മിയാവാക്കി മാതൃകയിൽ വനവത്കരണത്തിനു തയ്യാറാവുന്ന പല ആളുകളും പിൻവാങ്ങുന്നതിനുള്ള ഒരു കാരണം അതിന്റെ ചെലവാണ്. ചെലവു കൂടിയ മാർഗ്ഗമാണ് മിയാവാക്കി എന്ന് പൊതുവെ എല്ലായിടത്തും അഭിപ്രായമുണ്ട്. ഇത് ചെലവു കൂടിയ മാർഗ്ഗം തന്നെയാണ്. പക്ഷെ ഈ ചെലവു കൂടുതൽ സംഭവിക്കുന്നത് സാധാരണ വനവത്കരണ മാർഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ്. അവിടെയും നമ്മൾ താരതമ്യപ്പെടുത്തുന്നത് ഇതിന്റെ ചെലവു മാത്രമാണ്. ഫലത്തെ താരതമ്യപ്പെടുത്തില്ല. അങ്ങനെ താരതമ്യപ്പെടുത്തിക്കഴിയുമ്പോൾ അതിന്റെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും.

മിയാവാക്കി മാതൃകയുടെ പ്രത്യേകത മൂന്ന് വർഷം കൊണ്ട് ഒരു വനം ആകുമെന്നും, 15 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള ഒരു വനം ഉണ്ടാക്കാൻ കഴിയുമെന്നുമുള്ളതാണ്. അങ്ങനെ ഉണ്ടാകണമെങ്കിൽ അതിന് ചില അടിസ്ഥാന ഘടകങ്ങൾ ഒരുക്കേണ്ടതുണ്ട്. ഒരു എട്ടുനില അല്ലെങ്കിൽ പത്തുനില കെട്ടിടം വെയ്ക്കുകയാണെങ്കിൽ ആ കെട്ടിടത്തെ താങ്ങിനിർത്താൻ പറ്റിയ അടിസ്ഥാനം അവിടെ വേണം. അതില്ലാതെ കെട്ടിടം വെയ്ക്കാൻ കഴിയില്ല. അതുപോലെ തന്നെ മിയാവാക്കി മാതൃകയുടെ അടിസ്ഥാനം ചെടി നടുമ്പോൾ ചേർക്കുന്ന വളവും ചെടിയുടെ തൈകൾ പരിപോഷിപ്പിച്ചെടുക്കുന്ന രീതിയുമാണ്. ഇത് രണ്ടും ശരിയായില്ലെങ്കിൽ മിയാവാക്കി മാതൃക ഉദ്ദേശിക്കുന്ന ഫലം കണ്ടെത്തില്ല. കുറെ ചെടികൾ കൂട്ടിവെച്ചു എന്നതു കൊണ്ട് മാത്രം അത് വളരുമെന്നോ വനമായി മാറുമെന്നോ പറയാൻ സാധിക്കില്ല. അതൊക്കെ സംഭവിക്കും, അതിന് ഒരുപക്ഷെ നൂറോ നൂറ്റമ്പതോ വർഷങ്ങൾ വേണ്ടി വരും. നമ്മുടെ ജീവിതകാലത്ത് നമുക്കത് കാണാനും കഴിയില്ല.

അതുപോലെ ചെലവ് കൂടുതലാണെന്ന് പറയാനുള്ള കാരണം, ഒരു ചതുരശ്ര അടി വനം വെയ്ക്കാൻ ഇപ്പോൾ വരുന്ന ചിലവ് 300 മുതൽ 350 രൂപ വരെയാണ്. വീട്ടുമുറ്റത്ത് ടൈൽ വിരിക്കാൻ അതിൽ കൂടുതൽ ചെലവാക്കുന്നവർ ഉണ്ട്. അല്ലെങ്കിൽ മാർബിളിന് മൊസൈക്കിന് ഒക്കെ നമ്മൾ അധികം പൈസ ചെലവാക്കുന്നുണ്ട്. അപ്പോൾ മാനസികമായ നിലപാടുകൂടിയാണ് ഒരു സാധനത്തിന് ചെലവു കൂടുതലാണോ കുറവാണോ എന്നൊക്കെ തീരുമാനിക്കുന്നത്.

