരെ വളർന്ന മരങ്ങൾ ഈ കൂട്ടത്തിലുണ്ട്.