മിയാവാക്കി മാതൃകയിലേക്ക് തിരിച്ചു വരാം. മിയാവാക്കി മാതൃകയിൽ ഒരു തൈ നട്ടുപിടിപ്പിക്കണമെങ്കിൽ ആ തൈ 3 മാസം വളർത്തിയെടുക്കേണ്ടതുണ്ട്. ഒരു തൈ ഇന്നത്തെ രീതിയിൽ ഗ്രോബാഗിൽ നടീൽ മിശ്രിതം നിറച്ച് തയ്യാറാക്കി എടുക്കാൻ ഏകദേശ ചെലവ് 20 രൂപ മുതൽ 25 രൂപ വരെയാകും. ആ 25 രൂപ ചെലവുള്ള ഗ്രോബാഗിലേയ്ക്ക് 10 രൂപ മുതൽ 40 രൂപ വരെ വിലയുള്ള തൈകളാണ് നടുന്നത്. ഒരു തൈയ്ക്ക് ഏറ്റവും കുറഞ്ഞ വില ഇന്ന് 10 രൂപയാണ്. തൈയുടെ ചുവട്ടിലുള്ള മണ്ണ് പൂർണ്ണമായും കളഞ്ഞ് മിയാവാക്കി മാതൃക അനുസരിച്ച് തയ്യാറാക്കിയ മിശ്രിതത്തിലേയ്ക്ക് എടുത്തു വയ്ക്കുകയാണ്.

അങ്ങനെ മൂന്നു മാസം ഈ തൈ വളർത്തണം. ഏകദേശം 50 രൂപയോളം ചെലവാക്കി കഴിഞ്ഞാലാണ് തൈയുടെ വളർച്ച തന്നെ ആരംഭിക്കുന്നത്. ആ മൂന്നു മാസം ഇതിന് വേണ്ട പ്രൂണിംഗ് നടത്തണം, കൃത്യമായി രണ്ടു നേരം വെള്ളം ഒഴിക്കണം, ഈ ചെടികൾ വളരുന്നുണ്ടോ എന്നു നോക്കണം. ആവശ്യത്തിന് സൂര്യപ്രകാരം കിട്ടുന്നുണ്ടോ എന്നു നോക്കണം, ഈ കാര്യങ്ങളെല്ലാം ചെയ്തിട്ടു നോക്കുമ്പോൾ ഏകദേശം 50 രൂപയോളം ചെലവു വരും. ഇതിനിടയ്ക്ക് വരുന്ന ട്രാൻസ്പോർട്ടേഷൻ കംപോണന്റ് കൂടി ഉണ്ട്. ഈ സാധനം കൊണ്ടുവരാനും കൊണ്ടു പോകാനും മറ്റുമായി വരുന്നതാണത്. പിന്നെ 100 ചെടി വെച്ചാൽ ആ നൂറും വളർന്ന് വരണമെന്നില്ല. ഒരു 15 -20% വരെ നശിച്ചു പോകാനുള്ള, അല്ലെങ്കിൽ ഉദ്ദേശിച്ച വളർച്ച കിട്ടാതിരിക്കാനുള്ള സാധ്യതയുണ്ട്. അപ്പോൾ കൃത്യമായിട്ട് അതിന്റെ ടാപ്പ് റൂട്ട് (നാരായ വേര്) നന്നായി വികസിച്ച ചെടികളെ മാത്രമാണ് മിയാവാക്കി മാതൃകയിൽ പറിച്ചു നടാനായിട്ട് എടുക്കുന്നത്.

ഇത്തരത്തിൽ ചെടി വളർത്തിയെടുക്കാൻ ഇന്നത്തെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് ചെലവു കണക്കാക്കുകയാണെങ്കിൽ ഒരു നല്ല മരത്തിന്റെ തൈ പറിച്ചു നടാറാകുമ്പോഴേക്കും ഏകദേശം 120 രൂപയെങ്കിലും ആകും. ഈ ഒരു കോസ്റ്റ് ഒഴിവാക്കാനാകുന്നതല്ല. നഴ്സറിയിൽ നിന്നും വാങ്ങിയ ഒരു സാധാരണ തൈ കൊണ്ടുവെച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന വളർച്ച ഒരിക്കലും ഉണ്ടാകില്ല. രണ്ടാമത്തേത് ഇവിടെ ചേർക്കുന്നത് വളമാണ്. വളം ചേർക്കുമ്പോൾ പ്രത്യേകിച്ച് ഒരു കണക്ക് 10 കിലോ എന്നു പറയാറുണ്ടെങ്കിലും മണ്ണിന്റെ ഇനം അനുസരിച്ച് 40 കിലോ വരെ ഒരു സ്ക്വയർ മീറ്ററിൽ ഓരോ ഇനവും ചേർക്കേണ്ടി വരാറുണ്ട്. അതായത് 30 -40 കിലോ ചാണകവും അത്രയും തന്നെ ഉമിയും ചകിരിച്ചോറും ഒരു സ്ക്വയർ മീറ്ററിൽ ചേർക്കാറുണ്ട്. ചില സ്ഥലങ്ങളിൽ മണ്ണിന്റെ ഫലഭൂയിഷ്ടത കുറവായിക്കും. അങ്ങനെയുള്ള സ്ഥലങ്ങളിൽ ജൈവമിശ്രിതം ചേർക്കുമ്പോൾ വളരെ വലിയ ചെലവു തന്നെയാണ് വരുന്നത്. ഇത് ഒഴിവാക്കിയാൽ സംഭവിക്കുന്നത് ചെടികൾ വളരില്ല എന്നതു തന്നെയാണ്.

ഇതിൽ തന്നെ ഇപ്പോൾ ചാണകം ഉപയോഗിക്കുന്നു. ചാണകപ്പൊടി നല്ല രീതിയിൽ തയ്യാറാക്കിയതല്ലെങ്കിൽ ഈ പറയുന്ന വളത്തിന്റെ ഗുണം ഉണ്ടാകില്ല. പച്ചചാണകം ഇട്ട ചില സ്ഥലങ്ങളിൽ ഞങ്ങൾക്ക് റിസൾട്ട് ഉണ്ടായിട്ടില്ല. അതുപോലെ മറ്റു ചില സ്ഥലങ്ങളിൽ പച്ച ചകിരിച്ചോറ്, വെറുതെ കിട്ടുന്ന ചകിരിച്ചോറ് ലോറിയിൽ കൊണ്ടുവന്നിട്ട് അതിൽ ചെടികൾ വച്ചു നോക്കിയിട്ടുണ്ട്. അവിടെ ഒന്നും ഈ പറയുന്ന വളർച്ച കിട്ടുന്നില്ല. അപ്പോൾ ഈ മിശ്രിതം ശരിയായി തയ്യാറാക്കുക എന്നതാണ് മിയാവാക്കി മാതൃകയുടെ വിജയത്തിന്റെ അടിസ്ഥാന രഹസ്യം. പിന്നെയുള്ളത് കൂടുതൽ ചെടികൾ - ഒരു സ്ക്വയർ മീറ്ററിൽ 4 ചെടി വെയ്ക്കുക എന്നതും തദ്ദേശീയമായിട്ട് വളരുന്ന ചെടികൾ തെരഞ്ഞെടുത്ത് വെയ്ക്കുക എന്നതുമാണ്. ഈ കാര്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കുമ്പോൾ മാത്രമേ മിയാവാക്കി മാതൃകയിൽ ഉദ്ദേശിക്കുന്ന വളർച്ച ഈ കുറഞ്ഞകാലം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ കഴിയുകയുള്ളൂ.